പരിഷ്കരണത്തിന് എങ്ങനെ തുടക്കം കുറിക്കാം?
പലിശക്ക് നിയമത്തിന്റെ പിന്‍ബലമുള്ളതു കൊണ്ട് ഒട്ടുവളരെ തിന്മകള്‍ സാമ്പത്തിക മേഖലയിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ട്. പലിശയിലേക്കുള്ള വാതില്‍ തുറന്നുകിടക്കെ, തിരിച്ചൊരു മെച്ചവും കിട്ടാത്ത ലാഭമില്ലാ കടം താനെന്തിന് അയല്‍വാസിക്ക് കൊടുക്കണം എന്ന് സ്വാഭാവികമായും ഏതൊരാളും ചിന്തിക്കില്ലേ? ലാഭത്തിന് മാത്രമല്ല നഷ്ടത്തിനും സാധ്യതയുള്ള ഒരു ബിസിനസില്‍ താന്‍ പങ്കാളിയായി ചേരേണ്ട കാര്യമെന്ത്? ദേശീയ പ്രോജക്ടുകളുടെ പൂര്‍ത്തീകരണത്തിന് താനെന്തിനാണ് നിസ്വാര്‍ഥമായി സംഭാവന കൊടുക്കുന്നത്. ആ പണമൊക്കെയും ഒരു ബാങ്കിലിട്ടാല്‍, നിശ്ചിത ശതമാനം ലാഭം തനിക്ക് ഉറപ്പായും കിട്ടുമല്ലോ. ഇങ്ങനെ മനുഷ്യന്റെ ശുദ്ധ പ്രകൃതിയിലേക്ക് പൈശാചിക പ്രവണതകളെ കൂട് തുറന്നു വിടുകയാണ് പലിശ ചെയ്യുന്നത്.
ഇങ്ങനെയൊരു ചുറ്റുപാടില്‍ ധര്‍മ്മപ്രസംഗം നടത്തിയത് കൊണ്ടോ ഉപദേശിച്ചത് കൊണ്ടോ ഒരു കാര്യവും ഉണ്ടാകാന്‍ പോകുന്നില്ല. പലിശ തഴച്ചു വളര്‍ന്നുകൊണ്ടേയിരിക്കും. നിയമത്തിന്റെയും ഭരണകൂടത്തിന്റെയും പിന്തുണ കൂടിയാവുമ്പോള്‍ ഈ സകല തിന്മകളും മൊത്തം സമ്പദ്ഘടനയിലും പ്രവര്‍ത്തനക്ഷമമാവുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ ചില്ലറ പരിഷ്കരണങ്ങള്‍ വരുത്തിയോ മിനുക്ക് പണികള്‍ നടത്തിയോ ഈ തിന്മകളെ തടയാനാവില്ലെന്ന് ഉറപ്പാണല്ലോ. പലിശയെ പൂര്‍ണമായി പുറന്തള്ളുക എന്നത് തന്നെയാണ് തിന്മകളെ തടുക്കാനുള്ള ഏക വഴി. ആദ്യമൊരു പലിശരഹിത സാമ്പത്തിക ഘടനയുടെ രൂപരേഖ തയാറാക്കുക, അത് നടപ്പാക്കിതുടങ്ങുമ്പോള്‍ പലിശ താനേ ഇല്ലാതായിക്കൊള്ളും എന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കളുണ്ട്. അവര്‍ കുതിരക്ക് മുമ്പില്‍ വണ്ടിയെ കെട്ടുകയാണ്. പലിശക്ക് നിയമസാധുത ഉള്ളേടത്തോളം കാലം, പലിശാധിഷ്ഠിത കോണ്‍ട്രാക്ടുകള്‍ക്ക് നിയമ പ്രാബല്യമുണ്ടാവുകയും ആ നിലക്ക് ബാങ്കുകള്‍ പണം സ്വരൂപിച്ച് പലിശക്ക് നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യും. ഒരു പലിശ രഹിത സംവിധാനത്തെ ഉയര്‍ത്തിക്കൊണ്ട് വന്ന് പലിശയെ ഇല്ലാതാക്കാം എന്ന് വിചാരിച്ചാല്‍ ലോകാവസാനം വരെ നടക്കുകയില്ല.
പലിശയെ സാമൂഹിക ജീവിതത്തില്‍ നിന്ന് പുറന്തള്ളുക എന്നതാണ് ആദ്യമായി വേണ്ടത്. നിയമപരമായും അത് നിരോധിക്കപ്പെടണം. അപ്പോള്‍ സ്വാഭാവികമായും പലിശരഹിത സംവിധാനമായിരിക്കും ബദലായി വരിക. ആവശ്യമാണല്ലോ കണ്ടുപിടുത്തത്തിന്റെ മാതാവ്. പലിശയുടെ അഭാവത്തില്‍ പലിശരഹിത സംവിധാനം തന്നെയായിരിക്കും വളര്‍ച്ച പ്രാപിക്കുക. പലിശയുടെ പൈശാചിക പ്രലോഭനങ്ങള്‍ മനുഷ്യപ്രകൃതിയില്‍ ആഴത്തില്‍ വേരിറക്കിയത് കൊണ്ട് അര്‍ധമനസോടെയുള്ള പരിഷ്കരണങ്ങളും കാട്ടിക്കൂട്ടലുകളും ഒരു ഫലവും ചെയ്യില്ല. ഇസ്ലാം മുന്നോട്ട് വെക്കുന്ന പരിഹാര നിര്‍ദേശങ്ങള്‍ പ്രയോഗവല്‍ക്കരിക്കുക തന്നെ വേണം. പലിശാധിഷ്ഠിത ഇടപാടുകളെ അപലപിച്ച് പിന്‍മാറുകയല്ല ഇസ്ലാം ചെയ്യുന്നത്. എന്തുകൊണ്ടത് നിഷിദ്ധമാകുന്നുവെന്ന് മതകീയ മാനങ്ങള്‍ നല്‍കി വിശദീകരിക്കുന്നു. രാഷ്ട്രീയാധികാരമുള്ളിടത്ത് നിയമപരമായിത്തന്നെ നിരോധമേര്‍പെടുത്തുന്നു. പലിശ കൊടുക്കുന്നതും വാങ്ങുന്നതും അതിന്റെ കണക്കെഴുതി വെക്കുന്നതുമെല്ലാം കുറ്റകൃത്യമായി കാണുന്നു.
പലിശക്ക് ബദലായി ഇസ്ലാം ഉയര്‍ത്തിക്കൊണ്ട് വരുന്നത് സകാത്ത് വ്യവസ്ഥയാണ്. തീര്‍ത്തും വ്യത്യസ്തമായ ഒരു സാമ്പത്തിക പ്രവര്‍ത്തനരീതിയാണത്. കുറെ വിലക്കുകള്‍ ഏര്‍പെടുത്തി ലക്ഷ്യം നേടാന്‍ ശ്രമിക്കുകയല്ല ഇസ്ലാം ചെയ്യുന്നത്. മനുഷ്യ മനസിനെ ധാര്‍മികമായി ഉദ്ബോധിപ്പിച്ചും സംസ്കരിച്ചും തിന്മകളോടുള്ള പ്രതിപത്തി പിഴുതെടുത്ത് കളയുന്നു. പലിശ ഉല്‍പാദിപ്പിക്കുന്ന തിന്മകള്‍ക്ക് നേര്‍വിരുദ്ധമായ അനുകമ്പയും പരസ്പര സഹകരണവും സമൂഹത്തില്‍ വളര്‍ത്തുകയും ചെയ്യുന്നു.
പലിശ നിരോധത്തിന്റെ
അനന്തര ഫലങ്ങള്‍
പലിശ നിയമം മൂലം നിരോധിക്കുകയും സകാത്ത് എന്ന സാമൂഹിക സംവിധാനം സ്ഥാപിക്കുകയും ചെയ്താല്‍ ആ മാറ്റത്തിന് സാമ്പത്തിക വീക്ഷണ കോണിലൂടെ നോക്കുമ്പോള്‍ മൂന്ന് അനന്തരഫലങ്ങള്‍ ഉണ്ടാകും.
1. ഏതൊരു നാട്ടിലെയും മുതലാളിത്ത മൂലധന സമാഹരണരീതി ഒട്ടേറെ സാമൂഹിക വിക്ഷുബ്ധതകള്‍ക്ക് വഴിവെക്കും. അതില്ലാതാക്കി ശരിയും സന്തുലിതവുമായ ഒരു പകരം സംവിധാനമാണ് ഈ മാറ്റത്തിലൂടെ സംജാതമാവുക. ഒരു മുതലാളിത്ത സംവിധാനത്തില്‍ മൂലധനം ഉണ്ടായി വരുന്നത് നിങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടോ? മനുഷ്യനിലെ ലുബ്ധിനെയും സ്വന്തമാക്കാനുള്ള ആര്‍ത്തിയെയും ഭയങ്കരമായി പൊലിപ്പിച്ചെടുക്കുന്ന രീതികളാണ് മുതലാളിത്തം പ്രയോഗിക്കുന്നത്. ഭയവും ആര്‍ത്തിയും ഒരേ സമയം ജനിപ്പിച്ചുകൊണ്ടിരിക്കും മുതലാളിത്തം. വരുമാനത്തിന്റെ കുറച്ചുമാത്രം ചെലവഴിക്കൂ, പരമാവധി സൂക്ഷിച്ച് വെക്കൂ എന്നാണത് മനുഷ്യനെ ഉപദേശിച്ചുകൊണ്ടിരിക്കുക. 'പണം വേണ്ടത്ര കരുതി വെച്ചോ, ആപത്ത് സമയത്ത് ഒരുത്തനെയും കാണില്ല സഹായത്തിന്' എന്ന താക്കീത് വ്യക്തിയെ പേടിപ്പിച്ചുകൊണ്ടിരിക്കും. അതേസമയം അവന്റെ ആര്‍ത്തിയെ ഉദ്ദീപിപ്പിക്കാന്‍ ഇങ്ങനെയൊരു വാഗ്ദാനവും: 'കരുതി വെച്ചാല്‍ നിനക്ക് നല്ലത്. കൈ നിറയെ പലിശ വാങ്ങി സുഖമായി ജീവിക്കാം'.
ഇങ്ങനെ രണ്ട് തരം പ്രേരണകള്‍ നിരന്തരം ചെലുത്തുന്നത് മൂലം, സ്വന്തം വരുമാനത്തില്‍ ആവശ്യങ്ങള്‍ കഴിച്ച് വളരെ തുഛം സംഖ്യ മിച്ചം വെക്കുന്നവര്‍പോലും ചെലവ് കഴിയുന്നത്ര കുറച്ച് പണം കരുതിവെക്കാന്‍ ശ്രമിക്കും. ഇത് കാരണം ഉല്‍പന്നങ്ങള്‍ വാങ്ങുന്നതും ഉപഭോഗിക്കുന്നതും പ്രതീക്ഷിക്കുന്നതിനേക്കാള്‍ എത്രയോ താഴെ അളവിലായിരിക്കും. ഇത് വ്യാപാരത്തിന്റെയും വ്യവസായത്തിന്റെയുമൊക്കെ വളര്‍ച്ച മന്ദഗതിയിലാക്കും. മൂലധന ലഭ്യത കുറക്കാനും ഇടവരുത്തും. ഏതാനും വ്യക്തികളുടെ കൈവശം മൂലധനം സ്വരൂപിക്കപ്പെടുന്നത് മൊത്തം സമ്പദ്ഘടനയെ മാന്ദ്യത്തിലേക്കാണ് നയിക്കുക. അതായത്, ഒരു വ്യക്തി ഈ രീതിയില്‍ തന്റെ അക്കൌണ്ടില്‍ മൂലധനം വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു എന്നതിന്റെ അര്‍ഥം ആയിരക്കണക്കിന് പേര്‍ക്ക് ഒന്നും സമ്പാദിക്കാന്‍ കഴിയാതെ വരുന്നു എന്നു കൂടിയാണ്. എന്നിട്ട് വേണ്ടേ മിച്ചം വെക്കാന്‍!
ഇനി പലിശ നിരോധിക്കുകയും സകാത്ത് സംവിധാനം നടപ്പിലാവുകയും ചെയ്താലുള്ള സ്ഥിതി ആലോചിക്കുക. പൌരന്‍ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനാവാതെ കഷ്ടപ്പെടുമ്പോഴും അപ്രതീക്ഷിത പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴുമെല്ലാം അവനെ സംരക്ഷിക്കാന്‍ ഈ സംവിധാനമുണ്ടാകും. പണം പിശുക്കിവെക്കാനുള്ള പ്രേരണയാണ് ഇതോടെ ഇല്ലാതാവുന്നത്. പണക്കാരായ പൌരന്‍മാര്‍ പണം സ്വതന്ത്രമായി ചെലവഴിച്ചുകൊണ്ടിരിക്കുമെന്നതിനാല്‍ ആ പണമെത്തിച്ചേരുന്ന പാവപ്പെട്ട സാധാരണക്കാരും വേണ്ടത്ര വാങ്ങല്‍ ശേഷി ആര്‍ജിച്ച് ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നു. ഇത് കച്ചവടത്തെയും വ്യവസായത്തെയും ത്വരിതപ്പെടുത്തുകയും പുതിയ തൊഴിലവസരങ്ങള്‍ തുറക്കുകയും ചെയ്യുന്നു. കൂടുതല്‍ വരുമാനം ഉണ്ടാകുന്നു എന്നാണല്ലോ അതിന്റെ അര്‍ഥം. ഈയൊരു പരിതസ്ഥിതിയില്‍ വ്യാപാരവും വ്യവസായവും നന്നായി ലാഭം ഉണ്ടാക്കുമെന്നതിനാല്‍ കാലക്രമേണ പുറമെനിന്നുള്ള സാമ്പത്തിക സഹായമില്ലാതെ തന്നെ അവക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധ്യമാവുന്നു. ഇനി സാമ്പത്തികമായി പുറം സഹായം വേണമെന്നുണ്ടെങ്കില്‍ തന്നെ ഇന്നത്തേതിനേക്കാള്‍ സുഗമമായി അത് ലഭിക്കാനുള്ള സാധ്യത തെളിയുകയും ചെയ്യും. ചിലയാളുകള്‍ വിചാരിക്കുന്നതുപോലെ, ഈ സംവിധാനത്തില്‍ പണം കരുതിവെക്കുന്നരീതി ഇല്ലാതായിപ്പോവുകയൊന്നുമില്ല. പണം കരുതിവെക്കാന്‍ താല്‍പര്യമുള്ള ഒരു വിഭാഗം ഏത് കാലത്തും സമൂഹത്തില്‍ ഉണ്ടാകും. എന്ന് മാത്രമല്ല, വ്യവസ്ഥാ മാറ്റത്തിന്റെ ഫലമായി നാട്ടില്‍ സുഭിക്ഷതയും ക്ഷേമവും കൈവരുമ്പോള്‍ പൊതുജനങ്ങളുടെ വരുമാനം സ്വാഭാവികമായി വര്‍ധിക്കുകയും അതിലൊരു പങ്ക് സൂക്ഷിപ്പ് മുതലായി മാറുകയും ചെയ്യുമല്ലോ. ആര്‍ത്തിയെയും പിശുക്കിനെയും ഉദ്ദീപിപ്പിച്ചുകൊണ്ടല്ല ഇവിടെ കരുതിവെക്കാനുള്ള പ്രേരണയുണ്ടാക്കുന്നത്. പണമുള്ളവര്‍ അത് പലവിധേന ചെലവഴിക്കുമ്പോള്‍ അതിലൊരു പങ്ക് ദരിദ്രരിലേക്ക് എത്തിച്ചേരുകയും അങ്ങനെയവര്‍ സാമ്പത്തികനില മെച്ചപ്പെടുത്തുകയും ചെയ്യുമ്പോള്‍, ദാരിദ്യ്ര നിര്‍മാര്‍ജനത്തിന് കൂടുതല്‍ സംഖ്യ നീക്കിവെക്കേണ്ട ആവശ്യം വരുന്നില്ല. ഇങ്ങനെ മിച്ചം വരുന്ന പണം ബിസിനസ് ആവശ്യങ്ങള്‍ക്കോ വ്യവസായ വളര്‍ച്ചക്കോ ഗവണ്‍മെന്റിന് കടമായോ ഒക്കെ നല്‍കാന്‍ പണക്കാരെ പ്രേരിപ്പിക്കുന്നതിന് പ്രയാസമുണ്ടാവുകയില്ല.
2. രണ്ടാമത്തെ പരിണിതഫലം, മൂലധനം എവിടെയും തണുത്തുറഞ്ഞ് കിടക്കാതെ ഒഴുകി നടക്കുകയും ദേശീയ സമ്പദ്ഘടനയുടെ വ്യത്യസ്ത തലങ്ങളിലേക്ക് ആവശ്യമനുസരിച്ച് അത് വഴിതിരിച്ച് വിടപ്പെടുകയും ചെയ്തുകൊണ്ടിരിക്കും എന്നതാണ്. നിലവിലെ സംവിധാനത്തില്‍ വ്യാപാരത്തിലേക്ക് മൂലധനമൊഴുകുന്നതിന് കാരണം പലിശയോടുള്ള ആര്‍ത്തിയാണ്. പക്ഷെ, ഇതേ ആര്‍ത്തിയാല്‍ ആ മൂലധനമൊഴുക്ക് തടയപ്പെടുകയും ചെയ്യും. കാരണം പലിശ നിരക്ക് വേണ്ടത്ര ഉയര്‍ന്നാല്‍ മാത്രമേ ബിസിനസിലേക്ക് ഈ മൂലധനം വരൂ. പ്രതീക്ഷിച്ചത്ര പലിശ നിരക്ക് ഉയര്‍ന്നില്ലെങ്കില്‍ മൂലധനം അവിടെത്തന്നെ കാത്ത്കെട്ടിക്കിടക്കും.
ഇത് മൂലധനത്തിനും ബിസിനസിനുമിടക്ക് നിരന്തരം സംഘര്‍ഷം സൃഷ്ടിച്ചുകൊണ്ടിരിക്കും. ഏതെങ്കിലുമൊരു സംരംഭത്തിന് മൂലധനമന്വേഷിച്ച് ചെല്ലുമ്പോള്‍, പ്രയാസകരമായ ഉപാധികള്‍ വെച്ച് മൂലധനയുടമകള്‍ കടുംപിടുത്തം പിടിക്കുന്നു. മൂലധനത്തിന്റെ ഈ ധാര്‍ഷ്ട്യം ഇല്ലാതാവുമെന്നതാണ് പലിശരഹിത സമ്പദ്ഘടനയുടെ പ്രത്യേകത. ആ സംവിധാനത്തില്‍ പണം സൂക്ഷിച്ച് വെച്ചാല്‍ വര്‍ഷാവര്‍ഷം അതിന്റെ രണ്ടര ശതമാനം സകാത്തായി നല്‍കേണ്ടി വരും. അതിനാല്‍ തങ്ങളുടെ പണം ഏതെങ്കിലുമൊരു ബിസിനസ് സംരംഭത്തില്‍ മുടക്കാനുള്ള നെട്ടോട്ടത്തിലായിരിക്കും ഓരോ മൂലധനമുടമയും. അതൊരിക്കലും എവിടെയും കെട്ടിക്കിടക്കില്ല. സമൂഹത്തിലെ പല പല കൈവഴികളിലൂടെ അതങ്ങനെ കറങ്ങിക്കൊണ്ടേയിരിക്കും.
3. വ്യാപാരത്തിലുള്ള മുതല്‍ മുടക്കിനെ (ഇീാാലൃരശമഹ എശിമിരല) യും കടാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതിനെ (ഇൃലറശ എശിമിരല) യും വേര്‍തിരിക്കും എന്നതാണ് മൂന്നാമത്തെ അനന്തര ഫലം. നിലവിലെ മുതലാളിത്ത രീതിയനുസരിച്ച് ഒട്ടുമിക്ക മൂലധന ഇടപാടുകളും നടക്കുന്നത് കടത്തിന്റെ രൂപത്തിലാണ്. ഒരു നിശ്ചിത തുക പലിശ നിശ്ചയിച്ച് വ്യക്തിക്കോ സംഘത്തിനോ പണം കടമായി നല്‍കുകയാണ്. വ്യക്തിപരമായ ആവശ്യത്തിനാണോ, അതോ ഉല്‍പാദനപരമായ ആവശ്യത്തിനാണോ കടമെടുക്കുന്നത്; ദീര്‍ഘകാല പദ്ധതിക്കാണോ ഹ്രസ്വകാല പദ്ധതിക്കാണോ ലോണ്‍ തുടങ്ങിയ ഒരു കാര്യവും മൂലധനദായകന്‍ നോക്കേണ്ട കാര്യമില്ല. എന്തായാലും തരക്കേടില്ല അയാള്‍ക്ക്/സ്ഥാപനത്തിന് നിശ്ചിത കാലമാവുമ്പോള്‍ ഇന്നയിന്ന നിരക്കില്‍ മൂലധനത്തോടൊപ്പം പലിശയും കിട്ടണം.
പലിശ നിരോധിക്കപ്പെടുന്ന പക്ഷം, കടം എന്നത് ഉല്‍പാദനപരമല്ലാത്ത ആവശ്യങ്ങള്‍ക്കും താല്‍ക്കാലികമായ ബിസിനസ് ആവശ്യങ്ങള്‍ക്കുമായി പരിമിതപ്പെടുത്തും. അത്തരം കടങ്ങള്‍ ചാരിറ്റബ്ള്‍ ലോണ്‍ എന്ന ഇനത്തിലാണ് ഉള്‍പ്പെടുക. ഇനി വ്യവസായത്തിനോ വ്യാപാരത്തിനോ ഒക്കെയാണ് മൂലധനം നല്‍കുന്നതെങ്കില്‍ അതൊരിക്കലും കടമായി കണക്കാക്കുകയില്ല. ലാഭം പങ്ക് വെക്കാമെന്ന ഉപാധിയില്‍ നടത്തുന്ന ബിസിനസ് ഓഹരിയായാണ് അത് പരിഗണിക്കപ്പെടുക. ഈ രണ്ട് മേഖലയെക്കുറിച്ചും അല്‍പം വിശദീകരിക്കേണ്ടതുണ്ട്.
(തുടരും)
Comments