തുരുമ്പിച്ച താക്കോലുകൾ
ആ താക്കോലെടുത്ത്
അയാളാ പഴയ ഭൂപടം തുറന്നു
വിറയാർന്ന വിരലാൽ
തന്റെ ഗ്രാമത്തെ തൊട്ടു
ഒഴുക്ക് നിലച്ച പുഴയെ
ഒരു കുമ്പിളിൽ
കോരിയെടുത്തു ഉമ്മവെച്ചു
വിളഞ്ഞുനിൽക്കുന്ന ഓറഞ്ചുതോട്ടത്തിലിരുന്ന്
അല്ലികൾ പിഴിഞ്ഞ്
ഓർമയുടെ കണ്ണുകളെ നീറ്റിച്ചു
ഉറ്റവരുറങ്ങുന്ന ഖബറിലെ
മീസാൻകല്ലിൽ മാഞ്ഞുപോയൊരു
കാലത്തെ കൊത്തി
പലായനം ചെയ്ത മണ്ണുവഴിയിൽ
മാഞ്ഞുതുടങ്ങിയ ഉപ്പൂറ്റിവിള്ളലുകളെ,
പാകമാകാത്ത കുഞ്ഞുടുപ്പിൽ
കുട്ടിപ്പൗഡർ മണക്കുന്ന ഓർമകളെ
വീണ്ടും കൊത്തി
ആ താക്കോലെടുത്ത്
അയാളാ പുഴയെ തുറന്നുവിട്ടു
തണുത്തുവിറച്ചുനിൽക്കുന്ന തന്നെത്തന്നെ
അതിലേക്ക് തള്ളിയിട്ടു
എന്നോ വറ്റിയ പുഴ
അയാൾക്കായി
ഒരിക്കൽക്കൂടി ഒഴുകാമെന്നേറ്റു
ആ താക്കോലെടുത്ത്
അയാളാ ഓറഞ്ചുതോട്ടത്തിലേക്കുള്ള
വഴിയൊക്കെയും തുറന്നു
പഴയ കാല്പാടുകളെ പിന്തുടർന്ന്
പഴുത്ത ഓറഞ്ചുപഴങ്ങളെ
കുട്ടയിൽ നിറക്കുന്നവളുടെ അരികിലെത്തി
ഓറഞ്ചല്ലികളിൽ അയാളുമവളും പുളിച്ചു
പുളിച്ച് പുളിച്ച് മധുരിച്ചു
പിന്തിരിയാന്നേരം നീറി
ആ താക്കോലെടുത്ത്
അയാളാ ഖബറ് തുരന്നു
ഉപ്പയുടെയും ഉമ്മയുടെയും
ഇടയിലായി തിക്കിത്തിരക്കി കിടന്നു
കുഞ്ഞനുജത്തിയെ ഇക്കിളിയിട്ടു
അയാളാ പഴയ വീട് തുറന്നു
ഉണങ്ങിയ ഒലീവുകമ്പുകൾ കൊണ്ട്
അടുപ്പിൽ തീ പൂട്ടി
ചോളറൊട്ടിക്കുള്ള മാവ് കുഴച്ചു
കാവ തിളക്കുന്ന മണം പരന്നു
എഴുന്നേൽക്കുന്നില്ലേ
എഴുന്നേൽക്കുന്നില്ലേ
എഴുന്നേൽക്കുന്നില്ലേ....
സുബഹി ബാങ്ക് അയാളെ തട്ടിവിളിച്ചു
മിടിപ്പൊഴിഞ്ഞ പ്രാണന് പിന്നിൽ
ആ താക്കോൽ തൂങ്ങിയാടി
കരിയുന്ന ചോളറൊട്ടിയുടെയും
തിളച്ചുവറ്റിയ കാവയുടെയും മണം
ഭൂപടമാകെ നിറഞ്ഞു.
* ശീർഷകത്തിന് കടപ്പാട്: ബാബു ഭരദ്വാജ്.
പ്രവാസിയുടെ വഴിയമ്പലങ്ങൾ എന്ന പുസ്തകത്തിലെ 'അൽ-നക്ബ; ഫലസ്തീനിന്റെ ജീവിതത്തിലേക്കുള്ള മടക്കയാത്രക്കുള്ള താക്കോൽ' എന്ന ഓർമകുറിപ്പിൽ നിന്ന്. മടങ്ങിവരാനാകുമെന്ന ഒടുവിലെ പ്രതീക്ഷയും പ്രതീകവുമാണ് ഓരോ ഫലസ്ത്വീനി അഭയാർഥിക്കും, തുരുമ്പിച്ച താക്കോലുകൾ.
Comments