അബ്ദുർറശീദ് മുൻഷി
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിനടുത്തുള്ള ഗോതമ്പ് റോഡ് ഹൽഖയിലെ സജീവ പ്രവർത്തകനായിരുന്നു അബ്ദുർറശീദ് മുൻഷി (74). ശാന്തപുരം അൽ ജാമിഅയിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയാവുന്നത്. കാസർകോട് ജില്ലയിലെ ഉദുമയിൽ അറബി മുൻഷിയായി ജോലിയിൽ പ്രവേശിച്ചത് മുതൽ നാട്ടുകാർക്കും സഹപ്രവർത്തകർക്കും റശീദ് സാഹിബ് 'മുൻഷി'യായി മാറുകയായിരുന്നു. അധ്യാപന ജീവിതം അവസാനിപ്പിച്ച് ദീർഘകാലം സുഊദിയിലും യു.എ.ഇയിലും പ്രവാസിയായ മുൻഷി, നാട്ടിൽ തിരിച്ചെത്തി പ്രസ്ഥാന പ്രവർത്തന രംഗത്ത് സജീവമായി.
മുക്കം ഗോതമ്പ് റോഡ് പ്രദേശത്താണ് സ്ഥിര താമസമെങ്കിലും, 2016-ൽ ശാന്തപുരം അൽ ജാമിഅയിൽ പി.ജി വിദ്യാർഥികളുടെ മെന്ററായത് മുതൽ സഹവാസം കൊണ്ട് ശാന്തപുരത്തുകാരനായി മാറുകയായിരുന്നു. അൽ ജാമിഅയില പി.ജി വിദ്യാർഥികളുടെ മെന്ററായാണ് തുടക്കമെങ്കിലും പ്രായം വകവെക്കാതെ മറ്റിതര മേഖലകളിലും അദ്ദേഹത്തിന്റെ സേവനം എത്തിയിരുന്നു. ജാമിഅയുടെ നെൽവയൽ ഏറ്റെടുത്ത് നെൽ കൃഷിയിലും പച്ചക്കറി കൃഷിയിലും ഏർപ്പെട്ട് ശാന്തപുരത്തെ ആസ്ഥാന കർഷകനായും അദ്ദേഹം മാറി. ശാന്തപുരത്തെ ജോലിക്കിടയിൽ പ്രദേശവാസികളുമായും സൗഹൃദം ഊട്ടിയുറപ്പിച്ചു. സഹപ്രവർത്തകർ തങ്ങളുടെ എന്തെങ്കിലും പ്രയാസങ്ങൾ പങ്കുവെക്കുമ്പോൾ അവർക്ക് ആശ്വാസമേകുന്ന ഉപദേശങ്ങൾ നൽകും. പ്രായഭേദമില്ലാതെ എല്ലാവരിലേക്കും ഇറങ്ങിച്ചെന്ന് അവരോടൊപ്പം സേവനത്തിലും യാത്രകളിലും പങ്കാളിയായി മാറും. വിദേശത്തുള്ള മകൻ നേരത്തെ നിശ്ചയിച്ച പ്രകാരം നാട്ടിലെത്തിയെങ്കിലും മകനെ കാണാൻ കഴിയാതെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. അരീക്കോട് ഉഗ്രപുരം, പാറപ്പുറം സ്വദേശി പരേതനായ മുഹമ്മദ്, ഫാത്തിമ എന്നിവരുടെ മകനാണ്. ഭാര്യ സഫിയ.
എ.കെ ഇസ്മാഈൽ ശാന്തപുരം
മത സാംസ്കാരിക, അധ്യാപന, കലാ-കായിക, പത്രപ്രവർത്തന രംഗങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു കഴിഞ്ഞ ഫെബ്രുവരി 29-ന് നമ്മെ വിട്ടുപിരിഞ്ഞ എ.കെ ഇസ്മാഈൽ ശാന്തപുരം (55). സി.ടി സാദിഖ് മൗലവി ശാന്തപുരം അസി. ഖാദിയായിരിക്കുന്ന സമയത്ത് ശാന്തപുരം ഹൽഖയുടെ നേതൃത്വത്തിൽ രൂപീകൃതമായ 'ഇബാദുർ റഹ്മാ'ന്റെ പ്രവർത്തകരിലൊരാളായിരുന്നു ഇസ്മാഈൽ. അദ്ദേഹവും സംഘവും അവതരിപ്പിച്ച പുതുമയുള്ള പരിപാടിയായിരുന്നു വടികളി. തൃശൂർ ജില്ലക്കാരൻ സൈതാലി പരിശീലിപ്പിച്ച പരിപാടി അവതരിപ്പിച്ചത് പ്രസ്തുത വേദിയുടെ ഒന്നാം വാർഷികത്തിലായിരുന്നു. ശാന്തപുരം ഇസ് ലാമിയാ കോളേജ് പൂർവ വിദ്യാർഥിയും അധ്യാപകനും സാക്ഷരതാ മിഷ്യൻ പ്രവർത്തകനും അധ്യാപകനുമായിരുന്നു. എസ്.ഐ.ഒവിന്റെ കീഴിൽ രൂപംകൊണ്ട സർഗസംഗമത്തിന്റെ ആദ്യ സംസ്ഥാന കലാവിരുന്നിൽ 'നിങ്ങൾക്ക് മോചനമില്ല' എന്ന നാടകത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു ഇസ്മാഈൽ. നല്ലൊരു ഗിത്താറിസ്റ്റുമായിരുന്നു. കരാട്ടേ ബ്ലാക്ക് ബെൽറ്റിൽ പരിശീലനം നേടിയ അദ്ദേഹം കൂടുതൽ പരിശീലനങ്ങൾക്കായി ജപ്പാനിലേക്ക് പോകാൻ തയാറെടുത്തെങ്കിലും, നടന്നില്ല. നല്ലൊരു കൃഷിക്കാരനും കച്ചവടക്കാരനുമായിരുന്നു. ശാന്തപുരത്തെ സീമേൻ അബൂബക്കറിന്റെ മൂന്നാമത്തെ പുത്രനാണ്.
മാധ്യമം മലപ്പുറം എഡിഷൻ ഉദ്ഘാടനം ചെയ്തപ്പോൾ ഓഫീസ് അഡ്മിനിസ്ട്രേഷനിൽ നിയമിതനായി. വിവിധ മാധ്യമം ഓഫീസുകളിൽ ജോലി ചെയ്തിട്ടുണ്ട്. മക്കളുടെ പ്രാസ്ഥാനിക-വൈജ്ഞാനിക കാര്യങ്ങളിലും ശ്രദ്ധാലുവായിരുന്നു. മകനും രണ്ടു പെണ്മക്കളും ശാന്തപുരം അൽജാമിഅ പഠനം പൂർത്തിയാക്കിയവരാണ്. ഭാര്യ സഫിയ ശാന്തപുരം നോർത്ത് വനിതാ ഹൽഖ പ്രവർത്തകയാണ്.
എ.കെ ഖാലിദ് മാസ്റ്റർ ശാന്തപുരം
പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
Comments