വേണം, സമീപനങ്ങളില്‍ ഒരു പൊളിച്ചെഴുത്ത്
ഇസ്ലാമിക പ്രസ്ഥാനം: സ്വയം വിമര്‍ശനവും ചില ഭാവി ചിന്തകളും' എന്ന ശീര്‍ഷകത്തില്‍ 1989-ല്‍ കുവൈത്തില്‍ നടന്ന ഒരു സെമിനാറില്‍ ഇമാം ഹസനുല്‍ ബന്നായുടെ പ്രിയശിഷ്യനും ചിന്തകനും പ്രസിദ്ധ ഭിഷഗ്വരനുമായ ഡോ. ഹസ്സാന്‍ ഹത്ഹൂത്ത് അവതരിപ്പിച്ച ശ്രദ്ധേയമായ പ്രബന്ധത്തിലെ ഏതാനും വരികള്‍ ഉദ്ധരിക്കട്ടെ: "പ്രബോധനത്തിന്റെ അടിസ്ഥാനം സ്നേഹമാണെന്ന് നാം തിരിച്ചറിയണം. ഇസ്ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട പലരുടെയും മനസ്സിനെ ഭരിക്കുന്നത് കഠിനമായി വെറുക്കുകയും കടന്നാക്രമിക്കുകയും ശകാരം ചൊരിയുകയും ചെയ്യേണ്ട ഒരു ശത്രു തങ്ങള്‍ക്കുണ്ടെന്ന അബദ്ധ സങ്കല്‍പമാണ്. പ്രതികാരവാഞ്ഛയും വിരോധവുമെല്ലാം ആ ശത്രുവിന്റെ മേല്‍ ചൊരിയുകയാണ് തങ്ങളുടെ കടമയെന്ന് അവര്‍ ധരിച്ചുവെച്ചിരിക്കുന്നു. ആ ശത്രുവിനെ വെറുക്കുകയും ആ ശത്രുവിനോട് പടവെട്ടുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് പല പ്രവര്‍ത്തകരുടെയും വിശ്വാസം. അവധാനപൂര്‍ണമായ ഒരു പുനഃപരിശോധന ആവശ്യമായ നിലപാടാണിത്. വെറുപ്പും വിരോധവും സംഹാരത്തിനുതകുന്ന ശക്തമായ ആയുധമാണ്. പക്ഷേ, നിര്‍മാണത്തിന് അത് ഒരിക്കലും ഉതകില്ലെന്നോര്‍ക്കണം. രാജാവിനെയോ ചക്രവര്‍ത്തിയെയോ സ്ഥാനഭ്രഷ്ടനാക്കാനും പ്രതിയോഗികളുടെയോ എതിരാളികളുടെയോ കഥ കഴിക്കാനും വെറുപ്പു കൊണ്ട് സാധിച്ചെന്ന് വരാം. പക്ഷേ, സമൂഹത്തിന്റെ നിര്‍മാണത്തിനും പ്രബോധന പ്രവര്‍ത്തനത്തിനും സ്നേഹമല്ലാതെ മറ്റൊരായുധമില്ല.
"ജനങ്ങളോട് നാം സ്നേഹം കൊണ്ട് യുദ്ധം ചെയ്യും എന്ന് ആവര്‍ത്തിച്ച് പറയുമായിരുന്ന ഇമാം ഹസനുല്‍ ബന്നായെ അല്ലാഹു അനുഗ്രഹിക്കട്ടെ. പ്രബോധകന്‍ ശരിയായ പ്രബോധകനാവണമെങ്കില്‍ അയാള്‍ മനസ്സിലാക്കണം, ജനങ്ങളുടെ മേല്‍ അയാള്‍ക്കുള്ള ഏക അധികാരം സ്ഥാപിതമാവുന്നത് അയാളെയും അയാള്‍ പ്രബോധനം ചെയ്യുന്ന ആദര്‍ശത്തെയും അവര്‍ സ്നേഹിച്ചുതുടങ്ങുമ്പോഴാണെന്ന്. പ്രബോധകന്‍ ജനങ്ങള്‍ക്ക് പ്രിയങ്കരനാവണം. തെറ്റുകളിലും കുറ്റങ്ങളിലും അപഥ സഞ്ചാരത്തിലും അകപ്പെട്ടുപോയ ആളുകളെ വീണ്ടെടുക്കുകയും ഇസ്ലാമിന് അവരെ നേടിക്കൊടുക്കുകയും ചെയ്യേണ്ടത് മേലാവില്‍നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവിനാലല്ല. അവധാനപൂര്‍വമായ ചുവടുവെപ്പുകളിലൂടെയും ക്ഷമാപൂര്‍വമായ ഇടപെടലുകളിലൂടെയും സ്നേഹാര്‍ദ്രമായ പെരുമാറ്റത്തിലൂടെയും ഹൃദയത്തിന്റെ ആഴങ്ങളില്‍ മൊട്ടിട്ട് മുഖത്ത് വിരിയുന്ന പുഞ്ചിരിയിലൂടെയും ഒരിക്കലും ഒടുങ്ങാത്ത ഉദാരസമീപനത്തിലൂടെയും ആവണം. അനുഗൃഹീതരായ ഇത്തരം പ്രവര്‍ത്തകരെ നേരിട്ട് കാണാനുള്ള മഹാഭാഗ്യം എന്റെ ജീവിതത്തില്‍ എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ, ഇന്ന് രംഗം വീക്ഷിക്കുമ്പോള്‍ എനിക്ക് നിരാശയുണ്ട്. അത്യപൂര്‍വമാണ് അത്തരം വ്യക്തിത്വങ്ങള്‍. അതിനാല്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സന്തതികള്‍, മുന്‍ഗാമികളുടെ തെറ്റുകള്‍, പിന്‍ഗാമികളെയും വിടാതെ പിടികൂടിയിരിക്കുന്നു എന്ന് തിരിച്ചറിയണം. സമുദായത്തിലെ വേറിട്ട ഒരു വിഭാഗം എന്ന നിലയിലാണ് അവര്‍ അന്നും ഇന്നും പെരുമാറിപ്പോരുന്നത്. ഇസ്ലാമിനും അവര്‍ക്ക് തന്നെയും ഏറെ പ്രയോജനകരം കുറച്ചുകൂടി ക്ഷമ കാണിച്ച് തങ്ങള്‍ തന്നെയാണ് സമുദായം എന്ന ധാരണയോടെ ജീവിക്കുകയാണ്. സമുദായത്തില്‍ നിന്ന് വേര്‍പ്പെട്ട ചിലരാണ് തങ്ങള്‍ എന്ന ചിന്തകളല്ല വേണ്ടത്.
"ചില ഇസ്ലാമിക സംഘടനകളുടെ വഴിവിട്ട സമീപനങ്ങളെ ആത്മാര്‍ഥതയുള്ള ചിന്തകന്മാര്‍ നിരൂപണ വിധേയമാക്കിയിട്ടുണ്ട്. ആയുസ്സും ഊര്‍ജവും സര്‍വാംഗീകൃതമായ വിഷയങ്ങള്‍ക്ക് വേണ്ടി ചെലവിടേണ്ടതിനു പകരം വിവാദ വിഷയങ്ങളില്‍ കെട്ടിമറിയുന്നവര്‍ അവരുടെ കൂട്ടത്തിലുണ്ട്. ഇസ്ലാമികമായ ഒരടിസ്ഥാനവും ഇല്ലാതെ തീവ്രതയിലേക്കും കാര്‍ക്കശ്യത്തിലേക്കും തിരിയുന്നവരുണ്ട്. പരുക്കന്‍ സമീപനങ്ങളും മുരടന്‍ സ്വഭാവവുമാണ് പ്രബോധനശൈലിയെന്ന് കരുതിപ്പോയവരുണ്ട് അവരുടെ കൂട്ടത്തില്‍. അടിത്തറ ഭദ്രമാക്കുന്നതിന് പകരം പുറംമോടിയിലും ബാഹ്യരൂപത്തിലും ശ്രദ്ധയൂന്നുന്നവരുമുണ്ട്. ദീനീ വിജ്ഞാനത്തിലും അറിവിലും ഉപരിപ്ളവമായ വിതാനത്തില്‍ നിലയുറപ്പിച്ചവരും ആ ഗണത്തിലുണ്ട്. മതത്തിന്റെ സൈദ്ധാന്തിക മഹിമത്വം പ്രഘോഷിക്കുന്നവരുടെ സ്വഭാവത്തിലോ സംസ്കാരത്തിലോ അതിന്റെ അടയാളങ്ങള്‍ കാണുന്നില്ലെന്നത് മറ്റൊരു ദുരന്തം'' (അല്‍ഹറകത്തുല്‍ ഇസ്ലാമിയ്യ റുഅ്യാ മുസ്തഖ്ബിലിയ്യ: ഔറാഖുന്‍ ഫിന്നഖ്ദിദ്ദാത്തി, പേജ് 72,73).
ഹൃദയവാതിലുകള്‍ തുറന്നിടുക
സംഘടനാ പക്ഷപാതിത്വത്തിന്റെ ആന്ധ്യം ബാധിക്കാത്ത തുറന്ന മനസ്സോടെ സമൂഹത്തെ സമീപിക്കാന്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് സാധിക്കണം. സംഘടന ഒരു ലക്ഷ്യമല്ല, മാര്‍ഗമാണെന്ന ചിന്ത വേണം. സംഘടന ലക്ഷ്യമായി കരുതുമ്പോഴാണ് പക്ഷപാതിത്വത്തിലേക്കും സങ്കുചിത ചിന്താഗതിയിലേക്കും വഴുതിപോകുന്നത്. നമ്മുടെ ശ്രമഫലമായി സമൂഹത്തില്‍ സംജാതമാവുന്ന ഇസ്ലാമിക മാറ്റങ്ങളെയും വ്യക്തികളുടെ ജീവിതത്തിലും കാഴ്ചപ്പാടുകളിലും ഉണ്ടാവുന്ന ഇസ്ലാമികാഭിമുഖ്യത്തെയും അങ്ങേയറ്റത്തെ ആദരവോടെയും ആഹ്ളാദത്തോടെയും നോക്കി കാണാനാണ് നാം ശീലിക്കേണ്ടത്. ജീവിതത്തെക്കുറിച്ച് ഭൌതിക മാത്രമായ വീക്ഷണം പുലര്‍ത്തിയവര്‍ ഇസ്ലാമിക പാതയിലേക്ക് നടന്നടുക്കുന്ന ദൃശ്യം പ്രസ്ഥാന പ്രവര്‍ത്തകന് ഒരു പ്രബോധകന്‍ എന്ന നിലക്ക് നിര്‍വൃതിയും ആത്മഹര്‍ഷവും നല്‍കേണ്ടതുണ്ട്. നബി(സ) സൂചിപ്പിച്ച മേത്തരം ഒട്ടകങ്ങളേക്കള്‍ വിലമതിക്കാവുന്ന ആ നേട്ടങ്ങളെ സന്തോഷഭരിതമായ നിറകണ്ണുകളോടെ കാണാന്‍ സാധിക്കുകയാണ് ഒരു ഇസ്ലാമിക മനസ്സിന്റെ ലക്ഷണം. സംഘടനാ മേല്‍വിലാസങ്ങളോ കുറിമാനങ്ങളോ അല്ല, പ്രവര്‍ത്തനങ്ങളാണ് പ്രധാനം. സമൂഹത്തിലെ നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ അന്തിമമായി ഇസ്ലാമിനും ഇസ്ലാമിന് വേണ്ടി നിലകൊള്ളുന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും മുതല്‍ക്കൂട്ടായി ഭവിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടാവണം. വ്യക്തികള്‍ക്കെന്നതുപോലെ സംഘടനകള്‍ക്കും അഹംഭാവം ഭൂഷണമല്ല. സമൂഹത്തില്‍ സംഭവിക്കുന്ന സന്തോഷകരമായ ഇസ്ലാമിക മാറ്റങ്ങളെ വിലയിരുത്തുമ്പോള്‍, ഞാന്‍ നിലകൊള്ളുന്ന എന്റെ സംഘടനക്ക് അതുകൊണ്ട് എന്ത് പ്രയോജനം എന്ന ചിന്തക്കുപരി ഞാന്‍ അതിരറ്റ് സ്നേഹിക്കുന്ന, എന്റെ പരമ ലക്ഷ്യമായ ഇസ്ലാമിന് അതെന്ത് നേട്ടമുണ്ടാക്കി എന്ന വിചാരമാണ് വേണ്ടത്. ഈ വിചാരം ശക്തമാവുമ്പോള്‍ പ്രസ്ഥാനത്തിനും സംഘടനക്കും ജനമനസ്സുകളില്‍ സ്വീകാര്യതയും അംഗീകാരവും കൂടുകയാണ് ചെയ്യുക. പൊതുസമൂഹത്തില്‍ നിന്ന് അകറ്റപ്പെട്ട് ഒറ്റപ്പെട്ട തുരുത്തില്‍ കഴിയേണ്ടിവരുന്നത് പ്രവര്‍ത്തകര്‍ തങ്ങള്‍ സ്വയം സൃഷ്ടിച്ചെടുത്ത, കാറ്റോട്ടമില്ലാത്ത ഇടുങ്ങിയ അറകളില്‍ കഴിയുന്നത് മൂലമാണ്.
അമുസ്ലിം സഹോദരങ്ങള്‍ക്ക് ഇസ്ലാമിന്റെ സന്ദേശമെത്തിക്കുകയും ഇസ്ലാമിന്റെ സൌന്ദര്യവും സൌകുമാര്യവും നന്മകളും അവരെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് മുസ്ലിമിന്റെ കര്‍ത്തവ്യമാണ്. അവരുടെ ഹൃദയങ്ങളിലേക്ക് കടന്നുചെല്ലാനുള്ള ഏതു മാര്‍ഗവും അവലംബിക്കാന്‍ നാം ദത്ത ശ്രദ്ധരുമാണ്. അവരുടെ കാര്യത്തില്‍ എന്ത് വിട്ടുവീഴ്ചക്കും സൌമനസ്യത്തിനും നാം നമ്മുടെ മനസ്സ് പാകപ്പെടുത്തിയിട്ടുമുണ്ട്. ഈ വിട്ടുവീഴ്ചയും സൌമനസ്യവും മുസ്ലിം സമുദായത്തോടും കാണിക്കാന്‍ നമുക്ക് കഴിയേണ്ടതല്ലേ? അമുസ്ലിം സമൂഹത്തിന് നേരെ തുറന്നുവെച്ച കരുതിവെപ്പില്ലാത്ത ഹൃദയ വാതിലുകള്‍ മുസ്ലിം സമൂഹത്തിന് നേരെയാവുമ്പോള്‍ എന്തുകൊണ്ട് അടഞ്ഞുപോകുന്നു? മുസ്ലിം സമൂഹ ഹൃദയത്തില്‍ ഇടം നേടാന്‍ ഏതറ്റം വരെയും പോകാനുള്ള വിശാല മനസ്സ് തീര്‍ച്ചയായും സദ്ഫലങ്ങള്‍ ഉല്‍പാദിപ്പിക്കും; പ്രവര്‍ത്തനങ്ങളുടെ വിശാല തലങ്ങള്‍ നമ്മുടെ മുന്നില്‍ തുറന്നുകിട്ടും. പക്ഷേ, കേവലമായ മനുഷ്യ വികാരങ്ങള്‍ ആദര്‍ശബോധത്തിന്റെ ഉദാത്ത ചിന്തയെപോലും ചിലപ്പോള്‍ പരിക്കേല്‍പിക്കാറുണ്ട്. മുസ്ലിം സമൂഹത്തിന്റെ പൊതുബോധത്തില്‍ അധിഷ്ഠിതമായ വികാരങ്ങളെ ഉള്‍ക്കൊള്ളാതെ, യാന്ത്രികമായ സംഘടനാ ജീവിതത്തിന്റെ നീതിബോധത്താല്‍ നയിക്കപ്പെടുമ്പോള്‍ സംഭവിക്കുന്ന കൈപ്പിഴകള്‍ ഏറ്റുപറയാനും തിരുത്താനുമുള്ള ആര്‍ജവം പ്രവര്‍ത്തകര്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്.
ഇതേ സൌമനസ്യം പ്രകടമാവേണ്ട മറ്റൊരു രംഗമാണ് തിന്മയിലും അധാര്‍മികതയിലും ജീവിച്ചുകൊണ്ടിരിക്കുന്ന സഹോദരങ്ങളെ വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍. രണ്ടു ചരിത്ര സംഭവങ്ങള്‍ നമുക്കോര്‍ക്കാം. നബി(സ)യുടെ കാലത്തും ഉമറിന്റെ കാലത്തും നടന്ന രണ്ട് സംഭവങ്ങള്‍.
ഉമാമ(റ) നിവേദനം ചെയ്യുന്നു: നബി(സ) സ്വഹാബിമാര്‍ക്കിടയില്‍ ഇരിക്കുമ്പോള്‍ ഒരു യുവാവ് കടന്നുവന്നു: "അല്ലാഹുവിന്റെ ദൂതരേ! എനിക്ക് വ്യഭിചരിക്കാന്‍ അനുമതി തരണം.''. ഇത് കേട്ടപാടെ എല്ലാവരും യുവാവിനു നേരെ ചാടിയടുത്തു. അവരോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ട് നബി(സ) പറഞ്ഞു: "അവന്‍ അടുത്തുവരട്ടെ.'' അവന്‍ അല്‍പം കൂടി നബിയോട് ചേര്‍ന്നിരുന്നു. നബി(സ) യുവാവിനോട് ചോദിച്ചു തുടങ്ങി: "നീ ഇപ്പോള്‍ അനുമതി ആവശ്യപ്പെട്ട ഈ കാര്യം നിന്റെ ഉമ്മയുടെ കാര്യത്തില്‍ ഇഷ്ടപ്പെടുമോ?'' യുവാവ്: 'ജനങ്ങളാരും തങ്ങളുടെ മാതാക്കളുടെ കാര്യത്തില്‍ അതിഷ്ടപ്പെടില്ല.' നബി(സ): "നിന്റെ മകളുടെ കാര്യത്തില്‍ നീ അത് ഇഷ്ടപ്പെടുമോ?'' യുവാവ്: "ഇല്ല, റസൂലേ ഇല്ല. ജനങ്ങള്‍ അവരുടെ പെണ്‍മക്കളുടെ കാര്യത്തില്‍ അതിഷ്ടപ്പെടില്ല.'' നബി(സ): "നിന്റെ സഹോദരിയാണെങ്കിലോ?'' യുവാവ്: "സഹോദരിയുടെ കാര്യത്തിലും ആരും അത് ഇഷ്ടപ്പെടില്ല.'' നബി(സ): "നിന്റെ പിതൃസഹോദരി ആയാലോ?'' യുവാവ്: "പിതൃസഹോദരിയുടെ കാര്യത്തിലും ആരും അതാഗ്രഹിക്കില്ല.'' നബി(സ): "നിന്റെ മാതൃ സഹോദരി?'' യുവാവ്: "മാതൃസഹോദരിയുടെ കാര്യത്തിലും ഇഷ്ടപ്പെടില്ല.'' തുടര്‍ന്ന് യുവാവിന്റെ ശിരസ്സില്‍ കൈവെച്ച് നബി(സ) പ്രാര്‍ഥിച്ചു: "അല്ലാഹുവേ! ഈ യുവാവിന്റെ തെറ്റുകള്‍ നീ പൊറുക്കേണമേ! അവന്റെ ഹൃദയം നീ സംശുദ്ധമാക്കേണമേ! അവന്റെ ഗുഹ്യസ്ഥാനത്തിന്റെ പരിശുദ്ധി നീ കാക്കണേ!'' ഈ സംഭവത്തിന് ശേഷം ഒരു അധര്‍മചിന്തയും ആ യുവാവിന്റെ മനസ്സില്‍ ഉണ്ടായിട്ടില്ല'' (ഹദീസ് സ്വഹീഹ്). യുവാവിന് നേരെ ചാടിയടുത്ത സ്വഹാബിമാരുടെ അനഭിലഷണീയമെന്ന് നബി സൂചിപ്പിച്ച സമീപനമാണ് ഇത്തരം വ്യക്തികളോട് നിര്‍ഭാഗ്യവശാല്‍ ചിലര്‍ക്കെങ്കിലും.
സൂറത്തു ഗാഫിറിന്റെ തഫ്സീറില്‍ ഇമാം ഇബ്നു കസീര്‍ ഉദ്ധരിക്കുന്നു: ഇബനു അബീ ഹാതിമിന്റെ നിവേദനം: "ശാമിലെ ഒരു പ്രമുഖ വ്യക്തി ചിലപ്പോഴൊക്കെ ഉമറി(റ)ന്റെ സന്നിധിയില്‍ വരാറുണ്ടായിരുന്നു. കുറച്ചുകാലം അയാളെ കാണാതിരുന്നപ്പോള്‍ ഉമര്‍(റ) തിരക്കി: ശാം (സിറിയ)കാരനായ നമ്മുടെ ആ സുഹൃത്തിനെന്തു പറ്റി? കാണുന്നില്ലല്ലോ കുറെയായിട്ട്? ഉമറിന്റെ സദസ്സിലെ ചിലര്‍: അമീറുല്‍ മുഅ്മിനീന്‍! അയാള്‍ മുഴു മദ്യപാനിയാണിപ്പോള്‍. ഉമര്‍ തന്റെ ഉദ്യോഗസ്ഥനെ വിളിച്ചു കല്‍പിച്ചു: 'എഴുതൂ. ഉമറുബ്നു ഖത്ത്വാബില്‍നിന്ന്.... വ്യക്തിക്ക്. താങ്കള്‍ക്ക് രക്ഷയും സമാധാനവും ഉണ്ടാവട്ടെ. അല്ലാഹുവിന് സ്തുതി. അല്ലാഹു അല്ലാതെ ആരാധ്യനില്ല. പ്രതാപിയും സര്‍വജ്ഞനുമായ അല്ലാഹു. പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും വിപുലമായ കഴിവുള്ളവനുമാകുന്നു അവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവങ്കലേക്കാകുന്നു മടക്കം.' എന്നിട്ട് സദസ്യരോടായി ഉമര്‍: നിങ്ങളുടെ ആ സഹോദരന് വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുക; അയാള്‍ക്ക് വീണ്ടുവിചാരമുണ്ടാവാനും ആത്മാര്‍ഥമായ ഖേദമുണ്ടാവാനും അല്ലാഹു അയാളുടെ പശ്ചാത്താപം സ്വീകരിക്കാനും.' അയാള്‍ക്ക് ഉമറിന്റെ കത്ത് കിട്ടിയപ്പോള്‍ കത്തിലെ വരികള്‍ അയാള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരുന്നു. പാപം പൊറുക്കുന്നവന്‍, പശ്ചാത്താപം സ്വീകരിക്കുന്നവന്‍, കഠിനമായി ശിക്ഷിക്കുന്നവന്‍. അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് എനിക്ക് താക്കീത് നല്‍കിയിരിക്കുന്നു. പാപം പൊറുക്കുമെന്ന് വാഗ്ദാനവും ചെയ്തിരിക്കുന്നു. അയാള്‍ കണ്ണീര്‍ വാര്‍ത്തു. ഖേദിച്ചു. പശ്ചാത്തപിച്ചു. മദ്യപാനം നിര്‍ത്തി. ഈ വിവരം ഉമര്‍(റ) അറിഞ്ഞപ്പോള്‍ സദസ്സിനോട് വീണ്ടും: "ഇങ്ങനെയാണ് നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ കൈകാര്യം ചെയ്യേണ്ട രീതി ഇതാണ്. നിങ്ങളുടെ ഒരു സഹോദരന്‍ നേര്‍വഴിയില്‍ നിന്ന് വ്യതിചലിക്കുകയും കാല്‍തെന്നുകയും ചെയ്യുന്നതായി നിങ്ങള്‍ കണ്ടാല്‍ അയാളെ പിടിച്ച് എഴുന്നേല്‍പിച്ച് നേരെ നിര്‍ത്തുക. അയാള്‍ക്ക് തുണയായി നില്‍ക്കുക. അയാള്‍ നന്മയിലേക്ക് മടങ്ങാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. അയാളുടെ കാര്യത്തില്‍ നിങ്ങള്‍ പിശാചിന് കൂട്ടുകാരാവരുത്, പിശാചിന്റെ സഹായികളാവരുത്, പിശാചിന് എറിഞ്ഞു കൊടുക്കരുത്'' (തഫ്സീറുബ്നു കസീര്‍ സൂറത്തു ഗാഫിര്‍). ഇതില്‍ പ്രസ്തുത വ്യക്തിയെ മോശമായി ചിത്രീകരിച്ച് തള്ളിപ്പറഞ്ഞ സദസ്സിന്റെ സ്വഭാവമാണോ നമുക്ക്? അതോ വ്യക്തിയെ വീണ്ടെടുത്ത ഉമറിന്റെയോ? എന്തൊരു ഉദാത്തമായ സമീപനം. വ്യക്തികളോടും സമൂഹത്തോടുമുള്ള ഗുണകാംക്ഷാ സമീപനമാണ് നബി(സ)യിലും ഉമറിലും നാം കണ്ടത്. മദ്യത്തിലും മയക്കുമരുന്നിലും അനാശാസ്യ പ്രവൃത്തികളിലും അഭിരമിക്കുന്ന വ്യക്തികളെ വീണ്ടെടുക്കുന്നതിന് പകരം 'ഓ, അവന്‍ നന്നാവില്ല' എന്ന് പറഞ്ഞ് തള്ളിക്കളയുന്നവരല്ലേ നാം?
വിനയവും എളിമയുമാവണം പ്രവര്‍ത്തകന്റെ സ്വഭാവവും സംസ്കാരവും. ഇബാദുര്‍റഹ്മാന്റെ ശരീര ഭാഷ വിനയത്തിന്റെയും താഴ്മയുടേതുമാണെന്ന് അല്ലാഹു എടുത്തു പറഞ്ഞതോര്‍ക്കുക. പൊതുസമൂഹത്തിന്റെ ഹൃദയത്തില്‍ ഇടം പിടിക്കാന്‍ അവരില്‍ ഒരാളായി പെരുമാറാനുള്ള മനോഭാവവും എളിമയുമാണ് വേണ്ടത്. അതിന് വിരുദ്ധമായ പെരുമാറ്റം കണ്ടപ്പോഴെല്ലാം നബി(സ) ഇടപെട്ട് തിരുത്തിയ സന്ദര്‍ഭങ്ങള്‍ ഹദീസുകളില്‍ കാണാം. ഒരു വ്യക്തി സമൂഹത്തിന് പ്രിയങ്കരനാവുന്നത് നിരവധി സ്വഭാവ ഘടകങ്ങള്‍ മേളിക്കുമ്പോഴാണ്. പ്രബോധകന്റെ വ്യക്തിത്വത്തില്‍ ഉന്നത സംസ്കാരത്തിന്റെ ചേരുവകള്‍ വേണമെന്നത് ഇസ്ലാമിന്റെ നിര്‍ബന്ധമാണ്.
(തുടരും)
[email protected]
Comments