Prabodhanm Weekly

Pages

Search

2023 ഡിസംബർ 15

3331

1445 ജമാദുൽ ആഖിർ 02

അകമഴിഞ്ഞ് സഹായിക്കുന്ന വ്യക്തിത്വം

പോള്‍സണ്‍ KJ (റിട്ട. സബ്ബ് ഇന്‍സ്‌പെക്ടര്‍)

മനസ്സ് കടിഞ്ഞാണ്‍ പൊട്ടി 1975-1980 കാലത്തേക്ക് പ്രയാണം നടത്തുകയാണ്. അക്കാലത്ത് മുഹമ്മദ് മൗലവി (ചായപ്പൊടി മുസ് ലിയാര്‍ എന്നും അറിയപ്പെട്ടിരുന്നു) പ്രശസ്തനായ ഖുർആന്‍ പണ്ഡിത ശ്രേഷ്ഠനും, മാളക്കാര്‍ക്ക് സർവസമ്മതനും, ആശ്രയിക്കുന്നവരെ അകമഴിഞ്ഞ് സഹായിക്കുന്ന വ്യക്തിയും, മാളയിലെ തേയില ഓള്‍സെയില്‍ ബിസിനസ് നടത്തിപ്പുകാരനുമായിരുന്നു. വെള്ള മുണ്ടും ഷര്‍ട്ടും കുറ്റിത്താടിയും കൈവശം ഒരു കറുത്ത ബാഗുമായി തിരക്കു പിടിച്ച് നടന്നുവരുന്ന മൗലവിയെ കാണുമ്പോള്‍  അപ്പനെ കുറിച്ച ഓർമകളുണരും.

എന്റെ ഓർമയില്‍ അന്നാളില്‍ ഫോണ്‍ കണക് ഷന്‍ ഉള്ള അപൂർവം കടകളില്‍ ഒന്നായിരുന്നു മൗലവിയുടേത്. സ്‌നേഹ സമ്പന്നനായിരുന്ന മൗലവി ഒന്ന് മനസ്സ് വെച്ചിരുന്നെങ്കില്‍ ഇന്നത്തെ മാളയുടെ നല്ല ഒരു ഭാഗം അദ്ദേഹത്തിന്റെ കൈകളില്‍ എത്തുമായിരുന്നു എന്ന് എന്റെ അപ്പന്‍ പറയുമായിരുന്നു. അപ്പന്‍ എന്നും മൗലവിയെ ഏറെ ബഹുമാനത്തോടെ കണ്ടിരുന്നു. അനശ്വര ഓർമകള്‍  ബാക്കിയാക്കി, ജീവിതത്തിലുടനീളം ലാളിത്യവും വിശുദ്ധിയും നിലനിര്‍ത്തി വിടപറഞ്ഞ പ്രിയ മുഹമ്മദ് മൗലവിക്ക് പ്രണാമം.

 

ഞാന്‍ അറിയുന്ന ടി.എ ഉസ്താദ് 

മാള മഹല്ല് ജമാഅത്തിന്റെ നേതൃത്വമേറ്റെടുക്കാന്‍ വരുമ്പോള്‍, സുഹൃത്തുക്കളായ പല പണ്ഡിതന്‍മാരും അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നാട്ടിലേക്ക് നിയോഗിതനായ നിങ്ങള്‍ ഭാഗ്യവാനാണ് എന്ന രീതിയിലായിരുന്നു അവരുടെ സംസാരം. ഇവിടെ വന്നപ്പോള്‍ അത് ശരിക്കും ബോധ്യപ്പെട്ടു. ഇപ്പോള്‍ വല്ലാത്തൊരു ശൂന്യതയും വിടവും അനുഭവപ്പെടുന്നു.

ഞങ്ങളുടെ മാള പ്രദേശം അത്രയൊന്നും ഇസ്്ലാമിക സംസ്‌കാര മുള്‍ക്കൊണ്ട് ജീവിക്കുന്ന മുസ് ലിംകളുടേതായിരുന്നില്ല. അവിടെ ഇസ് ലാമികമായ ഒരന്തരീക്ഷം, കക്ഷി ഭേദമന്യേ ഉണ്ടാക്കിയെടുക്കുന്നതില്‍ ടി.എക്കുള്ള പങ്ക് കുറച്ചൊന്നുമല്ല. സംഘടനാപരമായ സകല പക്ഷപാതിത്വങ്ങള്‍ക്കും അതീതമായി, ഏകോദര സഹോദരങ്ങളായിട്ടെങ്ങനെ ജീവിക്കണമെന്ന് ഞങ്ങളെ പഠിപ്പിച്ചത്, ബഹുമാന്യനായ ഞങ്ങളുടെ ടി.എയാണ്. അദ്ദേഹത്തിന്റെ വിടവ് നികത്താന്‍ യോഗ്യരായ വ്യക്തിത്വങ്ങളെ നല്‍കി നാഥാ, ഞങ്ങളുടെ നാടിനെ നീ അനുഗ്രഹിക്കേണമേ, അദ്ദേഹം ചെയ്ത മഹത്തായ സംഭാവനകള്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലം, ജന്നാത്തുല്‍ ഫിര്‍ദൗസ് തന്നെ നല്‍കി നീ അനുഗ്രഹിക്കേണമേ എന്ന പ്രാർഥനയോടെ  ഞാൻ സംസാരം അവസാനിപ്പിച്ചപ്പോള്‍, വിശാലമായ പള്ളിക്കകവും പുറവും നിറഞ്ഞുനിന്നവര്‍ കണ്ണീര്‍ തുടക്കുന്നത് കാണാമായിരുന്നു. ഒരു പണ്ഡിതന്‍ ഒരു നാട്ടില്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമോദാഹരണമായി നമുക്കിതിനെ മനസ്സിലാക്കാം.

ഞാന്‍ മാളയില്‍ ഖത്വീബ് ആയി ജോലി നോക്കാന്‍ വന്ന സമയം മുതല്‍ ഒരു പിതാവിനെ പ്പോലെ വളരെ സ്‌നേഹത്തോടെ, വളരെ പരിലാളനയോടെ  മാത്രം ഇടപഴകുകയും  സൗഹൃദം പങ്കിടുകയും ഇടയ്ക്ക്  തമാശകള്‍ പറയുകയും ചെയ്ത ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമ.  തന്റെ പ്രസ്ഥാനത്തിന് വേണ്ടി വളരെ കൂടുതല്‍ കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിക്കുകയും ചെയ്തിട്ടുള്ള ഒരാള്‍. പലപ്പോഴും ഞങ്ങൾ ആശയ  സംവാദങ്ങൾ നടത്താറുണ്ടായിരുന്നു. ആ സംവാദം ഒരുതരത്തിലും കലുഷമാകാതിരിക്കാൻ  ഞങ്ങള്‍ ഏറെ ശ്രദ്ധിച്ചിരുന്നു.  തന്റെ പ്രസ്ഥാനത്തില്‍ സജീവമായിക്കൊണ്ട് തന്നെ മാളയിലുള്ള എല്ലാവരോടും നല്ല സ്‌നേഹത്തോടും സഹവര്‍ത്തിത്വത്തോടും കൂടി അദ്ദേഹം പെരുമാറി.

മാളയില്‍ മരണമുണ്ടാകുമ്പോൾ അവരുടെയൊക്കെ മയ്യിത്ത് നമസ്‌കാരത്തിൽ പങ്കെടുക്കാന്‍ കഴിവതും അദ്ദേഹം ശ്രദ്ധിച്ചു.  കുറച്ചു ദിവസം മുമ്പ് അദ്ദേഹത്തിനു വേണ്ടി മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കേണ്ടി വന്നപ്പോള്‍ വളരെ വിഷമവും പ്രയാസവും സങ്കടവും ഒക്കെ ഹൃദയത്തില്‍ അലയടിച്ചുകൊണ്ടിരുന്നു.
സുബൈര്‍ മന്നാനി 
(മാള മഹല്ല് ഖത്വീബ് )

 

ഇതൊരു ജനതയുടെ ദുഃഖം

ഞാന്‍ സിംഗപ്പൂരിലെ ക്ഷേത്രത്തിലായിരിക്കെയാണ് മാള ടി.എ മുഹമ്മദ് മൗലവി മരണപ്പെട്ട വിവരം അറിയുന്നത്. സത്യത്തില്‍ ഇതൊരു തീരാ നഷ്ടമാണ്. സാധാരണ നഷ്ടമല്ല. ഇതൊരു ജനസമൂഹത്തിന്റെ നഷ്ടം തന്നെയാണ്. കാരണം, അദ്ദേഹത്തെപ്പോലുള്ള മഹത് വ്യക്തിത്വങ്ങളെ ഇന്ന് ഈ സമൂഹത്തിന് ആവശ്യമാണ്. അത് അടിവരയിട്ട് പറയേണ്ട കാര്യമാണ്. എനിക്ക് അദ്ദേഹവുമായി വളരെക്കാലമായുള്ള പരിചയമാണ്.

   മൗലവിക്ക് മാളയില്‍ ഒരു ഷോപ്പുണ്ട്. സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങുന്നതിന് ഞാന്‍ ആ ഷോപ്പില്‍ പോകുമായിരുന്നു. അങ്ങനെ തുടങ്ങിയ  ബന്ധം; ആ ബന്ധം വളര്‍ന്ന് ഞങ്ങള്‍ തമ്മില്‍ വലിയ സൗഹൃദത്തിലായി. ഞാന്‍ എന്റെ ജീവിതത്തില്‍ ഒരുപാട് വ്യക്തികളെ കണ്ടുമുട്ടിയിട്ടുണ്ട്. അതില്‍ അധിക പേരും സംസാരവും ജീവിതവും തമ്മില്‍ വലിയ വൈരുധ്യം ഉള്ള ആളുകളായിരുന്നു. പക്ഷേ, മൗലവി അങ്ങനെ ആയിരുന്നില്ല. പറയുന്നതെന്തോ അത് പ്രവര്‍ത്തിക്കും.

മൗലവിയെപ്പോലുള്ള സമാന മനസ്‌കരായ ആളുകളെ കണ്ടെത്തി അവരെയെല്ലാം കൂട്ടി ഒരു വേദി രൂപീകരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുകയും അത് മൗലവിയോട് പറയുകയും ചെയ്തിരുന്നു.  ഞങ്ങള്‍ ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഭാരതത്തിന്റെ ദര്‍ശനം നാനാത്വത്തില്‍ ഏകത്വമാണ്. അത് ഉള്‍ക്കൊണ്ടുകൊണ്ട് നാം ഒന്നാണ് എന്ന ചിന്തയിലേക്ക് ജനങ്ങളെയും, വളര്‍ന്നുവരുന്ന തലമുറയെയും  ബോധവല്‍ക്കരിക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ വിഷയം  ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ചായ കുടിച്ച് കുറേനേരം  സംസാരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ആഗ്രഹവും സമാനമായിരുന്നു.

   ഇങ്ങനെയുള്ള വ്യക്തികളുടെ നഷ്ടം ഒരു കുടുംബത്തിന്റെ നഷ്ടമാണ് എന്നതുപോലെ തന്നെ ഒരു നാടിന്റെയും നഷ്ടമാണ്. വളര്‍ന്നുവരുന്ന ഒരു ജനതയെ കൈപിടിച്ചുയര്‍ത്താനും അവര്‍ക്ക് നമ്മുടെ ദര്‍ശനങ്ങള്‍ പകര്‍ന്നുനല്‍കാനും ഞങ്ങള്‍ ആഗ്രഹിച്ചു. മാനുഷികമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വ്യക്തിത്വം - അതായിരുന്നു മൗലവി. ഞാന്‍ ശബരിമല മേല്‍ശാന്തിയായി നിയമിതനായ അവസരത്തില്‍ അദ്ദേഹം എന്റെ വീട്ടില്‍ വന്ന് എനിക്ക് ആശംസകള്‍ നേർന്നു.   ശബരിമല മേല്‍ശാന്തിയായ ശേഷം രണ്ട് തവണ അദ്ദേഹം വീട്ടില്‍ വന്നിട്ടുണ്ട്.

പിന്നീട് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലും പോയി. വീട് സന്ദര്‍ശനം  മാത്രമായിരുന്നില്ല അത്. ഞങ്ങള്‍ ലക്ഷ്യം വെച്ച കാര്യങ്ങളിൽ ചര്‍ച്ച നടത്താനായിരുന്നു ആ സന്ദർശനങ്ങൾ.

ഇന്ന് മാനുഷിക മൂല്യങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി വളര്‍ന്നുവരുന്ന ജനത എന്തിനോ വേണ്ടി പരക്കം പാച്ചിലുകള്‍ നടത്തുകയാണ്. ഇതിന്  കടിഞ്ഞാണിടാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെച്ച ഈ സമയത്ത് അദ്ദേഹത്തിന്റെ വേര്‍പാട് അത്യന്തം വേദനാജനകമാണ്. ഇതൊരു ജനതയുടെ ദുഃഖം തന്നെയാണ്.

സ്വാമി ജയരാജ് പോറ്റി 
(മുന്‍ ശബരിമല മേല്‍ശാന്തി )

 

സയണിസത്തിന്റെ അപകടം തിരിച്ചറിയുന്നില്ല

ഇസ്രായേല്‍ ഉണ്ടാക്കി 'ശല്യം' ഒഴിവാക്കിയ യൂറോപ്പ് - റഹ്്മത്തുല്ല മഗ് രിബി എഴുതിയ കവര്‍ സ്റ്റോറി (2023 ഒക്ടോബര്‍ 27) വായിച്ചു. ഇന്ന് ജീവിക്കുന്ന പലര്‍ക്കും സയണിസത്തിന്റെയും വര്‍ണ മേധാവിത്വത്തിന്റെയും അപകടങ്ങള്‍ അറിഞ്ഞുകൂടാ. ജൂത കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ തട്ടകങ്ങളില്‍, ഐക്യരാഷ്ട്ര സഭാ തീരുമാനങ്ങളെപ്പോലും അനുസരിക്കാതെ, യുദ്ധക്കൊതിയന്മാരായി ജീവിക്കാനാണ് താല്‍പര്യം. ജൂതന്മാര്‍ മുസ്്‌ലിം രാജ്യങ്ങളില്‍ അഭയാര്‍ഥികളായി എത്തുമ്പോള്‍ ജോര്‍ദാന്‍, തുര്‍ക്കിയ, ഇറാന്‍ പോലെയുള്ള രാജ്യങ്ങള്‍ അവരെ സ്വീകരിക്കുന്നുണ്ട്. പ്രബോധനത്തിന് അഭിനന്ദനങ്ങള്‍.

പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ, 
കോഴിക്കോട്


ജനം ചിന്താശേഷി നഷ്ടപ്പെട്ട ആള്‍ക്കൂട്ടമല്ല

യാസീൻ അശ്‌റഫ് എഴുതിയ (ലക്കം 23) 'വാര്‍ത്താ ലോകത്തെ ഭീകരര്‍' എന്ന കവര്‍ സ്‌റ്റോറി വായിച്ചു. ഇല്ലാക്കഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വാര്‍ത്തകളായി പടച്ചുവിടുന്ന ചാനല്‍-പത്ര, നവ മാധ്യമ കൂട്ടായ്മ വായനക്കാരെയും പ്രേക്ഷകരെയും ബോധപൂര്‍വം വഴിതെറ്റിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അവര്‍ പടച്ചുവിടുന്നതൊക്കെ വിശ്വസിക്കുന്ന മൂഢന്മാരാണ് തങ്ങളുടെ മുന്നിലുള്ളതെന്ന വിചാരമാണ് ചിന്താശേഷി നഷ്ടപ്പെട്ട ഇത്തരം വാര്‍ത്താ നിര്‍മാതാക്കളെ നയിക്കുന്നത്. ഇസ്രായേല്‍ ഭീകരതയെ വെള്ളപൂശാനും നേര് മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ബോധപൂര്‍വം ശ്രമിക്കുന്നവര്‍ മലയാളക്കരയിലുണ്ടെന്ന തിരിച്ചറിവാണ് നമുക്കുണ്ടാവേണ്ടത്.

എ. സദാനന്ദന്‍ അത്താഴക്കുന്ന്

 

ഗുജറാത്ത് ഹൈക്കോടതിയുടെ ശ്രദ്ധേയമായ വിധി

'ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധിക്കണമെന്ന ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി' (ജനയുഗം, നവംബര്‍ 30).

ഈ ഹരജി തീര്‍ത്തും തെറ്റിദ്ധാരണാജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാള്‍, ജസ്റ്റിസ് അനിരുദ്ധ പി മായി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി ശബ്ദമലിനീകരണത്തിന് കാരണമാകുന്നുവെന്നും കുട്ടികള്‍ക്കടക്കം ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നുവെന്നും കാണിച്ച് ബജ്‌റംഗ്ദള്‍ നേതാവായ ശക്തി സിംഗ് സാലയാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്.

ക്ഷേത്രങ്ങളില്‍ പൂജാ സമയത്ത് വാദ്യോപകരണങ്ങളും മണിനാദവും മറ്റും പുറത്ത് കേള്‍ക്കുന്നതിനെപ്പറ്റി എന്തു പറയുന്നുവെന്ന് ഉത്തരം മുട്ടിക്കുന്ന ചോദ്യമുയര്‍ത്തിക്കൊണ്ടാണ് ഹരജി തള്ളിയത്. ബാങ്ക് വിളി നിശ്ചിത ഡെസിബലില്‍ കൂടുന്നുവെന്നതിന് തെളിവുണ്ടോ എന്ന് ചോദിച്ച കോടതി ഹരജിക്കാരന്റെ വാദങ്ങള്‍ക്ക് ശാസ്ത്രീയാടിത്തറയില്ലെന്ന് ചൂണ്ടിക്കാട്ടി.

ദിവസത്തില്‍ വ്യത്യസ്ത സമയങ്ങളിലായി പരമാവധി 10 മിനിറ്റ് മാത്രമാണ് ബാങ്ക് വിളി നീണ്ടുനില്‍ക്കുന്നത്. പുലര്‍ച്ച ബാങ്ക് വിളിക്കായി ഉച്ചഭാഷിണിയിലൂടെ വരുന്ന മനുഷ്യ ശബ്ദം ജനങ്ങള്‍ക്ക് ഹാനികരമായ വിധത്തില്‍ ശബ്ദമലിനീകരണമുണ്ടാക്കുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്നും ചൂണ്ടിക്കാണിച്ച കോടതി, ഇത്തരം പൊതുതാല്‍പര്യ ഹരജികള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുക കൂടി ചെയ്തു.

വര്‍ഷങ്ങളായുള്ള വിശ്വാസാചാരങ്ങളുടെ ഭാഗമാണിതെന്നും, അഞ്ചോ പത്തോ മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്നതല്ലേ ഈ ബാങ്ക് വിളിയെന്നും ചൂണ്ടിക്കാണിച്ച കോടതി, ക്ഷേത്രങ്ങളില്‍ പ്രഭാത പൂജക്കായുള്ള വാദ്യശബ്ദങ്ങളും മറ്റും പുലര്‍ച്ച മൂന്ന് മണിക്ക് തുടങ്ങുന്നില്ലേ, ഇത് ആർക്കും ശബ്ദമലിനീകരണം സൃഷ്ടിക്കുന്നില്ലേ, ഈ ശബ്ദങ്ങള്‍ ക്ഷേത്ര വളപ്പിനുള്ളില്‍ ഒതുങ്ങാറുണ്ടോ എന്നാണോ വാദിക്കുന്നത്? എന്നിങ്ങനെയുള്ള യുക്തമായ ചോദ്യങ്ങളിലൂടെ ഹരജിക്കാരന്റെ വിഭാഗീയ, വര്‍ഗീയ പക്ഷപാതപരമായ വാദങ്ങളുടെ മുനയൊടിക്കുക തന്നെ ചെയ്തു.

റഹ്്മാന്‍ മധുരക്കുഴി
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 10-13
ടി.കെ ഉബൈദ്

ഹദീസ്‌

മഹത്തായ പ്രതിഫലം
അലവി ചെറുവാടി