പ്രാർഥനകളുടെ ഭാഷ
عَنْ أَبِي هُرَيْرَة رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ : إذا دَعَا أحَدُكُمْ فَلْيَعْزِمِ الْمَسْأَلَةَ، وَلَا يَقُولَنَّ: اَللَّهُمَّ إنْ شِئْتَ فَأَعْطِنِي؛ فَإنَّهُ لَا مُسْتَكْرِهَ لَهُ ( مُتَّفَقٌ عَلَيْهِ)
അബൂ ഹുറയ്റ(റ)യിൽനിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "നിങ്ങളാരെങ്കിലും പ്രാർഥിക്കുകയാണെങ്കിൽ ചോദ്യം ദൃഢമാവണം. അല്ലാഹുവേ, നീ തീരുമാനിച്ചിട്ടുണ്ടെങ്കിൽ തരിക എന്നല്ല പറയേണ്ടത്. കാരണം, അല്ലാഹുവിനെ നിർബന്ധിക്കുന്ന ഒരാളുമില്ല" (ബുഖാരി, മുസ്്ലിം).
ഏറെ പ്രാധാന്യമുള്ള ആരാധനാനുഷ്ഠാനമാണ് പ്രാർഥന. അതുകൊണ്ടുതന്നെ അതിന്റെ രൂപവും രീതിയും നബി (സ) കൃത്യമായി അനുയായികളെ അഭ്യസിപ്പിക്കാറുണ്ടായിരുന്നു. അത്യധികം ആവേശത്തോടെയും കൂടുതൽ ആഗ്രഹത്തോടെയുമാണ് പ്രാർഥിക്കേണ്ടത്. ഭാഷ വ്യക്തവും ശക്തവുമാവണം.
"അല്ലാഹുവേ, നീ തീരുമാനിച്ചിട്ടുണ്ടെങ്കിൽ തരിക" എന്ന സ്വരത്തിലാവരുത്. കിട്ടിയാൽ കിട്ടട്ടെ എന്ന മനസ്സോടെയുമാവരുത്. കിട്ടുമെന്ന ദൃഢബോധ്യമുണ്ടാവണം.
ഇബ്നു ബത്വാൽ എഴുതി: "വളരെ ആശയോടെയും പ്രതീക്ഷയോടെയുമാവണം പ്രാർഥന എന്നാണ് ഹദീസിന്റെ അധ്യാപനം. സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടാവണം. നിരാശയുണ്ടാവരുത്. അത്യധികം ഉദാരനായവനോടാണ് ചോദിക്കുന്നതെന്ന ഓർമ വേണം" (ഫത്ഹുൽ ബാരി).
പ്രാർഥന സ്വീകരിക്കുന്നതിനായി, ഖുർആനിലും ഹദീസിലും വ്യക്തമാക്കിയ വ്യവസ്ഥകളിൽ പ്രധാനമായവ ഇവയാണ്:
അല്ലാഹുവിനോട് മാത്രം ചോദിക്കുക. തുടക്കത്തിൽ അല്ലാഹുവിനെ സ്തുതിക്കുക, പ്രവാചകന് വേണ്ടി സ്വലാത്ത് ചൊല്ലുക. ആവർത്തിച്ച് ആവശ്യപ്പെടുക. ഒരേ കാര്യം തന്നെ മൂന്ന് തവണയെങ്കിലും ചോദിക്കുന്നതാണുത്തമം.ഉത്തരം കിട്ടാനായി ധൃതി കാണിക്കാതിരിക്കുക. മനസ്സാന്നിധ്യത്തോടെ പ്രാർഥിക്കുക.
പ്രാർഥനാ വചനങ്ങളിൽ തനിക്കോ മറ്റുള്ളവർക്കോ ദൂഷ്യമുണ്ടാക്കുന്നതുണ്ടാവരുത്. മിതമായ ശബ്ദത്തിലാവുക. സ്വീകരിക്കപ്പെടുന്ന സമയവും സന്ദർഭവും തെരഞ്ഞെടുക്കുക. വാക്കുകളിൽ കൃത്രിമ പ്രാസങ്ങൾ ഉപേക്ഷിക്കുക. മനസ്സിൽ വിനയവും ഭക്തിയും നിറയണം. പേടിയോടെയും പ്രത്യാശയോടെയും പ്രാർഥിക്കുക.
സൽക്കർമങ്ങൾ ധാരാളമായി ചെയ്യുക. അന്യരുടെ അവകാശങ്ങൾ കവർന്നിട്ടുണ്ടെങ്കിൽ തിരിച്ചുനൽകുക. ഖിബ് ലയുടെ നേരെ തിരിഞ്ഞ് കൈകൾ ഉയർത്തി പ്രാർഥിക്കുക.
ദുആ ചെയ്യുന്നതിന് മുമ്പ് വുദൂവെടുക്കുക. അന്യർക്ക് അർഹതപ്പെട്ടത് ചോദിക്കാതിരിക്കുക. മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് മുമ്പ് സ്വന്തം ആവശ്യങ്ങൾ ഉന്നയിക്കുക. അല്ലാഹുവിന്റെ സുന്ദര നാമങ്ങൾ ഉരുവിട്ടും, സ്വന്തം സത്കർമങ്ങൾ എടുത്തുപറഞ്ഞും ചോദിക്കുക.
ഐഛികമായ പുണ്യങ്ങൾ അധികരിപ്പിക്കുക. സമ്പത്തും സമ്പാദ്യവും ഹലാലാക്കുക. തെറ്റായതോ കുടുംബ ബന്ധം അകറ്റുന്നതോ ആയ കാര്യങ്ങൾ ചോദിക്കാതിരിക്കുക. മാതാപിതാക്കൾക്കും മുഴുവൻ സത്യവിശ്വാസികൾക്കും വേണ്ടി പ്രാർഥിക്കുക.
ആവശ്യം ചെറുതായാലും വലുതായാലും ചോദിക്കാൻ മടി കാണിക്കാതിരിക്കുക. നന്മ കൽപ്പിക്കുക, തിന്മ തടയുക. പാപങ്ങളിൽ നിന്ന് അകന്നുനിൽക്കുക. (അശ്ശഅ്റാവി, ദുആഉൽ അമ്പിയാഅ്). l
Comments