ജനത്തെ വിഡ്ഢികളാക്കുന്ന "അമേരിക്ക - ഇസ്രയേല്‍ ഭിന്നത'
സാധാരണഗതിയില്‍ ഇസ്രയേലിനെതിരെ യു.എന്‍ രക്ഷാ സമിതിയില്‍ വരുന്ന ഏത് പ്രമേയവും അമേരിക്ക വീറ്റോ ചെയ്യാറുണ്ട്. കഴിഞ്ഞ മാര്‍ച്ച് 25-ന്, ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തണമെന്ന പ്രമേയം രക്ഷാ സമിതിയില്‍ വന്നപ്പോള്‍ അമേരിക്ക വീറ്റോ പ്രയോഗിച്ചില്ല. അമേരിക്കന്‍ പ്രതിനിധി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പ്രമേയം പാസ്സാവുകയും ചെയ്തു. സയണിസ്റ്റ് ഭീകരത തുടര്‍ന്നുകൊണ്ടിരിക്കുന്ന കൂട്ടക്കുരുതി ആ പ്രമേയം കാരണം കൂടുകയല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല. രക്ഷാ സമിതി പ്രമേയം പാലിക്കാന്‍ ഇസ്രയേലിന് ബാധ്യതയുണ്ട് എന്ന മട്ടിലുള്ള പ്രസ്താവനകളൊന്നും അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായില്ല. തൊട്ടുടനെ ബില്യന്‍ കണക്കിന് ഡോളറിന്റെ ആയുധങ്ങള്‍ ഇസ്രയേലിലെത്തിക്കാന്‍ അമേരിക്ക ഏര്‍പ്പാടാക്കുകയും ചെയ്തു. പക്ഷേ, അമേരിക്ക വീറ്റോ ചെയ്യാതിരുന്നത് വലിയതെന്തോ സംഭവിച്ച പോലെയാണ് മീഡിയ റിപ്പോര്‍ട്ട് ചെയ്തത്. യഥാര്‍ഥത്തിലിത് ഒരു ഒളിച്ചുകളിയാണ്. അമേരിക്ക എന്തോ ചെയ്യാന്‍ ഭാവിക്കുന്നു എന്ന പ്രതീതിയുണ്ടാക്കാനാണ് ഇത്തരം ഗിമ്മിക്കുകള്‍. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇടക്കിടെ പശ്ചിമേഷ്യയിലെത്തി തെക്ക് വടക്ക് ഓടുന്നതും ഒരു ആത്മാര്‍ഥതയുമില്ലാത്ത കാപട്യ പ്രകടനങ്ങള്‍ മാത്രമാണ്.
വെടിനിര്‍ത്തുന്നതില്‍ നെതന്യാഹുവിന്റെ താല്‍പര്യക്കുറവ് അതേ അളവില്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡനുമുണ്ട്. കഴിഞ്ഞ ആറു മാസമായി ഗസ്സയില്‍ അതിക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള എല്ലാ അന്താരാഷ്ട്ര നീക്കങ്ങള്‍ക്കും പാര വെച്ചത് അമേരിക്കയാണ്. പൂര്‍ണ തോതിലുള്ള നയതന്ത്ര സംരക്ഷണമാണ് അമേരിക്ക ഇസ്രയേലിന് വേണ്ടി ഒരുക്കിയത്. സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊല നടത്താനുള്ള സകല ആയുധങ്ങളും എത്തിച്ചുകൊണ്ടിരിക്കുന്നതും അമേരിക്കയാണ്. ഗസ്സയിലെ വംശഹത്യയോടുള്ള അമേരിക്കന്‍ നയത്തില്‍ വ്യക്തമാകുന്ന രണ്ട് പ്രധാന വശങ്ങളുണ്ട്. രാഷ്ട്രീയമായി ഇസ്രയേലിനെ സഹായിക്കുന്ന കേവലം സഖ്യ കക്ഷിയല്ല അമേരിക്ക. ഈ വംശഹത്യയില്‍ ഇസ്രയേലിനെപ്പോലെ പങ്കാളിയാണ് അമേരിക്കയും. കഴിഞ്ഞ ഡിസംബര്‍ അവസാനത്തില്‍ 230-ലധികം യുദ്ധ വിമാനങ്ങളാണ് അമേരിക്ക ഇസ്രയേലിലെത്തിച്ചത്; ആയുധങ്ങള്‍ നിറച്ച ഇരുപത് കപ്പലുകളും. നെതന്യാഹു-ബൈഡന്‍ സംഘര്‍ഷം മുറുകുന്നു എന്ന മട്ടില്‍ വാര്‍ത്ത വരുമ്പോഴും ആയുധമെത്തിക്കുന്നത് കൂടുകയല്ലാതെ കുറയുന്നില്ല. അമേരിക്ക ആയുധമെത്തിച്ചില്ലെങ്കില്‍ യുദ്ധം തുടര്‍ന്നുകൊണ്ടു പോകാനും ഇസ്രയേലിന് കഴിയില്ല. ഇതാണ് അമേരിക്കന്‍ നയത്തിന്റെ കാതലായ ഒന്നാമത്തെ വശം.
ഊതിവീര്‍പ്പിക്കപ്പെടുന്ന അമേരിക്കന്‍-ഇസ്രയേല്‍ ഭിന്നത, അരങ്ങേറിക്കൊണ്ടിരിക്കുന്ന ഗസ്സ വംശഹത്യയെക്കുറിച്ചല്ല എന്നതാണ് രണ്ടാമത്തെ വശം. ഗസ്സയില്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ നെതന്യാഹുവും ബൈഡനും തമ്മില്‍ ചില അസ്വാരസ്യങ്ങളുണ്ട്. യുദ്ധാനന്തരമുള്ള ഗസ്സയെ കുറിച്ചും ഇരു കക്ഷികള്‍ക്കും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ഇവ പെരുപ്പിച്ചു കാണിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ രണ്ടാമൂഴം തേടി ബൈഡന്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന വര്‍ഷം കൂടിയാണിത്. അമേരിക്കയിലെ പുരോഗമന ഡമോക്രാറ്റുകളും അറബ് വംശജരുമൊക്കെ ബൈഡന്റെ ഗസ്സ നയത്തില്‍ ഒട്ടും തൃപ്തരല്ല. ബൈഡന്റെ വിജയ സാധ്യതയെ അത് പ്രതികൂലമായി ബാധിച്ചേക്കും. അവരെയൊന്ന് മയപ്പെടുത്തിയെടുക്കാന്‍ ചിലതെല്ലാം താന്‍ ചെയ്യുന്നുണ്ടെന്ന് വരുത്തണം. അതിനു വേണ്ടിയുള്ള കളികളാണ്. ഇതൊക്കെ യുദ്ധം നിര്‍ത്തിക്കിട്ടാന്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങളാണ് എന്ന് തെറ്റിദ്ധരിക്കുന്നവരാണ് വിഡ്ഢികള്‍. വേണമെന്നുണ്ടെങ്കില്‍ അമേരിക്കക്ക് ഈ വംശഹത്യ എന്നേ തടയാമായിരുന്നു. l
Comments