സംസ്കാരങ്ങള്‍ തമ്മിലുള്ള സംഭാഷണത്തില്‍ സവിശേഷ സ്ഥാനം വഹിച്ചിട്ടുണ്ട് ഇന്ത്യ
പ്രിയ ഇന്ത്യന്‍ സഹോദരന്മാരേ, സോദരിമാരേ!
ഞാന്‍ ലോകത്തിന്റെ മറ്റൊരു ഭാഗത്തുനിന്നാണ് വരുന്നത്. വളരെക്കാലം നിങ്ങളുടെ ശരീരത്തിനും ആത്മാവിനും ക്ഷതമേല്‍പിച്ചു കൊണ്ടിരുന്ന യൂറോപ്പില്‍ നിന്ന്. ഒരു പണ്ഡിതന്‍, സകല ആത്മീയതയുടെയും കേന്ദ്രമെന്ന് വിശേഷിപ്പിച്ച ഒരു നാട്ടിലെ, അതെ, ഇന്ത്യയിലെ ജനങ്ങളുടെ മുമ്പാകെ, നമ്രശിരസ്കനായിട്ടാണ് ഒരു പാശ്ചാത്യനായ ഞാന്‍ കടന്നുവരുന്നത്.
ഇന്ത്യ, വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും നാടാണ്. ഭഗവദ്ഗീതയുടേയും ഇസ്ലാമിന്റെയും നാട്; കബീറിന്റെ നാട്; അശോകന്റെയും അക്ബറിന്റെയും നാട്; മുഹമ്മദ് ഇഖ്ബാലിന്റേയും ടാഗോറിന്റെയും ഗാന്ധിയുടേയും നാട് - അതാണ് ഇന്ത്യയുടെ പൂര്‍ണ്ണ രൂപം.
എന്റെ സഹോദരങ്ങളെ, പ്രവാചകന്‍ മദീനയില്‍ അല്ലാഹുവിന്റെ ആജ്ഞ പ്രകാരം ഒരു മാതൃകാ സമൂഹം സ്ഥാപിക്കുകയുണ്ടായി. മറ്റു പൂര്‍വകാല സമൂഹങ്ങളില്‍നിന്ന് വ്യത്യസ്തമായി ഈ സമൂഹം, രക്തബന്ധത്തിലോ, വര്‍ഗത്തിലോ, ഭൂവുടമാവകാശത്തിന്റെ പേരിലോ; പോകട്ടെ, പഴയ പാരമ്പര്യങ്ങളുടെയും സംസ്കാരങ്ങളുടെയും പേരില്‍ പോലുമോ അല്ല സ്ഥാപിക്കപ്പെട്ടത്. മനുഷ്യനെ ഒരു വര്‍ഗത്തിനുള്ളില്‍ ഒതുക്കി നിര്‍ത്തുന്ന പഴയ കാലത്തുള്ള ഒരു ഘടകത്തിന്റെയും അടിസ്ഥാനത്തിലല്ല ഈ സമൂഹം സ്ഥാപിക്കപ്പെട്ടത്. വിശ്വാസത്തിലധിഷ്ഠിതമായിരുന്നു. അല്ലാഹുവിന്റെ ഏകത്വത്തിലും അവന്‍ സൃഷ്ടിച്ച് അര്‍ഥപൂര്‍ണമാക്കിയ ലോകത്തിന്റെ ഏകത്വത്തിലുമുള്ള വിശ്വാസത്തിലും അധിഷ്ഠിതമായിരുന്നു. അല്ലാഹു അവന്റെ പ്രവാചകരിലൂടെ മനുഷ്യ വര്‍ഗത്തിന് നല്‍കിയ ആഹ്വാനത്തിനുള്ള നിരുപാധികമായ കീഴടങ്ങലാണ് ആ സമൂഹത്തിന്റെ അസ്തിവാരം. ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും, ജീവശാസ്ത്രപരവും സാമൂഹികവും സാംസ്കാരികവുമായ സകല പരിഗണനകള്‍ക്കുമതീതമായി, പ്രപഞ്ചത്തിന് മുഴുവനുമായിട്ട് ഈ സമൂഹത്തിന്റെ കവാടം തുറന്നിട്ടിരിക്കുന്നു.
ഈ വിശ്വാസം പുതിയ വിശ്വാസമല്ല. താനൊരു പുതിയ മതം സ്ഥാപിച്ചെന്നു പ്രവാചകന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. മറിച്ച് അദ്ദേഹം അടിസ്ഥാനമതവും ആദ്യമതവുമായ, ആദമിന്റെ മതത്തെപ്പറ്റി എല്ലാവരെയും ഓര്‍മിപ്പിക്കാനാണ് ശ്രമിച്ചത്. സകല വസ്തുക്കളിലും നാം ചെയ്യുന്ന എല്ലാറ്റിലും ഉള്ള അടിസ്ഥാനപരമായ ഏകത്വം അംഗീകരിക്കുകയും നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ താല്‍പര്യങ്ങള്‍ പിന്‍പറ്റുന്നതിനു പകരം അല്ലാഹുവിന്റെ ശരീഅത്ത് പിന്‍പറ്റുകയുമാണ് ചെയ്യേണ്ടത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: "അല്ലയോ പ്രവാചകാ, നിനക്കു മുമ്പുള്ള ദൂതന്മാരോട് പറയപ്പെട്ടുകഴിഞ്ഞിട്ടുള്ളതല്ലാതെ ഒന്നും നിന്നോട് പറയപ്പെടുന്നില്ല''.
തുറന്ന ഹൃദയമുള്ള ഈ സമുദായം അല്ലാഹുവിന്റെ ഏകത്വം ഉറപ്പിച്ചു പ്രഖ്യാപിച്ചതോടൊപ്പം ഈ ലോകത്ത് നിലവിലുള്ള വിവിധ മതസമുദായങ്ങളുടെ അസ്തിത്വമംഗീകരിക്കുകയും ചെയ്തു. പ്രവാചകന്‍ മദീനയിലെ ജൂതസമുദായവുമായി ഒരു സന്ധിയിലേര്‍പ്പെടുകയും ആ സമുദായത്തെ അതിന്റെ സ്വന്തം നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തത് പ്രസിദ്ധമാണ്. നജ്റാനിലെ ക്രൈസ്തവ സമൂഹവുമായിട്ടും ഇതേ തരത്തില്‍ ഒരു കരാര്‍ അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പിന്‍ഗാമികളായി വന്ന 'ഖുലഫാഉര്‍റാശിദൂന്‍' (സച്ചരിതരായ ഖലീഫമാര്‍) ഈ ബന്ധങ്ങള്‍ വിപുലപ്പെടുത്തുകയും ഈ ഉടമ്പടികളില്‍ സൊറോസ്ട്രിയന്‍ മതക്കാരെയും ബുദ്ധമതക്കാരെയും കൂടി ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതില്‍ നിന്നു നമുക്കൊരു കാര്യം ഗ്രഹിക്കാം. ഒരു സാര്‍വലൌകിക ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കുക എന്ന പ്രവാചകന്റെ ആഗ്രഹം സഫലീകൃതമായിരുന്നെങ്കില്‍ തന്നെ, അത് വിവിധ മതസമുദായങ്ങളുടെ ഒരു ഫെഡറേഷന്‍ മാത്രമേ ആവുമായിരുന്നുള്ളൂ. വിവിധ സമുദായങ്ങള്‍ക്ക് ദൈവിക സന്ദേശം മനസിലാകത്തക്കവിധത്തില്‍, അവരുടെ ഭാഷകള്‍ സംസാരിക്കുന്ന പ്രവാചകന്മാരെ അയച്ചിരുന്നതായി വിശുദ്ധ ഖുര്‍ആന്‍ പല അദ്ധ്യായങ്ങളിലുമായി ആവര്‍ത്തിച്ചു പറയുന്നുണ്ട്. ഒരു മുസ്ലിം സകല പ്രവാചകന്മാരെയും ആദരിക്കണമെന്ന് ഖുര്‍ആന്‍ പറയുന്നു. വേദക്കാരുടെ പ്രവാചകന്മാരെപ്പറ്റി ഖുര്‍ആന്‍ ബഹുമാന പുരസ്സരമാണ് സംസാരിക്കുന്നത്. അതായത്, അബ്രഹാം, മോശെ, യേശു എന്നിവരെപ്പറ്റി. ഇങ്ങനെയും പറയുന്നു: "ചില പ്രവാചകന്മാരുടെ ചരിത്രം മുമ്പ് നിനക്ക് നാം വിവരിച്ചു തന്നുകഴിഞ്ഞു. പ്രവാചകന്മാരില്‍ മറ്റു ചിലരുടേത് നിനക്ക് നാം വിവരിച്ചു തന്നിട്ടുമില്ല'' (4:78).
മതങ്ങളുടെ പൊതു ഘടകം
ഈ മതങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന പൊതുവായ ചില ഘടകങ്ങളുണ്ട്: വളച്ചൊടിച്ചതെങ്കിലും, അടിസ്ഥാനപരമായി ദൈവത്തില്‍ നിന്നുള്ള ഒരു സന്ദേശം; അതു വളരെ ലളിതമായി ഇങ്ങനെ പറയാവുന്നതാണ്: ഒന്നാമതായി, അല്ലാഹുവിന്റെ ഏകത്വം, അതില്ലെങ്കില്‍ ഈ ലോകം അലങ്കോലപ്പെട്ടുപോകും. രണ്ടാമതായി, മനുഷ്യ വര്‍ഗത്തിന്റെ ഏകത്വം: ദൈവ ഭക്തി ഒന്നുകൊണ്ടു മാത്രമേ ഒരു മനുഷ്യന് മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠതയുണ്ടാവൂ. മൂന്നാമതായി, പ്രകൃതി പ്രതിഭാസങ്ങള്‍ മുതല്‍ പ്രവാചക ചരിത്രം വരെയുള്ള അല്ലാഹുവിന്റെ അടയാളങ്ങളെക്കുറിച്ച് അല്ലാഹു തന്നെ അവന്റെ വാക്യങ്ങളിലൂടെ വിശദീകരിച്ചു തരുന്ന ജീവിത ലക്ഷ്യത്തിലുള്ള ഏകത്വം; നാലാമതായി, അല്ലാഹുവിന്റെ ഇഛക്കൊത്തു മനുഷ്യ സമൂഹത്തെയും ഈ ലോകത്തെ തന്നെയും മാറ്റിയെടുക്കാനുള്ള മനുഷ്യന്റെ ഉത്തരവാദിത്വവും കര്‍ത്തവ്യവും. ഖുര്‍ആനില്‍ പറഞ്ഞതുപോലെ അല്ലാഹു അവന്റെ സന്ദേശം വിവിധ നിലവാരത്തിലുള്ള ആളുകള്‍ക്ക് മനസിലാകത്തക്ക വിധത്തില്‍, അതിനുവേണ്ട ഭാഷയില്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ വേണ്ടി തന്റെ പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍, ഈ മഹത്വമാര്‍ന്ന ഭാരതഭൂമിയില്‍ എത്തിയ ദൈവിക സന്ദേശത്തിന്റെ അവശിഷ്ടങ്ങള്‍ വേദങ്ങളിലും ഉപനിഷത്തുകളിലും, ഭഗവദ്ഗീതയിലും ഉണ്ടാവാതിരിക്കില്ല. പുരാതന സമൂഹങ്ങളിലെ ജനവിഭാഗങ്ങളുടെ സ്വഭാവമായിരുന്ന ബഹുദൈവ വിശ്വാസത്തോട് ഇടകലര്‍ന്നിട്ടായാലും വേദങ്ങളിലെ ഉദാത്തമായ കാവ്യാത്മകതയില്‍, ജീവിതത്തിന്റെയും മനുഷ്യന്റെയും പ്രകൃതിയുടെയും, സര്‍വോപരി ദൈവത്തിന്റെ ഏകത്വത്തിന്റെയും സന്ദേശം ഒളിഞ്ഞു കിടക്കുന്നു.
ഇന്ത്യയും ഹിന്ദുവും
ഹിന്ദുവും മുസ്ലിമും തമ്മില്‍ ആത്മാര്‍ഥവും അര്‍ഥപൂര്‍ണവുമായ സംവാദം നടക്കണമെങ്കില്‍ മുസ്ലിംകളോട് ഹിന്ദുവുമായുള്ള വ്യത്യാസങ്ങളൊക്കെ തുടച്ചു നീക്കാന്‍ പറയുകയല്ല വേണ്ടത്. അതുപോലെ മറിച്ചും.
ഫാദര്‍ മോണ്ട്ഷാനന്‍, ഒരു സന്ദര്‍ഭത്തില്‍ അദ്വൈതവും ദൈവത്തെപ്പറ്റിയുള്ള ക്രൈസ്തവ ആശയവും ബന്ധിപ്പിച്ചെഴുതുകയുണ്ടായി. ഏകദേശം അതുപോലെ നമുക്കും ഒരു കാര്യം ചെയ്യാം. അദ്വൈതത്തെപ്പറ്റിയും തൌഹീദിനെപ്പറ്റിയും, അഗാധമായ അതേസമയം ആത്മാര്‍ഥമായ ധ്യാനം നടത്താം. പക്ഷേ, അവ തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ ഓര്‍മിച്ചുകൊണ്ടും അവയെ വിലയിടച്ചു കാണാതെയും വേണം ഈ ധ്യാനം. അങ്ങനെ നാം ധ്യാനിച്ചാല്‍ ഏകത്വത്തെക്കുറിച്ചുള്ള നമ്മുടെ ആശയം സമ്പന്നമാവുകയും യഥാര്‍ഥ ഹിന്ദുവിന്റെയും യഥാര്‍ഥ മുസ്ലിമിന്റെയും പെരുമാറ്റം തമ്മിലുള്ള വ്യത്യാസങ്ങള്‍ നമുക്ക് മനസിലാവുകയും ചെയ്യും. കാരണം, ആ വ്യത്യാസങ്ങള്‍ അദ്വൈതത്തിന്റെയും തൌഹീദിന്റെയും വ്യത്യസ്ത ആശയങ്ങളില്‍ നിന്നും ഉരുത്തിരിയുന്നതാണ്.
മനുഷ്യനെ ആഗോള ആത്മാഹുതിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പാശ്ചാത്യ ജീവിതരീതിയുടെ പ്രകൃതിതത്ത്വജ്ഞാനപരവും വ്യക്തിമാഹാത്മ്യവാദപരവുമായ പ്രവണതകളില്‍ നിന്ന്, നമ്മെ മോചിപ്പിക്കാനാവശ്യമായ മാര്‍ഗങ്ങള്‍ നമുക്ക് കണ്ടുപിടിക്കേണ്ടതുണ്ട്. അതിനാവശ്യമായ ഒരു പൊതു ഗവേഷണത്തിലേക്ക് ഞാനിവിടെ സൂചിപ്പിച്ച തരത്തിലുള്ള സംവാദം നമ്മെ നയിക്കും. സംവാദത്തിലേര്‍പ്പെടുന്ന ഓരോ കക്ഷിയും മറുകക്ഷിയില്‍നിന്ന്, പലതും പഠിക്കാനുണ്ട് എന്ന ബോധ്യത്തോടെ അക്കാര്യത്തിന്ന് മുതിരുമ്പോള്‍ മാത്രമാണ് യഥാര്‍ഥ സംഭാഷണമുണ്ടാവുക.
പാശ്ചാത്യ പ്രത്യയശാസ്ത്രങ്ങളുടെ ആക്രമണത്തിനെതിരില്‍, വിശേഷിച്ച് സകല ധാര്‍മികതയും മൂല്യങ്ങളും നിഷേധിക്കുന്ന പ്രകൃതി തത്ത്വജ്ഞാനവാദത്തിന്നും മനുഷ്യന്റെ സാമൂഹികവശത്തെ നിഷേധിക്കുന്ന വ്യക്തിമാഹാത്മ്യവാദത്തിനും എതിരെ ചെറുത്തുനില്‍ക്കാന്‍, മുസ്ലിംകളും ഹിന്ദുക്കളും തോളോടു തോള്‍ ചേര്‍ന്നു പൊരുതേണ്ടതാവശ്യമാണ്.
ഇന്ത്യ അതിന്റെ ചരിത്രാരംഭം മുതല്‍, സംസ്കാരങ്ങള്‍ തമ്മിലുള്ള സംഭാഷണത്തില്‍ സവിശേഷമായ സ്ഥാനം വഹിച്ചിട്ടുണ്ട്. ഹിന്ദുക്കുഷ് മലമ്പാതകള്‍ കടന്നുവന്ന ആര്യന്മാരായ നാടോടികള്‍, സിന്ധു നദീതടത്തില്‍ നിലനിന്നിരുന്ന പ്രകാശപൂരിതവും എന്നാല്‍ ശാന്തവുമായ സംസ്കാരങ്ങളുമായി ഇടകലര്‍ന്നതിന്റെ അവശിഷ്ടങ്ങള്‍ ഇന്നും മോഹന്‍ജദാരോയില്‍ കാണാം. അവര്‍ തെക്കുള്ള ദ്രാവിഡന്മാരെയും കണ്ടുമുട്ടുകയുണ്ടായി. കടല്‍വഴി ആഫ്രിക്കക്കാരുമായി പണ്ടേ ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് നമുക്ക് വിശ്വസിക്കാന്‍ ന്യായവുമുണ്ട് എന്നത് ഇവിടെ പ്രസക്തമാണ്.
പില്‍ക്കാലത്ത് ഇസ്ലാം ഇവിടെ വേരുറപ്പിച്ചു. അങ്ങനെയുണ്ടായ ഹൈന്ദവ-മുസ്ലിം സമ്മേളനത്തില്‍നിന്നും, അശോകന്റെയും അക്ബറിന്റെയും സംഗമത്തില്‍ നിന്നും എന്തു ഫലമാണുണ്ടാവുകയെന്ന് അക്കാലത്തെ മഹാന്മാരായ ചിന്തകര്‍ക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞിരുന്നു. ഇന്ത്യന്‍ പാരമ്പര്യങ്ങളില്‍ ഏറ്റവും അത്ഭുതകരമായത് ഇവിടെ ആരും അവരുടെ സ്വന്തം ജനവിഭാഗത്തിന് സത്യത്തിനുപരി പ്രാധാന്യം കൊടുത്തിരുന്നില്ല എന്നതാണ്. അശോകന്‍ തന്റെ പന്ത്രണ്ടാം സ്മാരകത്തില്‍ കൊത്തിവച്ച രാജശാസനങ്ങളില്‍ ഇങ്ങനെ കാണാം: "ചക്രവര്‍ത്തി സകല മതവിശ്വാസങ്ങളെയും ബഹുമാനിക്കണം. എല്ലാ മതങ്ങളുടെയും പാവനഗ്രന്ഥങ്ങള്‍ എന്റെ സംരക്ഷണത്തിലായിരിക്കും''.
ഇതേ ശൈലിയില്‍തന്നെ, മുഗളനായ അക്ബര്‍ ഹിന്ദു പണ്ഡിതന്മാരില്‍ നിന്നും ക്രൈസ്തവ സന്യാസിമാരില്‍ നിന്നും ഉപദേശം കൈക്കൊള്ളുകയുണ്ടായി.
ഇതാണ് കബീറിന്റെയും ടാഗോറിന്റെയും ഇഖ്ബാലിന്റെയും പാരമ്പര്യം, ഈ മനുഷ്യര്‍, മുസ്ലിംകളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ഹിന്ദുക്കളും ഒത്തൊരുമിക്കുന്ന ഒരു ഇന്ത്യയെ വിഭാവനം ചെയ്തു. അവിടത്തെ മനുഷ്യര്‍ ഒരു വര്‍ഗത്തിന്റെ ഭൂതകാലത്തെയോ, ഒരു ഭൂപ്രദേശത്തെയോ, ഒരു വിഭാഗത്തെ പ്രത്യേകമായിട്ടോ ആദരിക്കില്ല. മറിച്ച്, ദൈവികവും കാരുണ്യം നിറഞ്ഞതുമായ ഒരു ഭാവിയെ മുന്നില്‍കണ്ടുകൊണ്ട്, ഒരു ലോകസമൂഹം നിലവില്‍ വരാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും. ആ സമൂഹത്തില്‍,ഓരോ മനുഷ്യനും, അവന് ദൈവം നല്‍കിയ കഴിവുകള്‍ സഫലീകരിക്കാന്‍ ആവശ്യമായ സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക നേട്ടങ്ങള്‍ തുറന്നുകിട്ടുകയും ചെയ്യും.
പാശ്ചാത്യ കൊളോണിയലിസം തകര്‍ത്തുകളഞ്ഞ, അതീന്ദ്രിയാസ്തിത്വത്തിന്റെയും സനാതനധര്‍മത്തിന്റെയും ആദ്ധ്യാത്മികമാനങ്ങള്‍ വീണ്ടെടുക്കാന്‍ ലോകത്തെ സഹായിക്കുന്നതില്‍, ഇന്നത്തെ ഇന്ത്യക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്.
ഇവിടെ ഞാന്‍ ഇന്ത്യയെ ഒന്നായി കാണുന്നു. ഗാന്ധിയുടെയും ഇഖ്ബാലിന്റെയും ഇന്ത്യ. ഈ ഇന്ത്യക്ക് ലോകത്തിന് തുടര്‍ന്നു നിലനില്‍ക്കാനാവശ്യമായതെന്തോ, അതു നല്‍കാന്‍ കഴിയും.
ഹിന്ദുക്കളും മുസ്ലിംകളുമായ നമുക്ക് മറി കടക്കാനാവാത്ത വ്യത്യാസങ്ങള്‍ നമുക്കിടയിലുണ്ടെങ്കില്‍, നമുക്ക് അവ ദൈവത്തോടുള്ള പ്രേമമാകുന്ന അഗ്നിയില്‍ എരിച്ചുകളയാം. ഒരു തുര്‍ക്കി കവി പാടിയതു പോലെ,
ഞാന്‍ എരിയുന്നില്ലെങ്കില്‍,
നീ എരിയുന്നില്ലെങ്കില്‍,
നമ്മള്‍ എരിയുന്നില്ലെങ്കില്‍,
രാവ് എങ്ങനെ വെളിച്ചമാവും?
അങ്ങനെ, നമുക്ക് നമ്മുടെ രണ്ടു കൂട്ടരുടെയും ദൈവത്തിന്റെ മുമ്പില്‍ ചെല്ലാം; ആദമിനെയും അര്‍ജുനനെയും മുഹമ്മദിനെയും അദ്ദേഹത്തിന്റെ ഖലീഫമാരെയും സൃഷ്ടിച്ച ദൈവത്തിന്റെ മുമ്പില്‍. നമ്മെ അവന്‍ ഏല്‍പിച്ച കര്‍ത്തവ്യങ്ങള്‍ നാം നിര്‍വഹിച്ചു എന്നു സാക്ഷ്യം വഹിക്കാനായി നമ്മുടെ ഇരുകരങ്ങളും ഒരേ ലക്ഷ്യത്തിലേക്കുയര്‍ത്തിക്കൊണ്ട് നമുക്ക് സാക്ഷ്യം വഹിക്കുക. അല്ലാഹുവിന്റെ വിശ്വാസമാര്‍ജിച്ച ഖലീഫമാര്‍-പ്രതിനിധികള്‍-എന്ന നിലയില്‍ അവന്റെ ഇഛ പൂര്‍ത്തീകരിക്കാന്‍ വേണ്ടി ഈ ലോകത്തെ നാം പരിവര്‍ത്തിപ്പിച്ചു കഴിഞ്ഞാല്‍ നമുക്ക് അല്ലാമാ മുഹമ്മദ് ഇഖ്ബാലിനോടൊപ്പം, അവനോട് പറയാം:
"നീ രാത്രിയുണ്ടാക്കി;
ഞാന്‍ വിളക്കും.
നീ കളിമണ്ണുണ്ടാക്കി;
ഞാന്‍ കോപ്പയും.
ഈ ലക്ഷ്യത്തിലെത്തിച്ചേരാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് തൌഹീദ് അഥവാ ഏകത്വം.
വിവ: പ്രഫ: പി.പി ഷാഹുല്‍ ഹമീദ്
(പ്രബോധനം വാരിക
1985 ഫിബ്രവരി 16-23 ലക്കങ്ങളില്‍ പ്രസിദ്ധീകരിച്ചത്)
Comments