പി.സി മൂസ
ജമാഅത്തെ ഇസ്്ലാമി കരിങ്ങനാട് മുൻ ഹൽഖാ നാസിം, ഹിമായത്തുൽ ഇസ്്ലാം ചാരിറ്റബ്ൾ ട്രസ്റ്റ് അംഗം, 'മാപ്' ഖത്തർ, വെൽഫെയർ പാർട്ടി വിളയൂർ പഞ്ചായത്ത് കമ്മിറ്റി എന്നിവയുടെ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു പി.സി മൂസ സാഹിബ്. നാട്ടിലും മറുനാട്ടിലുമുള്ള അശരണർക്കും ദാരിദ്ര്യമനുഭവിക്കുന്നവർക്കും രോഗങ്ങളാൽ കഷ്ടതയനുഭവിക്കുന്നവർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമായിരുന്നു. ആരെങ്കിലും വീട് റിപ്പയർ, ചികിത്സ എന്നീ ആവശ്യങ്ങളുമായി വന്നാൽ അപ്പോൾ സംഘടനയിലേക്ക് അപേക്ഷ എഴുതിക്കൊടുത്ത് അത് വാങ്ങിക്കൊടുക്കും. സകാത്ത് ഫണ്ട്, പാർട്ടി ഫണ്ട്, പള്ളി പിരിവ് എന്നിവക്കെല്ലാം പറ്റിയ ആളുകളെ സമീപിച്ച് സംഖ്യ സമാഹരിക്കും. നോമ്പിന്റെ ഒരു മാസം മുമ്പ് തന്നെ കിറ്റ് കൊടുക്കുന്നതിനുള്ള ലിസ്റ്റ് തയാറാക്കും. അർഹരെ കണ്ടെത്തി അവരിലേക്കത്തിക്കും വരെ അദ്ദേഹത്തിന് സമാധാനമുണ്ടാവില്ല.
പ്രസ്ഥാനത്തിന്റെയും സംവിധാനങ്ങളുടെയും വളർച്ചക്ക് ചുക്കാൻ പിടിക്കുന്നതിലും മികവ് പുലർത്തി. സകാത്ത് സംവിധാനം, സേവനപ്രവർത്തനങ്ങൾ, പാർട്ടി, അയൽക്കൂട്ടങ്ങൾ തുടങ്ങിയ എല്ലാ മേഖലകളിലും മൂസാ സാഹിബിന്റെ നിറസാന്നിധ്യമുണ്ടായിരുന്നു. കരിങ്ങനാട് സൗഹൃദ വേദി എന്ന പേരിൽ ഒരു പൊതു കൂട്ടായ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകി. ഖത്തറിലായിരുന്നപ്പോൾ ഇന്ത്യൻ ഇസ്‌ലാമിക് അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു. ഗൾഫ് എയറിൽ ജോലിയിലായിരിക്കെ അദ്ദേഹം പലരെയും പല രൂപത്തിൽ സഹായിച്ചിട്ടുണ്ട്. ജനസേവനവും ആരാധനാകർമങ്ങളിലുള്ള നിഷ്ഠയും ചടുലതയും മുഖമുദ്രയാക്കിയ അദ്ദേഹം മക്കൾക്ക് ഉന്നത വിദ്യാഭ്യാസവും ധാർമിക ശിക്ഷണവും നൽകുന്നതിൽ ശ്രദ്ധപുലർത്തി.
ട്രസ്റ്റിന് കീഴിലുള്ള മഹല്ലിനും സ്കൂളിനും വേണ്ടി പണം സ്വരൂപിക്കുന്നതിന് തന്നാലാവും വിധം ശ്രമിച്ചു. ആബാലവൃദ്ധം പ്രവർത്തകരുമായും ഹൃദയ ബന്ധം സ്ഥാപിച്ചിരുന്നു. ഓരോരുത്തരുടെയും കഴിവുകൾ കണ്ടെത്തി അവരെ പ്രാസ്ഥാനികമായി വളർത്താനും ശ്രദ്ധ ചെലുത്തി. മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതത്തിലും അതിനു ശേഷവും മറ്റുള്ളവർക്കായി ഓടിനടന്ന മനുഷ്യനായിരുന്നു മൂസാ സാഹിബ്. ജാതി- മത ഭേദമന്യേ പലരും അതിന്റെ ഗുണഭോക്താക്കളാണ്. ഭാര്യ: മുംതാസ്. മക്കൾ: സഫീർ (ഖത്തർ), സൽമാൻ (യു.കെ), ഡോ.സജ്ന, സഫ, സമീഹ. മരുമക്കൾ: റിയാസ് (കരിങ്കല്ലത്താണി), നിസാമുദ്ദീൻ (മേലാറ്റൂർ), ഷംന (തിരൂർക്കാട്), ശിഫ (വളാഞ്ചേരി).
പുള്ളാട്ട് ഉമ്മർ സാഹിബ് മേമാട്ടുപാറ
മലപ്പുറം ജില്ലയിലെ ഏ.ആർ നഗർ ഏരിയയിൽ മേമാട്ടുപാറ ഘടകത്തിലെ പ്രവർത്തകനായിരുന്നു ഉമ്മര്‍ സാഹിബ്. രോഗം കഠിനമാകുന്നതുവരെ അദ്ദേഹം പ്രസ്ഥാന രംഗത്ത്
സജീവമായിരുന്നു. രോഗിയായ ശേഷവും ഒരു ഓഫീസ് എന്നപോലെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചാണ് സ്ഥിരമായി യോഗം ചേർന്നിരുന്നത്.
സേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഉമ്മർ സാഹിബ് സ്വന്തം പങ്കാളിത്തം ഉറപ്പുവരുത്തിയിട്ടേ പൊതു കലക്്ഷന് ഇറങ്ങിയിരുന്നുള്ളൂ. നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളോടും, പ്രത്യേകിച്ച് സഹോദര സമുദായങ്ങളോടും നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. മറ്റുള്ളവരെ കൂടി ബിസിനസ് രംഗത്തേക്ക് കൈപിടിച്ചുയർത്താൻ വേണ്ട ഉപദേശനിർദേശങ്ങൾ നൽകുകയും തന്റെ ബിസിനസിൽ അവരെ പങ്കാളികളാക്കി ഉയർത്തിക്കൊണ്ടു വരികയും ചെയ്തു. ജാതി-മത ഭേദമന്യേ എല്ലാവരോടും അടുത്തിടപഴകുകയും ജനകീയ പ്രശ്നങ്ങളിൽ ഭാഗഭാക്കാവുകയും ചെയ്തു. പ്രാദേശികമായും ഏരിയാ തലത്തിലുമുള്ള പല സംരംഭങ്ങളിലും താല്പര്യപൂർവം പങ്കാളിയായി.
തന്റെ സാമ്പത്തിക സുസ്ഥിതിയും സൗകര്യങ്ങളും പ്രസ്ഥാനത്തിന് ഉപയുക്തമാക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു. ഹിറാ സമ്മേളനാനന്തരം കുന്നുംപുറത്ത് രൂപം നൽകിയ ഹിറാ കമ്മമറേഷൻ ട്രസ്റ്റിലും പള്ളി നിർമാണത്തിലും ഉമ്മർ സാഹിബ് നേതൃപരമായ പങ്കുവഹിച്ചു.
അല്ലാഹു അദ്ദേഹത്തിന്റെ എല്ലാ സൽക്കർമങ്ങളും സ്വീകരിക്കുകയും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ .
ഭാര്യ : ഖദീജ. മക്കൾ: സുബീന, സഫ, സനൂജ, സാബിത്ത്. മരുമക്കൾ: ഖാലിദ്, മൻസൂർ, ഷാജഹാൻ, ഷാന മോൾ.
അബ്ദുർറഹ്മാൻ മാസ്റ്റർ മേമാട്ടുപാറ
സി.കെ കുഞ്ഞബ്ദുല്ല
മത സാമൂഹിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച വ്യക്തിയാണ് ഫെബ്രുവരി 14-ന് വിടപറഞ്ഞ സി.കെ കുഞ്ഞബ്ദുല്ല സാഹിബ്. വയനാട് ജില്ലയിലെ പിണങ്ങോട്ടും പരിസരപ്രദേശങ്ങളിലും ഇസ്്ലാമിന്റെ സന്ദേശമെത്തിക്കുന്നതിലും ഇസ്്ലാമിക വിദ്യാഭ്യാസത്തിന് പ്രചാരം നൽകുന്നതിലും അദ്ദേഹം യത്നിച്ചു. ആദ്യകാല ജമാഅത്ത് പ്രവർത്തകനായ കുഞ്ഞബ്ദുല്ല സാഹിബ് പിണങ്ങോട് ജമാഅത്തുൽ ഇസ്്ലാം മഹല്ല് കമ്മിറ്റിയുടെ നായകനും സേവകനുമായിരുന്നു. പ്രദേശത്തെ ഇസ്്ലാമിക സ്ഥാപനങ്ങളുടെ ചുക്കാൻ പിടിക്കുന്ന ഐഡിയൽ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ചെയർമാനും രക്ഷാധികാരിയുമായിരുന്നിട്ടുണ്ട്. വയനാട്ടിലെ മലയോര പ്രദേശങ്ങളിൽനിന്നും പാടികളിൽനിന്നും എത്തിപ്പെടുന്ന ദരിദ്രരായ വിദ്യാർഥികൾക്ക് മത-ഭൗതിക വിദ്യാഭ്യാസം പകർന്നുനൽകിയ ഐഡിയൽ കോളേജിന്റെ എല്ലാമെല്ലാമായിരുന്നു കുഞ്ഞബ്ദുല്ല സാഹിബ്. ഐഡിയൽ കോളേജ് തൽക്കാലം നിർത്തിവയ്ക്കേണ്ടി വന്നപ്പോൾ അദ്ദേഹം ഏറെ വേദനിച്ചു. തൽസ്ഥാനത്ത് 'ഉമ്മുൽ ഖുറാ' ഉയർന്നുവന്നപ്പോൾ ഏറെ സന്തോഷിച്ചതും സി.കെ യായിരുന്നു.
വയനാട്ടിലെ അറിയപ്പെടുന്ന കുടുംബത്തിൽ ജനിച്ച കുഞ്ഞബ്ദുല്ല സാഹിബ് 'പഞ്ചാബ് കുഞ്ഞബ്ദുല്ല' എന്നറിയപ്പെട്ടിരുന്നു. പഞ്ചാബിൽനിന്ന് കേരളത്തിലെത്തിയ ഡോ. എച്ച്.എസ് അബ്ദുർറഹ്മാന്റെ വീടും പറമ്പും വിലയ്ക്ക് വാങ്ങി അവിടെ താമസിച്ചതു കൊണ്ടാണ് ഈ പേര് വീണത്. ജെ.ഡി.ടി ഇസ്‌ലാം സ്ഥാപനങ്ങളുടെ സ്ഥാപക സെക്രട്ടറിയായിരുന്നു എച്ച്. അബ്ദുർറഹ്മാൻ.
പുതുതലമുറക്ക് മാർഗദർശിയും ആവേശവുമായിരുന്ന സി.കെ തന്റെ 79-ാമത്തെ വയസ്സിൽ അല്ലാഹുവിലേക്ക് തിരിച്ചു പോയി.
ഭാര്യ: ഭൂപതി മറിയം (കുന്ദമംഗലം). മക്കൾ: സലീം, നജീമ, ഫൗസിയ, ഷഹനാസ്, ബുഷ്റ, ഹാഫിസ്, സുൽഫിയ. മരുമക്കൾ: റഹീന (കുറ്റ്യാടി), ശിഹാബുദ്ദീൻ (ഓമശ്ശേരി), അശ്റഫ് (മാഹി), അബ്ദുല്ല (എകരൂൽ), സുബൈർ (ആരാമ്പ്രം), ജഫ്്സി (വെള്ളമുണ്ട), യു.സി സലീം പന്തിപൊയിൽ.
കെ. മുസ്തഫ പിണങ്ങോട്
Comments