റഹ്മത്തുൻ ലിൽ ആലമീൻ
പണ്ടൊരു നാൾ
നൂർ പർവത ശിഖരത്തിൽ
ആകാശം ചുംബിച്ചു.
അന്ന്,
മരുഭൂ മണൽത്തരികൾ
പ്രഭാത കണങ്ങളായി
പൂവിടർത്തി.
നക്ഷത്ര പ്രകാശം
അജ്ഞതയുടെ അന്ധകാരത്തെ
ആലിംഗനം ചെയ്തു.
മുഹമ്മദ് എന്ന
മഹാ മനീഷിയിൽ
റസൂൽ എന്ന ദിവ്യ വാഹകൻ
പിറവി കൊണ്ടു.
മുഹമ്മദു റസൂലുല്ലാഹ്...
വേദഗ്രന്ഥം തഴുകിയ
പവിത്ര ദേഹം.
ദൈവോർമ കഴുകിയ
ഹിമഹൃദയം.
ചരിത്രവഴിയിലെ
കടപുഴകാത്ത വിളക്കുമാടം.
മുഹമ്മദു റസൂലുല്ലാഹ്...
അങ്ങ്,
ഇരുൾപരപ്പു മൂടിയിടത്ത്
പാതി സൂര്യനും
മറുപാതി ചന്ദ്രനുമായി
ജ്വലിച്ചു നിന്നപ്പോൾ,
മണൽ കാടിന്റെ
മിഴി തെളിഞ്ഞു;
വഴി തുറന്നു;
കുഴി വിടർന്നു.
മുഹമ്മദു റസൂലുല്ലാഹ്...
അങ്ങ്,
സർവ മാനുഷ വിമോചകൻ.
ഭേദങ്ങളെല്ലാം വേദം കൊണ്ട്
മായ്്ച്ചുകളഞ്ഞ്,
നാം,
ഒരൊറ്റ നാഥന്റെ ദാസർ;
ഒരൊറ്റ മനുഷ്യന്റെ മക്കൾ;
ഒരൊറ്റ ദർശന ചുവട്ടിൽ
ചീർപ്പിന്റെ പല്ല് പോൽ
സമാസമർ;
എന്ന ആധ്യാത്മിക വചനം
പകർന്നു തന്നവൻ.
മുഹമ്മദു റസൂലുല്ലാഹ്...
അങ്ങ്,
നന്മയുടെ
വെൺമകൊണ്ട് തിന്മയുടെ കഠോരതയെ,
കരുണയുടെ നിലയ്ക്കാത്ത ഉറവയാൽ
അലിയിച്ചെടുത്തു.
അധർമങ്ങളൊക്കെയും
ഉത്കൃഷ്ട ധർമത്താൽ തഴുകിത്തലോടി,
ദുഷ്ട ശത്രുക്കളെ
ഇഷ്ടമിത്രങ്ങളാക്കി.
മുഹമ്മദു റസൂലുല്ലാഹ്...
അറ്റമില്ലാത്ത
അനുകമ്പയുടെ ചൈതന്യമേ,
അനുകമ്പാദശക*ത്തിലെ
ആശ്ചര്യരൂപമേ,
ചിരപ്രവൃദ്ധമാം തമസ്സകറ്റുവാന്‍
ധരയിലേക്കീശ്വരന്‍ നിയോഗിച്ച സൂര്യനേ**
ദീർഘദശീന്ദ്രനാമ
മ്മഹാത്മാവേ***
അക്ഷരംകൊണ്ട്
വർണങ്ങൾ തീർത്ത കവികൾ
അങ്ങയുടെ വശ്യതയെ വിശദമാക്കുവാൻ
ഭാഷയേതുമില്ലാതെ നിന്നു.
മുഹമ്മദു റസൂലുല്ലാഹ്...
വിഷയം
മാനുഷികമായതിനാൽ
അങ്ങ്,
ഒരു മനുഷ്യനായി;
മനുഷ്യാതീത മനുഷ്യൻ.
വെളിപാട്,
ദൈവികമായതിനാൽ
ദൂതനായി;
ദൈവദൂതരിൽ
ശ്രേഷ്ഠ ദൂതൻ.
ദൗത്യം,
ഉണ്മയായതിനാൽ
തണൽമരമായി;
നന്മ മാത്രം പൂക്കുന്ന
നിത്യനൂതന വൃക്ഷം.
മുഹമ്മദു റസൂലുല്ലാഹ്...
പൂരകമോ പര്യായമോ ഇല്ലാതെ വേദഗ്രന്ഥം പറഞ്ഞതത്രേ ശരി.
'റഹ്മത്തുൻ ലിൽ ആലമീൻ'
ലോകാനുഗ്രഹി!!
കുറിപ്പുകൾ
* ശ്രീനാരായാണ ഗുരുവിന്റെ കവിത
** വള്ളത്തോളിന്റെ 'അല്ലാഹ്' എന്ന കവിതയിൽ നിന്ന്
*** പണ്ഡിറ്റ് കറുപ്പന്റെ 'പ്രവാചക മരണം' എന്ന കവിതയിൽനിന്ന്.
Comments