Prabodhanm Weekly

Pages

Search

2012 ജൂലൈ 7

മുജാഹിദ് പ്രസ്ഥാനം പ്രതിസന്ധിയുടെ വേരുകള്‍

സദ്റുദ്ദീന്‍ വാഴക്കാട്

ഇരുട്ട് പരന്നുകൊണ്ടിരുന്ന കേരളീയ മുസ്ലിംസമൂഹത്തിന്റെ ഗതകാലത്തെയും, ആ ദശാസന്ധിയില്‍ വെളിച്ചം പ്രസരിപ്പിക്കുന്നതില്‍ പങ്കുവഹിച്ച ഇസ്ലാഹി പ്രസ്ഥാനത്തിന്റെ മഹത്തായ ചരിത്രത്തെയും കുറിച്ച് ധാരണയുള്ള ഏതൊരു ദീനീ സ്നേഹിയെയും ദുഃഖിപ്പിക്കുന്നതാണ് മുജാഹിദ് പ്രസ്ഥാനത്തിലെ സമീപകാല ആശയകാലുഷ്യവും അന്തഃസംഘര്‍ഷങ്ങളും. ആശയ-സംഘടനാ തലങ്ങളില്‍ പ്രതിസന്ധികളുടെ നീര്‍ചുഴിയിലാണ് ഇന്ന് മുജാഹിദ് പ്രസ്ഥാനം. മഹത്തായൊരു ലക്ഷ്യം മുന്‍ നിര്‍ത്തി, അഭിമാനകരമായ സംഭാവനകളര്‍പ്പിച്ച് കടന്നുവന്ന പ്രസ്ഥാനത്തിന് കാലത്തെ അതിജീവിക്കാന്‍ കരുത്തില്ലാതെ പോയതിന്റെ അടയാളങ്ങളാണ് ഒരു പതിറ്റാണ്ടായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളും വിവാദങ്ങളും. '90കളില്‍ സംഘടനക്കകത്ത് ആരംഭിച്ച പ്രശ്നങ്ങള്‍, 2002-ലെ പിളര്‍പ്പിന് ശേഷം, ജിന്ന് വിവാദത്തിലൂടെ 2012-ല്‍ പുതിയൊരു തലം കൈവരിച്ചിരിക്കുകയാണ്.
ഇന്നത്തെ സാഹചര്യത്തില്‍, പലതരം അനഭിലഷണീയ വിവാദങ്ങളും സൃഷ്ടിക്കുന്ന, കക്ഷിത്വവും അതിവാദങ്ങളുമുള്ള മതസംഘടനയായാണ് പുതിയ തലമുറ മുജാഹിദ് പ്രസ്ഥാനത്തെ കാണുന്നത്. അങ്ങനെ വിലയിരുത്തുന്നവരെ കുറ്റപ്പെടുത്താനാകാത്ത പിന്‍മടക്കം സംഘടനയിലെ ഒരു വിഭാഗം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, പ്രസ്ഥാനത്തിന്റെ ഇന്നലെകളിലെ നന്മകള്‍ നിഷേധിക്കാന്‍ അതൊരിക്കലും കാരണമാകേണ്ടതില്ല. മുജാഹിദ് സംഘടനകള്‍ നടത്തിയ അന്ധമായ വിമര്‍ശനങ്ങളും ദുഷ്പ്രചാരണങ്ങളും തത്തുല്യമായി പ്രതികരിക്കാന്‍ പ്രചോദനമായിക്കൂടാ.

സംഭാവനകള്‍
മുജാഹിദ് പ്രസ്ഥാനത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ കാണാതെയും സംഭാവനകള്‍ അടയാളപ്പെടുത്താതെയും കേരളീയ മുസ്ലിം നവോത്ഥാന ചരിത്രം രേഖപ്പെടുത്താനാകില്ല. കേരളത്തിലെ പൊതുവായ സാമൂഹിക വളര്‍ച്ച, വിഭജനത്തിന്റെ ദുരന്തത്തില്‍നിന്ന് ഏറെക്കുറെ മുക്തമായ രാഷ്ട്രീയ സാമുദായിക അവസ്ഥ, ഗള്‍ഫ്ജീവിതത്തിന്റെ സ്വാധീനം, ജമാഅത്തെ ഇസ്ലാമിയുടെ സര്‍വതല സ്പര്‍ശിയായ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടത്തെ മുസ്ലിം നവജാഗരണത്തില്‍ പല തലങ്ങളിലായി പങ്കുവഹിച്ചിട്ടുണ്ട്. അതിലെ തിളക്കമുള്ള ഏടുകള്‍ തുന്നിച്ചേര്‍ക്കാന്‍ കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.
അന്ധവിശ്വാസങ്ങളുടെ ഇരുള്‍നിലങ്ങളില്‍നിന്നും അനാചാരങ്ങളുടെ ചങ്ങലക്കെട്ടുകളില്‍നിന്നും മുസ്ലിം സമൂഹത്തെ മോചിപ്പിക്കാന്‍ നടത്തിയ ത്യാഗപൂര്‍ണമായ പരിശ്രമങ്ങളാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം. മാല-മൌലിദുകളുടെയും ഓത്തുപള്ളി-ഉര്‍ദിയാദികളുടെയും പരിമിതികളില്‍നിന്ന് ദീനീ വിജ്ഞാനമേഖലയെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നതും ഗുണകരമായ വളര്‍ച്ച കൈവരിച്ചതുമാണ് മറ്റൊന്ന്. മദ്റസാ പ്രസ്ഥാനം, ഖുര്‍ആന്‍ പഠനം, മലയാള ഖുത്വ്ബകള്‍ തുടങ്ങിയവയൊക്കെ ഇതിന്റെ വഴികളായിരുന്നു. ഇന്ന്, നവോത്ഥാനത്തെ വിചാരണ ചെയ്യുന്നവരുടെ ഖുര്‍ആന്‍ പ്രഭാഷണങ്ങളുടെയും മറ്റും കേരളീയ വേരുകള്‍ ചെന്നുനില്‍ക്കുന്നതും ഇസ്ലാഹി പ്രസ്ഥാനത്തിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയുമൊക്കെ പാരമ്പര്യത്തില്‍ തന്നെയാണ്. മുസ്ലിം സ്ത്രീകളുടെ ഉന്നമനത്തില്‍ വഹിച്ച പങ്കും എടുത്തു പറയേണ്ടതാണ്. സ്ത്രീ വിദ്യാഭ്യാസം, പള്ളിപ്രവേശം, ദീനീ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം തുടങ്ങിയ വഴികളിലൂടെ കേരളത്തിലെ മുസ്ലിം സ്ത്രീകളില്‍ ഉണ്ടായ ഗുണകരമായ വളര്‍ച്ചയില്‍ ഇസ്ലാഹീ മൂവ്മെന്റിന് നല്ല പങ്കുണ്ട്. സ്കൂളും അറബിക് കോളേജുകളും യത്തീംഖാനകളും സ്ഥാപിച്ചും മറ്റു പ്രോത്സാഹനങ്ങള്‍ നല്‍കിയും മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ച സാധിക്കുന്നതിലും ഈ സ്വാധീനം കാണാം. മദ്ഹബുകളെ അന്ധമായി അനുകരിക്കുന്നതില്‍നിന്നും പൌരോഹിത്യ ചൂഷണത്തില്‍നിന്നും വലിയൊരളവോളം ജനം രക്ഷപ്പെട്ടത് മുജാഹിദ് പ്രസ്ഥാനത്തിന്റെ കൂടി ശ്രമഫലമായാണ്. ഇങ്ങനെ മലയാളി മുസ്ലിംകളുടെ സാമൂഹിക വളര്‍ച്ചയില്‍ ഇസ്ലാഹി മൂവ്മെന്റ് വഹിച്ച പങ്കിന്,കാലാനുസൃതമായ പരിഷ്കരണങ്ങളോ തുടര്‍ച്ചകളോ ഇല്ലാതെ പോയതാണ് പ്രശ്നം.
വര്‍ത്തമാന യാഥാര്‍ഥ്യങ്ങളോട് സക്രിയമായി പ്രതികരിക്കാനും ഭാവിയിലേക്ക് പ്രതീക്ഷയുടെ വാതിലുകള്‍ തുറന്നുവെക്കാനും കഴിയാതെ ഭൂതകാലത്തിന്റെ തടവറയില്‍ മുജാഹിദ് പ്രസ്ഥാനം തളച്ചിടപ്പെട്ടിരിക്കുന്നു. ഒരു പരിഷ്കരണ പ്രസ്ഥാനത്തിന് അനിവാര്യമായും ഉണ്ടാകേണ്ടിയിരുന്ന സവിശേഷതകള്‍ ആര്‍ജിക്കാനും നിലനിര്‍ത്താനും സംഘടനക്കകത്ത് ക്രിയാത്മക ശ്രമങ്ങളുണ്ടായില്ല. പിളര്‍പ്പിന് ശേഷം, മാറ്റങ്ങളുടെ വഴിതേടുന്ന, ആശയവ്യതിയാനം ആരോപിക്കപ്പെട്ട വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെങ്കിലും, പ്രസ്ഥാനത്തെ ബാധിച്ച മൌലിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടുകൊണ്ടു മാത്രമേ അവര്‍ക്കും മുന്നോട്ടു പോകാനാകൂ. അതിനുള്ള ശ്രമങ്ങള്‍ അവര്‍ക്കിടയില്‍ നടക്കുന്നുവെന്നറിയുന്നത് ആശാവഹമാണ്.
അടിസ്ഥാനപരമായ അപചയങ്ങള്‍ തന്നെയാണ് മുജാഹിദ് പ്രസ്ഥാനത്തെ ഇന്നു കാണുന്ന പതനത്തില്‍ കൊണ്ടെത്തിച്ചത്. അതില്‍ ചിലത് ആദര്‍ശപരമായ വൈകല്യങ്ങളും മറ്റുചിലത് സംഘടനാപരമായ ദൌര്‍ബല്യങ്ങളുമാണ്. 1990കളില്‍ സംഘടനക്കകത്ത് രൂപപ്പെട്ട പരിഷ്കരണ ചര്‍ച്ചകള്‍, തദ്വാരാ സൃഷ്ടിക്കപ്പെട്ട ആശയ സംഘട്ടനം, 2002ലെ ദുഃഖകരമായ പിളര്‍പ്പ്, തുടര്‍ന്ന് രംഗത്തുവന്ന അവാന്തര വിഭാഗങ്ങള്‍, ബഹുമാന്യനായ എ.പി അബ്ദുല്‍ ഖാദിര്‍ മൌലവി നേതൃത്വം നല്‍കുന്ന, ഔദ്യോഗികം എന്ന് വിശേഷിപ്പിക്കപ്പെട്ട കെ.എന്‍.എമ്മിലെ മിതവാദി-തീവ്രവാദി-ജിന്ന് വാദി ഗ്രൂപ്പുകള്‍, അവയെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന അന്തഃസംഘര്‍ഷങ്ങള്‍, സംഘടനാ സങ്കുചിതത്വവും അധികാരതാല്‍പര്യങ്ങളും, സഭ്യതയുടെ അതിരുകള്‍ ലംഘിച്ച് പ്രസിദ്ധീകരണങ്ങളിലും വെബ്ലോകത്തും തെരുവിലും നടത്തുന്ന തമ്മിലടി, ഗ്രൂപ്പിസം, യുവപ്രസംഗകര്‍ക്കെതിരായ അച്ചടക്ക നടപടികള്‍ എന്ന് തുടങ്ങിയവയെല്ലാം യഥാര്‍ഥത്തില്‍ മുജാഹിദ് പ്രസ്ഥാനത്തെ ബാധിച്ച രോഗങ്ങളല്ല, രോഗലക്ഷണങ്ങള്‍ മാത്രമാണ്. അഥവാ, ആദര്‍ശപരവും സംഘടനാപരവുമായ അപചയത്തിന്റെ പ്രതിഫലനങ്ങള്‍ മാത്രമാണ് മുജാഹിദ് പ്രസ്ഥാനത്തില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങള്‍. അതുകൊണ്ട്, അടിസ്ഥാനപരമായ വൈകല്യങ്ങളെയും ദൌര്‍ബല്യങ്ങളെയും വിശകലനം ചെയ്യാതെ പുതിയ വിവാദങ്ങളെ അഭിമുഖീകരിക്കാനാവില്ല.

പ്രസ്ഥാനത്തിന് സംഭവിച്ചത്
തൌഹീദിന്റെ വിവക്ഷയും വിശാല ഭൂമികയും, തൌഹീദി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന മണ്ഡലം, പ്രബോധനത്തിന്റെ മുന്‍ഗണനാക്രമം, വിശ്വാസ കാര്യങ്ങളുടെ വിശദാംശങ്ങളിലും കര്‍മശാസ്ത്ര തര്‍ക്കങ്ങളിലും സ്വീകരിക്കേണ്ട നിലപാട്, അതത് കാലഘട്ടങ്ങളിലെ സാമൂഹിക പ്രശ്നങ്ങളോടുള്ള സമീപനം, ആദര്‍ശവും നയവും തമ്മിലുള്ള ബന്ധവും അന്തരവും, സുന്നത്തിന്റെ പുനഃസ്ഥാപനത്തിലും ബിദ്അത്തിന്റെ നിര്‍മാര്‍ജനത്തിലും പുലര്‍ത്തേണ്ട സ്ഥലകാല ബോധവും യുക്തിദീക്ഷയും, മുസ്ലിം സമൂഹത്തിനകത്തെ ആശയവിയോജിപ്പുകളോടും ഇതര സംഘടനകളോടും സ്വീകരിക്കേണ്ട സമീപനം, ബഹുമത സമൂഹത്തിലെ ദീനീപ്രസ്ഥാനത്തിന്റെ അജണ്ട....... ഇത്തരം വിഷയങ്ങളില്‍ മുജാഹിദ് പ്രസ്ഥാനം പുലര്‍ത്തി വന്ന കാഴ്ചപ്പാടുകള്‍ തന്നെയല്ലേ ഇന്ന് കാണുന്ന അപചയത്തിലേക്ക് നയിച്ചത്? ഇത് മനസിലാക്കാനും തിരുത്താനും ശ്രമിക്കാതെ, വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്നത് ആരോഗ്യകരമല്ല.
പ്രവാചകന്മാരുടെ പൈതൃകത്തിന്റെ നീള്‍ച്ചയാണ് നവോത്ഥാനവും പരിഷ്കരണവും മുജാഹിദ് പ്രസ്ഥാനവുമെല്ലാം. എന്നാല്‍, ആശയപരമായ വ്യക്തത, മാനവികത, സാമൂഹിക ബോധം, വികാസക്ഷമത, സ്വയം നവീകരണ ശേഷി, അകത്തും പുറത്തുമുള്ള ബഹുസ്വരതയെ അംഗീകരിക്കല്‍, പ്രബോധനത്തിലെ യുക്തിദീക്ഷ, പ്രബോധിതരോടുള്ള ഗുണകാംക്ഷ........... ഇസ്ലാമിന്റെ ഇത്യാദി സവിശേഷതകള്‍ പ്രസ്ഥാനത്തില്‍ കുറഞ്ഞുവരികയാണുണ്ടായത്. അക്ഷര പൂജ, നിഷേധാത്മക പ്രവര്‍ത്തന ശൈലി, സംഘടനാ സങ്കുചിതത്വം, അരാഷ്ട്രീയത തുടങ്ങി ഇസ്ലാം വിലക്കുകയോ നിരാകരിക്കുകയോ ചെയ്ത പലതും സംഘടന വാശിയോടെ മുറുകെ പിടിക്കുകയും ചെയ്തു.
നിയമത്തിന്റെ കര്‍ക്കശമായ അളവുകോല്‍ വെച്ചു മാത്രം ദീനിനെ മനസ്സിലാക്കി പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആത്മാവ് ചോര്‍ന്ന് പോവുക സ്വാഭാവികം മാത്രം. പ്രമാണങ്ങളുടെ അക്ഷരവായനയും പൂര്‍വികരുടെ നടപടി ക്രമങ്ങളോടുള്ള അന്ധമായ അനുകരണഭ്രമവും ഭൂതകാലത്തിന്റെ തടവറയില്‍ പ്രസ്ഥാനത്തെ തളച്ചിടുകയും മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്തുകയും ചെയ്തു. മറ്റു സംഘടനകളെ വിമര്‍ശിക്കുമ്പോള്‍ അവരുടെ പഴയ നിലപാടുകളും ഉദ്ധരണികളുമാണ് മുജാഹിദ് എഴുത്തുകാരുടെയും പ്രസംഗകരുടെയും തുറുപ്പു ചീട്ട്. ഒരുതരം മതകീയ പുരാവസ്തു ഗവേഷണരീതിശാസ്ത്രം തന്നെ അവര്‍ വളര്‍ത്തിയെടുത്തു. സ്വയം ഭൂതകാലത്തില്‍ കുടുങ്ങികിടക്കുന്നവരും, പഴയ നിലപാടുകളില്‍ നിന്ന് മാറാന്‍ കഴിയാത്തവരുമാണല്ലോ, മറ്റുള്ളവരെ പഴയ ഉദ്ധരണികളില്‍ കുടുക്കിയിടാന്‍ ശ്രമിക്കുക!
പിന്നിട്ട ഒരു നൂറ്റാണ്ടിനെയാണിപ്പോള്‍ മുജാഹിദ് പ്രസ്ഥാനം അഭിമാനത്തോടെ ആഘോഷിക്കുന്നത്. തീര്‍ച്ചയായും, അഭിമാനിക്കാവുന്ന ഒട്ടേറെ ഈടുവെപ്പുകള്‍ നവോത്ഥാനത്തിന്റെ കഴിഞ്ഞൊരു നൂറ്റാണ്ടിലുണ്ടായിട്ടുണ്ടെന്ന് നാം സൂചിപ്പിക്കുകയുണ്ടായി. എന്നാല്‍ ഒരു പരിഷ്കരണ പ്രസ്ഥാനം പിന്നിട്ട നൂറ്റാണ്ടിനെ കുറിച്ച് മാത്രം പറയേണ്ടിവരുന്നത്, മുന്നിലുള്ള നൂറ്റാണ്ടിനെക്കുറിച്ച് അവര്‍ക്ക് പ്രത്യേകിച്ചൊന്നും പറയാനില്ലാത്തതുകൊണ്ടാണ്, ചലനാത്മകതയുള്ള പ്രസ്ഥാനത്തില്‍ നിന്ന്, സ്വപ്നങ്ങളില്ലാത്ത സംഘടനയായും അജണ്ടകള്‍ തീര്‍ന്നുപോയ ആള്‍ക്കൂട്ടമായും മാറിയതുകൊണ്ടാണ്.

അജണ്ടകള്‍ മാറിയതെങ്ങിനെ?
വിശ്വാസ പരിവര്‍ത്തനത്തിന്റെയും, വിദ്യാഭ്യാസ വളര്‍ച്ചയുടെയും സാമൂഹിക പരിഷ്കരണത്തിന്റെയും മഹത്തായ മാതൃക കാഴ്ചവെച്ച ഇസ്ലാഹി പ്രസ്ഥാനം കാലക്രമത്തില്‍ ദൌത്യം മറന്നു. പുതിയ പുതിയ സുന്നത്തുകളെയും ബിദ്അത്തുകളെയും ലിസ്റു ചെയ്യലായി മുജാഹിദ് സംഘടനകളുടെ പ്രവര്‍ത്തനം മാറി. പല വിഷയങ്ങളിലും പുതിയ ഹറാം ഫത്വകള്‍ അവര്‍ സമുദായത്തിന് നല്‍കിക്കൊണ്ടിരിക്കുന്നു. അഭിപ്രായ ഭിന്നതയുള്ള കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഒരു വീക്ഷണത്തില്‍ നിന്ന് മറ്റൊരു വീക്ഷണത്തിലേക്ക് ആളുകളെ മാറ്റിയെടുക്കലാണ് ഇസ്ലാഹീ പ്രവര്‍ത്തനം എന്ന ധാരണ സൃഷ്ടിക്കപ്പെട്ടു. അനാവശ്യമായ മത തര്‍ക്കങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന്, മുസ്ലിം സാമൂഹികാന്തരീക്ഷത്തെ ഇത്രമേല്‍ കലുഷമാക്കിതീര്‍ത്തതില്‍ മുജാഹിദ് സംഘടനക്ക് മുഖ്യപങ്കുണ്ട്. തൌഹീദ് മുതല്‍ ജനസേവനം വരെയും, പ്രാര്‍ഥന മുതല്‍ ഇതര മതസ്ഥരോടുള്ള സ്നേഹബന്ധം വരെയുമുള്ള വിഷയങ്ങളില്‍ മുസ്ലിം സാധാരണക്കാര്‍ക്കിടയില്‍ പോലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നവിധം അനാരോഗ്യകരമായ തര്‍ക്കങ്ങള്‍ ഉല്‍പാദിപ്പിച്ചു.
ആചാരാനുഷ്ഠാനങ്ങളിലെ ശാഖാപരമായ വിഷയങ്ങളെ അടിസ്ഥാന പ്രശ്നങ്ങളെന്ന വണ്ണം ഉയര്‍ത്തിപ്പിടിക്കുകയും നിസാരമായ വിഷയങ്ങളെ പര്‍വതീകരിച്ച് അവതരിപ്പിക്കുകയും ചെയ്തതാണ് ഒരബദ്ധം. പ്രമാണങ്ങളിലെ കല്‍പനാപ്രയോഗങ്ങളുടെ സ്വഭാവത്തെക്കുറിച്ചും നിയമങ്ങളുടെ അവതരണ പശ്ചാത്തലത്തെക്കുറിച്ചുമൊക്കെയുള്ള ഉസ്വൂലുല്‍ ഫിഖ്ഹിലെ വിശദീകരണങ്ങള്‍ അവഗണിച്ചതു കൊണ്ടുകൂടിയാണിത് സംഭവിച്ചത്.
അന്ധമായ തഖ്ലീദിനെതിരെ രംഗത്തുവന്ന പ്രസ്ഥാനത്തിലേക്ക് മറ്റൊരു വഴിയിലൂടെ 'തഖ്ലീദ്' കയറി വന്നു. വ്യക്തി കേന്ദ്രീകൃത തുരുത്തുകള്‍ സംഘടനക്കകത്ത് രൂപപ്പെടാന്‍ തുടങ്ങി. വ്യക്തികള്‍ അവരവരുടെ വിഷയങ്ങളില്‍ സ്വതന്ത്രമായ ഇജ്തിഹാദ് നടത്തി സ്വന്തം വഴികള്‍ വെട്ടിത്തുറന്നു. അവരെ തഖ്ലീദ് ചെയ്യാന്‍ അനുയായികളുണ്ടായി. അവ മുജാഹിദ് പ്രസ്ഥാനത്തിനകത്തെ കൊച്ചു കൊച്ചു ഗ്രൂപ്പുകളായി. പ്രതിലോമപരമായിരുന്നു പലപ്പോഴും അവയുടെ രീതികള്‍. വൈവാഹികരംഗത്തെ അനാചാരങ്ങള്‍ക്കെതിരെ രംഗത്തുവന്ന 'ബിസ്മി' എന്ന മാതൃകാ സംരംഭം 'ബഹുഭാര്യാത്വ പ്രസ്ഥാന'മായി മാറിയത് ഉദാഹരണം.
മുസ്ലിം ഭൂരിപക്ഷ വിഭാഗത്തെ മുഖ്യശത്രുവായി കണ്ടും അവരില്‍ വലിയൊരു വിഭാഗത്തില്‍ ശിര്‍ക്ക്-കുഫ്ര്‍-ബിദ്അത്ത് ആരോപിച്ചുമാണ് മുജാഹിദു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പില്‍ക്കാലത്ത് രൂപപ്പെട്ടു വന്നത്. മറ്റു മുസ്ലിം സംഘടനകളെ വിമര്‍ശിച്ചു കൊണ്ടേയിരിക്കുക എന്നത് മുജാഹിദുകളുടെ മുഖ്യ അജണ്ടയായി. മറ്റുള്ളവരുമായി യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തുന്നതും സഹകരണവും സഹിഷ്ണുതയും പുലര്‍ത്തുന്നതും ആദര്‍ശത്തിലെ വിട്ടുവീഴ്ച്ചയായി വിലയിരുത്തുന്ന പ്രവണതക്കാണ് സംഘടനയില്‍ സ്വീകാര്യത ലഭിച്ചത്. സഹിഷ്ണുതാ മനസിനെയും സഹകരണ സമീപനത്തെയും 'മുവാസന' എന്ന് പേരിട്ടു വിളിച്ചാണ് മുജാഹിദുകളില്‍ ഒരു വിഭാഗം വിമര്‍ശിച്ചത്. 'മുവാസന' ബിദ്അത്താണെന്നും അവര്‍ പ്രഖ്യാപിച്ചു. മുസ്ലിം സംഘടനകളോടുള്ള ശത്രുതാ സമീപനത്തിന്റെ അനിവാര്യമായ തിന്മകളെല്ലാം ക്രമത്തില്‍ സംഘടനയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ജയിക്കാനും തോല്‍പിക്കാനുമുള്ള വാശിക്കിടയില്‍ ആശയ സംവാദത്തിന്റെ സാമാന്യ മര്യാദകളും നഷ്ടപ്പെട്ടു. 'ലോകത്ത് ഖുര്‍ആനും സുന്നത്തും ശരിയായ അര്‍ഥത്തില്‍ മനസിലാക്കിയ, യഥാര്‍ഥ തൌഹീദില്‍ നിലകൊള്ളുന്ന ഏക കക്ഷി മുജാഹിദുകള്‍ മാത്രമാണെന്ന' വാദത്തിന്റെ തീവ്രതയില്‍ മറ്റുള്ളവരെ ദീനീ വൃത്തത്തില്‍ നിന്ന് പുറത്താക്കും വിധമുള്ള പ്രചാരണങ്ങളും നടന്നു. കാഫിര്‍, മുശ്രിക്, മുബ്തദിഅ്, ഖുറാഫി..... ആരോപണങ്ങള്‍ ഉന്നയിക്കാതിരിക്കാനുള്ള സൂക്ഷ്മത പലപ്പോഴും പ്രസംഗകര്‍ക്കും എഴുത്തുകാര്‍ക്കും കൈമോശം വന്നു. 'ശിര്‍ക്ക് ചെയ്യുന്നവന്‍ മുശ്രിക്കല്ലേ, അവനെ മുസ്ലിമായി ഗണിക്കാമോ, പിന്തുടര്‍ന്ന് നമസ്കരിക്കാമോ' തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയാണ്, ഒരു മുസ്ലിം രാഷ്ട്രീയ നേതാവിനെതിരെ 'ശിര്‍ക്ക്-കുഫ്ര്‍' ഫത്വ പുറപ്പെടുവിച്ച മുജാഹിദ് പ്രസംഗകന്റെ നടപടി.
ഇതിനെ ഒരു പ്രസംഗകന്റെ യാദൃഛിക പരാമര്‍ശമായി കാണാവുന്നതോ, സംഘടനയുടെ അച്ചടക്ക നടപടികള്‍കൊണ്ട് ലഘൂകരിക്കാവുന്നതോ അല്ല. ഗൌരവമുള്ള ചില വശങ്ങള്‍ അതിലടങ്ങിയിട്ടുണ്ട്. മുജാഹിദ് പ്രസ്ഥാനത്തിന്റെ തൌഹീദീ കാഴ്ചപ്പാട്, മുശ്രിക്ക്-കാഫിര്‍-മുര്‍ത്തദ്ദ്-മുനാഫിഖ് പ്രയോഗങ്ങളുടെ അടിസ്ഥാനം, മുസ്ലിം സമൂഹത്തിലെ മറുവീക്ഷണക്കാരോട് പുലര്‍ത്തേണ്ട സമീപനം, കുഫ്ര്‍-ശിര്‍ക്ക് ഫത്വകള്‍ പുറപ്പെടുവിക്കാനുള്ള മാനദണ്ഡവും അധികാരവും തുടങ്ങിയ മൌലിക വിഷയങ്ങളുമായി ഇത് ബന്ധപ്പെട്ടു കിടക്കുന്നു. മുജാഹിദ് സംഘടന പുലര്‍ത്തിവരുന്ന വിയോജിപ്പിന്റെ രീതിശാസ്ത്രത്തെയും വിമര്‍ശന സംസ്കാരത്തെയും പ്രശ്നവത്കരിക്കാനും ഇത് നിമിത്തമാകേണ്ടതുണ്ട്.
മുജാഹിദ് പ്രസ്ഥാനത്തിന്റെ സമീപകാല പാരമ്പര്യം ഇവ്വിഷയകമായി എന്താണെന്നും ചിന്തിക്കണം. മുസ്ലിം സമൂഹത്തില്‍ തങ്ങള്‍ക്ക് ആശയ വിയോജിപ്പുള്ളവര്‍ക്കെതിരെ ഇത്തരം പ്രയോഗങ്ങള്‍ അവര്‍ ധാരാളം നടത്താറുണ്ട്. ആദ്യ ഘട്ടത്തില്‍ അത് 'സമസ്ത'ക്കും അനുബന്ധ സംഘടനകള്‍ക്കുമെതിരായിരുന്നുവെങ്കില്‍, പിന്നീടത് ജമാഅത്തെ ഇസ്ലാമിക്കും സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിക്കും മറ്റും എതിരിലായിരുന്നു. കുഫ്റ് മുതല്‍ തീവ്രവാദവും ഭീകരവാദവും വരെയുള്ള 'ഫത്വ'കളിലൂടെ ആദര്‍ശ 'ശത്രു'ക്കളെ വേട്ടയാടിക്കൊണ്ട് സമീപകാലത്ത് രംഗത്തുവന്ന യുവ പ്രസംഗകര്‍ സകല പരിധികളും ലംഘിച്ചു മുന്നോട്ടുപോയി. ജമാഅത്ത്-മൌദൂദി വേട്ടയില്‍ യുവ മുജാഹിദ് പ്രസംഗകരെ മുസ്ലിം ലീഗും നന്നായി പ്രോത്സാഹിപ്പിച്ചു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത് ഇതിന്റെ ഏറ്റവും ജീര്‍ണമായ മുഖം നാം കണ്ടതാണ്. എന്നാല്‍, തങ്ങള്‍ പാലു കൊടുത്ത് വളര്‍ത്തിയവര്‍ തിരിഞ്ഞുകൊത്തുന്ന അനുഭവമാണ് ഇപ്പോള്‍ മുസ്ലിം ലീഗിന്. ആര്‍ക്കെതിരെയും എന്തും പ്രസംഗിക്കാനും എന്തിനെയും വിമര്‍ശിക്കാനും യുവ നിരയെ കയറൂരിവിട്ടതിന്റെ അനിവാര്യ തിരിച്ചടിയാണിത്. സംഘടന പുലര്‍ത്തിവരുന്ന വിമര്‍ശന സംസ്കാരം തിരുത്താതെ, നേതൃത്വത്തിന്റെ സ്വകാര്യ വിലാപങ്ങള്‍ കൊണ്ടോ അച്ചടക്ക നടപടികള്‍കൊണ്ടോ മാത്രം പരിഹരിക്കാവുന്നതല്ല ഈ പ്രശ്നങ്ങള്‍.

പുതിയ വിവാദങ്ങള്‍
50 വര്‍ഷം മുമ്പുള്ള പ്രവര്‍ത്തനങ്ങള്‍, പ്രമേയങ്ങള്‍, മുദ്രാവാക്യങ്ങള്‍, പ്രസംഗങ്ങള്‍, ലേഖനങ്ങള്‍ അപ്പടി ആവര്‍ത്തിച്ചുകൊണ്ട് ഒരു പരിഷ്കരണ പ്രസ്ഥാനത്തിന് ഏറെക്കാലം മുന്നോട്ടു പോകാനാകില്ല. അതിന്റെ പ്രവര്‍ത്തനമണ്ഡലം നാള്‍ക്കുനാള്‍ ചുരുങ്ങിവരും, ഭാവി ദിനംതോറും ഇരുളടഞ്ഞുകൊണ്ടിരിക്കും, ആശയങ്ങള്‍ വറ്റിത്തീരും. ഇത്തരമൊരവസ്ഥയെ അഭിമുഖീകരിച്ചപ്പോള്‍ പുതിയ പുതിയ വിഷയങ്ങള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങളിലായി മുജാഹിദുകളില്‍ ഒരു വിഭാഗത്തിന്റെ ശ്രദ്ധ. നിസ്സാര പ്രശ്നങ്ങള്‍ ഊതി വീര്‍പ്പിച്ച് തര്‍ക്കങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങി അവര്‍. താടിയുടെ നീളവും അത്തഹിയ്യാത്തിലെ വിലരനക്കവും പെരുന്നാള്‍ ആശംസയായ 'ഈദ് മുബാറക്കും' ഖുര്‍ആന്‍ പാരായണാനന്തരം പറയുന്ന 'സ്വദഖല്ലാഹുല്‍ അളീം' എന്ന വാചകവും തൌഹീദീ പ്രസ്ഥാനത്തിന്റെ ചര്‍ച്ചയില്‍ സജീവമായതങ്ങനെയാണ്. അവിടം കൊണ്ടൊന്നും കാര്യങ്ങള്‍ നിന്നില്ല. ഗവേഷണം നടത്താനും എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ യഥേഷ്ടം പ്രചരിപ്പിക്കാനും അനുവാദം നല്‍കി, സംഘടന പടച്ചുവിട്ട ആയിരക്കണക്കിന് സ്വതന്ത്ര ഗവേഷകര്‍ (മുജ്തഹിദ് മുത്വ്ലഖ്) ആദര്‍ശകാര്യങ്ങളില്‍ വരെ തീരുമാനമെടുക്കാന്‍ തുടങ്ങി. പൊതുജനങ്ങളുടെ മുമ്പില്‍ ചര്‍ച്ചക്ക് വെക്കരുതെന്ന് സംഘടന തീരുമാനിച്ച ചില വിഷയങ്ങള്‍ പുതിയൊരു അജണ്ട ലഭിച്ച ആവേശത്തില്‍ അവര്‍ പ്രചരിപ്പിക്കാന്‍ മുന്നോട്ടുവന്നു. അതിന്റെ കൂടി ഉല്‍പന്നമാണ് കത്തിപ്പടരുന്ന ജിന്ന് വിവാദം.
മുജാഹിദ് പ്രസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്ന പുതിയ വിഷയങ്ങളില്‍ ഒന്നു മാത്രമാണ് ജിന്നും സിഹ്റും. ആത്മീയ രംഗത്തെ അതിവാദങ്ങള്‍, താടിയുടെ നീളം പോലെ ചില ബാഹ്യ ചിഹ്നങ്ങളോടുള്ള ഭ്രാന്തമായ അഭിനിവേശം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വസ്ത്രധാരണം തുടങ്ങിയവയിലെ കടുത്ത നിലപാടുകള്‍, അറബ്വത്കരണ ത്വര, യമനിലേക്കും സാധ്യമാകാത്ത രാഷ്ട്രീയ സാഹചര്യത്തില്‍ സുഊദിയിലേക്കും ഹിജ്റ ചെയ്യാനുള്ള ആഹ്വാനം, കുടുംബ ജീവിതത്തില്‍ സൃഷ്ടിക്കുന്ന അസ്വാരസ്യങ്ങള്‍, തദ്വാരാ പുതിയ രൂപത്തില്‍ സംഭവിക്കുന്ന വിവാഹമോചനങ്ങള്‍, ബഹുഭാര്യാത്വാ പ്രവണതകള്‍, വഴിവിട്ട ആത്മീയ ചര്‍ച്ചകള്‍, ബഹുമത സമൂഹത്തില്‍ മറ്റു മതവിഭാഗക്കാരുമായുള്ള സ്നേഹ ബന്ധങ്ങളും സേവന പ്രവര്‍ത്തനങ്ങളും പാടില്ലെന്ന പ്രചാരണം തുടങ്ങി ഒട്ടേറെ പുതിയ വാദങ്ങളുടെ ഉല്‍പാദന കേന്ദ്രമാണിന്ന് മുജാഹിദ് പ്രസ്ഥാനം. സൂഫി ത്വരീഖത്തുകളോട് കിടപിടിക്കുന്ന ആത്മീയ തീവ്രവാദം ഒരു വിഭാഗം മുജാഹിദുകളില്‍ പതുക്കെ ശക്തിപ്പെട്ടുവരുന്നുണ്ട്. സ്ത്രീകളുടെ സാമൂഹിക പ്രവേശം തടയുക, മുഖം മറക്കാന്‍ നിര്‍ബന്ധിക്കുക, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ളാസ് മുറികള്‍ ഏര്‍പ്പെടുത്തുക, ആഇശാ ബീവിയുടെ വിവാഹ പ്രായം ചൂണ്ടിക്കാട്ടി ശൈശവ വിവാഹത്തിന് വാദിക്കുക, മഹ്റമുകള്‍ (വിവാഹം നിഷിദ്ധമായവര്‍) അല്ലാത്ത കുടുംബാംഗങ്ങള്‍ക്ക് പോലും വീടുകളിലേക്ക് പ്രവേശനം നിഷേധിക്കുക തുടങ്ങിയ അതിവാദങ്ങളും അങ്ങിങ്ങായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. സുബൈര്‍ മങ്കടയുടെ മുജാഹിദ്- സലഫിധാര ഈ രംഗത്ത് 'കനപ്പെട്ട' സംഭവാനകള്‍ നല്‍കുന്നുണ്ട്; പല അതിവാദങ്ങളും അദ്ദേഹത്തിലൂടെയാണത്രെ പ്രചരിക്കുന്നത്. ദീനീ പ്രവര്‍ത്തനത്തിന് സംഘടന പാടില്ല എന്നൊരു വാദവും ഇവര്‍ മുന്നോട്ടുവെക്കുന്നുണ്ട്. സ്വന്തം പ്രവര്‍ത്തനങ്ങളുടെ കൂടി ഫലമായി കേരളീയ മുസ്ലിം സമൂഹത്തിലുണ്ടായിത്തീര്‍ന്ന നവജാഗരണത്തിന്റെ സദ്ഫലങ്ങള്‍, നവയാഥാസ്ഥിതികതയിലേക്ക് വഴി വെട്ടിക്കൊണ്ട് പറിച്ചുകളയാനും കുഴിച്ചുമൂടാനുമാണോ ഇതിലൂടെ മുജാഹിദു പ്രസ്ഥാനത്തിലെ ചിലര്‍ ശ്രമിക്കുന്നത്? ഗതകാലത്തെ നല്ല പാരമ്പര്യത്തിലേക്ക് തിരിച്ചുപോകാനും വീഴ്ചകള്‍ തിരുത്തി ഗുണകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമുള്ള ശ്രമങ്ങളാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നിന്ന് ഉണ്ടാകേണ്ടത്. അത്തരം ഉദ്യമങ്ങളെ സര്‍വാത്മനാ പിന്തുണക്കാനും സഹൃദയര്‍ മുന്നോട്ടുവരണം.
അപചയത്തിന്റെ നിമിത്തങ്ങള്‍
ഇസ്ലാഹീ മൂവ്മെന്റും പിന്നീട് വന്ന മുജാഹിദ് പ്രസ്ഥാനവും മാനുഷികമായ ഇടര്‍ച്ചകളില്‍നിന്നും പോരായ്മകളില്‍നിന്നും ആദ്യകാലത്തേ പൂര്‍ണമുക്തമായിരുന്നില്ലെങ്കിലും, ആശങ്കജനകമായ വൈകല്യങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയത് 1970-കളിലാണ്. പിന്നീടത് ക്രമേണ അപകടകരമായ തലം കൈവരിക്കുകയും ഇന്നു കാണുന്ന പതനത്തില്‍ പ്രസ്ഥാനത്തെ കൊണ്ടെത്തിക്കുകയുമാണുണ്ടായത്. അതിന്റെ പ്രധാന നിമിത്തങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.
1. തൌഹീദിലെ ആശയക്കുഴപ്പം. തൌഹീദിന്റെ ബഹുമുഖതലങ്ങള്‍ മനസ്സിലാക്കുന്നതില്‍ സംഭവിച്ച പാളിച്ചയും വിശ്വാസ ആരാധനാ രംഗങ്ങളിലേക്ക് തൌഹീദിനെ ന്യൂനീകരിച്ചതും. മുജാഹിദ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവ് ഡോ. ഇ.കെ അഹ്മദ് കുട്ടി ഇവ്വിഷയകമായി നടത്തിയ ആത്മവിചാരണപരമായ വിശകലനം ചിന്തനീയമാണ് (മാധ്യമം ദിനപത്രം, 22-8-2002).
2. സാമൂഹികതയുടെ നിരാകരണം. ഇസ്ലാമിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍ബന്ധമായും ഇടപെടേണ്ടിയിരുന്ന സാമൂഹിക പ്രശ്നങ്ങളെ തൌഹീദീ പ്രബോധനത്തിന്റെ പേരില്‍ അവഗണിച്ചു.
3. വികാസക്ഷമതയുടെ നിഷേധം. ഇസ്ലാമിന്റെ കാലാനുസൃതമായ വികാസക്ഷമതയുടെ നിഷേധവും അക്ഷരവായനയിലധിഷ്ഠിതമായ ഭൂതകാല ഭക്തിയും.
4. അടിസ്ഥാനങ്ങളും ശാഖകളും തമ്മില്‍ അന്തരമില്ലാതെ നടത്തിയ പ്രബോധനവും കര്‍മശാസ്ത്രത്തിലെ നിദാനതത്ത്വങ്ങള്‍ (ഉസ്വൂലുല്‍ ഫിഖ്ഹ്) പരിഗണിക്കാത്ത നിയമവ്യാഖ്യാനങ്ങളും.
5. അരാഷ്ട്രീയവത്കരണം. ഇസ്ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കത്തോടു സ്വീകരിച്ച നിഷേധാത്മക സമീപനം.
6. സ്വയം നവീകരണത്തിന്റെ അഭാവം. ആത്മവിമര്‍ശനത്തെ ആത്മനിന്ദയായി കാണുകയും സ്വന്തം പാളിച്ചകള്‍ കണ്ടെത്താനും തിരുത്താനുമുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു. ഒരു പരിഷ്കരണ പ്രസ്ഥാനം സ്വയം നവീകരിച്ചു മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പിന്നീട് ആദരണീയനായ മൌലവി പി. മുഹമ്മദ് കുട്ടശ്ശേരിയും മുജീബുര്‍റഹ്മാന്‍ കിനാലൂരും മറ്റും മുന്നോട്ടുവെച്ചത് കാലാനുസൃതമായ വികാസത്തിന്റെ ശുഭസൂചനകങ്ങളാണ് (ശൈലിയില്‍ കാലോചിതമായ മാറ്റം ആവശ്യം- പി. മുഹമ്മദ് കുട്ടശ്ശേരി, നവോത്ഥാനത്തിന് പരിഷ്കരിച്ച അജണ്ട വേണം-മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ തുടങ്ങിയ ലേഖനങ്ങള്‍ ഉദാഹരണം. നവോത്ഥാന പ്രസ്ഥാനം വഴിയും പോരാട്ടവും, പേജ് 96,101, യുവത ബുക്സ് ഹൌസ് കോഴിക്കോട്).
7. തീവ്രമായ പ്രവര്‍ത്തനശൈലി. ആശയപരമായ വിയോജിപ്പുള്ളവരോട് പുലര്‍ത്തിയ 'ശത്രുതാ'പരമായ സമീപനം, പ്രബോധനരംഗത്ത് മുറുകെപ്പിടിച്ച കാര്‍ക്കശ്യം.
8. പക്വതയില്ലാത്ത യുവ സ്വതന്ത്ര ഗവേഷകരുടെ രംഗപ്രവേശവും അവരോടുള്ള തഖ്ലീദും.
9. ബഹുസ്വരതയുടെ നിരാകരണം. പ്രസ്ഥാനത്തിനകത്തെ വീക്ഷണ-പ്രവര്‍ത്തന വൈവിധ്യങ്ങളോടും മുസ്ലിം സമൂഹത്തിലെ ആശയവ്യത്യാസങ്ങളോടും സ്വീകരിച്ച നിഷേധാത്മകതയും രാഷ്ട്രത്തിന്റെ ബഹുമത സ്വഭാവം പരിഗണിക്കാത്ത പ്രബോധനശൈലിയും.
10. രാഷ്ട്രീയ വിധേയത്വം. മുസ്ലിം ലീഗിനോട് കാണിച്ച വിധേയത്വമനസ്സും ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാന്‍ നല്‍കിയ സ്വാതന്ത്യ്രവും പ്രസ്ഥാനത്തിന്റെ മതവീക്ഷണത്തിലും നിലപാടുകളിലും വ്യക്തി സംസ്കരണത്തിലും സൃഷ്ടിച്ച പ്രശ്നങ്ങള്‍.
11. സാമ്പത്തികം. സംഘടനയുടെ ഭൌതികവളര്‍ച്ചയും ഗള്‍ഫ് പണത്തിന്റെ ഒഴുക്കും മറ്റും സൃഷ്ടിച്ച സാമ്പത്തിക താല്‍പര്യങ്ങള്‍.
പിളര്‍പ്പാനന്തരം, ബഹുമാന്യരായ എ.പി അബ്ദുല്‍ ഖാദര്‍ മൌലവിയും ടി.പി അബ്ദുല്ല കോയ മദനിയും നേതൃത്വം നല്‍കുന്ന കെ.എന്‍.എം സംഘടനാപരമായി ആഭ്യന്തര ശൈഥില്യത്തെ അഭിമുഖീകരിക്കുന്നതായാണ് വാര്‍ത്തകള്‍. മുസ്ലിം സമൂഹത്തിലെ മറ്റു സംഘടനകള്‍ക്കെതിരെ മുജാഹിദ് പ്രസ്ഥാനം കാലാകാലങ്ങളില്‍ എന്തൊക്കെ തന്ത്രങ്ങള്‍ പ്രയോഗിച്ചുവോ അതെല്ലാം സംഘടനക്കകത്തെ മറു ഗ്രൂപ്പുകള്‍ക്കെതിരെ ഓരോ വിഭാഗവും പ്രയോഗിച്ചുകൊണ്ടിരിക്കുന്നു.
വ്യക്തിതാല്‍പര്യങ്ങള്‍ക്കും അധികാരമോഹത്തിനും ഗ്രൂപ്പ് പ്രവര്‍ത്തനത്തിനും ആശയപരമായ മാനം കൈവന്നത് ജിന്ന്-സിഹ്ര്‍ വിവാദത്തോടെയാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മുജാഹിദ് പ്രസ്ഥാനം നടത്തിയ ധീരമായ പോരാട്ടങ്ങളിലൂടെ ഉന്മൂലനം ചെയ്യപ്പെട്ട ജീര്‍ണതകള്‍ അതേ പ്രസ്ഥാനത്തിന്റെ ലേബലില്‍ പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ജിന്നുവാദികള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് യഥാവിധി പ്രതിരോധിക്കാന്‍ കെ.എന്‍.എം നേതൃത്വത്തിന് സാധിച്ചില്ലെങ്കില്‍ നവോത്ഥാനത്തിന്റെ മഹത്തായ പൈതൃകമുള്ള ഒരു പ്രസ്ഥാനം നവയാഥാസ്ഥിതികതയില്‍ തീര്‍ത്തും മുങ്ങിപ്പോകും.
മെറമ്വ്ൃസറ@ഴാമശഹ.രീാ

Comments

Other Post

ഖുര്‍ആന്‍ ബോധനം

അന്നഹ്ല്‍
എ.വൈ.ആര്‍