ഗരോഡിയുടെ ധൈഷണിക നടത്തങ്ങള്‍
98-ാമത്തെ അവസാന താള്‍ അടച്ചുപൂട്ടി ജൂണ്‍ 15ന് ഫ്രഞ്ച് ചിന്തകനായ റജാ ഗരോഡി ജീവിതത്തോട് വിടപറഞ്ഞു. അതിനിടെ പല വഴിത്തിരിവുകളിലൂടെയും അദ്ദേഹം കടന്നുപോയി. പടിഞ്ഞാറന്‍ സാംസ്കാരിക ജീവിതത്തില്‍ വിശിഷ്യാ ഫ്രഞ്ച് മണ്ഡലത്തില്‍ ആ പ്രതിഭാശാലിയുടെ ചിന്തകളും നടപടികളും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. നിരീശ്വരവാദികളായിരുന്നു മാതാപിതാക്കളടക്കം അദ്ദേഹത്തിന്റെ കുടുംബങ്ങള്‍. 1913 ജൂലൈ 13ന് മര്‍സീലിയയില്‍ ജനിച്ച റോഴെ ഗരോഡി എന്നിട്ടും പില്‍ക്കാലത്ത് ക്രിസ്തുമത വിശ്വാസിയായി. പീഡിത ജനങ്ങളോടുള്ള ക്രിസ്തുവിന്റെ അനുകമ്പ തന്റെ കമ്യൂണിസ്റ് പ്രത്യയശാസ്ത്രത്തിനുള്ള മൂലധനമായാണ് ഗരോഡി പരിഗണിച്ചത്. ഫ്രഞ്ച് കമ്യൂണിസ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര വിദഗ്ധനും പോളിറ്റ് ബ്യൂറോവിലെയും കേന്ദ്ര കമ്മിറ്റിയിലെയും അംഗവുമായിരുന്ന ഗരോഡി 1954-ല്‍ കമ്യൂണിസ്റ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റ് മെമ്പറായി. 1956-1958-ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1959-ല്‍ സെനറ്റ് മെമ്പറുമായി. 1933-ല്‍ തന്നെ അദ്ദേഹം ഫ്രഞ്ച് കമ്യൂണിസ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. പക്ഷേ, 1970-ല്‍ സോവിയറ്റ് യൂനിയനെ നിരന്തരമായി വിമര്‍ശിച്ചതിന്റെ ഫലമായി ഫ്രഞ്ച് കമ്യൂണിസ്റ് പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹം പുറത്തായി. അതേവര്‍ഷം തന്നെ മാര്‍ക്സിയന്‍ ഗവേഷണ പഠനങ്ങള്‍ക്കായുള്ള കേന്ദ്രം സ്ഥാപിക്കുകയും പത്തു വര്‍ഷത്തോളം അതിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തു.
കമ്യൂണിസ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കവെ തന്നെ അറുപതുകള്‍ മുതല്‍ക്കേ ക്രൈസ്തവ-കമ്യൂണിസ്റ് ഡയലോഗ് സമിതിയില്‍ അംഗമായിരുന്നു അദ്ദേഹം. ആ വിഷയകമായി രചിച്ച പുസ്തകത്തിന് ഒരു ജസ്യൂട്ട് പാതിരിയാണ് അവതാരിക എഴുതിയത്.
സോവിയറ്റ് യൂനിയന്‍ ഒരു സോഷ്യലിസ്റ് രാജ്യമല്ലെന്ന് പ്രസ്താവിച്ച്, കമ്യൂണിസ്റ് പാര്‍ട്ടിയില്‍നിന്ന് പുറത്തായത് മുതല്‍ക്കേ ക്രൈസ്തവ വിമോചന ദൈവശാസ്ത്രവുമായി അദ്ദേഹം അടുപ്പം പുലര്‍ത്തി തുടങ്ങിയിരുന്നു. കേരളത്തില്‍ വിമോചന ദൈവശാസ്ത്ര വക്താവായിരുന്ന ഫാ. കാപ്പനെയും ഒരു പുസ്തകത്തില്‍ അദ്ദേഹം ഉദ്ധരിച്ചതായി കണ്ടിട്ടുണ്ട്. 1975-ല്‍ ക്രിസ്തുമത വിശ്വാസിയായി അദ്ദേഹം സ്വയം പ്രഖ്യാപിച്ചു.
ഇസ്ലാമിലേക്ക്
1982-ലാണ് ഗരോഡി ഇസ്ലാം ആശ്ളേഷിക്കുന്നത്. 1982 ജൂലൈ 2-ന് ജനീവയിലെ ഇസ്ലാമിക് സെന്ററില്‍ വെച്ച് ഔപചാരികമായി ഇസ്ലാം ആശ്ളേഷിച്ച് റോഴെ ഗരോഡി റജാ ഗരോഡിയാകുന്നതിന് മുമ്പുതന്നെ 'ഇസ്ലാം-ഭാവിയുടെ മതം' (ഘ' കഹെമാ വമയശലേ ിീൃല മ്ലിശൃ) എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം പുറത്തിറങ്ങിയിട്ടുണ്ടായിരുന്നു. ലോകത്തിന്റെ ഭാവി രൂപവത്കരണത്തില്‍ ഇസ്ലാമിന്റെ സംഭാവന സുപ്രധാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിമതം. കാരണം, ഇസ്ലാം അതീന്ദ്രിയതയെയും ഒപ്പം സമൂഹത്തെയും മാനിക്കുന്ന മതമാണ്. സമകാലീന പാശ്ചാത്യലോകത്ത് നഷ്ടപ്രായമായിക്കൊണ്ടിരിക്കുന്ന രണ്ട് ജൈവമാനങ്ങളാണിവ. ഇസ്ലാമിക സമൂഹം രണ്ട് ലക്ഷ്യങ്ങളെയും ഒപ്പം സാക്ഷാത്കരിക്കുന്നു; ദൈവനിര്‍ണിതമായ രണ്ട് ലക്ഷ്യങ്ങള്‍- വ്യക്തിയെ അതിവര്‍ത്തിക്കുന്ന സമൂഹം; സമൂഹത്തെ അതിവര്‍ത്തിക്കുന്ന ദൈവം. 'ഉപയോഗിക്കാനും ദുരുപയോഗം ചെയ്യാനുമുള്ള അവകാശ'മായി സ്വത്തിനെ നിര്‍വചിക്കുന്ന യൂറോപ്യന്‍ പരികല്‍പനക്ക് വിരുദ്ധമായ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ ആകൃഷ്ടനായിരുന്നു ഗരോഡി. ഉടമാവകാശത്തെ ഇസ്ലാം ദൈവത്തില്‍ നിക്ഷിപ്തമാക്കുന്നു. സമ്പത്ത് കൂമ്പാരം കൂട്ടിവെക്കുന്നതിനും ധൂര്‍ത്തടിക്കുന്നതിനും മുസ്ലിംകള്‍ക്ക് വിലക്കുണ്ട്. വരുമാനത്തിന്റെ മാത്രമല്ല, മൂലധനത്തിന്റെ കൂടി നിശ്ചിത ശതമാനം വര്‍ഷാന്ത്യം പാവങ്ങള്‍ക്ക് നല്‍കാന്‍ സകാത്തിലൂടെ വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു. ഇത് സാമൂഹിക സുരക്ഷിതത്വത്തെ ഉറപ്പാക്കുകയും പാരമ്പര്യ സ്വത്തിന്റെ സാധ്യതകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നതായി ഗരോഡി നിരീക്ഷിക്കുന്നു.
ബഹുസ്വരതയോടുള്ള ഇസ്ലാമിന്റെ സമീപനമാണ് ഗരോഡിയെ ആകര്‍ഷിച്ച മറ്റൊരു ഘടകം. 'ഇസ്ലാം- ഭാവിയുടെ മത'ത്തില്‍ ഇസ്ലാമിന്റെ വിശാലതയെക്കുറിച്ച് ഗരോഡി എഴുതുന്നു: "വ്യത്യസ്ത ജനതകളെ ഉള്‍ക്കൊള്ളാനുള്ള അതിവിശാലത ഇസ്ലാം പ്രകടമാക്കി. ഏകദൈവത്വ വിശ്വാസികളെ ഏറ്റവുമധികം ഉള്‍ക്കൊണ്ട മതമാണത്. ഈ മതങ്ങളുടെ അനുയായികളോടും അവരുടെ നാഗരികതകളോടും ഇസ്ലാമിക രാഷ്ട്രം ഉദാരത കാണിച്ചു. നാഗരികതകളുടെ സഹവര്‍ത്തിത്വത്തിന്റെ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്താന്‍ അറബികള്‍ക്ക് സാധിക്കുകയുണ്ടായി. മാത്രമല്ല, പുതിയ വിശ്വാസത്തിന് അത് ശക്തിപകരുകയും ചെയ്തു. പൌരസ്ത്യ ദേശത്തെയും ആഫ്രിക്കന്‍ നാടുകളിലെയും സംസ്കാര-നഗരികതകളില്‍ മിക്കതിനെയും സ്വാംശീകരിക്കാന്‍ അക്കാലത്തെ മുസ്ലിംകള്‍ക്ക് കഴിഞ്ഞു. ഈ ഉദാരതയാണ് ഇസ്ലാമിനെ അപ്രതിരോധ ശക്തിയാക്കി മാറ്റിയതെന്ന് ഞാന്‍ കരുതുന്നു.''
ജീവിതത്തിന്റെ ഈ സുപ്രധാന ഘട്ടത്തെ ഗരോഡി അനുസ്മരിക്കുന്നു: "ജീവിതത്തിന്റെ ആദ്യ നാളുകളില്‍ മാര്‍ക്സിസം എന്റെ ചിന്തയെയും വികാരത്തെയും രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്കിനെ ഞാന്‍ നിഷേധിക്കുന്നില്ല. അപ്പോഴും ഞാന്‍ ക്രിസ്തുമത വിശ്വാസിയായിരുന്നു. വിശുദ്ധിയുടെ പരമപദത്തിലായിരുന്നു എന്നെ സംബന്ധിച്ചേടത്തോളം മിശിഹ. മാര്‍ക്സിയന്‍ ചിന്തയും ക്രിസ്തുമതവും സ്വീകരിച്ച് നാല്‍പതു വര്‍ഷത്തിനു ശേഷം ഇസ്ലാം ആശ്ളേഷിക്കാന്‍ എനിക്ക് ശക്തമായ പ്രചോദനം നല്‍കിയത് ക്രിസ്തുവിലുള്ള എന്റെ വിശ്വാസം തന്നെയായിരുന്നു. ക്രിസ്ത്യാനികള്‍ മുഹമ്മദിനെ നിരാകരിച്ചപോലെ യഹൂദ മതവും ക്രിസ്തുവിനെ നിരാകരിക്കുകയാണുണ്ടായത്. ഇസ്ലാമാകട്ടെ ക്രിസ്തുവിനെ ആദരിച്ചു.''
ഗരോഡിയുടെ ഇസ്ലാം ആശ്ളേഷത്തിന് ഒരു പ്രത്യേക പശ്ചാത്തലമുണ്ടായിരുന്നു. 1941-ല്‍ നടന്ന ഒരു സംഭവമായിരുന്നു അതിന്റെ കാരണം. നാസി ജര്‍മനിയുടെ ഫ്രഞ്ച് അധിനിവേശത്തിനെതിരെ പൊരുതുന്ന സംഘത്തില്‍ ഒരംഗമായിരുന്നു ഗരോഡി. അധിനിവേശ ശക്തികളുടെ മുന്നേറ്റത്തില്‍ പാരീസിന്റെ പതനം നടന്നതോടെ ഗരോഡിയും സംഘവും അവരുടെ പിടിയിലകപ്പെട്ടു. ഗരോഡി എഴുതുന്നു: "സംഘത്തെ അള്‍ജീരിയയിലെ ജല്‍ഫ പട്ടാള ക്യാമ്പിലേക്ക് മാറ്റാന്‍ ഉത്തരവുണ്ടായി. തടങ്കലില്‍ കലാപം നടത്താന്‍ ഞാന്‍ സംഘത്തോട് ആവശ്യപ്പെട്ടു. നാസി നയത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്താന്‍ അഞ്ചോളം വരുന്ന സംഘത്തെ ഞാന്‍ ആഹ്വാനം ചെയ്തു. തടങ്കല്‍ പാളയത്തിലെ സേനാധിപന്‍ മൂന്ന് തവണ ഞങ്ങള്‍ക്ക് താക്കീത് തന്നു. പിന്നീട് ഞങ്ങളെ വെടിവെക്കാന്‍ പട്ടാളക്കാര്‍ക്ക് ഉത്തരവ് നല്‍കി. പക്ഷേ, പട്ടാളക്കാര്‍ ആ ഉത്തരവ് നിരാകരിക്കുന്നതാണ് ഞങ്ങള്‍ക്ക് കാണാനായത്. ചാട്ടവാര്‍ കൊണ്ട് പ്രഹരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും കല്‍പന നടപ്പിലാക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. ആദ്യം സ്തബ്ധനായിപ്പോയ എനിക്ക് അതിന്റെ കാരണം മനസ്സിലായില്ല. പിന്നീടാണ് ആ പട്ടാളക്കാര്‍ അള്‍ജീരിയന്‍ മുസ്ലിംകളാണെന്ന് ഞാന്‍ അറിയുന്നത്. നിരായുധനായ ഒരു മനുഷ്യന്റെ നേരെ നിറയൊഴിക്കുന്നത് മുസ്ലിം പോരാളിയുടെ ധര്‍മത്തിനും മാന്യതക്കും നിരക്കാത്തതാണെന്ന് വിശ്വസിക്കുന്നവരായിരുന്നു അവര്‍. എന്റെ ജീവിതത്തെ തന്നെ പിടിച്ചുകുലുക്കിയ ആദ്യ സംഭവമായിരുന്നു ഇത്. ഇസ്ലാമാണ് എന്റെ ജീവന്‍ രക്ഷിച്ചതെന്ന് അന്ന് എനിക്ക് മനസ്സിലായി. അന്നെനിക്ക് പ്രായം 28.'' ഖവാരിജുകളിലെ ഇബാദി വിഭാഗത്തില്‍ പെട്ടവരായിരുന്നു ഈ മുസ്ലിംകള്‍. ഇതോടെയാണ് മുസ്ലിംകള്‍ പ്രാകൃതരും കാടന്മാരുമാണെന്ന് തങ്ങളുടെ മനസ്സിലേക്ക് പ്രക്ഷേപിച്ചുകൊണ്ടിരുന്ന ചിത്രത്തിന് മാറ്റമുണ്ടായതെന്ന് ഗരോഡി പറയുന്നു. "നിരന്തരമായി അത്തരം പ്രചാരണങ്ങള്‍ക്കിടയിലാണ് മൂല്യങ്ങളുടെ ഈ സമ്പൂര്‍ണ രൂപം മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. സോര്‍ബോണ്‍ യൂനിവേഴ്സിറ്റിയിലെ പത്ത് വര്‍ഷക്കാലത്തേക്കാള്‍ ഫലപ്രദമായ ഒരു പാഠമാണ് ഇതെനിക്ക് നല്‍കിയത്.''
സായുധ ആക്ഷന്റെ ആദ്യാനുഭവം എന്ന നിലക്കാണ് ഗരോഡി അള്‍ജീരിയന്‍ സംഭവം വിവരിക്കുന്നത്. ഇതോടൊപ്പം പരിവര്‍ത്തനത്തില്‍ പങ്ക് വഹിച്ച മറ്റൊരു സുപ്രധാന ഘടകം കൂടി ഗരോഡിയുടെ ഇസ്ലാമിലേക്കുള്ള പ്രയാണത്തെ അതിന്റെ വിവിധ മാനങ്ങളില്‍ വിശകലനം ചെയ്യുന്ന നീല്‍ റോബിന്‍സണ്‍ (ചലമഹ ഞീയശിീി) ചൂണ്ടിക്കാണിക്കുന്നു. വിപ്ളവത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണത്. ലോകയുദ്ധാനന്തരം വിപ്ളവ തീവ്രതയുമായാണ് ഗരോഡി മടങ്ങുന്നത്. 1948-ല്‍ ഗാര്‍മെക്സില്‍(ഏമൃാമൌഃ) ഖനിത്തൊഴിലാളികളുടെ ആറു ദിന പണിമുടക്കിന് അദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. 1962-ല്‍ പ്രസിഡന്റ് കാസ്ട്രോവിന്റെ ക്ഷണപ്രകാരം അദ്ദേഹം ക്യൂബ സന്ദര്‍ശിക്കുകയുണ്ടായി. 1968-ല്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയ പാരീസിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ പിന്നിലെ സജീവ സാന്നിധ്യമായിരുന്നു ഗരോഡി. ഈയൊരു പശ്ചാത്തലത്തില്‍ 1979-ലെ ഇറാനിയന്‍ വിപ്ളവം ഇസ്ലാമിന്റെ ജനകീയ ചാലകശക്തി പ്രകടമാക്കിയത് ഗരോഡിയെ ആകര്‍ഷിച്ചതില്‍ അത്ഭുതമില്ലെന്ന് റോബിന്‍സണ്‍ പറയുന്നു.
കേരളത്തില്‍
ഇസ്ലാം ആശ്ളേഷിച്ച ശേഷം ഗരോഡി മുഖ്യമായി ശ്രദ്ധയൂന്നിയത് മതങ്ങള്‍ തമ്മിലുള്ള, വിശിഷ്യാ അബ്റാഹിമിക പൈതൃകം പങ്കിടുന്ന മതങ്ങള്‍ തമ്മിലുള്ള സംവാദത്തിലും വ്യത്യസ്ത സംസ്കാരങ്ങളുടെ സഹവര്‍ത്തിത്വത്തിലുമായിരുന്നു. മാര്‍ക്സിസ്റായിരിക്കെ തന്നെ മാര്‍ക്സിസ്റ്-ക്രൈസ്തവ സംവാദങ്ങളില്‍ സജീവ താല്‍പര്യം പ്രകടിപ്പിച്ചപോലെ മുസ്ലിമായപ്പോഴും യഹൂദ-ക്രൈസ്തവ -ഇസ്ലാം സംവാദങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടു. മതം മാറുമ്പോള്‍ പലരെയും സാധാരണ ഗ്രസിക്കാറുള്ള സങ്കുചിതത്വവും തീവ്രതയും അദ്ദേഹത്തെ ഗ്രസിച്ചില്ല. അപരനെ അംഗീകരിക്കുകയും ബഹുസ്വരതയെ മാനിക്കുകയും ചെയ്യുന്ന ധൈഷണിക വികാസമായിരുന്നു അദ്ദേഹത്തിന് ഇസ്ലാം. യഹൂദ-ക്രൈസ്തവ-ഇസ്ലാം സംവാദത്തിന് ജനീവയില്‍ ഒരു കേന്ദ്രം ഇക്കാലത്ത് അദ്ദേഹം സ്ഥാപിച്ചിരുന്നുവെന്നാണ് ഓര്‍മ.
1985-ല്‍ കേരളത്തില്‍ സ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പ്രഥമ വാര്‍ഷികത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ വന്നപ്പോഴും ഹിന്ദു-മുസ്ലിം ഡയലോഗിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. തുക്കാറാമും കബീര്‍ ദാസും ഭഗവദ്ഗീതയും ഇഖ്ബാലും ദീര്‍ഘമായ ആ പ്രഭാഷണത്തില്‍ ഇടക്കിടെ കടന്നുവന്നുകൊണ്ടിരുന്നു. ഭാരതത്തിന്റെ സാംസ്കാരിക ഈടുവെപ്പുകളിലുള്ള അദ്ദേഹത്തിന്റെ അഗാധമായ അറിവിന്റെ നിദര്‍ശനമായിരുന്നു പ്രസ്തുത പ്രഭാഷണം. "നമുക്കിടയില്‍ ഇനിയും പരിഹരിക്കപ്പെടാത്ത അഭിപ്രായ ഭേദങ്ങളുണ്ടെങ്കില്‍ സ്നേഹത്തിന്റെ അഗ്നിയില്‍ നമുക്കതിനെ എരിച്ചുകളയാം'' എന്ന തുര്‍ക്കി കവിത ഉദ്ധരിച്ചുകൊണ്ടാണ് പ്രഭാഷണം അദ്ദേഹം അവസാനിപ്പിക്കുന്നത്.
അന്ന് അല്‍പനേരം അദ്ദേഹവുമായി സംഭാഷണം നടത്താന്‍ അവസരം ലഭിച്ചിരുന്നു. മാര്‍ക്സിസത്തെ അപ്പാടെ തള്ളിക്കളയുന്ന സമീപനമല്ല അദ്ദേഹത്തിനുള്ളതെന്ന് അപ്പോള്‍ വ്യക്തമാവുകയുണ്ടായി. മാര്‍ക്സിസത്തിന്റെ കൂടി ഒരു വികാസമായിരുന്നു അദ്ദേഹത്തിന്റെ ഇസ്ലാം. ചരിത്രത്തെ വ്യാഖ്യാനിക്കാനുള്ള നല്ലൊരു ഉപകരണമാണ് മാര്‍ക്സിസം എന്ന് അദ്ദേഹം അന്ന് പറയുകയുണ്ടായി. മാര്‍ക്സിസത്തിന് ഇസ്ലാമില്‍ അദ്ദേഹം ആധ്യാത്മികമായ ഉള്ളടക്കം കണ്ടെത്തുകയായിരുന്നു. ഇസ്ലാം മൈനസ് ദൈവവിശ്വാസം സമം മാര്‍ക്സിസം എന്ന് മുമ്പ് പ്രഫ. ഹസന്‍ അസ്കരി പറഞ്ഞത് അപ്പോള്‍ ഓര്‍ത്തുപോയി. സംസാരത്തിനിടയില്‍ ഇടക്കിടെ അദ്ദേഹം പത്നി സല്‍മ ഫാറൂഖിയെക്കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു. യാത്രയില്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്ന സല്‍മ ശാന്തപുരം ഇസ്ലാമിയ കോളേജില്‍ സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഗരോഡിയെ അപേക്ഷിച്ച് ചെറുപ്പമായ ആ ഫലസ്ത്വീനി വംശജയുടെ അസാന്നിധ്യം അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തുന്ന പോലെ തോന്നി.
മുസ്ലിമായ ശേഷം ഗരോഡി അറബ് നാടുകള്‍ സന്ദര്‍ശിച്ചിരുന്നുവെങ്കിലും കേരളത്തിലായിരുന്നു ആദ്യ സന്ദര്‍ശനം. കനഡയില്‍ ഇസ്ലാമിക പ്രവര്‍ത്തനം നടത്തിയിരുന്ന കേരളീയനായ ടി.കെ ഇബ്റാഹീമിന്റെ ശ്രമഫലമായിരുന്നു ഈ സന്ദര്‍ശനം. ദല്‍ഹി വഴിക്കാണ് ഗരോഡി ദമ്പതികള്‍ മടങ്ങിയത്. ടൈം മാനേജ്മെന്റ് എന്ന യൂറോപ്യന്‍ കലയുടെ മികവും ഗരോഡിയില്‍ അന്ന് കണ്ടെത്താനായി. മുസ്ലിം മസ്ജിദുകളുടെ ശില്‍പകലയും താത്ത്വിക മാനങ്ങളും എന്നത് ഗരോഡിയുടെ ഒരു പഠനവിഷയമായിരുന്നു. സംഭാഷണത്തില്‍ അദ്ദേഹം അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ആ പ്രോജക്ടിന്റെ ഭാഗമായി സന്ദര്‍ശനം ഉപയോഗപ്പെടുത്താനും അദ്ദേഹം സമയം കണ്ടെത്തി. മസ്ജിദ്-ഇസ്ലാമിന്റെ ദര്‍പ്പണം (ങീൂൌലല, ാശൃീശൃ റല ഹ' കഹെമാ) എന്ന ശീര്‍ഷകത്തില്‍ പിന്നീടത് പുസ്തകമായി പുറത്തിറങ്ങുകയുണ്ടായി.
സാംസ്കാരിക പരിവര്‍ത്തനം
വിശ്വാസമാറ്റം എന്നതിനേക്കാള്‍ ഗരോഡിയെ സംബന്ധിച്ചേടത്തോളം ഇസ്ലാം ഒരു സാംസ്കാരിക മാറ്റമായിരുന്നു. 'ഈ നൂറ്റാണ്ടിന് ചുറ്റും എന്റെ ഏകാന്ത പര്യടനം' (ങീി ീൌൃ റൌ ശെലരഹല ലി ീമേശൃല: ാലാീശൃല) എന്ന ഓര്‍മക്കുറിപ്പുകളില്‍ ഇക്കാര്യം അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഒരേസമയം ക്രൈസ്തവനും കമ്യൂണിസ്റും മുസ്ലിമുമായിരുന്നു അദ്ദേഹം. ഉത്തരേന്ത്യന്‍ പര്യടനവേളയില്‍ ചില ഉര്‍ദു പത്രങ്ങള്‍ അഭിമുഖം നടത്തിയപ്പോഴും അദ്ദേഹം ഇത് പങ്കുവെക്കുന്നുണ്ട്. സാമ്പ്രദായിക മതാനുശീലത്തില്‍ നിന്ന് ഉയരാന്‍ കഴിയാത്ത ആ പത്രങ്ങള്‍ ഗരോഡി ഇസ്ലാമിനെക്കുറിച്ച് ഇനിയും പഠിക്കേണ്ടതുണ്ടെന്ന് എഴുതി കണ്ടപ്പോള്‍ ചിരിച്ചുപോയിട്ടുണ്ട്. നീതിയോടു പക്ഷപാതം പുലര്‍ത്തുകയും പീഡിതരോട് അനുകമ്പ പുലര്‍ത്തുകയും ചെയ്യുന്ന മനസ്സ് എന്നും ഗരോഡിക്കൊപ്പമുണ്ടായിരുന്നു. അള്‍ജീരിയന്‍ വിപ്ളവത്തിന് പിന്തുണ നല്‍കിയ ഫ്രഞ്ച് ഇടതുപക്ഷത്തെ അഭിവാദ്യം ചെയ്തുകൊണ്ട് ശൈഖ് അബ്ദുല്‍ ഹമീദ് ബിന്‍ ബാദീസ് 'അല്ലാഹുവേ, ഇഹലോകത്ത് നീ ഞങ്ങളെ ഇടതുപക്ഷവും പരലോകത്ത് വലതുപക്ഷവും ആക്കേണമേ' എന്ന് പ്രാര്‍ഥിച്ചതായി വായിച്ചിട്ടുണ്ട്. അള്‍ജീരിയയെ മനസ്സിലാക്കാത്ത സന്തതികളെ സംഭാവന ചെയ്ത അഭ്യസ്തവിദ്യകളായ അമ്മമാരേക്കാള്‍ അനുഗൃഹീതരായ ഗുണവതികള്‍, അള്‍ജീരിയയെ മനസ്സിലാക്കിയ സന്തതികളെ സംഭാവന ചെയ്ത വിദ്യാഭ്യാസമില്ലാത്ത സ്ത്രീകളാണെന്ന് പറഞ്ഞതും ബിന്‍ ബാദീസ് തന്നെ.
അള്‍ജീരിയന്‍ വിപ്ളവത്തോട് അനുഭാവം പുലര്‍ത്തിയ ഇടതുപക്ഷത്തോടൊപ്പമായിരുന്നു ഗരോഡിയും. പീഡിതരുടെ മതം എന്ന നിലയില്‍ കൂടിയാണ് ഗരോഡി ഇസ്ലാമിനെ കണ്ടെത്തുന്നത്. ലോകത്തിലെ ഏറ്റവും പീഡിതരായ ജനസമൂഹമാണ് മുസ്ലിംകളെന്ന് അദ്ദേഹം കണ്ടു. ഭൂതകാലത്തിന്റെ തിരുശേഷിപ്പായല്ല ഭാവിയുടെ മതമായാണ് അദ്ദേഹം ഇസ്ലാമിലേക്ക് വന്നത്. അതിന്റെ നാഗരികമാനങ്ങളില്‍ അദ്ദേഹത്തിന്റെ മനസ്സുടക്കി. കമ്യൂണിസത്തിന്റെ അടഞ്ഞ അറകള്‍ തുറന്നിട്ട് അതിലേക്ക് ഇതര നാഗരികതകളുടെ ബഹുസ്വര വെളിച്ചം കടത്താന്‍ ശ്രമിച്ചു. ഗരോഡി വിടപറഞ്ഞതിന്റെ തൊട്ടുടനെ അന്തരിച്ച ഈജിപ്ഷ്യന്‍ കമ്യൂണിസ്റ് ചിന്തകന്‍ അന്‍വര്‍ അബ്ദുല്‍ മലിക്കും ഇതേ പാതയിലെ മറ്റൊരു യാത്രക്കാരനായിരുന്നു.
1967-ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ പരാജയം ഏറ്റുവാങ്ങിയതിനെത്തുടര്‍ന്ന് ജനങ്ങളുടെ നിരാശ തുടച്ചുനീക്കാന്‍ നാസിറിന്റെ ഉറ്റതോഴനും പത്രപ്രവര്‍ത്തകനുമായ ഹൈക്കല്‍ മുന്‍കൈയെടുത്ത് ഈജിപ്തില്‍ പ്രമുഖ ബുദ്ധിജീവികളെ ക്ഷണിച്ചുകൊണ്ട് വന്ന് പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി 1968-ല്‍ ഗരോഡിയും മാര്‍ക്സിസ്റ് ഓറിയന്റലിസ്റ് റോഡിംഗ്സണും പ്രഭാഷണം നടത്താന്‍ ഈജിപ്തില്‍ വന്നിരുന്നു. അന്നും മനുഷ്യമുഖമുള്ള, മതങ്ങളെയും സംസ്കാരങ്ങളെയും ബഹുസ്വരപാതകളെയും അംഗീകരിക്കുന്ന സോഷ്യലിസത്തെക്കുറിച്ചാണ് ഗരോഡി പ്രസംഗിച്ചത്.
സ്വൂഫി തത്ത്വചിന്ത
ഇസ്ലാമിലേക്ക് വന്ന മറ്റനവധി ഫ്രഞ്ചു ബുദ്ധിജീവികളെയും പോലെ സ്വൂഫിസത്തിന്റെ കവാടത്തിലൂടെ ഗരോഡിയും കടന്നുപോയിട്ടുണ്ട്. ഇബ്നു അറബിയുടെ തത്ത്വശാസ്ത്ര സ്വൂഫിസം അദ്ദേഹത്തെ ഹഠാദാകര്‍ഷിച്ചിരുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം സ്നേഹത്തിലധിഷ്ഠിതമാണെന്ന് അള്‍ജീരിയയില്‍ കൊല്ലം തോറും സംഘടിപ്പിക്കാറുള്ള 'ഇസ്ലാമിക ചിന്ത' സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെ ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി. ദാസനും യജമാനനും എന്ന സങ്കല്‍പത്തിന്റെ എതിര്‍ദിശയിലുള്ള സങ്കല്‍പമെന്ന നിലക്കാണ് ഇത് അദ്ദേഹം അവതരിപ്പിക്കുന്നത്. അപ്പോള്‍ ദൈവഭയത്തെ എങ്ങനെയാണ് വ്യാഖ്യാനിക്കുന്നതെന്ന് സെമിനാറില്‍ പങ്കെടുത്ത ഡോ. ഖറദാവി ചോദിക്കുകയുണ്ടായി. ദൈവത്തിന്റെ അപ്രീതിയെക്കുറിച്ച ഭയം എന്നായിരുന്നു ഗരോഡിയുടെ മറുപടി.
സുഹൃത്തുക്കളായ ഫ്രഞ്ച് ഓറിയന്റലിസ്റുകള്‍ ഇസ്ലാമിനെക്കുറിച്ച് എഴുതിയ പുസ്തകങ്ങള്‍ ഗരോഡി വായിച്ചുണ്ട്. "മാസിഞ്ഞോണ്‍ ഹല്ലാജിനെ ക്രിസ്തുവാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പുസ്തകം വായിച്ചപ്പോള്‍ ഞാന്‍ മുസ്ലിമായി'' എന്ന് ഗരോഡി തന്നോട് 1986-ല്‍ പറഞ്ഞത് ഇസ്ലാമിക ഗവേഷണ പണ്ഡിതനായ റിസ്വാന്‍ സയ്യിദ് അനുസ്മരിക്കുന്നു.
നിലപാടുകള്‍
ഇസ്ലാമിക നിയമമീമാംസയില്‍ അബൂഹനീഫയുടെ യുക്തിസരണിയോടാണ് ഗരോഡിക്ക് അടുപ്പം. ഗരോഡിയുടെ ഇസ്ലാം വിശകലനങ്ങളില്‍ അത് വ്യക്തമാണ്. മതത്തിലായാലും സിദ്ധാന്തവാശികളെ അദ്ദേഹം അംഗീകരിക്കുന്നില്ല. മാര്‍ക്സിസ്റ് ഡോഗ്മകളെ നിരാകരിച്ച ഗരോഡി ഇസ്ലാമിക വരട്ടുവാദങ്ങളും തള്ളിക്കളഞ്ഞത് സ്വാഭാവികമാണ്. എന്നാല്‍, നൈതിക നിലപാടുകളില്‍ ഒരിക്കലും അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല. 1985-ല്‍ സുഊദി അറേബ്യ അദ്ദേഹത്തിന് ഫൈസല്‍ അവാര്‍ഡ് നല്‍കുകയുണ്ടായി. 1986-ല്‍ വേള്‍ഡ് അസംബ്ളി ഓഫ് മുസ്ലിം യൂത്ത്, മുസ്ലിം ന്യൂനപക്ഷങ്ങളെക്കുറിച്ച് സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യാതിഥിയായി അദ്ദേഹം ചെയ്ത പ്രഭാഷണം കേള്‍ക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇറാനിയന്‍ വിപ്ളവത്തെ അനുകൂലിച്ചപ്പോഴും ഇറാനിയന്‍ മുല്ലായിസത്തെ അദ്ദേഹം വിമര്‍ശിച്ചു. മുസ്ലിം ബ്രദര്‍ഹുഡിന്റെയും മൌദൂദിയുടെയും ഡോഗ്മാറ്റിക് സമീപനങ്ങളെ 'മതമൌലികവാദത്തിന്റെ അടിത്തറകള്‍' എന്ന കൃതിയില്‍ അദ്ദേഹം വിമര്‍ശിച്ചത് കാണാം. ഗരോഡിയുടെ ഇസ്ലാമിക മതമൌലികവാദ സമീപനത്തെ പണ്ഡിതോചിതം ഈജിപ്ഷ്യന്‍ അക്കാദമികനായ ഡോ. മുഹമ്മദ് അമാറഃ വിശകലനം ചെയ്തിട്ടുണ്ട്.
Comments