Prabodhanm Weekly

Pages

Search

2012 ജൂലൈ 7

വിമാനം വീഴ്ത്തിയ സംഭവം തിരിച്ചടിക്കുമെന്ന് തുര്‍ക്കി

മൂസക്കുട്ടി വെട്ടിക്കാട്ടിരി

തുര്‍ക്കി സായുധസേനയുടെ വിമാനം അന്താരാഷ്ട്ര വ്യാമാതിര്‍ത്തിയില്‍ സിറിയന്‍ സേന വെടിവെച്ചുവീഴ്ത്തിയ സംഭവം തുര്‍ക്കി-സിറിയ ബന്ധം ഏറ്റുമുട്ടലിന്റെ വക്കിലെത്തിച്ചിരിക്കുകയാ
ണ്. പരിശീലന പറക്കല്‍ നടത്തുന്നതിടെയാണ് സിറിയന്‍ സേന വിമാനം വെടിവെച്ചു വീഴ്ത്തിയതെന്ന് തുര്‍ക്കി ആരോപിച്ചു. അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ പറക്കുകയായിരുന്ന തുര്‍ക്കി സൈനിക വിമാനത്തിനുനേരെ മുന്നറിയിപ്പൊന്നുമില്ലാതെയാണ് സിറിയ അക്രമണം നടത്തിയതെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി അഹ്മദ് ദാവൂദ് ഓഗ്ലു പറഞ്ഞു. എന്നാല്‍ സിറിയന്‍ വ്യോമാതിര്‍ത്തിയിലാണ് സംഭവമെന്ന് സിറിയ അവകാശപ്പെട്ടു. സംഭവത്തില്‍ ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തിയ തുര്‍ക്കി കുറ്റകൃത്യത്തിന് സിറിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പു നല്‍കി. സംഭവത്തില്‍ 'നാറ്റോ' ഇടപെട്ടതോടെ കൂടുതല്‍ ഗൌരവം കൈവന്നിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തുര്‍ക്കി ഒരു കടുത്ത സൈനിക നടപടിയിലേക്ക് നീങ്ങാനിടയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
തങ്ങളുടെ വിമാനത്തിനുനേരെ സിറിയന്‍ അധികൃതര്‍ നടത്തിയ ആക്രമണം ശത്രുതാപരമാണെന്നും മേഖലയിലെ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്നതാണെന്നും സുരക്ഷാ കൌണ്‍സിലിനയച്ച പരാതിയില്‍ തുര്‍ക്കി വ്യക്തമാക്കി.
'നാറ്റോ' അംഗ രാജ്യമായ തുര്‍ക്കിയെ അക്രമിച്ചതിനെതിരെ നടപടി സ്വീകരിക്കണമെന്ന തുര്‍ക്കിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ബ്രസല്‍സില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനു ശേഷം 'നാറ്റോ' അംഗ രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കുകയുണ്ടായി.
സംഭവവുമായി ബന്ധപ്പെട്ട് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സിറിയക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെ റഷ്യയും മൌനം വെടിഞ്ഞു രംഗത്തെത്തി. തുര്‍ക്കിയുടെ വിമാനം വെടിവെച്ചു വീഴ്ത്തിയത് മനഃപൂര്‍വമല്ലെന്നും ഇതുമായി ബന്ധപ്പെട്ടുള്ള കടുത്ത പ്രതികരണങ്ങള്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നുമാണ് റഷ്യയുടെ നിലപാട്. റഷ്യയുടെ ശക്തമായ പിന്‍ബലത്തോടെയാണ് സിറിയ പിടിച്ചുനില്‍ക്കുന്നത്. സിറിയന്‍-തുര്‍ക്കി അതിര്‍ത്തിയില്‍ പതിനായിരക്കണക്കിന് സിറിയന്‍ അഭയാര്‍ഥികളെയാണ് തുര്‍ക്കി സംരക്ഷിച്ചുവരുന്നത്. ബശ്ശാറിനെതിരെ പോരാടുന്ന 'സിറിയന്‍ സ്വതന്ത്ര സേന'യുടെ ക്യാമ്പുകളും തുര്‍ക്കി അതിര്‍ത്തിയിലുണ്ട്.

ഫിലിപ്പൈന്‍ ഭാഷയില്‍ പ്രഥമ ഖുര്‍ആന്‍ തഫ്സീര്‍

വിവിധ ഖുര്‍ആന്‍ വിവര്‍ത്തനങ്ങള്‍ ഫിലിപ്പൈന്‍ ഭാഷയില്‍ ലഭ്യമാണെങ്കിലും ഇതാദ്യമായി ഫിലിപ്പൈന്‍ ഭാഷയില്‍ ഒരു സമ്പൂര്‍ണ തഫ്സീര്‍ സൌദി അറേബ്യന്‍ ഇസ്ലാമിക കാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജിദ്ദ കാള്‍ & ഗൈഡന്‍സ് വിഭാഗം തയാറാക്കിയതായി അതിന്റെ മാനേജര്‍ എഞ്ചിനീയര്‍ ഫുആദ് കൌഥര്‍ അറിയിച്ചു. ഇത്തരം ഒരു ബൃഹദ് പദ്ധതി 10 വര്‍ഷം നീണ്ട നിരന്തര ശ്രമങ്ങള്‍ക്കു ശേഷമാണ് പൂര്‍ത്തീകരിക്കാനായതെന്ന് അല്‍ ജസീറ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ അദ്ദേഹം അറിയിച്ചു. മദീന മുനവ്വറ ഖുര്‍ആന്‍ പ്രിന്റിംഗ് വിഭാഗം അംഗീകരിച്ച 'അത്തഫ്സീറുല്‍ മുയസ്സര്‍' അടിസ്ഥാനമാക്കിയാണ് രചന നിര്‍വഹിച്ചിട്ടുള്ളത്.മറ്റു ലോക ഭാഷകളില്‍നിന്നൊക്കെ വ്യത്യസ്തമായി എന്തുകൊണ്ട് ഫിലിപ്പൈന്‍ ഭാഷ ഈ ഉദ്യമത്തിനായി തെരഞ്ഞെടുത്തുവെന്ന ചോദ്യത്തിന് സൌദിയില്‍ ജോലിചെയ്യുന്നവര്‍ക്കിടയില്‍ മറ്റു ഭാഷകള്‍ സംസാരിക്കുന്നവരെ അപേക്ഷിച്ച് ഫിലിപ്പൈന്‍സുകാരാണ് കൂടുതലായി ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്നായിരുന്നു ഉത്തരം. ഒന്നാം ഘട്ടത്തില്‍ 20,000 കോപ്പികളാണ് തയാറാക്കിയിട്ടുള്ളത്. ഏകദേശം 9 ലക്ഷം റിയാല്‍ ചിലവ് വരുന്ന പദ്ധതി സൌദി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് നടപ്പാക്കുന്നത്. ഫിലിപ്പൈന്‍ ഭാഷയില്‍ ഖുര്‍ആന്‍ തഫ്സീര്‍ പഠന ഗവേഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വെബ് സൈറ്റ് തയാറാക്കുന്നതിനെക്കുറിച്ച്  ജിദ്ദ കാള്‍ & ഗൈഡന്‍സ് ആലോചിച്ചുവരുന്നതായും ഫുആദ് കൌഥര്‍ അറിയിച്ചു.

അരനൂറ്റാണ്ടിനു ശേഷം
ലിബിയയില്‍ തെരഞ്ഞെടുപ്പ്

അര നൂറ്റാണ്ടോളം നീണ്ട ഏകാധിപത്യത്തിനു ശേഷം ലിബിയന്‍ ജനത പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നു. പലതവണ മാറ്റിവെച്ച് അവസാനം ജൂലൈ 7 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വ്യക്തികളെയും പാര്‍ട്ടികളെയും സംബന്ധിച്ച ചിത്രം ഇനിയും വ്യക്തമല്ലെങ്കിലും വ്യാപകമായ പ്രചാരണ കോലാഹലങ്ങള്‍ നടക്കുന്നുണ്ട്. പൊതു സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോ പതിച്ച പോസ്ററുകളും പരസ്യങ്ങളും നിറഞ്ഞുകഴിഞ്ഞു. ഇലക്ട്രോണിക്, സോഷ്യല്‍ മീഡിയയെയും പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്. ഖദ്ദാഫിയുടെ സേനയുമായി ഏറ്റുമുട്ടി വീരമൃത്യുവരിച്ച രക്തസാക്ഷികളുടെ ചിത്രങ്ങളായിരുന്നു ഏതാനും ദിവസം മുമ്പുവരെ പൊതു സ്ഥലങ്ങളില്‍ തൂങ്ങിക്കിടന്നിരുന്നത്.
ലിബിയന്‍ ജനറല്‍ പാര്‍ലമെന്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 200 അംഗ ഉന്നതാധികാര സഭയാണ് (അല്‍ മജ്ലിസുത്തഅ്സീസി) ദേശീയ പാര്‍ലമെന്റ്. രാജ്യത്തിന്റെ പുതിയ ഭരണഘടനക്ക് രൂപം നല്‍കുകയാണ് പാര്‍ലമെന്റിന്റെ പ്രഥമ ദൌത്യം. സര്‍ക്കാര്‍ കണക്കനുസരിച്ച് ലിബിയയില്‍ രണ്ടര ലക്ഷം വോട്ടര്‍മാരാണുള്ളത്. ആകെയുള്ള 200 സീറ്റുകളില്‍ സ്വതന്ത്രര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത്സരിക്കാന്‍ പ്രത്യേകം വീതിച്ചുനല്‍കുന്ന രീതിയാണുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മത്സരിക്കാന്‍ അനുവദിച്ച 80 സീറ്റുകളില്‍ കടുത്ത പോരാട്ടം നടക്കുമെന്നാണ് വിലയിരുത്തല്‍. മുസ്ലിം ബ്രദര്‍ഹുഡ്, ലിബിയന്‍ ദേശീയ സഖ്യം, ലിബിയന്‍ വിമോചന മുന്നണി എന്നിവ തമ്മിലാണ് മുഖ്യമായ പോരാട്ടം. ലിബിയയിലെ മുസ്ലിം ബ്രദര്‍ഹുഡ് സമാന ചിന്താഗതിക്കാരായ ഇസ്ലാമിക പാര്‍ട്ടികളുമായി സഖ്യത്തിലാണ്. ലിബിയന്‍ മുസ്ലിം ബ്രദര്‍ഹുഡ് ഖദ്ദാഫിയുടെ പതനത്തിനു ശേഷം 'ജസ്റിസ് ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടി' എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ആകെയുള്ള 200 സീറ്റുകളില്‍ 100 ഉം ട്രിപ്പോളിയിലാണ്. ബിന്‍ഗാസിക്ക് 60 ഉം തെക്കന്‍ പ്രവിശ്യക്ക് 40 ഉം സീറ്റുകളാണുള്ളത്. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായി നടക്കുമെന്ന് ദേശീയ പരിവര്‍ത്തന സമിതി അധ്യക്ഷന്‍ മുസ്ത്വഫ അബ്ദുല്‍ ജലീല്‍ അവകാശപ്പെടുമ്പോഴും അനേകം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്ന ലിബിയന്‍ തെരഞ്ഞെടുപ്പ് സുഗമമാവുമോ എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പരിവര്‍ത്തന സമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെ നടക്കുന്ന ദേശീയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേണ്ടവിധം നടക്കാത്ത പക്ഷം ലോക്കല്‍ ബോഡികളിലേക്ക് തെരഞ്ഞെടുപ്പ് നടത്തി അധികാരം കൈമാറാനുള്ള നിര്‍ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. ജൂലൈ 7 ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ജൂലൈ 5 ന് അവസാനിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ഏറ്റുമുട്ടലുകളില്‍ 100 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

'നോ ഫ്ളൈ ലിസ്റ്' വേട്ടയാടിയത്
നിരപരാധികളെയെന്ന് റിപ്പോര്‍ട്ട്

കുറ്റവാളികളെ വിമാനയാത്രയില്‍നിന്ന് തടയുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ അമേരിക്കയുടെ 'നോ ഫ്ളൈ ലിസ്റ്' പദ്ധതി അറിയപ്പെടുന്ന ക്രിമിനലുകളെ വിമാന യാത്ര നടത്താന്‍ അനുവദിക്കുകയും നിരപരാധികളെ വേട്ടയാടുകയും ചെയ്തതായി പുതിയ വെളിപ്പെടുത്തല്‍. 2003 ല്‍ എഫ്.ബി.ഐ യുടെ ഭീകരവാദ നിയന്ത്രണ കേന്ദ്രമാണ് അമേരിക്കയിലേക്കോ തിരിച്ചോ വിമാനങ്ങളില്‍ സഞ്ചരിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തിയവരുടെ ലിസ്റ് പ്രസിദ്ധീകരിച്ചത്. 9/11 നുശേഷം രാജ്യസുരക്ഷാ കാരണം പറഞ്ഞാണ് ഇത്തരമൊരു ലിസ്റിന് രൂപം നല്‍കിയിരുന്നത്. എന്നാല്‍ പ്രസ്തുത ലിസ്റ് മൂലം നിരപരാധികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യത പലരും അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്‍ഡ്യാനയിലെ ഋ്മി്ശഹഹല യില്‍നിന്ന് യാത്ര പുറപ്പെടാനെത്തിയ എട്ട് ഈജിപ്തുകാരെ തെറ്റായ വിവരത്തിന്റെ പേരില്‍ തടവിലാക്കിയ ശേഷം നിരപരാധികളെന്ന് കണ്ട് വിട്ടയച്ച സംഭവം ഇത്തരത്തില്‍ കോളിളക്കമുണ്ടാക്കിയതാണ്. പ്രധാനമായും മുസ്ലിംകളെയാണ് നോ ഫ്ളൈ ലിസ്റ് ലക്ഷ്യം വെക്കുന്നതെങ്കിലും അതിന്റെ 'ടെക്നിക്കല്‍' തകരാറുകള്‍ പത്രപ്രവര്‍ത്തകരെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെയുമടക്കം കെണിയിലകപ്പെടുത്തിയിട്ടുണ്ട്.

മ്യാന്‍മറിനു പിന്നാലെ ശ്രീലങ്കയിലും
മുസ്ലിം ബുദ്ധിസ്റ് സംഘര്‍ഷം

ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം അവസാനിച്ചത് രാജ്യത്തെ ഐക്യപ്പെടുത്തുമെന്ന് ശ്രീലങ്കന്‍ മുസ്ലിംകള്‍ കരുതിയിരുന്നു. എന്നാല്‍ പ്രതീക്ഷകളെയാകെ തകിടം മറിച്ച് മുസ്ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. തീവ്ര ബുദ്ധ വിഭാഗമാണ് അടുത്ത കാലത്തായി മുസ്ലിംകള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ദെഹിവാലയില്‍ മെയ് 30 ന് മദ്റസക്കും പള്ളിക്കുമെതിരെ 200 ഓളം വരുന്ന തീവ്ര ബുദ്ധ വിഭാഗമാണ് അക്രമം നടത്തിയത്. അതിനു മുമ്പ് ദാമ്പുല്ല ഗ്രാമത്തില്‍ നടന്ന സമാനമായ സംഭവത്തില്‍ പള്ളി അക്രമിക്കുകയും നമസ്കാരം അലങ്കോലപ്പെടുത്തുകയും ചെയ്തിരുന്നു. 1962 ല്‍ നിര്‍മിച്ച പള്ളി അനധികൃതമാണെന്ന് വാദിച്ചാണ് അക്രമം നടത്തിയത്. എന്നാല്‍ കാലങ്ങളായി മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ വിഭാഗങ്ങള്‍ ഒരുമയോടെ കഴിയുന്ന പ്രദേശങ്ങളില്‍ പെട്ടെന്ന് കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതില്‍ ദുരൂഹതയുള്ളതായി മുസ്ലിം നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ 30 വര്‍ഷത്തോളം നീണ്ട എല്‍.ടി.ടി.ഇ യും ശ്രീലങ്കന്‍ സര്‍ക്കാറും തമ്മിലുള്ള പോരാട്ടത്തില്‍ തമിഴ് സംസാരിക്കുന്നവരായിരുന്നിട്ടുപോലും മുസ്ലിംകള്‍ സര്‍ക്കാറിനൊപ്പം നിന്ന് എല്‍.ടി.ടി.ഇ യെ എതിര്‍ത്തുപോന്നു. ഇതുകാരണം മുസ്ലിംകള്‍ തിങ്ങിത്താമസിച്ചിരുന്ന ജാഫ്നയില്‍നിന്ന് 1990 കളില്‍ ധാരാളം മുസ്ലിംകള്‍ക്ക് എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. എന്നാല്‍ ആഭ്യന്തര കലഹങ്ങള്‍ക്ക് അറുതി വന്ന ശേഷം മറ്റൊരുവിധത്തില്‍ അക്രമിക്കപ്പെടുന്നത് ശ്രീലങ്കന്‍ മുസ്ലിംകളെ ആശങ്കാകുലരാക്കിയിട്ടുണ്ട്.

ജീവിതചെലവ് വര്‍ധനവിനെതിരെ തെല്‍അവീവില്‍ സമരം

പാര്‍പ്പിടമടക്കം ജീവിതചെലവ് വര്‍ധിച്ചതിനെതിരെ തെല്‍അവീവില്‍ നടന്ന സമരം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ഇസ്രയേലില്‍ ജീവിതചെലവ് വര്‍ധിച്ചുവരികയാണെന്നും പാര്‍പ്പിട വാടകയിലും മറ്റുമുണ്ടായ വര്‍ധനവ് പിന്‍വലിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. സമരക്കാര്‍ കെട്ടിയ ടെന്റുകള്‍ പൊളിച്ചു നീക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസുമായി ഏറ്റുമുട്ടലുണ്ടായതെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ നിരത്തിലിറങ്ങുകയും റോഡുകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും വാണിജ്യ കേന്ദ്രങ്ങള്‍ ഉപരോധിക്കുകയും ചെയ്തതായി ഇസ്രയേലി വാര്‍ത്താ മാധ്യമങ്ങള്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ് ചെയ്തിരുന്നു. അവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. ജീവിതചെലവ് വര്‍ധിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന് ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പിന്തുണയേറി വരുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വാര്‍ത്ത പുറത്തുവിട്ട അല്‍ജസീറ നെറ്റ് സൈറ്റില്‍ നിമിഷങ്ങള്‍ക്കകം നിരവധി അഭിപ്രായങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. എന്തിനാണ് ജീവിതചെലവ് വര്‍ധിക്കുന്ന ഇസ്രയേലില്‍ കഴിയുന്നതെന്നും ഫലസ്ത്വീനിന്റെ മണ്ണ് വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങി സുഖമായി ജീവിച്ചുകൂടെയെന്നും മറ്റും അടങ്ങിയ 'കമന്റുകള്‍' പോസ്റ് ചെയ്തവയിലുണ്ട്.

ഇസ്ലാമിന് കൂടുതല്‍ ഇടം
നല്‍കണമെന്ന് അറബ് ജനത

ഇസ്ലാമിക ശരീഅത്തിന് പ്രാമുഖ്യം നല്‍കുന്ന നിയമ വ്യവസ്ഥക്ക് ജീവിതത്തില്‍ കൂടുതല്‍ ഇടം നല്‍കാന്‍ ഇഷ്ടപ്പെടുന്നതായി ഈജിപ്തും യമനുമടക്കം 6 അറബ് നാടുകളില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ശരീഅത്ത് നിയമ വ്യവസ്ഥയായി അംഗീകരിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ പ്രസ്തുത നാടുകളില്‍ ന്യൂനപക്ഷം മാത്രമാണെന്നും ഗാലപ് സെന്റര്‍ ഫോര്‍ മുസ്ലിം സ്റഡീസ് നടത്തിയ സര്‍വെ പറയുന്നു. ഈജിപ്തില്‍ 44% സ്ത്രീകളും 50% പുരുഷന്‍മാരും ശരീഅത്ത് നിയമമായി അംഗീകരിക്കണമെന്ന അഭിപ്രായക്കാരാണ്. യമനില്‍ 68% പുരുഷന്‍മാരും 58% സ്ത്രീകളും ശരീഅത്ത് ആഗ്രഹിക്കുന്നവരാണ്. തുനീഷ്യയിലും സിറിയയിലുമാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തയത്. ഇരു രാജ്യങ്ങളിലും 20% ത്തോളം പേര്‍ മാത്രമേ ശരീഅത്ത് നിയമമായി കൊണ്ട് വരുന്നത് ഇഷ്ടപ്പെടുന്നുള്ളൂ.
സ്ത്രീകളുടെ അവകാശത്തിനുവേണ്ടി വാദിക്കുന്നവരും അവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്നവരും മത നിഷ്ഠ പുലര്‍ത്താത്ത പുരുഷന്‍മാരെ അപേക്ഷിച്ച് ഭക്തരായ മുസ്ലിം പുരുഷന്‍മാരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസവും സാമ്പത്തിക ശാക്തീകരണവുമാണ് ഇത്തരം നാടുകളിലെ സ്ത്രീകളുടെ ഉന്നമനത്തിന് സാധ്യമാക്കേണ്ടതെന്ന് പഠനം കണ്ടെത്തിയതായി ഗാലപ് സെന്റര്‍ ഏക്സ്ക്യൂട്ടീവ് ഡയറക്ടര്‍ ഡാലിയ മുജാഹിദ് വെളിപ്പെടുത്തി.

മുര്‍സിക്ക് ഇന്ത്യന്‍ ജമാഅത്തെ
ഇസ്ലാമിയുടെ അനുമോദനം

ന്യൂഡല്‍ഹി: ഈജിപ്ഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ഇഖ്വാനുല്‍ മുസ്ലിമൂന്റെ പ്രതിനിധി ഡോ. മുഹമ്മദ് മുര്‍സിയെ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അധ്യക്ഷന്‍ മൌലാനാ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി അഭിനന്ദിച്ചു. പുതിയ കാലത്തെ സുപ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളിലൊന്നായി തെരഞ്ഞെടുപ്പ് വിജയത്തെ അദ്ദേഹം വിശേഷിപ്പിച്ചു.
അരനൂറ്റാണ്ടിലധികം നീണ്ട, ഫറോവയെ അനുസ്മരിപ്പിക്കുന്ന ഭീകരമായ പീഡനപര്‍വങ്ങള്‍ക്കൊടുവിലാണ് ഈ വിജയം. ഇമാം ബന്നാ, സയ്യിദ് ഖുത്വ്ബ്, അബ്ദുല്‍ ഖാദിര്‍ ഔദ പോലുള്ള ഒട്ടേറെ ധീര രക്തസാക്ഷികളുടെ തുല്യതയില്ലാത്ത ആത്മാര്‍പ്പണത്തിന്റെ ഫലമാണിത്. ഓരോ ഈജിപ്തുകാരനും ഓരോ ഇഖ്വാനിയും ഇതിന്റെ പേരില്‍ ആദരവും അഭിനന്ദനവും അര്‍ഹിക്കുന്നു.
ഈ സംഭവവികാസങ്ങള്‍ കണ്ട് സാമ്രാജ്യത്വശക്തികളും, അവര്‍ മുസ്ലിം ലോകത്തിന്റെ മര്‍മത്തില്‍ പ്രതിഷ്ഠിച്ച സയണിസ്റ് രാഷ്ട്രവും അടങ്ങിയിരിക്കുമെന്ന് കരുതരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ ഭീഷണി മുമ്പില്‍ വെച്ച് ആഭ്യന്തര-വൈദേശിക നയങ്ങള്‍ വളരെ സൂക്ഷ്മതയോടെ രൂപപ്പെടുത്തണം. ഇസ്ലാമിന്റെ വിമോചന മുഖം ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തണം. മുസ്ലിം ലോകത്തെ പ്രബല രാഷ്ട്രമായ ഈജിപ്തുമായി ബന്ധങ്ങള്‍ പൂര്‍വാധികം ശക്തിപ്പെടുത്താന്‍ ഇന്ത്യാ ഗവണ്‍മെന്റ് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഉണര്‍ത്തി.

പഠനോപകരണ
വിതരണം

ആലപ്പുഴ: ജമാഅത്തെ ഇസ്ലാമി ജില്ല ജനസേവന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 40 ഓളം വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കൌണ്‍സിലര്‍ സുനില്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ബി അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. എം. അബ്ദുല്ലത്വീഫ് അധ്യക്ഷത വഹിച്ചു. ജനസേവന വിഭാഗം കണ്‍വീനര്‍ ഇ. അയ്യൂബ് സ്വാഗതവും ജില്ലാ സെക്രട്ടറി കെ.എസ് അഷ്റഫ് സമാപന പ്രഭാഷണവും നടത്തി.

വിദ്യാര്‍ഥി യാത്രാ പ്രശ്നം:
സര്‍ക്കാര്‍ ഇടപെടണം

മലപ്പുറം: കെ.എസ്.ആര്‍.ടി.സി കണ്‍സെഷന്‍ ക്വാട്ട വര്‍ധിപ്പിക്കുക, ടൌണ്‍ ടു ടൌണ്‍ ബസുകളില്‍ കണ്‍സഷന്‍ അനുവദിക്കുക, സൂപ്പര്‍ ഫാസ്റ്, ഫാസ്റ് പാസഞ്ചര്‍ ബസ്സുകളുടെ ചൂഷണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്.ഐ.ഒ മലപ്പുറത്ത് സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. സംസ്ഥാന സമിതിയംഗം സഫീര്‍ ഷാ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എന്‍.എ കരീം, എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് അനീഷ്, എന്‍.എസ്.എല്‍ ജില്ലാ സെക്രട്ടറി മഷ്ഹൂദ്, എസ്.ഐ.ഒ മലപ്പുറം ജില്ലാ കാമ്പസ് സെക്രട്ടറി അജ്മല്‍ കാരകുന്ന് സംസാരിച്ചു. എസ്.ഐ.ഒ ജില്ലാ പിആര്‍ സെക്രട്ടറി കെ.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. സഫ്വാന്‍ സ്വാഗതവും ശാഫി കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.

വിജയികളെ
അനുമോദിച്ചു

താമരശ്ശേരി: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 18 -ാം റാങ്ക് നേടിയ മുംതഷിര്‍ അഹ്മദ്, പ്ളസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയ മുഹമ്മദ് ഷാമില്‍, ഷഹിര്‍ഷാ എന്നിവരെ എസ്.ഐ.ഒ പരപ്പന്‍പോയില്‍ ഘടകം അനുമോദിച്ചു. പി.കെ അന്‍സാര്‍ വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കെ. അബ്ദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജെ.ടി അബ്ദുര്‍റഹ്മാന്‍, എ.പി ഹുസൈന്‍, റഷീദ്, കെ. ഫസലുല്‍ ബാരി, എം.പി ഫാസില്‍ മൊയ്തു, കെ.കെ അജ്മല്‍ റഹ്മാന്‍, ടി.ടി ആശിഖ്, കെ. ശരീഫ്, കെ. അല്‍താഫ്, അഷ്റഫ് വാവാട് സംസാരിച്ചു.

കോമ്പസ്:
ഗള്‍ഫ് സ്റുഡന്‍സ് ക്യാമ്പ്

മാനന്തവാടി: എസ്.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ചതുര്‍ദിന ക്യാമ്പ് നടത്തുന്നു. കോമ്പസ് എന്ന തലക്കെട്ടില്‍ ജൂലൈ 12 മുതല്‍ 15 വരെ വയനാട്ടിലെ മാനന്തവാടിക്കടുത്ത തലപ്പുഴയിലെ ഡബ്ളു.എസ്.എസ്.എസ് (വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി) ബോയ്സ് ടൌണിലാണ് ക്യാമ്പ് നടക്കുന്നത്.
ഫ്യൂചര്‍ ഇസ് അവേഴ്സ്, സ്റുഡന്‍സ് പാര്‍ലമെന്റ്, ഷോര്‍ട്ട് ഫിലിം തിയേറ്റര്‍, ഫ്രീ ഔര്‍ സോള്‍, ഔട്ട് ഡോര്‍ ഗൈം, മീറ്റ് ദ പ്രസിഡന്റ്, മീഡിയാസ്ഫിയര്‍, കരിയര്‍ ക്ളിനിക്ക്, ഫോട്ടോ ഷൂട്ടൌട്ട്, ക്വിസ് ടൈം, കിശ്വല്‍ ലാബ്, കാമ്പ് ഫയര്‍, ലീഡര്‍ഷിപ്പ്, ലോക്കല്‍ ഫീല്‍ഡ് ട്രിപ്പ് എന്നിവയാണ് പരിപാടികള്‍. ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ താഴെയുള്ള നമ്പറുകളിലോ, വെബ് സൈറ്റിലോ ബന്ധപ്പെടുക. 9495306844, 9847539070,www.siokerala.org/compass.

കോയമ്പത്തൂരില്‍
വനിതാ ഇസ്ലാമിയാ കോളേജ്

കോയമ്പത്തൂര്‍' ജമാഅത്തെ ഇസ്ലാമി കോയമ്പത്തൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ 'കുല്ലിയ്യത്തുല്‍ ഹിദായ' വനിതാ ഇസ്ലാമിയാ കോളേജിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി തമിഴ്നാട് സെക്രട്ടറി മൌലവി ഹനീഫാ മന്‍ബഈ നിര്‍വഹിച്ചു. മൌലവി എം.എം. ഇസ്മാഈല്‍ ഇഠദാദി വിഷയം അവതരിപ്പിച്ചു. പി.എസ് സയ്യിദ് മസ്ഊദ് ജമാലി (എ.എ, പി.എച്ച്.ഡി, ചെന്നൈ), എ. മുഹമ്മദ് ഖാന്‍, ഫാസില്‍ ബാഖവി ചെന്നൈ, മുഹമ്മദ് നൂഹ് മഹ്ളരി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. കോയമ്പത്തൂര്‍ സിറ്റി അമീര്‍ പി.എസ് ഉമര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്റാഹീം സ്വാഗതം പറഞ്ഞു. സ്മാര്‍ട്ട് ക്ളാസ് റൂം ഉള്‍പ്പെടെ ആധുനിക രീതിയിലാണ് ക്ളാസ് സജ്ജീകരിച്ചിട്ടുള്ളത്. ഖുര്‍ആന്‍ വായിക്കാനറിയുന്ന എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്കാണ് പ്രവേശനം. മൂന്ന് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ബിരുദം നല്‍കും.

അന്യായ ഫീസ് വര്‍ധനക്കെതിരെ എസ്.ഐ.ഒ നിയമസഭാ മാര്‍ച്ച്

തിരുവനന്തപുരം: ഡിഗ്രി, പി.ജി കോഴ്സുകളുടെ ഫീസ് വര്‍ധനവ് പിന്‍വലിക്കുക, ക്രെഡിറ്റ് & സെമസ്റര്‍ സിസ്റം അപാകതകള്‍ പരിഹരിക്കുക, സ്വാശ്രയ വിദ്യാഭ്യാസം സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയമാക്കുക, നിര്‍ദിഷ്ട വാഗ്ദാനങ്ങളായ ഓപ്പണ്‍ യൂനിവേഴ്സിറ്റി, ടെക്നിക്കല്‍ യൂനിവേഴ്സിറ്റി എന്നിവ യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.ഐ.ഒ കേരള നിയമസഭാ മാര്‍ച്ച് നടത്തി. യൂനിവേഴ്സിറ്റി കോളേജിനു മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് നിയമസഭാ കവാടത്തിനു മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു.
സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി കെ.എസ് നിസാര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സക്കീര്‍ നേമം സംസാരിച്ചു. സി.ടി സുഹൈബ്, ജമാല്‍ പാനായിക്കുളം ഫാസില്‍, സഹ്ല, അമീര്‍, ഷിയാസ്, അജ്മല്‍ റഹ്മാന്‍, യൂസുഫ് നേതൃത്വം നല്‍കി.

കലാ സാഹിത്യ സംഗമം

മലപ്പുറം: ജില്ലയിലെ കലാ സാഹിത്യ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന 'കലാസാഹിത്യ സംഗമം' ശ്രദ്ധേയമായി. തനിമ കലാ സാഹിത്യ വേദി ജില്ലാ സമിതിയാണ് സംഗമം സംഘടിപ്പിച്ചത്. കവിതാ അവതരണം, ഗാനമേള, ലഘുനാടകങ്ങള്‍, സ്കിറ്റുകള്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു. കാഴ്ചയുടെ സൂക്ഷ്മതലങ്ങള്‍ അനാവരണം ചെയ്യുന്ന ഇമേജ് ഹുസൈന്റെ ഫോട്ടോ പ്രദര്‍ശനം, സമകാലിക സാമൂഹിക ജീവിതത്തെ നിരൂപണ വിധേയമാക്കി ബുഖാരി ധര്‍മഗിരിയുടെ കാര്‍ട്ടൂണ്‍ രചന എന്നിവ ആകര്‍ഷകമായി. സമീര്‍ ബിന്‍സി മെഹ്ദി ഹസന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് എ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. തനിമ കലാ സാഹിത്യ വേദി സംസ്ഥാന സെക്രട്ടറി കെ.എ ഫൈസല്‍ വാര്‍ഷിക പ്രഭാഷണം നടത്തി. ടെലിഫിലിം സംവിധായകന്‍ സലാം കൊടിയത്തൂര്‍ മുഖ്യാതിഥിയായിരുന്നു. തനിമ ജില്ലാ പ്രസിഡന്റ് ഡോ.ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ വയനാട്, മെഹര്‍ മന്‍സൂര്‍, എന്‍.വി തുറക്കല്‍, സാബിറ ഹുസൈന്‍ സംസാരിച്ചു.

കണ്‍വെന്‍ഷന്‍

വിമ്പര്‍ലിഗഞ്ച്: സീപീ ഹാളില്‍ ജില്ലാ സമിതി സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ അബ്ദുര്‍റഹ്മാന്‍ വളാഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.ബി അബ്ദുര്‍റഷീദ് അധ്യക്ഷത വഹിച്ചു. പി.കെ മുഹമ്മദലി, കെ.പി യൂനുസ് (ഹ്യൂമന്‍ ടച്ച്) ആശംസയര്‍പ്പിച്ചു. വിമ്പര്‍ലിഗഞ്ച് പ്രാദേശിക അമീര്‍ എം.കെ മുഹമ്മദ് സ്വാഗതവും ജില്ലാ സെക്രട്ടറി എം. അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
പഠനസഹവാസ ക്യാമ്പിന് മേഖലാ നാസിം അബ്ദുര്‍റഹ്മാന്‍ നേതൃത്വം നല്‍കി. എന്‍. മൂസ ഖുര്‍ആന്‍ ക്ളാസ്സെടുത്തു. 'ഇസ്ലാമിക പ്രസ്ഥാനം-പ്രശ്നങ്ങള്‍ പ്രതിസന്ധികള്‍' എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു.
മേഖലാ നാസിമിന്റെ പര്യടനത്തോടനുബന്ധിച്ച് മസ്ജിദുല്‍ ഇഹ്സാനിലും (സ്റുവര്‍ട്ട് ഗഞ്ച്), മസ്ജിദുല്‍ ഖൈറിലും (മലപ്പുറം) പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിച്ചു. ഇസ്ലാമിക് ഗൈഡന്‍സ് സെന്റ(പോര്‍ട്ടു ബ്ളയര്‍)റില്‍ കുടുംബസംഗമം നടത്തി. വനിതകള്‍ക്കും യുവ വിഭാഗമായ ഹ്യൂമന്‍ ടച്ച്, എസ്.ഐ.ഒ, ജി.ഐ.ഒ പ്രവര്‍ത്തകര്‍ക്കും പ്രത്യേകം ക്ളാസ്സുകള്‍ നടന്നു.

മലര്‍വാടി
റബ്വ പ്രോഗ്രാമിന്
തുടക്കമായി

ആലുവ: സംസ്ഥാനതലത്തില്‍ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കായുള്ള റബ്വ ടാലന്റ് പ്രൊമോഷന്‍ പ്രോഗ്രാമിന് ആലുവ അസ്ഹറുല്‍ ഉലൂമില്‍ തുടക്കമായി.
ഏഴാം ക്ളാസ് പാസ്സായ വിദ്യാര്‍ഥികള്‍ക്ക് ഇസ്ലാം, ഇസ്ലാമിക പ്രസ്ഥാനം, നേതൃപാടവം എന്നിവയില്‍ അറിവും കഴിവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മൂന്ന് വര്‍ഷം തുടര്‍ച്ചയായി നടത്തുന്ന റബ്വ പ്രോഗ്രാമിന്റെ ആദ്യ ക്യാമ്പില്‍ 80 കുട്ടികളാണുള്ളത്.
ഇസ്ലാമിക പ്രസ്ഥാനം, എന്റെ അല്ലാഹു, മനുഷ്യന്‍, പ്രവാചകത്വം, ഗോള്‍ സെറ്റിംഗ്, ക്രിയേറ്റിവിറ്റി ഡവലപ്മെന്റ്, സെല്‍ഫ് കോണ്‍ഫിഡന്‍സ്, ഈമാന്‍, പ്രവാചകന്മാര്‍, ഇസ്ലാമിക പ്രസ്ഥാനം മുമ്പേ നടന്നവര്‍, സത്യസാക്ഷ്യം എന്നീ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ളാസ്സെടുത്തു.

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

അന്നഹ്ല്‍
എ.വൈ.ആര്‍