Prabodhanm Weekly

Pages

Search

2024 ഏപ്രിൽ 19

3348

1445 ശവ്വാൽ 11

തെരഞ്ഞെടുക്കപ്പെട്ട സ്വേഛാധിപത്യം പത്തു വർഷം പൂർത്തിയാക്കുമ്പോൾ

എ. റശീദുദ്ദീൻ

2014-ല്‍ ഇന്ത്യക്കാരനെ കോരിത്തരിപ്പിച്ച 'അഛേ ദിന്‍' സ്വപ്‌നങ്ങള്‍ കാലഹരണപ്പെടുകയും പകരം 'മോദിയുടെ ഗ്യാരണ്ടി' എന്ന പുതിയൊരു വ്യാമോഹം പ്രത്യക്ഷപ്പെടുകയും ചെയ്തതാണ് 2024-ലെ ഏറ്റവും വലിയ മാറ്റം. തന്റെ ഭരണ േനട്ടങ്ങളെ കുറിച്ച് ഈയടുത്ത കാലത്ത് മോദി വല്ലാതെയൊന്നും വാചാലനല്ല. അടുത്ത അഞ്ച് വര്‍ഷം കൊണ്ടും അമ്പത് വര്‍ഷം കൊണ്ടുമൊക്കെ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ മുഴുവനും. മന്‍കീ ബാത്ത് പ്രഭാഷണങ്ങള്‍, സ്വാതന്ത്ര്യ ദിന പ്രസംഗങ്ങള്‍ എന്നിവയും, സമീപകാലത്ത് പാര്‍ലമെന്റില്‍ നേരിട്ട അവിശ്വാസ പ്രമേയങ്ങള്‍ക്കുള്ള മറുപടികളും ആറ്റിക്കുറുക്കിയാല്‍ കിട്ടുന്നത് തന്റെ അടുത്ത സര്‍ക്കാറിനെ കുറിച്ച മോദിയുടെ പകല്‍ക്കിനാവുകള്‍ മാത്രമാണ്. ഇന്ത്യക്കാരന് പൊള്ള വാഗ്ദാനങ്ങളും മിഥ്യാഭിമാന ബോധവും സുരക്ഷാ ഭീതിയും സമ്മാനിച്ച് തെരഞ്ഞെടുപ്പ് ജയിക്കുക എന്നതിലപ്പുറം രാജ്യത്തിന്റെ വളര്‍ച്ചക്ക് കഴിഞ്ഞ പത്തു വര്‍ഷക്കാലം നടപ്പാക്കിയ അടിസ്ഥാനപരമായ മാറ്റങ്ങളെ കുറിച്ച് മോദി നിശ്ശബ്ദനാവുന്നു എന്നത് അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിന് ഒട്ടും ശോഭ നല്‍കുന്ന ഒരു ചിത്രമേയല്ല. എന്തായിരുന്നു ഇന്ത്യയെ സംബന്ധിച്ചേടത്തോളം മോദി കാലഘട്ടം?

അധികാരത്തിലിരുന്ന പത്തു വര്‍ഷം കൊണ്ട് നരേന്ദ്ര ദാമോദര്‍ദാസ് മോദി ഇന്ത്യയെ എവിടെ എത്തിച്ചു എന്ന ചോദ്യത്തെക്കാള്‍ എളുപ്പത്തില്‍ പറയാനാവുന്ന ഉത്തരമാണ് എവിടെ എത്തിക്കാമായിരുന്നു എന്നത്. ഗവര്‍ണന്‍സ് അഥവാ അടിസ്ഥാനപരമായ ഭരണത്തിന് അനുകൂലമായ ദേശീയവും അന്തര്‍ദേശീയവുമായ നിരവധി ഘടകങ്ങള്‍ ഇക്കഴിഞ്ഞ മൂന്നു വര്‍ഷമായി മോദിയുടെ മുന്നില്‍ ഉണ്ടായിരുന്നു എന്നതാണ് വസ്തുത. പാര്‍ലമെന്റില്‍ എന്തു തീരുമാനവും എടുക്കാനുള്ള അംഗബലവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. 2014-ല്‍ പറഞ്ഞ ആ പഴയ വാഗ്ദാനങ്ങളില്‍ ഒന്നു പോലും നടപ്പാക്കാനാവാതെയാണ് 2024-ല്‍ മോദി വീണ്ടും വോട്ടു ചോദിക്കാനെത്തുന്നത്. ചില അജണ്ടകള്‍ നടപ്പാക്കാന്‍ മാത്രമായിരുന്നു മോദി സര്‍ക്കാര്‍ സമയം കണ്ടെത്തിയത്. അയോധ്യയില്‍ രാമക്ഷേത്രം പണിയല്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്യല്‍, ഏക സിവില്‍ കോഡ് നടപ്പാക്കല്‍ എന്നിവയിലായിരുന്നു കൂടുതൽ സമയവും ചെലവഴിച്ചത്. ഏക സിവില്‍ കോഡ് നടപ്പാക്കിയിട്ടില്ലെങ്കിലും തത്ത്വത്തില്‍ രാജ്യത്തെ വ്യക്തിനിയമങ്ങളെല്ലാം സാംസ്‌കാരിക ബഹുസ്വരതയെ ചോദ്യം ചെയ്യുന്ന രീതിയില്‍ അട്ടിമറിക്കപ്പെട്ടു തുടങ്ങി. സി.എ.എയും മുത്തലാഖ് നിയമവും മദ്റസകള്‍ അടച്ചുപൂട്ടലും മറ്റുമായി മുസ്‌ലിം സമൂഹത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുക എന്നതായിരുന്നു ഈ പത്തു വര്‍ഷ കാലയളവിലെ മുഖ്യ അജണ്ട. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വിവിധ തരം വിഭാഗീയതകള്‍ക്കു പുറമെ രാജ്യമൊട്ടുക്കും പരമത വിദ്വേഷം പ്രചരിപ്പിക്കാനുള്ള നീക്കങ്ങള്‍ അനൗദ്യോഗികമായി വേറെയും അരങ്ങേറി. പ്രധാനമന്ത്രി എന്ന നിലയില്‍ ഇന്ത്യയെ ആയിരുന്നു മോദി പരാജയപ്പെടുത്തിയത്. നാടു ഭരിക്കാന്‍ അറിയാമായിരുന്നുവെങ്കില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് സമയം നീട്ടി ചോദിക്കാതെ തന്നെ ലോകത്തെ മികച്ച സമ്പദ് ഘടനകളിലൊന്നാക്കി അദ്ദേഹത്തിന് ഇന്ത്യയെ വളര്‍ത്താമായിരുന്നു. മോദിയുണ്ടെങ്കില്‍ ഇത് സാധ്യമാണ് എന്ന വായ്ത്താരി നാടൊട്ടുക്കും മുഴങ്ങുന്നുണ്ടെങ്കിലും അടിസ്ഥാനപരമായ മേഖലകളില്‍ എന്തു മാറ്റമാണ് അദ്ദേഹം കൊണ്ടുവന്നത്?

സാമ്പത്തിക തകര്‍ച്ച

2047 ആകുമ്പോഴേക്കും, അതായത് സ്വാതന്ത്ര്യത്തിന് 100 വര്‍ഷം തികയുമ്പോഴേക്കും, ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന മോദിയുടെ പ്രഖ്യാപനം ഉദാഹരണമായി എടുക്കുക. അതിന് സഹായകരമായ രീതിയില്‍ അടിസ്ഥാന സൗകര്യ, വ്യാവസായിക, കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഒരു പശ്ചാത്തലവും ഒരുങ്ങിയിട്ടില്ല. രാജ്യത്തിന്റെ കടം പെരുകുകയും പണത്തിന്റെ മൂല്യം ഇടിയുകയും അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട ആഗോള സൂചികകളിലെല്ലാം ഇന്ത്യ മൂക്കു കുത്തി വീഴുകയും ചെയ്തതാണ് ഇപ്പോഴുള്ള ചിത്രം. കോവിഡ് കാലത്ത് കൊട്ടിഗ്്ഘോഷിക്കപ്പെട്ട അഞ്ച് ട്രില്യണ്‍ ഇക്കോണമിയെ കുറിച്ച നിർമലാ സീതാരാമന്റെ പ്രഖ്യാപനം 2030-ലാണ് യാഥാര്‍ഥ്യമാകേണ്ടത്. 3.7 ട്രില്യണ്‍ ഇതിനകം നേടിക്കഴിഞ്ഞെന്നും ഇതിനകം അഞ്ചാമത്തെ ശക്തിയായി ഇന്ത്യ മാറിക്കഴിഞ്ഞുവെന്നുമാണ് ധനമന്ത്രാലയത്തിന്റെ അവകാശവാദം. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ ഇനി രണ്ടോ മൂന്നോ വര്‍ഷങ്ങളുടെ വഴിദൂരം മാത്രമേയുള്ളൂവത്രെ. എന്നാല്‍, ഈ അവകാശവാദങ്ങളെ തള്ളിക്കളയുകയാണ് സാമ്പത്തിക വിദഗ്ധര്‍. വളര്‍ച്ച, പണപ്പെരുപ്പം എന്നീ മേഖലകളില്‍ മോദി സര്‍ക്കാര്‍ പുറത്തുവിടുന്ന അടിമുടി വ്യാജമായ കണക്കുകള്‍കൊണ്ട് അലങ്കരിച്ചാണ് ഇന്ത്യയെ കുറിച്ച് ഇങ്ങനെയൊരു വര്‍ണശബളമായ ചിത്രം മോദിഭക്തരായ മാധ്യമങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നത്. ഉദാഹരണത്തിന്, കോവിഡിനു മുമ്പുള്ള കാലത്തെ ഇന്ത്യയുടെ ജി.ഡി.പിയെ കുറിച്ച റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ ചരിത്രത്തിലെ അഭൂതപൂര്‍വമായ നേട്ടങ്ങളിലൊന്നായിരുന്നു 2015 മുതല്‍ 2020 വരെയുള്ള കാലത്ത് നേടിയ 7 ശതമാനം വളര്‍ച്ചാ നിരക്ക് എന്ന വാര്‍ത്ത രാജ്യത്തുടനീളം പ്രചരിപ്പിക്കപ്പെട്ടു. നുണയായിരുന്നു അത്. 2016-17 സാമ്പത്തിക വര്‍ഷത്തിനു ശേഷം ഇന്ത്യയുടെ ജി.ഡി.പി നിരക്ക് ഒരു ശതമാനം പോലും വളര്‍ന്നിട്ടേയില്ലെന്നതാണ് വസ്തുത. പിന്നീടു വന്ന നോട്ടു നിരോധം ഇന്ത്യയെ അടിസ്ഥാനപരമായി തകര്‍ക്കുകയും ചെയ്തു. മൊത്ത വില്‍പ്പന മേഖലയില്‍ 2022-ലെ പണപ്പെരുപ്പത്തിന്റെ കണക്കുകള്‍ കഴിഞ്ഞ 30 വര്‍ഷ കാലയളവിലെ ഏറ്റവും ഉയര്‍ന്ന തോതിലേക്കെത്തി. ചില്ലറ വ്യാപാര രംഗത്തും, മോദി അധികാരമേറ്റെടുത്തിനു ശേഷം കുത്തനെ ഉയര്‍ന്ന പണപ്പെരുപ്പം 2022-ല്‍ അതിന്റെ ഉച്ചിയിലെത്തി. യഥാര്‍ഥ വളര്‍ച്ചാ നിരക്കിനെക്കാള്‍ 2.5 മുതല്‍ 3.5 ശതമാനമെങ്കിലും ഊതിപ്പെരുപ്പിച്ചതായിരുന്നു ഈ കണക്കുകളെന്ന് 2019-ല്‍ അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പഠനം ചൂണ്ടിക്കാട്ടി. കോവിഡിനു ശേഷം അത് കുറെക്കൂടി പരിതാപകരമായ അവസ്ഥയിലേക്കായിരുന്നു എത്തിപ്പെട്ടത്.

അഛേ ദിന്‍ അവകാശപ്പെട്ടത്

പെട്രോള്‍ വിലയെ കുറിച്ചും പാചകവാതകത്തെ കുറിച്ചും മോദി നടത്തിയ വാഗ്ദാനങ്ങളാണ് 2014-ല്‍ ജനങ്ങളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. അധികാരമേറ്റാല്‍ 50 രൂപക്ക്  പെട്രോള്‍ നല്‍കാമെന്നു പറഞ്ഞ മോദി മന്‍മോഹന്‍ സിംഗിന്റെ വിലയില്‍നിന്ന് ഒരു രൂപ പോലും പിന്നീടൊരിക്കലും കുറച്ചുകൊണ്ടുവന്നിട്ടില്ല. പാചകവാതക വിലയാകട്ടെ 600 രൂപയോളം വര്‍ധിക്കുകയും ചെയ്തു. ഡോ. മന്‍മോഹന്‍ സിംഗിന്റെ കാലത്ത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില 113 ഡോളര്‍ വരെയായി ഉയര്‍ന്നപ്പോഴും 73 രൂപയായിരുന്നു രാജ്യത്തെ ഏറ്റവും കൂടിയ പെട്രോള്‍ വില. മറുഭാഗത്ത്, ശരാശരി 80 ഡോളറിനും 85 ഡോളറിനുമിടയിലേക്ക് താഴ്ന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി സമീപകാലത്തെ ഏറ്റവും വലിയ വിലക്കുറവാണ് അന്താരാഷ്ട്ര മേഖലയില്‍ അനുഭവപ്പെടുന്നത്. പക്ഷേ, രാജ്യത്ത് 100 രൂപക്ക് മുകളില്‍ വിലയിട്ടാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തുന്നത്. നരേന്ദ്ര മോദി ഭരണകൂടം എക്‌സൈസ് നികുതിയില്‍ ഒരു കുറവും വരുത്താന്‍ തയാറാവാത്തതാണ് അമിതമായ ഈ വിലക്കയറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. സ്വന്തം വാക്ക് പാലിക്കാനായി ഒരവസരത്തിലെങ്കിലും മോദിക്ക് ഈ തീരുവ കുറച്ചുകൊണ്ടുവന്ന് 70 രൂപക്കെങ്കിലും പെട്രോള്‍ നല്‍കാമായിരുന്നു. അതുണ്ടായിട്ടില്ല. ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പില്‍ പണമൊഴുക്കിയ ചങ്ങാത്ത മുതലാളിമാര്‍ക്ക് നല്‍കിയ വാക്കുകളായിരുന്നു ജനങ്ങള്‍ക്ക് നല്‍കിയ വെറും 'ജുംല'കളെക്കാള്‍ പ്രധാനപ്പെട്ടത്.

തൊഴില്‍ മേഖലയില്‍ മോദി നല്‍കിയ വാഗ്ദാനം അനുസരിച്ച്  20 കോടി യുവാക്കള്‍ക്കാണ് ഈ പത്തു വര്‍ഷ കാലയളവില്‍ ജോലി ലഭിക്കേണ്ടിയിരുന്നത്. 9 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ മാത്രമാണ് പക്ഷേ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത്. കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് നല്‍കിയ കണക്കാണിത്. ജി.ഡി.പിയെ കൃത്രിമമായി പൊലിപ്പിച്ചു കാട്ടുകയും ഇന്ത്യയില്‍നിന്ന് പുറത്തേക്കുള്ള മൂലധനത്തിന്റെ ഒഴുക്ക് അസാധാരണമായ തോതില്‍ വര്‍ധിക്കുകയും അതേസമയം വിദേശ മാര്‍ക്കറ്റില്‍നിന്നുള്ള സഹായത്തിനായി ഇന്ത്യന്‍ കമ്പനികള്‍ കാത്തുനില്‍ക്കുകയും ചെയ്യുന്ന സാഹചര്യം രാജ്യത്തുണ്ടെങ്കില്‍ അതിനര്‍ഥം തൊഴില്‍ ലഭ്യതയില്‍ അത്രകണ്ട് കുറവ് അനുഭവപ്പെടുന്നുണ്ട് എന്നു തന്നെയാണ്. അത് മനസ്സിലാക്കാന്‍ ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോയുടെയും കണക്കുകള്‍ പരതേണ്ടതില്ല. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വിദേശത്ത് ബിസിനസ്സ് ബന്ധങ്ങളുള്ള നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് 255,879 കോടി രൂപയാണ് പിന്‍വലിച്ചത്.  ഇത്രയും ഷെയര്‍ മാര്‍ക്കറ്റിലെ നിക്ഷേപങ്ങളാണ്. ഇന്ത്യയുടെ ബാങ്കിംഗ് മേഖലയില്‍നിന്ന് 16,621 കോടിയും പിന്‍വലിക്കപ്പെട്ടു. 2008-ലെ സാമ്പത്തിക മാന്ദ്യകാലത്തുണ്ടായതിനെക്കാളും കടുത്ത തോതിലാണ് മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോലുള്ള പദ്ധതികളില്‍ വ്യവസായികള്‍ അവിശ്വാസം രേഖപ്പെടുത്തിയത്. 6500-ല്‍ പരം അതിസമ്പന്നര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നതായി സമീപ കാലത്ത് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഏറെയൊന്നും ചര്‍ച്ച ചെയ്യപ്പെടാതെ പോയ ചങ്ങാത്ത മുതലാളിത്തത്തിന്റെ ചില അടിയൊഴുക്കുകള്‍ കൂടി ഈ ഒഴിച്ചുപോക്കിനു പിന്നിലുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ടതും പൊതുമേഖലയില്‍ ലാഭത്തില്‍ ഓടിക്കൊണ്ടിരുന്നതുമായ വ്യവസായങ്ങള്‍ രണ്ടോ മൂന്നോ ഇഷ്ടക്കാര്‍ക്കു മാത്രമാണ് മോദി അനുവദിക്കാറുണ്ടായിരുന്നത്. അദാനി, അംബാനി ബ്രാന്‍ഡുകള്‍ക്ക് പുറത്ത് പിടിച്ചു നില്‍ക്കുന്ന പല വ്യവസായങ്ങളെയും ഈ ആഭ്യന്തര ഭീമന്‍മാര്‍ക്കു വേണ്ടി ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുന്നതാണ് ഒടുവിലത്തെ ചിത്രം. അംബുജാ സിമന്റ് ഉദാഹരണം. എന്നിട്ടും എന്തുകൊണ്ട് ഇന്ത്യയുടെ സമ്പദ് ഘടനയില്‍ വളര്‍ച്ച രേഖപ്പെടുത്താന്‍ കഴിഞ്ഞു എന്നല്ലേ? രാജ്യത്തിന്റെ പൊതുസമ്പത്ത് ചുളുവിലക്ക് വിറ്റൊഴിവാക്കിയാണ് സ്വകാര്യ മേഖലയുടെ ലാഭം തന്റെ ഭരണനേട്ടമായി മോദി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. വളരെ ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍, വിത്തെടുത്ത് കുത്തിയാണ് മോദി പത്തിരി ഉണ്ടാക്കിയത്. 15 വയസ്സിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ 2022 ജൂലൈ മുതല്‍ 2023 ജൂണ്‍ വരെയുള്ള കാലയളവില്‍ 3.2 ശതമാനമായി കുറഞ്ഞുവെന്നത് കടലാസില്‍ ശരിയാവുകയും തെരുവില്‍ മറിച്ചാവുകയും ചെയ്യുന്നതിന്റെ ഗുട്ടന്‍സും ഇതാണ്. നേരത്തെ പറഞ്ഞ ജി.ഡി.പിയുടെ കള്ളക്കളിയാണ് ഈ കണക്കുകളുടെയെല്ലാം അടിസ്ഥാനമായി മാറുന്നത്.

അഴിമതിയുടെ ഇരുണ്ട കാലഘട്ടം

മോദി അധികാരമേറ്റതിനു ശേഷം അഴിമതി ഇല്ലാതായി എന്ന് വിശ്വസിക്കുന്ന ധാരാളം പേര്‍ ഇന്ത്യയിലുണ്ട്. പക്ഷേ, മാധ്യമങ്ങള്‍ക്ക് അവ റിപ്പോര്‍ട്ടു ചെയ്യാനുള്ള ധൈര്യം ഇല്ലാതാവുക മാത്രമാണ് രാജ്യത്ത് സംഭവിച്ചത്. സാമ്പത്തികവും രാഷ്ട്രീയവും നൈതികവുമായ പലതരം അഴിമതികളുടെ കൂത്തരങ്ങായി മോദി ഭരണകാലത്ത് ഇന്ത്യ മാറി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മറ്റു പാര്‍ട്ടികളില്‍നിന്ന് 277 എം.എല്‍.എമാരെയാണ് ബി.ജെ.പി സ്വന്തം പാളയത്തിലെത്തിച്ചത്. ഷിബു സോറന്‍ കേസ് എന്ന പ്രമാദമായ ഝാര്‍ഖണ്ഡിലെ കാലുമാറ്റ കോഴയെ കുറിച്ച് എത്രയെത്ര വാര്‍ത്താ സമ്മേളനങ്ങളാണ് ഒരു കാലത്ത് ബി.ജെ.പി നടത്തിയതെന്നോര്‍ക്കുക. അന്ന് ഷിബുവും കൂട്ടരും ചെയ്തത് ഇന്ന് രാജ്യമൊട്ടാകെ ആവര്‍ത്തിക്കുക മാത്രമല്ല, തോറ്റു തുന്നം പാടിയ സംസ്ഥാനങ്ങളില്‍ പോലും എം.എല്‍.എമാരെ വിലക്കെടുത്ത് ഗവൺമെന്റുകളുണ്ടാക്കുകയും അതിന് 'ഓപ്പറേഷന്‍ താമര' എന്ന നാണംകെട്ട നാമകരണം നല്‍കുകയുമാണ് ബി.ജെ.പി ചെയ്തു കൊണ്ടിരുന്നത്. തെരഞ്ഞെടുപ്പു ചെലവുകളിലെ ക്രമക്കേട് അന്വേഷിപ്പിച്ചും വരവില്‍ കവിഞ്ഞ സ്വത്തുള്ളവരെ ഇ.ഡിയെ വിട്ട് ഭയപ്പെടുത്തിയുമൊക്കെയാണ് ഈ എം.എല്‍.എമാരെ പാര്‍ട്ടിയിലെത്തിച്ചത്. എന്നിട്ടിപ്പോള്‍ ബി.ജെ.പിയിലെത്തിയ ക്രിമിനലുകളുടെ കണക്കുകള്‍ പരിശോധിച്ചു നോക്കൂ. രാജ്യത്തെ സകല കള്ളപ്പണക്കാരും അഴിമതി വീരന്‍മാരും ഇന്ന് ആ പാര്‍ട്ടിയിലാണുള്ളത്. കൃത്യമായി പറഞ്ഞാല്‍ ബി.ജെ.പിയുടെ 367 എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കുമെതിരെ രാജ്യത്ത് ക്രിമിനല്‍ കേസുകളുണ്ട്.

ആറ് കൊലപാതക കേസുകളില്‍ പ്രതിയായിരുന്നു യു.പി മുഖ്യമന്ത്രി ആദിത്യനാഥ്. അതില്‍ അഞ്ചെണ്ണം മുഖ്യമന്ത്രിയായതിനു ശേഷം പിന്‍വലിപ്പിച്ച കേസുകളാണ്. ബി.ജെ.പിയിലാണ് ഇന്ന് രാജ്യത്ത് ഏറ്റവുമധികം കോടിപതികളായ നേതാക്കളുള്ളത്. പക്ഷേ, അവരാരും ഇ.ഡിയുടെ റഡാറില്‍ പതിയാറില്ല. ഒന്നുകില്‍ ബി.ജെ.പിയില്‍ ചേരുക, അല്ലെങ്കില്‍ ജയിലിലേക്ക് പോവുക എന്നല്ലാത്ത മറ്റൊരു പോംവഴിയും മുമ്പിലില്ലെന്ന് തുറന്നുപറഞ്ഞ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ ഈ ദുരവസ്ഥയെ കൃത്യമായി വരച്ചുവെക്കുന്നുണ്ട്. ഇങ്ങ് കേരളത്തില്‍ കെ. കരുണാകരന്റെ മകള്‍ക്കു പോലും ബി.ജെ.പിയില്‍ ചേരേണ്ട ഗതികേടുണ്ടായി. ഈ സാഹചര്യങ്ങളെയെല്ലാം ഒന്നിച്ചു വിലയിരുത്തുമ്പോള്‍, അഴിമതിക്കാരായ ആളുകള്‍ക്ക് സുരക്ഷാ ഗ്യാരണ്ടി നല്‍കുന്ന ഒരിടമാണെന്ന് ബി.ജെ.പി ഏതോ പ്രകാരത്തില്‍ സ്വയം പ്രഖ്യാപിക്കുന്നുണ്ട്.

ഇന്ത്യാ ചരിത്രം ഓര്‍ക്കുന്ന അഴിമതികളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കാറുള്ള ഒന്നാണ് ബോഫോഴ്‌സ് തോക്കിടപാട്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കവെ അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്ന ഈ ആരോപണം രാഷ്ട്രീയ വേദികളില്‍ ഏറ്റവുമധികം കാലം എടുത്തിട്ടലക്കിയ പാര്‍ട്ടിയാണ് ബി.ജെ.പി. എന്നാല്‍ ആ ഇടപാടില്‍ പൊതുഖജനാവിന് നഷ്ടപ്പെട്ട 730 കോടിയുടെ സ്ഥാനത്ത് 30,000 കോടിയിലധികമാണ് റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയതിലൂടെ ഇന്ത്യക്ക് നഷ്ടപ്പെട്ടത്.

ഈ അഴിമതിയെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് കോടതിയില്‍ പോയി ഉത്തരവ് സമ്പാദിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. നിലവില്‍ ബി.ജെ.പിയുടെ രാജ്യസഭാംഗമായി മാറിയ മുന്‍ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിധി പറഞ്ഞ പ്രമാദമായ കേസുകളിലൊന്നു കൂടിയായിരുന്നു ഇത്. ഇതേ ജഡ്ജി തന്നെയാണ് അയോധ്യാ കേസിന്റെ കാലത്ത് ചീഫ് ജസ്റ്റിസായി ഉണ്ടായിരുന്നത്.

സ്ഥാനമൊഴിഞ്ഞതിനു ശേഷമുള്ള കാലത്ത് ന്യായാധിപന്‍മാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ തിണ്ണ നിരങ്ങുന്നത് അങ്ങേയറ്റത്തെ അനൗചിത്യമായാണ് ഇന്ത്യ കണ്ടിരുന്നതെങ്കില്‍ ബി.ജെ.പിയുടെ ഭരണകാലത്ത് അതാണ് നാട്ടുനടപ്പ്. അമിത് ഷാക്കെതിരെയുള്ള വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ തള്ളിയ ജസ്റ്റിസ് സദാശിവം കേരളത്തിലെ രാജ്ഭവനിലെത്തിയത് ഒരു പുതിയ കീഴ്‌വഴക്കത്തിന്റെ തുടക്കമായിരുന്നു. ഏറ്റവുമൊടുവില്‍ ഹൈക്കോടതി ജഡ്ജിയുടെ ജോലി രാജിവെച്ച് ബി.ജെ.പിക്കു വേണ്ടി മല്‍സരിക്കാനിറങ്ങിയ ഒരാളെ കൊല്‍ക്കത്തയില്‍ രാജ്യം കാണേണ്ടിവന്നു. ബി.ജെ.പിയില്‍ ചേരാനൊരുങ്ങുകയാണെന്ന് ഒന്നിനു പിറകെ മറ്റൊന്നായി ഓരോ വിധിന്യായങ്ങളില്‍ തെളിയിക്കുന്നതും, പിന്നീടവര്‍ രാഷ്ട്രീയ പുനരധിവാസം ഇരന്നു വാങ്ങുന്നതും ഏത് ഇനത്തില്‍ പെട്ട അഴിമതിയാണെന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കമുണ്ടാവാനിടയുള്ളൂ.

അദാനിയാണോ ഇന്ത്യ?

റാഫേലും ഇലക്്ഷന്‍ ബോണ്ടുമൊക്കെ ഒരുഭാഗത്ത് ഹിമാലയം പോലെ ഉണ്ടായിരിക്കെ തന്നെ കുഞ്ഞു കുഞ്ഞു അഴിമതികളുടെ പരമ്പരയായിരുന്നു ഈ ഭരണകാലഘട്ടത്തില്‍ നടന്നുവന്നത്. എത്രയെത്ര വിദേശ യാത്രകളിലാണ് മോദി അദാനിയെ ഒപ്പം കൂട്ടിയതും മറ്റു രാജ്യങ്ങളോട് അദാനിക്ക് കരാറുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടതും! അദാനിയെ സഹായിക്കാനായി എല്‍.ഐ.സി, എസ്.ബി.ടി പോലുള്ള രാജ്യത്തെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളോട് ഷെയര്‍ വാങ്ങിക്കൂട്ടാന്‍ പി.എം.ഒ ആവശ്യപ്പെട്ടുവെന്ന ആരോപണം ശരിയെങ്കില്‍ അത് എന്തുമാത്രം വൃത്തികെട്ട അഴിമതിയല്ല!

അദാനിയാണ് ഇന്ത്യ എന്ന മട്ടിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്‍ഡ്ര തുറമുഖം വഴി എത്തിയ 21,000 കോടി വിലവരുന്ന മയക്കുമരുന്ന് ആര്‍ക്കു വേണ്ടി ആയിരുന്നുവെന്ന് എത്ര മാധ്യമങ്ങള്‍ അന്തിച്ചര്‍ച്ച നടത്തി? ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക് കേസില്‍ പിടികൂടി അഞ്ചാഴ്ച ജയിലിലിട്ടതിനു ശേഷം ഒടുവില്‍ ക്‌ളീന്‍ ചിറ്റ് നല്‍കി പുറത്തുവിട്ട സംഭവം ഓർമയുണ്ടാകുമല്ലോ. ഈ രണ്ട് സംഭവങ്ങളോടും എങ്ങനെയായിരുന്നു ബി.ജെ.പി പ്രതികരിച്ചത്? പ്രത്യക്ഷമായ അഴിമതികളെ കുറിച്ച് മറുഭാഗത്ത് മൗനം പാലിക്കലാണ് ബി.ജെ.പിയുടെ പതിവ്. പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് സ്‌കീമില്‍ ഏഴര ലക്ഷം അക്കൗണ്ടുകള്‍ 9999999999 എന്ന വ്യാജ നമ്പറിലാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സമാനമായ രീതിയില്‍ ഏഴ് ആധാര്‍ നമ്പറുകളില്‍നിന്നും ആയിരക്കണക്കിന് വ്യാജ രജിസ്‌ട്രേഷനുകള്‍ നടത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകള്‍ ഭരണകക്ഷിയുമായി ബന്ധപ്പെട്ടവരുടേതാണെന്നാണ് പ്രാഥമിക നിഗമനം. കാലിത്തീറ്റ കുംഭകോണത്തെക്കാള്‍ വലിയ അഴിമതി ഈ മേഖലയില്‍ നടന്നിട്ടുണ്ടെന്ന് സൂചന നല്‍കുന്ന ഈ കണ്ടെത്തല്‍ സി.എ.ജിയാണ് പുറത്തുവിട്ടതെങ്കിലും ഒരു അന്വേഷണവും നടന്നിട്ടില്ല. നിരവധി ആശുപത്രികള്‍ ഈ പദ്ധതിയില്‍നിന്ന് ആനുകൂല്യം പറ്റിയതായി രേഖകള്‍ പറയുന്നുണ്ടെങ്കിലും മിക്കവയും സര്‍ക്കാറിന്റെ ഫണ്ട് വെട്ടിക്കാനായി തട്ടിക്കൂട്ടിയ നാമമാത്രമായ സ്ഥാപനങ്ങളാണ്. നിശ്ചയിക്കപ്പെട്ട ചികില്‍സാ സംവിധാനങ്ങള്‍ ഈ ആശുപത്രികളിലൊരിടത്തുമില്ല. മരണമടഞ്ഞ 400-ല്‍ പരം ആളുകളുടെ പേരില്‍ 1.1 കോടിയിലേറെ രൂപ ആയുഷ്മാന്‍ അക്കൗണ്ടില്‍നിന്നും അനുവദിച്ചതായും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. ആരുടെ തെറ്റാണിത്?

ജനക്ഷേമം, വനിതകള്‍

രാജ്യത്തെ കര്‍ഷക സമൂഹം ദല്‍ഹിയുടെ പടിവാതില്‍ക്കല്‍ ആവലാതികളുമായി വീണ്ടുമൊരിക്കല്‍ കൂടി എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി അനങ്ങിയിട്ടില്ല. മണിപ്പൂര്‍ ഇപ്പോഴും അശാന്തമാണ്. ബിഷപ്പുമാരുടെ അരമനകളിലേക്ക് കേക്കും കിരീടവും കൊണ്ട് ബി.ജെ.പി നേതാക്കള്‍ ഫോട്ടോ ഷൂട്ടിന് പോകുന്നുണ്ടെങ്കിലും മണിപ്പൂരിലെ കലാപഭൂമിയിലേക്ക് പ്രധാനമന്ത്രി ഇതുവരെ ചെന്നെത്തിയിട്ടില്ല.

2021-ല്‍ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബിഹാര്‍, കര്‍ണാടക, ദല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളെ കുറിച്ചും പ്രധാനമന്ത്രി ഒരക്ഷരം പ്രതികരിച്ചിരുന്നില്ല. മോദിയുടെ പ്രമാദമായ ഈ മൗനത്തെ കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് അന്ന് എഡിറ്റോറിയല്‍ എഴുതുക പോലുമുണ്ടായി. വനിതകളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനെ കുറിച്ച് പ്രഭാഷണങ്ങളില്‍ പറയുന്ന നെടുങ്കന്‍ തത്ത്വങ്ങള്‍ മണിപ്പൂരിലെ സ്വന്തം അനുയായികള്‍ തുണിയുരിച്ച് അങ്ങാടിയില്‍ നടത്തിച്ച അമ്മമാരുടെ കാര്യത്തിലും സ്വന്തം പാര്‍ട്ടിയുടെ എം.പിയായ ബ്രിജ്ഭൂഷണ്‍ സിംഗ് ഉടുമുണ്ടഴിച്ച, രാജ്യത്തിന്റെ അഭിമാനമായ ഗുസ്തിതാരങ്ങളുടെ കാര്യത്തിലും ബാധകമേയല്ല.

തായ്‌ലന്റിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ സംഘത്തിന്റെ കാര്യത്തില്‍ വേപഥുപൂണ്ട് ഇന്ത്യയില്‍ നിന്ന് വിദഗ്ധരെ പറഞ്ഞയച്ച മോദി, സ്വന്തം രാജ്യത്ത് സമാനമായ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ വ്യക്തിയുടെ വീട്ടിലേക്ക് വംശീയതയുടെ ബുള്‍ഡോസറുകള്‍ പാഞ്ഞെത്തിയപ്പോള്‍ കണ്ട ഭാവം നടിച്ചില്ല. ഒരു പ്രധാനമന്ത്രിക്ക് ഒട്ടും ശോഭ നല്‍കിയ മൗനാചരണമായിരുന്നില്ല ഇതൊന്നും. മറുഭാഗത്ത് ഒരു പ്രത്യേക മതത്തിന്റെ കാര്യത്തില്‍ ഏതറ്റം വരെ പോകാനുള്ള മോദിയുടെ ഉല്‍സാഹവും രാജ്യം ഇന്നേവരെ കൊണ്ടുനടന്ന തത്ത്വങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ്. അയോധ്യയില്‍ പൂജാരിയാവുകയും ദ്വാരകയില്‍ സമുദ്രചാരിയാവുകയും ചെയ്തത് വ്യക്തിപരമായ പ്രാര്‍ഥനയെന്ന് പറഞ്ഞൊഴിയാനാവില്ല. കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള പബ്‌ളിക് റിലേഷന്‍ സ്റ്റണ്ടുകള്‍ കൂടിയായിരുന്നു അവ. എന്നാല്‍, പാര്‍ലമെന്റില്‍ രാഷ്ട്രപതിക്കു പകരം മതനേതാക്കളെയാണ് ഉദ്ഘാടനത്തിനെത്തിച്ചത്. മതതേതര രാജ്യം എന്ന പ്രതിഛായ തകര്‍ക്കുക എന്ന ലക്ഷ്യം ബി.ജെ.പിക്ക് ഉണ്ടായിരുന്നില്ലെന്ന് എങ്ങനെയാണ് വാദിച്ചു നില്‍ക്കാനാവുക?

സമസ്ത മേഖലകളിലും ഇന്ത്യയെ തകര്‍ച്ചയിലേക്ക് നയിച്ച ഒരു ഭരണകാലഘട്ടമായാണ് ചരിത്രം ഈ പത്തു വര്‍ഷത്തെ അടയാളപ്പെടുത്തുക. രാജ്യത്തെ സമ്പൂര്‍ണമായ പുരോഗതിയിലേക്ക് കൈപിടിച്ചു നടത്താവുന്ന എല്ലാ സാഹചര്യവും ഇവിടെ ഉണ്ടായിരുന്നിട്ടും അത് പ്രയോജനപ്പെടുത്തണമെന്ന ബോധമോ അതിനാവശ്യമായ അറിവോ ഇല്ലാതിരുന്ന ഭരണകൂടം. അവരാണ് വീണ്ടും അടുത്ത അഞ്ചു വര്‍ഷത്തേക്കു കൂടി സമയം ചോദിച്ചെത്തുന്നത്. l

 

വളരുന്നത് അതിസമ്പന്നർ മാത്രം

മോദി കാലത്ത് ഇന്ത്യയില്‍ സംഭവിച്ചത് എന്തായിരുന്നു എന്നതിന്റെ വളരെ ലളിതമായ ഉത്തരമാണ് കഴിഞ്ഞ ദിവസം ഹുറുണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ആഗോള അതിസമ്പന്നരുടെ പട്ടിക. ഇലോണ്‍ മസ്‌കും ജെഫ് ബെസോയും ബര്‍ണാഡ് ആര്‍ണോള്‍ട്ടും സുക്കര്‍ബര്‍ഗുമൊക്കെ  മുന്‍നിരക്കാരുടെ പട്ടികയില്‍ പതിവുപോലെ തുടരുമ്പോള്‍ ഇതാദ്യമായി മുകേഷ് അംബാനി ആദ്യത്തെ പത്തുപേരുടെ കൂട്ടത്തില്‍ കസേര വലിച്ചിട്ടിരിക്കാനാരംഭിച്ചു. നിലവില്‍ 17-ാം സ്ഥാനത്താണെങ്കിലും ബ്‌ളൂംബര്‍ഗ് റിപ്പോര്‍ട്ട് വന്നില്ലായിരുന്നുവെങ്കില്‍ ഈ പട്ടികയില്‍ ഇടം കണ്ടെത്തേണ്ടതായിരുന്നു ഗൗതം അദാനി. 271 ശതകോടീശ്വരന്‍മാരാണ് ഇന്ത്യയില്‍ നിന്ന് ഈ പട്ടികയില്‍ ഇപ്പോഴുള്ളത്. അവരില്‍ തന്നെ 94 പേര്‍ ഈ പട്ടികയില്‍ ഇടം കണ്ടെത്തിയത് 2023-ല്‍ മാത്രമാണ്. ഇനിക്വാലിറ്റി ലാബ് തയാറാക്കിയ പഠനത്തെ ആസ്പദമാക്കി ടൈംസ് മാഗസിന്‍ കഴിഞ്ഞ ലക്കം പറയുന്നത് ബ്രിട്ടീഷ് ഭരണകാലത്തെക്കാളും മോശപ്പെട്ട സാമ്പത്തിക അസന്തുലിതത്വമാണ് ഇപ്പോഴത്തെ ഇന്ത്യയില്‍ ഉള്ളതെന്നാണ്. രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 21 ശതമാനമാണ് 1930 മുതല്‍ 1947 വരെയുള്ള കാലത്ത് ഇന്ത്യയിലെ അതിസമ്പന്നരുടെ കൈയില്‍ ഉണ്ടായിരുന്നത്. ഇപ്പോഴത് 22.6 ശതമാനമാണ്. അതായത്, ആകെയുള്ള ജനസംഖ്യയുടെ ഒരു ശതമാനത്തിലും താഴെയുള്ളവരാണ് ഇത്രയും സമ്പത്ത് വാരിക്കൂട്ടിയതെന്നര്‍ഥം.

നേരത്തെ റിസര്‍വ് ബാങ്ക് തയാറാക്കുന്ന ഡാറ്റയുടെ അടിസ്ഥാനത്തില്‍ ജി.ഡി.പി നിര്‍ണയിക്കുന്ന സമ്പ്രദായം ഉപേക്ഷിച്ച്  കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ എം.സി.എ 21 ഡാറ്റ ഉപയോഗിക്കാന്‍ മോദി സര്‍ക്കാര്‍ 2015-ലാണ് തീരുമാനിച്ചത്. ഡോ. മന്‍മോഹന്‍ സിംഗിന്റെ കാലത്തെ വളര്‍ച്ചാ നിരക്കിനെ ചെറുതാക്കി കാണിക്കാനും ഇല്ലാത്ത സ്വന്തം നേട്ടങ്ങളെ പൊലിപ്പിച്ചു കാട്ടാനുമായിരുന്നു ഈ പുതിയ ശൈലി സ്വീകരിക്കപ്പെട്ടത്. ഉൽപാദന മേഖലയെ, അതുതന്നെയും അസംഘടിത മേഖലയില്‍നിന്നു ലഭിക്കുന്നതടക്കമുള്ള ഡാറ്റയെ ആണ് നിലവില്‍ ഇന്ത്യന്‍ ജി.ഡി.പി പ്രധാനമായും ആശ്രയിക്കുന്നത്.

ഉൽപാദനം, ഉപഭോഗം, ചെലവ് എന്നീ മൂന്നു മേഖലകളും ഒരുമിച്ചെടുത്ത് തയാറാക്കേണ്ട മൊത്ത വരുമാന സൂചിക ഒരു അടിസ്ഥാനവുമില്ലാത്ത കണക്കുകള്‍ വെച്ചാണ് കോര്‍പറേറ്റ് മന്ത്രാലയം തട്ടിക്കൂട്ടുന്നത്. അതായത്, കമ്പനികള്‍ എന്ത് ഉൽപാദിപ്പിക്കുന്നു എന്നതു മാത്രമാണ് മോദി കാലത്ത് വളര്‍ച്ചയുടെ അടിസ്ഥാനമായി മാറുന്നത്. താഴെ തട്ടിലുള്ളവരുടെ വരുമാനത്തിന്റെയും ഉപഭോഗത്തിന്റെയും കണക്കുകള്‍ ചിത്രത്തില്‍ എവിടെയുമില്ല. രാജ്യത്തെ അതിസമ്പന്നരുടെ എണ്ണം അതിവേഗം പെരുകുന്നത് മൊത്ത വളര്‍ച്ചാ സൂചികയെ ഒരു ഭാഗത്ത് പൊലിപ്പിച്ചു കാണിക്കാന്‍ മോദിയെ സഹായിക്കുന്നുണ്ടാവാം. എന്നാല്‍, ഇത്തരക്കാരുടെ വരുമാനവും ബാക്കിയുള്ളവരുടേതും മൊത്തത്തില്‍ കണക്കു കൂട്ടി ആളെണ്ണം കൊണ്ട് ഹരിച്ചുണ്ടാക്കുന്ന ഈ ജി.ഡി.പി സമ്പ്രദായം രാജ്യത്തിന്റെ യഥാര്‍ഥ വരുമാന ചിത്രത്തെ ഒരു നിലക്കും പ്രതിനിധാനം ചെയ്യുന്നില്ല. l

 

അഴിമതിയിൽ റെക്കോർഡിട്ട് ഇലക്ടറൽ ബോണ്ട്

സുപ്രീം കോടതി ഉത്തരവിട്ടതു പ്രകാരം പൊതുജനസമക്ഷം പ്രസിദ്ധീകരിച്ച ഇലക്ടറല്‍ ബോണ്ടാണ് ബി.ജെ.പിയുടേതെന്നല്ല, ഇന്ത്യാ ചരിത്രത്തിലെ തന്നെ ഏറ്റവും കെട്ടുപുഴുത്ത അഴിമതി. ഹുറുണ്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട ഇന്ത്യയിലെ അതിസമ്പന്നന്‍മാരുടെ കണക്ക് ഈ ഈ ബോണ്ടുകളുമായി ചേര്‍ന്നു വരുന്നതും കാണാനാവും. ഈ 271 ശതകോടീശ്വരന്‍മാരും നേരിട്ടോ അല്ലാതെയോ ബി.ജെ.പിക്ക് വേണ്ടി ബോണ്ട് വാങ്ങിയവരാണ്. ഹൈദരാബാദിലെ മേഘാ എഞ്ചിനീയറിംഗ് ഉടമയായ പിച്ചിറെഡ്ഢി ഉദാഹരണം. ബി.ജെ.പിക്ക് 664 കോടിയാണ് റെഡ്ഢിയുടെ കമ്പനി ബോണ്ടുകളിലൂടെ നല്‍കിയത്.

ഇപ്പോള്‍ പുറത്തുവന്ന ബോണ്ട് കണക്കുകളില്‍ ഏറ്റവും വലിയ രണ്ടാമത്തെ തുകയും മേഘയുടേതാണ്. വിഷയം അതല്ല. ബി.ജെ.പിക്ക് 140 കോടി നല്‍കി ഏതാനും ദിവസങ്ങള്‍ക്കകമാണ് മേഘ കമ്പനിക്ക് മോദിയുടെ സ്വപ്‌ന പദ്ധതിയായ മുംബൈ-വഡോദര ബുള്ളറ്റ് ട്രെയിന്‍ റെയില്‍ പാതയുടെ 14,400 കോടി വിലമതിക്കുന്ന നിർമാണ കരാര്‍ ലഭിക്കുന്നത്. കാര്‍ഗിലിലേക്കുള്ള തുരങ്കപാതയുടെ കോണ്‍ട്രാക്ട് ഈ കമ്പനിക്ക് ലഭിക്കുന്നതിന് മുന്നോടിയായും അവര്‍ ബി.ജെ.പിക്കു വേണ്ടി ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇത് അഴിമതിയല്ലെങ്കില്‍ പിന്നെന്താണാവോ അഴിമതി? കേന്ദ്ര സര്‍ക്കാറിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും കുറെക്കൂടി തുറന്നു കാട്ടുന്ന ഒന്നാണ് സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്റ് ഹോട്ടല്‍ സര്‍വീസസ് കമ്പനി വാങ്ങിക്കൂട്ടിയ ബോണ്ടുകള്‍.

ഇ.ഡി അവരുടെ വിവിധ സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്ത് 409 കോടി പിടികൂടി അഞ്ച് ദിവസങ്ങള്‍ക്കു ശേഷം ബി.ജെ.പിക്ക് മാര്‍ട്ടിന്‍ 100 കോടിയുടെ ബോണ്ടുകള്‍ വാങ്ങി നല്‍കിയിട്ടുണ്ട്. അതോടെ കേസ് അവസാനിക്കുകയാണുണ്ടായത്. എല്ലാം പോട്ടെ, ഗാല്‍വന്‍ താഴ്‌വരയില്‍ ചൈന ഇന്ത്യയുടെ ഭൂമി കൈയേറിയ കാലത്ത് ആ രാജ്യത്തുനിന്ന് 12,700 കോടി രൂപ പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി കൈപ്പറ്റിയിട്ടുണ്ട്. ഈ നിധിയിലെ പണം എങ്ങനെ ചെലവഴിച്ചു എന്ന ചോദ്യത്തിന് ഇന്നുവരെ കൃത്യമായ മറുപടി ഉണ്ടായിട്ടില്ല എന്നോര്‍ക്കുക. ബീഫ് കയറ്റുമതിക്കാരും ബി.ജെ.പിക്കു വേണ്ടി ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്. മാംസം കയറ്റുമതി ചെയ്യുന്ന അല്ലാനാ സണ്‍സ്, ഫ്രിഗോറിഫിക്കോ എന്നീ സ്ഥാപനങ്ങള്‍ 5 കോടിയാണ് ബി.ജെ.പിയുടെ അക്കൗണ്ടിലെത്തിച്ചത്. ബീഫ് തിന്നാന്‍ പോലും പാടില്ലെന്ന് വിശ്വസിക്കുന്ന ഒരു പാര്‍ട്ടി അതിന്റെ കയറ്റുമതിക്കാരില്‍നിന്ന് സംഭാവന സ്വീകരിക്കുകയും അവരുടെ വ്യവസായത്തിന് ഒത്താശ ചെയ്യുകയുമുണ്ടായെങ്കില്‍ അതിനെ നമ്മള്‍ 'ഗോമാതൃ ദക്ഷിണ' എന്നാണോ വിളിക്കേണ്ടത്?! l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 27-38
ടി.കെ ഉബൈദ്

ഹദീസ്‌

പ്രാർഥനകളുടെ ഭാഷ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്