Prabodhanm Weekly

Pages

Search

2024 മാർച്ച് 08

3343

1445 ശഅ്ബാൻ 27

പാകിസ്താനിലെ ജനാധിപത്യ പ്രഹസനങ്ങൾ

വി.എ കബീര്‍

ജനാധിപത്യത്തിന്റെ ബാലാരിഷ്ടതകളില്‍നിന്ന് ഇനിയും മുക്തി നേടാന്‍ കഴിയാത്ത നമ്മുടെ രണ്ട് അയല്‍ രാജ്യങ്ങളാണ് പാകിസ്താനും ബംഗ്ലാദേശും. ഈയിടെ അടുത്തടുത്താണ് രണ്ട് രാജ്യത്തും പൊതു തെരഞ്ഞെടുപ്പുകള്‍ നടന്നത്; ജനുവരി 7-ന് ബംഗ്ലാദേശിലും ഫെബ്രുവരി 8-ന് പാകിസ്താനിലും. രണ്ടും പ്രഹസനങ്ങളായിരുന്നു. ശൂന്യമായ പ്രതിപക്ഷ ഗോള്‍ മുഖത്തേക്ക് ഗോളടിച്ചാണ് ഹസീന വാജിദിന്റെ അവാമി പാര്‍ട്ടി ബംഗ്ലാദേശില്‍ ജയിച്ചുകയറിയത്. മുൻ തെരഞ്ഞെടുപ്പിലും അതുതന്നെയായിരുന്നു അവസ്ഥ. മുജീബുര്‍റഹ്മാന്റെ 'സുവര്‍ണ ബംഗാള്‍' പിറവിയിലേ ഏകകക്ഷി വ്യവസ്ഥയുടെ ഉരുക്കുമുഷ്ടിയിലായിരുന്നു. പാക് പൈതൃകത്തിന്റെ തുടര്‍ച്ചയെന്നോണം പട്ടാള വിപ്ലവത്തിലേക്കാണ് അത് നയിച്ചത്. എങ്കിലും പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ ഫലമായി ഇടക്കാലത്ത് അത് ബഹുകക്ഷി വ്യവസ്ഥയിലേക്കും സ്വതന്ത്ര തെരഞ്ഞെടുപ്പുകളിലേക്കും തിരിച്ചുവന്നു. പക്ഷേ, ഹസീന വാജിദ് ഭരണത്തിലേറിയതോടെ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പുകള്‍ക്ക് താഴ് വീണു. ഒരു ഡീപ് സ്റ്റേറ്റായി മാറ്റിക്കൊണ്ടിരിക്കുകയാണ് അവരിപ്പോള്‍ ബംഗ്ലാദേശിനെ.

ഫെബ്രുവരി 8-ന് പാകിസ്താനില്‍ നടന്ന തെരഞ്ഞെടുപ്പ് നേരത്തെ തയാറാക്കിയ തിരക്കഥക്കനുസൃതമായിരുന്നുവെന്ന് അതോടനുബന്ധിച്ച സംഭവങ്ങള്‍ പിന്തുടര്‍ന്നാല്‍ മനസ്സിലാകും. മുന്‍ ക്രിക്കറ്റ് താരം ഇംറാൻ ഖാന്റെ ഇൻസാഫ് പാർട്ടി പാകിസ്താനിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ പ്രതിഭാസമാണ്. ക്രിക്കറ്റ് താരമെന്ന നിലയില്‍ പാകിസ്താനില്‍ മാത്രമല്ല, ഇംഗ്ലണ്ടിലും സ്ത്രീകളടക്കം ഒട്ടേറെ ആളുകളുടെ മനം കവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിലെ ക്ലബ്ബുകളില്‍ അലി ശരീഅത്തി ചിന്തകൾ സംസാരിച്ചുകൊണ്ട് വിലസിയ ഒരു കാലമുണ്ടായിരുന്നു അദ്ദേഹത്തിന്. ക്രിക്കറ്റ് ബാറ്റിനൊപ്പം പഠാന്‍ പൗരുഷത്തിന്റെ ആകാര സൗഭഗത്വവും ക്രിക്കറ്റ് ഭ്രാന്തന്മാര്‍ക്കിടയില്‍ ഇംറാനെ ആരാധ്യ ബിംബമാക്കിയത് സ്വാഭാവികം. ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയും തിരക്കഥാ കൃത്തുമായ ജമീമ ഇസ് ലാമിലേക്കും അദ്ദേഹത്തിന്റെ പത്‌നീ പദത്തിലേക്കും കയറിവന്നത് അങ്ങനെയാണ്. 1995-ല്‍ നടന്ന ആ വിവാഹം ഒമ്പത് വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളൂ. സുലൈമാന്‍, ഖാസിം എന്നീ രണ്ട് മക്കളെ സമ്മാനിച്ച ജമീമ 2004-ല്‍ അദ്ദേഹത്തെ വേര്‍പിരിഞ്ഞു. ആ ദാമ്പത്യത്തകര്‍ച്ചയുടെ കാരണങ്ങള്‍ ഇപ്പോഴും ദൂരഹമായി അവശേഷിക്കുകയാണ്. പിന്നീടദ്ദേഹം 'ആത്മീയ പരിവേഷം' അവകാശപ്പെടുന്ന ബുഷ്‌റാ ബീവി എന്ന വിവാഹമുക്തയെ ജീവിത പങ്കാളിയാക്കി. അവരാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയോപദേശക എന്ന് പറയപ്പെടുന്നു. രണ്ടു വര്‍ഷം മാത്രം നീണ്ടുനിന്ന റേഹാം ഖാനുമായുള്ള ദാമ്പത്യത്തിന്റെ തകര്‍ച്ചക്ക് ശേഷമായിരുന്നു ഈ മൂന്നാമത്തെ വിവാഹം. പാകിസ്താന്‍ തഹ് രീകെ ഇന്‍സാഫ് പാര്‍ട്ടി രൂപവത്കരിച്ച് രാഷ്ട്രീയത്തില്‍ മുഴുകിയതാണ് ജമീമ ഗോള്‍ഡ് സ്മിത്ത് പാക് ക്യാപ്റ്റനില്‍നിന്ന് അകലാന്‍ കാരണമെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍, വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷവും അവര്‍ പരസ്പര ബഹുമാനം നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. 2022-ല്‍ ഇംറാന്‍ ഖാന്‍ ഒരു വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടപ്പോള്‍ അതില്‍ ആശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ജമീമ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, റേഹാം ഖാന്‍ എഴുതിയ 500 പേജുള്ള ജീവ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ ലൈംഗിക ജീവിതത്തെ കരിവാരിത്തേക്കുന്ന പല ആരോപണങ്ങളും ഉണ്ടായിരുന്നു. ബി.ബി.സിയുടെ കാലാവസ്ഥാ അവതാരികയായ റേഹാമിന്റെ ഈ പുസ്തകത്തിലെ ഭാഗങ്ങള്‍ 2018-ലെ പാക് ഇലക്്ഷനില്‍ പുറത്തുവന്നെങ്കിലും വോട്ടര്‍മാരെ ഒട്ടും സ്വാധീനിച്ചില്ല. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ചുകൊണ്ട് ഇംറാന്റെ പാകിസ്താന്‍ തഹ് രീകെ ഇന്‍സാഫ് (പി.ടി.ഐ) അധികാരത്തിലേറുന്നതാണ് അന്ന് ലോകം കണ്ടത്.

അഴിമതിയുടെ ഈജിയന്‍ തൊഴുത്തായ പാക് രാഷ്ട്രീയത്തെ തൂത്ത് വൃത്തിയാക്കുക എന്ന ഭഗീരഥ ദൗത്യമായിരുന്നു പി.ടി.ഐക്ക് നിര്‍വഹിക്കാനുണ്ടായിരുന്നത്. വൃദ്ധ രാഷ്ട്രീയ താപ്പാനകളുടെ പ്രവര്‍ത്തനത്തില്‍ മനം മടുത്ത പാക് പുതുതലമുറയുടെ ദിശാ മാറ്റ സൂചനയായിരുന്നു തെരഞ്ഞെടുപ്പ് ഫലങ്ങളും ഇന്‍സാഫ് പാര്‍ട്ടിയുടെ മുന്നേറ്റവും.

അറബ്-മുസ്്‌ലിം അന്താരാഷ്ട്ര വേദികളില്‍ പലപ്പോഴും വ്യതിരിക്ത നിലപാടുകളുടെ സ്വരം കേള്‍പ്പിക്കാന്‍ ആ കാലയളവില്‍ ഇംറാന്‍ ഖാന്‍ ശ്രമിച്ചതായി കാണാം. അമേരിക്കന്‍ ഉപഗ്രഹങ്ങളായ അറബ് മേഖലയിലെ ജീര്‍ണതകളില്‍നിന്ന് മുക്തമായ ഇസ്്‌ലാമിക ബദൽ ചേരിയുടെ ഉദയത്തിന്റെ സൂചനകളിലേക്ക് അത് വിരൽ ചൂണ്ടി.  സുഊദി നേതൃവലയത്തിലുള്ള മുസ്്‌ലിം ശാക്തികച്ചേരിയില്‍നിന്ന് പുറംതിരിഞ്ഞ് തുര്‍ക്കിയ- മലേഷ്യ - പാകിസ്താന്‍ എന്ന പുതിയൊരു രാഷ്ട്രീയ അച്ചുതണ്ട് ശക്തിപ്പെട്ടുവരുന്നതിന്റെ ലക്ഷണങ്ങള്‍ കാണപ്പെട്ടിരുന്നു. ഖത്തറിനെ അയല്‍ രാഷ്ട്രങ്ങള്‍ വിഴുങ്ങാന്‍ ഒരുങ്ങിയപ്പോള്‍ തുര്‍ക്കിയയുടെ സൈനിക സാന്നിധ്യമായിരുന്നു അന്നതിന് പ്രതിരോധം സൃഷ്ടിച്ചതെന്ന് ഓര്‍ക്കുക. ഇങ്ങനെയൊരു അച്ചുതണ്ട് ശക്തിപ്പെടുന്നത് ഏറെ അലോസരമുണ്ടാക്കുക അമേരിക്കയെ ആയിരിക്കും എന്ന് തീര്‍ച്ചയാണ്. ഇംറാന്റെ അധികാരം തെറിക്കാന്‍ നിമിത്തമായതും വൈറ്റ് ഹൗസിന്റെ ഈ നീരസം തന്നെയായിരുന്നു.

കഴിഞ്ഞ വര്‍ഷം യു.എസ് വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ റൊനാള്‍ഡ് ലോ പാക് അംബാസഡറുമായുള്ള ഒരു കൂടിക്കാഴ്ചക്കിടെ ഇംറാനോടുള്ള നീരസം തുറന്നുപറയുകയും, ഭരണമാറ്റത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയുമുണ്ടായി. അംബാസഡര്‍ അസദ് മജീദ് ഇക്കാര്യം സൈഫര്‍ (രഹസ്യ) ടെലഗ്രാമിലൂടെ പാക് വിദേശകാര്യ വകുപ്പിനെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27-ന് ഇംറാന്‍ ഖാന്‍ അമേരിക്കയുടെ ഈ ദുഷ്ടലാക്ക് വെളിപ്പെടുത്തി. എന്നാല്‍, പാക് പ്രതിപക്ഷം രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള വിദേശ ഇടപെടലായല്ല ഈ നീക്കത്തെ കണ്ടത്. മറിച്ച്, ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തി എന്ന് ഇംറാനെതിരെ കുറ്റാരോപണം ചുമത്താനാണ് അവര്‍ ശ്രമിച്ചത്. നാഷ്‌നല്‍ അസംബ്ലിയില്‍ അവര്‍ അവിശ്വാസ പ്രമേയം കൊണ്ടുവരികയും ചെയ്തു. 

2023 മാര്‍ച്ച് 7-നായിരുന്നു പാക് നയതന്ത്ര പ്രതിനിധിയുമായുള്ള റൊനാള്‍ഡ് ലോയുടെ കൂടിക്കാഴ്ച. പിറ്റേന്ന് തന്നെയാണ് പ്രതിപക്ഷം ഇംറാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. അമേരിക്കയുടെ കല്‍പന നടപ്പാക്കുകയായിരുന്നു പ്രതിപക്ഷം എന്ന ഇംറാന്‍ ഖാന്റെ ആരോപണം പ്രഥമ ദൃഷ്ട്യാ സാധൂകരിക്കുന്നതായിരുന്നു ഈ നടപടി. അവിശ്വാസ പ്രമേയം പിന്‍വലിക്കുകയാണെങ്കില്‍ നാഷ്‌നല്‍ അസംബ്ലി പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പിന് സന്നദ്ധനാണെന്ന് ഖാന്‍ പറഞ്ഞു നോക്കിയെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. അമേരിക്കയുമായുള്ള ഒത്തുകളിയാണ് ഇതെന്ന ആരോപണത്തിന്,‍ അവിശ്വാസ പ്രമേയം അതിനും മുമ്പേ ആസൂത്രണം ചെയ്തതാണെന്നും മതിയായ എണ്ണം തികയാന്‍ കാത്തിരിക്കുകയായിരുന്നുവെന്നുമായിരുന്നു അവരുടെ മറുപടി. ജമാഅത്തെ ഇസ് ലാമി, പഷ്ത്തൂണ്‍ തഹഫുസ് മൂവ്‌മെന്റ്, മുസ്ലിം ലീഗ് ഖയ്യൂം ഗ്രൂപ്പ് എന്നിവര്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചില്ലെങ്കിലും ഇതര പാര്‍ട്ടികളുടെ പിന്തുണയോടെ ഇംറാന്‍ ഭരണം മറിച്ചിടുന്നതില്‍ മുസ്ലിം ലീഗ് നവാസ് ശരീഫ് ഗ്രൂപ്പ് അടക്കമുള്ള മൗലാനാ ഫസ് ലുര്‍റഹ്്മാന്‍ നേതൃത്വം നല്‍കുന്ന പി.ഡി.എം (പാക് ഡമോക്രാറ്റിക് മൂവ്‌മെന്റ് ) വിജയിച്ചു.

തുടര്‍ന്ന്, നവാസ് ശരീഫിന്റെ സഹോദരന്‍ ശഹ്ബാസ് ശരീഫ് പ്രധാനമന്ത്രിയായി മന്ത്രിസഭ രൂപവത്കരിക്കപ്പെട്ടെങ്കിലും ബഹുജന പ്രക്ഷോഭം മൂലം ഭരണം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പ്രക്ഷോഭകര്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതിന്റെ ഫലമായി ഇംറാനടക്കം അനേകം ഇന്‍സാഫ് പാര്‍ട്ടി നേതാക്കള്‍ അറസ്റ്റിലായി. ഇംറാനെ കോടതി വിട്ടയച്ചെങ്കിലും ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കുറ്റത്തിന് 10 വര്‍ഷം തടവിലാവുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യനാവുകയും ചെയ്തു. 'ഇദ്ദ' വേളയിലെ വിവാഹത്തിന്റെ പേരില്‍ ബുഷ്‌റാ ബീവിയും ഏഴു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. മുന്‍ ഭര്‍ത്താവ് വാക്കാല്‍ ത്വലാഖ് ചൊല്ലിയ കാലം മുതലാണ് ബുഷ്റാ ബീവി ഇദ്ദയുടെ കാലം കണക്കു കൂട്ടിയിരുന്നത്. എന്നാല്‍, രേഖാമൂലമുള്ള ത്വലാഖാണ് കോടതി പരിഗണിച്ചത്. ശരീഅത്ത് പ്രകാരം വാക്കാലുള്ള ത്വലാഖ്് സാധുവായതിനാല്‍ ഇവിടെ നിയമലംഘനത്തിന്റെ പ്രശ്‌നമൊന്നും ഉദിക്കുന്നില്ലെന്ന് വ്യക്തം. മാത്രമല്ല, ഇംറാന്‍ ഖാന്‍ അവരെ രണ്ടാമതും നികാഹ് നടത്തുകയും ചെയ്തിരുന്നു. ഇംറാന്‍ നാനാവശത്തുനിന്നും വേട്ടയാടപ്പെടുകയായിരുന്നുവെന്ന് വ്യക്തം.

കാലാവധി പൂര്‍ത്തിയായതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 13-ന് നാഷ്‌നല്‍ അസംബ്ലിയും നാല് പ്രവിശ്യാ അസംബ്ലികളും പിരിച്ചുവിടപ്പെട്ടു. ഭരണഘടന പ്രകാരം പിരിച്ചുവിട്ടു 90 ദിവസം പൂര്‍ത്തിയാകുന്ന കഴിഞ്ഞ നവംബര്‍ 12-ന് പുതിയ തെരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. പക്ഷേ, ഇലക്്ഷന്‍ കമീഷന്‍ ഫെബ്രുവരി 8-നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അവിടെയും ഇന്‍സാഫ് പാര്‍ട്ടിയോട് ഇന്‍സാഫ് (നീതി) കാണിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തയാറായില്ല. ചട്ട പ്രകാരം പാര്‍ട്ടിയുടെ ആഭ്യന്തര തെരഞ്ഞെടുപ്പ് നടത്താത്തതിനാല്‍ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ബാറ്റ് അനുവദിക്കില്ലെന്ന് കമീഷന്‍ ഇന്‍സാഫ് പാര്‍ട്ടിയെ അറിയിച്ചു. പാര്‍ട്ടി ഉടനെ ബാരിസ്റ്റര്‍ ഗൗഹർ ഖാനെ ചെയര്‍മാനായി തെരഞ്ഞെടുത്തെങ്കിലും, ആ തെരഞ്ഞെടുപ്പ് ചട്ട വിരുദ്ധവും സുതാര്യതയില്ലാത്തതുമാണെന്ന് പറഞ്ഞ് കമീഷന്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചു. ഭരണകൂടത്തിന്റെ സമസ്‌തോപകരണങ്ങളും ഉപയോഗിച്ച് ഇന്‍സാഫ് പാര്‍ട്ടിയെ രംഗത്തു നിന്ന് തുടച്ചുനീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ നടപടികളെല്ലാം എന്ന് വ്യക്തം.

സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാനുള്ള എല്ലാ പഴുതുകളും ഇന്‍സാഫ് പാര്‍ട്ടിയുടെ മുന്നില്‍ അടച്ചുപൂട്ടിയാണ് തെരഞ്ഞെടുപ്പ് നടന്നതെങ്കിലും സ്വതന്ത്രരായി മത്സരിച്ചുകൊണ്ട് അവര്‍ ആ തടസ്സങ്ങള്‍ മറികടന്നു. മാത്രമല്ല, 93 സീറ്റുകള്‍ നേടിക്കൊണ്ട് ഏറ്റവും ഭൂരിപക്ഷമുള്ള 'ഒറ്റകക്ഷി'യായിത്തീരുകയും ചെയ്തു. നവാസ് ശരീഫിന്റെ മുസ്ലിം ലീഗിന് 75-ഉം പീപ്പ്ള്‍സ് പാര്‍ട്ടിക്ക് 54-ഉം സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.

തെരഞ്ഞെടുപ്പ് കമീഷന്‍ തന്നെ ചട്ടങ്ങള്‍ ലംഘിച്ചതായും ബാലറ്റ് പേപ്പറുകള്‍ എണ്ണുന്നതില്‍ കൃത്രിമം നടത്തിയതായും വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കറാച്ചിയില്‍ ഇന്‍സാഫ് പാര്‍ട്ടി സ്വതന്ത്രരും ജമാഅത്തെ ഇസ്്‌ലാമിയും ജയിച്ച സീറ്റുകള്‍ എം.ക്യു.എമ്മി(മുത്തഹിദ് ഖൗമീ മൂവ്‌മെന്റ് )ന്റെ സഞ്ചിയില്‍ ഇട്ടിരിക്കുകയാണെന്ന ആരോപണം ശക്തമാണ്. ഇതില്‍ പ്രതിഷേധിച്ച് കറാച്ചിയില്‍ ജയിച്ചതായി പ്രഖ്യാപിച്ച ജമാഅത്തിന്റെ ഏക നാഷ്‌നല്‍ അസംബ്ലി സീറ്റിൽനിന്ന് ഹാഫിദ് നഈം ആ സ്ഥാനം രാജിവെച്ചിരിക്കുകയാണ്. പ്രവിശ്യാ അസംബ്ലി സീറ്റുകളില്‍ 13 എണ്ണമെങ്കിലും ജമാഅത്തിന് അവകാശപ്പെട്ടതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ നിയുക്തരായവരെ പോളിംഗ് ഓഫീസര്‍മാരിലേക്കെത്തിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുക, ഒരു നിയോജക മണ്ഡലത്തിലെ ബൂത്തുകളിലെ വോട്ടുകള്‍ രേഖപ്പെടുത്തുന്ന ഫോറത്തിലെയും, ആ നിയോജക മണ്ഡലത്തിലെ മൊത്തം വോട്ടുകള്‍ രേഖപ്പെടുത്തുന്ന ഫോറത്തിലെയും എണ്ണങ്ങള്‍ തമ്മിലുള്ള വ്യത്യാസം മുതല്‍, വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിലെ കാലതാമസം വരെ തെരഞ്ഞെടുപ്പ് കമീഷന്‍ തന്നെ പലവിധ ആരോപണങ്ങള്‍ക്ക് വിധേയമാണ്. 16 ലക്ഷം ബാലറ്റ് പേപ്പറുകളാണ് തള്ളപ്പെട്ടത്. 25 നിയോജക മണ്ഡലങ്ങളില്‍ ജയിച്ച മാര്‍ജിനെക്കാളധികമാണ് തള്ളപ്പെട്ട വോട്ടുകള്‍. 

മുസ്്‌ലിം ലീഗ് നവാസ് ശരീഫ് ഗ്രൂപ്പും പീപ്പ്ള്‍സ് പാര്‍ട്ടിയും ധാരണയിലെത്തി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അത് എത്ര കാലം നിലനില്‍ക്കുമെന്ന് കണ്ടുതന്നെ അറിയണം. അറസ്റ്റ് ഭയന്ന് വിദേശത്ത് കഴിയുകയായിരുന്ന നവാസ് ശരീഫ് പ്രധാനമന്ത്രിയാകാനാണ് സൈന്യത്തിന്റെ ഔദാര്യത്തില്‍ പാകിസ്താനില്‍ മടങ്ങിവന്നതെങ്കിലും പ്രധാനമന്ത്രി പദം അനുജന്‍ ശഹ്ബാസിന് ഒഴിഞ്ഞുകൊടുത്തിരിക്കുകയാണ്. ഭാവിയിലെ രാഷ്ട്രീയ സ്ഥിരത അതില്‍നിന്ന് തന്നെ ഊഹിക്കാവുന്നതേയുള്ളൂ. ഇലക്്ഷന്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചതും സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ന്നുവീണതും ഈ അസ്ഥിരതയാണ് വിളംബരം ചെയ്യുന്നത്. വരുന്ന  ജൂണ്‍ 30-നകം 820 ട്രില്യന്‍ രൂപ വിദേശകടം ഐ.എം.എഫിനടക്കം രാജ്യം കൊടുക്കാനിരിക്കുന്നു. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളിലുള്ള ജനവിശ്വാസത്തിന്റെ തകര്‍ച്ചയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന വിദേശ മാധ്യമങ്ങളുടെ വിലയിരുത്തല്‍ തീര്‍ത്തും ശരിയാണെന്ന് വേണം പറയാന്‍. 

Comments