ദയാനിധിയായ ദൈവദൂതനെ പാരായണം ചെയ്യുമ്പോള്‍
പ്രവാചക കഥകളും സമഗ്ര ചരിതങ്ങളും മലയാളിക്കൊട്ടും അപരിചിതമല്ല. ഇസ്ലാമിന്റെ പ്രഭവകാലത്തു തന്നെ ദൈവിക നിയോഗങ്ങളെയും ആദിവചന പ്രഘോഷണങ്ങളെയും നെഞ്ചേല്‍ക്കാന്‍ സന്ദര്‍ഭമുണ്ടായ വിദൂര ജനപദങ്ങളില്‍ മലയാളികളുണ്ട്. സ്വയംസന്നദ്ധരായി നാം ഏറ്റെടുത്തതാണ് പിന്നീടതിന്റെ പ്രചാരണവും സംരക്ഷണവും. സ്വയം ജീവിതത്തിലെ പ്രയോഗ സാക്ഷ്യത്തിനപ്പുറം രചനാമണ്ഡലം കൊണ്ടു കൂടി നാം ഇസ്ലാമിനെയും പ്രവാചക ജീവിതത്തെയും പ്രചാരപ്പെടുത്തി. അറബി മലയാളത്തിലും തെളി മലയാളത്തിലും, ഇംഗ്ളീഷിലും അറബിയില്‍ പോലും. മലയാളിയുടെ ഈദൃശ രചനാ തല്ലജങ്ങള്‍ സുകൃതങ്ങളായി. ഇത്തരം രചനാ ശ്രേണിയിലെ പരിശ്രമങ്ങളിലൊന്നാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച ടി.കെ ഇബ്റാഹീമിന്റെ 'ദയാനിധിയായ ദൈവദൂതന്‍.'
ഈ പുസ്തക രചനക്ക് സവിശേഷമായ പശ്ചാത്തലമുണ്ട്. 2001 സെപ്റ്റംബര്‍ പതിനൊന്നിന് അമേരിക്കയുടെ ലോക വ്യാപാര ഗോപുരം നിലം പരിശായതോടെ ഇസ്ലാമിനെതിരെ അധികാരകേന്ദ്രങ്ങള്‍ ബോധപൂര്‍വം പാകപ്പെടുത്തിയ ഒരു അപസംസ്കൃതീകരണമുണ്ട്. മുഹമ്മദിന്റെ അനുയായികള്‍ ഭീകരന്മാരും ദേശരാഷ്ട്ര വിരുദ്ധരും ജനാധിപത്യ ഘാതകരും ആറാം നൂറ്റാണ്ടിലെ കലഹപ്രിയരായ ഗോത്രവര്‍ഗ ജീവിതത്തിന്റെ ആസുരതയിലേക്ക് മാനവികതയെ തിരിച്ചുനടത്താന്‍ ഉത്സാഹിക്കുന്ന മനുഷ്യ വിരോധികളുമാണെന്ന വികാരധാര. അതിനു നിമിത്തം പ്രവാചകന്‍ നല്‍കിയ തീക്ഷ്ണമായ പ്രതിലോമ പാഠബോധ്യങ്ങളാണെന്നും മുഹമ്മദ് അനുയായികളിലേക്ക് കാരുണ്യമില്ലാത്ത രണോത്സുകതയാണ് പ്രക്ഷേപിച്ച തെന്നും അവര്‍ നിരന്തരം ആവര്‍ത്തിക്കുന്നു. യേശുവും ക്രിസ്തുമതവും പക്ഷേ എന്നും കരുണയും പരജീവി സ്നേഹവും ഉല്‍പാദിപ്പിക്കാന്‍ ഉത്സാഹിക്കുന്നവരാണെന്ന ഒരു മറുധ്വനി ഇതിനോടു ചേര്‍ത്തു നിര്‍ത്തുകയും ചെയ്തു. ഇസ്ലാമിനും പ്രവാചകനും എതിരെയുള്ള ഈയൊരു രണോത്സവ പ്രകര്‍ഷം നേരിട്ടനുഭവിക്കുന്ന ഒരാളാണ് എഴുത്തുകാരന്‍. ഈ ബോധ്യം സൃഷ്ടിച്ച നൊമ്പരവും ആകുലതകളുമാണീ പുസ്തകം. ഇസ്ലാമിനും പ്രവാചകനുമെതിരെ യൂറോപ്പ് സമീകരിച്ച പൊതുതീര്‍പ്പിനെതിരെയുള്ള ന്യായ പ്രമാണങ്ങളാണ് പുസ്തകത്തിലുടനീളം. ആരോപണത്തിന്റെ കരിമുകില്‍ കാട്ടില്‍ നിന്ന് പ്രവാചകനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും യാഥാര്‍ഥ്യത്തിന്റെ പൌര്‍ണമി വെണ്മയില്‍ എഴുത്തുകാരന്‍ ഇറക്കി നിര്‍ത്തുന്നു. ഏതു ജീവിതാനുഭവ പാരുഷ്യങ്ങളെയും ചൂഴ്ന്നുനില്‍ക്കുന്ന കാരുണ്യത്തിന്റെ മുക്തഭാവം. പ്രവാചക നിയോജക മണ്ഡലത്തെ സംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു: 'ഈരേഴുലകില്‍ അന്‍പും കരുണയും മാത്രമായാണ് താന്‍ നിയോഗിതനായത്.' തനിക്കോ തന്റെ പ്രഥമ സമൂഹത്തിനോ മാത്രമല്ല കാലത്തിന്റെ മഹാത്രയങ്ങള്‍ക്ക് ആപാദം കരുണയായി. തന്റെ രണ്ടര ദശാബ്ദത്തോളം മാത്രം നീള്‍ച്ചയെത്തിയ നിയോഗ കാലത്ത് ഇതെങ്ങനെ പ്രയോഗവല്‍ക്കരിച്ചു എന്ന സരള സത്യം ഈ പുസ്തകത്തിലൂടെ അയത്നമായി ടി.കെ അനാഛാദനം ചെയ്യുന്നു.
നിഗൂഢതകളില്ല പ്രവാചക ജീവിതത്തില്‍. വര്‍ണരാജികളും ചിത്രരേണുക്കളും പരതിയെടുത്ത് അവയത്രയും അടുക്കിപ്പെറുക്കി അനവദ്യസുന്ദരമായ രൂപജ്യാമിതിയായി സമര്‍പ്പിക്കുകയാണ് ഇരുനൂറ്റി എഴുപത് പേജുകളിലെ വിടര്‍ത്തി വായന നമുക്കു മുന്നില്‍. കുറ്റവാളികളോടും ഒറ്റുകാരോടും പ്രതിയോഗികളോടും കുടലു മാന്താന്‍ വന്ന കൊടും വൈരികളോടും ശത്രു സൈനിക നായകരോടും പ്രവാചകന്‍ എങ്ങനെ ഇടപഴകിയെന്ന് പ്രതിമൊഴികളെയും പ്രമാണ സാക്ഷ്യങ്ങളെയും മുന്നില്‍ നടത്തി ടി.കെ അന്വേഷിക്കുന്നു. നവീനമായ ഒരു സാമൂഹിക നിര്‍മിതിയും രാഷ്ട്ര സ്വരൂപ രൂപീകരണവും നിര്‍വഹിച്ച പ്രവാചകന്‍ ഇതിനിടയില്‍ നേരിട്ട കഠോര സന്ധികളെ എത്ര അന്‍പാര്‍ന്ന മാതിരിയിലാണ് അഭിമുഖീകരിച്ചതെന്ന്.
അധികാരത്തിന്റെയും വെളിപാടിന്റെയും പരിരക്ഷയില്‍ നില്‍ക്കുമ്പോഴും അതിസാധാരണമായ ഒരു ഗ്രാമ്യ സുകൃത ജീവിതം നയിക്കാനാണ് പ്രവാചകന്‍ ബദ്ധപ്പെട്ടത്. പനയോല മേഞ്ഞ സ്വന്തം കുടിലിലേക്ക് കയറാന്‍ അദ്ദേഹത്തിനെന്നും കൂനിക്കുനിയേണ്ടിവന്നു. ശത്രുവിനെ സ്നേഹിച്ചു തോല്‍പ്പിച്ചപ്പോള്‍ വിശപ്പിനോടെന്നും പൊരുതിത്തോറ്റു. സൂര്യതാപമേറ്റു ഒട്ടകക്കുഞ്ഞു പിടഞ്ഞപ്പോള്‍ പ്രവാചകന്റെ അകം നൊന്തു പൊള്ളി. കുഞ്ഞുങ്ങളെ അന്വേഷിച്ച് കരഞ്ഞ തള്ളപ്പക്ഷി ആ മനസ്സില്‍ സങ്കടത്തിന്റെ ചുഴിമലരികള്‍ തീര്‍ത്തു. ദാഹാര്‍ത്തമായി പാരവശ്യം കൊണ്ട ശുനകക്കുഞ്ഞിന് കുടിനീരു നല്‍കിയവര്‍ക്ക് പ്രവാചകന്‍ സ്വര്‍ഗം നേര്‍ന്നു. രക്തസാക്ഷ്യം കൊണ്ട് പ്രാപ്യമാകേണ്ട സുരലോകം. തുടലില്‍ ബന്ധിക്കപ്പെട്ട കുഞ്ഞു മാര്‍ജാരന്റെ പേരില്‍ ഉടമക്ക് ഭീഷണ ശിക്ഷയെപ്പറ്റിയുള്ള താക്കീതും. ദൈവത്തെപ്പറ്റിയുള്ള പ്രവാചക വര്‍ത്തമാനങ്ങള്‍ സമ്പൂര്‍ണമാകുന്നത് ഈ പരജീവി സ്നേഹത്തിന്റെ വികാരവായ്പിലും കൂടിയാണ്. നിയോഗത്തിന്റെ സംഘര്‍ഷങ്ങളിലും ജീവിത പരിസരങ്ങളില്‍ രോഗാതുരരും അനാഥ ബാല്യങ്ങളും ശരണാര്‍ഥികളും ഒട്ടകക്കൂട്ടങ്ങളും ആട്ടിന്‍പറ്റങ്ങളും വന്നു നിരന്നു. അതിഗഹനങ്ങളായ രാഷ്ട്ര മീമാംസകള്‍ എടുത്തു പെരുമാറുമ്പോഴും കൊതുകിനെയും തേനീച്ചകളെയും ഉറുമ്പിനെയും ചിലന്തിയെയും പറ്റി സംസാരിച്ചു. തന്റെ ജീവകാരുണ്യാതിരേകം ഈത്തപ്പനയുടെ ചിരിയിലേക്കും 'അവസാനത്തെ ഇലന്തമരത്തിന്റെ' കാരുണ്യ തല്‍പത്തിലേക്കും വികസിപ്പിച്ചു.
പ്രവാചക കാരുണ്യം അന്വേഷിച്ചു പോകുമ്പോള്‍ എഴുത്തുകാരന്‍ പക്ഷേ, ചിലപ്പോഴെങ്കിലും ഖുര്‍ആനിക പാഠത്തിന്റെ ആന്തരിക യുക്തിയെ അറിയാതെയെങ്കിലും വകഞ്ഞു നിര്‍ത്തുന്നു. ഇത്തരം പ്രതിലോമ നിരീക്ഷണങ്ങള്‍ ഇല്ലാതെ തന്നെ പ്രവാചക കാരുണ്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഈ പുസ്തകത്തിലൂടെ ടി.കെക്ക് സാധിക്കും. മദീന പള്ളിയില്‍ പ്രഭാഷണ സന്ദര്‍ഭങ്ങളില്‍ പ്രവാചകന്‍ കയറിനില്‍ക്കുന്ന ഒരു മരത്തടി ഖണ്ഡമുണ്ടായിരുന്നു. കൂടുതല്‍ നല്ല ഒരു ഏണിപ്പടി ലഭ്യമായപ്പോള്‍ അനുയായികള്‍ ആ ഉരുളന്‍ തടി പള്ളിമുറ്റത്തേക്ക് മറിച്ചിട്ടു. അപ്പോള്‍ ആ മരത്തടി ഏങ്ങിയേങ്ങിക്കരഞ്ഞു. പ്രവാചകന്‍ ഇറങ്ങി വന്നു ഏറെ കനിവോടെ തഴുകേണ്ടി വന്നു മരത്തടിയുടെ ആര്‍ത്തം നിലക്കാന്‍. ഈ സംഭവത്തിന്റെ പറച്ചില്‍ പരമ്പര’ ഒരു പക്ഷേ ശേഷിയുള്ളതാകാം. പക്ഷേ പൊതുബോധത്തിന്റെ യുക്തിശേഷിയെ ഇത്തരം പാഠാവതരണം വല്ലാതെ ചുരുട്ടിക്കളയും. മിണ്ടുകയോ പറയുകയോ ചെയ്യാത്ത, ഉപകാരമോ ഉപദ്രവമോ നിര്‍വഹിക്കാത്ത മരത്തടികളെയും ശിലാരൂപങ്ങളെയുമാണോ നിങ്ങള്‍ പ്രണമിക്കുന്നത് എന്നു ഇബ്റാഹീം പ്രവാചകന്‍ തന്റെ സമൂഹത്തോടു ചോദിക്കുമ്പോള്‍ മരത്തടിയുടെ കരച്ചില്‍ സംഭവം ദുര്‍ബലമാകുന്നു. ഇതുപോലെ നിരര്‍ഥകവും അബലവുമായ ചില പരാമര്‍ശങ്ങളെങ്കിലും പുസ്തകത്തിലുണ്ട്. ഇതൊന്നുമില്ലാതെ തന്നെ കൃത്യമായ യുക്തി പ്രമാണങ്ങള്‍ കൊണ്ടു തന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ എഴുത്തുകാരനു സാധിക്കുന്നുണ്ടെന്നി രിക്കെ അവമതിപ്പുകള്‍ നിര്‍മിക്കാവുന്ന ഇത്തരം ലഘുത്വങ്ങളെ തിരസ്കരിക്കാമായിരുന്നു.
എഴുത്തുകാരന്‍ ജന്മം കൊണ്ടും പിന്നെ വിദ്യാഭ്യാസ കാലത്തിന്റെ ദീര്‍ഘം കൊണ്ടും കേരളീയ പശ്ചാത്തലത്തെ പുണര്‍ന്നു നില്‍ക്കുന്നു. പക്ഷേ അര നൂറ്റാണ്ടായി വടക്കേ അമേരിക്കയാണദ്ദേഹത്തിന്റെ കര്‍മമണ്ഡലം. പൌരത്വം കൊണ്ടു കനേഡിയന്‍. ഈയൊരു ദ്വൈതപരിസരസംഘര്‍ഷം എഴുത്തിലുടനീളം ദൃശ്യമാണ്. ഇസ്ലാമിനെയും പ്രവാചക ജീവിതത്തെയും കേരളീയ സാമൂഹിക നിയോജക മണ്ഡലങ്ങള്‍ക്ക് സമര്‍പ്പിക്കുമ്പോള്‍ താന്‍ ഏറെ പരിചയിച്ച പടിഞ്ഞാറന്‍ ബോധനരാശിയിലേക്ക് ചിലപ്പോഴെങ്കിലും ഇത്തിരി ശാഠ്യത്തോടെ അദ്ദേഹം വീണു പോകുന്നു. ഭാഷ പൊതുവെ ലളിതമാണെങ്കിലും യുവതരുണികള്‍ പോലുള്ള നിരവധി അസംഗത പ്രയോഗങ്ങള്‍ ഉപേക്ഷിക്കാമായിരുന്നു.
ഇവയൊക്കെ നിലനില്‍ക്കെത്തന്നെ പ്രവാചകന്റെ നിയോഗ ലക്ഷ്യങ്ങളും അതു സംസ്ഥാപിക്കാന്‍ അദ്ദേഹം സ്വീകരിച്ച മാനവികതയും ഹൃദയഹാരിയായ സ്നേഹ മസൃണതയും ബോധ്യമാകാന്‍ ഈ പുസ്തകം സഹായകമാകും.
Comments