Prabodhanm Weekly

Pages

Search

2012 ജൂലൈ 7

ജിന്നു ബാധയേറ്റ മുജാഹിദ് പ്രസ്ഥാനം

മുജീബ്

മുജാഹിദ് പ്രസ്ഥാനത്തിലെ അന്തഃഛിദ്രതക്കും ഗുരുതരമായ ആശയക്കുഴപ്പങ്ങള്‍ക്കും കാരണം ഇസ്ലാമിന്റെ മൌലിക പ്രമാണങ്ങളോടുള്ള കാഴ്ചപ്പാടില്‍ സംഭവിച്ച പിഴവാണ്. ഇസ്ലാമിന്റെ മൂലപ്രമാണം ഒന്നാമതായി വിശുദ്ധ ഖുര്‍ആനും രണ്ടാമതായി അതിന്റെ വ്യാഖ്യാനവും വിശദീകരണവുമായ സുന്നത്തുമാണ്. അഥവാ പ്രവാചകചര്യ. ഈ മൌലിക പ്രാധാന്യ ക്രമം ആര്‍ എപ്പോഴൊക്കെ തെറ്റിച്ചുവോ അവരെല്ലാം ആശയസംഘട്ടനങ്ങള്‍ക്കും വ്യതിചലനങ്ങള്‍ക്കും ശൈഥില്യത്തിനും ഇരയായിട്ടുണ്ട്. സുന്നത്തിന്റെ സ്ഥാനം ബിദ്അത്തുകള്‍ക്ക് നല്‍കിയതും പ്രവാചകചര്യയേക്കാള്‍ ഇമാമുകളുടെ അഭിപ്രായങ്ങള്‍ക്ക് അപ്രമാദിത്വം കല്‍പിച്ചതുമാണ് സമുദായത്തില്‍ ഒരു വിഭാഗത്തിന്റെ വ്യതിയാന കാരണം. മറുവശത്ത് അതിനെതിരെ പൊരുതാന്‍ രംഗത്തിറങ്ങിയ ഇസ്ലാഹി പ്രസ്ഥാനത്തിലെ ഒരു വിഭാഗം യാതൊരുവിധ യുക്തിബോധവും സമഗ്ര കാഴ്ചപ്പാടും ഇല്ലാതെ ഹദീസുകളെന്ന പേരില്‍ ഉദ്ധരിക്കപ്പെട്ടതൊക്കെ വേദവാക്യങ്ങളായി കരുതി തദടിസ്ഥാനത്തില്‍ ഖുര്‍ആനിക സൂക്തങ്ങളെപ്പോലും വ്യാഖ്യാനിക്കാന്‍ ധാര്‍ഷ്ട്യം കാണിക്കുകയായിരുന്നു. ഇസ്ലാമിന്റെ വൈജ്ഞാനികമായ അടിത്തറയോ ശാസ്ത്രസത്യങ്ങളോടുള്ള അതിന്റെ ആരോഗ്യകരമായ കാഴ്ചപ്പാടോ സാമൂഹികബോധമോ ഒന്നും ഇക്കൂട്ടര്‍ക്ക് പ്രശ്നമല്ല. പകരം തങ്ങളുടെ മുന്‍ഗാമികള്‍ തന്നെ ഒരുകാലത്ത് ജിഹാദ് ചെയ്ത അന്ധവിശ്വാസങ്ങളിലേക്ക് തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണവര്‍. ഇതാണ് ജിന്ന്-സിഹ്ര്‍ വിവാദത്തിന്റെ മര്‍മം.
ജിന്ന് അല്ലാഹുവിന്റെ അദൃശ്യ സൃഷ്ടികളാണ്. അവര്‍ സര്‍വജ്ഞരോ സര്‍വശക്തരോ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി മനുഷ്യര്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ ശേഷിയുള്ളവരോ അല്ല. മറിച്ച് മനുഷ്യനായ പ്രവാചകന്‍ തിരുമേനി നല്‍കിയ ഇസ്ലാമിന്റെ സന്ദേശമാണ് അവരില്‍ ഒരു വിഭാഗത്തെ സന്മാര്‍ഗത്തിലേക്ക് നയിച്ചതെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്. ജിന്നുകളെ ഭയന്നോ സ്നേഹിച്ചോ ജീവിക്കാന്‍ വിശ്വാസികളോട് ഇസ്ലാം ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, ജിന്ന് വംശജനായ ഇബ്ലീസ് മനുഷ്യരെ ദുര്‍ബോധനങ്ങളിലൂടെ വഴിതെറ്റിക്കാന്‍ ശ്രമിക്കുമെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നിപ്പോള്‍ ജിന്ന് പ്രശ്നം ഒരു പരിഷ്കരണ പ്രസ്ഥാനത്തെ കുറുകെ പിളര്‍ക്കാനും പിറകോട്ട് നയിക്കാനും കാരണമാകുന്നുവെങ്കില്‍ അതാണ് സാക്ഷാല്‍ ജിന്നു ബാധ. അഥവാ, ഇബ്ലീസിയന്‍ തന്ത്രത്തിന്റെ വിജയം. ഹദീസുകളെന്ന പേരില്‍ വിശ്വാസികളെ മൂഢരും പരിഭ്രാന്തരുമാക്കുന്ന വചനങ്ങളൊന്നും മുഹമ്മദ് നബി(സ) പറഞ്ഞതോ ചെയ്തിട്ടുള്ളതോ ആവാന്‍ ഒരു സാധ്യതയുമില്ല, സാങ്കേതികമായി നിവേദക പരമ്പര സുരക്ഷിതമായിരുന്നാല്‍ പോലും. മൂഢവിശ്വാസങ്ങളുടെ അടിവേരറുക്കാന്‍ നിയുക്തനായ പ്രവാചകന്‍ തന്നെ അത്തരം വിശ്വാസങ്ങളുടെ പ്രചാരകനായിരുന്നു എന്ന് വിശ്വസിക്കുന്നതിനേക്കാള്‍ വൈരുധ്യവും അക്രമവുമുണ്ടോ?
ഇതുപോലെയാണ് സിഹ്റിന്റെ കാര്യവും. ചരിത്രാതീതകാലം മുതല്‍ മനുഷ്യരില്‍ ചിലരുടെ ദൌര്‍ബല്യങ്ങളാണ് ശിര്‍ക്കും സിഹ്റും. സ്രഷ്ടാവും സര്‍വശക്തനുമായ അല്ലാഹുവിന്റെ സത്തയിലും വിശേഷണങ്ങളിലും അധികാരാവകാശങ്ങളിലും സൃഷ്ടികളുടെ പങ്ക് സങ്കല്‍പിച്ച് അവരെ പൂജിക്കുകയും പ്രീതിപ്പെടുത്തുകയും ചെയ്യുന്നതാണ് ശിര്‍ക്ക്. സൃഷ്ടികളായ 'ദൈവങ്ങള്‍' അയഥാര്‍ഥമാണെന്ന് ആര്‍ക്കും ബോധ്യമാവും. എന്നാലും അത്തരം ദൈവങ്ങളുടെ പൂജ ഒരു യാഥാര്‍ഥ്യമാണ്, യഥാര്‍ഥ ദൈവത്തോട് ചെയ്യുന്ന മഹാപരാധവും. അതിനാല്‍ ഇസ്ലാം അത് അതികഠിനമായി വിലക്കി. അതുപോലെ കാര്യകാരണ ബന്ധത്തിനതീതമായി മനുഷ്യര്‍ക്ക് ദ്രോഹം ചെയ്യാന്‍ ചിലരുടെ ചില വേലകള്‍ക്ക് സാധിക്കുമെന്ന വിശ്വാസമാണ് സിഹ്ര്‍. ദമ്പതികള്‍ക്കിടയില്‍ പോലും വഴക്കും വക്കാണവുമുണ്ടാക്കാനും അവരെ പിളര്‍ത്താനും ഈ കൊടിയ അന്ധവിശ്വാസത്തിന് കഴിയുമെന്ന് ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ അത് മഹാ പാപമാക്കി. ഇതിനര്‍ഥം സിഹ്ര്‍ ഒരു യാഥാര്‍ഥ്യമാണെന്നല്ല. ഗണികനോ മാന്ത്രികനോ വിചാരിച്ചാല്‍ വഞ്ചനാത്മകമായ ചില വേലകളിലൂടെ ആരെയും ശാരീരികമായോ മാനസികമായോ ദ്രോഹിക്കാന്‍ കഴിയില്ല. എന്നാലും അവരില്‍ വിശ്വാസമര്‍പ്പിച്ച് അത്തരം വേലകള്‍ ചെയ്യിക്കുന്നവരും ആ വേലകളിലാണ് തന്റെ അസുഖങ്ങള്‍ക്കോ നഷ്ടങ്ങള്‍ക്കോ കാരണമെന്ന് കരുതുന്നവരും വാസ്തവത്തില്‍ പരോക്ഷമായി സര്‍വശക്തനായ അല്ലാഹുവിന്റെ മാത്രം അധികാരാവകാശങ്ങളില്‍ സൃഷ്ടികളെ പങ്കുചേര്‍ക്കുകയാണ്. പുറമെ, അത് മനുഷ്യബന്ധങ്ങളെ ദ്രോഹകരമായി ബാധിക്കുകയും ചെയ്യുന്നു. അതിനാലാണ് സിഹ്ര്‍ വിലക്കപ്പെട്ടത്. ഇത് മനസ്സിലാക്കാതെ, പ്രവാചകന് പോലും സിഹ്ര്‍ ബാധിച്ചുവെന്ന് 'ഹദീസു'കളുമായി നടക്കുകയാണ് ഒരു കൂട്ടര്‍. സത്യമാവട്ടെ പ്രവാചകന്‍ സാഹിറോ (സിഹ്ര്‍ ചെയ്യുന്നവന്‍) മസ്ഹൂറോ (സിഹ്ര്‍ ബാധിതന്‍) ആയിരുന്നെന്ന ശത്രുപ്രചാരണത്തെ പാടെ നിരാകരിച്ചിരിക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍. ഇതിനെതിരെ സ്വീകാര്യമായ ഹദീസ് ഉണ്ടാവുന്നതെങ്ങനെ?
ഇമ്മാതിരി ബാലിശങ്ങളും അര്‍ഥശൂന്യവുമായ പ്രശ്നങ്ങളില്‍ കുരുങ്ങി മുജാഹിദ് പ്രസ്ഥാനം പ്രതിസന്ധിയിലാവാന്‍ കാരണം, മനുഷ്യനെ അഗാധമായി ബാധിക്കുന്ന ജീവല്‍ പ്രശ്നങ്ങളിലൊന്നും ഇസ്ലാമിന് കാര്യമില്ല എന്ന് ആദ്യമേ തീരുമാനിച്ചതാണ്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വ്യവഹാരങ്ങളൊക്കെ ഇസ്ലാമിന് പുറത്താണെങ്കില്‍ പിന്നെ അവശേഷിക്കുക ജിന്നും സിഹ്റും കൈകെട്ടും താടിരോമങ്ങളുടെ ദൈര്‍ഘ്യവുമൊക്കെ തന്നെയാവും. നിരന്തരമായ ബോധവത്കരണവും ആരോഗ്യകരമായ സംവാദവും വഴി മുസ്ലിം സമൂഹത്തെ ഇത്തരം വേണ്ടാതീനങ്ങളില്‍നിന്ന് മോചിപ്പിച്ച് അവരുടെ കര്‍മശേഷിയും ധനശേഷിയും സൃഷ്ടിപരമായ കാര്യങ്ങളിലേക്ക് തിരിച്ചുവിടാനാണ് ഇസ്ലാമിക പ്രവര്‍ത്തകര്‍ യത്നിക്കേണ്ടത്. സമുദായത്തില്‍ സ്വാധീനവും അധികാര പിന്‍ബലവുമുള്ളവരൊക്കെ രംഗത്തിറങ്ങി ശ്രമിച്ചിട്ടും മുജാഹിദ് പ്രസ്ഥാനത്തെ പുനരേകീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴാകട്ടെ ഔദ്യോഗിക വിഭാഗം കൂടുതല്‍ ശൈഥില്യത്തിലേക്ക് നീങ്ങുന്നു. എക്സിക്യൂട്ടീവ് സമ്മേളിച്ച് എങ്ങും തൊടാത്ത നിഷേധ പ്രസ്താവന ഇറക്കിയതുകൊണ്ട് പരിഹരിക്കാവുന്നതല്ല ആഴമേറിയ പ്രതിസന്ധി.

കമ്യൂണിസത്തോടുള്ള നിലപാട്

ആധുനിക മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളുടെ പൊള്ളത്തരവും പരാജയവും വ്യക്തമാക്കി, ഇസ്ലാമിനെ ദൈവപ്രോക്തവും സമ്പൂര്‍ണവും സമഗ്രവുമായ ബദല്‍ ജീവിത വ്യവസ്ഥയായി അവതരിപ്പിച്ചതാണ് ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ മൌലികവും പ്രകടവുമായ സവിശേഷതയും വ്യതിരിക്തതയും. അതിനാല്‍ മാര്‍ക്സിസത്തോടുള്ള സൈദ്ധാന്തികവും താത്ത്വികവുമായ എതിര്‍പ്പ് ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന് ഉപേക്ഷിക്കാനോ ലഘൂകരിക്കാനോ വയ്യ. അത്തരമൊരു പാഴ്വേലക്ക് ജമാഅത്തെ ഇസ്ലാമി ഇന്നേവരെ മുതിര്‍ന്നിട്ടുമില്ല.
അതേയവസരത്തില്‍, സാഹചര്യങ്ങളില്‍ വന്ന മാറ്റമോ സമകാലിക യാഥാര്‍ഥ്യങ്ങളോ പരിഗണിക്കാതെയും സ്ഥലകാല ബോധമില്ലാതെയും നടത്തേണ്ടതല്ല ഇസ്ലാമിക പ്രബോധനം. കാലഘട്ടത്തിലെ ഏറ്റവും പ്രസക്തമായ നന്മക്ക് വേണ്ടിയും ഏറ്റവും ദ്രോഹകരമായ തിന്മക്കെതിരെയും പൊരുതിയവരാണ് പ്രവാചകന്മാര്‍. അവരാണ് എക്കാലത്തും ഇസ്ലാമിക പ്രസ്ഥാനത്തിന് മാതൃക. തദടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കോളനിയായിരുന്ന ഇന്ത്യയില്‍ സ്ഥാപിതമായ ജമാഅത്തെ ഇസ്ലാമി അന്ന് നേരിട്ട അതേ സാഹചര്യമല്ല ഏഴു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഇന്ന് നേരിടുന്നത്. ഭൂലോകത്ത് തന്നെ കമ്യൂണിസത്തിന്റെ സാര്‍വലൌകിക സ്വഭാവവും സോവിയറ്റ് യൂനിയന്‍ എന്ന കമ്യൂണിസ്റ് വന്‍ ശക്തിയും ഇന്ന് ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ ഇന്ത്യയിലും നവലിബറല്‍ സാമ്പത്തികനയങ്ങളും നവമുതലാളിത്തനയവും അവക്കെല്ലാമുപരിയായി അമേരിക്കന്‍ സാമ്രാജ്യത്വവുമാണ് പിടിമുറുക്കുന്നത്. കമ്യൂണിസ്റ് പ്രസ്ഥാനമാകട്ടെ ശൈഥില്യത്തെയും തകര്‍ച്ചയെയും നേരിട്ട് ക്ഷയോന്മുഖമാണ്. ഈയവസരത്തിലും 'ശവത്തേല്‍ കുത്തുകയല്ല', ജീവനുള്ള ഭീഷണിയെ നേരിടുകയാണ് ഏത് ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും മുഖ്യ ദൌത്യമെന്ന് കാണാന്‍ സാമാന്യ ദൃഷ്ടി മതി. ആദര്‍ശവിശുദ്ധി മരിച്ചത് കൊണ്ടല്ല; ആദര്‍ശബോധത്തിന് കണ്ണും കാതും ഉള്ളതുകൊണ്ടാണ് മനുഷ്യ സമൂഹത്തില്‍ മുതലാളിത്തം ഉയര്‍ത്തുന്ന വന്‍ വെല്ലുവിളികളെ നേരിടുന്നതില്‍ മുഖ്യ ശ്രദ്ധ ചെലുത്തുന്നത്.
മറിച്ച്, വന്ദ്യനായ കുട്ടശ്ശേരി മുഹമ്മദ് മൌലവി പ്രതീക്ഷയര്‍പ്പിച്ച രാഷ്ട്രീയ പാര്‍ട്ടി ഇസ്ലാമിന്റെ മുഖ്യ ശത്രുക്കളോട് രാജിയാവുകയും സാമ്രാജ്യത്വ സയണിസ്റ് ബാന്ധവം മുഖമുദ്രയായ സര്‍ക്കാരില്‍ പങ്കാളികളാവുകയും ചെയ്തിട്ടും അതിനെതിരെ ചെറുവിരലനക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. ഇതാണ് യഥാര്‍ഥത്തില്‍ ആദര്‍ശവിശുദ്ധിയുടെ മരണം. യഥാര്‍ഥ ശത്രുവിനെ കണ്ടില്ലെന്ന് നടിച്ച് സാങ്കല്‍പിക ശത്രുവിനെതിരെ നിഴല്‍യുദ്ധം നടത്തുന്നതിലെ ആദര്‍ശരാഹിത്യവും വൈരുധ്യവും അദ്ദേഹം തിരിച്ചറിയണം.

കേരളത്തില്‍
മുസ്ലിം തീവ്രവാദം ശക്തിപ്പെടുന്നു?

2001 സെപ്റ്റംബര്‍ 11-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ആഗോളതലത്തില്‍ അമേരിക്ക ആരംഭിച്ച 'മുസ്ലിം തീവ്രവാദ-ഇസ്ലാമിക ഭീകരത' വിരുദ്ധ യുദ്ധത്തിനും പ്രചാരണത്തിനും മാനസികമായി അടിപ്പെട്ട രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടുന്നു എന്നതാണ് പ്രശ്നത്തിന്റെ പ്രഭവ കേന്ദ്രം. എത്ര നിഷേധിച്ചാലും ഇസ്ലാമോഫോബിയക്ക് മതേതര ഇന്ത്യ വളക്കൂറുള്ള മണ്ണായിത്തീര്‍ന്നിട്ടുണ്ട്. കശ്മീര്‍ പ്രശ്നത്തെച്ചൊല്ലി 1948 മുതല്‍ രൂപപ്പെട്ട ഇന്ത്യ-പാക് സംഘര്‍ഷവും ശീതസമരവും ചിലപ്പോള്‍ യുദ്ധത്തില്‍ കലാശിച്ച ശത്രുതതയും പരോക്ഷമായി മുസ്ലിംകളുടെ സുരക്ഷയെ ബാധിച്ചിട്ടുണ്ട് എന്നതും യാഥാര്‍ഥ്യമാണ്. എല്ലാറ്റിനും പുറമെയാണ് 'ഭാരതീയ സംസ്കൃതി'യുടെ മേല്‍ കെട്ടിപ്പടുത്ത ഫാഷിസ്റ് പ്രസ്ഥാനത്തിന്റെ മതന്യൂനപക്ഷവിരോധം. സ്വത്വം കാത്തുസൂക്ഷിക്കുന്ന പതിനെട്ട് കോടിയോളം വരുന്ന മുസ്ലിംകളുടെ വ്യക്തിത്വത്തെയോ അസ്തിത്വത്തെയോ അംഗീകരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. വിവര സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തോടെ അപാര ശക്തി സംഭരിച്ച മാധ്യമങ്ങള്‍ പലവിധ താല്‍പര്യങ്ങളാല്‍ ഭ്രാന്തമായ ദേശീയതയുടെ പക്ഷത്ത് നിലയുറപ്പിച്ചത് സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. ഇവര്‍ക്കൊക്കെ കച്ചിത്തുരുമ്പ് ഒരുക്കുന്നതാകട്ടെ, മുസ്ലിം സമൂഹത്തിലെ സ്ഥലകാലബോധമോ വീണ്ടുവിചാരമോ ദീര്‍ഘദൃഷ്ടിയോ ഇല്ലാത്ത ചില ഞരമ്പ് രോഗികളും.
ഈ പശ്ചാത്തലത്തില്‍ നിഷ്പക്ഷതയോ കാര്യക്ഷമതയോ വൈദഗ്ധ്യമോ തെളിയിച്ചിട്ടില്ലാത്ത ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കുന്ന അസത്യങ്ങളും അര്‍ധസത്യങ്ങളും വേണ്ടുവോളം കടന്നുകൂടിയ റിപ്പോര്‍ട്ടുകളാണ് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് രാജ്യത്തിന്റെ സ്പന്ദനങ്ങള്‍ അറിയാന്‍ അവസരമുണ്ടായിട്ടില്ലാത്ത ചിദംബരത്തെ പോലുള്ളവര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതല വഹിക്കുക കൂടി ചെയ്യുമ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ അപ്പടി വിശ്വസിക്കുകയും മുഖവിലക്കെടുക്കുകയും ചെയ്യുന്നു. അവരെ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ട ഭരണപക്ഷത്തുള്ള മുസ്ലിം പ്രതിനിധികള്‍ സ്വന്തം പ്രതിഛായ കാത്തുസൂക്ഷിക്കാനും നേതൃത്വത്തെ പ്രീതിപ്പെടുത്താനുമുള്ള വ്യഗ്രതയില്‍ യഥാര്‍ഥ സ്ഥിതി മറച്ചുവെക്കുകയാണ് ചെയ്യുന്നത്. ഇതാണ് സത്യം തുറന്നു പറഞ്ഞ മുസ്ലിം സംഘടനകളോട് ചിദംബരം രോഷാകുലനാവാന്‍ കാരണം. സിമിയെ നിരോധിച്ചത് ബി.ജെ.പി മുഖ്യ ഘടകമായ എന്‍.ഡി.എ സര്‍ക്കാരാണ്. അദ്വാനിയായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. പിന്നീട് ഓരോ ഈരണ്ട് വര്‍ഷം കഴിയുമ്പോള്‍ നിരോധം പുനഃപരിശോധിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും ഏകപക്ഷീയമായ 'തെളിവുകള്‍' സര്‍ക്കാര്‍ ഹാജരാക്കി നിരോധം നീട്ടിക്കുകയാണ് ഇതുവരെ ചെയ്തുവന്നിട്ടുള്ളത്. മറ്റു മുസ്ലിം സംഘടനകളൊക്കെ തള്ളിപ്പറഞ്ഞ വിദ്യാര്‍ഥി സംഘടനയാണ് സിമി. സര്‍ക്കാര്‍ അവകാശപ്പെടുന്ന സ്വാധീനമോ ശക്തിയോ അതിനില്ല. ഉള്ള പരിമിത ശേഷിയും നിരോധത്തോടെ ഇല്ലാതായി. എന്നിട്ടും സിമി ഫോബിയ കൊണ്ടുനടക്കുന്നത് അങ്ങേയറ്റം ദുരൂഹമാണ്. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന കൃത്രിമ കൂട്ടായ്മയാകട്ടെ ഇന്ത്യന്‍ മുസ്ലിംകളാരും അറിഞ്ഞ സംഘടനയല്ല. എന്നാലും ഏത് ഭീകര സംഭവം നടക്കുമ്പോഴും ആദ്യം പറയുന്ന പേര്‍ ഇന്ത്യന്‍ മുജാഹിദീന്റേതായിരിക്കും. ഹേമന്ദ് കര്‍ക്കരെ ടീം, സ്വാധി പ്രജ്ഞാ സിംഗിന്റെ അഭിനവ് ഭാരതാണ് ഒട്ടേറെ സ്ഫോടനങ്ങളുടെ പിന്നിലെന്ന് അന്വേഷിച്ചു കണ്ടെത്തിയിട്ടും മുസ്ലിം തീവ്രവാദവേട്ടക്ക് കുറവൊന്നുമില്ല. ഇക്കാര്യത്തില്‍ മനുഷ്യാവകാശ സംഘടനകളും പ്രവര്‍ത്തകരും അനാവരണം ചെയ്യുന്ന വസ്തുതകള്‍ പോലും ചിദംബരാദികള്‍ ശ്രദ്ധിക്കുന്നുമില്ല. മനുഷ്യസ്നേഹികളും നിഷ്പക്ഷമതികളുമായ എല്ലാ വിഭാഗം ജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ടുള്ള ശക്തമായ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ സര്‍ക്കാറിന്റെ കണ്ണ് തുറപ്പിക്കാനാവൂ. സാമ്പ്രദായിക സാമുദായിക രാഷ്ട്രീയക്കാരുടെ ഭീരുത്വപരമായ നിലപാടുകള്‍ പച്ചക്ക് വെളിവാകുന്ന രംഗം കൂടിയാണിത്. കേരളത്തില്‍ മുസ്ലിം തീവ്രവാദം വളരുന്നു എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞാല്‍ പോരാ, തെളിവ് സഹിതം സുതാര്യമായി ജനങ്ങളെ അറിയിക്കണം.

കോടതിയുടെ നിശിത വിമര്‍ശനം

തികച്ചും അകാരണമായി പോലീസ് പൊക്കിക്കൊണ്ടുപോയ രണ്ട് കശ്മീരി യുവാക്കളെ മുസ്ലിം സഘടനകളുടെ ശക്തമായ ഇടപെടല്‍ കാരണം പിന്നീട് മോചിപ്പിക്കേണ്ടിവന്നു. അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടാണ് ഇതിന് വഴിതെളിഞ്ഞത്. ആഭ്യന്തര മന്ത്രി ചിദംബരം പക്ഷേ ഇതൊന്നും അറിഞ്ഞമട്ടില്ല. സി.ഐ.എ- മൊസാദ് വഴി വന്നാല്‍ മാത്രമേ അദ്ദേഹം ഗൌനിക്കൂ എന്നു വരുമോ? 

Comments

Other Post

ഖുര്‍ആന്‍ ബോധനം

അന്നഹ്ല്‍
എ.വൈ.ആര്‍