Prabodhanm Weekly

Pages

Search

2024 ഏപ്രിൽ 19

3348

1445 ശവ്വാൽ 11

തെരഞ്ഞെടുപ്പിലെ തിരിച്ചടി ഉര്‍ദുഗാന് പാഠമാകണം

അബൂ സൈനബ്

തുര്‍ക്കിയയിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി (എ.കെ പാര്‍ട്ടി) മികച്ച പ്രകടനം കാഴ്ചവെക്കുമെന്നായിരുന്നു അഭിപ്രായ സര്‍വേകള്‍ നല്‍കിയ സൂചനകളെങ്കിലും ഫലം വിപരീതമായിരുന്നു. പ്രധാന നഗരങ്ങളായ ഇസ്തംബൂള്‍, തലസ്ഥാനമായ അങ്കാറ, ഇസ്മിര്‍ തുടങ്ങിയ മെട്രോ പോളിറ്റനുകള്‍ ജയിച്ചടക്കി മുഖ്യ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടി (സി.എച്ച്.പി) യാണ് നേട്ടം കൊയ്തത്.

2019-ലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ 15 മെട്രോപോളിറ്റന്‍ മുനിസിപ്പാലിറ്റികളിലും 745 ഡിസ്ട്രിക്റ്റുകളിലും വിജയിച്ച എ.കെ പാര്‍ട്ടിക്ക് ഇത്തവണ 12 മെട്രോപോളിറ്റനുകളിലേ ജയിക്കാനായുള്ളൂ. ഡിസ്ട്രിക്റ്റുകളുടെ നിയന്ത്രണവും 493 ആയി ചുരുങ്ങി. അതേസയമം, സി.എച്ച്.പിക്ക് 2019-ല്‍ പതിനൊന്ന് മെട്രോപോളിറ്റനുകളിലും 241 ഡിസ്ട്രിക്റ്റുകളിലുമുണ്ടായിരുന്ന ആധിപത്യം യഥാക്രമം പതിനാലും 406-മായി വര്‍ധിച്ചു. വോട്ടിംഗ് ശതമാനത്തിലും മുഖ്യ പ്രതിപക്ഷം എ.കെ പാര്‍ട്ടിയെ കടത്തിവെട്ടി. കഴിഞ്ഞ തവണ 29.81 ശതമാനം വോട്ടുകള്‍ കിട്ടിയ സ്ഥാനത്ത് 2024-ല്‍ അവരുടെ വോട്ട് 37.7 ശതമാനമായി ഉയര്‍ന്നു. എ.കെ പാര്‍ട്ടിയുടേത് 2019-ലെ 45.5 ശതമാനത്തില്‍നിന്ന് 35.49 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വമ്പന്‍ പ്രചാരണമാണ് ഉര്‍ദുഗാന്‍ നടത്തിയത്. തന്റെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള റഫറണ്ടമായും അദ്ദേഹം തെരഞ്ഞെടുപ്പിനെ ഉയര്‍ത്തിക്കാട്ടി. പാര്‍ട്ടിയുടെ അഭിമാന കേന്ദ്രമായ ഇസ്തംബൂളില്‍ 1994-ല്‍ മേയറായതു മുതല്‍ മഹാ നഗരം ഉര്‍ദുഗാനൊപ്പമായിരുന്നു. 2019-ലാണ് അതിന് മാറ്റമുണ്ടായത്. ഇസ്തംബൂളും തലസ്ഥാനമായ അങ്കാറയും തിരിച്ചുപിടിക്കാനുള്ള എ.കെ പാര്‍ട്ടിയുടെ ശ്രമം വിജയിച്ചില്ലെന്നു മാത്രമല്ല, മറ്റൊരു പ്രധാന മെട്രോപോളിറ്റനായ ഇസ്മിറും പാര്‍ട്ടിക്ക് സ്വാധീനമുള്ള അനറ്റോലിയയിലെയും മറ്റു പ്രധാന നഗരങ്ങളും ചില മുനിസിപ്പാലിറ്റികളും നഷ്ടപ്പെട്ടു. വടക്ക്, തെക്ക്, പടിഞ്ഞാറന്‍ തുര്‍ക്കിയയുടെ വലിയൊരു ഭാഗത്തിന്റെ നിയന്ത്രണം പ്രതിപക്ഷത്തിനാണെങ്കിലും മധ്യ തുര്‍ക്കിയ, 2023 ഫെബ്രുവരിയില്‍ ഇരട്ട ഭൂകമ്പത്തിന് സാക്ഷ്യം വഹിച്ച കഹ്രമാന്‍മറാസ്, ഗാസിയന്‍ടെപ്പ് മേഖലകളില്‍ എ.കെ പാര്‍ട്ടി ആധിപത്യം നിലനിര്‍ത്തിയിട്ടുണ്ട്. രാജ്യത്തെ 81 പ്രവിശ്യകളില്‍ 35-ലും പ്രതിപക്ഷ സി.എച്ച്.പി പാര്‍ട്ടിയാണ് വിജയിച്ചത്.

ഉര്‍ദുഗാന്റെ അടുത്ത അനുയായിയും മുന്‍ പരിസ്ഥിതി മന്ത്രിയുമായ മുറാദ് കുറുമിനെ 51 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് സി.എച്ച്.പി നേതാവും നിലവിലെ മേയറുമായ ഇക്‌രിം ഇമാമോഗ്‌ലു പരാജയപ്പെടുത്തിയത്. 2014-ല്‍ ഇസ്തംബൂളിലെ ബെയ്‌ലിക്ദുസു ഡിസ്ട്രിക്റ്റിന്റെ മേയറായാണ് ഈ അമ്പത്തിമൂന്നുകാരന്‍ ആദ്യ വിജയം കൊയ്തത്. 2022-ല്‍ സുപ്രീം ഇലക്്ഷന്‍ കൗണ്‍സിലിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് രണ്ടര വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടയാളാണ് ഇമാമോഗ്‌ലു. ശിക്ഷ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയ ശേഷമാണ് ഇദ്ദേഹം മല്‍സരിച്ചത്.

തുര്‍ക്കിയ ജനസംഖ്യയുടെ അഞ്ചിലൊന്ന് (8.5 കോടി) താമസിക്കുന്നത് ഇസ്തംബൂളിലാണ്. വ്യാപാരം, വിനോദ സഞ്ചാരം, സാമ്പത്തിക രംഗം തുടങ്ങി രാജ്യത്തിന്റെ സമ്പദ്‌മേഖലയുടെ ഗണ്യമായ ഭാഗം നിയന്ത്രിക്കുന്നത് ഈ മഹാ നഗരമാണ്. ഇസ്തംബൂളിലെ വിജയിയാണ് തുര്‍ക്കിയ ഭരിക്കുകയെന്നത് ഉര്‍ദുഗാന്റെ പ്രസിദ്ധമായ ഉദ്ധരണിയാണ്. അങ്ങനെയായിരുന്നു തുര്‍ക്കിയ രാഷ്ട്രീയം മുന്നോട്ടുപോയത്. ഇസ്തംബൂളിന്റെയും തുര്‍ക്കിയയുടെയും ഭരണം എ.കെ പാര്‍ട്ടിയില്‍ ഭദ്രമായി നിലകൊണ്ടിരുന്നു 2019 വരെ. എന്നാല്‍, അക്കൊല്ലത്തെ ഇസ്തംബൂള്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടി (സി.എച്ച്.പി)യിലെ അത്രയൊന്നും അറിയപ്പെടാത്ത ഇക്‌രിം ഇമാമോഗ്‌ലു, ഉര്‍ദുഗാന്റെ അടുത്ത അനുയായി ബിനാലി യില്‍ദിര്‍മാനെ അട്ടിമറിച്ചതോടെ 2023 മെയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ സൂചനയായി പ്രതിപക്ഷവും ചില മാധ്യമ, രാഷ്ട്രീയ നിരീക്ഷകരും ഇത് ഉയര്‍ത്തിക്കാട്ടി.

എന്നാല്‍, അന്താരാഷ്ട്ര മാധ്യമങ്ങളുടെയും യു.എസ് ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുടെയും ഉര്‍ദുഗാന്‍ വിരുദ്ധ മാധ്യമങ്ങളുടെയും പരസ്യ പിന്തുണയോടെ വിജയം ഉറപ്പിച്ച പ്രതിപക്ഷ സ്ഥാനാര്‍ഥി കമാല്‍ കിലിച്ച്ദാറോഗ്ലു ഉര്‍ദുഗാനോട് വലിയ മാര്‍ജിനില്‍ പരാജയപ്പെട്ടു. ഇസ്തംബൂള്‍ നഷ്ടപ്പെട്ടാലും തുര്‍ക്കിയയുടെ നിയന്ത്രണം നഷ്ടപ്പെടില്ല എന്ന സന്ദേശമാണ് പ്രസിഡന്‍ഷ്യല്‍-പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിജയം നല്‍കുന്നതെന്ന ആത്മവിശ്വാസത്തിലായിരുന്നു എ.കെ പാര്‍ട്ടി.
ഉര്‍ദുഗാന്റെ രാഷ്ട്രീയ ജീവിതത്തിലെ കനത്ത തോല്‍വിയും പ്രധാന പ്രതിപക്ഷമായ സി.എച്ച്.പി 1977-നു ശേഷം കൈവരിക്കുന്ന മികച്ച നേട്ടവുമെന്നാണ് സബാന്‍സി സര്‍വകലാശാലയിലെ രാഷ്ട്രീയകാര്യ വിദഗ്ധന്‍ ബെര്‍ക് എസീന്‍ അഭിപ്രായപ്പെട്ടത്. പരാജയത്തിന് പല കാരണങ്ങളുമുണ്ട്. പണപ്പെരുപ്പം 67 ശതമാനമായി ഉയരുകയും ലീറയുടെ മൂല്യം വന്‍ തോതില്‍ ഇടിയുകയും അവശ്യസാധനങ്ങളുടെ വില വര്‍ധന പിടിച്ചുനിര്‍ത്തുന്നതില്‍ 'ഉര്‍ദുഗാനോമിക്‌സ്' പരാജയപ്പെടുകയും ചെയ്തതാണ് പ്രധാന കാരണങ്ങളെങ്കിലും ഗസ്സ വിഷയത്തില്‍ ഉര്‍ദുഗാന്‍ സ്വീകരിച്ച നിലപാടുകള്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവരെപ്പോലും മാറ്റിചിന്തിപ്പിച്ചു എന്നതും പരാജയത്തിന് കാരണമായി വിലയിരുത്തപ്പെടുന്നു. ഫലസ്ത്വീന്‍, ഇസ്‌ലാമിസം തുടങ്ങിയ വിഷയങ്ങളില്‍ ഉര്‍ദുഗാനെ പിന്തുണച്ചിരുന്ന വലിയൊരു വിഭാഗം ഇത്തവണ എ.കെ പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്തു.

ഗസ്സയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തുമ്പോള്‍ പ്രസ്താവനകള്‍ ഇറക്കുകയല്ലാതെ ഉര്‍ദുഗാന്‍ ഒന്നും ചെയ്തില്ലെന്ന അതിശക്തമായ വിമര്‍ശനം പല കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. ഉര്‍ദുഗാനെ അനുകൂലിക്കുന്നവര്‍ പോലും ഫലസ്ത്വീന്‍ വിഷയത്തില്‍ അദ്ദേഹത്തിന്റെ അഴകൊഴമ്പന്‍ നിലപാടുകള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തുവരികയുണ്ടായി. മുന്‍ ഇസ്രയേലി പ്രസിഡന്റ് ഷിമോണ്‍ പെരസിനെ ഫലസ്ത്വീനി കുഞ്ഞുങ്ങളുടെ ഘാതകനെന്നും നെതന്യാഹുവിനെ ഭീകരവാദിയെന്നും പരസ്യമായി വിളിച്ച ഉര്‍ദുഗാന്‍, വംശഹത്യക്കാലത്ത് പോലും ഇസ്രയേലുമായി നയതന്ത്ര, വ്യാപാര ബന്ധങ്ങള്‍ തുടരുന്നത് അദ്ദേഹത്തിന്റെ ഇരട്ടത്താപ്പിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.

2003 മുതല്‍ അധികാരത്തിലുള്ള ഉര്‍ദുഗാന്‍ 2013-ല്‍ ശക്തമായ പ്രതിപക്ഷ പ്രക്ഷോഭത്തെയും 2016-ല്‍ വിദേശ സഹായത്തോടെയുള്ള അട്ടിമറിയെയും 2019-ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയെയും അതിജീവിച്ചെങ്കിലും 2028-ലെ തെരഞ്ഞെടുപ്പോടെ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അപ്രമാദിത്വം അവസാനിക്കുന്നതിന്റെ സൂചനയാണിതെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇക്‌രിം ഇമാമോഗ്്ലുവോ അങ്കാറ മേയര്‍ മന്‍സൂര്‍ യാവാസോ ആയിരിക്കും 2028-ല്‍ പ്രതിപക്ഷത്തുനിന്നുള്ള പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍. ഇസ്തംബൂളില്‍നിന്ന് ഉർദുഗാന്‍ ജൈത്രയാത്ര ആരംഭിച്ച് പ്രസിഡന്റായതുപോലെയുള്ള പടപ്പുറപ്പാടാണ് ഇമാമോഗ്‌ലുവിന്റേതെന്ന് പറയുന്നവരുണ്ട്. ഇവരെ നേരിടാന്‍ ശക്തനായ സ്ഥാനാര്‍ഥിയെ എ.കെ പാര്‍ട്ടി കണ്ടെത്തേണ്ടതുണ്ട്.

2028-ല്‍ നാലാം വട്ടം പ്രസിഡന്റാവാനില്ലെന്ന് ഉര്‍ദുഗാന്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. നിലവിലെ ഭരണഘടന പ്രകാരം അതിനു കഴിയുകയുമില്ല. എന്നാല്‍, ഇടയ്ക്കാല പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചോ ഭരണഘടന ഭേദഗതി ചെയ്തോ ഇതിനെ മറികടക്കാനാവും. ഇസ്തംബൂളില്‍ മുറാദ് കുറും പരാജയപ്പെടുകയാണെങ്കില്‍ ഈയൊരു സാധ്യത തള്ളാനാവില്ലെന്ന് ബെയ്‌കോസ് സര്‍വകലാശാലയിലെ രാഷ്ട്രമീമാംസാ വിദഗ്ധന്‍ അഹ്‌മദ് കാസിം ഹാന്‍ തെരഞ്ഞെടുപ്പിന് മു്മ്പ് അഭിപ്രായപ്പെട്ടിരുന്നു. ശക്തനായ പ്രസിഡന്റ് സ്ഥാനാര്‍ഥിയില്ലെങ്കില്‍ ഉര്‍ദുഗാന്‍ വീണ്ടും ജനവിധി തേടുമെന്ന സൂചനയാണിത്.

പരാജയം സമ്മതിച്ച് ഉര്‍ദുഗാന്‍ നടത്തിയ പ്രസംഗത്തില്‍, പണപ്പെരുപ്പം തടയാന്‍ പുതിയ സാമ്പത്തിക പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അത് എത്രയും പെട്ടെന്ന് പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറിചിന്തിക്കാന്‍ സാധ്യതയേറെ. അതേസമയം, ഫലസ്ത്വീന്‍ വിഷയത്തില്‍ ക്രിയാത്മകമായ എന്തെങ്കിലും ചെയ്യാനുള്ള നടപടികളെപ്പറ്റി അദ്ദേഹം മിണ്ടിയിട്ടില്ല.

പ്രാദേശിക തെരഞ്ഞെടുപ്പിലെ തിരിച്ചടി ദേശീയ തലത്തില്‍ പ്രതിഫലിച്ചുകൊള്ളണമെന്നില്ല. ലോകത്ത് പലയിടത്തുമുള്ള അനുഭവവും അതാണ്. 2019-ലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന് തിരിച്ചടിയുണ്ടായെങ്കിലും നാലു വഷത്തിനുശേഷം നടന്ന പ്രസിഡന്റ് -പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ എ.കെ പാര്‍ട്ടി വിജയിക്കുകയായിരുന്നു. പിഴവുകള്‍ തിരുത്തി മുന്നോട്ടുപോകാന്‍ പാര്‍ട്ടിക്ക് ഇനിയും നാലു വര്‍ഷത്തെ സമയമുണ്ട്. അതേസമയം, പ്രാദേശിക തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എ.കെ പാര്‍ട്ടിയുടെ ജനകീയാടിത്തറ ഇളക്കാന്‍ മാത്രം ശക്തമല്ലെങ്കിലും അത് നല്‍കുന്ന മുന്നറിയിപ്പിനെ നിസ്സാരമായി കാണാനാവില്ല. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 27-38
ടി.കെ ഉബൈദ്

ഹദീസ്‌

പ്രാർഥനകളുടെ ഭാഷ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്