Prabodhanm Weekly

Pages

Search

2012 ജൂലൈ 7

സ്ത്രീ വിമോചനം ചില വിചാരങ്ങള്‍

അബൂ അമ്മാര്‍, മണ്ണാര്‍ക്കാട്

മര്‍യം ബിന്‍ത് അഹ്മദ് എഴുതിയ 'സ്ത്രീമോചനം വേണം. പക്ഷേ, എന്തില്‍ നിന്ന്' എന്ന ലേഖനം (2012 ജൂണ്‍ 16) സ്ത്രീയുടെ ഗൃഹബാഹ്യജോലിയും സ്വാതന്ത്യ്രവും എന്ന 'വിശുദ്ധ പശുവി'നെ തൊടാന്‍ ധൈര്യം കാണിച്ചു. സ്ത്രീകള്‍ പുറത്തിറങ്ങിയാല്‍ സ്വാതന്ത്യ്രമായെന്നും അവര്‍ വ്യാപകമായി ഗൃഹബാഹ്യജോലിയെടുത്ത് പണമുണ്ടാക്കിയാല്‍ സാമ്പത്തിക സ്വാതന്ത്യ്രമായെന്നുമുള്ള പൊതുബോധം നിര്‍മിക്കപ്പെട്ടിരിക്കുന്നു. തൊഴിലിടങ്ങളിലെ വര്‍ദ്ധിച്ച സ്ത്രീ സാന്നിധ്യത്തെ സ്ത്രീശാക്തീകരണമായും സ്ത്രീവിമോചനമായും അല്ലെങ്കില്‍ അവയുടെ അടയാളങ്ങളെങ്കിലുമായി വ്യവഹരിക്കുകയും അത് അങ്ങനെത്തന്നെ മനസിലാക്കപ്പെടുകയും ചെയ്യുമ്പോള്‍ യാഥാര്‍ഥ്യം ഇനിയെങ്കിലും അന്വേഷിക്കപ്പെടാതെ പോകരുത്.
സമരം ചെയ്ത് ശല്യമുണ്ടാക്കാത്ത ഒരു വിഭാഗം തൊഴിലാളികളെ സൃഷ്ടിച്ചെടുക്കാന്‍ സ്ത്രീകളെ ജോലിക്കെടുക്കുന്നതിലൂടെ സാധ്യമാകുമെന്ന മുതലാളിത്ത മനസ്സില്‍ നിന്നാണ് ഗൃഹബാഹ്യ ജോലി അവര്‍ക്കും അവകാശപ്പെട്ടതാണെന്ന വാദത്തിന് ശക്തി ലഭിച്ചതെന്ന നിരീക്ഷണം ശ്രദ്ധേയമാണ്. പാശ്ചാത്യമായതെന്തും കേമം എന്ന കൊളോണിയല്‍ അവശിഷ്ടബോധത്തില്‍ നിന്നാണ് നമ്മുടേതുപോലുള്ള സമൂഹങ്ങളില്‍ ഈ സ്ത്രീ പുറപ്പാടിന് പ്രാമുഖ്യവും കേമത്തവും വന്നത്. നൂറ്റാണ്ടുകളുടെ അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടതും സ്ത്രീക്ക് ഏറെ സുരക്ഷിതത്വം നല്‍കുന്നതുമായ ഒരു തൊഴില്‍ വിഭജനത്തെ തകിടം മറിക്കുകയാണ് വിമോചനവും ശാക്തീകരണവും തെറ്റായി ധരിച്ചവര്‍ ചെയ്തത്. അതിനാല്‍ സ്ത്രീ, വിമോചിക്കപ്പെടേണ്ടത് ഈ പാരമ്പര്യത്തില്‍ നിന്നല്ല. മറിച്ച്, ലേഖനം തന്നെ അഭിപ്രായപ്പെടുന്നതുപോലെ പരമ്പരാഗതമായ കുടുംബ ഭരണ ഉത്തരവാദിത്വത്തിന് പുറമെ പുതിയതുകൂടി ഏറ്റെടുത്തുകൊണ്ട്/ഏറ്റെടുപ്പിച്ചുകൊണ്ട് സ്ത്രീയുടെ ജീവിതം ദുസ്സഹമാക്കുന്ന ഇന്നത്തെ പൊതുബോധത്തില്‍ നിന്നാണ്. ഈ തുറന്നു പറച്ചില്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
'ഗൃഹജോലിക്കു പതിത്വം കല്‍പിക്കുകയെന്നത് പുരുഷമേധാവിത്വപരമായ കാഴ്ചപ്പാടാണ്' എന്ന് എഴുതിക്കണ്ടു. ഇവിടെ പ്രതിക്കൂട്ടില്‍ വരുന്നത് യഥാര്‍ഥത്തില്‍ പുരുഷമേധാവിത്വമല്ല, മുതലാളിത്ത താല്‍പര്യമാണ്. ഗൃഹജോലിയെ നിസാരവത്കരിച്ചും ഗൃഹബാഹ്യ ജോലിയെ ഉയരത്തില്‍ പ്രതിഷ്ഠിച്ചും കൊണ്ടേ മുതലാളിക്ക് സമരത്തിന്റെ ശല്യമില്ലാത്തവരെ (സ്ത്രീകളെ) ജോലിക്കു കിട്ടൂ. എന്നാല്‍ ഇതിനെല്ലാം ഉപരി സമ്പത്തിനോടുള്ള മനുഷ്യന്റെ തന്നെ അമിത താല്‍പര്യമാണ് പ്രശ്നത്തിന്റെ മൂല കാരണം.
അറിവിന്റെ ലക്ഷ്യം ധനസമ്പാദനമായതിലും വിദ്യാഭ്യാസം തൊഴിലിനുള്ള മാര്‍ഗമായതിലും ലേഖിക സങ്കടപ്പെടുന്നു. എന്നാല്‍, വിദ്യാഭ്യാസമെന്ന് നമ്മള്‍ വിളിക്കുന്ന ഈ ഏര്‍പ്പാട് പിന്നെയെന്തിനുള്ളതാണെന്നാണ് നാം കരുതേണ്ടത്? ധനം/ജോലി എന്നത് ഇന്നത്തെ വിദ്യാഭ്യാസ ഉള്ളടക്കത്തിന്റെ തന്നെ അനിവാര്യ തേട്ടമാണ്. അതില്ലെങ്കില്‍ ആധുനിക വിദ്യാഭ്യാസമില്ല. വിദ്യ, അറിവ്, ജ്ഞാനം തുടങ്ങിയവയെ മുന്‍കൂറായും സവിശേഷമായും നിര്‍വചിക്കാതെ ഈ സങ്കടപ്പെടലിനര്‍ഥമില്ല. 'മസ്തിഷ്കത്തിന്റെ വിശപ്പ്' കാരണമല്ല ജ്ഞാനം സമ്പാദിക്കുന്നത്/സമ്പാദിക്കേണ്ടത്. "മസ്തിഷ്കത്തിന് വിശപ്പുണ്ട്'' (ലേഖനത്തില്‍ നിന്ന്). എന്തുകൊണ്ട്? ഈ വിശപ്പ് കേവലമാണോ? അതോ ഉദ്ദേശ്യപൂര്‍ണമോ? ഇവക്കുത്തരം തേടുമ്പോള്‍ 'അയ്യോ കഷ്ടം വിദ്യാഭ്യാസം വെറും തൊഴിലന്വേഷണമായിപ്പോയല്ലോ' എന്ന് പരിതപിക്കേണ്ടി വരില്ല.
അറിവിന്റെയും അതിന്റെ ഉറവിടത്തെയും ധര്‍മത്തെയും കുറിച്ചുള്ള ഖുര്‍ആനിക പാഠങ്ങള്‍ പച്ചക്കു പറയാതെ ഇത്തരം വൈരുധ്യാവസ്ഥകളെ അഭിസംബോധന ചെയ്യാനാവില്ല. അറിവിനെ സംബന്ധിച്ച ഈ കനത്ത സത്യത്തെ 'പൊതുബോധ ഭാഷ'ക്കുള്ളിലൊളിപ്പിച്ച് പറയേണ്ടി വരുന്നതുകൊണ്ടാണ്, ധീരമായ ഒരു ചര്‍ച്ച തുടങ്ങി വെച്ചിട്ട് മസ്തിഷ്കത്തിനും വിശപ്പുണ്ടെന്നും അത് ശമിപ്പിക്കാനാണ് ജ്ഞാനസമ്പാദനമെന്നും ലേഖികക്ക് അത്ര ലളിതമായി പറഞ്ഞ് പോകേണ്ടി വരുന്നത്. അറിവെന്നാല്‍ അങ്ങനെ ഒരു ശമിപ്പിക്കലിനു വേണ്ടിയുള്ളതല്ല. ദൈവത്തിന്റെ പ്രതിനിധിയെന്ന (ഖലീഫ) മനുഷ്യനിയോഗത്തിന്റെ സാക്ഷാത്കാരമായിട്ടല്ലാതെ അറിവിന് പ്രസക്തിയില്ല. ആദ്യ മനുഷ്യനായ ആദമും അറിവും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഖുര്‍ആനിക പ്രസ്താവം ആദം സന്തതികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാണല്ലോ. സ്രഷ്ടാവിനെ അറിയുന്ന അടിസ്ഥാന ജ്ഞാനത്തില്‍ നിന്ന് വികസിച്ച് തന്നിലേക്കും സമസൃഷ്ടികളിലേക്കും പ്രപഞ്ചമഖിലത്തിലേക്കും വികസിക്കുന്നതാണല്ലോ യഥാര്‍ഥ അറിവ്. അപ്പോഴാണ് സ്രഷ്ടാവിന്റെ നാമത്തില്‍ വായന സാധ്യമാകുന്നത്. അങ്ങനെ വരുമ്പോള്‍ തൊഴിലും വിദ്യാഭ്യാസത്തിന്റെ ഭാഗമാകും. എന്നാല്‍ അത് വൈയക്തികമായ ബാധ്യത മാത്രമാകില്ല. തന്റെയും കുടുംബത്തിന്റെയും ഭക്ഷണത്തിനായുള്ള അധ്വാനം പോലെത്തന്നെ സഹജീവികളുടെ ആവശ്യങ്ങളും പ്രധാനമാകും. അതുകൊണ്ടാവാം ഇമാം ഗസാലിയെപ്പോലുള്ള പണ്ഡിതന്മാര്‍ അറിവിനെ 'ഫര്‍ദ് ഐന്‍' ആയും 'ഫര്‍ദ് കിഫാ' ആയും തിരിച്ചത്. സ്രഷ്ടാവിനെ അറിയലും തന്റെ ഉണ്‍മയെ അറിയലും തുടങ്ങി വിശ്വാസപരമായ അറിവുകള്‍ വ്യക്തിപരമായിതന്നെ നിര്‍ബന്ധമാകുമ്പോള്‍ സമൂഹത്തിന്റെ അഥവാ മനുഷ്യരാശിയുടെ നിലനില്‍പിന് വേണ്ട അറിവ് (വൈദ്യം, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ) സമൂഹത്തിന് പൊതുബാധ്യത ഉള്ളതോടൊപ്പം വ്യക്തിക്കും ഉത്തരവാദിത്വമുള്ളതാകുന്നു. 'ഇഖ്റഅ് ബിസ്മി റബ്ബിക്കല്ലദീ ഖലഖ്' എന്ന അനശ്വര ദൈവിക പാഠത്തിന് ഇങ്ങനെയാണ് സാക്ഷാത്കാരം സാധ്യമാകുന്നത്.
സുമയ്യ സത്താര്‍, തിരൂര്‍
ലക്കം 2 -ലെ ബഷീര്‍ മാടാല എഴുതിയ യാത്രാ വിവരണം വായിച്ചു തീര്‍ന്നപ്പോള്‍ ആ യാത്രയില്‍ പങ്കുചേരാമായിരുന്നെന്ന് തോന്നി. കേരളത്തെ അപേക്ഷിച്ച് അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നും തന്നെയില്ലാത്ത ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ ദൈന്യത മനസ്സിനെ നൊമ്പരപ്പെടുത്തി. എല്ലാ സുഖസൌകര്യങ്ങളുണ്ടായിട്ടും മാനസിക സമ്മര്‍ദത്തിനടിപ്പെട്ട് ജീവിക്കാന്‍ മറന്ന് പോയ കേരളീയന്‍ ഇതോര്‍ക്കുന്നുണ്ടോ?
തൊഴിലില്‍ തളച്ചിടുന്ന സ്ത്രീശാക്തീകരണം
സ്ത്രീശാക്തീകരണ സങ്കല്‍പത്തെ വിശകലനവിധേയമാക്കി മര്‍യം ബിന്‍ത് അഹ്മദ് എഴുതിയ ലേഖനം (2012 ജൂണ്‍ 16)ചര്‍ച്ച അര്‍ഹിക്കുന്നതാണ്. മാറിയ കാലത്തിന്റെ സ്വാധീനത്തില്‍ മലയാളിയുടെ പൊതുബോധത്തില്‍ രൂപപ്പെട്ടുവന്നതും ഗോപ്യമായി നിലകൊള്ളുന്നതുമായ വികല ധാരണകളെയാണ് ലേഖനം നിരൂപണവിധേയമാക്കുന്നത്.
ജീവിക്കാന്‍ വകയുള്ള വീടുകളിലെ സ്ത്രീകള്‍ പോലും പിഞ്ചുകുഞ്ഞുങ്ങളെയും വൃദ്ധരെയും 'വിധി'യുടെ കൈകളിലേല്‍പ്പിച്ച് തൊഴിലിനായി വീടുവിട്ടിറങ്ങുന്നത് സാധാരണ കാഴ്ചയാണ്. ഗൃഹബാഹ്യ ജോലിയും ഗൃഹാന്തര ജോലികളും ഒന്നിച്ചു വഹിക്കാന്‍ കഴിവുള്ളതുകൊണ്ടോ വീട്ടുജോലികളില്‍ ഭര്‍ത്താവിന്റെ പൂര്‍ണ സഹായമുണ്ടാവുമെന്ന് തെറ്റായി ധരിച്ചതുകൊണ്ടോ അല്ല അവര്‍ ഈ അമിതഭാരം തലയിലേറ്റുന്നത്. മറിച്ച്, ഭൌതികതയില്‍ അഭിരമിക്കുന്ന ഒരു സമൂഹം നിര്‍മിച്ചെടുത്ത തെറ്റായ പൊതുബോധത്തെ സ്വന്തം സ്വസ്ഥജീവിതം പണയപ്പെടുത്തി സാക്ഷാത്കരിക്കുകയാണവര്‍. രണ്ട് ഉദ്യോഗസ്ഥര്‍ തമ്മില്‍ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ സംഭാഷണത്തിന്റെ പ്രഥമഘട്ടത്തില്‍ തന്നെ കടന്നുവരുന്ന ഒരു ചോദ്യമുണ്ട്. 'ഭാര്യക്ക് ജോലിയുണ്ടോ?' ഉണ്ട് എന്ന് ഉത്തരം പറയുമ്പോള്‍ ഇരുവര്‍ക്കും എന്തെന്നില്ലാത്ത ആത്മഹര്‍ഷം. ഇല്ല എന്നുത്തരം പറയേണ്ടി വരുമ്പോള്‍ വല്ലാത്ത ജാള്യതയും! ഈ ആത്മഹര്‍ഷത്തിന് പകരം നല്‍കേണ്ടി വരുന്നത് സ്വന്തം സഹധര്‍മിണിയുടെ ജീവിതസ്വാസ്ഥ്യവും പിഞ്ചുമക്കളുടെ മാനസിക, ശാരീരികാരോഗ്യവും സ്നേഹോഷ്മളമായ ഗൃഹാന്തരീക്ഷവുമാണെന്ന കാര്യം പലരും ഓര്‍ക്കാറില്ല. ഗള്‍ഫില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഒരു മലയാളിയുടെ ഭാര്യ, അവര്‍ക്ക് അവിടെ സ്കൂള്‍ അധ്യാപികയായി ജോലി ചെയ്യാന്‍ സൌകര്യത്തിനായി, പ്രസവിച്ച് മൂന്നു ദിവസം മാത്രം പ്രായമായ ചോരപ്പൈതലിനെ നാട്ടില്‍ കൊണ്ടുവന്ന് അമ്മയെ ഏല്‍പിച്ച് തിരിച്ച് വിമാനം കയറിയത് ഈ കുറിപ്പുകാരന് അറിയാം. ഇവിടെ, സ്ത്രീ ഗൃഹബാഹ്യ ജോലി ചെയ്യുന്നത് കുടുംബത്തിന്റെ യശസ്സ് ഉയര്‍ത്തുമെന്ന നവീന പൊതുബോധത്തെ ഉപജീവിച്ച് പുരുഷകോയ്മയുള്ള സമൂഹം സ്ത്രീയെ ചൂഷണം ചെയ്യുന്നതാണ് നാം കാണുന്നത്.
വിദ്യാഭ്യാസത്തെയും അറിവിനെയും കേവലം തൊഴില്‍ നേടാനുള്ള മാര്‍ഗമായി കാണുമ്പോള്‍ സമൂഹത്തിന് നഷ്ടപ്പെടുന്നത് അറിവില്‍ നിന്ന് ലഭിക്കേണ്ട അമൂല്യമായ വെളിച്ചമാണ്. പഠനവും മനനവും ഒന്നിച്ചുചേരുമ്പോള്‍ പ്രസരിപ്പിക്കപ്പെടുന്ന പ്രകാശമാണ് വ്യക്തിയുടെയും സമൂഹത്തിന്റെയും മുമ്പോട്ടുള്ള പ്രയാണത്തില്‍ വഴികാട്ടിയാവേണ്ടത്. അറിവിന്റെ ഈ മഹത്തായ സവിശേഷതയെ തിരിച്ചറിയാത്തവരാണ് അതിന്റെ ലക്ഷ്യത്തെ തൊഴില്‍ സമ്പാദനത്തില്‍ തളച്ചിടുന്നത്. ജോലി നേടുന്നതോടെ ഗൌരവപ്പെട്ട പഠനമനനങ്ങളില്‍ നിന്നും ധൈഷണിക വ്യവഹാരങ്ങളില്‍ നിന്നും അഭ്യസ്തവിദ്യര്‍ പിന്തിരിയുന്നതിന്റെ പ്രധാന കാരണം, വിപണനസാധ്യതകളുള്ള കേവല ചരക്കായി അറിവിനെ നോക്കിക്കാണുന്നതാണ്.
ലേഖനത്തില്‍ സൂചിപ്പിച്ചപോലെ ശരീരത്തിന്റെ വിശപ്പിനെപ്പോലെ മസ്തിഷ്കത്തിന്റെ വിശപ്പും ശമിപ്പിക്കപ്പെടേണ്ടതാണ്. ഗൃഹബാഹ്യജോലിക്ക് പോകുന്ന അഭ്യസ്തവിദ്യരായ അധിക സ്ത്രീകളും ഗൌരവവായനക്ക് പോകട്ടെ, പത്രപാരായണത്തിന്പോലും സമയമില്ലാത്തവരാണ്. വല്ലപ്പോഴും സമയം കിട്ടിയാല്‍ തന്നെ വായന മനംപിരട്ടുന്ന അനുഭവമാകുവോളം അക്ഷരവൈരികളായി മാറിക്കഴിഞ്ഞിരിക്കും അവരില്‍ ഏറിയകൂറും.
സന്താനപരിപാലനമുള്‍പ്പെടെയുള്ള ഗാര്‍ഹിക വിഷയങ്ങളില്‍ സ്ത്രീക്കും പുരുഷനും തുല്യ ഉത്തരവാദിത്വമാണ് എന്ന ധാരണ വര്‍ധിച്ചുവരുന്നതായാണനുഭവം. മേല്‍ വിഷയങ്ങളില്‍ സ്ത്രീയെപ്പോലെ പുരുഷനും ബാധ്യതകളും ചുമതലകളുമുണ്ട് എന്ന് സമ്മതിക്കുമ്പോള്‍ തന്നെ, ശാരീരികവും മാനസികവുമായ പ്രത്യേകതകളാല്‍ ഭദ്രവും സ്നേഹോഷ്മളവുമായ ഗാര്‍ഹികാന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിലും നിലനിര്‍ത്തുന്നതിലും സ്ത്രീയുടെ പങ്കാണ് നിര്‍ണ്ണായകമായിട്ടുള്ളത് എന്നത് നിഷേധിക്കാനാവില്ല. ഗാര്‍ഹിക ജോലികളില്‍ നിന്ന് അഭ്യസ്തവിദ്യരായ സ്ത്രീകള്‍ വിമുഖതയും ഗൃഹബാഹ്യജോലികളില്‍ ഉത്സാഹവും കാണിക്കുന്ന അവസ്ഥ വര്‍ധിച്ചു വന്നാല്‍ കുടുംബാന്തരീക്ഷം അസന്തുഷ്ടി നിറഞ്ഞതാവാന്‍ അത് വഴിയൊരുക്കും.
അബ്ദുല്‍ ഹഖ്, കൊടിയത്തൂര്‍ 

Comments

Other Post

ഖുര്‍ആന്‍ ബോധനം

അന്നഹ്ല്‍
എ.വൈ.ആര്‍