പലിശയുടെ 'മെച്ചങ്ങള്‍' അനിവാര്യതകള്‍
പലിശയുടെ വക്താക്കള്‍ മറ്റൊരു വാദമുഖം കൂടി ഉയര്‍ത്തിക്കൊണ്ട് വരുന്നുണ്ട്. പലിശ ഒരു സാമ്പത്തിക അനിവാര്യതയാണെന്നും അതിന് മാത്രമായി നല്‍കാന്‍ കഴിയുന്ന ചില മെച്ചങ്ങളും പ്രയോജനങ്ങളും ഉണ്ടെന്നും അവര്‍ വാദിക്കുന്നു. ആ വാദത്തിന്റെ സത്ത താഴെ പറയും വിധമാണ്.
1. സാമൂഹികമായ സാമ്പത്തിക പ്രവര്‍ത്തനം എന്നത് പൂര്‍ണമായും ആശ്രയിച്ച് നില്‍ക്കുന്നത് മൂലധന നിര്‍മിതി(രമുശമേഹ ളീൃാമശീിേ)യെ ആണ്. മൂലധനം ഉണ്ടാവണമെങ്കില്‍ ജനങ്ങള്‍ അവരുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രിച്ച് പണം സൂക്ഷിച്ചുവെക്കാന്‍ തയാറാവണം. സൂക്ഷിച്ചുവെച്ചാല്‍ മാത്രമേ മൂലധനം ഉണ്ടാവുകയുള്ളൂ. തന്റെ ത്യാഗത്തിനും ആത്മനിയന്ത്രണത്തിനും യാതൊരു പ്രതിഫലവും കിട്ടുന്നില്ലെങ്കില്‍ എങ്ങനെയാണ് ഒരാള്‍ തന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും മാറ്റിവെച്ച് പണം കരുതിവെക്കാന്‍ തയാറാവുക? ജനങ്ങളെ പണം കരുതിവെക്കാന്‍ പ്രേരിപ്പിക്കുന്ന ആ പ്രതിഫലമാണ് പലിശ. ആയതിനാല്‍ പലിശ നിയമവിരുദ്ധമായി പ്രഖ്യാപിച്ചാല്‍, മിച്ചം വരുന്ന തുക സൂക്ഷിച്ചു വെക്കുക- അതാണ് മൂലധന നിര്‍മിതിയുടെ ഏക വഴി- എന്ന പ്രക്രിയ തന്നെ ഇല്ലാതായിത്തീരും.
2. ബിസിനസിലേക്ക് മൂലധനത്തെ ആകര്‍ഷിക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴി, തങ്ങളുടെ കരുതിവെപ്പ് ധനത്തിന്‍ മേല്‍ പലിശ സമ്പാദിക്കാന്‍ ജനങ്ങളെ അനുവദിക്കുക എന്നതാണ്. കരുതിവെപ്പിന് പ്രചോദനമാകുന്ന പലിശ തന്നെയാണ്, കച്ചവടക്കാര്‍ക്ക് നിശ്ചിത ശതമാനം 'ലാഭ'ത്തിന് അത് നല്‍കിക്കൊണ്ടിരിക്കാന്‍ ജനങ്ങള്‍ക്ക് പ്രേരണയാവുന്നതും. ഈ വാതില്‍ കൊട്ടിയടക്കുകയാണെങ്കില്‍ കരുതിവെപ്പിനുള്ള താല്‍പര്യം ആവിയായിപ്പോവും. എന്ന് മാത്രമല്ല, കരുതിവെപ്പായി നേരത്തെ എന്തെങ്കിലും, കൈയില്‍ ഉണ്ടെങ്കില്‍ തന്നെ അത് ബിസിനസിലേക്ക് ഇറക്കാന്‍ മടിക്കുകയും ചെയ്യും.
3. സൂക്ഷിച്ച് വെക്കാനും ബിസിനസിലേക്ക് ഇറക്കാനും പ്രചോദനമാവുക മാത്രമല്ല, ഉല്‍പാദനപരമല്ലാത്ത ഉപയോഗ (ഡിുൃീറൌരശ്േല ഡലെ) ത്തില്‍ നിന്ന് അത് സൂക്ഷിപ്പ് മുതലുകളെ (ടമ്ശിഴ) സംരക്ഷിക്കുകയും ചെയ്യുന്നു. ബിസിനസ് സംരംഭങ്ങളില്‍ ഏറ്റവും ഉല്‍പ്പാദനപരമായതിലേക്ക് മൂലധനത്തെ വളരെ സ്വാഭാവികമായി എത്തിക്കാന്‍ പലിശക്ക് കഴിയുന്നു. സംരംഭങ്ങളെ ഉല്‍പ്പാദനപരം/ഉല്‍പ്പാദനപരമല്ലാത്തത്, കൂടുതല്‍ ഉല്‍പ്പാദനപരം/കുറഞ്ഞയളവില്‍ മാത്രം ഉല്‍പ്പാദനപരമായത് എന്നിങ്ങനെ കൂട്ടിയും ഗണിച്ചും വേര്‍തിരിക്കാനും അങ്ങനെ സാധ്യമാവുന്ന പരമാവധി ലാഭത്തില്‍ എത്തിച്ചേരാനും സഹായിക്കുന്ന മറ്റേത് സംവിധാനമാണുള്ളത്? പലിശ നിര്‍ത്തലാക്കി കഴിഞ്ഞാല്‍ പണം മുടക്കുന്നതിലുള്ള ഈ ജാഗ്രത ആളുകള്‍ക്ക് നഷ്ടപ്പെടും. ഉല്‍പ്പാദനപരമാണോ അല്ലേ എന്നൊന്നും നോക്കാതെ, യാതൊരു യുക്തിദീക്ഷയുമില്ലാതെ കാണുന്ന സംരംഭങ്ങളിലൊക്കെ അവര്‍ പണമിറക്കിക്കൊണ്ടിരിക്കുകയും ചെയ്യും.
4. കടം എന്നത് മനുഷ്യജീവിതത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒരാവശ്യമാണ്. തന്റെ സ്വകാര്യ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വ്യക്തിക്കും കച്ചവടാവശ്യങ്ങള്‍ക്ക് ബിസിനസുകാരനും അത് ആവശ്യമുണ്ട്. ഭരണകൂടത്തിനും കടം വാങ്ങാതെ നിര്‍വാഹമില്ല. ഇത്രക്കും വിപുലമായ ഒരു മേഖലയിലെ ധനപരമായ ആവശ്യങ്ങള്‍ ദാനധര്‍മങ്ങള്‍ കൊണ്ട് മാത്രം നിര്‍വഹിക്കാനാവുമോ? പലിശയെന്ന പ്രചോദനം ഇല്ലാതാകുമ്പോള്‍, മൂലധനക്കാരന് കടം കൊടുക്കാന്‍ ഒരു താല്‍പര്യവുമുണ്ടാവുകയില്ല. അങ്ങനെ കടം കൊടുക്കുന്ന ഏര്‍പ്പാട് തന്നെ ഇല്ലാതാവും. ഇത് സാമ്പത്തിക ജീവിതത്തെ എത്ര പ്രതികൂലമായി ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഒരു പാവപ്പെട്ട സാധാരണക്കാരന്‍ ജീവിതത്തിലെ പ്രയാസകരമായ സന്ദര്‍ഭങ്ങള്‍ തരണം ചെയ്യുന്നത് ഹുണ്ടികക്കാരനില്‍ നിന്ന് പണം കടമെടുത്ത് കൊണ്ടാണ്. പലിശ എന്ന പ്രചോദനം ഇല്ലെങ്കില്‍, ഹുണ്ടികക്കാരന്‍ പണം കൊടുക്കില്ല. എവിടെനിന്നും പണം കിട്ടാതെ ആ സാധാരണക്കാരന്‍ വലഞ്ഞത് തന്നെ. ഒരാളും അയാളുടെ രക്ഷക്കെത്തില്ല. പണക്കമ്മി നേരിടുമ്പോള്‍ ബിസിനസുകാരന്‍ പലിശക്ക് കടമെടുത്തു കൊണ്ടാണ് തന്റെ സംരംഭം മുട്ടില്ലാതെ മുന്നോട്ട് കൊണ്ട് പോകുന്നത്. കടത്തിന്റെ വാതില്‍ അടഞ്ഞുപോയാല്‍ അയാള്‍ എത്ര തവണ ദീവാളി കുളിക്കുമെന്ന് പറായാനാവില്ല. ഇപ്പറഞ്ഞത് ഭരണകൂടത്തിന്റെ കാര്യത്തിലും ശരിയാണ്. പലിശക്ക് കടമെടുത്തിട്ടാണ് ഓരോ ഭരണകൂടവും വിവിധ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നത്. ഗവണ്‍മെന്റിന് മില്യന്‍ കണക്കിന് രൂപ പലിശയില്ലാതെ കടം കൊടുക്കാന്‍ തയാറുള്ള അത്രയധികം ഉദാരമനസ്കര്‍ ഉണ്ടാവുമോ?
പലിശ അനിവാര്യതയോ?
ഇനി നമുക്ക് ഇവിടെ എണ്ണിപ്പറഞ്ഞ പലിശയുടെ 'മെച്ചങ്ങളും' 'അനിവാര്യതകളും' പരിശോധിക്കാം. ഇപ്പറഞ്ഞ ന്യായങ്ങള്‍ സത്യമാണോ, അതല്ല കേവലം സങ്കല്‍പ്പം മാത്രമാണോ എന്നും വിശകലനം ചെയ്യപ്പെടണം.
മേല്‍ കൊടുത്ത വിവരണത്തില്‍ ഒരു പാട് ചതിക്കുഴികള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഒരാള്‍ തന്റെ കരുതല്‍ ധനം വര്‍ധിപ്പിക്കുന്നതും മൂലധനം പൂഴ്ത്തിവെക്കുന്നതും സാമ്പത്തിക ജീവിതത്തിലെ അനിവാര്യതയാണെന്ന് മാത്രമല്ല, അത് പ്രയോജനം ചെയ്യുമെന്ന് കൂടിയാണ് പറഞ്ഞിരിക്കുന്നത്. ഇത് സംഭവ യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്ത വാദമാണ്. ഏതൊരു രാഷ്ട്രത്തിന്റെയും സാമ്പത്തിക സുസ്ഥിതിയും പുരോഗതിയും കുടികൊള്ളുന്നത് രാഷ്ട്രത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഏതൊരു ഉല്‍പ്പന്നവും എത്രയും വേഗത്തില്‍ വിതരണം ചെയ്യപ്പെടുകയും വിറ്റഴിക്കപ്പെടുകയും ചെയ്യുന്നതിലാണ്. ഉല്‍പ്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും ഈ ചക്രം തുല്യ അനുപാതം ദീക്ഷിച്ച് കറങ്ങുമ്പോഴാണ് വികസനം സാധ്യമാകുന്നത്. ഉല്‍പ്പാദന-ഉപഭോഗ ചക്രം ആയാസരഹിതമായും വേഗത്തിലും കറങ്ങണമെങ്കില്‍ ജനങ്ങള്‍ അവര്‍ക്ക് ലഭിക്കുന്ന പണം ചെലവഴിക്കാനും തയാറാവേണ്ടതുണ്ട്. ഈ പണം സമൂഹത്തിലെ അവശവിഭാഗങ്ങളിലേക്ക് കൂടി എത്തുകയാണെങ്കില്‍ അവരും അവശ്യവസ്തുക്കള്‍ വാങ്ങാനുള്ള ശേഷി ആര്‍ജിക്കുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്യുന്നു.
ഇവിടെ പലിശയുടെ വക്താക്കള്‍ ഇതിന് തീര്‍ത്തും വിരുദ്ധമായ ഒരു വാദമാണ് ഉയര്‍ത്തിക്കൊണ്ട് വരുന്നത്. പണം അധികമുള്ളവന്‍ അത് കൈമാറുന്നതും ചെലവഴിക്കുന്നതും നിയന്ത്രിക്കണം (ആത്മനിയന്ത്രണം, സാമ്പത്തിക സൂക്ഷ്മത, ത്യാഗം തുടങ്ങിയ മഹനീയ പദങ്ങളൊക്കെ ഇതിന് വേണ്ടിയവര്‍ വലിച്ചിഴച്ച് കൊണ്ട് വരും) എന്നും മിക്ക ആവശ്യങ്ങളും, അവ വ്യക്തിപരമായിരുന്നാല്‍ പോലും, പണമിറക്കി പൂര്‍ത്തീകരിക്കരുതെന്നുമാണ് അവര്‍ പറയുക. ഓരോരുത്തനും കഴിയുന്നത്ര സമ്പാദിച്ച് കുമിച്ച് കൂട്ടിവെക്കണം. അങ്ങനെ മൂലധനത്തിന്റെ വലിയ വലിയ സ്രോതസുകള്‍ രൂപപ്പെടുമെന്നും അത് വികസനാവശ്യങ്ങള്‍ക്കും വ്യാപാരത്തിനും വ്യവസായത്തിനുമൊക്കെ ഉപയോഗിക്കാമെന്നുമാണ് വാദം. ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ യഥാര്‍ഥ കമ്പോളത്തില്‍ എന്താണ് സംഭവിക്കുക? ഉല്‍പ്പന്നങ്ങള്‍ വാങ്ങാനാളില്ലാതെ കെട്ടിക്കിടക്കും. കാരണം, വാങ്ങല്‍ ശേഷി (ജൌൃരവമശിെഴ ുീംലൃ) ഇല്ലാത്ത പാവങ്ങള്‍ക്ക് ഏതായാലും ഉല്‍പന്നങ്ങളൊന്നും വാങ്ങാന്‍ കഴിയില്ല. പണമുള്ളവരാകട്ടെ അതൊക്കെ പലിശക്ക് കടം കൊടുക്കാനായി കരുതി വെക്കുന്നത് കൊണ്ട് അവരും വാങ്ങുന്നില്ല. അധിക പണമുള്ള ഒരാളുടെയും പണം അവശജനവിഭാഗങ്ങള്‍ക്ക് എത്തുന്നില്ല എന്നതിനാല്‍ വാങ്ങല്‍ ശേഷി ആര്‍ജിക്കാന്‍ അവര്‍ക്കൊരിക്കലും കഴിയുകയുമില്ല.
ഇങ്ങനെ, വാങ്ങാന്‍ ശേഷിയുള്ളവര്‍ വാങ്ങാതിരിക്കുകയും, പണം കുന്നുകൂട്ടി കൊണ്ടേയിരിക്കുകയും വാങ്ങാന്‍ ശേഷിയില്ലാത്തവരെ അതിന് പ്രാപ്തരാക്കാതിരിക്കുകയും ചെയ്താല്‍ കമ്പോളത്തില്‍ എന്ത് സംഭവിക്കുമെന്ന് ആരോടും പറയേണ്ടതില്ല. ഉല്‍പന്നങ്ങളുടെ വലിയൊരു പങ്ക് വില്‍ക്കപ്പെടാതെ കെട്ടിക്കിടക്കും.
ഉപഭോഗം കുറയുന്നു എന്നതിനര്‍ഥം തൊഴില്‍ സാധ്യത കുറയുന്നു എന്നാണ്. തൊഴിലില്ലാതാവുമ്പോള്‍ ജനങ്ങളുടെ വരുമാനം നിലക്കും. അത് വീണ്ടും കടുത്ത വില്‍പ്പന മാന്ദ്യത്തിന് കാരണമാവും. ചുരുക്കത്തില്‍ പണമുള്ള ന്യൂനപക്ഷം അത് ചെലവഴിക്കാതെ പിടിച്ച് വെക്കുന്നത് സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിനും ഇടിത്തീയായി മാറുകയാണ് ചെയ്യുക. ഒടുവില്‍ മൂലധന പൂഴ്ത്തിവെപ്പുകാരെയും ഈ പ്രവണത സാമ്പത്തികമായി നിലംപരിശാക്കി കളയും. അവര്‍ പണം മുടക്കിയ ഉല്‍പന്നങ്ങള്‍ വാങ്ങാനാളില്ലെങ്കില്‍ അവരുടെ പണം എങ്ങനെ അവരിലേക്ക് തിരിച്ചെത്തും?
ചിന്തിച്ചാല്‍ നമുക്ക് ബോധ്യപ്പെടുന്ന ഒരു കാര്യമുണ്ട്. പണം ചെലവഴിക്കാതെ കുന്നുകൂട്ടി വെക്കാന്‍ വ്യക്തികളെ പ്രലോഭിപ്പിക്കുന്ന എല്ലാ കാരണങ്ങളെയും ഇല്ലായ്മ ചെയ്യുമ്പോഴാണ് യഥാര്‍ഥ സാമ്പത്തിക പ്രവര്‍ത്തനം സാധ്യമാവുന്നത്. പണം ചെലവഴിക്കുമ്പോള്‍ സാമ്പത്തിക പ്രവര്‍ത്തനം തടസ്സപ്പെടുകയല്ല, ത്വരിതപ്പെടുകയാണ് ചെയ്യുക. വ്യക്തികള്‍ക്ക് സാമ്പത്തികമായി പല വിഷമഘട്ടങ്ങളും നേരിടേണ്ടി വരുമെന്നത് നേരാണ്. ആ ഘട്ടങ്ങള്‍ തരണം ചെയ്യാന്‍ ശക്തമായ സാമൂഹിക സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടാവണമെന്നാണ് ഇസ്ലാം താല്‍പര്യപ്പെടുന്നത്. സൂക്ഷിപ്പ് ധനത്തില്‍ സകാത്ത് ചുമത്തിക്കൊണ്ടേയിരിക്കുമെന്നതിനാല്‍ കെട്ടിപ്പൂട്ടിവെക്കാനുള്ള പ്രവണതയും കുറയും. ഈ നടപടിക്രമങ്ങളിലൂടെ അവശജനവിഭാഗങ്ങളിലേക്കും ധനത്തിന്റെ ഒരു പങ്ക് എത്തിക്കൊണ്ടിരിക്കും. എന്നാല്‍ നവീന സാമ്പത്തിക വിദഗ്ധര്‍ മനുഷ്യന്റെ പിശുക്ക് എന്ന ദുസ്വഭാവത്തിന് മൂര്‍ച്ച കൂട്ടുകയാണ് ചെയ്യുന്നത്. പിടിച്ച് വെക്കൂ, ചെലവഴിക്കരുത് എന്ന് ഉപദേശിച്ചുകൊണ്ട് പിശുക്കില്ലാത്തവരെയും ഇവര്‍ പിശുക്കന്‍മാരാക്കി കളയും.
ഇങ്ങനെ പൊതുസമൂഹത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിച്ചുകൊണ്ട് സ്വരൂപിക്കപ്പെടുന്ന മൂലധനം ഉല്‍പാദന സംരംഭങ്ങളിലേക്ക് വഴിതിരിച്ച് വിടുമെന്നാണ് പറയുന്നത്; പലിശയിലൂടെ മാത്രമേ ആ വഴിതിരിച്ച് വിടല്‍ നടക്കുകയുള്ളുതാനും. പൊതുക്ഷേമത്തിന് നേര്‍ക്കുള്ള മറ്റൊരു കൊടുംപാതകമാണിത്. മൂലധനം മുടക്കുന്നയാള്‍ക്ക് സംരംഭത്തില്‍ നിന്ന് കിട്ടുന്ന ലാഭത്തിന്റെ നിശ്ചിത ശതമാനം വേണമെന്ന് വ്യവസ്ഥ ചെയ്താല്‍ അതില്‍ ന്യായമുണ്ട്. എന്നാല്‍, താന്‍ മുടക്കുന്ന മുതലിന് സംരംഭത്തിന് എത്ര ലാഭമുണ്ടെന്ന് നോക്കാതെ, ഇനി സംരംഭം നഷ്ടത്തിലാണെങ്കില്‍ തന്നെയും ഇത്ര ശതമാനം ലാഭം തന്നേ മതിയാവൂ എന്നാണ് വ്യവസ്ഥയെങ്കില്‍ അത് പൊതുസമ്പദ്ഘടനക്ക് ഇരട്ട നഷ്ടമാണ് ഉണ്ടാക്കുന്നത്.
പണം ചെലവഴിക്കാതെ കൂട്ടിവെക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടമാണ് ഒന്നാമത്തേത്. പങ്കാളിത്ത വ്യവസ്ഥയിലല്ലാതെ, രാഷ്ട്രത്തിലെ വ്യവസായത്തിനും വ്യാപാരമേഖലക്കും ഒരു നിശ്ചിത ശതമാനം ലാഭം നിയമപരമായി ഉറപ്പ് വരുത്തി കടമായി നല്‍കുമ്പോഴുണ്ടാകുന്നതാണ് രണ്ടാമത്തെ നഷ്ടം.
ഈ തലതിരിഞ്ഞ സമ്പ്രദായത്തില്‍ പണം കൈവശമുള്ള ഭൂരിഭാഗം പേരും ദേശീയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അത് ഉപയോഗിക്കുന്നില്ല. പകരം സമൂഹത്തെ കൂടുതല്‍ കൂടുതല്‍ കടക്കെണിയിലേക്ക് തള്ളിയിടുന്ന വിധം ആ പണം വിനിയോഗിക്കുകയാണ് ചെയ്യുന്നത്. ഓരോ ദിവസവും പെരുകിക്കൊണ്ടിരിക്കുന്ന കടത്തിന്മേലുള്ള പലിശ എങ്ങനെ തിരിച്ചടക്കുമെന്ന ചിന്തയിലായിരിക്കും സംരംഭങ്ങളും സ്ഥാപനങ്ങളും. അതേസമയം കടം വാങ്ങിയ പണം കൊണ്ട് ഉണ്ടാക്കിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനാളില്ലാതാവുകയും ചെയ്യുന്നു. പണമില്ലാത്ത ദശലക്ഷങ്ങള്‍ക്ക് ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ കഴിയില്ല. പണം ഉള്ളവരാകട്ടെ അത് പലിശക്കടമായി കൊടുക്കാന്‍ സൂക്ഷിച്ച് വെക്കുകയും വാങ്ങലില്‍ നിന്ന് പിന്തിരിയുകയും ചെയ്യുന്നു.
ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നത്, പലിശ നിയന്ത്രണങ്ങള്‍ സംരംഭകന്റെ മൂലധന ദുരുപയോഗം തടയുമെന്നാണ്; അങ്ങനെയത് ഏറ്റവും ഉല്‍പാദനക്ഷമമായ സംരംഭത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും. ഇതൊരു വലിയ പ്ളസ് പോയിന്റായി അവര്‍ കാണുന്നു. പലിശ നിരക്ക് ഒരു നിശ്ശബ്ദ വഴികാട്ടിയാണെന്നും അവര്‍ സിദ്ധാന്തിക്കുന്നു. ഇങ്ങനെ പലിശ നിരക്ക് എന്ന നിയന്ത്രണം ഉള്ളത് കൊണ്ട്, മൂലധനം ഒഴുകാന്‍ സാധ്യതയുള്ള വ്യത്യസ്ത കൈവഴികളെ ഒഴിവാക്കിക്കൊണ്ട് ഏറ്റവും ഉല്‍പാദനക്ഷമതയുള്ള മേഖലയില്‍ അത് എത്തിച്ചേരുമെന്നും അവര്‍ അവകാശപ്പെടുന്നു.
ഈ വാദം ആളെ പറ്റിക്കാനുള്ള ഒരു പുകമറ മാത്രം. അത് വകഞ്ഞുമാറ്റിയാല്‍ അറിയാം യഥാര്‍ഥ വസ്തുത എന്തെന്ന്. ഇവിടെ പലിശ 'ലാഭം', 'ലാഭപരത' എന്നീ വാക്കുകളുടെ മറ്റെല്ലാ അര്‍ഥങ്ങളും ഇല്ലാതാക്കി കളയുകയാണ്. 'ലാഭ'ത്തെ അത് 'ധനപരമായ ലാഭം' മാത്രമാക്കി ചുരുക്കുന്നു. മൂലധനത്തിന് പണമുണ്ടാക്കുക എന്നതിലപ്പുറം മറ്റൊരു ലക്ഷ്യം ഇല്ലാതാകുന്നു. പണമല്ലാത്ത മറ്റു ലാഭങ്ങള്‍ ഉണ്ടാക്കിയിരുന്ന വിവിധ ചാനലുകളിലേക്ക് മുമ്പ് മൂലധനം ഒഴുകിയിരുന്നെങ്കില്‍, പലിശയുടെ വരവോടെ അത് ധനലാഭമുള്ള സംരംഭങ്ങളിലേക്ക് മാത്രമായി.
'ലാഭകരമായ വിനിയോഗം' എന്നാണല്ലോ പലിശയുടെ മറ്റൊരു നേട്ടമായി പറഞ്ഞിരിക്കുന്നത്. അതായത് ലാഭം പൊതുസമൂഹത്തിന്റെയല്ല, മൂലധനമിറക്കുന്നവന്റെ തീര്‍ത്തും വ്യക്തിപരമായ ലാഭമാണ്. ഒരാള്‍ക്ക് അയാളുടെ മൂലധനത്തിന് 10% പലിശ വര്‍ഷത്തില്‍ ലഭിക്കുമെങ്കില്‍, അതില്‍ കുറഞ്ഞ പലിശ കിട്ടുന്ന ഒരു സംരംഭത്തിനും അയാള്‍ പണം കൊടുക്കില്ല. രണ്ട് നിര്‍മാണ പ്രോജക്ടുകളെ ഉദാഹരണമായെടുക്കാം. ഒന്ന്, ചെറിയ വരുമാനക്കാര്‍ക്ക് വീട് നിര്‍മിച്ചു കൊടുക്കുന്ന പ്രോജക്ട്. മറ്റൊന്ന് ഒരു വലിയ സിനിമാ തിയേറ്റര്‍ നിര്‍മിക്കാനുള്ള പ്രോജക്ട്. സ്വാഭാവികമായും ഒന്നാമത്തെ പ്രോജക്ടിന് പണം കടം കൊടുത്താല്‍ കുറഞ്ഞ പലിശ നിരക്കേ ലഭിക്കുകയുള്ളൂ. സിനിമ തിയേറ്റര്‍ നിര്‍മാണത്തിന് കൊടുത്താല്‍ കൂടുതല്‍ പലിശ കിട്ടും. ഇവിടെ 'വഴികാട്ടി'യായ പലിശ നിരക്ക് രണ്ടാമത്തെ പ്രോജക്ടിലേക്ക് മാത്രമേ വഴികാട്ടുകയുള്ളൂ; ഒന്നാമത്തെ പ്രോജക്ടിലേക്ക് തിരിഞ്ഞു നോക്കുക പോലുമില്ല.
പലിശ സൃഷ്ടിക്കുന്ന മറ്റൊരു 'അത്ഭുതം' കൂടി പറയാം. സംരംഭകന്‍ തന്റെ ലാഭനിരക്ക് താന്‍ തിരിച്ചുകൊടുക്കേണ്ട പലിശ നിരക്കിനേക്കാള്‍ ഉയര്‍ത്തി നിര്‍ത്താന്‍ സകല വൃത്തികെട്ട മാര്‍ഗങ്ങളും സ്വീകരിക്കും എന്നതാണത്. ഒരാള്‍ ഒരു ഫിലിം കമ്പനി തുടങ്ങിയെന്ന് വെക്കുക. അയാള്‍ക്ക് വര്‍ഷാന്തം കൊടുക്കേണ്ട പലിശ ആറ് ശതമാനം. ഈ ആറ് ശതമാനത്തേക്കാള്‍ തന്റെ വര്‍ഷാന്തമുള്ള ലാഭവിഹിതം ഉയര്‍ത്തി നിര്‍ത്താന്‍ ഇയാള്‍ എന്ത് മാര്‍ഗവും സ്വീകരിക്കും. ധര്‍മബോധമുണര്‍ത്തുന്നതും വിദ്യാഭ്യാസ മൂല്യമുള്ളതുമായ സിനിമകള്‍ കാണാന്‍ ആളുകളില്ലെന്ന് കണ്ടാല്‍, പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വളരെ വൃത്തികെട്ട അശ്ളീല സിനിമകള്‍ അയാള്‍ നിര്‍മിക്കാന്‍ തുടങ്ങും. ആധുനിക സമ്പദ്ശാസ്ത്ര വിദഗ്ധര്‍ പറയുന്ന പലിശ നിരക്ക് 'മെച്ച'ത്തിന്റെ യഥാര്‍ഥ സ്വാഭാവം ഇതാണ്.
ഇനി നമുക്ക് പലിശയുടെ 'ആവശ്യകത' പരിശോധിക്കാം. മനുഷ്യന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ഒരു മാര്‍ഗം കടമാണ് എന്നതിന് തര്‍ക്കമൊന്നുമില്ല. വ്യക്തികള്‍ക്ക് സ്വന്തം ആവശ്യങ്ങള്‍ക്ക് കടമെടുക്കേണ്ടി വരും. വ്യവസായത്തിനും വ്യാപാരത്തിനും കാര്‍ഷിക മേഖലക്കും കടം നിരന്തരം ആവശ്യമായി വരും. ഗവണ്‍മെന്റിനും കടമെടുക്കാതെ തരമില്ല. പക്ഷെ പലിശ കൊടുക്കാതെ കടം കിട്ടില്ല എന്നത് തെറ്റായ അനുമാനമാണ്. പലിശയെ മഹത്വവല്‍ക്കരിക്കുന്ന സാമൂഹിക സാഹചര്യമാണ് പലിശയില്ലാതെ കടം കിട്ടില്ല എന്ന അവസ്ഥ സൃഷ്ടിച്ചത്. ഇസ്ലാം ഇതിന് സമര്‍പ്പിക്കുന്ന ഒരു പരിഹാരമുണ്ട്. ആദ്യം പലിശ നിരോധിക്കുക. ജനമനസുകളില്‍ ധാര്‍മിക ബോധവും നൈതികതയും നട്ടുവളര്‍ത്തുക. എങ്കില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ബിസിനസ് സംരംഭങ്ങള്‍ക്കും കടം ലഭിക്കുമെന്ന് മാത്രമല്ല, സംഭാവനകള്‍ നല്‍കാനും ആളുകള്‍ തയാറാകും. അതിന്റെ പ്രായോഗിക മാതൃക ഇസ്ലാം തന്നെ സമര്‍പ്പിച്ചതുമാണ്. നൂറ്റാണ്ടുകളോളം മുസ്ലിം സമൂഹം പലിശരഹിതമായ മികച്ച മാതൃക സൃഷ്ടിച്ചുകൊണ്ടാണ് അതിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ക്രമീകരിച്ചത്. ആധുനിക സമ്പദ്ഘടനയുടെ ശാപമായ പലിശ കടന്നുവരുന്നതിന് മുമ്പ്, കടം കിട്ടാത്തതിന്റെ പേരില്‍ ഒരു മുസ്ലിം മയ്യിത്തെങ്കിലും സംസ്കരിക്കപ്പെടാതിരുന്നു എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. പലിശയില്ലാ മൂലധനം കിട്ടാത്തതിന്റെ പേരില്‍ മുസ്ലിം ചരിത്രത്തില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ കൃഷിയും വ്യവസായവും വ്യാപാരവുമെല്ലാം തകര്‍ന്നടിഞ്ഞതിനും ഒരു തെളിവുമില്ല. ഇത്തരമാവശ്യങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നതില്‍ ഇസ്ലാമിക ഗവണ്‍മെന്റ് പരാജയപ്പെട്ടെന്നോ പലിശയില്ലാതെ കടം കൊടുക്കാന്‍ പൌരന്മാര്‍ വിസമ്മതിച്ചെന്നോ എവിടെയും കാണാന്‍ പറ്റില്ല.
അതിനാല്‍, പലിശയില്ലാതെ മൂലധനത്തിന്റെ കൈമാറ്റം അപ്രായോഗികവും അസാധ്യവുമാണെന്ന ആധുനിക ധനശാസ്ത്ര വിദഗ്ധരുടെ വാദങ്ങള്‍ വളരെ ബാലിശവും യുക്തിപരമായ ഒരു വിശകലനം പോലും അര്‍ഹിക്കാത്തതുമാണ്. മുസ്ലിം സമൂഹം നൂറ്റാണ്ടുകളോളം ഈ വാദം തെറ്റാണെന്ന് പ്രായോഗികമായി തെളിയിച്ചിട്ടുണ്ട്.
(അവസാനിച്ചു)
Comments