Prabodhanm Weekly

Pages

Search

2012 ആഗസ്റ്റ് 4

സിറിയയില്‍ മനുഷ്യക്കുരുതി

റഹീം ഓമശ്ശേരി

സിറിയയിലെ ദര്‍അ പ്രവിശ്യയില്‍ എണ്‍പത് കഴിഞ്ഞ വൃദ്ധ പിതാവും അറുപത്തെട്ട് വയസ്സ് പ്രായമായ മാതാവും അലമുറയിട്ട് കരയുന്ന രംഗം അല്‍ജസീറ ചാനലില്‍ കാണാനിടയായി. ബശ്ശാറുല്‍ അസദിന്റെ സൈന്യം തങ്ങളുടെ പതിനാറ് വയസ്സായ പേരക്കുട്ടിയെ അവരുടെ മുന്നില്‍ വെച്ചാണ് വെടിയുതിര്‍ത്ത് കൊന്നത്. ഇദ്ലീബ് പ്രദേശത്ത് അഞ്ചു വയസ്സ് മാത്രം പ്രായമായ റീം എന്ന സുന്ദരി കുട്ടി അല്‍അറബിയ്യ ചാനല്‍ റിപ്പോര്‍ട്ടറോട് ചോദിക്കുന്നു, എന്റെ ഉപ്പാനെ എന്തിനാണ് കഴുത്തറുത്ത് കൊന്നതെന്ന്. ബശ്ശാറിനോട് ഈ കുട്ടിയുടെ ചോദ്യം, എന്റെ പൊന്നുപ്പാ നിങ്ങളെ എന്താണ് ചെയ്തതെന്ന്. നിഷ്കളങ്കയായ ഒരു പിഞ്ചോമനയുടെ സങ്കടം റിപ്പോര്‍ട്ട് ചെയ്യാന്‍ വിധിക്കപ്പെട്ട റിപ്പോര്‍ട്ടര്‍ തേങ്ങിപ്പോയത് സ്വാഭാവികം.
ഇസ്രയേലിനെ വെല്ലുന്ന ക്രൂരതകളാണ് ബശ്ശാറിന്റെ സൈന്യം സിറിയയില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം രണ്ടു വയസ്സ് പോലും പ്രായമാകാത്ത പതിനാല് പിഞ്ചു കുട്ടികളെയാണ് ഹിംസില്‍ നിന്ന് കാണാനായത്. ഈ കുട്ടികളുടെ വികൃതമായ ശരീരാവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വെളിപ്പെടുത്തുകയുണ്ടായി.
ഹമായിലെ പ്രധാന വ്യാപാരങ്ങള്‍ നടക്കുന്ന ഒരു പ്രദേശം ദിവസങ്ങള്‍ക്ക് മുമ്പ് ബശ്ശാറിന്റെ സൈന്യം തീയിട്ട് നശിപ്പിച്ചതായി ഫ്രാന്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഈ പ്രദേശനിവാസികളുടെ ദൈനംദിന കൊള്ളകൊടുക്കകള്‍ നടക്കുന്ന ഈ പ്രദേശം ഇപ്പോള്‍ തരിശായി കിടക്കുകയാണ്.
ഹിംസ് ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന നഗരമാണ്. ദമസ്ക്കസിലെ പ്രമുഖ ഗോത്രങ്ങളിലൊന്നായ ഖിയമി ഗോത്രത്തില്‍ നിന്നുള്ള അമാന്‍ അല്‍ഖിയമി കഴിഞ്ഞ ദിവസം ദോഹയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ അദ്ദേഹവുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ച് സിറിയയിലെ പല പ്രദേശങ്ങളിലും അജ്ഞാത കുഴിമാടങ്ങള്‍ സൃഷ്ടിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഹമാ പ്രദേശത്ത് ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയ കുഴിമാടത്തില്‍ നിന്ന് 63 യുവാക്കളുടെ ജഡങ്ങളാണ് കണ്ടെത്തി സംസ്കരിച്ചത്. ബോസ്നിയയില്‍ സെര്‍ബ് സൈന്യം നടത്തിയ കൂട്ടക്കൊലക്ക് സമാനമായ ക്രൂരകൃത്യങ്ങളാണ് സിറിയന്‍ സൈന്യം ചെയ്യുന്നതെന്ന് ഖിയമി പറഞ്ഞു.
മാര്‍ച്ച് പതിനൊന്ന് മുതല്‍ ശക്തി പ്രാപിച്ച സിറിയയിലെ വിപ്ളവം നാല് മാസം പിന്നിടുമ്പോള്‍ 40000-ത്തില്‍ പരം പോരാളികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഹിംസിലും ഇദ്ലീബിലും ഹമായിലും ദേര്‍സൂറിലും ദര്‍അയിലും കിഴക്കന്‍ ദമസ്ക്കസിലും മാത്രമായി പതിനായിരങ്ങളാണ് കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നത്. ഹിംസില്‍ മാത്രം പത്തിലധികം സ്ഥലങ്ങളില്‍ അജ്ഞാത കുഴിമാടങ്ങളില്‍ നിന്ന് നൂറുകണക്കിന് കുട്ടികളുടെ ചീഞ്ഞളിഞ്ഞ ജഡങ്ങള്‍ കണ്ടെത്തി. ദര്‍അയില്‍ എട്ടിനും പതിനെട്ടിനും ഇടയില്‍ പ്രായമായ 49 ഓളം കുട്ടികളെ മൃഗീയമായി കൊന്നൊടുക്കുന്ന ചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചിരുന്നു. ഈ നടുക്കുന്ന രംഗങ്ങള്‍ അത് ചെയ്തവര്‍ തന്നെയാണത്രെ പകര്‍ത്തി നല്‍കിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്ഥിതിഗതികള്‍ നിയന്ത്രണം വിട്ടതായി ബശ്ശാര്‍ തന്നെ വെളിപ്പെടുത്തിയത് ശ്രദ്ധേയമാണ്. അതുകൊണ്ടാകണം മാന്യമായ ഒഴിഞ്ഞുപോക്കിന് തയാറാണെന്ന് ബശ്ശാര്‍ ഫ്രാന്‍സിലെ ഒരു ഉയര്‍ന്ന നേതാവിനോട് മനസ്സ് തുറന്നത്. തന്റെ നിലനില്‍പ് തുലാസിലാണെന്ന് മനസ്സിലാക്കിയ ബശ്ശാര്‍ രക്ഷപ്പെടാനുള്ള ശ്രമം ആരംഭിച്ചു എന്ന് വേണം കരുതാന്‍. കഴിഞ്ഞ ദിവസം തന്റെ ഭരണകൂടത്തിലെ ഏറ്റവും പ്രഗത്ഭരും ശക്തരുമായ പ്രതിരോധമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അവരുടെ അസിസ്റന്റുമാരെയുമാണ് അതീവ സുരക്ഷാ മേഖലയില്‍ വെച്ച് ചാവേറാക്രമണത്തിലൂടെ വിപ്ളവകാരികള്‍ വകവരുത്തിയത്. കൊല്ലപ്പെട്ട നാല് പ്രമുഖരില്‍ ഒരാള്‍ പിതാവ് ഹാഫിസുല്‍ അസദിന്റെ കാലത്ത് നടന്ന ഇഖ്വാന്‍ 'ശുദ്ധീകരണ' യജ്ഞത്തില്‍ പങ്കെടുത്ത ആളാണ്. പതിനായിരക്കണക്കിന് ഇഖ്വാന്‍ പ്രവര്‍ത്തകരെ കൊന്നൊടുക്കിയതിന്റെ പ്രത്യുപകാരമായിട്ടാണത്രെ ഇയാളെ ആഭ്യന്തര മന്ത്രിയാക്കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിന്റെയും മുഖ്യ അജണ്ട ഇസ്ലാമിസ്റുകള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളില്‍ മാരകമായ ആയുധങ്ങള്‍ പ്രയോഗിക്കുന്നതിനെ സംബന്ധിച്ചായിരുന്നുവെന്ന് അല്‍ഹയാത്ത് പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഈജിപ്തില്‍ നടന്നതു പോലെ അധികാരം ജനങ്ങളിലേക്ക് കൈമാറപ്പെടുന്ന അവസ്ഥ വന്നാല്‍ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്ന് ഭരണം കുത്തകയാക്കിവെച്ച അലവി വിഭാഗം കണക്ക് കൂട്ടുന്നു. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും അധികാരത്തില്‍ പിടിച്ച് നിന്നേ മതിയാകൂ.
ഇഖ്വാന്‍ നേതൃത്വം ദിവസങ്ങള്‍ക്ക് മുന്‍പ് തുര്‍ക്കി തലസ്ഥാനമായ ഇസ്തംബൂളില്‍ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയുണ്ടായി. സിറിയയില്‍ നിന്ന് പുറത്താക്കപ്പെടുകയോ രക്ഷപ്പെടുകയോ ചെയ്ത ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നവരാണ് ഒരുമിച്ചുകൂടിയത്. ബശ്ശാറിന്റെ പതനം ആസന്നമാണെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. സിറിയയുടെ ഭാവിയെ സംബന്ധിച്ച ചര്‍ച്ചകള്‍ തങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും അവര്‍ അറിയിച്ചു.

Comments