Prabodhanm Weekly

Pages

Search

2023 ഡിസംബർ 15

3331

1445 ജമാദുൽ ആഖിർ 02

ബൈതുസ്സകാത്ത് കേരള സേവന പാതയിൽ കാൽനൂറ്റാണ്ട്

ശൈഖ് മുഹമ്മദ് കാരകുന്ന്

ഇത്തിരിയെങ്കിലും കാരുണ്യമുള്ളവരെയൊക്കെ അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും. മാരകമായ രോഗങ്ങൾക്കടിപ്പെട്ട് വേദനകൊണ്ട് പുളയുന്നവർ, തലചായ്ക്കാൻ കൊച്ചു കൂര പോലുമില്ലാതെ കഷ്ടപ്പെടുന്നവർ, തൊഴിലെടുക്കാൻ കഴിവുണ്ടായിട്ടും ഉപകരണങ്ങളില്ലാത്തതിനാൽ ജോലിയില്ലാതെ പ്രയാസപ്പെടുന്നവർ, പഠിക്കാൻ യോഗ്യതയും സാമർഥ്യവുമുണ്ടായിരുന്നിട്ടും പണമില്ലാത്തതിനാൽ പഠനം മുടങ്ങുന്നവർ, കൊടിയ ദാരിദ്ര്യം കാരണം ബാലവേലയിലേക്കും കുറ്റകൃത്യങ്ങളിലേക്കും തള്ളപ്പെടുന്നവർ, വരുമാനമൊന്നുമില്ലാതെ പട്ടിണികൊണ്ട് പൊറുതിമുട്ടുന്നവർ, അന്യായമായി ജയിലുകളിലടക്കപ്പെടുന്നവരുടെ നിസ്സഹായരായ ആശ്രിതർ; അങ്ങനെയങ്ങനെ ഗതിമുട്ടിയ ജീവിതങ്ങൾക്ക് കരുത്ത് പകരാനും തളർന്നുപോയ മനുഷ്യർക്ക് ആശ്വാസം നൽകാനും ഒരു പരിധിയോളം സാധിക്കുമെന്ന് പ്രായോഗികമായി തെളിയിച്ച സംരംഭമാണ് ബൈതുസ്സകാത്ത് കേരള. കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി അത് ഈ വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭംഗിയായി നിർവഹിച്ചുകൊണ്ടിരിക്കുന്നു. വളരെ വ്യവസ്ഥാപിതമായി നടന്നുവരുന്ന ഏറെ ശ്രദ്ധേയമായ സംരംഭമാണിത്. സകാത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ സംവിധാനമൊരുക്കുക എന്ന ലക്ഷ്യത്തോടെ 2000 ഒക്ടോബറിലാണ് ഇത് സ്ഥാപിതമായത്. പബ്ലിക് റിലീജിയസ് ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് ബൈതുസ്സകാത്ത് കേരള. വളരെ ഫലപ്രദമായി പ്രവർത്തിച്ചുവരുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സംഘടിത സകാത്ത് സംവിധാനമാണ് ബൈത്തുസ്സകാത്ത് കേരള.

നിലവിൽ ഓണ്‍ലൈനായി സകാത്ത് നൽകാനുള്ള സൗകര്യമുണ്ട്. വിശദാംശങ്ങൾ അറിയാൻ സകാത്ത് ആപ്പുമുണ്ട്.

കേരളത്തിൽ പലയിടങ്ങളിലും പ്രവർത്തിച്ചുവരുന്ന പ്രാദേശിക സകാത്ത് കമ്മിറ്റികൾ ഇതിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെങ്ങും ബൈതുസ്സകാത്തിന് പ്രവര്‍ത്തന ശൃംഖലകളുണ്ട്.

ബോധവൽക്കരണ പരിപാടികൾ

നിർബന്ധമായ അഞ്ചു നേരത്തെ നമസ്കാരം മാത്രം നിർവഹിക്കുന്നവർ ദിനേന നന്നേ ചുരുങ്ങിയത് പതിനേഴ് തവണയെങ്കിലും 'ഞങ്ങൾ നിനക്ക് മാത്രം ഇബാദത്ത് ചെയ്യുന്നു' എന്ന് അല്ലാഹുവോട് കരാർ ചെയ്യുന്നു.  'നിങ്ങൾ അവന് മാത്രം ഇബാദത്ത് ചെയ്യുന്നവരെങ്കിൽ' എന്ന് അല്ലാഹു വിശുദ്ധ ഖുർആനിൽ മൂന്നിടങ്ങളിൽ വ്യവസ്ഥവെക്കുന്നുമുണ്ട്. അതിൽ ഒന്ന് ആരാധനയും രണ്ടെണ്ണം ആഹാരവുമാണ്.
"അതിനാല്‍ നിങ്ങള്‍ സൂര്യനെയോ ചന്ദ്രനെയോ സുജൂദ് ചെയ്യരുത്. അവയെ പടച്ച അല്ലാഹുവിന് മാത്രം സുജൂദ് ചെയ്യുക. നിങ്ങള്‍ അവനു മാത്രം വഴിപ്പെടുന്നവരെങ്കില്‍!" ( 41: 37).

ബാക്കി രണ്ടും ആഹാരത്തെ സംബന്ധിച്ചാണ്."വിശ്വസിച്ചവരേ, നാം നിങ്ങള്‍ക്കേകിയവയില്‍നിന്ന് ഉത്തമമായത് ആഹരിക്കുക. അല്ലാഹുവോട് നന്ദി കാണിക്കുക. നിങ്ങള്‍ അവനു മാത്രം വഴിപ്പെടുന്നവരാണെങ്കില്‍!" ( 2:172).

"അതിനാല്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ വിഭവങ്ങളില്‍ അനുവദനീയവും ഉത്തമവുമായത് തിന്നുകൊള്ളുക. അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കുക. നിങ്ങള്‍ അവനു മാത്രം വഴിപ്പെടുന്നവരെങ്കില്‍!" (16: 114). ആഹാരം അനുവദനീയവും ഉത്തമവുമാണെങ്കിൽ മാത്രമേ അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്നവരാവുകയുള്ളൂവെന്ന് ഖുർആൻ വ്യക്തമാക്കുകയാണ്. ആഹാരം അനുവദനീയവും നല്ലതുമാകണമെങ്കിൽ സകാത്ത് നൽകാൻ ബാധ്യതയുള്ളവർ അത് കൊടുക്കുക തന്നെ വേണം. അപ്പോൾ മാത്രമേ മറ്റുള്ളവരുടെ അവകാശങ്ങളിൽനിന്ന് സമ്പത്ത് മുക്തമാവുകയുള്ളൂ. അതിനാൽ, അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്ന തൗഹീദ് അംഗീകരിച്ചവരാകണമെങ്കിൽ നിർബന്ധമായും നൽകേണ്ട സകാത്ത് അതിന്റെ അവകാശികൾക്ക് കൊടുക്കേണ്ടത് അനിവാര്യമാണ്. സകാത്ത് നൽകാത്തവർ മുശ് രിക്കുകളായിത്തീരുമെന്ന് ഖുർആൻ പറയാനുള്ള കാരണവും അതു തന്നെ. മുപ്പതിലേറെ സ്ഥലങ്ങളിൽ വിശുദ്ധ ഖുർആൻ സകാത്ത് നൽകണമെന്ന് കർക്കശമായി കൽപ്പിക്കുന്നു. അതിൽ 27 സ്ഥലങ്ങളിലും, നമസ്കാരം നിഷ്ഠയോടെ നിർവഹിക്കണമെന്ന കൽപ്പനയോട് ചേർത്താണ് സകാത്ത് കൊടുക്കണമെന്ന് കൽപ്പിച്ചത്. 

എന്നിട്ടും മുസ് ലിം സമുദായം സകാത്തിനെ അവഗണിക്കുന്നു. അഞ്ചു നേരത്തെ നമസ്കാരം കൃത്യമായി നിർവഹിക്കുന്നവർ പോലും സകാത്ത് കൊടുക്കാൻ ബാധ്യസ്ഥരായിട്ടും അത് നൽകാതെ അതീവ ഗുരുതരമായ തെറ്റും കുറ്റവും ചെയ്തുകൊണ്ടേയിരിക്കുന്നു. സകാത്ത് നൽകുന്നവരിൽ തന്നെ അത് കൃത്യതയോടെയും കണിശമായും നിർവഹിക്കുന്നവർ വളരെ വിരളം. ആരും ളുഹ്റ് മൂന്ന് റക്അത്തോ മഗ്്രിബ് രണ്ട് റക്അത്തോ നമസ്കരിക്കാറില്ല. വളരെ കൃത്യതയോടെയാണ് അത് ചെയ്യാറുള്ളത്. എന്നാൽ, വരുമാനത്തിന്റെ കണക്ക് നോക്കി തോത് പരിശോധിച്ച് സകാത്ത് കൊടുക്കുന്നവർ വളരെ കുറവാണ്. പ്രധാന കാരണം, അതെക്കുറിച്ച് ബോധവൽക്കരിക്കേണ്ടവർ കുറ്റകരമായ മൗനം പാലിക്കുന്നുവെന്നത് തന്നെ.

നിങ്ങൾ ഇന്നോളം കേട്ട മതപണ്ഡിതന്മാരുടെ പ്രഭാഷണങ്ങളും ഉദ്ബോധനങ്ങളും ഉപദേശങ്ങളും ഓർത്തു നോക്കൂ. മദ്റസകളിൽനിന്ന് ലഭിച്ച പാഠങ്ങൾ പരിശോധിച്ചു നോക്കൂ. അവയിലൊക്കെയും നമസ്കാരത്തെ സംബന്ധിച്ച് പറഞ്ഞതും പഠിപ്പിച്ചതും, സകാത്തിനെ സംബന്ധിച്ച് കേട്ടതിനോടും പഠിച്ചതിനോടുമൊന്ന് താരതമ്യം ചെയ്തു നോക്കൂ. നമസ്കാരത്തെ സംബന്ധിച്ച് നിങ്ങൾ കേട്ടതിന്റെ പത്തിലൊന്നു പോലും സകാത്തിനെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ലെന്നുറപ്പ്. എന്നല്ല, നോമ്പിനെ പറ്റിയും ഹജ്ജിനെക്കുറിച്ചും പ്രഭാഷകർ പറഞ്ഞതിന്റെ നാലിലൊന്ന് പോലും സകാത്തിനെ സംബന്ധിച്ച് പരാമർശിച്ചിട്ടുണ്ടാവില്ല. ഉംറക്ക് കൊടുക്കുന്ന പ്രാധാന്യം പോലും സകാത്തിന് നൽകാറില്ല.

നമസ്കാരത്തിന്റെയും നോമ്പിന്റെയും ഹജ്ജിന്റെയും ഉംറയുടെയും നിയമങ്ങളും ക്രമങ്ങളും പഠിപ്പിക്കുന്ന പണ്ഡിതന്മാരും പ്രഭാഷകരും സകാത്ത് കൊടുക്കാൻ ബാധ്യസ്ഥമായ സാമ്പത്തിക പരിധിയും കൊടുക്കേണ്ട തോതും പറഞ്ഞുകൊടുക്കാറില്ല. അതുകൊണ്ടുതന്നെ ഏറെപ്പേർക്കും അതൊന്നും അറിയില്ല.

മതപണ്ഡിതന്മാരും സമുദായ നേതാക്കളും പ്രഭാഷകരും അത്രയേറെ അവഗണിച്ച അതിപ്രധാനമായ അനുഷ്ഠാനമാണ് സകാത്ത്. അക്കാരണം കൊണ്ടു തന്നെ ബൈതുസ്സകാത്ത്,  സകാത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ നിരവധി പരിപാടികൾ ആവിഷ്കരിച്ചിരിക്കുന്നു. സകാത്ത് നൽകാൻ ബാധ്യസ്ഥരായ വ്യക്തികളെ നേരിൽ ചെന്നു കണ്ട് അക്കാര്യം ഉണർത്താറുണ്ട്. സകാത്തിനെ സംബന്ധിച്ച പഠന ക്ലാസ്സുകളും ചർച്ചകളും സെമിനാറുകളും കോൺഫറൻസുകളും അക്കാദമിക, ഗവേഷണ പഠനങ്ങളും സംഘടിപ്പിക്കുന്നു. പ്രാദേശിക സകാത്ത് കമ്മിറ്റികള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശവും പരിശീലനവും  ബൈതുസ്സകാത്ത് നൽകിവരുന്നുണ്ട്. റമദാനിന്റെ തൊട്ടു മുമ്പുള്ള ആഴ്ചകളിൽ സകാത്ത് ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ഇങ്ങനെ സമൂഹത്തിൽ സകാത്തിനെ സംബന്ധിച്ച അവബോധം വളർത്താൻ വ്യത്യസ്ത പരിപാടികൾ നടത്തിക്കൊണ്ടിരിക്കുന്നു. മതപണ്ഡിതന്മാരും സമുദായ നേതാക്കളും പ്രഭാഷകരും എഴുത്തുകാരും സകാത്തിനെ സംബന്ധിച്ച് സംസാരിച്ചുകൊണ്ടേയിരിക്കണമെന്നാണ് ബൈതുസ്സകാത്ത് ആവശ്യപ്പെടുന്നത്. നിരന്തരമായ ഉദ്ബോധനങ്ങൾ വിശ്വാസികളെ സ്വാധീനിക്കാതിരിക്കില്ല. അങ്ങനെ സകാത്തിനോടുള്ള അവഗണനക്ക് ഒരു പരിധിയോളമെങ്കിലും അറുതി വരാനും സാധ്യതയുണ്ട്.

ബഹുമുഖ പദ്ധതികൾ

വിശ്വാസികളുടെ ജീവിതത്തിന്റെയും സമ്പത്തിന്റെയും സംസ്കരണം പോലെത്തന്നെ സകാത്തിന്റെ പ്രധാന ലക്ഷ്യമാണ് ദാരിദ്ര്യ നിർമാർജനവും സമൂഹത്തിന്റെ സുസ്ഥിരമായ വളർച്ചയും വികസനവും. സമൂഹത്തിന്റെ പൊതുവായ സാമ്പത്തിക വളർച്ചക്കും സാമൂഹിക നീതിയുടെ സംസ്ഥാപനത്തിനും ഇസ് ലാം മുന്നോട്ടുവെച്ച സുപ്രധാനവും ശാസ്ത്രീയവുമായ സംവിധാനമാണല്ലോ അത്. സകാത്തിലൂടെ സമൂഹത്തിന്റെ സാമ്പത്തിക വളർച്ചയും സമ്പത്തിന്റെ ഫലപ്രദവും സജീവവുമായ ഒഴുക്കും സാധ്യമായിത്തീരുന്നു.

സമ്പന്നരുടെ സമ്പത്തില്‍നിന്ന് ദരിദ്രര്‍ക്ക് നിര്‍ബന്ധമായും ലഭിക്കേണ്ട കൃത്യമായ വിഹിതം അവകാശമായി നിശ്ചയിച്ചതിലൂടെ പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കാനുള്ള അടിസ്ഥാന സംവിധാനമാണ് ഇസ്‌ലാം ആവിഷ്കരിച്ചത്. ഇതിന്റെ പ്രയോഗവൽക്കരണത്തിനാണ് കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി ബൈതുസ്സകാത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഭവന നിര്‍മാണം, സ്വയംതൊഴില്‍, വിദ്യാഭ്യാസം, ചികിത്സ, കടബാധ്യത തീര്‍ക്കല്‍, കുടിവെള്ള പദ്ധതി, റേഷന്‍, പെന്‍ഷന്‍ തുടങ്ങിയ വ്യത്യസ്ത പദ്ധതികളിലായി ഏറെ പ്രയാസപ്പെടുന്ന പതിനായിരങ്ങൾക്ക് സഹായം നൽകാൻ ഇതിനകം ബൈതുസ്സകാത്തിന് സാധിച്ചിട്ടുണ്ട്.

  ഏതൊരു കുടുംബത്തിന്റെയും സ്വപ്നമാണ് തല ചായ്ക്കാൻ ഒരിടം. അത് മനുഷ്യന്റെ മൗലികാവശ്യവുമാണ്. എന്നാൽ, നമ്മുടെ നാട്ടിൽ അന്തിയുറങ്ങാൻ ഒരു കൊച്ചു കൂര പോലുമില്ലാത്തവർ ലക്ഷങ്ങളാണ്. അതുകൊണ്ടുതന്നെ ബൈതുസ്സകാത്ത് മുഖ്യമായ ഊന്നൽ നൽകുന്ന പദ്ധതികളിലൊന്ന് വീടുനിർമാണമാണ്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച് ഏറ്റവും അർഹരായവർക്കാണ് വീടുകൾ നൽകാറുള്ളത്. ഈ വർഷം മാത്രം മുന്നൂറിലേറെ  വീടുകൾ നിർമിക്കുന്നതിൽ പൂർണമായോ ഭാഗികമായോ പങ്കുവഹിക്കാൻ ബൈതുസ്സകാത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സകാത്ത് അത് സ്വീകരിക്കുന്നവരെ സ്വയം പര്യാപ്തരാക്കാനുള്ള സംവിധാനം കൂടിയാണല്ലോ. ഒരിക്കൽ അത് സ്വീകരിച്ചവർക്ക് പിന്നീട് അത് വാങ്ങേണ്ട അവസ്ഥ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്. അതുകൊണ്ടുതന്നെ  ബൈതുസ്സകാത്ത് സ്വയംതൊഴിൽ പദ്ധതിക്ക് വലിയ ഊന്നൽ നൽകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച്, ആവശ്യപ്പെട്ട സഹായം നൽകിയാൽ അത് ബന്ധപ്പെട്ടവരുടെ കുടുംബത്തിന്റെ ജീവിതം മുന്നോട്ടു പോകാൻ സഹായമായിത്തീരുമെന്ന് ബോധ്യമാകുന്നവർക്കെല്ലാം ഭാഗികമായോ പൂർണമായോ  ബൈതുസ്സകാത്ത് സഹായം നൽകിവരുന്നു. ഈ വർഷം തന്നെ മുപ്പത്തി രണ്ട് ഓട്ടോറിക്ഷകൾ അർഹർക്ക് കൈമാറുകയുണ്ടായി. മത്സ്യബന്ധന ബോട്ടും വലയും വള്ളങ്ങളും  തയ്യൽ മെഷീനുകളും പെട്ടിക്കടകളും മറ്റു നിരവധി തൊഴിലുപകരണങ്ങളും നൽകിയിട്ടുണ്ട്.

ബൈതുസ്സകാത്ത് ഏറെ ശ്രദ്ധിക്കുന്ന മറ്റൊരു മേഖലയാണ് ചികിത്സാ സഹായം. ഓരോ ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അർഹരായവർക്കെല്ലാം ചെറിയ തോതിലെങ്കിലും സഹായം നൽകിവരുന്നു.

കഴിവും യോഗ്യതയുമുണ്ടായിരുന്നിട്ടും സാമ്പത്തിക കാരണങ്ങളാൽ പഠിക്കാൻ സാധിക്കാതെ പ്രയാസപ്പെടുന്ന വിദ്യാർഥികൾക്ക്  സ്കോളർഷിപ്പ് നൽകുന്നുമുണ്ട്. സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ സമുദായത്തിന്റെ ശാക്തീകരണത്തിന് ആവശ്യമായ മേഖലകൾക്കാണ് ഊന്നൽ നൽകുന്നത്.

കടബാധ്യതകൾ തീർക്കാനും മാസം തോറും റേഷനും പെൻഷനും നൽകാനും കുടിവെള്ളം ഏർപ്പെടുത്താനും വാർഷിക ബജറ്റിൽ ഒരു വിഹിതം നീക്കിവെച്ചിട്ടുണ്ട്. ഇങ്ങനെ ഏറെ കഷ്ടപ്പെടുന്ന മനുഷ്യരുടെ മൗലിക പ്രശ്നങ്ങൾ പരിഹരിക്കാൻ ബൈതുസ്സകാത്ത്  പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും അതിന്റെ മുന്നിൽ വരുന്ന ആവശ്യങ്ങളുടെ വളരെ ചെറിയ ഒരു ശതമാനം മാത്രമേ പൂർത്തീകരിക്കാൻ സാധിക്കുന്നുള്ളൂ എന്നത് നടത്തിപ്പുകാരെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് കേരള മുസ് ലിംകളുടെ ദാരിദ്ര്യ നിർമാർജനവും സാമ്പത്തിക ഭദ്രതയും ശാക്തീകരണവും ലക്ഷ്യംവെച്ച് ബൈതുസ്സകാത്തിന് പുതിയ രൂപവും ഭാവവും ഘടനയും നൽകാൻ തീരുമാനിച്ചത്.

നമ്മുടെ നാട്ടിൽ സംഘടിത സകാത്ത് ശേഖരണത്തിനും വിതരണത്തിനും ഫലപ്രദമായ സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഓരോ വർഷവും ബില്യന്‍ കണക്കിന് രൂപ ശേഖരിച്ച് വിതരണം നടത്താൻ സാധിക്കുമായിരുന്നു. അതിലൂടെ  ഇന്ത്യൻ മുസ് ലിംകളുടെ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥക്ക് ഒരു പരിധി വരെ അറുതിവരുത്താൻ സാധിക്കുമായിരുന്നു. നിർഭാഗ്യവശാൽ അത്തരം വിപുലവും വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ സംവിധാനമില്ല. അതുകൊണ്ടുതന്നെ സകാത്തിന്റെ വളരെ ചെറിയ അംശം മാത്രമേ കൈമാറ്റം ചെയ്യപ്പെടുന്നുള്ളൂ. 
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ബൈതുസ്സകാത്ത് കേരളയെ, സംസ്ഥാനത്ത് സകാത്ത് നൽകാൻ ബാധ്യസ്ഥരായ മുഴുവൻ വ്യക്തികൾക്കും പങ്കാളിത്തം വഹിക്കാൻ കഴിയുന്ന പൊതു സകാത്ത് സംരംഭമായി വളർത്തിയെടുക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇസ്‌ലാം നിശ്ചയിച്ച പ്രകാരമുള്ള വ്യക്തികളുടെ സാമ്പത്തിക ബാധ്യതാ നിർവഹണത്തിനും സമുദായത്തിന്റെ പിന്നാക്കാവസ്ഥക്ക് അറുതി വരുത്തി, ദാരിദ്ര്യം നിർമാർജനം ചെയ്ത് സാമ്പത്തിക സുസ്ഥിതിയും ഭദ്രതയും കൈവരിക്കാനും ഇതനിവാര്യമാണ്.

അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കി ശരിയായ രീതിയിൽ സകാത്ത് നിർവഹിക്കാൻ ഇത്തരമൊരു സംരംഭം ഉണ്ടാവേണ്ടതുണ്ട്. സകാത്ത് സംവിധാനത്തിലൂടെ ഇസ്‌ലാമിന്റെ മഹിതമായ സാമ്പത്തിക വ്യവസ്ഥയുടെ സദ്ഫലങ്ങൾ സമൂഹത്തിന് ലഭ്യമാക്കാൻ അനിവാര്യമായ മഹത് സംരംഭമായി ഇതിനെ മാറ്റിയെടുക്കേണ്ടതുണ്ട്.

സകാത്ത് സംഭരണ-വിതരണത്തിലെ കാര്യക്ഷമതയും സുതാര്യതയും ഫലപ്രാപ്തിയും  ഉറപ്പ് വരുത്തിക്കൊണ്ടുതന്നെ ഇത് സാധ്യമാകുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. അതോടൊപ്പം സമൂഹത്തിന്റെയും സമുദായത്തിന്റെയും സമഗ്ര പുരോഗതിക്കാവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാനും വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, മനുഷ്യ വിഭവ ശേഷിയുടെ പോഷണം തുടങ്ങി സമുദായ ശാക്തീകരണത്തിന് അനിവാര്യമായ വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത്തരമൊരു സംരംഭത്തിന് സാധിക്കും. l

(ബൈതുസ്സകാത്ത് കേരള 
ചെയർമാനാണ് ലേഖകൻ)

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 10-13
ടി.കെ ഉബൈദ്

ഹദീസ്‌

മഹത്തായ പ്രതിഫലം
അലവി ചെറുവാടി