Prabodhanm Weekly

Pages

Search

2024 മാർച്ച് 08

3343

1445 ശഅ്ബാൻ 27

സമസ്തയെ പിളർത്തി യു.ഡി.എഫിനെ  തകർക്കാമെന്ന കണക്കുകൂട്ടൽ

കെ. മുസ്തഫ കമാൽ മൂന്നിയൂർ

ശത വാർഷികം ആഘോഷിക്കുന്ന  സമസ്തയിലെ പുനരേകീകരണ  സാധ്യതകൾ എന്ന ശീർഷകത്തിൽ  എ. ആർ  എഴുതിയ   ലേഖനത്തിന് (ലക്കം 3335) അനുബന്ധമായി  ചിലത്‌  കുറിക്കട്ടെ.
1926-ൽ കോഴിക്കോട്‌ ടൗൺ ഹാളിൽ വരക്കൽ മുല്ലക്കോയ തങ്ങൾ, പാങ്ങിൽ അഹമ്മദ്‌  കുട്ടി മുസ്ല്യാർ, കെ. മുഹമ്മദ്‌ അബ്ദുൽ ബാരി മുസ്ല്യാർ, കെ.എം അബ്ദുൽ ഖാദിർ മുസ്ല്യാർ, കെ.പി മുഹമ്മദ്‌ മീരാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ  രൂപീകരിക്കപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ  ഉലമക്ക്,  2026-ൽ നൂറ് വർഷം പൂർത്തിയാവുകയാണ്. നൂറ്റാണ്ടിന്റെ പാരമ്പര്യം ഇരു  സമസ്തകളും  അവകാശപ്പെട്ട്‌ രംഗത്തു വന്നത്‌  വിവാദങ്ങൾക്ക് തിരികൊളുത്തുകയുണ്ടായി.

അവകാശവാദങ്ങൾ മുൻനിർത്തിയുള്ള ഖണ്ഡന മണ്ഡനങ്ങൾക്ക് ഇനിയുള്ള രണ്ട് വർഷത്തെ പരിപാടികൾ വേദിയാവാനാണ് സാധ്യത.

1989-ൽ സമസ്തയിൽ പിളർപ്പ് സംഭവിക്കുമ്പോഴുള്ള രാഷ്ട്രീയാന്തരീക്ഷമല്ല ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്നത്‌. 700- കൊല്ലം മുസ്ലിം ഭരണം നിലനിന്ന സ്‌പെയിൻ നമ്മുടെ ഓർമയിൽ വരേണ്ട സന്ദർഭമാണിത്‌. അൽ ഹംറാ കൊട്ടാരത്തിന്റെ താക്കോൽ  ഫെർഡിനന്റ്‌ രാജാവിനും ഇസബെല്ല രാജ്ഞിക്കും കൈമാറി അപമാനിതനായി നാട്‌ വിട്ട മുഹമ്മദ്‌ പന്ത്രണ്ടാമന്റെ ദുരന്ത കഥ ഒരു നാൾകൊണ്ടോ, ഒരു വർഷം കൊണ്ടോ സംഭവിച്ചതല്ല. രാജ്യത്തെ ആഭ്യന്തര സംഘർഷങ്ങൾ മൂലം സംഭവിച്ച സ്‌പെയിനിന്റെ പതനം പുതിയ ഇന്ത്യൻ രാഷ്ട്രീയാവസ്ഥയിൽ ഒാരോ മുസ്ലിമിന്റെയും ചിന്താ മണ്ഡലത്തിലേക്ക്‌ കടന്നുവരേണ്ടതുണ്ട്‌. ഭരണം നഷ്ടപ്പെടുന്നതിൽ ഒതുങ്ങുന്നതായിരുന്നില്ല ആ പതനം. 1499-ൽ  കത്തോലിക്കാ ഭരണകൂടം മത പരിവർത്തന ശ്രമങ്ങൾക്ക്‌ തുടക്കം കുറിച്ചു. 1502-ഓടെ നിർബന്ധിത മത പരിവർത്തനം, അല്ലെങ്കിൽ കൊല്ലപ്പെടുകയോ ആഫ്രിക്കയിലേക്ക്‌  പോവുകയോ ചെയ്യുക എന്ന അന്ത്യശാസനത്തിലേക്ക് കാര്യങ്ങളെത്തി.  മുന്നൂറ് കൊല്ലത്തിലധികം നിലനിന്ന ഈ നരനായാട്ടിന്റെ ഫലമായി സ്‌പെയിനിൽനിന്ന് മുസ്ലിംകൾ തുടച്ചു നീക്കപ്പെട്ടു. 

ഭരണാധികാരികൾ തമ്മിലെ ആഭ്യന്തര സംഘർഷം തുടർന്ന  സമയങ്ങളിൽ അവിടത്തെ മുസ്ലിം പണ്ഡിതർ, അനാവശ്യമായ തർക്ക വിതർക്കങ്ങളിലായിരുന്നുവത്രെ.

ബാലിശമായ തർക്കങ്ങൾ ദശകങ്ങളോളം നീണ്ടുനിന്നതിന്റെ ഫലമായിട്ടായിരിക്കാം ഒരു സമൂഹത്തിന്റെ നിഷ്കാസനം ശത്രുക്കൾക്ക്‌ എളുപ്പം സാധ്യമായത്.

എ.ആർ ചൂണ്ടിക്കാണിച്ചതു പോലെ സമസ്തയിലെ പുനരേകീകരണം സമുദായം  ആഹ്ലാദപൂർവം സ്വീകരിക്കും എന്ന കാര്യത്തിൽ  സംശയമില്ല. അതേസമയം  ഔദ്യോഗിക സമസ്തയുടെ അകത്തുനിന്ന് അനൈക്യത്തിന്റെ വാർത്തകൾ ഇടക്ക് പുറത്തുവരുന്നുണ്ട്. ഇത്  പ്രതീക്ഷകൾ കെടുത്തിക്കളയുന്നു.
89-ലെ പിളർപ്പിന്റെ അടിയൊഴുക്ക്‌ മതപരമെന്ന പോലെ  രാഷ്ട്രീയം കൂടി ആയിരുന്നു. അതുപോലെ, യു.ഡി.എഫിനെ തകർക്കാൻ ഔദ്യോഗിക  സമസ്തയെ പിളർത്തിയാൽ  സാധ്യമാണെന്ന രാഷ്ട്രീയ ചിന്ത ഇപ്പോഴത്തെ  ഈ പൊട്ടലിനും ചീറ്റലിനും പിന്നിലുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. 

മുസ്ലിം ലീഗ്‌ ദുർബലപ്പെട്ടാൽ താനെ തകർന്നു വീഴാൻ പാകത്തിലാണ് യു.ഡി.എഫ്‌ സംവിധാനം. സമസ്തക്കകത്ത്‌ വിള്ളൽ വീഴ്ത്തിയാൽ അത്‌ വേഗത്തിൽ സാധ്യമാവുമെന്ന് വിചാരിക്കുന്നവരുടെ ബുദ്ധിയാണ് സമസ്തയിലെ പുതിയ സംഭവങ്ങൾക്ക് പിന്നിൽ. സമസ്തയിലെ പക്വമതികളായ പണ്ഡിതന്മാർ  ഉണർന്നു  പ്രവർത്തിക്കുമെന്ന് നമുക്ക്‌ പ്രത്യാശിക്കാം.

 

യോജിപ്പിന്റെ വഴികള്‍ കണ്ടെത്തണം

കേരളത്തിലെ വ്യത്യസ്ത മുജാഹിദ് വിഭാഗങ്ങള്‍ വിഭിന്ന തലങ്ങളില്‍ നടത്തിയ പരിപാടികള്‍ നേരിട്ടും അല്ലാതെയും ശ്രദ്ധിച്ചപ്പോള്‍ മനസ്സിലുദിച്ച ആശയമാണ് ഈ കുറിപ്പിനാധാരം.

സ്വന്തം സംഘടനാ നേതാക്കള്‍ക്ക് പുറമെ ഭരണ രംഗത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയ നേതാക്കളടക്കം പ്രമുഖരെ വിവിധ സെഷനുകളില്‍ പങ്കെടുപ്പിക്കാന്‍ എല്ലാ വിഭാഗങ്ങളും ശ്രമിച്ചിട്ടുണ്ട്. തരംതാണ ശൈലിയില്‍ അപരരെ വിമര്‍ശിക്കുന്ന പതിവ് ഒഴിവാക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. നാടും സമുദായവും അഭിമുഖീകരിക്കുന്ന സവിശേഷ സാഹചര്യത്തിന്റെ സമ്മര്‍ദവും, അതിഥികളായി സ്റ്റേജിലെത്തിയവരുടെ സാന്നിധ്യവും ശൈലിയും ചെലുത്തിയ സമ്മര്‍ദവും മിതമായ ശൈലി സ്വീകരിക്കാന്‍ സംഘാടകരെ പ്രേരിപ്പിച്ചിട്ടുണ്ടാകണം.

മുസ്്‌ലിം സമൂഹം അവരുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സവിശേഷ ഘട്ടത്തെയാണ് അഭിമുഖീകരിക്കുന്നത്. ആസന്നമായ തെരഞ്ഞെടുപ്പില്‍ ഫാഷിസ്റ്റ് ശക്തിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം തന്നെ അസ്തമിക്കാനിടയുണ്ട്.
മുജാഹിദ് വിഭാഗങ്ങളുടെ പരിപാടികളിലെത്തിയ രാഷ്ട്രീയ നേതാക്കളും മത സാംസ്‌കാരിക പ്രതിനിധികളുമെല്ലാം ഒരേ സ്വരത്തില്‍ രാജ്യവും സമുദായവും അഭിമുഖീകരിക്കുന്ന പ്രതിസന്ധിയിലേക്ക് വിരല്‍ ചൂണ്ടുകയും, വിവിധ ചിന്താഗതിക്കാരും വ്യത്യസ്ത പാര്‍ട്ടിക്കാരും ഫാഷിസ്റ്റ് ഭീഷണിക്കെതിരെ ഒന്നിച്ചണിനിരക്കുകയും ഐക്യപ്പെടുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയുമുണ്ടായി. അല്‍പം കൂടി മുന്നോട്ട് കടന്ന്, മുസ്ലിംകള്‍ക്ക് എന്തുകൊണ്ട് ഈ സന്ദിഗ്ധ ഘട്ടത്തില്‍ യോജിക്കാനാവുന്നില്ലെന്ന് ചിലർ ചോദിച്ചു. മുജാഹിദ് വിഭാഗങ്ങള്‍ക്ക് പോലും യോജിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ചിലര്‍ സംശയമുന്നയിച്ചു. ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കാനോ പിളര്‍പ്പിനെ ന്യായീകരിക്കാനോ ആരും മിനക്കെട്ടതായി കണ്ടില്ല.

ഒരുപക്ഷേ, ഗ്രൂപ്പ് ചിന്തയും ആവേശവുമായി സമ്മേളന സംഘാടനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമിറങ്ങിയ നേതാക്കളും പ്രവര്‍ത്തകരും ഫാഷിസത്തിനെതിരെ ഭിന്നതകള്‍ മാറ്റിവെച്ച് ഒറ്റക്കെട്ടാകണമെന്ന ചിന്താഗതിയുമായാണ് സമ്മേളനങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തിയത് എന്ന് വിചാരിക്കാം. യോജിപ്പിനുള്ള വഴി കണ്ടെത്താനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തുകയാണാവശ്യം.

കെ.സി ജലീല്‍ പുളിക്കല്‍

 

ആ ദമ്പതികളുടെ പ്രഭാഷണ കാലം 

വി. മൂസ മൗലവിയുടെ  'പ്രസ്ഥാനജീവിതം' മൂന്ന് ലക്കങ്ങളിലായി വായിച്ചു. ഇതിനകം പ്രസ്ഥാന നായകന്മാരുടെതായി വെളിച്ചം കണ്ട അനുഭവക്കുറിപ്പുകളൊക്കെ വായിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവർക്കൊന്നുമില്ലാത്ത പ്രത്യേകത മൂസ മൗലവി - ഫാത്വിമ മൂസ ദമ്പതികൾക്കുണ്ട്. മറ്റെല്ലാ നേതാക്കളും വ്യക്തികളായാണ്  രംഗത്തുണ്ടായിരുന്നത്. മൂസ മൗലവി ഇണയോടൊപ്പം, കുടുംബമായാണ് കർമരംഗത്തുണ്ടായിരുന്നത്. 

മലബാർ ഭാഗങ്ങളിൽ, മൂസ മൗലവി- ഫാത്വിമ മൂസ  ദമ്പതികൾ ഉഴുതുമറിക്കാത്ത മഹല്ലുകൾ കുറവായിരിക്കും. അവരുടെ പ്രബോധനവും പ്രഭാഷണവും കേട്ടു വളർന്നവരാണ് കണ്ണൂർ ജില്ലയിൽ ഉൾപ്പെടെ ഒരു കാലത്തെ പ്രസ്ഥാന പ്രവർത്തകർ. എതിരാളികൾ അവർക്കെതിരെ നടത്തിയ വിമർശനമായിരുന്നു; 'ളലാലത്തിന്റെ പാർട്ടിയിൽ ഒരു മസീഹുദ്ദജ്ജാൽ ഇറങ്ങിയിട്ടുണ്ട്, ആണും പെണ്ണുമല്ലാത്തൊരാൾ' എന്നത്. 

മൂസ മൗലവിയെപ്പോലെ വനിതകളിൽ ഫാത്വിമ മൂസ നിറഞ്ഞു നിന്നൊരു കാലഘട്ടം തന്നെ ഉണ്ടായിരുന്നു. മൗലവിയുടെ ജീവിതത്തിലേക്ക് ചെറുപ്രായത്തിൽ കയറി വന്ന അവർ, മൗലവിയുടെ ശിക്ഷണത്തിൽ പഠിച്ചുവളർന്ന്, പ്രസ്ഥാന രംഗത്ത് പ്രത്യേകിച്ച് വനിതകളിൽ ഉണ്ടാക്കിയെടുത്ത  നേട്ടത്തിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന വനിതാരംഗത്തെ കരുത്തും കാമ്പുമെന്നതാണ് നേര്. 
ആ കാലം ഓർമയിൽ എത്തിയതുകൊണ്ട് ഓരോ ലക്കവും ആകാംക്ഷയോടെ കാത്തിരുന്നാണ് വായിച്ചത്. പ്രസ്ഥാന പ്രവർത്തകർക്ക് ഏറെ പ്രയോജനകരമായ സേവനമാണിത്. അദ്ദേഹത്തിന്റെ അനുഭവങ്ങൾ പൂർണമായും ഉൾപ്പെടുത്തി ഇസ് ലാമിക പ്രവർത്തകർക്ക് പ്രയോജനപ്പെടുന്ന ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

മമ്മൂട്ടി കവിയൂർ

Comments