Prabodhanm Weekly

Pages

Search

2024 മാർച്ച് 08

3343

1445 ശഅ്ബാൻ 27

റമദാനും ധർമ സമരവും

എഡിറ്റർ

പരിശുദ്ധ റമദാൻ നമ്മിലേക്ക് എത്തിച്ചേരുകയായി. മനസ്സും ശരീരവും ഒരു പോലെ സംശുദ്ധമാക്കലാണ് നോമ്പിന്റെ ലക്ഷ്യം, അഥവാ ജീവിതത്തെ നന്മയിലേക്ക് മാറ്റിപ്പണിയുക. ഭൗതികതയുമായി കെട്ടുപിണഞ്ഞ്, മൂല്യങ്ങളെ ചവിട്ടിമെതിച്ച് സമൂഹം മുന്നോട്ടു നീങ്ങുമ്പോൾ അതിനെ നിയന്ത്രിക്കുന്ന മാന്ത്രിക വടിയാണ് നോമ്പ്. 
ശരീരത്തെ പട്ടിണിക്കിടുകയും ആത്മാവിനെ ദേഹേച്ഛകളില്‍ അലയാന്‍ വിടുകയുമല്ല വ്രതാനുഷ്ഠാനം. മനസ്സിന്റെ വിമലീകരണമാണ് നോമ്പിലൂടെ സാധിക്കേണ്ടത്. ശരീരത്തെയും മനസ്സിനെയും വിശുദ്ധമാക്കുക, വൃത്തിയും വെടിപ്പുമുള്ള ജീവിതം നയിക്കുക, അശരണരെയും അഗതികളെയും പ്രയാസപ്പെടുന്നവരെയും പരിഗണിക്കുക, അധര്‍മത്തിനെതിരെ പൊരുതുക, ഇതിലൂടെയെല്ലാം പുണ്യം നേടി അല്ലാഹുവിന്റെ ഇഷ്ടദാസനാവുക- ഇതാണ് റമദാൻ ആഹ്വാനം ചെയ്യുന്നത്. 
ഖുർആനെ അവഗണിച്ച്​ റമദാൻ ആചരണമില്ല. അവ രണ്ടും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. റമദാനിലെ ഖുർആൻ പാരായണം കേവല ചടങ്ങല്ല. ബോധപൂർവമായ പഠനവും മനനവുമാണ്.  ആ രീതിയിൽ സമീപിക്കുമ്പോഴാണ് ഖുർആന്റെ ആത്മാവ് കണ്ടെത്താനാവുക. വ്യക്തി സംസ്കരണം, കുടുംബ സംവിധാനം, രാഷ്ട്ര നിർമാണം തുടങ്ങി  ജീവിതത്തിന്റെ സമഗ്ര മേഖലകളെയും ചൂഴ്ന്നുനിൽക്കുന്ന കർമ പദ്ധതിയാണല്ലോ ഖുർആൻ അവതരിപ്പിക്കുന്നത്. അധർമങ്ങൾക്കെതിരായ പോരാട്ടങ്ങൾ അതിന്റെ ഭാഗമാണ്. അതിനുള്ള പരിശീലനം കൂടിയാണ് നോമ്പിന്റെ രാപ്പകലുകളും അവയിലെ പ്രാർഥനകളും സേവന പ്രവർത്തനങ്ങളും. 
വലിയ പരീക്ഷണങ്ങൾക്ക് നടുവിലാണ് ഇത്തവണ മുസ്‌ലിം സമൂഹം റമദാനെ വരവേൽക്കുന്നത്. ഗസ്സയിൽ ഇസ്രയേൽ വംശഹത്യ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു. റമദാനിൽ വെടിനിർത്തൽ ഉണ്ടാകുമെന്ന വാർത്ത മാത്രമാണ് ഏക ആശ്വാസം. എന്നാൽ, അൽ അഖ്സ്വാ പള്ളിയിൽ പ്രാർഥനക്ക് എത്തുന്നവർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി റമദാനിൽ സയണിസ്റ്റ് ഭരണകൂടത്തിന്റെ ഇത്തരം നടപടികൾ സംഘർഷത്തിലേക്ക്  നയിക്കുകയുണ്ടായി. ഇന്ത്യയിലും മുസ്‌ലിം സമൂഹം നിരവധി ഭീഷണികളെ നേരിട്ടുകൊണ്ടിരിക്കുന്നു. വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് പൂജക്ക്‌ അനുമതി നൽകിയ അലഹബാദ് കോടതിയുടെ വിധിയും പുതിയ പൗരത്വ നിയമം മാർച്ചിൽ നടപ്പാക്കിയേക്കുമെന്ന വാർത്തയും അവയിൽ ചിലത് മാത്രം. മെയിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പ് ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള അന്തിമ ചുവടുവെപ്പായാണ്  സംഘ് പരിവാർ കാണുന്നത്. 
ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും മുസ്ലിം സമൂഹം പ്രത്യാശ കൈവിടരുത്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസമാണ് നമ്മുടെ ഒന്നാമത്തെ കൈമുതൽ. ആൾബലത്തിലും ആയുധ ശക്തിയിലും പിന്നിലായിട്ടും ബദ്റിൽ ശത്രുവിനെതിരായ ധർമസമരം ജയിച്ചത് പരിശുദ്ധ റമദാൻ മാസത്തിലാണ്. തീവ്ര സാധനയിലൂടെ നേടിയെടുക്കുന്ന ശക്തിയാണ് ഇതിൽ വിശ്വാസിയുടെ കൈമുതൽ. 
മൂന്നു പേരുടെ പ്രാർഥന അല്ലാഹു തള്ളിക്കളയില്ലെന്ന് പ്രവാചകൻ വ്യക്തമാക്കിയിട്ടുണ്ട്. നോമ്പുകാരൻ നോമ്പ് അവസാനിപ്പിക്കുന്നത് വരെയുള്ള പ്രാർഥന, നീതിമാനായ ഭരണാധികാരിയുടെയും ആക്രമിക്കപ്പെട്ടയാളുടെയും പ്രാർഥനകൾ.  വാന ലോകത്തേക്ക് ഉയർത്തപ്പെടുന്ന ഈ പ്രാർഥനകൾക്ക് വൈകിയാലും ഉത്തരം ലഭിക്കുമെന്നാണ് പ്രവാചകൻ നൽകിയ ഉറപ്പ്. സഹനത്തിലൂടെയും പ്രാർഥനയിലൂടെയും വെല്ലുവിളികളും പ്രതിസന്ധികളും നേരിടാനുള്ള കരുത്ത്  ആർജിക്കാൻ ഈ റമദാനിൽ നമുക്ക് സാധിക്കട്ടെ. 
റമദാനിന് ശേഷം നാം ആരായിരിക്കും? ഈ ചോദ്യത്തിന്റെ ഉത്തരം ആലോചിക്കേണ്ടത് റമദാനിന് ശേഷമല്ല, റമദാനിലേക്ക് പ്രവേശിക്കും മുമ്പാണ്. വ്യക്തിഗതവും കുടുംബപരവും സാമ്പത്തികവും സാമൂഹികവുമായ ഒട്ടേറെ പ്രതിസന്ധികൾ നമ്മുടെ മുന്നിലുണ്ട്. ഇവയ്ക്കെല്ലാമുള്ള പരിഹാരങ്ങളിലേക്ക് വാതിലുകൾ തുറക്കാൻ, നമ്മെ പരിശീലിപ്പിക്കാൻ റമദാനിന് കഴിയും.  ഈ റമദാനിൽ നാം എന്തൊക്കെ നേടിയെടുക്കും എന്ന ചോദ്യത്തെ കൃത്യമായി അഭിമുഖീകരിച്ച് ഒരു വ്രതമാസ പദ്ധതി തയാറാക്കിയാൽ, എല്ലാ പ്രതിസന്ധികളെയും മറികടക്കാൻ കരുത്തുള്ള, ഇഹലോകത്തും പരലോകത്തും വിജയിക്കാൻ യോഗ്യതയുള്ള സത്യവിശ്വാസിയായി, സൽക്കർമചാരിയായി, സമാധാനം കൈവരിച്ച മാതൃകാ വ്യക്തിത്വവും സമൂഹവുമായി മാറാൻ നമുക്ക് സാധിക്കും. l

Comments