Prabodhanm Weekly

Pages

Search

2023 ഡിസംബർ 15

3331

1445 ജമാദുൽ ആഖിർ 02

മഹത്തായ പ്രതിഫലം

അലവി ചെറുവാടി

عَن أَنَسِ بْنِ مَالِكٍ (ر):  قالَ النَّبيُّ صلَّى اللهُ عليه وسلَّمَ: إنَّ عِظَمَ الجَزاءِ مَعَ عِظَمِ البَلاءِ، وإنَّ اللهَ عزَّ وَجلَّ إذَا أَحَبَّ قَومًا ابْتلاهُمْ، فَمَنْ رَضِيَ فَلَهُ الرِّضا، وَمَنْ سَخِطَ فَلَهُ السُّخْطُ 
(الترمذي- 2396، ابن ماجه 4031 - حديث حسن،  صححه الألباني)

 

അനസുബ്‌നു മാലികി(റ)ല്‍നിന്ന്. അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: ''മഹത്തായ പ്രതിഫലം കഠിനമായ പരീക്ഷണത്തോടൊപ്പമാണ്. തീര്‍ച്ചയായും അല്ലാഹു ഒരു ജനതയെ ഇഷ്ടപ്പെട്ടാല്‍ അവര്‍ പരീക്ഷിക്കപ്പെടും. അതില്‍ അവര്‍ സംപ്രീതരായാല്‍ അവരെ സംബന്ധിച്ച് അല്ലാഹുവും സംപ്രീതനാവും. ഇനി ആരെങ്കിലും അതില്‍ കോപിഷ്ഠരാകുന്നുവെങ്കില്‍ അവരുടെ മേല്‍ അല്ലാഹുവിന്റെയും കോപമുണ്ടാവും'' (തിര്‍മിദി, ഇബ്‌നു മാജ).
 

തന്റെ അടിമകളെ പരീക്ഷിക്കുക അല്ലാഹുവിന്റെ യുക്തിയില്‍ പെട്ടതാണ്. സമൃദ്ധികൊണ്ടും കഷ്ടതകള്‍കൊണ്ടും അവന്‍ അവരെ പരീക്ഷിച്ചുകൊണ്ടിരിക്കും. ഏതു പ്രതിസന്ധി ഘട്ടത്തിലും ദൃഢവിശ്വാസത്തോടെയും ക്ഷമയോടെയും തഖ് വയോടെയും തന്റെ അനുസരണയില്‍ ഉറച്ചുനില്‍ക്കുന്നവരാരാണെന്നും, ധിക്കാരത്തോടെ നിഷേധം അനുവർത്തിക്കുന്നവരാരാണെന്നും വേര്‍തിരിച്ച് അറിയുകയാണ് പരീക്ഷണങ്ങളിലൂടെ അവന്‍ ഉദ്ദേശിക്കുന്നത്. അല്ലാഹുവുമായുള്ള സാമീപ്യത്തിന്റെ തോതനുസരിച്ച് പരീക്ഷണത്തിലുള്ള അളവും വ്യത്യാസപ്പെട്ടിരിക്കും. അടിമകളില്‍ അല്ലാഹുവുമായി ഏറ്റവും സമീപസ്ഥരാണല്ലോ പ്രവാചകന്മാര്‍. അവര്‍ അനുഭവിച്ചേടത്തോളം കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കപ്പെട്ടവര്‍ മറ്റാരും തന്നെയില്ല. പ്രവാചകന്‍ അയ്യൂബ് (അ) കടുത്ത രോഗത്താല്‍ പരീക്ഷിക്കപ്പെട്ടതായി വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. സ്വത്തുക്കളെല്ലാം നഷ്ടപ്പെട്ട്, ബന്ധുജനങ്ങളും നാട്ടുകാര്‍ പോലും വിട്ടൊഴിഞ്ഞ് പ്രിയതമയും ഭൃത്യനും മാത്രം കൂട്ടായി ഒറ്റപ്പെട്ടുപോയ നിസ്സഹായാവസ്ഥ. അപ്പോള്‍ പോലും അദ്ദേഹത്തിന്റെ ആവലാതി ഖുര്‍ആന്‍ എടുത്തുപറയുന്നത് ഇങ്ങനെയാണ്: ''ഞാന്‍ ദീനബാധിതനായിരിക്കുന്നു; നീയോ കരുണയുള്ളവരില്‍ ഏറ്റം കാരുണ്യവാനല്ലോ.'' (21:83)

വിശ്വാസിയില്‍ അല്ലാഹുവിന്റെ അനുഗ്രഹ വര്‍ഷത്തിന്റെ അടയാളമാണ് പരീക്ഷണം. ഏതു കടുത്ത പരീക്ഷണങ്ങളെയും ക്ഷമയോടെയും തൃപ്തിയോടെയും നേരിടാന്‍ തയാറാകുമ്പോള്‍ അല്ലാഹു അവനില്‍ കൂടുതല്‍ സംപ്രീതനായിരിക്കും. പരലോകത്ത് അവന്‍ മഹത്തായ പ്രതിഫലത്തിന് അര്‍ഹനാകും.

മറിച്ച്, പ്രതിസന്ധി ഘട്ടങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് നിരാശനാവുകയും സര്‍വവും നഷ്ടപ്പെട്ട ഹതഭാഗ്യനെപ്പോലെ പെരുമാറുകയും, ദൈവം ക്രൂരനും നിഗ്രഹകനുമെന്ന് കരുതി കോപിഷ്ഠനാവുകയും ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ കോപത്തിനും അവന്‍ വിധേയനാകുന്നു.
മക്കൾ നഷ്ടപ്പെടുമ്പോഴുള്ള മാതാപിതാക്കളുടെ വ്യസനവും ദുഃഖവും എത്രമാത്രമാണെന്ന് നാം നിത്യേന കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഫലസ്ത്വീനിലെ ഗസ്സയില്‍ രക്തസാക്ഷികളാകുന്നവരില്‍ മൂന്നിലൊന്ന് നിഷ്‌കളങ്കരും നിരപരാധികളുമായ കുഞ്ഞുങ്ങളാണ്. ബാഹ്യ മാനദണ്ഡങ്ങള്‍ വെച്ച് അവര്‍ ദൈവശാപത്തിന് ഇരകളായതാണ് എന്ന് ചിലര്‍ വിലയിരുത്തിയേക്കാം. അതിനുള്ള മറുപടിയാണ് ഉപര്യുക്ത നബിവചനം. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിന് അല്ലാഹു അവരെ അര്‍ഹരാക്കുകയാണ് യഥാര്‍ഥത്തില്‍. അവരുടെ രക്തസാക്ഷ്യത്തിലൂടെ തന്റെ മഹത്തായ പ്രതിഫലത്തിന് അവന്‍ അവരെയും കുടുംബത്തെയും തെരഞ്ഞെടുക്കുകയാണ്.

പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തം എന്ന നിലക്ക് രോഗങ്ങളാല്‍ പരീക്ഷിക്കപ്പെടുമെന്നും നബി (സ) പറഞ്ഞിട്ടുണ്ട്. സ്വര്‍ണം ശുദ്ധീകരിക്കപ്പെടുന്നതും ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുന്നതും തീച്ചൂളയിലൂടെയാണല്ലോ. അതുപോലെ പാപക്കറകളില്‍നിന്ന് മനുഷ്യനെ ശുദ്ധീകരിച്ച് മഹത്തായ പ്രതിഫലത്തിന് അര്‍ഹനാക്കുകയാണ് പരീക്ഷണങ്ങളിലൂടെ അല്ലാഹു ചെയ്യുന്നത്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 10-13
ടി.കെ ഉബൈദ്

ഹദീസ്‌

മഹത്തായ പ്രതിഫലം
അലവി ചെറുവാടി