അധിനിവേശകര്‍ മുട്ടുമടക്കേണ്ടിവരും
കഷ്ടിച്ച് ഏഴു ദിവസത്തെ വെടിനിര്‍ത്തലിന് ശേഷം ഗസ്സയിലെ സയണിസ്റ്റ് താണ്ഡവം അതിഭീകരമായി പുനരാരംഭിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തെക്കാള്‍ എത്രയോ മാരകമായ ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ ബൈഡന്‍ ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണയും ഇതിനുണ്ട്. എത്രയും വേഗം, അഥവാ ക്രിസ്മസിന് മുമ്പ് തന്നെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാണ് സയണിസ്റ്റ്-യാങ്കി കൂട്ടുകെട്ടിന്റെ ശ്രമം. പ്രധാനമായും മൂന്നു ലക്ഷ്യങ്ങളാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്ന്, ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുക. രണ്ട്, ബന്ദികളെ മോചിപ്പിക്കുക. മൂന്ന്, ഭാവിയില്‍ ഒരു തരത്തിലുള്ള ഭീഷണിയും ഗസ്സയില്‍നിന്ന് സയണിസ്റ്റ് ഭരണകൂടത്തിനെതിരെ ഉയരാതിരിക്കുക. ഈ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടാതെ യുദ്ധം നിര്‍ത്തിയാല്‍ അത് നാണം കെട്ട തോല്‍വിയായി വിലയിരുത്തപ്പെടുമെന്ന് സയണിസ്റ്റ് -യാങ്കി സഖ്യത്തിന് നല്ല ബോധ്യമുണ്ട്. യുദ്ധ ലക്ഷ്യങ്ങളില്‍ ഏറ്റവും പ്രധാനം ഒന്നാമത്തേത് തന്നെ- ഹമാസിനെ രാഷ്ട്രീയമായും സൈനികമായും ഇല്ലാതാക്കുക. ഹമാസിന്റെ പോരാളികളെ കൊന്ന് തീര്‍ത്താലേ അത് സാധ്യമാവൂ എന്നവര്‍ക്ക് നല്ല നിശ്ചയമുണ്ട്. അതിനാല്‍, ഗസ്സ എന്ന ഭൂപ്രദേശത്തെ അടിമുടി ഇളക്കിമറിക്കുന്ന അത്യന്തം നശീകരണ ശേഷിയുള്ള ബോംബുകളായിരിക്കാം ഇനി പ്രയോഗിക്കുക. തുരങ്കങ്ങളില്‍ പതിയിരുന്ന് ഹമാസ് നടത്തുന്ന ഒളിപ്പോരാക്രമണങ്ങളെ നേരിടാന്‍ ശേഷിയില്ലാതെ പകച്ചു പിന്‍മാറുന്ന ഇസ്രായേല്‍ സൈന്യത്തിന് മുന്നില്‍ മറ്റൊരു മാര്‍ഗവും തുറന്ന് കിടപ്പില്ല എന്ന തിരിച്ചറിവില്‍നിന്നായിരിക്കും ഇനിയുള്ള ആക്രമണങ്ങള്‍ എങ്ങനെയാവണമെന്ന് തീരുമാനിക്കുക.
ഇതെഴുതുമ്പോള്‍ തന്നെ അനൗദ്യോഗിക കണക്ക് പ്രകാരം, ഗസ്സയില്‍ കൊല്ലപ്പെട്ടവര്‍ ഇരുപതിനായിരമെങ്കിലും ആയിട്ടുണ്ടാവും. ആശുപത്രികളെയും അഭയാര്‍ഥി ക്യാമ്പുകളെയും ലക്ഷ്യം വെച്ച് കൂടുതല്‍ ആക്രമണങ്ങള്‍ പ്രതീക്ഷിക്കണം. ഫലസ്ത്വീനിലെ മറ്റു പോരാളി സംഘങ്ങളുമായി രഹസ്യ ധാരണകളുണ്ടാക്കി ഹമാസിനെ ഒറ്റപ്പെടുത്താനുള്ള നീക്കവും സയണിസ്റ്റ് ഭരണകൂടം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഹമാസിനെ തകര്‍ക്കുക മാത്രമാണ് ലക്ഷ്യം എന്ന് ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു യുദ്ധ തന്ത്രമാണ്. ഹമാസ് തകര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്നവര്‍ ചുറ്റുവട്ടത്തും ഉണ്ടല്ലോ. അത്തരക്കാരെ ഒപ്പം കൂട്ടാന്‍ അത് ഉപകരിക്കും. ഫലസ്ത്വീനികളുടെ സ്വൈരജീവിതത്തിന് ഭീഷണി ഹമാസാണെന്ന് വരുത്തിത്തീര്‍ക്കാനുമാവും. അത്തരത്തിലുള്ള മത വാറോലകളും ധാരാളം ഇറങ്ങുന്നുണ്ടല്ലോ.
ആരൊക്കെ, എങ്ങനെയൊക്കെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാലും ഇത് ഹമാസിനെതിരെയുള്ള യുദ്ധമല്ലെന്ന് എല്ലാ ഫലസ്ത്വീനികളും മനസ്സിലാക്കിയിട്ടുണ്ട് - ഇത് ഫലസ്ത്വീനികളെ ഉന്മൂലനം ചെയ്യാനുള്ള യുദ്ധമാണ്. അതുകൊണ്ടാണ് ഗസ്സയില്‍ ചെയ്യുന്നതൊക്കെ അവര്‍ ഖുദ്‌സിലും വെസ്റ്റ് ബാങ്കിലും മറ്റു മുഴുവന്‍ അധിനിവിഷ്ട പ്രദേശങ്ങളിലും ചെയ്യുന്നത്. കൂട്ടക്കൊലകള്‍, ഭൂമി പിടിച്ചെടുക്കല്‍, സമ്പത്ത് കൊള്ളയടിക്കല്‍, തദ്ദേശീയരെ ആട്ടിപ്പുറത്താക്കല്‍- ഇവിടങ്ങളിലൊക്കെ ഒരേ രീതിയിലുള്ള അതിക്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സായുധ ഗ്രൂപ്പുകളൊന്നും ഇല്ലാത്ത ഇസ്രായേലിനകത്തെ അറബ് ഇസ്രായേലി പൗരന്മാര്‍ക്കും രക്ഷയില്ല. യഥാര്‍ഥ ഉന്നം ഹമാസല്ല എന്നല്ലേ അതിനര്‍ഥം?
അതുകൊണ്ടുതന്നെയാണ് എന്തൊക്കെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നാലും തങ്ങള്‍ ഹമാസിനൊപ്പം നില്‍ക്കുമെന്ന് ഗസ്സക്കാര്‍ ചങ്കൂറ്റത്തോടെ വിളിച്ചുപറയുന്നത്. 'ഞങ്ങള്‍ മുഹമ്മദ് ദൈഫ്, ഞങ്ങള്‍ യഹ് യാ സിന്‍വാര്‍, ഞങ്ങള്‍ അബൂ ഉബൈദ' എന്ന് ഫലസ്ത്വീനിലെ ആബാലവൃദ്ധം ജനങ്ങള്‍ ഏറ്റുവിളിക്കുന്നു. ഒരു ജനതയുടെ ഈ നിശ്ചയദാര്‍ഢ്യത്തിന് മുന്നിൽ അധിനിവേശകര്‍ മുട്ടുമടക്കേണ്ടിവരും. അത് എങ്ങനെയായിരിക്കുമെന്ന് കാലം നമുക്ക് പറഞ്ഞുതരും. l
Comments