Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 4

എ.ഐ.സി.എല്‍ പുതിയ ബിസിനസ് മേഖലകള്‍ കണ്ടെത്തും

എ. മുഹമ്മദലി

പത്തു വര്‍ഷത്തിലേറെയായി വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ ഇസ്ലാമിക് ഫിനാന്‍സ് കമ്പനിയായ എ.ഐ.സി.എല്ലിന്റെ ചആഎഇ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദ് ചെയ്തതായി കണ്ടു. അതിന്റെ കാരണം വിശദീകരിക്കാമോ?
10 വര്‍ഷമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എ.ഐ.സി.എല്‍ അതിന്റെ തുടക്കത്തില്‍ തന്നെ ലാഭ-നഷ്ട പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തന രീതി റിസര്‍വ് ബാങ്കിന് രേഖാമൂലം സമര്‍പ്പിക്കുകയും അവര്‍ അതംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. 2006-ല്‍ റിസര്‍വ് ബാങ്ക്, നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളും (ചആഎഇ) ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന് ഫെയര്‍ പ്രാക്ടീസ് കോഡ് സര്‍ക്കുലര്‍ പുറത്തിറക്കി. സുതാര്യതയുടെ ഭാഗമായി, ഉപഭോക്താക്കളോട് എത്രയാണ് പലിശ ഈടാക്കുന്നതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കുലര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ആ സര്‍ക്കുലറില്‍ തന്നെ അതിന്റെ അന്തഃസത്തക്ക് ഭംഗം വരാതെ സ്വന്തമായ ഫെയര്‍ പ്രാക്ടീസ് കോഡ് രൂപീകരിക്കാന്‍ സ്വാതന്ത്യ്രം നല്‍കിയിരുന്നു. തദടിസ്ഥാനത്തില്‍ ലാഭ-നഷ്ട പങ്കാളിത്തം പ്രവര്‍ത്തന രീതിയായി വിശദീകരിച്ച് കൊണ്ട് 2007-ല്‍ ഫെയര്‍ പ്രാക്ടീസ് കോഡ് റിസര്‍വ് ബാങ്കിന് സമര്‍പ്പിക്കുകയും അവര്‍ ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് സുപ്രധാനമായ ഒരു കേസില്‍ എ.ഐ.സി.എല്‍ പരാമര്‍ശവിധേയമായപ്പോള്‍ റിസര്‍വ് ബാങ്ക് എ.ഐ.സി.എല്ലിന്റെ രേഖകള്‍ പരിശോധിച്ച് കൃത്യമായി പലിശ പ്രഖ്യാപിക്കുന്നില്ല എന്ന് കണ്ടെത്തി. എ.ഐ.സി.എല്‍ വിശദീകരണം നല്‍കിയെങ്കിലും റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലറിലെ പലിശയുമായി ബന്ധപ്പെട്ട വ്യവസ്ഥ പാലിക്കുന്നില്ല എന്നാരോപിച്ച് എ.ഐ.സി.എല്ലിന്റെ ലൈസന്‍സ് റദ്ദാക്കുകയായിരുന്നു.

ലൈസന്‍സ് നഷ്ടപ്പെട്ടത് എ.ഐ.സി.എല്ലിനെ എങ്ങനെയാണ് ബാധിക്കുക?
എ.ഐ.സി.എല്‍ പ്രധാനമായും ചെയ്തുകൊണ്ടിരിക്കുന്നത് മൂന്ന് കാര്യങ്ങളാണ്. 1. ലാഭനഷ്ട പങ്കാളിത്തത്തില്‍ ബിസിനസ് വായ്പ അനുവദിക്കുക. 2. വാടക അടിസ്ഥാനത്തില്‍ (ഇജാറ) വാഹന വായ്പ നല്‍കുക. 3. എ.ഐ.സി.എല്‍ ചാരിറ്റബിള്‍ ട്രസ്റില്‍ നിന്ന് വായ്പ നല്‍കുക.
ഇത് മൂന്നും നിര്‍ത്തിവെക്കേണ്ടിവരും. എന്നാല്‍, ഇതില്‍ ബിസിനസ് പങ്കാളിത്തം നിലവിലെ രീതിയില്‍ നിന്ന് മാറി പാര്‍ട്ണര്‍ഷിപ്പ് ആയോ ജോയിന്റ് വെഞ്ച്വര്‍ ആയോ ചെയ്യാവുന്നതാണ്. അതോടൊപ്പം എ.ഐ.സി.എല്ലിന് സ്വന്തമായി ബിസിനസ് ആരംഭിക്കാവുന്നതും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരാത്ത സാമ്പത്തിക സേവനങ്ങളിലേക്ക് പ്രവേശിക്കാവുന്നതുമാണ്. ഇസ്ലാമിക് മ്യൂച്ച്വല്‍ ഫണ്ട്, ഇസ്ലാമിക് ഷെയര്‍ ബ്രോക്കിംഗ്, പോര്‍ട്ട് ഫോളിയോ മാനേജ്മെന്റ്െ പോലുള്ളവ. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയെ എ.ഐ.സി.എല്‍ എങ്ങനെയാണ് സമീപിക്കുന്നത്?
റിസര്‍വ് ബാങ്കിന്റെ നടപടിക്കെതിരെ എ.ഐ.സി.എല്ലിന്റെ മുമ്പിലുള്ള നിയമപരമായ വഴി കേന്ദ്ര സര്‍ക്കാറില്‍ അപ്പീല്‍ പോവുകയാണ്. എന്നാല്‍ നിയമവ്യാഖ്യാനത്തിലാണ് പ്രശ്നം എന്നുള്ളതു കൊണ്ട് നിയമത്തിന്റെ സാധുതയും ഭരണഘടനാപരതയും ചോദ്യം ചെയ്തുകൊണ്ട് എ.ഐ.സി.എല്‍ ബോംബെ ഹൈകോര്‍ട്ടില്‍ റിട്ട് പെറ്റീഷ്യന്‍ ഫയല്‍ ചെയ്തിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് നിയമപരമായ വശങ്ങള്‍ പരിശോധിക്കേണ്ടതിനാല്‍ കോടതി റിട്ട് ഫയലില്‍ സ്വീകരിച്ചു. അതേ കാരണത്താല്‍ തന്നെ സ്റേ വേണമെന്ന എ.ഐ.സി.എല്ലിന്റെ ആവശ്യം അംഗീകരിച്ചതുമില്ല. ഇനി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മറുപടി സമര്‍പ്പിച്ചതിന് ശേഷം വാദം നടക്കും.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയെ എ.ഐ.സി.എല്‍ ചോദ്യം ചെയ്യാനുള്ള പ്രധാന കാരണം ഇസ്ലാമിക് ഫിനാന്‍സിനുള്ള വാതായനങ്ങള്‍ ഇന്ത്യയില്‍ കൊട്ടിയടക്കരുത് എന്നുള്ളതു കൊണ്ടാണ്. 10 വര്‍ഷം വിജയകരമായി പ്രവര്‍ത്തിച്ച എ.ഐ.സി.എല്ലിന്റെ പ്രവര്‍ത്തന പാരമ്പര്യം തന്നെ ഇസ്ലാമിക് ഫിനാന്‍സ് ഇന്ത്യയില്‍ പ്രായോഗികമാണ് എന്നുള്ളതിന് കോടതിക്ക് ബോധ്യപ്പെടുന്ന തെളിവാണ്. ഇത് വെച്ച് നടപടിയുടെ സാധുതയെ ചോദ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ബലം ലഭിക്കും. അല്ലാത്ത പക്ഷം ഇനിയൊരു സ്ഥാപനത്തിന് എ.ഐ.സി.എല്ലിന് കിട്ടിയത് പോലെയുള്ള രജിസ്ട്രേഷന്‍ തന്നെ കിട്ടണമെന്നില്ല.

കോടതി വിധി വരുന്നതു വരെ എ.ഐ.സി.എല്‍ എന്ത് ചെയ്യും? വിധി അനുകൂലമല്ലെങ്കില്‍ എങ്ങനെ മുന്നോട്ട് പോകും?
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടി വരുന്നതിന് മുമ്പ് തന്നെ സ്വന്തമായി ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനെ കുറിച്ചും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തില്‍ വരാത്ത സാമ്പത്തിക സേവനങ്ങളില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചും എ.ഐ.സി.എല്‍ ചര്‍ച്ച നടത്തി വരികയാണ്. ഇത്തരം സംരംഭങ്ങളുമായി മുന്നോട്ട് പോകുന്നതിനോടൊപ്പം തന്നെ ഫിനാന്‍സിംഗ് രീതിയിലല്ലാതെ മറ്റു ബിസിനസുകളില്‍ പങ്കാളികളാവും. ഫിനാന്‍സിംഗിനു മാത്രമേ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തടസ്സമുള്ളൂ. വിധി അനുകൂലമായി വരുന്ന മുറയ്ക്ക് നേരത്തെയുള്ള ഫിനാന്‍സിംഗ് സേവനങ്ങളും പുനരാരംഭിക്കും.

എ.ഐ.സി.എല്ലിന്റെ മൂലധനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയായിരുന്നല്ലോ. അതിനെ ഇത് എങ്ങനെയാണ് ബാധിക്കുക?
എ.ഐ.സി.എല്‍ കേവലം ഒരു എന്‍.ബി.എഫ്.സി ആയി തുടരാതെ വ്യത്യസ്ത ബിസിനസ് സംരംഭങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഗ്രൂപ്പായി വളര്‍ത്താനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് റിസര്‍വ് ബാങ്കിന്റെ നടപടി. പ്രസ്തുത നടപടി ഫിനാന്‍സിംഗ് പ്രവര്‍ത്തനത്തെ മാത്രമേ ബാധിക്കുകയുള്ളൂ. എ.ഐ.സി.എല്‍ കമ്പനി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സവും ഇല്ല. എ.ഐ.സി.എല്‍ കൂടുതല്‍ മൂലധനം സമാഹരിച്ച് ഇസ്ലാമിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന~~ഒരു ബിസിനസ് ഗ്രൂപ്പായി വികസിപ്പിക്കാനാണ് തിരുമാനിച്ചിരിക്കുന്നത്.
തയാറാക്കിയത്:
ജാസിം തോട്ടത്തില്‍

Comments