Prabodhanm Weekly

Pages

Search

2012 ജൂലൈ 7

നവജാഗരണത്തില്‍ പരിഷ്കര്‍ത്താക്കളുടെ കൈയൊപ്പ്

പി.കെ ജമാല്‍

ഭരണാധികാരി നേതൃത്വം കൊടുത്ത ജനകീയ മുന്നേറ്റങ്ങള്‍ രാജ്യത്തിനും സമൂഹത്തിനും ഉണ്ടാക്കിയ നന്മയുടെ നിദര്‍ശനമാണ് ഉമറുബ്നുല്‍ അബ്ദില്‍ അസീസിന്റെ പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ തെളിഞ്ഞുകണ്ടത്. സമൂഹത്തെ മൊത്തം തന്റെ വീക്ഷണഗതിക്കനുരോധമായി മാറ്റിയെടുക്കുകയും വിവിധ ശ്രേണികളിലെ പ്രതിഭയും കഴിവും കൂട്ടിയിണക്കി നവോത്ഥാനത്തിന്റെ ചാലക ശക്തിയാക്കി പരിവര്‍ത്തിപ്പിക്കുകയും ചെയ്തുവെന്നതാണ് ഉമറുബ്നു അബ്ദില്‍ അസീസിന്റെ പ്രത്യേകത. പണ്ഡിതന്മാരും ചിന്തകന്മാരും സാധാരണക്കാരുമെല്ലാമടങ്ങുന്ന സമൂഹത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാനുള്ള വിശാലത ആ ഭരണാധികാരി പ്രദര്‍ശിപ്പിച്ചു. വിജ്ഞാനത്തിന്റെ വസന്തകാലമായിരുന്നു അത്. നന്മയുടെയും ധര്‍മത്തിന്റെയും വിലാസവേദിയായി രാജ്യം. ഉമറുബ്നു അബ്ദില്‍ അസീസിന്റെ മരണത്തോടെ ഖിലാഫത്ത് വീണ്ടും രാജാധിപത്യത്തിന് വഴിമാറി. രാഷ്ട്രീയ വീക്ഷണത്തില്‍ വന്ന മാറ്റങ്ങള്‍ നാളതുവരെയുണ്ടായ നേട്ടങ്ങളെ കാറ്റില്‍ പറത്തിയെങ്കിലും ഇസ്ലാമിക ധൈഷണിക മണ്ഡലത്തിലും വൈജ്ഞാനികമേഖലയിലും സംജാതമായ പുത്തനുണര്‍വിന് ഒരു മങ്ങലുമേറ്റില്ല. ബനൂ ഉമയ്യ-അബ്ബാസി ഭരണകൂടങ്ങള്‍ ഈ നവജാഗരണത്തെ തല്ലിക്കെടുത്താന്‍ ആവത് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വാളും ചമ്മട്ടിയും പരാജയപ്പെട്ടപ്പോള്‍ ദിര്‍ഹമും ദീനാറുമൊഴുക്കി നോക്കി. ഖുര്‍ആനും സുന്നത്തും സൂക്ഷ്മമായി പഠിക്കുകയും അവഗാഹം നേടുകയും ചെയ്ത പണ്ഡിതന്മാര്‍ ഇജ്തിഹാദിന്റെയും ഗ്രന്ഥ രചനയുടെയും രംഗത്തേക്ക് തിരിഞ്ഞു. ഇസ്ലാമിക നിയമസംഹിതയുടെ സര്‍വതലസ്പര്‍ശിയായ വിജ്ഞാനശാഖകളും നാഗരികതയുടെ നവനിര്‍മിതിക്ക് സഹായകമായ അടിസ്ഥാനങ്ങളും ഖുര്‍ആന്റെയും സുന്നത്തിന്റെയും നിദാനശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ അവര്‍ നിര്‍ധാരണം ചെയ്തെടുത്തു. ഹിജ്റ രണ്ടാം നൂറ്റാണ്ടുമുതല്‍ നാലാം നൂറ്റാണ്ടുവരെ നിലനിന്നു ഈ ജ്ഞാനോദയത്തിന്റെ സുവര്‍ണകാലം.
ഇസ്ലാമിക ലോകത്തെ പ്രഖ്യാതരായ അഇമ്മത്തുല്‍ അര്‍ബഅഃ (നാലു ഇമാമുമാര്‍)യാണ് വൈജ്ഞാനിക നവോത്ഥാനത്തിന് സാരഥ്യം വഹിച്ചത്. ഉമറുബ്നു അബ്ദില്‍ അസീസിന്റെ യുഗത്തില്‍നിന്ന് തുടങ്ങിയ ഈ നീരോട്ടം സംവത്സരങ്ങള്‍ പിന്നിട്ട് മുസ്ലിം ലോകത്തിന്റെ ശാദ്വല ഭൂമികളിലൂടെ പരന്നൊഴുകിയപ്പോള്‍ ഇമാം അബൂഹനീഫയും ശാഫിഈയും മാലിക്കും അഹ്മദുബ്നു ഹമ്പലും പിറന്നുവീഴാനുള്ള മണ്ണൊരുങ്ങി. വിജ്ഞാനത്തിന്റെ പൂക്കാലം തുടങ്ങി.
ഭരണകൂടത്തില്‍നിന്ന് ഇമാമുമാര്‍ക്ക് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ക്ക് കൈയും കണക്കുമില്ല. ഭരണാധിപന്മാരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാന്‍ കൂട്ടാക്കാതിരുന്ന ആ പണ്ഡിത കേസരികളില്‍ മര്‍ദനങ്ങളുടെയും പീഡനങ്ങളുടെയും പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തി. അറിയുമ്പോള്‍ വിറങ്ങലിച്ചുപോകുന്ന മര്‍ദന പരമ്പരകള്‍. ഇമാം അബൂഹനീഫക്ക് ജയില്‍ ജീവിതവും ചമ്മട്ടി പ്രഹരവുമായിരുന്നു തുടരെത്തുടരെ. വിഷം പോലും ആ മഹാരഥന് നല്‍കപ്പെട്ടു. അബ്ബാസി ഭരണാധിപനായ മന്‍സൂറിന്റെ കാലത്ത് എഴുപത് ചമ്മട്ടി പ്രഹരം ഏല്‍ക്കേണ്ടിവന്ന പണ്ഡിത പ്രതിഭയാണ് ഇമാം മാലിക്. ജയിലിലെ കിങ്കരന്മാര്‍ തോളിലും കൈപ്പലയിലും ഏല്‍പിച്ച ക്രൂരഭേദ്യം കാരണം കൈകളിലൊന്ന് പിരിഞ്ഞ് അനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഇമാം മാലിക്. മഅ്മൂന്റെയും മുഅ്തസിമിന്റെയും വാസിഖിന്റെയും ഭരണകാലഘട്ടങ്ങളില്‍ പൈശാചിക വേട്ടകള്‍ക്ക് ഇമാം അഹ്മദുബ്നു ഹമ്പല്‍ ഇരയായി. അദ്ദേഹത്തിനേറ്റ ചമ്മട്ടി പ്രഹരങ്ങള്‍ക്ക് ആനയാണ് ഇരയായതെങ്കില്‍ ആന ചരിഞ്ഞേനെയെന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്. പീഡനങ്ങളുടെ കാഠിന്യത്താല്‍ നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാതെ വേദന തിന്നുന്ന അഹ്മദുബ്നു ഹമ്പലിനോട് ശിഷ്യന്മാര്‍ ചോദിച്ചു: "മഹാനായ ഇമാം, എപ്പോഴാണ് ഇതിനൊരു അറുതി? എന്നാണ് അങ്ങേക്ക് ഒരു വിശ്രമം?'' ഉറച്ച സ്വരത്തില്‍ സുസ്മേരവദനനായി ഇമാം: "സ്വര്‍ഗത്തില്‍ ആദ്യത്തെ കാലടി പതിയുമ്പോള്‍.'' മുതവക്കിലിന്റെ ഭരണകാലത്ത് സമ്മാനങ്ങളും ഉപഹാരങ്ങളും ബഹുമതികളും കൊണ്ട് ഇമാം അഹ്മദിനെ വരുതിയിലാക്കാനായി ശ്രമം. ഈ സമീപനത്തെക്കുറിച്ചും പ്രീണനങ്ങളെക്കുറിച്ചും ഇമാം രാജാകൊട്ടാരത്തില്‍ പറഞ്ഞതിങ്ങനെ: "മര്‍ദനപരമ്പരകളേക്കാള്‍ കൈപ്പുറ്റതും കഠിനവുമാണ് ഈ പുരസ്കാരങ്ങളും ബഹുമതികളും ഉപഹാരങ്ങളും. എനിക്ക് ഇവയൊന്നും ആവശ്യമില്ല.''
ഓരോ കാലഘട്ടത്തിലെയും ഭരണാധികാരികളുടെ അതിക്രമങ്ങള്‍ അതിജീവിച്ച് പരിഷ്കര്‍ത്താക്കളായ ആ പണ്ഡിത പ്രതിഭകള്‍ നടത്തിയ ഗവേഷണങ്ങളും രചിച്ച ഗ്രന്ഥങ്ങളും ഇസ്ലാമിക വിജ്ഞാനത്തിന് കനത്ത ഈടുവെപ്പായി. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അവര്‍ വെട്ടിത്തെളിയിച്ച വിജ്ഞാന പാതയിലൂടെയല്ലാതെ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ പുതിയ ഗവേഷണയാത്രകള്‍ സാധ്യമല്ലെന്ന നില വന്നത് മഹാന്മാരായ ആ പണ്ഡിത കേസരികള്‍ക്കുള്ള അംഗീകാരമാണ്. നാല് ഇമാമുമാരും സ്ഥാപിച്ചെടുത്ത ചിന്താസരണി ദേശ-കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു.

ഇമാം ഗസാലി (ഹിജ. 450-505- ക്രി. 1058-1111)
ഉമറുബ്നു അബ്ദില്‍ അസീസിന്റെ കാലശേഷം രാജാധിപത്യത്തിലേക്ക് തിരിച്ചുപോയ ഭരണക്രമം ഇസ്ലാമിനേല്‍പിച്ച ആഘാതങ്ങള്‍ മാരകമായിരുന്നു. അമവി-അബ്ബാസി ഭരണസ്വരൂപങ്ങളും തുര്‍ക്കി രാജാക്കന്മാരും രാജ്യ ഭാരമേറ്റപ്പോള്‍ ഗ്രീക്ക് -റോമാ-അനറബി തത്ത്വശാസ്ത്രങ്ങളും ചിന്തകളും ഇസ്ലാമിക ലോകത്തേക്ക് മലവെള്ളപ്പാച്ചിലായി ഇരമ്പിക്കയറി. ഭരണത്തിന്റെയും രാഷ്ട്ര സമ്പത്തിന്റെയും പിന്‍ബലത്തോടെ ഇറക്കുമതി ചെയ്യപ്പെട്ട നൂതന ജാഹിലിയ്യാ ചിന്തകളുടെ സ്വാധീനം പൊതുജീവിതത്തിലും കലയിലും നാഗരികതയിലും പ്രകടമായി. ഹിജ്റ അഞ്ചാം നൂറ്റാണ്ടിന്റെ ഈ മധ്യകാലഘട്ടം ഒരു പരിഷ്കര്‍ത്താവിനെയും വിമോചനത്തിന്റെ തേരാളിയെയും തേടുകയായിരുന്നു. ഭരണാധികാരികളുടെ പ്രോത്സാഹനത്താല്‍ ഇസ്ലാമേതര പ്രത്യയശാസ്ത്രങ്ങളും തത്ത്വചിന്തകളും മുസ്ലിം സമൂഹത്തില്‍ ഭിന്നതകള്‍ക്ക് വിത്ത് പാവുകയും ഒന്നായി നിന്ന സമൂഹം വിവിധ കക്ഷികളായി വേര്‍പിരിഞ്ഞ് പരസ്പരം പോരടിക്കുകയും ചെയ്തുപോന്ന ദുര്‍ഭഗ ദൃശ്യങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ ഇമാം ഗസാലി തന്റെ ജീവിതദൌത്യം മനസിലാക്കി പരിഷ്കരണ പ്രവര്‍ത്തനങ്ങളുമായി മുന്നേറി. ഇമാം ഗസാലിയുടെ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.
1. ഗ്രീക്ക് തത്ത്വശാസ്ത്രം സൂക്ഷ്മമായി പഠിച്ച് അവ വിമര്‍ശനവിധേയമാക്കി. ജനഹൃദയങ്ങളില്‍ അവക്കുണ്ടായിരുന്ന അപ്രമാദിത്വം ചോദ്യം ചെയ്തു. ദൈവപ്രോക്ത വചനമെന്നോണം ഗ്രീക്ക് തത്ത്വശാസ്ത്രങ്ങളെ പുല്‍കിയ ജനഹൃദയങ്ങളെ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും തിരിച്ചുകൊണ്ടുവന്നു. ഇസ്ലാമിക രാഷ്ട്രങ്ങളില്‍ മാത്രമല്ല യൂറോപ്പിലേക്കും ഗസാലിയുടെ വിമര്‍ശന ചിന്തകള്‍ വ്യാപിച്ചു. വൈജ്ഞാനിക വിമര്‍ശനങ്ങളുടെയും നിരൂപണങ്ങളുടെയും പുതുയുഗപ്പിറവി ഗസാലിയുടെ ആഗമനത്തോടെയായിരുന്നു.
2. പരസ്പരം പോരടിച്ച മുസ്ലിം കക്ഷികള്‍ക്കിടയില്‍ ഭിന്നതകള്‍ക്ക് കാരണമായ വിഷയങ്ങളുടെ യാഥാര്‍ഥ്യം തുറന്നുകാണിക്കുകയും തങ്ങളുടെ നിലപാടുകള്‍ പുനഃപരിശോധനക്ക് വിധേയമാക്കാന്‍ ആ വിഭാഗങ്ങളെ നിര്‍ബന്ധിതമാക്കുകയും ചെയ്തു. വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും അതിരുകള്‍ക്കകത്ത് നിന്നുകൊണ്ട് അഭിപ്രായങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും പോകാവുന്ന അറ്റം നിര്‍ണയിച്ചുകൊടുത്തു. അതോടെ പരസ്പരം കാഫിറാക്കുന്ന പ്രവണതക്ക് അറുതിവന്നു. ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ ജാഹിലിയ്യാ തത്ത്വസംഹിതകളുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിച്ച് പരസ്പരം കുഫ്ര്‍ ഫത്വകളിറക്കി കളിച്ചിരുന്ന പുരോഹിത കൂട്ടങ്ങളില്‍ നിന്ന് ബഹുജനങ്ങളെ മോചിപ്പിച്ചെടുക്കുകയും യഥാര്‍ഥ വിശ്വാസ ദര്‍ശനങ്ങളിലേക്ക് അവരെ നയിക്കുകയും ചെയ്തു.
3. അന്ധമായ അനുകരണഭ്രമത്തില്‍ നിന്ന് മുസ്ലിം സമൂഹത്തെ മോചിപ്പിച്ച് ഇജ്തിഹാദിന്റെയും ഗവേഷണങ്ങളുടെയും ലോകത്തേക്ക് അവരെ നയിച്ചു. ഖുര്‍ആന്റെയും സുന്നത്തിന്റെയും സ്വഛമായ ഉറവിടങ്ങളില്‍നിന്ന് വിജ്ഞാനമാര്‍ജിക്കാന്‍ അവരെ പ്രേരിപ്പിച്ചു.
4. കാലം ചവച്ചുതുപ്പിയ വിദ്യാഭ്യാസ രീതികള്‍ക്ക് പകരം പുതിയ പാഠ്യപദ്ധതിക്ക് രൂപം നല്‍കി. മത-ഭൌതിക വിജ്ഞാനീയങ്ങളെ കൂട്ടിയിണക്കുകയും ശര്‍ഈ വിജ്ഞാനീയം എന്ന പേരില്‍ കടന്നുകയറിയ, ദീനില്‍ ഒരു പ്രധാന്യവുമില്ലാത്ത വിജ്ഞാനശാഖകള്‍ ഒഴിവാക്കി അറിവിന്റെ നവീകരണത്തിന് അടിത്തറ പാവുകയും ചെയ്തു. നൂറ്റാണ്ടുകളെ അതിജീവിച്ച് മുസ്ലിം ലോകത്തുടനീളം പാഠ്യപദ്ധതികള്‍ക്ക് ആധാരമായി നിലകൊള്ളുന്നത് വിദ്യാഭ്യാസ രംഗത്തെ ഗസാലിയുടെ ചിന്തകളും പ്രവര്‍ത്തനങ്ങളുമാണ്.
5. ജനങ്ങളുടെ പൊതു സ്വഭാവരീതികളെക്കുറിച്ച് ആഴത്തില്‍ പഠിച്ച ഗസാലി ആ രംഗത്തും മാറ്റമുണ്ടാക്കി. തന്റെ നീണ്ടയാത്രകളും ദേശാന്തര സഞ്ചാരങ്ങളും അദ്ദേഹത്തിന് നല്‍കിയ അനുഭവങ്ങളും അറിവുകളും സ്വഭാവ നിര്‍മിതിക്ക് ഉപയുക്തമായ മഹത്തായ ഇഹ്യാ ഉലൂമിദ്ദീന്‍ ഗ്രന്ഥരചനക്ക് നിമിത്തമായി.
6. നിലവിലുള്ള ഭരണകൂടങ്ങളെ ധീരമായും നിര്‍ഭയമായും തികഞ്ഞ സ്വാതന്ത്യ്രബോധത്തോടെയും വിമര്‍ശിച്ച ഗസാലി, ഭരണാധികാരികളെ നേര്‍വഴിയില്‍ കൊണ്ടുവരികയും ബഹുജനങ്ങളില്‍ സ്വതന്ത്രവും ധീരവുമായ നിലപാടുകള്‍ സ്വീകരിക്കാനുള്ള ആര്‍ജവം സൃഷ്ടിക്കുകയും ചെയ്തു. രാഷ്ട്രീയ മാറ്റങ്ങള്‍ക്കുള്ള സംഘടിത പ്രസ്ഥാനങ്ങള്‍ക്ക് ഇമാം ഗസാലി രൂപം നല്‍കിയിരുന്നില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടങ്ങളില്‍ ചെറിയ തോതിലല്ലാതെ വലുതായ സ്വാധീനം ചെലുത്തിയതായി ചരിത്രം വിധിയെഴുതുന്നില്ല. ഗസാലിയുടെ കാലശേഷം സ്ഥിതിഗതികള്‍ മോശമാവുകയും വൈകാതെ താര്‍ത്താരികളുടെ കടന്നുകയറ്റത്തിന് മുസ്ലിം രാജ്യങ്ങളും സമൂഹവും ശരവ്യമാവുകയും ചെയ്തു.

ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ (ഹി. 661-726, ക്രി. 1263-1328)
ഗസാലിക്കു ശേഷം 156 വര്‍ഷം പിന്നിട്ടപ്പോള്‍ ഹിജ്റ ഏഴാം നൂറ്റാണ്ടില്‍ ഇബ്നുതൈമിയ്യ ഭൂജാതനായി. അരനൂറ്റാണ്ടുകാലം താര്‍ത്താരികളുടെ ആക്രമണം മൂലമുണ്ടായ നിരന്തര പരാജയങ്ങളേറ്റുവാങ്ങി മനോവീര്യം തകര്‍ന്ന മുസ്ലിം സമൂഹം. താര്‍ത്താരികള്‍ പിന്നീട് ഇസ്ലാമില്‍ പ്രവേശിച്ചെങ്കിലും തങ്ങളുടെ മുന്‍ഗാമികളായ തുര്‍ക്കി ഭരണാധികാരികളേക്കാള്‍ കടുത്ത ജാഹിലിയ്യാ വികല വിശ്വാസത്തിന്നുടമകളായിരുന്നു അവര്‍. താര്‍ത്താരികളുടെ സ്വാധീനത്തിന് പൊതുജനങ്ങളും പണ്ഡിതന്മാരും ഫുഖഹാക്കളും ന്യായാധിപന്മാരും ഒരുപോലെ വിധേയരായി. തഖ്ലീദ് സര്‍വ വ്യാപിയായി. ഇജ്തിഹാദ് കുറ്റമായി. ബിദ്അത്തുകളും അന്ധവിശ്വാസങ്ങളും ദീനിന്റെ ഭാഗമായി. ഈ അവസ്ഥയില്‍ മനംനൊന്ത് സ്വൂഫിവര്യന്മാരും പണ്ഡിതന്മാരും ചിന്തകന്മാരും മാറ്റത്തിനു വേണ്ടി അദമ്യമായി ആഗ്രഹിച്ചുവെങ്കിലും ഇരുളടഞ്ഞ ആ കാലഘട്ടത്തിന് വെളിച്ചം നല്‍കാനും പരിഷ്കരണ -നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ധീരമായ നേതൃത്വം നല്‍കാനും ഒരൊറ്റ വ്യക്തിത്വം മാത്രമേ ഉണ്ടായുള്ളൂ-ഇബ്നു തൈമിയ്യ എന്ന ഒറ്റയാന്‍.
ഹദീസില്‍ ഇമാമായിരുന്നു ഇബ്നു തൈമിയ്യ. ഇബ്നു തൈമിയ്യക്ക് അറിഞ്ഞുകൂടാത്ത ഹദീസുകള്‍ ഹദീസുകളല്ല എന്ന ഒരു സമവാക്യം വരെയുണ്ടായി. ഫിഖ്ഹിലെ അഗാധ ജ്ഞാനം അദ്ദേഹത്തെ സ്വതന്ത്ര ഗവേഷകന്‍ (മുജ്തഹിദ് മുത്വ്ലഖ്) എന്ന പദവിയോളം ഉയര്‍ത്തി. തര്‍ക്കശാസ്ത്രം, തത്ത്വശാസ്ത്ര-വചനശാസ്ത്ര മേഖലകളില്‍ വ്യുല്‍പത്തി നേടിയ ഇമാം സ്വഛമായ ഇസ്ലാമിക ചിന്തകള്‍ക്ക് ജീവിതം ഉഴിഞ്ഞുവെച്ചു. നിരവധി തവണ ജയില്‍വാസം വരിക്കേണ്ടിവന്നു. ഗസാലി തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങളുടെ നീള്‍ച്ചയായി ഇബ്നുതൈമിയ്യയുടെ ജീവിതം.
1. യവന ചിന്തകളുടെയും ഫിലോസഫിയുടെയും പൊള്ളത്തരങ്ങളും പോരായ്മകളും ഗസാലിയേക്കാള്‍ സൂക്ഷ്മമായി അപഗ്രഥിച്ചു തുറന്നുകാട്ടി ഇബ്നുതൈമിയ്യ. ജനങ്ങളില്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് വന്‍ സ്വീകാര്യത കിട്ടി.
2. ഖുര്‍ആന്റെയും സുന്നത്തിന്റെയും പ്രമാണങ്ങള്‍ ജനങ്ങള്‍ക്ക് അനായാസേന ഗ്രഹിക്കാവുന്ന ലളിത ഭാഷയില്‍ ആവിഷ്കരിക്കാനും തത്ത്വശാസ്ത്രത്തിന്റെ സങ്കീര്‍ണതകളും സാങ്കേതിക ശബ്ദ ജാലങ്ങളുമില്ലാത്ത ലളിതവും സരളവുമായ ഭാഷയില്‍ അവ ജനങ്ങള്‍ക്ക് മനസിലാക്കിക്കൊടുക്കാനും ഇബ്നു തൈമിയ്യക്ക് സാധിച്ചു.
3. അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും ബിദ്അത്തുകളോടും സന്ധിയില്ലാ സമരം ചെയ്തു.
4. ഇജ്തിഹാദിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും ഹിജ്റ ഒന്നാം നൂറ്റാണ്ടിലെ നന്മയിലേക്കും മേന്മയിലേക്കും ജനങ്ങളെ തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു. ഇബ്നു തൈമിയ്യയും ശിഷ്യന്‍ ഇബ്നു ഖയ്യിമും ഇജ്തിഹാദീ രംഗത്ത് ചെയ്ത മഹത്തായ സേവനങ്ങള്‍ക്ക് കാലം സാക്ഷിയായി.
5. വിജ്ഞാനമേഖലയിലെ സംഭാവനകള്‍ക്കൊപ്പം താര്‍ത്താരികള്‍ക്കെതിരില്‍ ഇമാം ഇബ്നു തൈമിയ്യ അക്ഷരാര്‍ഥത്തില്‍ പടനയിച്ചു. താര്‍ത്താരികള്‍ എന്ന് കേള്‍ക്കുന്ന മാത്രയില്‍ ഞെട്ടിവിറച്ച ഭരണാധികാരികളുടെയും നേതാക്കളുടെയും ബഹുജനങ്ങളുടെയും ഹൃദയത്തില്‍ അവരെ നേരിടാനുള്ള ചങ്കൂറ്റവും ധൈര്യവും മനോവീര്യവും സൃഷ്ടിക്കുന്നതില്‍ ഇബ്നുതൈമിയ്യയുടെ നേതൃത്വം പ്രധാന പങ്കുവഹിച്ചു.
(തുടരും)

[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അന്നഹ്ല്‍
എ.വൈ.ആര്‍