Prabodhanm Weekly

Pages

Search

2024 മാർച്ച് 08

3343

1445 ശഅ്ബാൻ 27

ജുമുഅ ആത്മീയ നിര്‍വൃതിയാണ്

ശമീര്‍ബാബു കൊടുവള്ളി

ആത്മീയ നിര്‍വൃതി പകരുന്ന മഹത്തായ ആരാധനയാണ് ജുമുഅ. ഇസ്ലാമിക നിയമപ്രകാരം വ്യക്തിബാധ്യതയാണത്. ബുദ്ധിയും പക്വതയും ആരോഗ്യവും സ്വതന്ത്രേഛയുമുള്ള നിർഭയനായ മുസ്ലിം, ജുമുഅ നിര്‍വഹിച്ചിരിക്കണം. കുട്ടികള്‍, സ്ത്രീകള്‍, രോഗികള്‍, രോഗ ശുശ്രൂഷകര്‍, യാത്രക്കാര്‍ എന്നിവര്‍ക്ക് അതില്‍ ഇളവുണ്ട്. അവര്‍ ഉച്ചനേരത്തെ നാല് റക്അത്ത് ളുഹ്ർ നമസ്‌കാരം നിര്‍വഹിച്ചാൽ മതി.

ജുമുഅ നിര്‍ബന്ധ ആരാധനയാണെന്ന് ഖുർആനും തിരുചര്യയും അരുളുന്നുണ്ട്. ഖുർആൻ പറയുന്നു: ''വിശ്വസിച്ചവരേ, വെള്ളിയാഴ്ച ദിവസം നമസ്‌കാരത്തിന് വിളിക്കപ്പെട്ടാല്‍, ദൈവസ്മരണയിലേക്ക് വേഗത്തില്‍ ചെന്നുകൊള്ളുക; കച്ചവടം മാറ്റിവെക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ അറിയുന്നുവെങ്കില്‍''(അൽ ജുമുഅ  9). സൂക്തത്തില്‍ പരാമര്‍ശിച്ച ദൈവസ്മരണയുടെ താല്‍പര്യം വെള്ളിയാഴ്ച ഉച്ചസമയത്തുള്ള ജുമുഅയാണ്. തിരുചര്യ പറയുന്നു: ''സംഘടിതമായ ജുമുഅ മുസ്ലിംകളുടെ നിര്‍ബന്ധ ബാധ്യതയാണ്''(അബൂ ദാവൂദ്). മനഃപൂര്‍വം ജുമുഅ ഉപേക്ഷിക്കല്‍ കുറ്റകരമാണ്. ഒരു ന്യായവുമില്ലാതെ അതുപേക്ഷിക്കുന്നവരെ കഠിനമായ സ്വരത്തിലാണ് പ്രവാചകന്‍ വിമര്‍ശിച്ചത്: ''ചിലര്‍ ജുമുഅ ഉപേക്ഷിക്കുന്നത് അവസാനിപ്പിക്കണം. അല്ലെങ്കില്‍, ദൈവം അവരുടെ ഉള്ളകങ്ങള്‍ക്ക് താഴിടും. അതോടെ അവര്‍ പ്രജ്ഞാശൂന്യരാവും''(മുസ്ലിം).

സൂര്യന്‍ ആകാശമധ്യത്തില്‍നിന്ന് തെറ്റുമ്പോഴാണ് ജുമുഅയുടെ സമയം. ഒരു പ്രദേശത്തെ മുസ്ലിംകള്‍ നിശ്ചയിക്കുന്ന ഇമാമിന്റെ രണ്ട് പ്രസംഗവും (ഖുത്വ്്ബ) തുടര്‍ന്ന് രണ്ട് റക്അത്ത് നമസ്‌കാരവും ഉള്‍ക്കൊള്ളുന്നതാണ് ജുമുഅ. സംഘടിതമായാണ് അത് നിര്‍വഹിക്കേണ്ടത്. ആ ജുമുഅയിൽ നിശ്ചിത എണ്ണം ആളുകൾ വേണമെന്നൊന്നുമില്ല. രണ്ടാളും അതിലപ്പുറവും സംഘമാണ്. ദൈവസ്തുതി, പ്രവാചകനുള്ള പ്രാര്‍ഥന, സൂക്ഷ്മതകൊണ്ടുള്ള ഉപദേശം എന്നിവ രണ്ട് പ്രസംഗങ്ങളിലും മുസ്ലിംകള്‍ക്കുള്ള പ്രാര്‍ഥന രണ്ടാം പ്രസംഗത്തിന്റെ ഒടുക്കത്തിലും ഉണ്ടാവണം. നിന്നുകൊണ്ടാവണം ഇമാം സംസാരിക്കേണ്ടത്. പ്രസംഗമുള്ളതിനാലാണ് ജുമുഅ നമസ്‌കാരം രണ്ട് റക്അത്തുകളായി പരിമിതപ്പെടുത്തിയതെന്ന്  ആഇശ (റ)യും ഇബ്‌നു അബ്ബാസും (റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. ജുമുഅ നമസ്‌കാരത്തിന്റെ ഒരു റക്അത്ത് നഷ്ടപ്പെട്ടാല്‍, മറ്റൊരു റക്അത്തുകൂടി ചേര്‍ത്ത് നമസ്‌കാരം പൂര്‍ത്തിയാക്കാം. രണ്ട് റക്അത്തും നഷ്ടപ്പെട്ടാല്‍ നാല് റക്അത്ത് നിര്‍വഹിക്കണം.

ശ്രേഷ്ഠ ദിനം

ദിവസങ്ങളുടെ നേതാവാണ് വെള്ളിയാഴ്ച. മുസ്ലിംകള്‍ക്കുള്ള ദൈവത്തിന്റെ വിശിഷ്ടമായ സമ്മാനമാണത്.  ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ക്ക് സംഘടിത പ്രാര്‍ഥനാ ദിനമായി വെള്ളിയാഴ്ചയെ ദൈവം നിശ്ചയിച്ചുകൊടുത്തിരുന്നു. അവരതില്‍ ഭിന്നിക്കുകയും മറ്റു ദിവസങ്ങളെ പ്രാര്‍ഥനാ ദിനങ്ങളായി സ്വീകരിക്കുകയും ചെയ്തു. ജുമുഅയെ ഉള്‍ക്കൊണ്ടതിനാല്‍, പരലോകത്ത് മുന്‍നിരയിലായിരിക്കും മുസ്ലിംകളുടെ സ്ഥാനം. മനുഷ്യന്റെ ഉല്‍പത്തിക്കു മുമ്പേ വെള്ളിയാഴ്ചക്ക് ശ്രേഷ്ഠതയുണ്ട്. ആദ്യ പ്രവാചകന്‍ ആദം സൃഷ്ടിക്കപ്പെട്ടതും സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെട്ടതും അതില്‍നിന്ന് പുറത്താക്കപ്പെട്ടതും വെള്ളിയാഴ്ചയായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്.

വിശ്വാസികള്‍ ജുമുഅയെ ഗൗരവത്തോടെ കാണണം. പൂര്‍വ സൂരികള്‍ നേരത്തേതന്നെ ജുമുഅക്ക് ഒരുക്കങ്ങള്‍ നടത്താറുണ്ടായിരുന്നു. എത്രത്തോളമെന്നാല്‍, വ്യാഴാഴ്ചതന്നെ തുടങ്ങും ജുമുഅക്കുള്ള തയാറെടുപ്പുകള്‍. ജുമുഅക്ക് മുന്നോടിയായി ശരീര ശുദ്ധി ഉറപ്പാക്കണം. നഖം വെട്ടണം; ദന്തശുദ്ധി നടത്തണം; കുളിക്കണം; നല്ല വസ്ത്രം ധരിക്കണം; മുടി ചീകണം; സുഗന്ധം പൂശണം. തിരുചര്യ പറയുന്നു: ''പക്വതയെത്തിയ മുഴുവന്‍ പേരും വെള്ളിയാഴ്ച കുളിക്കണം. ദന്ത ശുദ്ധീകരണവും സാധ്യമായ സുഗന്ധ ലേപനവും അപ്രകാരംതന്നെ''(മുസ്ലിം). വൃത്തിഹീനമായി ഒരാള്‍ ജുമുഅക്ക് വന്നപ്പോള്‍, ''നിങ്ങള്‍ ഈ ദിവസമെങ്കിലും ശുദ്ധിയോടെ വന്നിരുന്നെങ്കിൽ'' എന്ന് പ്രവാചകന്‍ ചോദിക്കുകയുണ്ടായി.

ജുമുഅക്ക് നേരത്തേ പള്ളിയില്‍ എത്തുന്നതിന് പുണ്യമുണ്ട്. ആദ്യമാദ്യം എത്തുന്നവരുടെ പേരുകള്‍ രേഖപ്പെടുത്താന്‍ ദൈവത്താല്‍ നിയോഗിതരായ മാലാഖമാര്‍ പള്ളിയുടെ ഓരോ വാതിലിന് സമീപത്തും ഉണ്ടായിരിക്കും: ''വെള്ളിയാഴ്ച വന്നെത്തിയാല്‍, പള്ളിയുടെ ഓരോ വാതിലിലും, ആദ്യമാദ്യം എത്തുന്നവരുടെ പേരുകള്‍ രേഖപ്പെടുത്തുന്ന മാലാഖമാര്‍ ഉണ്ടായിരിക്കും. ഇമാം മിമ്പറില്‍ ഇരുന്നാല്‍ അവര്‍ ഏടുകള്‍ മടക്കി ഉപദേശം കേള്‍ക്കാന്‍ വരും. പള്ളിയില്‍ നേരത്തേ എത്തുന്നവര്‍ പെണ്ണൊട്ടകത്തെ ബലി നല്‍കിയവരെപ്പോലെയാണ്. പിന്നീടെത്തുന്നവര്‍ പശുവിനെ ബലി നല്‍കിയവരെപ്പോലെയാണ്. തുടര്‍ന്നെത്തുന്നവര്‍ ആടിനെ ബലി നല്‍കിയവരെപ്പോലെയാണ്. ശേഷമെത്തുന്നവര്‍ കോഴിയെ ബലി നല്‍കിയവരെപ്പോലെയാണ്. പിന്നെയെത്തുന്നവരോ, കോഴിമുട്ട ബലി നല്‍കിയവരെപ്പോലെയും''(മുസ്‌ലിം). മേല്‍പ്പറഞ്ഞ  വ്യവസ്ഥകൾ പാലിച്ചുകൊണ്ട് വിശ്വാസികള്‍ ജുമുഅ നിര്‍വഹിച്ചാല്‍ അവരുടെ മുഴുവന്‍ പാപങ്ങളും അല്ലാഹു മാപ്പാക്കി ക്കൊടുക്കും.

ബോധന ദിനം

ജുമുഅയുടെ ആത്മാവാണ് ഇമാമിന്റെ സാരോപദേശങ്ങള്‍. ഉപദേശത്തിന്റെ കാര്യത്തില്‍ ഏറ്റവും സാഹിത്യസമ്പുഷ്ടമായ ഇനമാണ് ഇമാമിന്റെ സംസാരമെന്ന് ഇമാം നവവി എഴുതിയിട്ടുണ്ട്. ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ പകര്‍ന്നുകൊടുക്കാനും അതുവഴി വിശ്വാസികളില്‍ മാറ്റത്തിന്റെ വിത്തുകള്‍ വിതറാനും അതിലൂടെ ഇമാമിന് സാധിക്കും. ജീവിത വിശുദ്ധിക്ക് സഹായകമാവുന്ന സംസാരമാണ് പ്രസംഗത്തില്‍ വരേണ്ടത്. നന്മകള്‍ കല്‍പിക്കണം; തിന്മകള്‍ വിരോധിക്കണം; പ്രത്യാശ നല്‍കണം; സൂക്ഷ്മതകൊണ്ട് ഉപദേശിക്കണം; ആരാധനകള്‍ മുറതെറ്റാതെ നിര്‍വഹിക്കാന്‍ പ്രേരിപ്പിക്കണം. ജുമുഅ മൊത്തത്തില്‍ ലളിതമാവാന്‍ ഇമാം പ്രത്യേകം ശ്രദ്ധിക്കണം. സംസാരത്തില്‍ പക്വതയും മിതത്വവും വേണ്ടുവോളം ഉണ്ടാവണം. സംസാരത്തിന് ഉപയോഗിക്കുന്ന ഭാഷ നിര്‍മലവും ലളിതവുമാവണം. സാഹിത്യപരമായ സൗന്ദര്യവും ആശയപരമായ ഗാംഭീര്യവും ഉണ്ടാവണം. സമയം പാലിക്കുന്നതില്‍ ഇമാമിന് ശ്രദ്ധയുണ്ടാവണം.

പ്രവാചകന്റെ ജുമുഅ മാതൃകാപരമായിരുന്നു. കുറഞ്ഞ വാക്കുകളേ ഉണ്ടാവൂ. പക്ഷേ, ആഴത്തിലുള്ള ആശയങ്ങളാവും പകർന്നുനല്‍കുന്നത്. പ്രവാചകന്റെ സംസാരവും നമസ്‌കാരവും ദീര്‍ഘിക്കുകയോ ചുരുങ്ങുകയോ ചെയ്യുമായിരുന്നില്ല. മിതത്വം പാലിച്ചു. പ്രധാന കാര്യങ്ങള്‍ സവിശേഷം പ്രവാചകന്‍ എടുത്തുപറഞ്ഞു. സ്വര്‍ഗത്തെക്കുറിച്ച് സന്തോഷം നല്‍കി; നരകത്തെക്കുറിച്ച് താക്കീത് നല്‍കി. ജനങ്ങളുടെ മനസ്സറിഞ്ഞ് സാന്ദര്‍ഭികമായ കാര്യങ്ങൾ കൂടി ചേർത്ത് പ്രവാചകന്‍ സംസാരിച്ചു. വല്ല വിഷയത്തിലും ഇടപെടേണ്ടതുണ്ടെങ്കില്‍, അപ്പോള്‍തന്നെ ഇടപെട്ടു. ഒരാൾ  ജുമുഅക്കിടെ കയറിവന്ന് ഐഛിക നമസ്‌കാരം നിര്‍വഹിക്കാതിരുന്നപ്പോള്‍, പ്രവാചകന്‍ അദ്ദേഹത്തോട് അത് നിര്‍വഹിക്കാന്‍ കല്‍പിച്ചു. ജുമുഅയെ സംബന്ധിച്ച് പ്രവാചകന്‍ ഇപ്രകാരം പറയുകയുണ്ടായി: ''ദീര്‍ഘമായ നമസ്‌കാരവും ഹ്രസ്വമായ സംസാരവും ഇമാമിന്റെ വിജ്ഞാനത്തെയാണ് കുറിക്കുന്നത്. നിങ്ങള്‍ നമസ്‌കാരം ദീര്‍ഘിപ്പിക്കുക; സംസാരം ചുരുക്കുകയും ചെയ്യുക''(മുസ്‌ലിം). 

ഇമാം സാരോപദേശം നല്‍കുമ്പോള്‍, ശ്രോതാക്കള്‍ സശ്രദ്ധം കേള്‍ക്കണം. ധ്യാനപൂര്‍വം അവ ഉള്‍ക്കൊള്ളണം. സംസാരം, ഉറക്കം പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടരുത്.  എത്രത്തോളമെന്നാല്‍, സമീപത്തുള്ളവര്‍ സംസാരിക്കുകയാണെങ്കിലോ, ഉറങ്ങുകയാണെങ്കിലോ അവയിലൊന്നും ഇടപെടരുത്. അങ്ങനെ ചെയ്താല്‍ ജുമുഅ നഷ്ടപ്പെട്ടുപോവും. ജുമുഅക്കിടെ സംസാരിക്കുന്നവന്‍ ഏടുകള്‍ വഹിക്കുന്ന കഴുതക്ക് സമമാണ്. ശത്രുസേനക്കെതിരെ പടനീക്കം നടത്തി ലക്ഷ്യം സാക്ഷാല്‍ക്കരിക്കാതെ മടങ്ങുന്നവരെപ്പോലെയാണ് ജുമുഅക്ക് കിടന്നുറങ്ങുന്നവന്റെ കാര്യമെന്ന് ഇമാം ഇബ്‌നു ഹജര്‍ പറഞ്ഞിട്ടുണ്ട്.

വിജ്ഞാന ദിനം

വിജ്ഞാനത്തിന്റെ നിമിഷങ്ങള്‍ കൂടിയാണ് വെള്ളിയാഴ്ച ദിവസം. ഇമാമിനും ശ്രോതാക്കള്‍ക്കും ഒരുപോലെ വിജ്ഞാനം സ്വായത്തമാക്കാനുള്ള അവസരമാണ് വെള്ളിയാഴ്ചയിലൂടെ ലഭിക്കുന്നത്. ആദര്‍ശം, ആരാധനകള്‍, അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങള്‍ പോലുള്ള ഇസ്‌ലാമിന്റെ അടിസ്ഥാന പാഠങ്ങളും മറ്റു ശാഖാപരമായ പാഠങ്ങളും ഉള്‍ക്കൊള്ളാന്‍ ജുമുഅയിലൂടെ സാധിക്കുന്നു. വിശുദ്ധ വേദത്തെക്കുറിച്ചും തിരുചര്യയെക്കുറിച്ചുമുള്ള അധ്യാപനങ്ങള്‍ സ്വാംശീകരിക്കാനും കഴിയുന്നു. 

സമകാല വിഷയങ്ങളും വെള്ളിയാഴ്ച പ്രസംഗത്തിന്റെ വിഷയമാക്കാവുന്നതാണ്. പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായി മുസ്‌ലിം സമുദായം അഭിമുഖീകരിക്കുന്ന ഒരുപാട് വിഷയങ്ങളുണ്ടല്ലോ. ആവശ്യമായ അളവില്‍ അവയെ സംബന്ധിച്ച് അവബോധമുണ്ടാക്കണം. മുസ്‌ലിം സമുദായത്തിന്റെ സാമൂഹികാവസ്ഥ, പുതിയ പ്രശ്‌നങ്ങള്‍ ഉയരുമ്പോള്‍ അവയോടുള്ള നിലപാട്, വര്‍ത്തമാനകാല ആവശ്യങ്ങള്‍ തുടങ്ങിയവയും പ്രസംഗത്തില്‍ കടന്നുവരേണ്ടതുണ്ട്.

പ്രവാചകന്റെ ജുമുഅ സംസാരങ്ങള്‍ വൈജ്ഞാനിക പ്രധാനം കൂടിയായിരുന്നു. അവിടുന്ന് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ അനുചരര്‍ക്ക് പഠിപ്പിച്ചുകൊടുത്തു. ഒരിക്കല്‍ പ്രവാചകന്‍ മിമ്പറില്‍ സംസാരിച്ചുകൊണ്ടിരിക്കെ, അബൂ രിഫാഅത്തുല്‍ അദവിയെന്ന അനുചരന്‍ പ്രവാചകന്റെ അടുത്തുവന്ന് ഇസ്‌ലാമിനെക്കുറിച്ച് പഠിപ്പിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. പ്രവാചകന്‍ ആവശ്യമായ ഇസ്‌ലാമിക പാഠങ്ങള്‍ പകര്‍ന്നുകൊടുത്തു. അതുപോലെ, അനുചരരുടെ സംശയങ്ങള്‍ പ്രവാചകന്‍ നിവർത്തിച്ചുകൊടുത്തു. നാലാം ഉത്തരാധികാരി അലി കൂഫയില്‍ ജുമുഅ പ്രസംഗം നിര്‍വഹിച്ചുകൊണ്ടിരിക്കെ ഒരാള്‍ അനന്തരാവകാശത്തെക്കുറിച്ച പ്രശ്‌നം ഉന്നയിച്ചപ്പോള്‍, ഇമാം അലി അതിന് കൃത്യമായ പരിഹാരം നിര്‍ദേശിക്കുകയുണ്ടായി. l

Comments