Prabodhanm Weekly

Pages

Search

2024 മാർച്ച് 08

3343

1445 ശഅ്ബാൻ 27

പാകിസ്താന്റെ പ്രശ്നം ജനിതക വൈകല്യം

എ.ആര്‍

യൂറോപ്യന്‍ സാമ്രാജ്യ ശക്തികളുടെ കോളനികളായിരുന്ന ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനായി ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ രംഗപ്രവേശം ചെയ്ത മിക്ക പ്രസ്ഥാനങ്ങളും മൗലികമായി നിലയുറപ്പിച്ചത് അതത് രാജ്യങ്ങളുടെ ദേശീയതയിലായിരുന്നുവെന്നത് സാമാന്യ വസ്തുത. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയത് ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സായിരുന്നല്ലോ. സ്വാതന്ത്ര്യ സമരത്തിന്റെ ഭൂമിക ദേശീയതയാവുന്നത് അസ്വാഭാവികമോ അപകടകരമോ അല്ല. വംശീയ, സാമുദായിക, ജാതീയ, വര്‍ഗീയ നിലപാട് തറകളെക്കാള്‍ എല്ലാവരെയും കൂട്ടിപ്പിടിക്കുന്ന ദേശീയത തന്നെ അഭികാമ്യം. പക്ഷേ, ദേശീയത രാജ്യസ്‌നേഹപരമായ വികാരത്തെക്കാള്‍ ആത്യന്തിക ദേശീയതാ ഭ്രാന്തായി മാറുമ്പോള്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും അനിവാര്യമായി ഉല്‍പാദിപ്പിക്കപ്പെടുന്നു. സ്വാതന്ത്ര്യാനന്തര കോളനി രാജ്യങ്ങളില്‍ മിക്കതിലും ഈ പ്രതിഭാസം ശക്തിപ്പെടാന്‍ കാരണം ഉന്മാദ ദേശീയതയാണെന്ന് കാണാം. സ്വതന്ത്ര ഇന്ത്യ മുക്കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ തീവ്ര ഹിന്ദുത്വ ദേശീയത ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും വെല്ലുവിളിച്ച് ആത്യന്തികതയിലേക്ക് പതിക്കുന്നതാണ് നാം നേരിടുന്ന ദുരന്തം.

1906 ‍ഒക്ടോബര്‍ ഒന്നിന് ധാക്കയില്‍ വിളിച്ചുചേര്‍ക്കപ്പെട്ട മുസ് ലിം സമുദായ നേതാക്കളുടെ സുപ്രധാന സമ്മേളനത്തില്‍, ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള വിധേയത്വം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം മുസ് ലിംകളുടെ രാഷ്ട്രീയാവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുകയും ഇതര സമുദായങ്ങളുടെ നേരെ മുസ് ലിംകള്‍ക്ക് വിരോധ വികാരം ഉണ്ടാവുന്നത് തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആൾ ഇന്ത്യാ മുസ് ലിം ലീഗ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ക്രമത്തില്‍ ഈ സംഘടന ദേശീയ തലത്തിലെ സാമുദായിക പ്രസ്ഥാനമായി വളര്‍ന്നു. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ആര്‍ഷ സംസ്‌കാരത്തിന്റെ ഭൂമികയില്‍ പണിതുയര്‍ത്തിയ ഹിന്ദുത്വ ദേശീയതക്ക് പകരം നില്‍ക്കാന്‍ ഒരു മുസ് ലിം ദേശീയത എന്ന സങ്കല്‍പമേ മുസ് ലിം ലീഗിനുണ്ടായിരുന്നില്ല. പകരം ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തോട് സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. എന്നാല്‍, ഭൂരിപക്ഷ സമുദായത്തിന്റെ ആധിപത്യത്തില്‍ മുസ് ലിം ന്യൂനപക്ഷത്തിന്റെ ന്യായമായ താല്‍പര്യങ്ങള്‍ അവഗണിക്കപ്പെടരുത് എന്ന ശാഠ്യം ലീഗിനുണ്ടായിരുന്നു. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനമായ കോണ്‍ഗ്രസ്സിനോട് സുദൃഢ ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ സ്വന്തം സമുദായ താല്‍പര്യങ്ങളുടെ സംരക്ഷണത്തോടൊപ്പം ദേശീയ രാഷ്ട്രീയത്തില്‍ അര്‍ഹമായ സ്ഥാനം നേടിയെടുക്കണമെന്ന നിലപാട് മുസ് ലിം ലീഗ് നേതൃത്വത്തോട് അംഗീകരിപ്പിച്ച ശേഷം മാത്രമാണ് 1916-ല്‍ മുസ് ലിം ലീഗിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ മുഹമ്മദലി ജിന്ന സമ്മതിച്ചത്. ലഖ്‌നൗവില്‍ ചേർന്ന ലീഗ് ദേശീയ സമ്മേളനം ഇരു പാര്‍ട്ടികളും തമ്മിലെ സഹകരണം ഊന്നിപ്പറയുകയും ചെയ്തു. പക്ഷേ, മഹാത്മാ ഗാന്ധി, ജവഹര്‍ ലാല്‍ നെഹ്‌റു തുടങ്ങിയ നേതാക്കളുടെ സാമുദായികതക്കതീതമായ ദേശീയ ഐക്യവികാരം പങ്കുവെക്കാതെ, ഹിന്ദു മഹാ സഭയുടെ ഹിന്ദുത്വ ശാഠ്യത്തോട് അനുഭാവ പൂര്‍വമായ സമീപനം സ്വീകരിച്ച ലോകമാന്യ തിലക്, ഗോപാലകൃഷ്മ ഗോഖലെ, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങിയവരും കോണ്‍ഗ്രസ്സ് നേതൃനിരയില്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകൂടമാകട്ടെ ഈ വൈരുധ്യങ്ങളെ പരമാവധി മൂര്‍ഛിപ്പിച്ചു സ്വന്തം താല്‍പര്യങ്ങള്‍ പരിരക്ഷിക്കാന്‍ ആസൂത്രിതമായി പണിയെടുക്കുകയും ചെയ്തു.

അപ്പോഴും ഹിന്ദു-മുസ് ലിം സഹവര്‍ത്തിത്വത്തിലും ഏകീഭാവത്തിലും വിശ്വാസമര്‍പ്പിച്ച നല്ലൊരു വിഭാഗം നേതാക്കളിലുണ്ടായിരുന്നു. പക്ഷേ, പലവിധ കാരണങ്ങളാല്‍ അവരുടെ ശബ്ദം താഴുകയും വിഭാഗീയതയുടെ സ്വരം മേധാവിത്വം നേടുകയും ചെയ്തതാണ് പില്‍ക്കാല ചരിത്രം. 1930-കളുടെ അവസാനമാവുമ്പോഴേക്ക് ഹിന്ദു-മുസ് ലിം ധ്രുവീകരണം ശക്തിപ്പെട്ട് ദ്വിരാഷ്ട്ര വാദം മൂര്‍ധന്യത്തിലെത്തുന്നതാണ് കാണാനായത്.

1940 മാര്‍ച്ചില്‍ പഞ്ചാബിന്റെ തലസ്ഥാനമായ ലാഹോറില്‍ മുസ് ലിം ലീഗിന്റെ ദേശീയ സമ്മേളനം വിളിച്ചുചേര്‍ത്ത് അതില്‍ ദ്വിരാഷ്ട്ര പ്രമേയം അവതരിപ്പിച്ചുകൊണ്ട് ജിന്ന ചെയ്ത പ്രസംഗം ഇങ്ങനെ: ഹിന്ദുക്കളും മുസ് ലിംകളും രണ്ട് ഭിന്ന തത്ത്വശാസ്ത്രങ്ങളും സാമൂഹികാചാരങ്ങളും സാഹിത്യവും കൊണ്ടുനടക്കുന്നവരാണ്. അവര്‍ പരസ്പരം വിവാഹം ചെയ്യുകയോ ഒരേ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നില്ല. പരസ്പരം ഏറ്റുമുട്ടുന്ന ആശയങ്ങളും സങ്കല്‍പങ്ങളും അടിസ്ഥാനപ്പെടുത്തിയ രണ്ട് ഭിന്ന നാഗരികതകളാണ് അവരുടേത്. അവരുടെ ജീവിത സങ്കല്‍പങ്ങള്‍ വ്യത്യസ്തങ്ങളാണ്. ഭിന്നങ്ങളായ ഇതിഹാസങ്ങളും ഭിന്ന ഹീറോകളും ഭിന്ന എപ്പിസോഡുകളുമാണ് അവര്‍ക്കുള്ളത്. മിക്കപ്പോഴും ഒരു കൂട്ടരുടെ വീരനായകന്‍ മറ്റെ കൂട്ടരുടെ ശത്രുവായിരിക്കും, നേരെ മറിച്ചും. അവരുടെ ജയാപജയങ്ങള്‍ മാറി മറിയും. ഇത്തരം ജനതകളെ ഒരേക സ്റ്റേറ്റിന്റെ കീഴില്‍ കൊണ്ടുവരുന്നത് - ഒന്നിനെ എണ്ണത്തില്‍ ന്യൂനപക്ഷമായും മറ്റേതിനെ ഭൂരിപക്ഷമായും - വര്‍ധിച്ച അസംതൃപ്തിയിലേക്കാണ് നയിക്കുക. നാഷന്‍ എന്നതിന്റെ ഏത് നിര്‍വചന പ്രകാരവും മുസല്‍മാന്‍മാര്‍ ഒരു ജനതയാണ്. അവർക്ക് അവരുടെ ജന്മഗേഹവും ഭൂപ്രദേശവും സ്റ്റേറ്റും ലഭിച്ചേ തീരൂ.

തുടര്‍ന്ന് മാർച്ച് 24-ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍, മുസ് ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയും പൂര്‍വ മേഖലയും ചേര്‍ന്ന യൂനിറ്റുകള്‍ക്ക് സ്വയം ഭരണവും പരമാധികാരവുമുള്ള ഒരു സ്വതന്ത്ര സ്റ്റേറ്റ് രൂപവത്കരിക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചു.

ജിന്നയുടെ പ്രസംഗത്തിലോ ലാഹോര്‍ പ്രഖ്യാപനത്തിലോ നിര്‍ദിഷ്ട മുസ് ലിം സ്‌റ്റേറ്റിന് വിശുദ്ധ ഭൂമി എന്നര്‍ഥമുള്ള പാകിസ്താൻ എന്ന പേര് ഉപയോഗിച്ചിരുന്നില്ലെന്നതാണ് കൗതുകകരമായ കാര്യം. ലണ്ടനിലിരുന്ന് ത്വാരിഖ് അലി കണ്ടെത്തിയ 'പാകിസ്താൻ' ഇന്ത്യന്‍ മീഡിയയാണ് ആദ്യമായി പ്രയോഗിച്ചത്. പിന്നീട് മുസ് ലിം ലീഗ് അതേറ്റെടുക്കുകയായിരുന്നു. 

ബ്രിട്ടീഷ് ഭരണാധികാരികളുടെ സാന്നിധ്യത്തിലും അല്ലാതെയുമായി നാഷ്‌നല്‍ കോണ്‍ഗ്രസും  മുസ് ലിം ലീഗും തമ്മില്‍ നീണ്ട ഏഴു വര്‍ഷക്കാലത്തെ ചര്‍ച്ചകള്‍ക്കും പരിഹാര നിര്‍ദേശങ്ങള്‍ക്കുമൊടുവില്‍ ഇന്ത്യാ വിഭജനം യാഥാര്‍ഥ്യമായി. 1947 ആഗസ്റ്റ് 14-ന് പാകിസ്താനും 15-ന് ഇന്ത്യയും സ്വതന്ത്ര രാഷ്ട്രങ്ങളായിത്തീരുകയും ചെയ്തു. കേവലം മൂന്ന് വര്‍ഷങ്ങള്‍ക്കകം ഇന്ത്യക്ക് ഒരു സെക്യുലര്‍ ഡമോക്രാറ്റിക് ഭരണഘടന അംഗീകരിക്കാനും തദടിസ്ഥാനത്തില്‍ രാജ്യത്തെ റിപ്പബ്ലിക്കായി പ്രഖ്യാപിക്കാനും സാധിച്ചു. പാകിസ്താനാവട്ടെ ഭരണഘടന പോലും നിര്‍മിക്കാനോ അംഗീകരിക്കാനോ സാധിക്കാതെ താല്‍ക്കാലിക സംവിധാനങ്ങളുമായി മുന്നോട്ടു നീങ്ങി. അനിശ്ചിതത്വത്തിന്റെ പിടിയിലമര്‍ന്ന പാകിസ്താനില്‍ 1958-ല്‍ പട്ടാള മേധാവി ജനറല്‍ മുഹമ്മദ് അയ്യൂബ് ഖാന്‍ ഭരണം പിടിച്ചെടുത്ത്, സ്വന്തമായി ബേസിക് ഡമോക്രസി എന്ന പേരില്‍ ഒരു നിയന്ത്രിത ജനാധിപത്യ സംവിധാനം സ്ഥാപിച്ച് പത്തു വര്‍ഷത്തോളം സ്വേഛാ ഭരണം രാജ്യത്തിന് മേല്‍ അടിച്ചേല്‍പിക്കുകയും ചെയ്തു. ഒടുവില്‍ ജനകീയ പ്രക്ഷോഭത്തെ നേരിടാനാവാതെ പുറത്ത് പോവേണ്ടിവന്ന അയ്യൂബ് ഖാന്‍ പിന്‍ഗാമിയായി സൈനിക മേധാവി യഹ് യാ ഖാനെ നിയോഗിക്കുകയായിരുന്നു. യഹ് യാ ഖാനാവട്ടെ ജനകീയ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ജനാധിപത്യാടിസ്ഥാനത്തില്‍ പൊതു തെരഞ്ഞെടുപ്പ് നടത്തുക മാത്രമാണ് പരിഹാരമെന്ന് മനസ്സിലാക്കി 1970 മാര്‍ച്ചില്‍ ഇലക് ഷന്‍ നടത്താന്‍ ഉത്തരവിട്ടു. ആ പൊതു തെരഞ്ഞെടുപ്പാണ് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ജനാധിപത്യാടിസ്ഥാനത്തിൽ നടന്ന സ്വതന്ത്ര തെരഞ്ഞെടുപ്പ്. ഫലം പക്ഷേ, പാകിസ്താനെ രണ്ടായി പിളര്‍ത്തുന്നതിലാണ് കലാശിച്ചത്.

ജനസംഖ്യ കൂടുതലുള്ള കിഴക്കന്‍ പാകിസ്താനില്‍ ബംഗാളി ഭാഷാ ദേശീയതയില്‍ കെട്ടിപ്പടുത്ത അവാമി ലീഗ് ശൈഖ് മുജീബുര്‍റഹ്മാന്റെ നേതൃത്വത്തില്‍ 166 സീറ്റുകള്‍ പിടിച്ചെടുത്ത് കേവല ഭൂരിപക്ഷം നേടി. പശ്ചിമ പാകിസ്താനിലാവട്ടെ 86 സീറ്റുകള്‍ നേടി സുല്‍ഫീക്കര്‍ അലി ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയും വലിയ പാര്‍ട്ടിയായി. പക്ഷേ, രാജ്യത്തിന്റെ കിഴക്കെ കഷ്ണത്തില്‍ മാത്രം ഒതുങ്ങുന്ന അവാമി ലീഗിനെ മൊത്തം ഭരിക്കാന്‍ അനുവദിക്കില്ലെന്ന ഭൂട്ടോവിന്റെ പിടിവാശി 1971-ല്‍ ഇന്ത്യ-പാക് യുദ്ധത്തിലേക്കും, കിഴക്കന്‍ പാകിസ്താന്‍ സ്വതന്ത്ര ബംഗ്ലാദേശായി പിളര്‍ന്ന് പോകുന്നതിലുമാണ് കലാശിച്ചത്.  ശേഷിച്ച പാകിസ്താനില്‍ ഭൂട്ടോവിന്റെ പീപ്പ്ള്‍സ് പാര്‍ട്ടി അധികാരമുറപ്പിച്ചെങ്കിലും സുസ്ഥിര ഭരണം അസാധ്യമായി. തെരഞ്ഞെടുപ്പില്‍ പി.പി.പി നേടിയ വിജയം കൃത്രിമവും ജനാധിപത്യ വിരുദ്ധവുമാണെന്നാരോപിച്ച് മുസ് ലിം ലീഗ്, ജമാഅത്തെ ഇസ്്‌ലാമി, ജംഇയ്യത്തുല്‍ ഉലമാ, ജംഇയ്യത്തു ഉലമായെ ഇസ് ലാം, നിസാമെ ഇസ്ലാം, തഹ് രീകെ ഇസ്തിഖ്‌ലാല്‍ തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് പാകിസ്താന്‍ നാഷ്‌നല്‍ അലയന്‍സ് രൂപവത്കരിച്ച് പ്രക്ഷോഭത്തിനിറങ്ങി. രാജ്യം പ്രക്ഷുബ്ധമായി ഭരണസ്തംഭനം നേരിട്ടപ്പോള്‍ ജനറല്‍ സിയാഉല്‍ ഹഖ് മാർഷൽ ലോ പ്രഖ്യാപിച്ച് അധികാരം പിടിച്ചെടുത്തതോടെ ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. 10 കൊല്ലം ഭരിച്ച അദ്ദേഹം വ്യോമാപകടത്തില്‍ കൊല്ലപ്പെട്ടതോടെ വീണ്ടും രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടു മന്ത്രിസഭകള്‍ തുടര്‍ക്കഥയായി. പട്ടാളത്തിന്റെ ഇടപെടല്‍ സ്ഥിരം യാഥാര്‍ഥ്യമായിരിക്കെ 75 വര്‍ഷത്തിലൊരിക്കല്‍ പോലും സുസ്ഥിരതയും സമാശ്വാസവും പൂര്‍ണമായി അനുഭവിക്കാന്‍ കഴിയാതെ പോയ രാജ്യമാണ് പാകിസ്താന്‍. കാരണങ്ങള്‍ ചുരുക്കിപ്പറയാം:

ഒന്ന്, മതാടിസ്ഥാനത്തിലെ ദേശീയത ഒരു കാലത്തും രാജ്യങ്ങളെ സുസ്ഥിരമായി നിലനിര്‍ത്തിയ ചരിത്രമില്ല. വിശേഷിച്ചും, വംശീയതയെയും ദേശീയതയെയും പാടെ നിരാകരിക്കുന്ന ഇസ് ലാമിന്റെ  മേല്‍വിലാസത്തില്‍ നേടിയ പാകിസ്താനെ മുസ് ലിം ദേശീയാടിത്തറയില്‍ കെട്ടിപ്പടുക്കാന്‍ നടന്ന ശ്രമങ്ങളത്രയും പരാജയപ്പെടുകയേ ചെയ്തിട്ടുള്ളൂ. പഞ്ചാബിയും സിന്ധിയും മുഹാജിറും പഠാണിയും ബലൂചിയും അരങ്ങ് വാഴുന്ന പാകിസ്താനിൽ യഥാര്‍ഥ പാകിസ്താനിയെ കണ്ടെത്താന്‍ പരസ്യം ചെയ്താലും പ്രതികരണമുണ്ടായെന്ന് വരില്ല. സ്വാനുഭവത്തില്‍ നിന്നൊരു സംഭവം അനുസ്മരിക്കുന്നത് കൗതുകകരമാവും. 1975-ല്‍ ദോഹയില്‍ കഷ്ടിച്ച് മൂന്ന് മാസക്കാലം ഒരു ട്രെയ്ഡിംഗ് കമ്പനിയില്‍ താല്‍ക്കാലികമായി ജോലി ചെയ്യേണ്ടിവന്നു ഈയുള്ളവന്. കമ്പനിയിലെ തൊഴിലാളികളില്‍ ഇന്ത്യക്കാരും ലബനാനികളും പാകിസ്താനികളുമെല്ലാം ഉണ്ടായിരുന്നു. പഞ്ചാബിയും സിന്ധിയും പഠാനും ബലൂചിയുമെല്ലാമടങ്ങിയ പാകിസ്താനികള്‍ പരസ്പരം പോരടിക്കുക പതിവായിരുന്നു. പലതവണ ഞാന്‍ ഇടപെട്ടു സമാധാനം സ്ഥാപിക്കാന്‍ ശ്രമിച്ചുവെങ്കിലും അടിപിടി തുടര്‍ന്നു. ഒടുവില്‍ തമ്മില്‍ തല്ലിയ രണ്ട് തൊഴിലാളികള്‍ പരാതിയുമായി എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: 'എിക്കിനി നിങ്ങളുടെ കാര്യത്തില്‍ ഇടപെടാനാവില്ല. നിങ്ങള്‍ വല്ല പാകിസ്താനിയെയും സമീപിച്ചോളൂ.' 'ഞങ്ങള്‍ രണ്ട് പേരും പാകിസ്താനികളാണ്'- അവരുടെ പ്രതികരണം. 'ഏയ് അല്ല, നിങ്ങള്‍ ബലൂചിയും പഠാണിയും പഞ്ചാബിയുമൊക്കെയാണ്. ഒരു പാകിസ്താന്‍കാരനെയും ഞാനിതുവരെ കണ്ടിട്ടില്ല.' പഞ്ചാബിയായ ഫോര്‍മാന്‍ റഊഫ് വിവരമറിഞ്ഞപ്പോൾ 'നിങ്ങള്‍ നമ്മുടെ നാടിനെ അപകീര്‍ത്തിപ്പെടുത്തിയല്ലോ' എന്നായിരുന്നു അയാളുടെ പ്രതികരണം.

ജനിതക വൈകല്യമാണ് പ്രശ്‌നത്തിന്റെ കാതല്‍. പല ഭാഷകള്‍ സംസാരിക്കുന്ന, പല വംശീയതകളുടെ സന്തതികളായ ജനവിഭാഗത്തെ ആദര്‍ശാടിസ്ഥാനത്തില്‍ പ്രബുദ്ധരാക്കുകയോ ഏകീകരിക്കുകയോ ചെയ്യാതെ വെറും 'മുസ് ലിം' ഐഡന്റിറ്റി മാത്രം മുന്‍നിര്‍ത്തിയ ഒരു രാഷ്ട്ര നിര്‍മിതിയുടെ പരീക്ഷണമായിരുന്നു പാകിസ്താന്‍. നിലവില്‍ വന്ന ഒന്നാം തീയതി തന്നെ ഉര്‍ദു ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചതോടെ പ്രശ്‌നം തുടങ്ങി. ജനസംഖ്യാപരമായി ഒന്നാമതായ ബംഗാളികള്‍, അവരുടെ ഭാഷക്ക് ഔദ്യോഗിക പദവി നല്‍കാത്തതിനെതിരെ പ്രകോപിതരായി. 1800 കിലോമീറ്റര്‍ ദൂരെയുള്ള കിഴക്കന്‍ പാകിസ്താനെ ഒരേ രാഷ്ട്രഘടനയില്‍ ഇഴുകിച്ചേര്‍ക്കാനുള്ള ഗൗരവപൂര്‍ണമായ ഒരു നീക്കവും നടന്നതുമില്ല. പശ്ചിമ പാകിസ്താനില്‍ തന്നെ പഞ്ചാബികളും സിന്ധികളും പഠാണികളും ബലൂചികളും പുറമെ, ഇന്ത്യയില്‍നിന്ന് അഭയാര്‍ഥികളായി വന്ന മുഹാജിറുകളും മോരും മുതിരയും പോലെ ഒരിക്കലും പരസ്പരം ഉദ്ഗ്രഥിമാവാതെ ഇപ്പോഴും തുടരുന്നു. ബലൂചിസ്താനില്‍ വിഘടന വാദം മൂര്‍ഛിക്കുക കൂടി ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ കറാച്ചിയില്‍ വിഭജന വേളയില്‍ ഇന്ത്യയില്‍നിന്ന് പ്രവഹിച്ച മുഹാജിറുകള്‍ക്കാണ് ഭൂരിപക്ഷം. മറ്റു ഉപദേശീയതകളെല്ലാം സംഘടിച്ചു വില പേശിക്കൊണ്ടിരുന്നപ്പോള്‍ മുഹാജിറുകളും വെറുതെയിരുന്നില്ല. അവര്‍ മുത്തഹിദ മുഹാജിര്‍ മൂവ്‌മെന്റ് ഉണ്ടാക്കി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് നിര്‍ണായക ശക്തിയായി മാറി. മുത്തഹിദ ഖൗമി മൂവ്‌മെന്റ് എന്ന് പുനര്‍നാമകരണം ചെയ്ത ഈ പാര്‍ട്ടിയാണിപ്പോള്‍ നാഷ്‌നല്‍ അസംബ്ലിയില്‍ നാലാം സ്ഥാനത്ത്.

രണ്ട്, ജനാധിപത്യപരമായ ഒരു ഭരണഘടന നിര്‍മിക്കുന്നതില്‍ നേരിട്ട അപചയം. 1973-ല്‍ നാഷ്‌നല്‍ അസംബ്ലി അംഗീകരിച്ച ഇസ്ലാമിക ജനാധിപത്യ ഭരണഘടന ഒരിക്കലും സത്യസന്ധമായി നടപ്പാക്കാന്‍ ശ്രമം നടന്നില്ല. അങ്ങനെയൊന്ന് പാര്‍ലമെന്റിനെക്കൊണ്ട് പാസ്സാക്കിയെടുക്കാന്‍ വിജയകരമായി ശ്രമിച്ച ജമാഅത്തെ ഇസ്്‌ലാമിക്ക് പക്ഷേ, ശക്തമായ ഒരു ജനകീയ പ്രസ്ഥാനത്തിന്റെ അഭാവത്തില്‍ പ്രയോഗവത്കരണം സാധിച്ചതുമില്ല. 1997-ലെ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ രണ്ട് ഭാഗങ്ങളില്‍ നിന്നുമായി 25 ലക്ഷം വോട്ടുകള്‍ നേടാന്‍ കഴിഞ്ഞ ജമാഅത്തിന് പിന്നീട് സ്വതന്ത്ര രാജ്യമായി മാറിയ ബംഗ്ലാദേശിലാണ് വളരാനും ശക്തിപ്രാപിക്കാനും ഭരണത്തിലേറാനും വരെ സാധിച്ചത്. പ്രാദേശിക വാദവും വിഭാഗീയതയും മത പൗരോഹിത്യവും തീവ്രത പ്രാപിച്ചപ്പോള്‍ താലിബാന്‍ പോലും ജന്മമെടുത്തു. 

മൂന്ന്, ഭരണയന്ത്രത്തെയാകെ അഴിമതിയില്‍ മുക്കിയെടുത്ത പാരമ്പര്യം. കോടിക്കണക്കില്‍ ഡോളറിന്റെ സ്വത്ത് രാജ്യത്തിന്റെ പുറത്ത് വാരിക്കൂട്ടിയ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ അവിഹിത ഇടപാടുകള്‍ പാനമ ഫയല്‍സ് പുറത്ത് കൊണ്ടുവന്നപ്പോള്‍ അദ്ദേഹത്തെ ശിക്ഷിച്ച കോടതി വിധിയില്‍നിന്ന് രക്ഷപ്പെടാനാണ് അദ്ദേഹം ലണ്ടനില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ വീണ്ടും പട്ടാളമാണ് അദ്ദേഹത്തെ പാകിസ്താനിലെത്തിച്ച് ഇംറാന്‍ ഖാനെതിരെ ആയുധമാക്കുന്നത്.

നിയുക്ത പ്രസിഡന്റും പി.പി.പി നേതാവുമായ ആസിഫലി സര്‍ദാരി നേരത്തെ പ്രസിഡന്റായിരുന്നപ്പോള്‍ ജനങ്ങളിട്ട ഓമനപ്പേര്‍ 'മി. ടെന്‍ പെര്‍സെന്റാ'ണ്.  സര്‍ക്കാറിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളിലും 10 ശതമാനം മൂപ്പര്‍ക്കുള്ളതായിരുന്നു എന്നതാണ് കാരണം. 
നാല്, എല്ലാറ്റിലുമുപരി കാലഹരണപ്പെട്ട ഫ്യൂഡലിസവും ജമീന്ദാരി സമ്പ്രദായവും ഇന്നും രാജ്യത്ത് ശക്തമായി തുടരുന്നു. സിന്ധില്‍ പി.പി.പി നേതാവായിരുന്ന മഖ്ദൂം അമീന്‍ ഫഹീം എക്കാലത്തും ഒരു മണ്ഡലത്തില്‍നിന്നും ജയിച്ചുവരാന്‍ കാരണം ആ മണ്ഡലത്തിലെ ഭൂരിപക്ഷവും അദ്ദേഹത്തിന്റെ കുടിയാന്മാരായിരുന്നതുകൊണ്ടാണ്. എതിരെ വല്ലവരും മത്സരിച്ചാല്‍ അയാള്‍ പിന്നെ 'തന്നില്ലം കണ്ട് മരിക്കില്ല.'

അഞ്ച്, ആദ്യാവസാനം അമേരിക്കയോട് നിലനിര്‍ത്തിയ വിധേയത്വം. ഏറ്റവും ഒടുവില്‍ ഇംറാന്‍ ഖാനെ ജയിലിലടച്ച് അദ്ദേഹത്തിന്റെ തഹ് രീകെ ഇന്‍സാഫിനെ നിര്‍വീര്യമാക്കാന്‍ പട്ടാള പിന്‍ബലമുള്ള ഭരണകൂടം നടത്തുന്ന ശ്രമം സ്പഷ്ടമായും അമേരിക്കയുടെ പിന്‍വാതില്‍ ഡിപ്ലോമസിയുടെ ഫലമാണ്. ചുരുക്കത്തില്‍, അബ്ദുല്‍ ഖദീര്‍ ഖാന്‍ നിര്‍മിച്ചുകൊടുത്ത അണുബോംബ് മാത്രമാണ് പാകിസ്താന്റെ സുരക്ഷക്ക് ഒരേയൊരു ഗ്യാരണ്ടി എന്ന് പറയേണ്ടിവരും. l

Comments