Prabodhanm Weekly

Pages

Search

2024 ഏപ്രിൽ 19

3348

1445 ശവ്വാൽ 11

സലാം പ്രചരിപ്പിക്കുവിന്‍, ഉന്നതിയിലെത്തും

ഡോ. ഷിറാസ് ഖാൻ പുന്നല

അബുദ്ദര്‍ദാഇല്‍നിന്ന്. റസൂലുല്ലാഹി (സ) അരുളി: ''നിങ്ങള്‍ സലാം പ്രചരിപ്പിക്കുവിന്‍, എന്നാല്‍ നിങ്ങള്‍ ഉന്നതിയിലെത്തും.''

മുസ് ലിംകള്‍ തമ്മിലുള്ള അഭിവാദ്യ വാക്യമായ 'സലാം' ലളിതവും ആര്‍ക്കും എളുപ്പത്തില്‍ പറയാനാകുന്നതും അര്‍ഥസമ്പുഷ്ടവുമാണ്. ''അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു എന്ന് സലാം പറയുന്ന ഒരു ദാസന് 23 നന്മകള്‍ എഴുതപ്പെടും'' (അബൂ ദാവൂദ്).
'അസ്സലാമു അലൈക്കും' എന്ന് മാത്രം പറഞ്ഞാല്‍ പത്ത് നന്മകളും, വറഹ് മത്തുല്ലാഹി എന്ന് കൂടി ചേര്‍ത്തുപറഞ്ഞാല്‍ ഇരുപത് നന്മകളും എഴുതപ്പെടും.

'സലാം' അല്ലാഹുവിന്റെ സവിശേഷ നാമങ്ങളില്‍ പെട്ട ഒരു നാമമാണ്. 'അല്ലാഹു അതിനെ (അവന്റെ കാരുണ്യത്താല്‍) ഭൂമിയില്‍ ഇറക്കിയിരിക്കുന്നു. അതിനാല്‍ സലാമിനെ നിങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുവിന്‍' എന്ന് ആഹ്വാനം ചെയ്യുന്ന ഹദീസ് ഇബ്‌നു മസ്ഊദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സലാം പ്രചരിപ്പിക്കല്‍ ഐശ്വര്യം പ്രദാനം ചെയ്യും. തിര്‍മിദി റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ്: റസൂല്‍ (സ) അനസി(റ)നോട് പറയുന്നു: ''മകനേ, നീ നിന്റെ വീട്ടുകാരുടെ അടുക്കലേക്ക് ചെല്ലുമ്പോള്‍ സലാം പറയുക, അത് നിനക്കും നിന്റെ കുടുംബത്തിനും ബറകത്തിന് കാരണമാണ്.'' വീട്ടില്‍ വലിയ ദാരിദ്ര്യമാണെന്ന് ആവലാതി പറഞ്ഞ ഒരു സ്വഹാബിക്കും മേല്‍പ്പറഞ്ഞ പ്രതിവിധിയാണ് നിര്‍ദേശിക്കുന്നത്.

സലാം പ്രചരിപ്പിക്കുന്നത് സ്‌നേഹവും ഐക്യവുമുണ്ടാകാന്‍ കാരണമാകും. അബൂ ഹുറയ്റ(റ)ല്‍നിന്ന് മുസ് ലിം റിപ്പോര്‍ട്ട് ചെയ്യുന്നു: ''നിങ്ങള്‍ ആരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല; നിങ്ങള്‍ സത്യവിശ്വാസികളാകാതെ, നിങ്ങള്‍ ആരും സത്യവിശ്വാസികളാവുകയില്ല; പരസ്പരം സ്‌നേഹിക്കാതെ, നിങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്കിടയില്‍ പരസ്പര സ്‌നേഹമുണ്ടാകുന്ന ഒരു കാര്യം അറിയിച്ചുതരട്ടെ, നിങ്ങള്‍ക്കിടയില്‍ സലാം പ്രചരിപ്പിക്കുക.''

സലാം പറയുക എന്നതിനെക്കാള്‍ പ്രചരിപ്പിക്കുക എന്ന വിശാല അര്‍ഥമുള്ള പ്രയോഗമാണ് ഈ വചനങ്ങളില്‍ പൊതുവെ കാണുന്നത്. ഒരു മുസ് ലിമിന് മറ്റൊരു മുസ് ലിമിനോടുള്ള അഞ്ച് കടമകളില്‍ ഒന്നാമത്തേത് സലാം പറഞ്ഞാല്‍ അത് മടക്കലാണ്. പറഞ്ഞതിനെക്കാള്‍ ശ്രേഷ്ഠമായതുകൊണ്ട് മടക്കണമെന്ന് സൂറത്തുന്നിസാഇല്‍ അല്ലാഹു തന്നെ നിര്‍ദേശിക്കുന്നുണ്ട് (3:86).
സൃഷ്ടികളോട് എത്രമാത്രം കരുണ കാണിക്കുന്നു എന്ന് നോക്കിയാണ് സൃഷ്ടികര്‍ത്താവായ അല്ലാഹു നമ്മോട് കരുണ കാണിക്കുന്നത്. സൃഷ്ടികളുമായുള്ള ബന്ധം നന്നാകാതെ സ്രഷ്ടാവുമായുള്ള ബന്ധം നന്നാവുകയില്ല. സൃഷ്ടികളുമായുള്ള ബന്ധത്തിലെ കുറവുകളും പിഴവുകളും ആദ്യം അവര്‍ തന്നെ പൊരുത്തപ്പെട്ടു കൊടുക്കേണ്ടതുണ്ട്.

ശാന്തിയും സമാധാനവും ഐശ്വര്യവും കാരുണ്യവും പരസ്പരം ആശംസിക്കുന്നു എന്നു മാത്രമല്ല, ഇതെല്ലാം അല്ലാഹുവില്‍നിന്നുള്ളതാണ് എന്നു കൂടി ഈ അഭിവാദ്യ വാക്യം സത്യവിശ്വാസിയെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും വലിയ പിശുക്കന്‍ സലാം പറയാന്‍ പിശുക്ക് കാണിച്ചവനാണെന്നും ഏറ്റവും വലിയ ദുര്‍ബലന്‍ ദുആ ചെയ്യാന്‍ കഴിയാതെ വരുന്നയാള്‍ ആണെന്നും ഹദീസ് വചനമുണ്ട്.

അല്ലാഹു സ്വര്‍ഗവാസികളെ നാളെ അഭിസംബോധന ചെയ്യുന്നതും മലക്കുകള്‍ അഭിസംബോധന ചെയ്യുന്നതും സ്വര്‍ഗവാസികള്‍ പരസ്പരം അഭിസംബോധന ചെയ്യുന്നതും 'സലാം' എന്ന വചനം കൊണ്ടാണെന്ന് സൂറത്ത് യാസീന്‍ 58, അസ്സുമര്‍ 73, അൽ വാഖിഅ 26 എന്നീ വചനങ്ങളില്‍ പറയുന്നുണ്ട്.
അമ്പിയാ മുര്‍സലീങ്ങള്‍ക്ക് ധാരാളം തവണ വിശുദ്ധ ഖുര്‍ആനില്‍ 'സലാമുന്‍ അലാ' എന്ന ആശംസാ വചനം അല്ലാഹു അറിയിക്കുന്നുണ്ട്.

ശ്രേഷ്ഠവും നിര്‍ബന്ധമാക്കപ്പെട്ടതുമായ ഇസ് ലാമിക കര്‍മങ്ങളില്‍ പ്രധാനപ്പെട്ടതാണ് നമസ്‌കാരം. നമസ്‌കാരം പൂര്‍ത്തിയാക്കുന്നത് 'സലാം' പറഞ്ഞുകൊണ്ടാണ്. വലത്തോട്ടും ഇടത്തോട്ടും 'അസ്സലാമു അലൈക്കും വറഹ് മത്തുല്ലാഹ്' എന്ന് പറയുമ്പോള്‍ സകല ചരാചരങ്ങള്‍ക്കുമുള്ള ഗുണകാംക്ഷ മനസ്സില്‍ നിറയുന്നു. അത്തഹിയ്യാത്തിലും സലാം ചൊല്ലേണ്ടതുണ്ട്. 'അസ്സലാമു അലൈക അയ്യുഹന്നബിയ്യു വറഹ്മത്തുല്ലാഹി വബറകാത്തുഹു, അസ്സലാമു അലൈനാ വഅലാ ഇബാദില്ലാഹിസ്സ്വാലിഹീന്‍' എന്ന സലാം മിഅ്‌റാജ് രാത്രിയില്‍ അല്ലാഹുവും അവന്റെ റസൂലും പരസ്പരം അഭിവാദ്യം ചെയ്ത വാചകങ്ങളില്‍ പെടുന്നതാണ് എന്ന് മുഫസ്സിറുകള്‍ രേഖപ്പെടുത്തുന്നു. സത്യവിശ്വാസികളുടെ 'മിഅ്‌റാജ്' ആയ നമസ്‌കാരത്തില്‍നിന്ന് 'സലാം'  പറഞ്ഞ് പിരിഞ്ഞാല്‍ ഇസ്തിഗ്ഫാര്‍ പറയുകയും തുടര്‍ന്ന് അല്ലാഹുവിനെ വാഴ്ത്തുന്ന 'അല്ലാഹുമ്മ അന്‍തസ്സലാം, വമിന്‍ക സ്സലാം.....' എന്ന് തുടങ്ങുന്ന 'ദിക് ര്‍' ചൊല്ലുകയും ചെയ്യുന്നത് നബി(സ)യുടെ ചര്യയായിരുന്നു എന്ന് സൗബാനി(റ)ല്‍നിന്ന് ഇമാം മുസ് ലിം റിപ്പോര്‍ട്ട് ചെയ്യുന്നു.

സദസ്സില്‍ പ്രവേശിക്കുമ്പോഴും സദസ്സ് വിട്ടുപോകുമ്പോഴും വീട്ടില്‍ പ്രവേശിക്കുമ്പോഴും വീട്ടില്‍നിന്ന് ഇറങ്ങുമ്പോഴും 'സലാം' ചൊല്ലല്‍ ഇസ് ലാമിക രീതിയാണ്. ഒരു സംഘത്തില്‍നിന്ന് ഒരാള്‍ സലാം പറഞ്ഞാല്‍ അല്ലെങ്കില്‍ മറുപടി പറഞ്ഞാല്‍ സംഘത്തിലെ എല്ലാവരും പറഞ്ഞതു പോലെയാണ്. ചെറിയവര്‍ വലിയവര്‍ക്കും വരുന്നവര്‍ ഇരിക്കുന്നവര്‍ക്കും, ഒരാള്‍ ഒരു സംഘത്തിനും ആദ്യം സലാം പറയണം എന്നതും ഇസ് ലാമിക മര്യാദയില്‍ പെട്ടതാണ്.

മനുഷ്യനെ സാമൂഹിക ജീവി (Social Animal)യായിട്ടാണ് വിഭാവന ചെയ്തിരിക്കുന്നത്. ഗുണകാംക്ഷയാണ് സാമൂഹിക ജീവിതത്തിന്റെ ജീവന്‍. ഗുണകാംക്ഷയുള്ളപ്പോള്‍ തന്റെ സഹോദരന്‍ തനിക്ക് ഒരു സഹായിയായിരിക്കും. ഗുണകാംക്ഷ ഇല്ലാതെയായാല്‍ സഹോദരന്‍ പോലും അപരനും ശത്രുവുമായി മാറുന്നു. 'ഹാപ്പിനെസ്സ് ഹോര്‍മോണ്‍' എന്നറിയപ്പെടുന്ന ഓക്‌സിറ്റോസിന്‍ (Oxytocin) ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത് മനസ്സില്‍ ഗുണകാംക്ഷയുടെ വികാരം നിറയുമ്പോഴാണ്. തന്റെ കുഞ്ഞിന് പാല് കൊടുക്കുന്നതിനെക്കുറിച്ച് ഒരു മാതാവ് ആലോചിക്കുമ്പോള്‍ തന്നെ 'ഓക്‌സിറ്റോസിന്‍' റിലീസ് ചെയ്യപ്പെടുന്നു. അകിടില്‍ പാൽ ചുരത്താന്‍ സഹായിക്കുന്നത് ഈ ഹോര്‍മോണ്‍ ആണ്.
ഗുണകാംക്ഷയാണ് ദീന്‍. ഒരാള്‍ അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് ഗുണകാംക്ഷയിലായിരിക്കുമ്പോള്‍ അല്ലാഹു അവന് നന്മയും രക്ഷയുമായിത്തീരുന്നു. സലാം പ്രചരിപ്പിക്കുമ്പോള്‍ നമുക്കിടയില്‍ ശാന്തിയും സമാധാനവും ഐശ്വര്യവും ഐക്യവും നിറയുന്നു. ആയതിനാല്‍ 'നിങ്ങള്‍ സലാം പ്രചരിപ്പിക്കുവിന്‍, നിങ്ങള്‍ ഉന്നതിയിലെത്തും.' l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 27-38
ടി.കെ ഉബൈദ്

ഹദീസ്‌

പ്രാർഥനകളുടെ ഭാഷ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്