Prabodhanm Weekly

Pages

Search

2023 ഡിസംബർ 15

3331

1445 ജമാദുൽ ആഖിർ 02

മഹല്ലുകളിൽ സകാത്ത് എന്തുകൊണ്ട് അവഗണിക്കപ്പെടുന്നു?

കെ.പി പ്രസന്നൻ

ഇസ് ലാമിക സമൂഹത്തിൽ നിലവിലുള്ളതും എന്നാൽ വേണ്ടത്ര ഉപയോഗപ്പെടുത്താത്തതുമായ ഒരു സിസ്റ്റമാണ് മഹല്ലുകളെന്ന് തോന്നിയിട്ടുണ്ട്. ഒരു ജുമുഅത്ത് പള്ളിയുണ്ടാക്കി വിശ്വാസികൾക്ക് നമസ്കാരത്തിന് അവസരമൊരുക്കുക, വിലപ്പെട്ട ആറടി മണ്ണ് മഹല്ല് നിവാസികൾക്ക് ഖബ്റിനായി നീക്കി വെക്കുക തുടങ്ങിയ മഹത്തായ കാര്യങ്ങൾ അത് ചെയ്യാറുണ്ട്. തുച്ഛമായ വരിസംഖ്യ, ഫീസ് ഒക്കെയാണ് വാങ്ങുക. പള്ളി സൗകര്യപ്പെടുത്തി വെച്ചിട്ടുണ്ടെങ്കിലും  ജുമുഅ നമസ്കരിക്കാത്തവരെ മഹല്ല് ശിക്ഷിക്കാറില്ല. ചില പൊതുവായ ഉപദേശങ്ങളൊക്കെ കൊടുക്കാറുണ്ട്. നമസ്കാരം ബോധപൂർവം ഉപേക്ഷിക്കുന്നത് അവിശ്വാസത്തിന്റെ ലക്ഷണമാണെന്നാണ് ഇസ് ലാമിക പ്രമാണം. 

സകാത്ത് നമസ്കാരത്തെക്കാൾ അവഗണിക്കപ്പെട്ട, കൃത്യമായി നിർവഹിക്കപ്പെടാത്ത ഒരു അനുഷ്ഠാനമാണെന്ന് ഏവരും സമ്മതിക്കുമെന്ന് തോന്നുന്നു. ജുമുഅ പോലെ മഹല്ല്  സകാത്ത് സംഭരണത്തിനും  അവസരം ഒരുക്കിയെങ്കിൽ വളരെ നന്നായേനെ. ആഗ്രഹമുള്ളവർക്ക് അത് കൃത്യമായി നിർവഹിക്കാൻ അപ്പോൾ അവസരമൊരുങ്ങുമല്ലോ. സകാത്ത് പിരിക്കാൻ ചുമതലപ്പെട്ടവർ തന്നെ അർഹരായവരെയും മഹല്ലിൽ ചുറ്റിക്കറങ്ങി കണ്ടെത്തണം. ഓരോ മഹല്ലിന്റെയും ആവശ്യങ്ങൾ അവരെക്കാൾ നന്നായി മറ്റാർക്ക് മനസ്സിലാക്കാൻ പറ്റും? സ്വരൂപിച്ച ധനം അർഹരായവരിലേക്കാണ് എത്തുക. ആരാണ് കൊടുത്തതെന്നോ ആരാണ് വാങ്ങിയതെന്നോ അറിയാതെ എല്ലാം പടച്ചവന്റെ പുസ്തകത്തിലേക്ക്. എന്തൊരു സുഗന്ധമാണല്ലേ? ഈ സംരംഭം മഹല്ലുകളിൽനിന്ന് മഹല്ലുകളിലേക്ക് പടർന്ന് ഇസ് ലാമിന്റെ സാഹോദര്യവും പക്ഷേമ തൽപരതയും ജനങ്ങൾക്ക് അനുഭവവേദ്യമാവുകയും ചെയ്യും.

സർക്കാർ ടാക്സ് പിരിച്ചെടുക്കുമ്പോൾ കൃത്യമായ കണക്ക് ഒരാൾ കൊടുക്കാറുണ്ട്. ഇ.ഡി പരിശോധനക്ക് വന്നാൽ വീട്ടിലുള്ളതും, ഒളിപ്പിച്ചുവെച്ചതും ഒക്കെ പിടിച്ചെടുക്കും. ഇവിടെ ഹൃദയത്തിലെ തഖ്‌വയാണ് പരിശോധകൻ. തഖ്‌വ ഇവിടെയാണ് എന്നു പറഞ്ഞു നബി സ്വല്ലല്ലാഹു അലൈഹി വസല്ലം ചൂണ്ടിയ ഹൃദയത്തിലെ ഇ.ഡിക്ക് കൃത്യമായ കണക്കറിയാം. മുസ് ലിംകൾ കൊടുക്കുകയും ചെയ്യും. സകാത്ത് ഉപേക്ഷിച്ചവർ കാഫിറാണെന്ന ഖുർആൻ വചനം അവരെ സംസ്കരിക്കാതിരിക്കില്ല. ഒാരോ  മഹല്ലും ഇക്കാര്യത്തിൽ മുൻകൈയെടുത്ത് മാതൃക ആവേണ്ടതല്ലേ?

പ്രത്യക്ഷ സകാത്തും പരോക്ഷ സകാത്തും ഒക്കെ ഒരു ഇസ് ലാമിക ഭരണകൂടത്തെ ഏൽപ്പിക്കാൻ ഇപ്പോൾ സാധ്യമല്ല. വക്കീലിനെ ഏൽപ്പിച്ച് വിതരണം ചെയ്യാമെന്ന രീതിയും, നേരിട്ട് തന്നെ കൊടുക്കാമെന്ന രീതിയും ഒക്കെ പരീക്ഷിക്കുന്നവർ താന്താങ്ങളുടെ മഹല്ലിലേക്ക് മടങ്ങുകയാണെങ്കിൽ സംഘടനാ വൈജാത്യമില്ലാതെ, തർക്കമില്ലാതെ ഇസ് ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ സകാത്ത് വഴി ഏറെ കൊതിക്കുന്ന മുസ് ലിം ഐക്യവും ഈ വിഷയത്തിൽ സാധ്യമായേക്കാം. ഈയൊരു സിസ്റ്റം നിലവിൽവന്നാൽ മാത്രം കേരളത്തിലെ മഹല്ലുകളിലെ മിക്ക പ്രശ്നങ്ങളും തീരും എന്നാണ് എന്റെ നിഗമനം. എന്തുകൊണ്ടാണ് അത് സംഭവിക്കാത്തത് ? ആരാണ് പ്രതികൾ?

ഉത്തരവാദിത്വം ഏറ്റെടുക്കാത്ത മഹല്ലുകൾ. അതിനെ നിയന്ത്രിക്കുന്ന സംഘടനകൾ. ഇതൊന്നും നിലവിലില്ലാത്തപ്പോൾ സമാന്തര സംരംഭങ്ങൾ ഉണ്ടാക്കേണ്ടി വന്നവർ. അവർ തമ്മിൽ ചേരി തിരിഞ്ഞുള്ള പോരടികൾ. പല കാരണങ്ങളുണ്ടാവും. അതിൽ കക്ഷി ചേർന്ന് ചർച്ച ചെയ്താൽ ഖിയാമം നാൾ വരെ ഒരു സമവായം ഉണ്ടാവാനും സാധ്യതയില്ല. അതുകൊണ്ടാണ് മഹല്ലുകളെ ശാക്തീകരിക്കുക എന്ന വിഷയം മുന്നോട്ടുവെച്ചത്. ഒരു പരിധിവരെ എല്ലാ വിഭാഗം മുസ് ലിംകളും  അവിടെ യോജിക്കാറുണ്ട്. ആരുടെ ജനാസയും മുസ് ലിംകൾ പിന്തുടരാറുണ്ട്.  എന്തിലും തീവ്രത കാട്ടി സമുദായത്തെ ഭിന്നിപ്പിക്കുന്നവരെ തൽക്കാലം മറന്നുകൊണ്ട് മാത്രമേ ഈ ആശയത്തിന് മുന്നോട്ടു പോവാൻ സാധിക്കുകയുള്ളൂ. പഴയ തലമുറയുടെ വാശി പുതു തലമുറ കാണിക്കാറില്ലല്ലോ. ക്ഷമയും വിട്ടുവീഴ്ചയും ചെയ്ത് ഉമ്മത്തിന്റെ താല്പര്യത്തിനുവേണ്ടി ഈ ഫാഷിസ്റ്റ് കാലത്ത് അവരൊക്കെ സഹകരിക്കുകയും ചെയ്താൽ മികച്ച പരിണതി ഉണ്ടായേക്കാം.

പേരിനെങ്കിലും ഇതൊക്കെ അംഗീകരിച്ച ചില മഹല്ലുകളെങ്കിലും ഉണ്ട്. പക്ഷേ, കണക്കുകൾ പരിശോധിച്ചാൽ ഉദ്ദേശിച്ച ഫലങ്ങൾ കിട്ടിത്തുടങ്ങിയിട്ടില്ല. അതിന്റെ കാരണങ്ങൾ തിരഞ്ഞാൽ:

1. ഇപ്പോഴും മുസ് ലിംകൾക്ക്(?) സകാത്തിനോടുള്ള അവഗണന.
2. ഒറ്റയ്ക്ക് കൊടുക്കാം എന്ന അഭിപ്രായത്തെ ഉപയോഗപ്പെടുത്തുന്നവർ.
3. കൊടുത്താൽ തന്നെ പൂർണമായും കൊടുക്കാതെ മറ്റു പല സംരംഭങ്ങൾക്കും വീതിച്ചുകൊടുക്കുന്നവർ.
4. സംഘടനാ ബാധ്യത നിറവേറ്റേണ്ടതിന്റെ പേരിൽ മഹല്ല് സംരംഭങ്ങളെ വേണ്ടത്ര പരിഗണിക്കാത്തവർ.

പണ്ട് ഞാൻ കോഴിക്കോട് പഠിപ്പിച്ചിരുന്ന ('അജ്ഞാന') കാലം. കമ്പ്യൂട്ടർ ലാബ് നടന്നുകൊണ്ടിരിക്കെ ഒരു മുസ് ലിം വിദ്യാർഥി വന്നു, നേരത്തെ പോകാൻ അനുവാദം ചോദിച്ചു. വെറുതെ വിടാൻ പറ്റില്ലല്ലോ. കാരണം ചോദിച്ചു.
പള്ളിയിൽ പോകാനെന്ന് മറുപടി.
പലർക്കും പോകാനുണ്ടല്ലോ. ലാബ് കഴിഞ്ഞു അടുത്ത പള്ളിയിൽ തന്നെ പോയാൽ മതിയെന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞ കാര്യം  കൗതുകമുള്ളതായി തോന്നി.
നാട്ടിൽ തന്നെ എത്തി പള്ളിയിൽ കൂടണമെന്ന് ഉസ്താദ് നിർദേശിച്ചിട്ടുണ്ടത്രെ. കാരണം ചോദിച്ചപ്പോൾ അവനറിയില്ല. അടുത്തയാഴ്ച വിടണമെങ്കിൽ ഉസ്താദിനോട് കാരണം ചോദിച്ച് എന്നെ ബോധ്യപ്പെടുത്തണമെന്ന് തീർപ്പു കൽപ്പിച്ച് അവനെ വിട്ടു.
അവൻ പറയുന്ന കാര്യം ശരിയാണെന്നറിയണമല്ലോ. ഞാനും സൗഹൃദങ്ങളോട്  വിഷയം ചോദിച്ചു. പുതിയ പള്ളിയാവാം. ആണുങ്ങൾ ജോലിക്ക് പോകുന്നതു കാരണം ഉച്ചക്ക് ആൾക്കാർ കുറവായിരിക്കും. ജുമുഅക്ക് 40 പേർ നിർബന്ധമാണെന്ന് കരുതുന്ന മഹല്ല് ആവാം. അതിനായി ചിലരോട് ഇങ്ങനെ നിർദേശിക്കാറുണ്ട്.

സംഭവം പിടികിട്ടി. ഒരു കാര്യം  പ്രാവർത്തികമാക്കിയെടുക്കാൻ തുടക്കത്തിൽ കാണിക്കുന്ന ജാഗ്രതയായിട്ടാണ് ഞാൻ അതിനെ കണ്ടത്.  ഇത്തരത്തിലുള്ള ജാഗ്രത മഹല്ലുകളും കേരളീയ മുസ് ലിം സംഘടനകളും കാണിച്ചാൽ സകാത്ത് വിഷയത്തിൽ കേരളം മാതൃകയാവാൻ സാധ്യതയുണ്ട്.  മഹല്ലിനും ഉസ്താദുമാർക്കും കേരളീയ മുസ് ലിം സമൂഹത്തിൽ നന്നായി സ്വാധീനം ചെലുത്താനാവും.  അവരവർ പിടിക്കുന്ന മുയൽകൊമ്പിന്റെ പിടിവിട്ട്  ഉമ്മത്തിനോടുള്ള  ഗുണകാംക്ഷയിൽ മഹല്ലുകൾ സ്വയം ശാക്തീകരിക്കാൻ  ശ്രമിച്ചാൽ ഭൂമിയിലും ആകാശത്തും പടച്ചവൻ കാരുണ്യം കൊണ്ട് നിറക്കാതിരിക്കില്ല.

പക്ഷേ, പൂച്ചക്ക് ആര് മണി കെട്ടും?
ഓരോ ജില്ലയിലുമുള്ള മഹല്ലുകളെ ഖുർആൻ അനുസരിച്ച് സാധ്യമായ രീതിയിൽ ചിട്ടപ്പെടുത്തുന്നതിനുള്ള തടസ്സം മുസ് ലിംകളുടെ ഐക്യമില്ലായ്മ മാത്രമാണ്. ഉള്ള സാധ്യതകൾ പോലും ഉപയോഗപ്പെടുത്താത്തതിൽ ആരാവും കുറ്റക്കാർ? l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 10-13
ടി.കെ ഉബൈദ്

ഹദീസ്‌

മഹത്തായ പ്രതിഫലം
അലവി ചെറുവാടി