Prabodhanm Weekly

Pages

Search

2012 ജൂലൈ 7

ഇനി നമുക്ക് കടലിലേക്ക് കണ്ണും നട്ടിരിക്കാം!

ബഷീര്‍ ഉളിയില്‍

എഴുപതുകളിലോ അതിനു മുമ്പോ ലോഞ്ച് എന്ന ചരക്ക് കപ്പലില്‍ കയറി ആദ്യത്തെ ഗള്‍ഫ് പ്രവാസി ഖോര്‍ഫുക്കാന്‍ കടല്‍തീരത്ത് കരപറ്റിയ കാലം തൊട്ട് തുടങ്ങിയതാണ് ഗള്‍ഫ് മലയാളികളുടെ ദുരന്തപര്‍വം. ഇപ്പോള്‍ പ്രവാസം ലോകത്തിന്റെ ആകാശത്ത് ഇരമ്പിക്കൊണ്ടിരിക്കുന്നത് വിമാന യാത്രാ ദുരിതമാണെങ്കില്‍ പ്രവാസികളുടെ പുനരധിവാസം, നാട്ടിലുള്ളമക്കളുടെ ഉന്നത വിദ്യാഭ്യാസം, വോട്ടവകാശം തുടങ്ങി കൊച്ചു കൊച്ചു നിദ്രാ ഞെരക്കങ്ങളും ഇടവേളകളില്‍ മുഴങ്ങിക്കേട്ടിരുന്നു. ഉള്ള് പൊള്ളയായ വാഗ്ദാനങ്ങളുടെ നിപ്പ്ള്‍, കരയുന്ന പ്രവാസികളുടെ വായില്‍ തിരുകി രാഷ്ട്രീയ ചാണക്യന്മാര്‍ അവയെല്ലാം നിശ്ശബ്ദമാക്കുകയായിരുന്നു.
ഗള്‍ഫ് നാടുകളിലെ പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പടിഞ്ഞാറന്‍ നാടുകളിലുള്ളതില്‍ നിന്ന് തീര്‍ത്തും ഭിന്നമാണ്. എന്നാല്‍, നൂറ്റിപ്പത്ത് രാജ്യങ്ങളിലായി പരന്നു കിടക്കുന്ന ഭാരതീയ പ്രവാസി ജനകോടികളുടെ പ്രശ്നങ്ങളെ ഒരൊറ്റ സാകല്യമായി കാണുന്ന തെറ്റായ രീതിയാണ് ഭരണകൂടങ്ങള്‍ ഇതഃപര്യന്തം സ്വീകരിച്ചത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്ത് സന്ദര്‍ശക വിസയില്‍ വല്ലപ്പോഴും ഇന്ത്യയിലെത്തുന്ന അമേരിക്ക, കാനഡ, ആസ്ത്രേലിയ തുടങ്ങിയ നാടുകളിലെ പ്രവാസി ഭാരതീയരും ജന്മനാട്ടില്‍ നിന്ന് വേരറുക്കപ്പെട്ടും കുടിയേറിയ നാടുകളില്‍ വേരുറക്കാതെയും കഴിയുന്ന ഗള്‍ഫുകാരും സര്‍ക്കാര്‍ കണക്കുകളില്‍ പ്രവാസികളാണ്. ഇതില്‍ പ്രധാനമന്ത്രിയുടെ പുത്രിയടക്കമുള്ള ആദ്യ വിഭാഗത്തില്‍ പെട്ട 'സൂപ്പര്‍ പ്രവാസികള്‍' ഇരട്ട പൌരത്വം അടക്കമുള്ള സര്‍വ ആനുകൂല്യങ്ങളും ആസ്വദിക്കുമ്പോള്‍ ദ്വിതീയ വിഭാഗം പ്രവാസത്തിന്റെ നാലു പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോഴും 'കന്നുകാലി' ക്ളാസിലെങ്കിലും ഒരു സീറ്റിനു വേണ്ടി പരക്കം പായുകയാണ്. നാട്ടിലും മറുനാട്ടിലും 'ഖല്ലി വല്ലി'കളാവാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരാണ്, ചുരുക്കത്തില്‍ ഗള്‍ഫ് പ്രവാസികള്‍.
പറഞ്ഞുവരുന്നത് വിമാന യാത്രാ ദുരിതത്തെക്കുറിച്ചാണ്. ഏഴു വര്‍ഷം മുമ്പ് ഗള്‍ഫ് നാടുകളിലേക്ക് ഒരു ബജറ്റ് എയര്‍ ലൈന്‍സ് തുടങ്ങുന്നതുവരെ 'ഇത്ര പടിഞ്ഞാറോ കിഴക്ക്' എന്ന് ശങ്കപ്പെടുന്ന മട്ടിലായിരുന്നു നമ്മുടെ ദേശീയ വിമാനക്കമ്പനിയുടെ ചിറ്റമ്മത്തരം. എട്ട് മണിക്കൂറിലധികം യാത്രാ ദൂരമുള്ള പാശ്ചാത്യ നാടുകളിലേക്കുള്ള വിമാന യാത്രാ കൂലിയുടെ ഇരട്ടിയിലധികമായിരുന്നു മൂന്നര മണിക്കൂര്‍ നേരത്തെ യാത്രക്ക് ഗള്‍ഫുകാരോട് അതുവരെ ഈടാക്കിയിരുന്നത്. യൂസേഴ്സ് ഫീ' എന്ന കടത്തു ചുങ്കവും അക്കാലത്ത് ഗള്‍ഫ് സെക്ടറിനു മാത്രം ബാധകമായിരുന്നു. ഒടുവില്‍ ഉദാരീകരണത്തിന്റെ പുതിയ ലോക ക്രമത്തില്‍ വിദേശ വിമാനക്കമ്പനികള്‍ മത്സരപ്പറക്കലിലൂടെ വിലക്കുറവിന്റെ പ്രലോഭനങ്ങള്‍ ഉയര്‍ത്തുകയും ഗള്‍ഫ് പ്രവാസികള്‍ ഒറ്റക്കെട്ടായി ഒച്ച വെക്കുകയും ചെയ്തപ്പോള്‍ ഗത്യന്തരമില്ലാതെയാണ് ബജറ്റ് എയര്‍ലൈന്‍സ് പദ്ധതി ആരംഭിച്ചത്. ഇക്കാര്യത്തിലെങ്കിലും ഗള്‍ഫ് പ്രവാസികള്‍ മന്‍മോഹന്‍ ഉദാരവത്കൃത സാമ്പത്തിക ശാസ്ത്രത്തോട് കടപ്പെട്ടിരിക്കുന്നു.
2005 ഏപ്രില്‍ 29-നാണ് എയര്‍ ഇന്ത്യാ എക്സ്പ്രസ് അനന്തപുരിയില്‍ നിന്ന് അബൂദബിയിലേക്ക് കന്നിപ്പറക്കല്‍ നടത്തിയത്. മുടങ്ങിയും മുടന്തിയും പറന്ന് തുടങ്ങിയ ഈ ആകാശ ശകടം കൃത്യം ഏഴു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലിതാ, തങ്ങളുടെ നിയോഗം പൂര്‍ത്തിയായിരിക്കുന്നു എന്ന മട്ടില്‍ പണിമുടക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇന്നിപ്പോള്‍ ഗള്‍ഫിലെ തൊഴില്‍ സാധ്യതകളുടെ ആകാശത്തില്‍ അസ്തമയ ശോഭ തെളിഞ്ഞു വരുമ്പോഴും നേരം പുലര്‍ന്നോ എന്ന് തിട്ടമില്ലാതെ കിടന്നുറങ്ങുന്ന പ്രവാസികളെ ഞെട്ടി ഉണര്‍ത്തുന്ന ദുഃസ്വപ്നവും വിമാന യാത്രാ ദുരന്തം തന്നെ. എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ സമരം രണ്ടാം മാസത്തില്‍ പ്രവേശിക്കുമ്പോള്‍ പ്രശ്നത്തിനുള്ള പരിഹാര നിര്‍ദേശമൊഴികെ ഗള്‍ഫ് പ്രവാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങളുടെ വിശദാംശങ്ങളും ദേശീയ നഷ്ടത്തിന്റെ സ്ഥിതി വിവരക്കണക്കുകളും മാധ്യമങ്ങളില്‍ വേണ്ടത്ര വിശദീകരിക്കപ്പെട്ടു കഴിഞ്ഞു.
ഗ്രാമ വികസനം, പ്ളാനിംഗ്, സാംസ്കാരികം, ക്ഷീര വികസനം, പബ്ളിക് റിലേഷന്‍സ് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ശ്രീമാന്‍ കെ.സി ജോസഫാണ് ഇത്തവണ 'നോര്‍ക്ക' എന്ന് രേഖപ്പെടുത്തിയ കീചെയിനും തൂക്കി നടക്കുന്ന പ്രവാസി കാര്യമന്ത്രി. ജോസഫ് മന്ത്രിയും പതിവ് തെറ്റിച്ചില്ല. മുഖ്യമന്ത്രി അതിവേഗം ബഹുദൂരം മുന്നേറുന്നതിനിടെ, പ്രവാസ ഭൂമിയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും പഠിക്കാന്‍ പ്രവാസി കാര്യമന്ത്രിയും സംഘവും വിളംബം വിനാ ഗള്‍ഫിലേക്ക് യാത്ര പുറപ്പെട്ടു. ഇടത്-വലത് രാഷ്ട്രീയ കക്ഷികളുടെ 'ക്ഷീര വികസനം' ഉറപ്പുവരുത്തുന്ന ഗള്‍ഫിലെ കാക്കത്തൊള്ളായിരം സംഘടനകളുടെ ബൊക്കെകള്‍ ഏറ്റുവാങ്ങുന്നതിനിടയില്‍ കേരളത്തിലെ പുതിയ നിക്ഷേപ സൌഹൃദാന്തരീക്ഷത്തെ പറ്റിയാണ് മന്ത്രി വാചാലനായത്. അറബിപ്പശു ഇനി വല്ലാതെയൊന്നും പാല്‍ ചുരത്തുന്ന ലക്ഷണമില്ല. ഉള്ള പണം അങ്ങോട്ട് പോരട്ടെ, നമുക്ക് അടിച്ചു പൊളിക്കാം എന്ന് പറയാതെ പറഞ്ഞുവെച്ച മന്ത്രിയോട് തിരിച്ചുവരാന്‍ വിമാനം എവിടെ എന്ന് ചോദിച്ചപ്പോള്‍ പതിവു പോലെ പറയാനുണ്ടായിരുന്നത്, 'മഹാരാജാവി'ന്റെ കാര്യം കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്നതാകയാല്‍ കേരളം നിസ്സഹായമാണ് എന്നായിരുന്നു. എന്നാല്‍, ആരാണീ മന്ത്രി പറഞ്ഞ കേന്ദ്രമെന്ന കേമന്‍? ഇപ്പോഴത്തെ കേന്ദ്രം പഴയതുപോലെ വടക്ക് നോക്കി യന്ത്രമല്ല. ഭരണത്തിന്റെ 'സെറിബ്ര'വും 'മെഡുല്ലാ ഒബ്ളാംഗൊട്ട'യും മാത്രമല്ല നാഡി ഞരമ്പുകളടക്കം കിടക്കുന്നത് ചേര്‍ത്തലയിലും മലപ്പുറത്തും വടകരയിലുമൊക്കെയാണ് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? കേന്ദ്ര ഭരണം താങ്ങിനിര്‍ത്തുന്ന കാര്യത്തിലെങ്കിലും ഒഞ്ചിയവും ഇടുക്കിയും ഒരേ തൂവല്‍പക്ഷികളാണ് താനും. എന്നിട്ടും പ്രവാസിയുടെ ഏറ്റവും പ്രാഥമിക പ്രയാസങ്ങള്‍ പോലും തൃണവല്‍ക്കരിക്കപ്പെടുന്നത് അതൊരു രാഷ്ട്രീയ സമ്മര്‍ദ ശക്തിയല്ല എന്നതുകൊണ്ടാണെന്ന് കരതലാമലകം പോലെ വ്യക്തം. വോട്ടവകാശം ഒരു യാഥാര്‍ഥ്യമാക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ സാങ്കേതിക തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നതിന്റെ ലളിതമായ രസതന്ത്രവും മറ്റൊന്നല്ല. എന്തു പറഞ്ഞാലും ഗള്‍ഫ് മലയാളികളോട് വലിയ തോതില്‍ 'ചതിയില്‍ വഞ്ചന' കാട്ടാത്ത മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനായിരുന്നു. നടപ്പാകാത്ത പദ്ധതികള്‍ വീണ്ടും വീണ്ടും പ്രഖ്യാപിച്ച് പ്രവാസികളെ കബളിപ്പിക്കാന്‍ അദ്ദേഹം മുതിര്‍ന്നില്ല. ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം അദ്ദേഹം നിരസിച്ചതും ആത്മവഞ്ചന നടത്താനുള്ള മടി കാരണമാകാം.
ദോഷങ്ങള്‍ മാത്രം പറയരുതല്ലോ. പ്രഖ്യാപന വൈദഗ്ധ്യം വേണ്ടത്രയുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാറിലെ ജോസഫ് മന്ത്രി ഗള്‍ഫ് മലയാളികളുടെ യാത്രാ പ്രയാസങ്ങളുമായി ബന്ധപ്പെട്ട് മൂര്‍ത്തമായ മറ്റു ചില പ്രസ്താവനകള്‍ കൂടി നടത്തിയാണ് ഗള്‍ഫ് പര്യടനം പൂര്‍ത്തിയാക്കിയത്. അതിലൊന്ന് കേരള എയര്‍വൈസ് പദ്ധതി(കേരള എയര്‍വൈസ് പ്രോജക്ട്)യുടെ പുനരുജ്ജീവനമാണ്. 2005-ലെ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതായിരുന്നു ഈ പദ്ധതി. എന്നാല്‍ അന്താരാഷ്ട്ര സര്‍വീസ് നടത്താന്‍ ചുരുങ്ങിയത് 5 വര്‍ഷത്തെ ആഭ്യന്തര സര്‍വീസ് പരിചയം ആവശ്യമാണെന്ന നിബന്ധനയില്‍ പ്രസ്തുത പദ്ധതി പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഈ നിബന്ധന ഇപ്പോഴും നിലനില്‍ക്കെ, പ്രസ്തുത പദ്ധതിയെ കുറിച്ചുള്ള പുതിയ പ്രസ്താവന പ്രവാസികള്‍ക്ക് എംബസികള്‍ വഴി 'വോട്ട് ചെയ്യാന്‍ അവസരം ഒരുക്കു'മെന്ന മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ പ്രഖ്യാപനം പോലെ ഇരുട്ടുകൊണ്ട് ഓട്ട അടക്കല്‍ മാത്രമാണെന്ന് കരുതാനേ കഴിയൂ.
'നോര്‍ക്ക' മന്ത്രിയുടെ മറ്റൊരു പ്രഖ്യാപനം കപ്പല്‍ ഗതാഗതത്തെക്കുറിച്ചായിരുന്നു. അടുത്ത നവംബറില്‍ അരങ്ങേറാനിരിക്കുന്ന 'ഉണരുന്ന കേരളം' ഉച്ചകോടി(ഋാലൃഴശിഴ ഗലൃമഹമ ടൌാാശ)യില്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍ ഗതാഗതം ആരംഭിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുമെന്നാണ് വിളംബരം. കപ്പലോട്ടങ്ങളും കപ്പല്‍ ദുരന്തങ്ങളും നമുക്ക് പുത്തന്‍ അനുഭവങ്ങളല്ല. വാസ്കോഡ ഗാമയുടെ കപ്പലോട്ടം തുടങ്ങി ഇറ്റാലിയന്‍ കപ്പല്‍ ദുരന്തം വരെ നീണ്ട നിരവധി എപ്പിസോഡുകള്‍ക്ക് കേരളത്തിന്റെ കടല്‍തീരം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പണ്ടു പണ്ട് ആദാമിന്റെ മകന്‍ അബു അത്തര്‍ കച്ചവടം തുടങ്ങുന്നതിന് മുമ്പ് ഓട്ടം നിര്‍ത്തിയ 'അക്ബര്‍' എന്ന ഹജ്ജ് കപ്പലിനു ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറം 2001 ജൂണ്‍ മാസത്തില്‍ ദുബൈയില്‍നിന്ന് ദോഹ, ബഹ്റൈന്‍ വഴി 'അല്‍ സലാം താബ' എന്ന മറ്റൊരു കപ്പല്‍ കൊച്ചിയിലേക്ക് 116 യാത്രക്കാരെയും കൊണ്ട് പുറപ്പെട്ടിരുന്നു. 4000 രൂപ കൊണ്ട് നാല് ദിവസത്തിനകം കപ്പല്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ ഒരു വന്‍ കടല്‍ സംഭവമായി അത് കൊട്ടിഘോഷിക്കപ്പെട്ടു. ഏറെ വൈകാതെ ആ കപ്പലും പക്ഷേ, നിയമക്കുരുക്കിന്റെ ബര്‍മുഡ ട്രയാങ്കിളിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. വില്ലന്‍ സാക്ഷാല്‍ പ്രവാസി ക്ഷേമ സര്‍ക്കാര്‍ തന്നെ. അല്‍ സലാം താബ എന്ന കപ്പല്‍, അന്താരാഷ്ട്ര കപ്പല്‍ ഗതാഗത നിയമം ലംഘിക്കുന്നുവെന്ന് പറഞ്ഞാണ് കേരള സര്‍ക്കാര്‍ സര്‍വീസ് റദ്ദ് ചെയ്തത്. ഉത്തരേന്ത്യന്‍ വിമാന ലോബിയുടെ സമ്മര്‍ദം അല്ല ഇവിടെയും സംഭവിച്ചത് എന്ന് ഷേക്സ്പിയര്‍ കഥാപാത്രമായ മാര്‍ക് ആന്റണിയെ പോലെ നമുക്കും ഉരുവിടാം. ബ്രൂട്ടസ് ഒരു ആദരണീയനായ മനുഷ്യന്‍ തന്നെ!
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നെയും വന്നു എടങ്ങേറിന്റെ മറ്റൊരു കപ്പല്‍. 2003-ല്‍ നോര്‍ക്ക മന്ത്രി എം.എം. ഹസന്‍ ഗള്‍ഫ് മലയാളികളുടെ യാത്രാ ദുരിതങ്ങള്‍ക്ക് എന്നെന്നേക്കുമായി അറുതിവരുത്താന്‍ ഒരു കപ്പല്‍ കമ്പനിയുമായി കരാറുണ്ടാക്കി. അന്നും 'കേന്ദ്ര'മെന്ന കാരണവര്‍ ചിത്രത്തിലുണ്ടായിരുന്നു. ദോഹ മലയാളി സമാജത്തിന്റെ സ്വീകരണം ഏറ്റുവാങ്ങുന്നതിനിടെ കേന്ദ്ര സര്‍ക്കാറിന്റെ സ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍ കൂടിയായിരുന്ന കൊടിക്കുന്നില്‍ സുരേഷ് എം.പി, ഗള്‍ഫ് പ്രവാസികള്‍ക്കായി കപ്പല്‍ സര്‍വീസ് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇക്കാര്യം 'നോര്‍ക്ക'യും പ്രഖ്യാപിച്ചിട്ടുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ എം.പിയുടെ പ്രതികരണം, കപ്പലോടാന്‍ തീരുമാനിക്കേണ്ടത് സംസ്ഥാനമല്ല, കേന്ദ്ര ഏമാനാണ് എന്നായിരുന്നു. അഥവാ, പഴയ നമ്പൂതിരിക്കഥകളിലെ തിരുമേനിയെ പോലെ 'ഇല്ല' എന്ന് പറയാനും നമുക്കുണ്ട് ഒരു കാരണവര്‍! എന്നിട്ടും നോര്‍ക്ക കുലുങ്ങിയില്ല. അരിയും തിന്നു ആശാരിച്ചിയെയും കടിച്ച് മുന്നേറിയ നോര്‍ക്ക ഒപ്പുവെച്ച കപ്പല്‍ കരാറിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും ആയിനത്തിലുള്ള 'വരവു ചെലവുകളും' പൂര്‍ത്തിയാക്കി മുന്നേറി. പക്ഷേ, അപ്പോഴും കള്ളന്‍ കപ്പലില്‍ തന്നെ ഉണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, തുറമുഖം വിടുന്നതിന് മുമ്പ് തന്നെ 'വന്‍ നഷ്ടം' എന്ന കള്ളക്കരിങ്കല്‍ പാറയില്‍ തട്ടി ആ കപ്പലിന്റെ പാമരവും തകര്‍ന്നു. ഇനി 'എമെര്‍ജിംഗ് കേരള'യുടെ ഊഴമാണ്. പണ്ടത്തെ കത്ത് പാട്ടില്‍ പറയുന്ന ഗള്‍ഫുകാരന്‍ അബൂദബിയിലെ എഴുത്ത് പെട്ടിക്ക് മുമ്പില്‍ കാത്തിരുന്നത് പോലെ ഇനി നമുക്കും കണ്ണും നട്ട് കാത്തിരിക്കാം. അറബിക്കടലിന്റെ തിരയിളക്കങ്ങളില്‍ പ്രവാസിക്കപ്പലിനെ വരവേല്‍ക്കാനായി!
പിന്‍കുറി: കടലില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ ഒരു അതിവേഗ ജലപാത പദ്ധതി നടപ്പാക്കാന്‍ ഗതാഗത-പൊതുമരാമത്ത് വകുപ്പുകളെ കൂടി എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അന്നഹ്ല്‍
എ.വൈ.ആര്‍