Prabodhanm Weekly

Pages

Search

2012 ജൂലൈ 7

പഴയ പാഷാണം പുതിയ കുപ്പിയില്‍

2009-ല്‍ മലയാള മാധ്യമങ്ങളിലൂടെ അടിച്ചുവീശിയ 'ലൌജിഹാദ്' കൊടുങ്കാറ്റില്‍ നൂറ്റാണ്ടുകളായി കേരളത്തില്‍ നിലനില്‍ക്കുന്ന മതമൈത്രി തെല്ലൊന്നുലഞ്ഞുവെങ്കിലും സര്‍ക്കാറിന്റെ വിപുലമായ അന്വേഷണം ലൌ ജിഹാദ് ഒരു ഭാവനാ സൃഷ്ടിയാണെന്ന് സ്ഥിരീകരിച്ചതോടെ കെട്ടടങ്ങുകയായിരുന്നു. ചില തീവ്ര ഹിന്ദുത്വ സംഘടനകളുടെ വെബ് സൈറ്റാണ് ഈ വിവാദം വിളയിച്ചെടുത്തതെന്നും പിന്നീട് വ്യക്തമാവുകയുണ്ടായി. തുടര്‍ന്ന് ലൌ ജിഹാദിന്റെ ഭീകരത പാടിപ്പരത്തിയ ചില പത്രങ്ങള്‍ തങ്ങള്‍ക്ക് അബദ്ധം പറ്റിയതായി കുമ്പസരിക്കുകയും ചെയ്തു. ഗുജറാത്തിനു സമാനമായ ഒരു കലാപത്തിന് കേരളത്തിന്റെ മണ്ണ് പാകപ്പെടുത്താന്‍ സംഘടിപ്പിച്ച ശ്രമം പാതിവഴിക്ക് ഉരുകിയൊലിച്ചുപോയതില്‍ ഇഛാഭംഗമനുഭവിക്കുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. ലൌജിഹാദ് വീണ്ടും ഊതിക്കത്തിക്കാന്‍ അവസരം പാര്‍ത്തിരിക്കുകയാണവര്‍. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിപദവിയെത്തുടര്‍ന്ന് സംസ്ഥാനത്തുയര്‍ന്നു വന്ന വിവാദാന്തരീക്ഷം അവര്‍ക്ക് നല്ലൊരവസരമായിരിക്കുകയാണ്. ഈ ജൂണ്‍ 10-ന് കലാകൌമുദി വാരികയില്‍ അതിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ വി.ഡി ശെല്‍വരാജ് അവതരിപ്പിച്ച കവര്‍സ്റോറി ഒരു ഉദാഹരണം. പണ്ട് ദഹിക്കാതെ ഛര്‍ദിച്ചുകളഞ്ഞത് ഐ.എസ്.ഐ, കള്ളപ്പണം, മുസ്ലിം സമുദായത്തിന്റെ വിലപേശല്‍ ശേഷി തുടങ്ങിയ കുറെ മസാലകള്‍ കൂടി ചേര്‍ത്ത് രഹസ്യാന്വേഷണ ഏജന്‍സികളുടെ മറ പറ്റി വീണ്ടും വെട്ടിവിഴുങ്ങുകയാണാ വാരിക. മുസ്ലിം സമുദായത്തിനും ഹിന്ദു-ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കുമിടയില്‍ സംശയവും ഭീതിയും വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കമാണ് ലേഖനത്തില്‍ തെളിയുന്നത്. ഈ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞതുകൊണ്ടാവാം ജന്മഭൂമിയൊഴിച്ച് മറ്റു പത്രങ്ങളൊന്നും കൌമുദിയുടെ സ്റോറി ഏറ്റെടുത്ത് കണ്ടില്ല. ജന്മഭൂമി ഏറ്റെടുത്തത് സ്വാഭാവികമാണ്.
കേരളത്തില്‍ ആയിരങ്ങള്‍ മതം മാറിക്കൊണ്ടിരിക്കുന്നു, അതില്‍ മഹാഭൂരിപക്ഷവും യുവതികളാണ്, ലൌ ജിഹാദികളുടെ പ്രണയക്കെണിയില്‍ കുടുങ്ങിയവരാണവര്‍, ബാക്കിയുള്ളവര്‍ കള്ളപ്പണത്തിന്റെ പുളപ്പിലും, ഈ മട്ടിലാണ് ഡെപ്യൂട്ടി എഡിറ്റര്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഒരു മാസം 180 യുവതികള്‍ മതംമാറുന്നുവെന്നാണ് പ്രധാന കണ്ടെത്തല്‍. ഇതുപ്രകാരം 2006നുശേഷം ഇതുവരെയായി 13000ത്തോളം യുവതികള്‍ മതംമാറിയിട്ടുണ്ടാവണം. പക്ഷേ, ഈ കാലയളവില്‍ സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടെ ആകെ മതംമാറിയവരുടെ എണ്ണം 6129 എന്നാണ് പത്രം ഉദ്ധരിക്കുന്നത്. 2009 ജനുവരി മുതല്‍ ഇക്കൊല്ലം മാര്‍ച്ചു വരെ കേരളത്തില്‍ 3902 പേര്‍ മതം മാറിയതില്‍ 1596 പേര്‍ യുവതികളാണെന്നും ലേഖനം പറയുന്നുണ്ട്. ലൌ ജിഹാദിനെ സാധൂകരിക്കാന്‍ മതം മാറുന്ന സ്ത്രീകളെല്ലാം യുവതികളായി കണക്കാക്കപ്പെടുകയാണ്. ആകെ മതം മാറിയവരില്‍ 41 ശതമാനം സ്ത്രീകളായതില്‍ സംശയിക്കാനോ ആശങ്കപ്പെടാനോ എന്താണുള്ളത്? വാസ്തവത്തില്‍ സ്ത്രീകളുടെ ജനസംഖ്യാനുപാതത്തെക്കാള്‍ കുറവല്ലേ അവരുടെ മതപരിവര്‍ത്തന നിരക്ക്?
പ്രണയം മതപരിവര്‍ത്തനത്തിന് പ്രേരകമാകുന്നത് വിരളമാണ്. നേരെ മറിച്ചാണ് അധികവും സംഭവിക്കുന്നത്. മതപരിവര്‍ത്തനം ചെയ്യുന്ന സ്ത്രീ പുരുഷന്മാര്‍ക്ക് അവര്‍ സ്വീകരിച്ച മതത്തില്‍ നിന്നുള്ള വരനെയോ വധുവിനെയോ തെരഞ്ഞെടുക്കേണ്ടിവരുന്നു. തല്‍പരകക്ഷികള്‍ അത് പ്രണയക്കുടുക്കില്‍ പെട്ട് മതം മാറലായും ലൌ ജിഹാദായും കൊണ്ടാടുന്നു. അപൂര്‍വം ചിലര്‍ പ്രണയത്തിന്റെ പേരില്‍ മതം മാറുന്നുണ്ടാവാം. അപൂര്‍വമെങ്കിലും ഇത്തരക്കാര്‍ എല്ലാ മത വിഭാഗങ്ങളിലുമുണ്ടാവാം. 2006-നു ശേഷം കേരളത്തില്‍ എട്ടു മുസ്ലിം പെണ്‍കുട്ടികള്‍ അന്യ മതസ്ഥരെ പ്രണയ വിവാഹം ചെയ്തതായി ലേഖകന്‍ തന്നെ പറയുന്നുണ്ടല്ലോ.
കേരളത്തില്‍ ഇസ്ലാം മതത്തിലേക്ക് മാത്രമല്ല പരിവര്‍ത്തനം നടക്കുന്നത്. ലേഖകന്‍ ചൂണ്ടിക്കാണിച്ച പോലെ മൂന്നു മതങ്ങളില്‍ നിന്നും മൂന്നു മതങ്ങളിലേക്കും പരിവര്‍ത്തനം നടക്കുന്നുണ്ട്. താരതമ്യേന കൂടുതലാളുകള്‍ ചേരുന്നത് ഇസ്ലാമിലാണ് എന്നത് സത്യമാണ്. അതിനു കാരണം ഇസ്ലാമിക തത്ത്വങ്ങളുടെ ലാളിത്യവും സുതാര്യതയും മനുഷ്യ പ്രകൃതിയോടും സാമാന്യ യുക്തിയോടും അതിന്റെ ഇണക്കവുമാണ്. ജാതിവിവേചനത്തിനതീതമായ സമഭാവനയാണ് മറ്റൊരു കാരണം. അത്തരം ജീവിത ദര്‍ശനം മുന്‍വിധികളില്ലാത്ത സത്യാന്വേഷകരെ കൂടുതല്‍ ആകര്‍ഷിക്കും. കൊച്ചു കേരളത്തില്‍ മാത്രമല്ല ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും അമേരിക്കയിലുമെല്ലാം ആകര്‍ഷിക്കുന്നുണ്ട്. ഈ യാഥാര്‍ഥ്യത്തിനു നേരെ കണ്ണടച്ചുകൊണ്ട് ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനമപ്പടി യുവതികള്‍ പുരുഷനെ മോഹിച്ച് നടത്തുന്നതാണെന്ന് അപവദിക്കുന്നതും വിഘടനവാദത്തിലും ചാരപ്രവര്‍ത്തനത്തിലും പങ്കാളിത്തം ആരോപിക്കുന്നതും മതസ്വാതന്ത്യ്രത്തിന്മേലും അഭിപ്രായ സ്വാതന്ത്യ്രത്തിന്മേലുമുള്ള നഗ്നമായ കുതിരകയറ്റമാണ്. മതം മാറിയവരെ അവഹേളിക്കലും അപമാനിക്കലുമാണ്. മനുഷ്യരുടെ അഭിമാനത്തിന്റെ വില മനസ്സിലാക്കാന്‍ സെക്യുലര്‍ നാട്യത്തിനും ഇടതുപക്ഷ ജാടക്കുമപ്പുറം മറ്റു ചില മൂല്യങ്ങള്‍ കൂടി വേണം.
സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നു എന്ന പേരില്‍ ചിലരെയൊക്കെ ആക്ഷേപിക്കാനും ശാസിക്കാനും ചിലപ്പോള്‍ നമ്മുടെ സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും മത്സരിക്കാറുണ്ട്. യഥാര്‍ഥത്തില്‍ സമുദായ സ്പര്‍ധക്കിടയാക്കുന്ന നീക്കങ്ങള്‍ പലപ്പോഴും അവരാരും കാണാറേയില്ല. കുറച്ച് മുമ്പ് കേരളത്തിലുയര്‍ന്ന ഇമെയില്‍ വിവാദം സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്നമായിരുന്നില്ല. അത് സമുദായങ്ങള്‍ക്കിടയില്‍ അസ്വാരസ്യമുണ്ടാക്കിയിട്ടുമില്ല. എന്നിട്ടും ഈമെയില്‍ ചോര്‍ത്തപ്പെട്ടവരുടെ ലിസ്റ്റിലുണ്ടായിരുന്ന മുസ്ലിംകളല്ലാത്ത ഏതാനും പേരുകള്‍ പ്രസിദ്ധീകരിക്കാത്തതിന് മുഖ്യമന്ത്രിയും ഡി.ജി.പിയും ഉള്‍പ്പെടെയുള്ള ഭരണ സാരഥികളും കോണ്‍ഗ്രസ്സുമെല്ലാം വാര്‍ത്ത പുറത്തുകൊണ്ടുവന്ന പത്രത്തെ സമുദായസ്പര്‍ധ വളര്‍ത്തല്‍ ആരോപിച്ച് ആക്ഷേപിക്കുകയുണ്ടായി. പക്ഷേ, ലൌജിഹാദു പോലുള്ള പഴയ പാഷാണം പുതിയ കുപ്പിയിലാക്കി യഥാര്‍ഥത്തില്‍ തന്നെ സമുദായ സ്പര്‍ധ വളര്‍ത്താന്‍ നടക്കുന്ന ശ്രമത്തെക്കുറിച്ച് മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ ഒരാക്ഷേപവുമില്ല. ആ വിവാദത്തില്‍ പത്രത്തിനെതിരെ ഉറഞ്ഞുതുള്ളിയ സമുദായ പാര്‍ട്ടിയിലെ യുവ സെക്യുലര്‍ ശിങ്കങ്ങള്‍ക്കുമില്ല മിണ്ടാട്ടം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അന്നഹ്ല്‍
എ.വൈ.ആര്‍