Prabodhanm Weekly

Pages

Search

2024 മാർച്ച് 08

3343

1445 ശഅ്ബാൻ 27

അധിക ഭാരങ്ങൾ കത്തിച്ചുകളയുക

നൗഷാദ് ചേനപ്പാടി

ലോകം മുഴുവൻ തന്റെ കൊടിക്കീഴിൽ കൊണ്ടുവരാനാഗ്രഹിച്ച യുദ്ധവീരനായിരുന്നു അലക്സാണ്ടർ ചക്രവർത്തി. അതിനുവേണ്ടി അദ്ദേഹം ഒന്നിനു പിറകെ ഒന്നായി ഒട്ടേറെ പടയോട്ടങ്ങൾ നടത്തി. ആദ്യമൊക്കെ അദ്ദേഹത്തിന് വിജയങ്ങൾ അനായാസമായിരുന്നു. എന്നാൽ, പേർഷ്യയോടുള്ള ഏറ്റുമുട്ടൽ അത്ര എളുപ്പമായിരുന്നില്ല. ഒരവസരത്തിൽ അലക്സാണ്ടറുടെ സൈന്യത്തിന് കനത്ത തിരിച്ചടിയും കിട്ടി. വീരപരാക്രമികളായ തന്റെ പടയാളികൾക്ക് തിരിച്ചടി നേരിട്ടത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. തകരാറ് എവിടെയാണെന്നു കണ്ടുപിടിക്കാൻ ചക്രവർത്തിതന്നെ നേരിട്ടന്വേഷണം നടത്തി. അപ്പോൾ അദ്ദേഹം കണ്ടെത്തിയതെന്താണെന്നോ?

പേർഷ്യയോട് പോരാടുന്നതിനു തൊട്ടുമുമ്പുള്ള യുദ്ധങ്ങളിൽ തന്റെ പടയാളികൾ ഒട്ടേറെ സാധനങ്ങൾ കൊള്ളയടിച്ചിരുന്നു. അങ്ങനെ കിട്ടിയ സാധനങ്ങളുമായിട്ടായിരുന്നു അവർ പേർഷ്യയിലേക്ക് മാർച്ച് ചെയ്തത്. യുദ്ധോപകരണങ്ങളെക്കാളേറെ മറ്റു സാധനങ്ങൾ കൈവശംവെച്ച് അധിക ഭാരവുമായി യുദ്ധമുന്നണിയിലേക്കു പോയതാണ് തന്റെ പടയാളികൾക്കേറ്റ തിരിച്ചടിക്കു കാരണമെന്ന് അലക്സാണ്ടർ മനസ്സിലാക്കി.

പിന്നെ ഒട്ടും ആലോചിച്ചില്ല, കൊള്ളയടിച്ച സാധനങ്ങൾ മുഴുവൻ ഒരു സ്ഥലത്ത് കൂട്ടിയിട്ട് തീവെക്കാൻ അദ്ദേഹം പടയാളികൾക്ക് കൽപന കൊടുത്തു. ചക്രവർത്തിയുടെ കൽപന അതിക്രൂരമായി അവർക്കു തോന്നി. പക്ഷേ, അദ്ദേഹത്തിന്റെ തീരുമാനം ഏറെ  ഉചിതമായിരുന്നുവെന്ന് മനസ്സിലാക്കാൻ അവർക്ക് അധിക സമയം വേണ്ടിവന്നില്ല.

തങ്ങൾക്കുണ്ടായിരുന്ന അധിക ഭാരമെല്ലാം വലിച്ചെറിഞ്ഞ് അവർ വീണ്ടും ഉണർവോടെയും ഉന്മേഷത്തോടെയും മാർച്ചു ചെയ്തപ്പോൾ ശത്രുസൈന്യത്തിന്റെ പ്രതിരോധ നിര തകർന്നു. പിന്നീട് പേർഷ്യൻപടയെ തകർത്ത് തൂത്തുവാരാൻ അലക്സാണ്ടറുടെ പോരാളികൾക്ക് നിഷ്പ്രയാസം സാധിച്ചു.
അലക്സാണ്ടറുടെ പടയാളികൾക്കുണ്ടായ ഈ അനുഭവം നമ്മുടേയും കണ്ണുകൾ തുറപ്പിക്കാൻ സഹായകമാവണം. ക്ലേശകരമായ നമ്മുടെ ജീവിതയാത്രക്കിടയിൽ എത്രയേറെ അധിക ഭാരങ്ങളാണ് നാം നമ്മുടെ തലയിൽ വലിച്ചുകയറ്റി വെക്കുന്നത്!  ഈ അധിക ഭാരവുമായി ജീവിതത്തിൽ മുന്നോട്ടുപോകുന്നതുകൊണ്ടും പോരാടുന്നതുകൊണ്ടുമല്ലേ പലപ്പോഴും നാം തകർന്ന് നിലംപൊത്തുന്നത്?

അല്ലാഹു മനുഷ്യനിൽ പല വിധ ബാധ്യതകളും ചുമത്തിയിട്ടുണ്ട്. ആ ബാധ്യതകൾതന്നെ  ഭാരമാണ്. ആ ബാധ്യതകൾ നിറവേറ്റാൻ കഴിയാതെ പോകുന്നതിന് മുഖ്യ കാരണം  മനുഷ്യൻ ദുനിയാവിന്റെ ഒരുപാട് ഭാരങ്ങൾ  സ്വയം ചുമലിലേറ്റി ജീവിക്കുന്നതുകൊണ്ടാണ്. താൻ ചെയ്തുകൂട്ടുന്ന ഒരുപാട് പാപങ്ങളുടെ ഭാരം വേറെയും. ദുനിയാവിലും ആഖിറത്തിലും അല്ലാഹു അവനായി കരുതിവെച്ചിട്ടുള്ള ഒരുപാട് നന്മകളെയും അനുഗ്രഹങ്ങളെയും എത്തിപ്പിടിക്കാൻ കഴിയാതെ പോകുന്നതും ഈ പാപഭാരങ്ങൾ അവനെ ഇരുത്തിക്കളയുന്നതുകൊണ്ടാണ്. സമ്പത്തും പദവിയും സ്ഥാനമാനങ്ങളും ഉള്ളവനു മാത്രമല്ല ഭാരങ്ങളുള്ളത്. പാവപ്പെട്ടവനും നിരവധി  ഭാരങ്ങൾ ചുമന്നുകൊണ്ടാണ് യാത്ര ചെയ്യുന്നത്. ഒരുപാട് മോഹങ്ങളും ആഗ്രഹങ്ങളും, അതൊന്നും സഫലമാകാത്തതിന്റെ നിരാശയും ദുഃഖവും മോഹഭംഗവും.... ഇങ്ങനെ ഓരോരുത്തരും കനത്ത ഭാരങ്ങളാണ് പേറുന്നത്. മനുഷ്യൻ ചുമന്നു നടക്കുന്ന പാപങ്ങളുടെയും അത്യാഗ്രഹങ്ങളുടെയും നിരാശയുടെയും അസൂയയുടെയും പ്രതികാരവാഞ്ഛയുടെയുമൊക്കെ ഭാരങ്ങളെ ഒരിടത്തു കൂട്ടിയിട്ട് കത്തിക്കാത്ത കാലത്തോളം ഈ ദുനിയാവിലും ആഖിറത്തിലും അവനു വിജയം പ്രാപിക്കുക സാധ്യമല്ല. l

Comments