ഹദീസ് നിഷേധികൾക്കൊരു ആധികാരിക മറുപടി
ഇസ്ലാമിനെയും ശരീഅത്തിനെയും താത്ത്വികമായി തകർക്കാൻ അതിന്റെ ശത്രുക്കൾ കണ്ടെത്തിയ മാർഗങ്ങളിൽ ഒന്നാണ് ഇസ്ലാമിന്റെ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ വ്യക്തിത്വത്തെ ഇടിച്ചുതാഴ്ത്തുക എന്നതും, ഹദീസുകളിൽ സംശയം ജനിപ്പിക്കുക എന്നതും, പിന്നീടതിനെ നിഷേധിക്കുക എന്നതും. ഇതിനെ പ്രതിരോധിക്കാനും ഇസ്ലാമിക ശരീഅത്തിന്റെ രണ്ടാം പ്രമാണമായ ഹദീസുകളുടെ പ്രാമാണ്യത്തെ സംരക്ഷിക്കാനും ശക്തമായ കവചം തീർക്കാൻ പണ്ടുമുതലേ മുസ്ലിം പണ്ഡിതന്മാരും ഇമാമീങ്ങളും ശ്രമിച്ചുപോന്നിട്ടുണ്ട്. ഭൗതിക-യുക്തിവാദ പ്രത്യയശാസ്ത്രങ്ങൾ ഏറെ സ്വാധീനം നേടിയ ആധുനിക കാലത്ത് അതിന്റെ അപ്പോസ്തലന്മാരുടെ ശക്തമായ ആക്രമണങ്ങൾക്കു വിധേയമായത് ഇസ്ലാമും അതിന്റെ പ്രവാചകനും അതിന്റെ പ്രമാണങ്ങളായ ഖുർആനും ഹദീസുമാണ്.
അവയുടെ പ്രതിരോധാർഥം നിരവധി കൃതികളും വെളിച്ചം കണ്ടിട്ടുണ്ട്. ഹദീസ് നിഷേധ പ്രവണതക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുകയും, അതിന്റെ വക്താക്കളെ തറപറ്റിക്കുകയും ചെയ്ത ചിന്തകരിലൊരാളായിരുന്നു സയ്യിദ് മൗദൂദി. സുന്നത്തിന്റെ പ്രാമാണികത എന്ന കനപ്പെട്ട കൃതി അദ്ദേഹത്തിന്റെ സംഭാവനയാണ്. ഐ.പി.എച്ച് ഇത് നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ ആ വിഷയകമായി അദ്ദേഹത്തിന്റെ ലേഖന സമാഹാരവും ഐ.പി.എച്ച് പുറത്തിറക്കിയിരിക്കുന്നു. 'പ്രവാചകൻ, പ്രവാചകത്വം, ഹദീസ് നിഷേധം' എന്ന പേരിൽ.
പ്രവാചകൻ, പ്രവാചകത്വം, ഹദീസ് നിഷേധം: വിതണ്ഡാവാദങ്ങൾ, അനുബന്ധം എന്നീ നാലു ഭാഗങ്ങളായി തിരിച്ച ഈ ഗ്രന്ഥത്തിൽ ഇരുപത് അധ്യായങ്ങളാണുള്ളത്. മുഹമ്മദ് നബി ഖുർആന്റെ കണ്ണാടിയിൽ, മുഹമ്മദ് നബിയുടെ പ്രവാചകത്വം, എന്തുകൊണ്ട് ഈ നബി?, ലോകാനുഗ്രഹി, സ്വഭാവമഹിമയുടെ മകുടോദാഹരണം, മോക്ഷത്തിന് ഏകദൈവ വിശ്വാസം മാത്രം മതിയോ?, പ്രവാചകത്വ വിശ്വാസം അനിവാര്യമാണോ?, പ്രവാചകനെ അനുസരിക്കുന്നതിന്റെയും പിന്തുടരുന്നതിന്റെയും വിവക്ഷ, പ്രവാചക കൽപനകൾ: സ്വാതന്ത്ര്യത്തിന്റെ പരിമിതി, പ്രവാചകത്വവും പ്രവാചകന്റെ കൽപനകളും, പ്രവാചക ദൗത്യത്തിലുള്ള വിശ്വാസം, മുഹമ്മദ് നബി പ്രവാചകനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും, സന്തുലിത സമീപനം, ഹദീസിനെക്കുറിച്ച് ചില ചോദ്യങ്ങൾ, അഹ് ലെ ഹദീസുകാരുടെ സംശയങ്ങൾ, ഖുർആനും തിരുസുന്നത്തും, ഒരു ഹദീസ്: വിമർശനവും മറുപടിയും, ഇസ്ലാമിക സാമൂഹ്യവ്യവസ്ഥയും സ്വതന്ത്ര ഗവേഷണവും, ഹദീസ് പരിശോധന: നിവേദന പരമ്പരയുടെയും മതാവഗാഹത്തിന്റെയും പങ്ക്, സുന്നത്തും ആദത്തും തമ്മിലുള്ള വ്യത്യാസം തുടങ്ങി ഇരുപത് അധ്യായങ്ങൾ.
ഒന്നാം ഭാഗത്തിൽ മുഹമ്മദ് നബി(സ)യുടെ സവിശേഷ വ്യക്തിത്വത്തെ അനന്യമായ ശൈലിയിൽ വിശകലനം ചെയ്യുന്ന ലേഖനങ്ങളാണ്. രണ്ടാം ഭാഗത്തിലെ ലേഖനങ്ങൾ പ്രവാചകത്വത്തിന്റെ പൊരുളിലേക്കും ആന്തരാർഥങ്ങളിലേക്കും വെളിച്ചം വീശുന്നു. മൂന്നാം ഭാഗം ഹദീസ് നിഷേധികളുടെ വിതണ്ഡാവാദങ്ങളെ പ്രമാണബദ്ധമായും യുക്തിഭദ്രമായും പൊളിച്ചടക്കുന്ന ലേഖനങ്ങളാണ്. നാലാം ഭാഗത്ത് ഹദീസ് സംബന്ധമായി ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടികളുമാണ്. അദ്ദേഹത്തിന്റെ 'സുന്നത്തിന്റെ പ്രാമാണികത' എന്ന കൃതിയും ഈ ലേഖന സമാഹാരവും വായനക്കാരന് ഹദീസുകളെപ്പറ്റി വ്യക്തമായ ഉൾക്കാഴ്ച നൽകാൻ പര്യാപ്തമാണ്. ഹദീസ് നിഷേധികളുടെ വിതണ്ഡാവാദങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയും ചെയ്യുന്നു. വി.എ കബീറിന്റെ മനോഹരമായ വിവർത്തനം. l
Comments