Prabodhanm Weekly

Pages

Search

2024 മാർച്ച് 08

3343

1445 ശഅ്ബാൻ 27

പുതിയ കാലത്ത് റമദാനിൽ ജീവിക്കുമ്പോൾ

ഡോ. താജ് ആലുവ

നാമറിയാതെ നമ്മുടെ വിലപ്പെട്ട സമയം ആരൊക്കെയോ കവർന്നെടുക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതിനുള്ള അത്യന്തം വാശിയേറിയ മല്‍സരത്തിലാണ് നവ സാമൂഹിക മാധ്യമങ്ങളും ആധുനിക സാങ്കേതിക സംവിധാനങ്ങളും. തടസ്സങ്ങളേതുമില്ലാതെ നമ്മെ ഏറ്റവും കൂടുതല്‍ സമയം എങ്ങനെ എൻഗേജ് ചെയ്ത് നിറുത്താമെന്നതാണ് ഇവയെല്ലാം ഡിസൈൻ ചെയ്തുകൊണ്ടിരിക്കുന്നവരുടെ മുഖ്യ പരിഗണന. കണ്ണിമവിടാതെ, ശ്രദ്ധ തെറ്റാതെ, ഇടതടവില്ലാതെ റീലുകളിലും പോസ്റ്റുകളിലും ഓരോ ഉപയോക്താവിനെയും തളച്ചിട്ടുകൊണ്ട്, അത് മൂലധനമാക്കി ലാഭം കൊയ്യുന്നതിലാണ് നവ മാധ്യമരാജാക്കൻമാർ ജാഗ്രത കാണിക്കുന്നത്. കുഞ്ഞുങ്ങളെന്നോ വലിയവരെന്നോ ഭേദമില്ലാതെ ഏവരും മുഴുസമയവും സ്മാർട്ട് ഫോണുകൾക്കും സമൂഹ മാധ്യമങ്ങള്‍ക്കും അടിപ്പെടുകയെന്നതാണ് ഇതിന്റെയൊക്കെ അനന്തര ഫലം. ഒരു കാര്യത്തിലും നിരന്തരമായി, പൂർണമായി ശ്രദ്ധ കൊടുക്കാൻ പലർക്കും സാധിക്കാതെ വരുന്നു. അതുകൊണ്ടുതന്നെ, പുതിയ കാലത്തെ ‘അഡിക്്ഷൻ’ ഏതെങ്കിലും ഉപകരണത്തോടോ വസ്തുക്കളോടോ അല്ല, മറിച്ച് ശ്രദ്ധയില്ലായ്മയോടാണെന്ന് പറയാറുണ്ട് (addicted to distraction)! ഇത്തരം സംവിധാനങ്ങളെ മറികടന്ന്, ഫോക്കസോടെ ജീവിത ദൗത്യ നിർവഹണത്തില്‍ ശ്രദ്ധയൂന്നുന്നവരാണ് വിജയം വരിക്കുന്നവരെന്ന് നിസ്സംശയം പറയാം.

ആത്മവിശുദ്ധിയുടെ സന്ദേശവുമായി റമദാൻ കടന്നുവരുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യവും ഇതുതന്നെയാണ്. റമദാൻ നമ്മോട് ആവശ്യപ്പെടുന്നത് പൂർണമായും നമ്മുടെ റബ്ബുമായി എൻഗേജ് ചെയ്യാനാണ്, അഥവാ അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന കാര്യങ്ങളിൽ വ്യാപൃതരാകാനാണ്. അവന്റെ വചനങ്ങൾ പാരായണം ചെയ്യുകയും അവന്റെ ദൃഷ്ടാന്തങ്ങൾ മനനം ചെയ്യുകയെന്നതും ഫോക്കസോടെ, മനസ്സ് കേന്ദ്രീകരിച്ച് നിർവഹിക്കേണ്ട കാര്യങ്ങളാണ്. റബ്ബിനോട് സമീപസ്ഥനായിരിക്കാനുള്ള സമയമാണ് റമദാൻ. ആ സമയവും ശ്രദ്ധയും  കവർന്നെടുക്കുന്നതിൽ സ്മാർട്ട് ഡിവൈസുകൾ വിജയിക്കുന്നുവോ, അതല്ല റമദാനിന്റെ താൽപര്യങ്ങൾ മേൽക്കൈ നേടുന്നുവോ എന്നതാണ് നാം നേരിടുന്ന സുപ്രധാന പരീക്ഷ. ഇത്തരം സംഗതികളിൽ റമദാനിനു മുമ്പത്തെ പോലെ തന്നെയാണ് റമദാനിലും എന്ന് വരികയാണെങ്കിൽ പ്രവാചകൻ (സ) പറഞ്ഞ, റമദാൻ സമാഗതമായിട്ടും പാപങ്ങൾ പൊറുക്കപ്പെടാതെ കടന്നുപോയ ആളുകളുടെ കൂട്ടത്തിൽ നാമും ഉൾപ്പെടും. അതാകട്ടെ വമ്പിച്ച പരാജയവുമായിരിക്കും. എത്രയെത്ര ആളുകൾ, അവർക്ക് നോമ്പുകൊണ്ട് വെറും വിശപ്പും ദാഹവുമല്ലാതെ മറ്റൊന്നും ബാക്കിയാകില്ല എന്നു പറഞ്ഞ ആളുകളുടെ കൂട്ടത്തിൽ ഉള്‍പ്പെട്ടുപോകും നാം. രാത്രി നമസ്കാരമാകട്ടെ വെറും ഉറക്കമൊഴിക്കലും ക്ഷീണവും മാത്രമായി അവശേഷിക്കുന്നവരുടെ കൂട്ടത്തിലും.

സാങ്കേതികതയുടെ പുതിയ ലോകം പലപ്പോഴും മനുഷ്യർക്ക് സമ്മാനിക്കുന്നത് നിരാശയുടെ പടുകുഴികളാണ്. സ്വാധീനം, സമ്പല്‍ സമൃദ്ധി, പ്രശസ്തി, അധികാരം തുടങ്ങിയവക്ക് പിന്നാലെ പായുന്നവർക്ക് അതെത്ര ലഭിച്ചാലും മതിയാകാത്ത അവസ്ഥയാണ്. അതിനുമപ്പുറം അവ നിലനിർത്താനുള്ള പരക്കം പാച്ചിലും ഒരിക്കലും നിലക്കാത്തതാണ്. എല്ലാത്തരം സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിലുള്ളവരും ഇന്നത്തെ കാലത്ത് ഈ വിഷയത്തില്‍ ഒരേ മാനസികാവസ്ഥയിലാണ് സഞ്ചരിക്കുന്നത്. യഥാർഥത്തിൽ എന്താണ് തനിക്ക് വേണ്ടതെന്നറിയാതെ, ആരൊക്കെയോ നിശ്ചയിച്ചുതന്ന അജണ്ടയിൽ ജീവിതം ജീവിച്ചുതീർക്കുന്നവർ. റമദാൻ വാസ്തവത്തിൽ നമ്മുടെ അജണ്ടയെക്കുറിച്ച് നമ്മെ ഓർമിപ്പിക്കുന്നു; ജീവിതം മുഴുവൻ ഒരേയൊരു ശക്തിക്ക് സമർപ്പിക്കുന്നതിനെക്കുറിച്ച്, അവന്റെ തൃപ്തി ആഗ്രഹിക്കുകയും അത് നേടുകയും ചെയ്യുന്നതിനെ കുറിച്ച്, അവൻ വാഗ്ദത്തം ചെയ്തിട്ടുള്ള അതിമഹത്തായ പ്രതിഫലം കരസ്ഥമാക്കുന്നതിനെക്കുറിച്ച്. 
റമദാനിന്റെ ഓരോ അണുവിലും പ്രതീക്ഷയാണ് നാഥൻ നിറച്ചിട്ടുള്ളത്. എല്ലാ ഇരുട്ടുകളും വകഞ്ഞുമാറ്റി വെളിച്ചം പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷ. അതിനാണല്ലോ പിശാചിനെ ബന്ധിച്ച്, നരക കവാടങ്ങള്‍ കൊട്ടിയടച്ച്, സ്വർഗ വാതിലുകള്‍ മലർക്കെ തുറന്നിട്ടിരിക്കുന്നത്.

സല്‍ക്കർമേഛുക്കളൊക്കെ മുന്നേറാനും തിൻമയുടെ വൈതാളികർ പിന്തിരിഞ്ഞോടാനും ദൈവസാമീപ്യം സിദ്ധിച്ച മാലാഖ വിളിച്ചുപറഞ്ഞുകൊ ണ്ടേയിരിക്കുന്നത് വെറുതെയല്ല. പോയകാലത്തെ മുഴുവൻ പാപങ്ങളും കഴുകിക്കളഞ്ഞ്, നിഷ്കളങ്കമായ മനസ്സുമായി റബ്ബിലേക്ക് തിരിച്ചുചെല്ലാൻ സാധിക്കുമെന്നത് നമ്മുടെ പ്രതീക്ഷകളെ വാനോളം ഉയർത്തുകയല്ലാതെ മറ്റെന്താണ്! ഈ പ്രതീക്ഷകള്‍ക്ക് മുന്നില്‍ എല്ലാ ഭൗതിക നഷ്ടങ്ങളും നമുക്ക് നിസ്സാരമായി മാറും. 

സ്വർഗത്തെക്കുറിച്ച വാഗ്ദാനങ്ങള്‍ ഏതോ കാലത്ത് സംഭവിക്കാൻ പോകുന്ന സാങ്കല്‍പിക ലോകത്തെക്കുറിച്ചല്ല, മറിച്ച് കണ്ഠനാഡിയോടടുത്ത മരണത്തെ പോലെ നമ്മോട് ചേർന്നുനില്‍ക്കുന്ന യാഥാർഥ്യത്തെക്കുറിച്ച വർത്തമാനമാണ്. ''അവർ അതിനെ വിദൂരമെന്ന് കാണുന്നു, നാമാകട്ടെ അതിനെ ഏറ്റവുമടുത്ത് ദർശിക്കുന്നു'' (അല്‍ മആരിജ് 6-7). എത്ര ചെറുതാകട്ടെ, വലുതാകട്ടെ - സകല പ്രവർത്തനങ്ങളും - ഓരോരുത്തരും അവിടെ കാണുമെന്നത് ഏതോ ദാർശനിക വിശകലനമല്ല, മറിച്ച് കൃത്യമായ ഇമേജറിയുടെ സഹായത്തോടെ നടത്തുന്ന ഒരു വലിയ എക്സ്പോസിഷനാണ്.

ഇവയിലൊക്കെ ഉറച്ചു വിശ്വസിച്ചാല്‍ മാത്രമേ നൻമയില്‍ മുന്നേറുകയെന്ന സാഹസികത കൃത്യമായി ഏറ്റെടുക്കാൻ സാധിക്കൂ. അപ്പോൾ ആ ലോകത്ത് അവരെ വഴിനടത്താൻ പ്രകാശഗോപുരങ്ങളുണ്ടാകും. നേരെ മറിച്ച്, സംശയവും ആകുലതകളുമൊക്കെയാണ് നമ്മിൽ ചിലരെ നയിക്കുന്നതെങ്കിൽ അവരോട് പറയപ്പെടും: ''നിങ്ങൾ നിങ്ങളെതന്നെ പരീക്ഷണത്തിലകപ്പെടുത്തി, കാത്തുനിന്നു, സംശയിച്ചു, പലതരം വ്യാമോഹങ്ങൾ നിങ്ങളെ വഞ്ചിച്ചു. അതിനാൽ നിങ്ങൾ പിന്നോട്ട് മടങ്ങിനോക്കൂ, ഈ അമൂല്യ പ്രകാശം മറ്റെവിടെയെങ്കിലും അന്വേഷിച്ചുകൊള്ളുക! ഇതിൽ നിന്ന് കൊളുത്തിയെടുക്കാൻ നിങ്ങൾക്കാവില്ല'' (അൽ ഹദീദ് 13-14).

പുതിയ കാലത്തെ ഏതുതരം വെല്ലുവിളികളും പ്രതിസന്ധികളും വിശ്വാസിക്ക് പുത്തരിയല്ല. അതവന്റെ ജീവിതവും സ്വത്തും അഭിമാനവും ജീവനുമൊക്കെ കവരാൻ കാത്തിരിക്കുന്ന എത്ര വലിയ ശക്തിയിൽ നിന്നായാലും ശരി. ചരിത്രം മുഴുവൻ തിരഞ്ഞുനോക്കിയാലും കാണാൻ സാധിക്കുന്നത് ഏകനായ നാഥനിൽ വിശ്വസിച്ചതിന്റെ പേരിൽ കൊലക്കയറും തൂക്കുമരവും പുൽകേണ്ടിവന്നവരുടെ എണ്ണമറ്റ വീരകഥകളാണ്. ശത്രുക്കളെ അസ്വസ്ഥപ്പെടുത്തിക്കൊ ണ്ടേ ഈ ദീനിന് മുന്നോട്ടുപോകാനാകൂ. ഇതിന്റെ ദൈവപ്രോക്ത മൂല്യങ്ങളും മഹോന്നത സംസ്കാരവും തുല്യതയില്ലാത്ത ജീവിത സമീപനവുമെല്ലാം തങ്ങൾക്കുള്ള ഭീഷണികളായി അവർ കരുതുന്നു. അധികാരഗർവും കൈയൂക്കും കൊണ്ട് ഇതിനെ പെട്ടെന്ന് തല്ലിക്കെടുത്താനാവുമെന്നാണ് അവർ വ്യാമോഹിക്കുന്നത്. പക്ഷേ, വിശ്വാസി സമൂഹത്തിന് അതിനെ മറികടക്കാൻ പ്രാർഥനയെന്ന ആയുധമുണ്ട് എന്നത് അവർക്കജ്ഞാതമാണ്. വിശ്വാസിയുടെ മഹാ ആയുധമായി തിരുദൂതർ എടുത്തുപറഞ്ഞ സംഗതിയാണല്ലോ അത്. പ്രതിസന്ധികളുടെ ഏത് ആഴമില്ലാക്കയവും നീന്തിക്കയറാൻ അതവനെ തുണക്കും. അതുകൊണ്ടു തന്നെയാവണം റമദാനിനെയും ഖുർആനിനെയും കുറിച്ച് പറഞ്ഞ തൊട്ടുടനെ പ്രാർഥനയെ സംബന്ധിച്ച് അല്ലാഹു എടുത്തുപറഞ്ഞത്. ''എന്റെ ദാസൻമാർ എന്നെക്കുറിച്ച് ചോദിച്ചാൽ, ഞാൻ അവരുടെ സമീപസ്ഥനാണ്.''

(ഇവിടെ ‘അവരോട് പറയണം’ എന്ന വാക്യം അല്ലാഹു വിട്ടുകളഞ്ഞു, എന്തെന്നാൽ ആ വാക്യത്തിന്റെ ദൈർഘ്യം പോലും ഞാനും അവരും തമ്മിലില്ല).

''എന്നെ വിളിക്കുന്നവൻ ആരായാലും അവന്റെ വിളിക്ക് ഞാനുത്തരം നൽകും. അതിനാൽ അവർ എന്നെ വിളിച്ച് പ്രാർഥിക്കട്ടെ. എന്നിൽ വിശ്വസിക്കട്ടെ.. അവർ സൻമാർഗം പ്രാപിച്ചേക്കാം'' (അൽ ബഖറ 186).

ആത്മ സംഘർഷങ്ങളും മാനസിക സമ്മർദങ്ങളുമൊക്കെ വ്യാപകമായ കാലത്ത് രക്ഷിതാവിൽ ലയിച്ചുചേരാനുള്ള പ്രചോദനമാണ് റമദാൻ. വ്രതമനുഷ്ഠിക്കുന്ന ഓരോ വിശ്വാസിക്കും എന്തെന്നില്ലാത്ത സമാധാനവും ആശ്വാസവും ലഭിക്കുന്നതിന് കാരണം മറ്റൊന്നുമല്ല. നിശാവേളകളിൽ തന്റെ നാഥനുമായി ഒറ്റക്കിരിക്കുമ്പോൾ ലഭിക്കുന്ന അനുഭൂതിയും അനുഭവവും ഒരു ഡിവൈസിനും പ്രദാനം ചെയ്യാനാകില്ല. പകൽ മുഴുവൻ നീണ്ടുനിന്ന കഠിനമായ വ്രതത്തിന് ശേഷം നിശാവേളകളിൽ പള്ളിയിൽ കഴിച്ചുകൂട്ടുമ്പോൾ ലഭിക്കുന്ന അപാരമായ മാനസികോല്ലാസം ഒരു സോഷ്യൽ മീഡിയക്കും നൽകാനാവില്ല. എല്ലാ രാത്രികളിലും ഒന്നാനാകാശത്തേക്ക് ഇറങ്ങിവന്ന് പാപം പൊറുക്കാനാഗ്രഹിക്കുന്നവർക്ക് പൊറുത്തുതരാം, ചോദിക്കുന്നവരുടെ ആഗ്രഹങ്ങൾ സാധിച്ചുതരാം എന്ന് പറയുന്ന നാഥന്റെ സംരക്ഷണം ലഭിക്കുന്നവരാണ് മില്യൺ കണക്കിന് ഫോളോവേഴ്സും ലൈക്കുകളും വാരിക്കൂട്ടുന്നവരെക്കാൾ മഹാ ഭാഗ്യവാൻമാർ. റീലുകളിൽ നിന്നും പോസ്റ്റുകളിൽനിന്നും ലഭിക്കുന്ന നൈമിഷികമായ ആസ്വാദനത്തെക്കാൾ സർവശക്തനോടൊപ്പമുള്ള അനുഭൂതിദായകമായ കൂടിച്ചേരലുകൾ എത്രമാത്രം സന്തോഷകരമായിരിക്കും! വിശുദ്ധ ഗ്രന്ഥത്തിന്റെ വാചകങ്ങളിലൂടെയും അർഥതലങ്ങളിലൂടെയും കടന്നുപോകുമ്പോൾ കൈവരുന്ന അവാച്യമായ അനുഭൂതിയെക്കാൾ മറ്റെന്ത് ആസ്വാദനമാണ് ഒരു സത്യവിശ്വാസിക്ക് വേണ്ടത്! അസഹ്യമായതും അശ്ലീല ചുവയുള്ളതുമായ ചവറു കോമഡികളെക്കാൾ നാളെ ഖബറിലുപകരിക്കുന്നതും തുലാസിൽ കനം തൂങ്ങുന്നതുമായ ദൈവസ്തോത്രങ്ങളും സ്തുതിഗീതങ്ങളുമാകും എല്ലാ അർഥത്തിലും വിശ്വാസിക്ക് നല്ലത്. ദിവസത്തിലെ ഓരോ നിമിഷങ്ങളിലും ഹൃദയത്തിൽ നാഥനെ ആവാഹിച്ച്, നാവിൽ അവന്റെ സ്തുതികളുരുവിട്ട്, മനസ്സിൽ അവന്റെ അപാരമായ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞ് സമയം ചെലവിടുന്നതിനെക്കാൾ വലിയ നേട്ടമെന്തുണ്ട്! പകൽ മുഴുവൻ നോമ്പെടുത്ത് ക്ഷീണിച്ചവശനാകുന്നവന് നോമ്പു തുറക്കുമ്പോൾ ലഭിക്കുന്ന സന്തോഷത്തിന് പകരം നിൽക്കാൻ മറ്റെന്തിനാകും! ആ സമയത്തുള്ള മനസ്സ് തുറന്ന പ്രാർഥനക്ക് ഉത്തരം ലഭിക്കുമെന്ന് നാഥൻ അറിയിച്ചിരിക്കെ അവന്റെ മനസ്സിനെ മഥിക്കുന്നതൊക്കെയും ഇറക്കിവെക്കാൻ മറ്റൊരത്താണി വേറെ അന്വേഷിക്കേണ്ടതില്ലല്ലോ. അതിനുമപ്പുറം നാളെ പരലോകത്ത് നാഥനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷത്തെക്കുറിച്ച് ഇപ്പോൾ തന്നെ നോമ്പുകാരന് സന്തോഷവാർത്ത ലഭിച്ചിട്ടുമുണ്ടല്ലോ.

ഒരു നൻമക്ക് നൂറും എഴുനൂറുമല്ല, ഉദ്ദേശ്യശുദ്ധിക്കും ചെയ്യുന്ന സമയത്തിനുമൊക്കെ അനുസരിച്ച്, മില്യൺ കണക്കിന്  പ്രതിഫലം  വാഗ്ദത്തം ചെയ്യപ്പെട്ട ദിനങ്ങളിൽ ലൈക്കുകളും കമന്റുകളും തേടിപ്പോകണോ? സമയമാണല്ലോ ജീവിതം. ഓരോ നിമിഷവും നൻമകൊണ്ട് നിറക്കുന്നിടത്താണ് ജീവിതം സാർഥകമാകുന്നത്. മരണമെത്തുന്ന നേരത്ത് കൈ പിടിക്കാൻ സൽക്കർമങ്ങളാണ് വരേണ്ടത്. ഖബ്റിലെ ഇരുട്ടിൽ ഏകാന്തമായിരിക്കുമ്പോൾ നൻമയുടെ വൻ ഭാണ്ഡങ്ങളാണ് മനുഷ്യരൂപം പൂണ്ട് എത്തേണ്ടത്. തുലാസിൽ കനം തൂങ്ങേണ്ടത് പറഞ്ഞതും പ്രവർത്തിച്ചതുമായ ഉത്തമ വാക്കുകളും നല്ല ഇടപെടലുകളുമാണ്. അന്യരെ പ്രതിഫലേഛയില്ലാതെ സഹായിച്ചതും അഗതികൾക്ക് അന്നമെത്തിച്ചതും അശരണരെ തുണച്ചതുമൊക്കെയാണ് സ്വിറാത്വ് കടക്കാൻ സഹായിക്കേണ്ടത്. വർണാഭമായ കെട്ടുകാഴ്ചകളുടെയും കണ്ണഞ്ചിപ്പിക്കുന്ന ഭൗതിക വിഭവങ്ങളുടെയും പിന്നാലെ എത്ര ഓടിയാലും അവയൊന്നും സാർഥകമായിരുന്നില്ലെന്ന തിരിച്ചറിവ് വൈകിയെത്തിയിട്ട് കാര്യമില്ല.
എല്ലാ റമദാനുകളും ആഗതമാകുമ്പോൾ നമുക്ക് ഒരുപാട് പ്ലാനുകളുണ്ടാകും. പക്ഷേ, അവ കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ, പ്ലാനൊരു വഴിക്കും നമ്മുടെ ദിവസങ്ങൾ വേറൊരു വഴിക്കും സഞ്ചരിച്ചതായാണ് കാണാൻ സാധിക്കുക. അത് സംഭവിക്കാതിരിക്കണമെങ്കിൽ നിതാന്ത ജാഗ്രത വേണം. കൃത്യമായ ആക്്ഷൻ ഓരോ സമയത്തും എടുക്കണം. ഓരോ ദിവസത്തിന്റെയും തുടക്കത്തിലും അവസാനത്തിലും ആത്മപരിശോധന വേണം. ഗ്യാപ്പുകൾ നികത്താനുള്ള നിതാന്ത പരിശ്രമം വേണം. റമദാനിന്റെ താൽപര്യത്തിനപ്പുറമുള്ള ഒന്നും അജണ്ടയിൽ കടന്നുവരുന്നില്ലെന്ന് ഉറപ്പുവരുത്തണം. നിശ്ചയദാർഢ്യം ഒന്നുമാത്രമാണ് ഏത് വിജയത്തിന്റെയും പിന്നിൽ. റമദാനിൽ വിജയിക്കാതിരിക്കാൻ നമുക്ക് എന്തുണ്ട് ന്യായം? l

Comments