Prabodhanm Weekly

Pages

Search

2024 ഏപ്രിൽ 19

3348

1445 ശവ്വാൽ 11

അതിജീവനപ്പോരാട്ടം തന്നെയായിരുന്നു ജീവിതം

പി.കെ മുഹമ്മദലി അന്തമാൻ /അശ്റഫ് കീഴുപറമ്പ്

അന്തമാനിലെ മലബാര്‍ മാപ്പിളമാരുടെ ചരിത്രമെഴുതുമ്പോഴും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ചരിത്രമെഴുതുമ്പോഴും പി.കെ മുഹമ്മദലിയുടെ പേര് വിട്ടുകളയാനാവില്ല. പ്രതിസന്ധികളോട് മല്ലടിച്ചായിരുന്നു അന്തമാനിലെ ജീവിതം. 1921-ലെ മലബാര്‍ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പിതാവിനെ ബ്രിട്ടീഷുകാര്‍ ബെല്ലാരി ജയിലില്‍നിന്ന് അന്തമാനിലേക്ക് നാട് കടത്തുകയായിരുന്നു. പലതരം എതിര്‍പ്പുകള്‍ നേരിട്ടാണ് അദ്ദേഹവും സഹപ്രവര്‍ത്തകരും ദ്വീപില്‍ ഇസ്ലാമിക പ്രസ്ഥാനത്തെ നട്ടുവളര്‍ത്തിയത്. ഈയിടെ അന്തമാന്‍ സന്ദര്‍ശിച്ചപ്പോള്‍ വിംബര്‍ലി ഗഞ്ചിലെ നയാപുരത്തുള്ള വീട്ടില്‍ ചെന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. അദ്ദേഹം സംസാരിക്കുന്നു.

എന്റെ പിതാവ് പൂവക്കുണ്ടില്‍ അലവി  ജനിച്ചത് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്ത കുമരംപുത്തൂര്‍ ഗ്രാമത്തിലാണ്. പൂവക്കുണ്ടില്‍ (പി.കെ) മൂസയാണ് അദ്ദേഹത്തിന്റെ പിതാവ്. പിന്നീട് അന്തമാനില്‍ പല നിലയില്‍ അറിയപ്പെട്ട പൂവക്കുണ്ടില്‍ മാഹീന്‍ ഹാജിയുടെ ജ്യേഷ്ഠ സഹോദരനാണ് മൂസ. മാഹീന്‍ ഹാജിയുടെ കുടുംബക്കാര്‍ ഇപ്പോള്‍ അന്തമാനിലെ ഫൊനിക്‌സ് ബേയിലാണ് താമസം.

പി.കെ മൂസയുടെ ഏക സന്താനമായിരുന്ന അലവി 1921-ല്‍ മലബാര്‍ സമരം ശക്തിപ്പെടുമ്പോള്‍ കൗമാരക്കാരനായിരുന്നു. പതിനെട്ട് വയസ്സ് പ്രായം കാണും. സമര പ്രവര്‍ത്തനങ്ങളിലൊന്നും ഭാഗഭാക്കായിരുന്നില്ല. പക്ഷേ, ബ്രിട്ടീഷ് സൈന്യം തിരൂരങ്ങാടി പള്ളി ആക്രമിച്ചു എന്നു കേട്ടപ്പോള്‍ ക്ഷുഭിതരായ മാപ്പിളമാര്‍ പല സംഘങ്ങളായി തിരൂരങ്ങാടിയിലേക്ക് തിരിച്ചു. അക്കൂട്ടത്തില്‍ എന്റെ പിതാവ് അലവിയും ഉണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ മറ്റുള്ളവരോടൊപ്പം അദ്ദേഹത്തെയും പിടികൂടി  കര്‍ണാടകയിലെ ബെല്ലാരി ജയിലിലേക്കയച്ചു. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബൊക്കെ ബെല്ലാരി ജയിലില്‍ കഴിയുന്ന കാലമാണ്. കുറെക്കാലം, ഏകദേശം ഒമ്പത് വര്‍ഷത്തോളം പിതാവ് ബെല്ലാരി ജയിലില്‍ കഴിഞ്ഞു. ജയില്‍വാസം കഴിഞ്ഞ് സ്വദേശത്ത് തിരിച്ചുവന്നപ്പോഴാണ് തന്റെ കുടുംബക്കാരില്‍ പലരും സമരത്തില്‍ കൊല്ലപ്പെട്ടിരുന്നു എന്ന് മനസ്സിലായത്. ശേഷിച്ചവരെ അന്തമാനിലേക്ക് നാട് കടത്തുകയും ചെയ്തിരുന്നു. സ്വത്തുവകകള്‍ അന്യാധീനപ്പെട്ടു പോയിരുന്നു.

പിതാവ് വിവാഹിതനായിരുന്നു എന്ന് കേട്ടിട്ടുണ്ട്. വിശദാംശങ്ങളൊന്നും അറിയില്ല.
ഏതായാലും തനിക്ക് വേണ്ടപ്പെട്ടവരൊന്നും കുമരംപുത്തൂരില്‍ ഇല്ലെന്നറിഞ്ഞപ്പോള്‍, മാഹീന്‍ ഹാജിയെപ്പോലുള്ള തന്റെ കുടുംബക്കാരെ നാടുകടത്തിയ അന്തമാനിലേക്ക് പോകാന്‍ തീരുമാനിച്ചു. ഒരുപക്ഷേ, പിതാവിനെ ബ്രിട്ടീഷുകാര്‍ ബെല്ലാരിയില്‍നിന്ന് നേരെ അന്തമാനിലേക്ക് നാട് കടത്തിയതാവാനും സാധ്യതയുണ്ട്.

സ്വാതന്ത്ര്യ സമര സേനാനികളായ തടവുകാര്‍ അന്തമാനിലെത്തുമ്പോള്‍ അവരെ പാര്‍പ്പിക്കാന്‍ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറില്‍ സെല്ലുലാര്‍ ജയില്‍ പണികഴിപ്പിച്ചിട്ടുണ്ട്. ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞതുകൊണ്ടാവാം പിതാവിന് സെല്ലുലാര്‍ ജയിലിലേക്ക് പോവേണ്ടിവന്നില്ല. അല്ലെങ്കിലും അന്നത്തെ അന്തമാന്‍ ദ്വീപുകള്‍ തന്നെ തുറന്ന ജയിലുകളായിരുന്നല്ലോ. നാട് കടത്തപ്പെട്ടവര്‍ക്കായി ബ്രിട്ടീഷ് ഗവണ്‍മെന്റ് അന്തമാനില്‍ നാലേക്കര്‍ വീതം ഭൂമി പതിച്ചുനല്‍കിയിരുന്നു. അധികവും കൃഷിഭൂമിയായിരിക്കും. നെല്ലും മറ്റും കൃഷി ചെയ്യാം. രാത്രി നിബിഡ വനത്തില്‍നിന്ന് ആനകളിറങ്ങി കൃഷി നശിപ്പിക്കാറുണ്ട്. അതിന് കാവല്‍ വേണം. കാവല്‍ നിന്നാല്‍ ചെറിയ കൂലിയും കിട്ടും. പിതാവ് ആ പണിക്ക് പോകാറുണ്ട്. അദ്ദേഹം പോകുന്നില്ലെങ്കില്‍ പകരം ഞാന്‍ പോകും.

ഞങ്ങളുടെ തലമുറ മാപ്പിളമാരാണെങ്കിലും ഇവിടെത്തന്നെ ജനിച്ചവരാണ്. ഇതുപോലെ നാട് കടത്തപ്പെട്ട മറ്റൊരു കുടുംബത്തിലെ അംഗമാണ് എന്റെ ഉമ്മ. 1928-30 കാലയളവിലാണ് ഞങ്ങളുടെ കുടുംബങ്ങള്‍ ഇവിടെ എത്തുന്നത്. മലയാളികളായ മാപ്പിളത്തടവുകാരെ വിവിധ സ്ഥലങ്ങളിലാണ് പാര്‍പ്പിച്ചിരുന്നത്.

ആ സ്ഥലങ്ങള്‍ക്കൊക്കെ അവര്‍ തങ്ങളുടെ ജന്മനാടുകളുടെ തന്നെ പേര് കൊടുത്തു. അങ്ങനെയാണ് അന്തമാനില്‍ തിരൂരും വണ്ടൂരും മഞ്ചേരിയും മണ്ണാര്‍ക്കാടും മലപ്പുറവും ഒക്കെ സ്ഥലനാമങ്ങളായത്.

ഇവയില്‍ ചിലയിടങ്ങളില്‍നിന്ന് മാപ്പിള കുടുംബങ്ങള്‍ മറ്റു സ്ഥലത്തേക്ക് മാറിപ്പോവുകയും വേറെ വിഭാഗങ്ങള്‍ ഇങ്ങോട്ട് കുടിയേറുകയും ചെയ്തിട്ടുണ്ടെങ്കിലും സ്ഥലനാമങ്ങള്‍ക്ക് മാറ്റമില്ല.
ഇന്ന്, നാട് കടത്തപ്പെട്ടവരുടെ പിന്മുറക്കാര്‍ മാത്രമല്ല അന്തമാനിലെ മാപ്പിള സമുദായം. ആദ്യകാലങ്ങളില്‍ ജോലി തേടി ഇവിടെ എത്തിയവരും ഇവിടത്തുകാരായി മാറിയിട്ടുണ്ട്.

പഞ്ചാബികളും ബംഗാളികളുമാണ് ഇവിടെ കൂടുതലുള്ളത്. തമിഴ് വംശജരും ഒരു പ്രബല വിഭാഗമാണെങ്കിലും അവര്‍ അടുത്തകാലത്ത് മാത്രം എത്തിച്ചേര്‍ന്നവരാണ്. ഉത്തർ പ്രദേശില്‍നിന്നും മറ്റും മോഷ്ടാക്കളെന്ന് ആരോപിച്ച് നാടുകടത്തപ്പെട്ട ബാത്തു വിഭാഗങ്ങളുടെ പിന്മുറക്കാരും ഇവിടെയുണ്ട്. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ പിടികൂടി അന്തമാനിലേക്ക് നാട് കടത്തിയ സ്വാതന്ത്ര്യ സമര സേനാനികളാണ് ഇവിടെ ആദ്യമായി എത്തിയവര്‍. അവരില്‍ ഫദ്‌ലുല്‍ ഹഖ് ഖൈറാബാദിയെപ്പോലുള്ള മുസ്ലിം പണ്ഡിതന്മാരുമുണ്ടായിരുന്നു. അവരുടെ ഖബ്‌റുകള്‍ അന്തമാനില്‍ പലയിടങ്ങളിലായി കാണാം. കാടുകളില്‍ താമസിക്കുന്ന ആദിവാസികളാണ് മറ്റൊരു വിഭാഗം. പരിഷ്‌കൃത ലോകവുമായി അകന്നുകഴിയുകയാണ് അവരിപ്പോഴും.

നവോത്ഥാന പ്രവര്‍ത്തനങ്ങള്‍

മലബാറില്‍നിന്ന് നാട് കടത്തപ്പെട്ട് അന്തമാനിലെത്തിയവര്‍ തങ്ങളുടെ പരമ്പരാഗത മത വിശ്വാസാചാരങ്ങളുമായി കഴിഞ്ഞുപോരുകയായിരുന്നു. അന്തമാനിലേക്ക് നാട് കടത്തപ്പെട്ടവര്‍ യാത്രക്കാരെപ്പോലെയാണ്, അവര്‍ക്ക് ജുമുഅ നിര്‍ബന്ധമില്ല എന്നൊക്കെ ധരിച്ചുവെച്ച കാലമുണ്ടായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കും കുറവുണ്ടായിരുന്നില്ല. മുജാഹിദ് നേതാവായ രണ്ടത്താണി സൈദു മൗലവി അന്തമാനിലെത്തിയ ശേഷമാണ് പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അദ്ദേഹം മാഹീന്‍ ഹാജിയുടെ അളിയനാണ്. അദ്ദേഹത്തിന്റെ സഹോദരിയെയാണ് മാഹീന്‍ ഹാജി കല്യാണം കഴിച്ചിരുന്നത്. ആ ബന്ധുത്വത്തിന്റെ പേരിലാണ് ദ്വീപിലേക്കുള്ള മൗലവിയുടെ വരവ്. അദ്ദേഹം വഅ്‌ള് പറയും. അതില്‍ നവോത്ഥാനാശയങ്ങള്‍ ഉണ്ടാകും. പക്ഷേ, നദ് വത്തുല്‍ മുജാഹിദീന്‍ എന്ന പേരൊന്നും എവിടെയും പറയില്ല. അളിയന്‍ മാഹീന്‍ ഹാജി പാരമ്പര്യവാദികളുടെ നേതാവുമാണല്ലോ. പിന്നെയാണ്  എ.പി അബ്ദുല്‍ ഖാദിര്‍ മൗലവി ദ്വീപിലെത്തുന്നത്. അദ്ദേഹം അന്ന് വളരെ ചെറുപ്പമാണ്. പുരോഗമനാശയങ്ങൾ അദ്ദേഹത്തിൽ സ്വാധീനം ചെലുത്തിവരുന്ന കാലമാണ്. പണ്ഡിതനെന്ന നിലക്ക് അദ്ദേഹം അറിയപ്പെട്ടു തുടങ്ങിയിട്ടില്ല.

ദിവസങ്ങളോളം അദ്ദേഹമിവിടെ താമസിക്കും. പള്ളിയില്‍ ഇമാമായി നില്‍ക്കും. അക്കാലത്ത് പ്രബോധനം പ്രതിപക്ഷ പത്രം ദ്വീപിലെ ഒരാള്‍ക്ക് വരുന്നുണ്ട്. എ.പി സ്ഥിരമായി ആ കോപ്പി സംഘടിപ്പിച്ച് വായിക്കാറുണ്ടായിരുന്നു.  മുപ്പത് കൊല്ലം കഴിഞ്ഞ് വീണ്ടും എ.പി അന്തമാനിലെത്തുന്നുണ്ട്. അപ്പോഴേക്കും അദ്ദേഹം മുജാഹിദ് നേതൃനിരയിലെ അറിയപ്പെട്ട പണ്ഡിതനായി മാറിക്കഴിഞ്ഞിരുന്നു.

ക്രമേണ പരിഷ്കരണ ആശയങ്ങളില്‍ ആകൃഷ്ടരായ ഒരു സംഘം രൂപപ്പെട്ടു. പിന്നീടാണ് മുഹമ്മദ് ഷെഡു മൗലവി എത്തുന്നത്. കരുവാരക്കുണ്ട് സ്വദേശിയായ അദ്ദേഹം ഉമറാബാദിൽ പഠിച്ചിട്ടുണ്ട്.  പാകിസ്താനിലെ പട്ടാള ഭരണകൂടം മൗലാനാ മൗദൂദിയെ തൂക്കിലേറ്റാന്‍ തീരുമാനിച്ചപ്പോള്‍, അതിനെതിരെ ഷെഡു മൗലവിയും മാഹീന്‍ ഹാജിയും എന്റെ പിതാവും ഖബ്‌റിസ്താന്‍ പള്ളിയില്‍ ആളുകളെ വിളിച്ചുചേര്‍ത്ത് പ്രമേയം അവതരിപ്പിച്ച് പാസ്സാക്കുകയും അത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. മാഹീന്‍ ഹാജി അപ്പോഴേക്കും പരിഷ്‌കരണാശയങ്ങളില്‍ ആകൃഷ്ടനായിക്കഴിഞ്ഞിരുന്നു.

അതോടെ സുന്നി-മുജാഹിദ് ആശയ സംഘട്ടനങ്ങളും ആരംഭിച്ചു. വാദപ്രതിവാദങ്ങളും അരങ്ങേറി. കെ.കെ ജമാലുദ്ദീന്‍ മൗലവിയും സൈദു മൗലവിയും മുജാഹിദ് പക്ഷത്ത്; കെ.വി മുഹമ്മദ് മുസ്ലിയാര്‍ കൂറ്റനാട്, വി. കുട്ടി ഹസന്‍ ഹാജി തുടങ്ങിയവര്‍ മറുപക്ഷത്തും. ഒടുവില്‍ ഇരുപക്ഷവും നേര്‍ക്കുനേരെ ഇരുന്ന് ചര്‍ച്ച നടത്താന്‍ തീരുമാനമായി. അതിനിടക്ക് ജമാലുദ്ദീന്‍ മൗലവിക്ക് അസുഖമായി.

പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് വന്നു. അപ്പോള്‍ മറുപക്ഷം പുതിയ വാദങ്ങളുമായി രംഗത്തെത്തി. സൈദു മൗലവിക്ക് മതബിരുദങ്ങളൊന്നുമില്ല. അതിനാല്‍ പണ്ഡിതനല്ലാത്ത ഒരാളുമായി ഞങ്ങള്‍ ചര്‍ച്ച നടത്തില്ല. അങ്ങനെ യാഥാസ്ഥിതിക വിഭാഗം ഏകപക്ഷീയമായി വിജയ പ്രഖ്യാപനവും നടത്തി.

പിന്നെയാണ് ചേകനൂര്‍ മൗലവിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായ മറ്റൊരു മൗലവി എത്തുന്നത്. അബ്ദുല്‍ അസീസ് എന്നാണ് പേര്. തൃപ്പനച്ചിക്കാരനാണ്. അവസാന കാലത്ത് അദ്ദേഹം അഹ് ലുൽ ഖുർആൻ, മോഡേൺ ഏജ് സൊസൈറ്റി പോലുള്ള സംഘങ്ങൾക്കൊപ്പമാണ് ഉണ്ടായിരുന്നത്. ഖാദിയാനികള്‍ പുറത്തിറക്കുന്ന 'സത്യദൂതന്‍' മാസികയും അദ്ദേഹത്തിന്റെ കൈയിലുണ്ടാവും.

എത്തിയതോ, പുരോഗമനാശയങ്ങളില്‍ ആകൃഷ്ടരായവര്‍ നടത്തുന്ന പള്ളിയിലേക്ക് ഇമാമായി! സുന്നി പക്ഷത്തെ അദ്ദേഹം അതിനിശിതമായി കടന്നാക്രമിച്ചു. ഈ മൗലവി പലതരം ആശയങ്ങളുടെ പിടിയിലായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരിലൊരാളാണ്. ഇദ്ദേഹം മുഖേനയാണ് ഞാന്‍ തുടക്കത്തില്‍ ഖാദിയാനി ആശയങ്ങളിലേക്ക് ആകൃഷ്ടനാകുന്നത്. ഖാദിയാനി നേതാവ് അബ്ദുല്‍ വഫാ എന്നയാൾക്ക് ബൈഅത്ത് ചെയ്യാന്‍ വരെ എന്നോട് പറഞ്ഞതാണ്. ഇനി ഇങ്ങോട്ട് വരാന്‍ പോകുന്നത് ഒരു 'മൗദൂദി'യാണെന്നും അയാളെ കരുതിയിരിക്കണമെന്നും ഇദ്ദേഹം ഞങ്ങള്‍ വിദ്യാര്‍ഥികളോട് പറയുമായിരുന്നു.

ഇതിനൊരു പശ്ചാത്തലമുണ്ട്. നേരത്തെ സൂചിപ്പിച്ച ചര്‍ച്ച നടക്കാതെ വന്നപ്പോള്‍ സുന്നി പക്ഷം ഏകപക്ഷീയമായി വിജയപ്രഖ്യാപനം നടത്തിയത് മുജാഹിദ് പക്ഷത്തിന് ക്ഷീണമായി. അന്തമാനിലേക്ക് പ്രഗത്ഭനായ ഒരാളെ അയച്ചുതരണമെന്ന് അവര്‍ കേരളത്തിലെ മുജാഹിദ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. സ്ഥിരം പ്രബോധനം വായനക്കാരായ ആളുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. മുജാഹിദ് നേതൃത്വം ആളെ അയച്ചുകൊടുക്കാമെന്ന് ഏറ്റെങ്കിലും, അദ്ദേഹത്തിന് കൊടുക്കേണ്ട ശമ്പളം, മറ്റു സൗകര്യങ്ങള്‍ ഇതൊന്നും അന്തമാനിലെ മുജാഹിദ് കേന്ദ്രത്തിന് താങ്ങാന്‍ കഴിയുമായിരുന്നില്ല. സാമ്പത്തിക സ്ഥിതി അത്രക്ക് പരിതാപകരമായിരുന്നു. നിരാശരായ മുജാഹിദ് കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ അന്നത്തെ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ കെ.സി അബ്ദുല്ല മൗലവിക്ക് കത്തെഴുതി. അങ്ങനെയാണ് ശാന്തപുരം ഇസ്ലാമിയാ കോളേജ് ആദ്യ ബാച്ചുകാരനായ പി.കെ ഇബ്‌റാഹീം മൗലവി, കെ.സിയുടെ നിര്‍ദേശപ്രകാരം അന്തമാനിലേക്ക് വരാന്‍ തീരുമാനിക്കുന്നത്. വരുന്നത് 'മൗദൂദി'യാണെന്ന് അബ്ദുല്‍ അസീസ് മൗലവി 'മുന്നറിയിപ്പ്' നല്‍കിയത് ഈ പശ്ചാത്തലത്തിലാണ്.

അബ്ദുല്‍ അസീസ് മൗലവിയുടെ ഉള്ളില്‍ ഖാദിയാനിസവും ചേകനൂരിസവും മറ്റെന്തെല്ലാമോ ആശയങ്ങളുമൊക്കെയാണുള്ളത്. 1964- 65 കാലമാണ്. ഞാനപ്പോള്‍ വിദ്യാര്‍ഥിയാണ്. പതിനഞ്ച് വയസ്സായിക്കാണും. ഇത്തരം ആശയങ്ങളില്‍ ഞാനും പെട്ടുപോയി. രാത്രി ഞാന്‍ ഖാദിയാനി നേതാവ് അബുല്‍ വഫായുടെ അടുത്ത് പോകും. ഉര്‍ദുവില്‍ അദ്ദേഹമെഴുതിയ എല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ രാത്രി പന്ത്രണ്ട്, ഒരു മണിയാകും. ഞങ്ങളുടെ തൊട്ടടുത്ത് ഒരു ഫോറസ്റ്റ് ഓഫീസര്‍ താമസിക്കുന്നുണ്ട്. അദ്ദേഹം ഇടക്കിടെ വാപ്പയോട് പറയും, കുട്ടി  പിഴച്ചു പോകുന്നുണ്ട്, ശ്രദ്ധിക്കണം. ഞാനാണെങ്കില്‍ ഒറ്റ മകനാണ്. വാപ്പ വലിയ ടെന്‍ഷനിലായി.

അപ്പോഴാണ് പി.കെ ഇബ്‌റാഹീം മൗലവി എത്തുന്നത്. ആളുകളെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് വല്ലാത്ത കഴിവാണ്. ഏത് വിഭാഗം പണ്ഡിതന്മാരുമായും അടുത്ത സൗഹൃദവും ബന്ധവും അദ്ദേഹം ഉണ്ടാക്കിയെടുത്തു. ഖാദിയാനിസത്തിനെതിരെ എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിച്ച് നിര്‍ത്തുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. എന്റെ ചാഞ്ചാട്ടങ്ങള്‍ അദ്ദേഹത്തിന് പിടികിട്ടിയിട്ടുണ്ട്. എന്നെ പ്രത്യേകമായി അദ്ദേഹം നോട്ടമിട്ടു. ഞാനപ്പോള്‍ ഒരുവിധം ഖാദിയാനീ പുസ്തകങ്ങളൊക്കെ വായിച്ചുതീര്‍ത്തിട്ടുണ്ട്. ഇബ്‌റാഹീം സാഹിബ് പലതും പറഞ്ഞുതരുന്നുണ്ടെങ്കിലും അതൊന്നും തലയില്‍ കയറുന്നുണ്ടായിരുന്നില്ല. മഞ്ചേരിയിലെ ഒരു ഖാദിയാനി നേതാവുമായി എനിക്ക് കത്തിടപാടുണ്ടായിരുന്നു. 'ലാ നബിയ്യ ബഅ്ദീ' എന്നതിന് 'എനിക്ക് ശേഷം നബിയില്ല' എന്നല്ല, 'എനിക്കെതിരെ നബിയുണ്ടാവില്ല' എന്നാണ് അദ്ദേഹം അര്‍ഥം പറയുക.

ഇങ്ങനെയൊക്കെ ചിന്തകള്‍ കലുഷമായിക്കൊണ്ടിരുന്നപ്പോഴും, ഇവിടെ മര്‍കസില്‍ പഠിച്ച വിദ്യാര്‍ഥി എന്ന നിലക്ക് ജമാഅത്ത് വൃത്തത്തില്‍ തന്നെയാണ് ഞാനുണ്ടായിരുന്നത്. അഖിലേന്ത്യാ ജമാഅത്ത് സെക്രട്ടറി ഹാമിദ് ഹുസൈന്‍ സാഹിബ് അന്തമാനില്‍ വന്ന് 'ജംഇയ്യത്തുത്ത്വലബ' എന്ന വിദ്യാര്‍ഥി സംഘടനക്ക് രൂപം നല്‍കിയപ്പോള്‍ ഞാനതിന്റെ സെക്രട്ടറിയുമായി. ജമാഅത്തിന് വിവിധ സ്ഥലങ്ങളില്‍ ഘടകങ്ങള്‍ രൂപവത്കരിക്കപ്പെടുന്നതും ഇക്കാലത്താണ്. ഹൈദറലി ശാന്തപുരവും ഇബ്‌റാഹീം സാഹിബിനെ സഹായിക്കാനായി എത്തിച്ചേരുന്നുണ്ട്. ഇരുവര്‍ക്കും ജമാഅത്ത് അംഗത്വം ലഭിക്കുന്നതും ഇവിടെ വെച്ചാണ്.  കുറ്റ്യാടി സൂപ്പി മൗലവി, ടി. അബ്ദുര്‍റഹ്മാന്‍ തിരൂര്‍ക്കാട്, അയ്യൂബ് മൗലവി തുടങ്ങിയവരൊക്കെ എത്തി ഒരു ടീമായി പ്രവര്‍ത്തിക്കുന്ന കാലമാണ്. ശാന്തപുരം മോഡല്‍ വിദ്യാഭ്യാസ സ്ഥാപനമാണ് അവരുടെ മനസ്സിലുണ്ടായിരുന്നത്. സിലബസും ശാന്തപുരത്തേത്. ഏറെ വൈകാതെ ഇബ്‌റാഹീം സാഹിബ് നാട്ടിലേക്ക് തിരിച്ചുപോയി. മദീനാ യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് അവസരം കിട്ടിയപ്പോള്‍ ഹൈദറലി ശാന്തപുരവും ദ്വീപ് വിട്ടു. കെ.ടി അബ്ദുർറഹീം സാഹിബ് അന്തമാനിൽ വരുമ്പോൾ ടി. അബ്ദുര്‍റഹ്മാന്‍ സാഹിബ് മാത്രമേ കേരളത്തില്‍നിന്നുള്ള മുഴുസമയ പ്രവര്‍ത്തകനായി ഇവിടെയുള്ളൂ. മര്‍കസ് നടത്തിവന്നിരുന്ന വിദ്യാഭ്യാസ സ്ഥാപനം മുന്നോട്ടു പോകാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. സ്ഥാപനം ജമാഅത്തെ ഇസ്ലാമിയുടേതാണെന്ന് വ്യക്തമായതോടെ അതിനെതിരെ വ്യാപകമായ കള്ളപ്രചാരണങ്ങള്‍ നടന്നു. ഇത് സര്‍ക്കാര്‍ വിരുദ്ധ സംഘടനയാണ്, കുട്ടികള്‍ക്ക് ജോലി കിട്ടില്ല തുടങ്ങിയ ആരോപണങ്ങള്‍ വിശ്വസിച്ച് പല രക്ഷിതാക്കളും കുട്ടികളെ സ്ഥാപനത്തില്‍നിന്ന് പിന്‍വലിച്ചു. ഒടുവില്‍, കെ.ടിക്ക് ആ സ്ഥാപനം തന്നെ നിര്‍ത്തേണ്ടിവന്നു. അവിടെയുള്ള വിദ്യാര്‍ഥികളെ ശാന്തപുരത്തും തിരൂര്‍ക്കാടുമൊക്കെയുള്ള പ്രസ്ഥാന സ്ഥാപനങ്ങളിലേക്ക് അയച്ചു. എം.ബി അബ്ദുർറശീദ്, എന്‍. മൂസ, എന്‍. ഹംസ തുടങ്ങിയവര്‍ അങ്ങനെ കേരളത്തിലെ സ്ഥാപനങ്ങളില്‍ എത്തിച്ചേര്‍ന്നവരാണ്. മര്‍കസ് എന്ന പേരില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സ്റ്റുവര്‍ട്ട് ഗഞ്ചിലെ ജമാഅത്ത് ആസ്ഥാനത്തെപ്പറ്റി 'ഗതകാല സ്മണകള്‍' എന്ന പുസ്തകത്തില്‍ ഹൈദറലി ശാന്തപുരവും, 'പ്രസ്ഥാന യാത്രകള്‍' എന്ന പുസ്തകത്തില്‍ കെ.ടി അബ്ദുര്‍റഹീം സാഹിബും (രണ്ടും ഐ.പി.എച്ച് പ്രസിദ്ധീകരിച്ചത്) വിശദമായി എഴുതിയിട്ടുണ്ട്. സ്റ്റുവര്‍ട്ട് ഗഞ്ചില്‍ ജമാഅത്തിന്റെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍ പള്ളിയും മദ്‌റസയും നടന്നുവരുന്നുണ്ട്.

മര്‍കസിലുണ്ടായിരുന്ന എം.ബി അബ്ദുർറശീദ്, എന്‍. ഹംസ, എം. അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് സുഊദിയിലെ മദീനാ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കാനും പിന്നീട് അവസരമുണ്ടായി. എന്റെ പേരും ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഞാന്‍ മാതാപിതാക്കളുടെ ഏക മകനാണ്. അവര്‍ക്കാണെങ്കില്‍ പ്രായവുമായി. അങ്ങനെയാണ് ഞാന്‍ മദീനാ യൂനിവേഴ്സിറ്റിയിലേക്ക് പോകേണ്ടെന്ന് വെച്ചത്. അതൊരു നഷ്ടമായി ഞാന്‍ കരുതുന്നില്ല. അവിടെ പോയി പഠിച്ചാല്‍ കിതാബ് തിരിയുന്ന പണ്ഡിതനാകാം എന്നത് ശരിയാണ്. ഇവിടെ പണ്ഡിതന്മാര്‍ പൊതുവെ ജനങ്ങളിലേക്കിറങ്ങാന്‍ വിമുഖത കാണിക്കുന്നവരാണ്. 'പാണ്ഡിത്യ ഭാരം' ഇല്ലാത്തതിനാല്‍  ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിക്കൊണ്ടായിരുന്നു എന്റെ പ്രാസ്ഥാനിക ജീവിതം. അതേസമയം സ്വയം പഠിക്കാന്‍ ഞാന്‍ എന്നും ഉത്സുകനുമായിരുന്നു. ഉര്‍ദു ഞാന്‍ സ്വയം പഠിച്ചതാണ്. മുജ് രിം, സബിസ്താന്‍ പോലുള്ള ഉര്‍ദു ഡിറ്റക്ടീവ് നോവലുകളൊക്കെ വായിക്കുന്ന ഒരാളുണ്ടായിരുന്നു തൊട്ടടുത്ത പ്രദേശത്ത്. ആ നോവലുകളൊക്കെ കൊണ്ടുവന്ന് ഞാന്‍ മെനക്കെട്ടിരുന്ന് വായിക്കും. ദല്‍ഹിയിലെ ജമാഅത്ത് കേന്ദ്രത്തിലേക്ക് ഉര്‍ദുവിലാണ് റിപ്പോര്‍ട്ട് അയക്കേണ്ടത്. ആ റിപ്പോര്‍ട്ട് എഴുതാന്‍ വേണ്ടിയാണ് തിരക്കിട്ടുള്ള ഈ  ഉര്‍ദു പഠനം. ഇവിടെ സ്‌കൂളിലെ പഠന മാധ്യമം ഹിന്ദിയായതുകൊണ്ട് ഉര്‍ദു പഠനം എളുപ്പമായി. 'റൂദാദേ ജമാഅത്തെ ഇസ്ലാമി' എന്ന അഞ്ച് ഭാഗങ്ങളുള്ള ഉര്‍ദു പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്. മലയാളവും ഞാന്‍ ഔപചാരികമായി പഠിച്ചിട്ടില്ല. കാളികാവുകാരനായ ഒരാള്‍ കുറച്ചുകാലം ഇവിടെ അധ്യാപകനായി ഉണ്ടായിരുന്നു. അയാളില്‍നിന്നാണ് ഞാന്‍ മലയാളം പഠിച്ചത്. പ്രബോധനവും ഐ.പി.എച്ച് സാഹിത്യങ്ങളും നിരന്തരം വായിക്കുന്നതുകൊണ്ട് അത്യാവശ്യം നല്ല മലയാളത്തില്‍ എഴുതാനും കഴിയും. l

(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 27-38
ടി.കെ ഉബൈദ്

ഹദീസ്‌

പ്രാർഥനകളുടെ ഭാഷ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്