ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയ ഭരണം
പത്തു വര്‍ഷമായി മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിക്കാന്‍ തയാറാവാത്ത ലോകത്തെ ഒരേയൊരു പ്രധാനമന്ത്രിയെക്കൊണ്ട് മിണ്ടിച്ചത് പാകിസ്താന്‍ വംശജയായ മാധ്യമ പ്രവര്‍ത്തകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ വാള്‍ സ്ട്രീറ്റ് ജര്‍ണലിന്റെ വൈറ്റ് ഹൗസ് റിപ്പോര്‍ട്ടര്‍ സബ്രീന സിദ്ദീഖിയുടെ കുറിക്കുകൊള്ളുന്ന ചോദ്യം നരേന്ദ്ര മോദിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടി നല്‍കാതെ രാജ്യത്തിന്റെ 'ജനാധിപത്യ പൈതൃക'ത്തെപ്പറ്റി ലക്ചറടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മോദി കൂടുതല്‍ പരിഹാസ്യനാവുകയായിരുന്നു.
മോദിയോട് ചോദ്യമുന്നയിച്ചതിന്റെ പേരില്‍ സംഘ് പരിവാറുകാരാല്‍ വേട്ടയാടപ്പെട്ട സബ്രീന സിദ്ദീഖിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈറ്റ് ഹൗസ് തന്നെ രംഗത്തുവന്നു. ഒരു പ്രധാനമന്ത്രിയോട് ചോദ്യമുന്നയിച്ചതിന് മാധ്യമപ്രവര്‍ത്തകയെ വേട്ടയാടുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കിയത്.
മോദിയെ ചോദ്യം ചോദിച്ചു കുഴക്കിയത് മുസ്‌ലിം മാധ്യമ പ്രവര്‍ത്തകയാണെന്ന് അറിഞ്ഞതോടെ സംഘ് പരിവാര്‍ ഇളകി. അടിയാധാരം പരിശോധിച്ചപ്പോള്‍ അവര്‍ പാകിസ്താന്‍ വംശജയാണെന്ന് കണ്ടെത്തി. സബ്രീന അമേരിക്കയിലും അവരുടെ പിതാവ് ഇന്ത്യയിലുമാണ് ജനിച്ചത് എന്നതൊന്നും അവര്‍ക്ക് പ്രശ്‌നമായില്ല. സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ രാഷ്ട്രീയകാര്യം എന്തിന് ചോദിക്കണം എന്ന വിഡ്ഢിത്തവും ചില സംഘ് പ്രൊഫൈലുകളും അവരുടെ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഉന്നയിച്ചു.
പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് കരന്‍ താപ്പറുമായുള്ള അഭിമുഖത്തില്‍ ഗുജറാത്ത് വംശഹത്യ സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയാതെ വിയര്‍ത്തുകുളിച്ച് ഇറങ്ങിപ്പോയ പാരമ്പര്യവുമുള്ളതുകൊണ്ടാവണം മാധ്യമങ്ങളെ കണ്ടാല്‍ മോദിക്ക് പേടിയാണ്. 'മോദിജി മാങ്ങ കഴിക്കാറുണ്ടോ...?' എന്ന അക്ഷയ് കുമാര്‍ സ്‌റ്റൈല്‍ ചോദ്യങ്ങളോ സ്‌റ്റേജ്ഡ് ഇന്റര്‍വ്യൂകളോ അല്ല വൈറ്റ് ഹൗസില്‍ നേരിടേണ്ടത് എന്ന തിരിച്ചറിവെങ്കിലും ഇതിലൂടെ മോദിക്ക് ഉണ്ടായെങ്കില്‍ സബ്രീനക്കാണ് നന്ദി പറയേണ്ടത്!
രാജ്യം നീറുന്ന പ്രശ്‌നങ്ങളില്‍ അകപ്പെട്ടപ്പോള്‍ പാര്‍ലമെന്റില്‍ പോലും പ്രസ്താവന നടത്താന്‍ തയാറാവാത്ത പ്രധാനമന്ത്രിയാണ് മോദി. 719 ജീവനുകള്‍ അപഹരിച്ച, 358 ദിവസം നീണ്ടുനിന്ന കര്‍ഷക സമരത്തെച്ചൊല്ലി ഉത്കണ്ഠപ്പെടാന്‍ അദ്ദേഹം തയാറായില്ല. മണിപ്പൂര്‍ മാസങ്ങളായി കത്തുമ്പോഴും അവിടെ സന്ദര്‍ശിക്കുന്നതു പോയിട്ട് ഒരക്ഷരം മിണ്ടിയിട്ടില്ല പ്രധാനമന്ത്രി. ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ അന്യായമായി പണിതുയര്‍ത്തിയ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളില്‍ കാര്‍മികനായി പങ്കെടുക്കുന്നതിലായിരുന്നു അദ്ദേഹത്തിന് ഔല്‍സുക്യം.
ജനാധിപത്യമെന്ന പ്രഹസനം
ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതായി വര്‍ഷാവര്‍ഷം പുറത്തുവരുന്ന അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ വാള്‍ സ്ട്രീറ്റ് ജര്‍ണല്‍ റിപ്പോര്‍ട്ടര്‍ക്ക് മറുപടി പറഞ്ഞാല്‍ വഷളാകുമെന്ന് മോദിക്കറിയാമായിരുന്നു. എന്നാല്‍, ജനാധിപത്യത്തെക്കുറിച്ച മോദിയുടെ വാചകമടി അതിലേറെ പരിഹാസ്യമായി. തീവ്ര ഹിന്ദുത്വ വേരുകളുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ഇന്ത്യയില്‍ ജനാധിപത്യം പിച്ചിച്ചീന്തപ്പെടുകയാണെന്ന് വിലയിരുത്തിയത് വിവിധ അന്താരാഷ്ട്ര ഏജന്‍സികളാണ്. അതിലേറ്റവും ഒടുവിലത്തേതാണ് മാര്‍ച്ചില്‍ സ്വീഡനിലെ വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ട്. 2018-ഓടെ ഇന്ത്യ 'ഇലക്ടറല്‍ ഓട്ടോക്രസി' (തെരഞ്ഞെടുപ്പ് സ്വേഛാധിപത്യം) യിലേക്ക് വീണുകഴിഞ്ഞുവെന്നും ആ അവസ്ഥ തുടരുകയാണെന്നും വിശേഷിപ്പിച്ച റിപ്പോര്‍ട്ട്, പത്ത് ഏകാധിപത്യ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയെ എണ്ണുന്നത്.
'പട്ടാള അട്ടിമറികളും രാഷ്ട്രീയ കെടുകാര്യസ്ഥതയും അരക്ഷിതമായ ജീവിത സാഹചര്യങ്ങളുമുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കൊപ്പമാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ആവകാശപ്പെടുന്ന ഇന്ത്യയുടെ സ്ഥാനം. ഐവറി കോസ്റ്റിനെക്കാള്‍ മോശവും നൈജറിനെക്കാള്‍ മികച്ചതും എന്ന അവസ്ഥയില്‍ ഇരു ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഇടയിലാണ് മോദിയുടെ പത്തു വര്‍ഷത്തെ ഭരണത്തില്‍ ഇന്ത്യ എത്തിപ്പെട്ടിരിക്കുന്നത്' - റിപ്പോര്‍ട്ട് പറയുന്നു. പൗരത്വ ഭേദഗതി നിയമം (സി.എ.എ), ദേശീയ പൗരത്വ റജിസ്റ്റര്‍, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ തുടങ്ങിയ നടപടികളിലൂടെ ഇന്ത്യ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തിയെന്ന് 2020-ല്‍ വി-ഡെം ചൂണ്ടിക്കാട്ടിയിരുന്നു.
2020-ലെ ജനാധിപത്യ സൂചികയില്‍ ഇക്കോണമിസ്റ്റ്് ഇന്റലിജന്‍സ് യൂനിറ്റ് ഇന്ത്യക്ക് നല്‍കിയത് 53-ാം സ്ഥാനമാണ്. 2015 മുതല്‍ ഇന്ത്യയിലെ ജനാധിപത്യം തകര്‍ച്ച നേരിടുകയാണെന്നും, ഹിന്ദു മതത്തിന് അമിത സ്വാധീനം നല്‍കുന്നതും മുസ്‌ലിം വിരുദ്ധ വികാരം ആളിക്കത്തിക്കുന്നതും മതങ്ങള്‍ക്കിടയില്‍ കലഹങ്ങള്‍ വളര്‍ത്തുന്നതുമായ നീക്കങ്ങള്‍ക്കാണ് മോദി സര്‍ക്കാറിന്റെ നയങ്ങള്‍ ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'സ്വതന്ത്ര ജനാധിപത്യ രാഷ്ട്രം' എന്ന പദവിയില്‍നിന്ന് 'ഭാഗിക സ്വതന്ത്ര ജനാധിപത്യ രാഷ്ട്രം' എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തിയത് 2020-ലാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മോദിയുടെ കീഴില്‍ ഏകാധിപത്യത്തിലേക്ക് വഴിമാറിത്തുടങ്ങിയെന്ന് അമേരിക്ക ആസ്ഥാനമായുള്ള ഫ്രീഡം ഹൗസ് 2021 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുണ്ട്. മോദിയുടെ വലതുപക്ഷ ഹിന്ദുത്വ സര്‍ക്കാര്‍ 2014-ല്‍ അധികാരത്തിലേറിയതു മുതല്‍ മുസ്‌ലിംകള്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും എതിരെയുള്ള ഭീഷണികള്‍, ജുഡീഷ്യറിയുടെ മേലുള്ള ഇടപെടലുകള്‍ തുടങ്ങിയവ വ്യാപകമായെന്ന് ഫ്രീഡം ഹൗസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 'മോദിയുടെ വരവോടെ, ലോക ജനാധിപത്യ നായക പദവിയില്‍നിന്ന് ഹിന്ദുത്വ ദേശീയതയുടെ കുടുസ്സിലേക്ക് ഇന്ത്യ എടുത്തെറിയപ്പെട്ടു. എല്ലാവരെയും ഉള്‍ക്കൊള്ളുക, മുഴുവനാളുകള്‍ക്കും തുല്യാവകാശം തുടങ്ങിയ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങളാണ് ഇതിലൂടെ തകര്‍ക്കപ്പെട്ടത്' - റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
'2019-ലെ കോവിഡ് കാലത്ത് മോദി പ്രഖ്യാപിച്ച ലോക്ഡൗണില്‍ പതിനായിരക്കണക്കിനാളുകളാണ് ദുരിതമനുഭവിച്ചത്. ജോലി സ്ഥലങ്ങളില്‍നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഒരു സഹായവും നല്‍കിയില്ല. ഭക്ഷണവും വെള്ളവും ലഭിക്കാതെ കാല്‍നടയായി അവര്‍ക്ക് സഞ്ചരിക്കേണ്ടി വന്നു. ചിലര്‍ വീടുകളിലണയുന്നതിനു മുമ്പ് മരണം പുല്‍കി. ഇതിനു പുറമെ, കോവിഡ് മറയാക്കി മുസ്‌ലിം സമുദായത്തിനെതിരെ ഹിന്ദുത്വവാദികള്‍ വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിച്ചപ്പോള്‍ അതിനെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് മോദി സര്‍ക്കാര്‍ കൈക്കൊണ്ടത്...' ഫ്രീഡം ഹൗസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യദ്രോഹം, ഭീകരത തുടങ്ങിയവക്ക് പുതിയ വ്യാഖ്യാനങ്ങള്‍ ചമച്ച് ജനവിരുദ്ധ നിയമങ്ങളിലൂടെ വിമര്‍ശകരുടെ നാവടപ്പിക്കുന്ന ചെയ്തികളാണ് ഭരണകൂടം നടത്തുന്നതെന്നും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ സ്വേഛാധിപത്യ ഭരണമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങേര്‍പ്പെടുത്തിയതും തെരഞ്ഞെടുപ്പുകള്‍ അനുകൂലമാക്കാന്‍ ഭരണകൂടം നടത്തുന്ന ഇടപെടലുകളും ജനാധിപത്യത്തിന് വലിയ വെല്ലുവിളിയായെന്ന് റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നു. പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ അമേരിക്കയും ജര്‍മനിയും രംഗത്തുവരികയുണ്ടായി. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും മാനദണ്ഡങ്ങളും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളും കേസില്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു ജര്‍മന്‍ വിദേശകാര്യ വക്താവിന്റെ പരാമര്‍ശം.
അതേസമയം, ജനാധിപത്യ സൂചികയില്‍ അന്താരാഷ്ട്ര തലത്തിലേറ്റ തിരിച്ചടിയില്‍നിന്ന് കരകയറാന്‍ വഴികള്‍ തേടുകയാണ് ബി.ജെ.പി സര്‍ക്കാര്‍. ദി ഒബ്‌സര്‍വര്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ (ഒ.ആര്‍.എഫ്) എന്ന തിങ്ക്ടാങ്കിനെ ഉപയോഗിച്ച് ഇന്ത്യയുടേതായ ജനാധിപത്യ സൂചിക ഉണ്ടാക്കാനുള്ള നീക്കം അതിന്റെ ഭാഗമാണ്. നേരത്തെ ഗവണ്‍മെന്റിന്റെ വിവിധ പരിപാടികളില്‍ ഭാഗഭാക്കായിട്ടുള്ള ഒ.ആര്‍.എഫ്, 'പടിഞ്ഞാറന്‍ റാങ്കിംഗി'ന് ബദലായി മോദി സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി പുതിയ സൂചിക തയാറാക്കുമത്രെ. ആഗോള ജനാധിപത്യ സൂചികകളില്‍ വളരെ വലിയ ഇടിവുണ്ടായപ്പോഴും മോദിയുടെ പ്രതിഛായാ സംരക്ഷണത്തിലായിരുന്നു ഭരണകൂടത്തിന്റെ ശ്രദ്ധയെന്ന് എഴുതിയത് ലണ്ടനിലെ ദ ഗാര്‍ഡിയന്‍ ദിനപത്രമാണ്.
മാധ്യമ സ്വാതന്ത്ര്യം
റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ (ആര്‍.എസ്.എഫ്), ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 2022-ല്‍ ഇന്ത്യയുടെ റാങ്ക് 150 ആയിരുന്നത് 2023-ല്‍ 161 ആയി താഴ്ന്നു. 2017 മുതല്‍ ഓരോ വര്‍ഷവും പിന്നോട്ടാണ് പോക്ക്. 2016-ല്‍ 133, 2017-ല്‍ 136, 2018-ല്‍ 138, 2019-ല്‍ 140, 2020-ല്‍ 142, 2021-ല്‍ 142 എന്നിങ്ങനെയാണ് റാങ്കിംഗ്. 180 രാജ്യങ്ങളുടെ കൂട്ടത്തിലാണിതെന്ന് ഓര്‍ക്കണം. മാധ്യമ പ്രവര്‍ത്തകരുടെ സ്ഥിതി ഗുരുതരമെന്ന് ആര്‍.എസ്.എഫ് വിലയിരുത്തുന്ന 31 രാജ്യങ്ങളുടെ കൂട്ടത്തിലും ഇന്ത്യയുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷാ സൂചികയിലാണ് ഇന്ത്യ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് - 172-ാം സ്ഥാനം.
മോദി സര്‍ക്കാറിന്റെ മാധ്യമ വേട്ട അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യയുടെ പ്രതിഛായ മോശമാക്കി അവതരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ന്യൂയോര്‍ക്ക് ടൈംസ് , ദ ഗാര്‍ഡിയന്‍, അല്‍ ജസീറ, വാഷിംഗ്ടണ്‍ പോസ്റ്റ്, ടൈം, ദി ഇക്കണോമിസ്റ്റ്, ബി.ബി.സി, ഹഫിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ വിദേശ മാധ്യമങ്ങള്‍ക്ക് 2020-ല്‍ ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. 2019-ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പിറങ്ങിയ ടൈം വാരികയുടെ മുഖലേഖനത്തില്‍ മോദിയെ 'ഇന്ത്യയുടെ വിഭജന കമാണ്ടറാ'യാണ് പരിചയപ്പെടുത്തിയത്. 2002-ലെ ഗുജറാത്ത് മുസ്‌ലിം വേട്ടയില്‍ മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് ബി.ബി.സിയുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്തത് 2023 ഫെബ്രുവരിയിലാണ്.
തുടരുന്ന മത വിവേചനം
ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന ഹിന്ദുത്വ വംശീയതയിലും മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനങ്ങളിലും യു.എ.പി.എ പോലുള്ള മനുഷ്യത്വ വിരുദ്ധ നിയമങ്ങളിലും ഉത്കണ്ഠ രേഖപ്പെടുത്തുന്ന പ്രമേയം യൂറോപ്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയത് ഇക്കഴിഞ്ഞ ജനുവരിയിലാണ്. മതത്തിന്റെ പേരില്‍ വിവേചനം കാട്ടുന്ന സി.എ.എ നിയമം, മണിപ്പൂരിലെ കലാപത്തെ ആളിക്കത്തിക്കുന്ന ഭരണകക്ഷി നേതാക്കളുടെ നിരുത്തരവാദ പ്രസ്താവനകള്‍, ജമ്മു-കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയവ എടുത്തുപറയുന്ന പ്രമേയം ഇക്കാര്യത്തില്‍ ഇടപെടണമെന്ന് യൂറോപ്യന്‍ കൗണ്‍സിലിനോടും യൂറോപ്യന്‍ കമീഷനോടും ആവശ്യപ്പെടുകയുണ്ടായി. സ്വതന്ത്ര അഭിപ്രായ പ്രകടനങ്ങളെപ്പോലും രാജ്യദ്രോഹ വകുപ്പിൽ പെടുത്തി ശിക്ഷിക്കുന്നതിനെയും പ്രമേയം കുറ്റപ്പെടുത്തുന്നു.
ഗവേഷണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 1827 സര്‍ക്കാരിതര സംഘടനകളുടെ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കുകയും വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നത് തടയുകയും ചെയ്ത നടപടിയെയും പ്രമേയം വിമര്‍ശിക്കുകയുണ്ടായി. മോദി സര്‍ക്കാറിനെതിരായ കുറ്റപത്രമാണ് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രമേയമെന്നാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ഡയറക്ടര്‍ ക്ലോഡിയ ഫ്രാങ്കാവില്ല അഭിപ്രായപ്പെട്ടത്.
2023 മെയ് 15-ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പുറത്തിറക്കിയ ഇന്റര്‍നാഷനല്‍ റിലീജ്യസ് ഫ്രീഡം റിപ്പോര്‍ട്ടില്‍ ന്യൂനപക്ഷ പീഡനം നടക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുണ്ട്. പ്രത്യേക മത വിഭാഗങ്ങളെ ലക്ഷ്യമിട്ട് കൂട്ടക്കൊലകള്‍ക്കും അതിക്രമങ്ങള്‍ക്കും സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് വംശഹത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ ദി ഏര്‍ളി വാണിംഗ് പ്രോജക്ട് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2022 ഡിസംബറില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 162 രാജ്യങ്ങളില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ.
മുസ്‌ലിംകള്‍ക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ കടുത്ത വിവേചനം ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് സ്വതന്ത്ര സംഘടനയായ അമേരിക്കയിലെ ഇന്റര്‍നാഷനല്‍ റിലീജ്യസ് ഫ്രീഡം കമീഷന്‍ (USCIRF) തുടര്‍ച്ചയായി നാലാം വര്‍ഷവും കുറ്റപ്പെടുത്തി. ഇതിന്റെ പേരില്‍ ഇന്ത്യയെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും ഡിസംബറില്‍ കമീഷന്‍ വിദേശകാര്യ മന്ത്രാലയത്തോട് ശിപാര്‍ശ ചെയ്യുകയുണ്ടായി. മത പരിവര്‍ത്തനം, ഹിജാബ്, പശു തുടങ്ങിയവയുടെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നുവെന്നും മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ദലിത് വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള നിയമങ്ങള്‍ ഇന്ത്യയില്‍ നടപ്പിലുണ്ടെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ലോകത്തിനും വിശ്വാസമില്ല
മോദി അനുകൂലികളും സംഘ് പരിവാറിനെ പ്രമോട്ട് ചെയ്യുന്ന മാധ്യമങ്ങളും ഇന്ത്യയുടെ വര്‍ത്തമാനകാല അവസ്ഥകളെക്കുറിച്ച് വമ്പന്‍ നുണകള്‍ വിളമ്പുന്നുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ റെക്കോര്‍ഡ് ഒട്ടും മെച്ചമല്ല. യു.എന്നിന്റെ സന്തുഷ്ട രാജ്യ പട്ടികയില്‍ (വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട്) 143 രാജ്യങ്ങളില്‍ 126-ാമതാണ് ഇന്ത്യ.
അമേരിക്കയിലെ പ്യൂ റിസര്‍ച്ച് സെന്റര്‍ വിവിധ രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ (2023 ആഗസ്റ്റ്) പങ്കെടുത്തവരില്‍ 34 ശതമാനത്തിനും ഇന്ത്യയോട് അനുകൂല നിലപാടല്ല. അമേരിക്കയില്‍ 44 ശതമാനവും ബ്രിട്ടനില്‍ 30 ശതമാനവും നെതര്‍ലാന്റ്‌സില്‍ 48 ശതമാനവും സ്‌പെയിനില്‍ 49 ശതമാനവും ആസ്‌ത്രേലിയയില്‍ 45 ശതമാനവും ദക്ഷിണാഫ്രിക്കയില്‍ 51 ശതമാനവും ഇന്ത്യയെക്കുറിച്ച് ആശ്വാസകരമായ നിലപാടല്ല പങ്കുവെച്ചത്. രസകരമെന്നു പറയട്ടെ, തീവ്ര ഹിന്ദുത്വ വംശീയതയെ പിന്തുണക്കുന്ന സയണിസ്റ്റുകളാണ് ഇന്ത്യയിലെ വലതുപക്ഷ ഭരണത്തെ ഏറ്റവും പ്രകീര്‍ത്തിച്ചത്. ഇസ്രയേലിലെ 71 ശതമാനവും ഹിന്ദുത്വ ഭരണകൂടത്തോട് അങ്ങേയറ്റത്തെ മമത പ്രകടിപ്പിച്ചു. അമേരിക്കയും യു.എ.ഇയും ഉള്‍പ്പെടുന്ന ഐറ്റുയുറ്റു (I2U2) കൂട്ടായ്മയില്‍ പങ്കാളിയാണ് ഇന്ത്യയും ഇസ്രയേലും എന്നതും ശ്രദ്ധേയമാണ്.
വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിശ്വാസ്യതക്ക് കാര്യമായ മങ്ങലേറ്റുവെന്നതാണ് പ്യൂ സര്‍വേയില്‍ വെളിപ്പെട്ട മറ്റൊരു കാര്യം. സര്‍വേയില്‍ പങ്കെടുത്ത മെക്‌സിക്കോയിലെ 60 ശതമാനം പേരും ബ്രസീലിലെ 54 ശതമാനവും, ലോക വിഷയങ്ങളില്‍ മോദിയുടേത് വെറും വാചാടോപമാണ് എന്ന നിലപാടുള്ളവരാണ്. ദക്ഷിണ കൊറിയയും (44) ആസ്‌ത്രേലിയയും (42) അര്‍ജന്റീനയും (41 ശതമാനം) ഇതേ നിലപാടുകള്‍ പങ്കുവെക്കുന്നു. അമേരിക്കയില്‍ 21 ശതമാനം മോദിയെ അനുകൂലിക്കുമ്പോള്‍ 37 ശതമാനം അദ്ദേഹത്തില്‍ അവിശ്വാസം രേഖപ്പെടുത്തുന്നു. ബാക്കി 42 ശതമാനത്തിന് പ്രത്യേകിച്ച് അഭിപ്രായമില്ല.
ഹിന്ദുത്വ വംശീയതക്കെതിരെ
ഇന്ത്യയില്‍ മാത്രമല്ല, സംഘ് പരിവാര്‍ സംഘടനകള്‍ വേരുപിടിപ്പിച്ച അമേരിക്കയിലും ഹിന്ദുത്വ വംശീയ ഭ്രാന്തിനെതിരെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിട്ടുണ്ട്. അമേരിക്കയിലെ തീവ്ര വലതുപക്ഷ വിഭാഗവുമായുള്ള ഹിന്ദുത്വ സംഘടനകളുടെ സഖ്യം ഗൗരവത്തോടെ കാണണമെന്ന് നൂറിലേറെ മത, സാമൂഹിക, സാംസ്‌കാരിക സംഘടനകള്‍ മാര്‍ച്ചില്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെടുകയുണ്ടായി.
ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ്, ദലിത് സോളിഡാരിറ്റി ഫോറം, അംബേദ്കര്‍ കിംഗ് സ്റ്റഡി സര്‍ക്കിള്‍ എന്നീ സംഘടനകള്‍ ചേര്‍ന്ന് രൂപം നല്‍കിയ ഹിന്ദുത്വ വിരുദ്ധ ഗ്രൂപ്പായ സവേരയുടെ നേതൃത്വത്തിലാണ് പ്രഖ്യാപനം. മൂവ്‌മെന്റ് ഫോര്‍ ബ്ലാക്ക് ലൈവ്‌സ്, മുസ്‌ലിം പബ്ലിക് അഫയേഴ്‌സ് കൗണ്‍സില്‍, ജ്യൂയിഷ് വോയിസ് ഫോര്‍ പീസ് തുടങ്ങിയ സംഘടനകളും ഇവരോടൊപ്പമുണ്ട്.
സര്‍ക്കാറിനെ വിമര്‍ശിക്കുന്ന എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും കള്ളക്കേസുകളില്‍ കുടുക്കി ദീര്‍ഘകാലം തടവിലിടുന്ന മോദി ഭരണകൂടത്തിനെതിരെ അമേരിക്കയിലെ പതിനാറ് പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും രംഗത്തുവന്നത് ഈയിടെയായിരുന്നു. നൊബെയ്ല്‍ പുരസ്‌കാര ജേതാവ് ഡോ. അമര്‍ത്യ സെന്‍, ചിക്കാഗോ സർവകലാശാലാ പ്രഫസറും രാഷ്ട്രീയ ചിന്തകനുമായ മാര്‍ത നുസബോം, എഴുത്തുകാരന്‍ അമിതാവ് ഘോഷ്, കൊളംബിയ സർവകലാശാലയിലെ ദക്ഷിണേഷ്യന്‍ സ്റ്റഡീസ് മേധാവി ഷെല്‍ഡന്‍ പോള്ളോക്ക്, ന്യൂയോര്‍ക്ക് സർവകലാശാലയിലെ പൊളിറ്റിക്്‌സ് ആന്റ് സോഷ്യോളജി പ്രഫസര്‍ സ്റ്റീവന്‍ ലൂക്കസ് തുടങ്ങിയവരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.
ചുരുക്കത്തില്‍, ഇനിയുമൊരു മോദിഭരണം ഇന്ത്യയുടെ നെഞ്ചു പിളര്‍ത്തും. അത് രാജ്യത്തെ ജനതയെ മാത്രമല്ല ബാധിക്കുക, ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്നതു കൂടിയായിരിക്കും. l
Comments