Prabodhanm Weekly

Pages

Search

2024 മാർച്ച് 08

3343

1445 ശഅ്ബാൻ 27

ലളിതം, സുന്ദരം, ചേതോഹരം ഈ വിവാഹങ്ങള്‍

പി.കെ ജമാല്‍

വിവാഹരംഗത്ത് ഇസ്്‌ലാം വരുത്തിയ വിപ്ലവത്തെ വിലയിരുത്തേണ്ടത് ജാഹിലിയ്യാ കാലത്ത് നിലനിന്ന വിവാഹ സമ്പ്രദായങ്ങളെയും രീതികളെയും പഠിച്ചു വേണം. അക്ഷരാര്‍ഥത്തില്‍ ഇരുൾ മുറ്റിയ കാലഘട്ടം തന്നെയായിരുന്നു അത്. സ്ത്രീ-പുരുഷ ബന്ധവും വിവാഹവും അതിന് അപവാദമായിരുന്നില്ല. ഇസ്്‌ലാം പരിചയപ്പെടുത്തിയ സദാചാര മൂല്യങ്ങളും ധാര്‍മിക നിഷ്ഠകളും അറബ് സമൂഹത്തെ പുതിയ അടിത്തറയില്‍ മാറ്റിപ്പണിതു. സര്‍വതല സ്പര്‍ശിയായ മാറ്റം വിവാഹരംഗത്തും ദൃശ്യമായി. ഇസ്്‌ലാമിക വിവാഹരീതിയുടെ ലാളിത്യം, സൗന്ദര്യം എന്നിവ അനുഭവവേദ്യമാക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ചരിത്ര വായനയില്‍ തെളിഞ്ഞുവരും.

'ജാഹിലിയ്യത്തിനെ അറിയാത്തവന്‍ ഇസ്്‌ലാമിനെ അറിഞ്ഞിട്ടില്ല' എന്ന ഉമറി(റ)ന്റെ വാക്കുകള്‍ അര്‍ഥഗര്‍ഭമാണ്. ജാഹിലിയ്യാ കാലത്തെ വിവാഹരീതികള്‍ വിചിത്രമായിരുന്നു. ഇസ്്‌ലാമിക രീതിയുടെ മഹിമ അറിയാന്‍ ജാഹിലിയ്യത്തിനെ തിരിച്ചറിയണം.

അക്കാലത്തെ വിവാഹ രീതികളില്‍ ചിലത്:

നികാഹുസ്സ്വദാഖ്, നികാഹുല്‍ ബഊലാ - വിവാഹാലോചന, മഹ്്ർ, ഈജാബ്, ഖബൂല്‍ എന്നീ ഘടകങ്ങള്‍ മേളിച്ച് ഇപ്പോള്‍ സുപരിചിതമായ വിവാഹരീതി. വിവാഹത്തിന്റെ സാധുതക്കും അംഗീകാരത്തിനും മഹ് ര്‍ നിര്‍ബന്ധോപാധിയായിരുന്നു. 

നികാഹുല്‍ മഖ്ത്: പിതാവ് വിവാഹമോചനം ചെയ്ത സ്ത്രീ, പിതാവിന്റെ മരണത്തോടെ വിധവയായ സ്ത്രീ- ഇവരെ മൂത്ത പുത്രന്‍ വേള്‍ക്കുന്ന രീതിയുണ്ടായിരുന്നു. അതുപക്ഷേ, സമൂഹം അഭിലഷണീയമായി കണ്ടിരുന്നില്ല. മൂത്ത സഹോദരന്‍ മരിച്ചാലും അനന്തര സ്വത്തായി സ്ത്രീയെ സ്വന്തമാക്കാം.

നികാഹുല്‍ ബദല്‍, നികാഹുല്‍ മുബാദല: മഹ്‌റില്ലാതെ പുരുഷന്മാര്‍ പരസ്പരം സ്ത്രീകളെ സ്ഥിരമായി മാറ്റി വേള്‍ക്കുന്ന രീതി. മറുത്തു പറയാന്‍ സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അടിമസ്ത്രീകളെ പോലെ അവര്‍ ക്രയവിക്രയം ചെയ്യപ്പെട്ടു.

നികാഹുശ്ശിഗാര്‍: ഒരാള്‍ മറ്റെയാള്‍ക്ക് തന്റെ മകളെയോ സംരക്ഷണത്തിലുള്ള സ്ത്രീയെയോ മഹ്‌റില്ലാതെ വിവാഹം ചെയ്തുകൊടുക്കും. തിരിച്ച് മറ്റെയാള്‍ തന്റെ മകളെയോ സംരക്ഷണത്തിലുള്ള പെണ്‍കുട്ടിയെയോ മഹ്‌റില്ലാതെ വിവാഹം ചെയ്തു കൊടുക്കും.

നികാഹു ളഈന: യുദ്ധത്തടവുകാരിയായ സ്ത്രീയെ, വിവാഹാലോചനയോ, മഹ്‌റോ കൂടാതെ കൈവശപ്പെടുത്തിയവന്‍ വിവാഹം കഴിക്കുന്ന രീതി.

നികാഹുല്‍ മുത്അ: നിശ്ചിത അവധി വെച്ചുള്ള വിവാഹം. മഹ് ര്‍ ഇതില്‍ ഉപാധിയല്ല. അവധി അവസാനിക്കുന്നതോടെ വിവാഹബന്ധം വേര്‍പെടുന്നു.

അല്‍ ഇസ്തിബ്ളാഅ്: പരപുരുഷനില്‍നിന്ന് ഗര്‍ഭം ധരിക്കാന്‍ ഭാര്യയെ ഭര്‍ത്താവ് പറഞ്ഞയക്കും. പണവും പദവിയുമുള്ള പുരുഷന്റെ അടുത്തേക്കാണ് സാധാരണ അയക്കുക.

അല്‍ മുളാമദ: ദരിദ്രകളായ വിവാഹിതകളെ ഭര്‍ത്താക്കന്മാര്‍ സമ്പന്നരുടെ അടുത്തേക്ക് വേഴ്ചക്ക് പറഞ്ഞുവിടും. സാമ്പത്തിക സുസ്ഥിതി കൈവരിച്ചാല്‍ യഥാര്‍ഥ ഭര്‍ത്താവിന്റെ അടുത്തേക്ക് സ്ത്രീ തിരിച്ചുവരും.

അല്‍ ബിഗാഅ്: പ്രതിഫലം വാങ്ങുന്ന വേശ്യാവൃത്തി.

അല്‍ മുഖാനദ (നികാഹുര്‍റഹ്ത്): ഒരു സ്ത്രീയെ സഹോദരങ്ങളോ, ഒരു കൂട്ടം ആളുകളോ വേള്‍ക്കുന്ന ബഹുഭര്‍തൃ രീതി.

വിചിത്രമായ ഇത്തരം വിവാഹ രീതികളെല്ലാം അവസാനിപ്പിച്ച്, പരിപാവനമായ ദാമ്പത്യ ജീവിതത്തിന്റെ ഔന്നത്യത്തിലേക്ക് സമൂഹത്തെ ഉയര്‍ത്തുകയായിരുന്നു ഇസ്്‌ലാം. വിവാഹം, കുടുംബം, കുടുംബ സംരക്ഷണം, സന്താന പരിപാലനം, ഭാര്യയുടെയും ഭര്‍ത്താവിന്റെയും കടമകള്‍, അവകാശങ്ങള്‍, മാതാപിതാക്കളും മക്കളും തമ്മിലെ ബന്ധം, വിവാഹമോചനം, അനന്തരാവകാശ നിയമങ്ങള്‍- ഇങ്ങനെ സമൂഹത്തിന്റെ ഭദ്രതക്കും സുരക്ഷിതത്വപൂര്‍ണമായ നിലനില്‍പിനും ആധാരമായ നിയമങ്ങളും ചട്ടങ്ങളും ആവിഷ്‌കരിച്ചു നടപ്പാക്കി എന്നതാണ് ഇസ്്‌ലാമിന്റെ സവിശേഷത.

വിവാഹം ലളിതമാക്കാന്‍ നബി (സ) നിര്‍ദേശിച്ചു. ആഗ്രഹിക്കുന്നവര്‍ക്കെല്ലാം പ്രാപ്യമായിരിക്കണം വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം എന്ന നിഷ്‌കര്‍ഷ നബിക്കുണ്ടായിരുന്നു. നബി (സ) പറഞ്ഞു: 'മഹ്‌റില്‍ ഉത്തമം ഏറ്റവും എളുപ്പവും ലളിതവുമായതാണ്' (ബൈഹഖി). പുരുഷന് അനായാസം നല്‍കാവുന്ന മഹ് ര്‍ മാത്രമേ സ്ത്രീ ചോദിക്കാവൂ എന്ന് സാരം. ഭീമമായ മഹ്്ര്‍ ആവശ്യപ്പെടുന്നതിനാല്‍, പുരുഷന് വിവാഹം അസാധ്യമാവുകയും പെണ്‍കുട്ടികള്‍ വിവാഹിതരാവാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, മഹ്്ര്‍ തുകക്ക് പരിധി നിശ്ചയിക്കേണ്ടിവന്നു ചില അറബ് രാജ്യങ്ങള്‍ക്ക്. മഹ്‌റിന് പരിധി നിശ്ചയിക്കാന്‍ ഒരുങ്ങിയ അമീറുല്‍ മുഅ്മിനീന്‍ ഉമറി(റ)നെ ഒരു സ്ത്രീ ചോദ്യം ചെയ്ത് തിരുത്തിയത് ചരിത്രം. ഇസ്്‌ലാമില്‍ സ്ത്രീധനമല്ല, മഹ്‌റാണ് നിയമം. ഉമറിന്റെ ഉദ്ബോധനം ചരിത്രത്തില്‍ വായിക്കാം: ''നിങ്ങള്‍ സ്ത്രീകള്‍ക്കുള്ള മഹ്്ര്‍ തുക അധികം അധികമായി വര്‍ധിപ്പിക്കരുത്. അത് ഇഹലോകത്ത് ബഹുമതിയും തഖ് വയുടെ അടയാളവും ആയിരുന്നെങ്കില്‍ അല്ലാഹുവിന്റെ പ്രവാചകനായിരുന്നു അത് കൂടിയ തോതില്‍ കൊടുക്കേണ്ടിയിരുന്നത്. റസൂല്‍ വിവാഹം ചെയ്തതും പെണ്‍മക്കളെ വിവാഹം കഴിച്ചുകൊടുത്തതുമെല്ലാം പന്ത്രണ്ട് ഈഖിയക്കായിരുന്നു'' (തിര്‍മിദി).

വിവാഹം ആരും അറിയാത്ത സ്വകാര്യ ചടങ്ങായി നടത്തുക എന്നതായിരുന്നില്ല നബി(സ)യുടെ രീതി. ആഇശ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബി (സ) പറഞ്ഞു: 'നികാഹ് നിങ്ങള്‍ പരസ്യമായി നിര്‍വഹിക്കണം' (തിര്‍മിദി). വിവാഹത്തെ തുടര്‍ന്നുള്ള സല്‍ക്കാരവും വിരുന്നും നബി പ്രോത്സാഹിപ്പിച്ചു. അതൊരു സന്തോഷ പ്രകടനമാണ്, സന്തോഷം പങ്കുവെക്കലാണ്. അബ്ദുര്‍റഹ്മാനിബ്‌നു ഔഫുമായി ബന്ധപ്പെട്ട വിശ്രുതമായ സംഭവമുണ്ട്: ''അബ്ദുര്‍റഹ്്മാനിബ്‌നു ഔഫിനെ നബി വഴിയോരത്ത് കാണാനിടയായി.

കുപ്പായത്തില്‍ കുങ്കുമ നിറം ശ്രദ്ധയില്‍ പെട്ട നബി: 'എന്താണിത്?'
അബ്ദുര്‍റഹ്മാന്‍: 'ഞാന്‍ വിവാഹിതനായി.'
നബി: 'അവള്‍ക്ക് നീ മഹ്‌റായി എന്ത് നല്‍കി?'
അബ്ദുര്‍റഹ്്മാന്‍: 'കാരക്കക്കുരു തൂക്കമുള്ള സ്വര്‍ണം.'
നബി: ഒരു ആടിനെ അറുത്തെങ്കിലും 'വലീമത്ത്' നല്‍കുക'' (ബുഖാരി, അബൂ ദാവൂദ്).

മദീനയില്‍ തങ്ങളുടെ നേതാവും അല്ലാഹുവിന്റെ ദൂതനുമായ നബിയെ അബ്ദുര്‍റഹ്മാനിബ്നു ഔഫ് നികാഹിന് ക്ഷണിച്ചിരുന്നില്ലെന്ന് വ്യക്തം. ക്ഷണിക്കണമെന്ന നിര്‍ബന്ധം അബ്ദുര്‍റഹ്മാനോ തന്നെ ക്ഷണിച്ചില്ല എന്ന പരിഭവം നബിക്കോ ഉണ്ടായിരുന്നില്ല. അത്രമേല്‍ ലളിതമായിരുന്നു വിവാഹകര്‍മം.
മറ്റൊരു സംഭവം സഹ്്ലുബ്‌നു സഅ്ദുസ്സാഇദി റിപ്പോര്‍ട്ട് ചെയ്തതാണ്: ഞങ്ങള്‍ നബിയുടെ സന്നിധിയില്‍ ഇരിക്കുകയാണ്. തന്നെ നബി വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഒരു സ്ത്രീ അവിടെ സന്നിഹിതയായി. താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നബിയുടെ പെരുമാറ്റത്തില്‍നിന്ന് ബോധ്യമായി. അനുചരന്മാരില്‍ ഒരാള്‍ അന്നേരം: 'അവളെ എനിക്ക് വിവാഹം ചെയ്ത് തരൂ റസൂലേ?'
നബി: 'അവള്‍ക്ക് മഹ്്ര്‍ നല്‍കാന്‍ നിന്റെ വശം വല്ലതുമുണ്ടോ?'
അയാള്‍: 'എന്റെ പക്കല്‍ ഒന്നുമില്ല.'
നബി: 'ഒരു സ്വര്‍ണ മോതിരമെങ്കിലും?'
അയാള്‍: 'സ്വര്‍ണ മോതിരവും ഇല്ല. പക്ഷേ, ഒന്ന് ചെയ്യാം. എന്റെ ഈ പുതപ്പിന്റെ പകുതി ഞാന്‍ അവള്‍ക്ക് മഹ്്ര്‍ നല്‍കാം. മറ്റേ പാതി മതി എനിക്ക്.'
നബി: 'അങ്ങനെ വേണ്ട. നിനക്ക് ഖുര്‍ആന്‍ വല്ലതും അറിയുമോ?'
അയാള്‍: 'അറിയാം; ഇന്നയിന്ന സൂറത്തുകള്‍ മനഃപാഠമായുണ്ട്'.
നബി: 'പോകൂ. നിനക്കറിയാവുന്ന ഖുര്‍ആന്‍ മഹ് ര്‍  നിശ്ചയിച്ച് അവളെ നിനക്ക് ഞാന്‍ വിവാഹം ചെയ്തു തന്നിരിക്കുന്നു' (ബുഖാരി).

'വലീമത്ത്' നല്‍കാന്‍ നബി അബ്ദുര്‍റഹ്മാനിബ്‌നു ഔഫിന് നല്‍കിയ നിര്‍ദേശത്തിന് നിര്‍ബന്ധത്തിന്റെ സ്വരമുണ്ടെന്ന് ചില പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്. അലി (റ) ഫാത്വിമയെ വിവാഹാലോചന നടത്തിയപ്പോള്‍ നബി നിര്‍ദേശിച്ചു: 'വിവാഹത്തിന് വലീമത്ത് അനിവാര്യമാണ്' (അഹ്്മദ്).

സാധ്യമായ ഭക്ഷണ വിഭവങ്ങൾ ഒരുക്കി, വലീമത്ത് ലളിതമായി നടത്താം. ധൂര്‍ത്തും ധാരാളിത്തവും ഒഴിവാക്കണം. ഓരോരുത്തരുടെയും സാമൂഹിക പദവിയാണ് ഇവിടെ പരിഗണിക്കേണ്ടത്. അപ്പോഴും മിതവ്യയ ശീലം മുറുകെ പിടിക്കണം. 

അനസ് (റ) നബി നല്‍കിയ വലീമത്തിനെക്കുറിച്ചോര്‍ത്ത് പറയുന്നു: ''ഖൈബറിനും മദീനക്കുമിടയിലുള്ള ഒരിടത്ത് നബി മൂന്ന് നാള്‍ പത്‌നി സ്വഫിയ്യയോടൊപ്പം താമസിച്ചു. നബി നല്‍കിയ വലീമത്തിലേക്ക് ഞാനാണ് ജനങ്ങളെ ക്ഷണിച്ചത്. അതില്‍ റൊട്ടിയും ഇറച്ചിയും ഒന്നും ഉണ്ടായിരുന്നില്ല. ബിലാലിനോട് ഒരു വിരിപ്പ് വിരിക്കാന്‍ നബി പറഞ്ഞു. ബിലാല്‍ വിരിപ്പ് വിരിച്ചു. പാല്‍ക്കട്ടിയും നെയ്യും കാരക്കയും ജനങ്ങള്‍ അതില്‍ കൊണ്ടിട്ടു. അതെല്ലാവരും കഴിച്ചു. അതായിരുന്നു നബിയുടെ വലീമത്ത്'' (ബുഖാരി).

ദമ്പതികളെ അനുഗ്രഹിക്കുന്നതും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതും സുന്നത്താണ്. അബൂഹുറയ്‌റ: ''ഒരാള്‍ വിവാഹിതനായാല്‍ നബി അയാളെ അനുമോദിക്കുകയും അനുഗ്രഹത്തിനായി ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്യും. 'ബാറകല്ലാഹു ലക, വബാറക അലൈക, വ ജമഅ ബൈനകുമാ ഫീ ഖൈരിന്‍.''

വിവാഹം ആന്ദവേള

വിവാഹം സന്തോഷവേളയാണ്.ആനന്ദം പങ്കുവെക്കുന്നതിന്റെ ഭാഗമായി വിനോദങ്ങളില്‍ ഏര്‍പ്പെടാം. മാനസികോല്ലാസം നല്‍കുന്ന ഗാനങ്ങളും കൈകൊട്ടിക്കളിയും ഒപ്പനയും ഒക്കെ ആവാം. നബി അവ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നബി അനുവദിച്ച കലാരൂപങ്ങള്‍ പോലും അനുവദിക്കാതെ വിവാഹ വീടിനെ മരണ വീടിന് തുല്യമാക്കി മസില്‍ പിടിക്കുന്ന അനുഭവങ്ങളും ധാരാളമുണ്ട്. ഇസ്്‌ലാമിന്റെ വിശാലതയും, ഹിതകരമായതെന്തും ഉള്‍ക്കൊള്ളുന്ന ഉദാരതയും മനസ്സിലാക്കാത്ത വരണ്ട മനസ്സിന്റെ ഉടമകള്‍ക്ക് അങ്ങനെ പെരുമാറാനേ സാധിക്കുകയുള്ളൂ.

വിവാഹ സദസ്സില്‍ പാട്ടുപാടുന്നത് നബി പ്രോത്സാഹിപ്പിച്ചു. റുബയ്യിഅ് ബിന്‍ത് മുഅവ്വദ് ഓര്‍ക്കുന്നു: ഞാന്‍ വിവാഹിതയായ ദിവസം നബി എന്റെ അടുത്ത് കയറിവന്നു. എന്റെ വിരിപ്പില്‍ ഇരുന്നു. അപ്പോള്‍ എന്റെ കൂട്ടുകാരികള്‍ ദഫ് മുട്ടി ബദ്‌റില്‍ വധിക്കപ്പെട്ട എന്റെ പിതാക്കന്മാരെ അനുസ്മരിച്ചു പാട്ടുപാടുകയാണ്. നബിയെ കണ്ടപ്പോള്‍ അവരില്‍ ഒരാള്‍ പാടിയ വരികള്‍: 'നാളത്തെ കാര്യങ്ങള്‍ അറിയുന്ന ഒരു പ്രവാചകന്‍ ഞങ്ങളില്‍ ആഗതനായിരിക്കുന്നു.' ഇതു കേട്ട നബി: 'ആ വിശേഷണം അരുതാത്തത്. അത് ഉപേക്ഷിക്കുക. അതിന് മുമ്പ് പാടിയത് പാടിക്കൊള്ളുക' (ബുഖാരി).

അന്‍സ്വാരിയായ പുരുഷന്റെ സന്നിധിയിലേക്ക് ഒരു സ്ത്രീയെ വധുവായി അയച്ചപ്പോള്‍ നബി ആഇശയോട് ചോദിച്ചു: ''ആഇശാ, വിനോദത്തിന് ഒന്നുമുണ്ടായിരുന്നില്ലേ? അന്‍സ്വാരികള്‍ക്ക് വിനോദം ഇഷ്ടമാണ്'' (ബുഖാരി). 'ദഫ് മുട്ടി പാട്ടുപാടുന്ന പെണ്‍കുട്ടികളെ അയച്ചില്ലേ?' എന്ന് നബി അന്വേഷിച്ചതും ഹദീസില്‍ വായിക്കാം. 

വിവാഹാഘോഷ വേളകളില്‍, ധാര്‍മികതയുടെയും മൂല്യബോധത്തിന്റെയും അതിര്‍ വരമ്പുകള്‍ പാലിച്ച് ഗാനങ്ങളും സംഗീതോപകരണങ്ങള്‍ ഉപയോഗിച്ച് ആനന്ദങ്ങൾ ആവാം. അവ പക്ഷേ, ഇന്ന് സര്‍വത്ര കാണുന്ന ആഘോഷാഭാസങ്ങള്‍ക്കും ഗാന അട്ടഹാസങ്ങള്‍ക്കുമുള്ള സമ്മതപത്രമല്ല എന്ന് തിരിച്ചറിയണം. വിവാഹ സദസ്സുകളില്‍ സ്‌നേഹ ഭാഷണങ്ങളോ, പരസ്പരമുള്ള ക്ഷേമാന്വേഷണങ്ങളോ പോലും സാധ്യമാവാത്ത രൂപത്തില്‍, സംഗീതമേളാ ട്രൂപ്പുകള്‍ മത്സരിച്ച് അരങ്ങു തകര്‍ക്കുകയും വിവാഹവേദികള്‍ ബഹളമയമാക്കുകയും ചെയ്യുന്ന രീതികള്‍ അഭിലഷണീയമോ, അനുവദനീയമേ അല്ല. l

Comments