കുടിയേറ്റവും മഹാദുരന്തവും ചില ഫലസ്ത്വീനിയൻ വിചാരങ്ങൾ
"Then they came for me—and there was no one left to speak for me". 'ശേഷമവരെന്നെത്തേടിയെത്തി, ശേഷിച്ചതില്ലൊരുവനുമെനിക്കായുരിയാടാൻ' എന്ന് മാർട്ടിൻ നീമൊളോർ പറഞ്ഞത് ഏഴു പതിറ്റാണ്ടുകൾക്കിപ്പുറവും നാം ഓർമിക്കാറുണ്ടല്ലോ. ചരിത്രത്തിലെപ്പോഴും വംശീയതയുടെ ക്രൂര താണ്ഡവങ്ങൾക്ക് വളമൊരുക്കാറുള്ളത് മറ്റുള്ളവരുടെ നിസ്സംഗതയാണ്. ഒരുപക്ഷേ, വംശീയ വാദികളുടെ ഉന്മൂലനശ്രമങ്ങളെക്കാൾ ക്രൂരമായിരിക്കും ഈ നിസ്സംഗത.
വിഖ്യാതനായ ഫലസ്ത്വീനിയൻ കവി സമീഹ് അൽഖാസിമിന്റെ കവിതകൾ രണ്ടോ മൂന്നോ സന്ദർഭങ്ങളിൽ ഉദ്ധരിക്കുന്നുണ്ട് ബെന്നി ബ്രണ്ണറും അലക്സാണ്ഡ്രാ ജാൻസിയും ചേർന്ന് സാക്ഷാത്കരിച്ച Al-Nakba: The Palestinian Catastrophe 1948 എന്ന ഡോക്യുമെന്ററി സിനിമയിൽ. നക്ബ എന്ന് ഫലസ്ത്വീനികളും ലോകം തന്നെയും വിശേഷിപ്പിക്കുന്ന 1948-ലെ മഹാദുരന്തത്തെക്കുറിച്ചാണ് ആ സിനിമ പറയുന്നത്. 1948 ആണ് ഇസ്രായേൽ തങ്ങളുടെ 'സ്വാതന്ത്ര്യ'വർഷമായി കണക്കാക്കുന്നതും. ഒരു ജനതയുടെ ദുരന്തത്തിനും, വിറങ്ങലിച്ചുപോയ അവരുടെ ഉച്ഛ്വാസത്തിനും, ധൂളിയാക്കപ്പെട്ട ആവാസത്തിനും, തകർന്നുപോയ സ്വപ്നങ്ങൾക്കും മേൽ പടുക്കപ്പെട്ടതാണ് ഇസ്രായേൽ എന്ന വംശീയ രാഷ്ട്രം.
ബ്രണ്ണറും ജാൻസിയും അവതരിപ്പിച്ച ആ കവിതകൾ അബ്ദുല്ലാ അൽ ഉദരി സമാഹരിച്ച് വിവർത്തനം ചെയ്ത, Victims of a Map എന്ന സമാഹാരത്തിൽ വായിക്കാം. മഹ്മൂദ് ദർവീശ്, അഡോണിസ്, സമീഹ് അൽ ഖാസിം എന്നിവരുടെ കവിതകളുടെ സമാഹാരമാണത്. അതിൽ അൽ ഖാസിമിന്റെ ഭാഗത്ത് അവസാനത്തെ കവിതയായി കൊടുത്ത The Clock on the Wall എന്ന കവിത മാർട്ടിൻ നീമൊളോറിനെ ഓർമയിൽ കൊണ്ടുവന്നു:
"എന്റെ നഗരം തകർന്നു
ഘടികാരം ചുവരിൽത്തന്നെയുണ്ടായിരുന്നു
ഞങ്ങളുടെ അയൽപക്കം ചിതറി
ഘടികാരം ചുവരിൽത്തന്നെയുണ്ടായിരുന്നു
ഒരു തെരുവ് തന്നെ നിലംപതിച്ചു
ഘടികാരം ചുവരിൽത്തന്നെയുണ്ടായിരുന്നു
ദേശം ശൂന്യമായി
ഘടികാരം ചുവരിൽത്തന്നെയുണ്ടായിരുന്നു
വീട് പൊളിഞ്ഞു പൊടിയായി
ഘടികാരം ചുവരിൽത്തന്നെയുണ്ടായിരുന്നു
ഒടുക്കമാ ചുവരും വീണു
ഘടികാരം ശബ്ദിച്ചു തുടങ്ങി"
About Principles and Art എന്ന പുസ്തകത്തിൽ സമീഹ് അൽ ഖാസിം ഇങ്ങനെ എഴുതുന്നുണ്ട്: "ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുമ്പോഴാണ് നക്ബ സംഭവിച്ചത്. ആ തീയതിയെയാണ് ഞാനെന്റെ ജനനത്തീയതിയായി കണക്കാക്കുന്നത്. എന്തെന്നാൽ, എനിക്ക് ഓർത്തെടുക്കാൻ പറ്റുന്ന ആദ്യ ചിത്രങ്ങൾ 1948-ലെ സംഭവങ്ങളുടേതാണ്. എന്റെ ചിന്തകളുടെയും ദൃശ്യങ്ങളുടെയും ഉറവിടം 48 എന്ന സംഖ്യയാകുന്നു."
1948 ഫലസ്ത്വീനികൾക്ക് നക്ബയുടെ വർഷമാണെങ്കിൽ (The Palestinian Catastrophe 1948) ഇസ്രായേല്യർക്ക് അത് അവരുടെ സ്വാതന്ത്ര്യ വർഷമാണ്. കുടിയേറ്റം വ്യാപകമായതിന് ശേഷം പ്രദേശത്തെ ജനസംഖ്യയിൽ 66 ശതമാനം വരുന്ന ഫലസ്ത്വീനികൾക്ക് പ്രദേശത്തിന്റെ 44 ശതമാനം ഭൂമി 'അനുവദിച്ചു'കൊണ്ട് ('ഔദാര്യപൂർവം' ഫലസ്ത്വീനികളുടെ ഭൂമി അവർക്ക് തന്നെ...!)
യു.എന്നിന്റെ വിഭജന പദ്ധതി വരുന്നത് 1947-ലാണ്. നിർദിഷ്ട യൂദ രാഷ്ട്രത്തിന്റെ എൺപത് ശതമാനത്തോളം ഭൂമി അപ്പോൾ അറബികളുടെ (അവരിൽ മുസ് ലിംകളും ക്രൈസ്തവരും ദ്രൂസികളും ഇതൊന്നുമല്ലാത്തവരുമൊക്കെയുണ്ട്) കൈയിലായിരുന്നു. തുടർന്നാണ് നക്ബ ഉണ്ടാകുന്നത്. ഏഴ് ലക്ഷത്തിലധികം ഫലസ്ത്വീനികളാണ് അതിൽ അഭയാർഥികളായത്. ജിയോഗ്രഫിക്കൽ ഇറേഷർ എന്നറിയപ്പെടുന്ന പ്രക്രിയയും അതോടനുബന്ധിച്ച് നടന്നു. സ്ഥലപ്പേര് മാറ്റിയും മറ്റുമൊക്കെ അറബ് ജീവിതത്തിന്റെ ഭൂശാസ്ത്രപരമായ അടയാളങ്ങൾ തുടച്ചുനീക്കിയതിനെയാണ് geographical erasure എന്ന് പറയുക.
പൂർണാർഥത്തിൽ വംശീയോന്മൂലനം (ethnic cleansing) തന്നെ.
***** ***** *****
ഇരുട്ടുള്ള ഒറ്റ മുറിയിൽ കുടുങ്ങിക്കിടന്ന് വാതിലിന്റെ ചെറുപഴുതിലൂടെ പുറം കാഴ്ചകളിലേക്ക് നോക്കുമ്പോൾ, സ്വന്തം ജനത ആട്ടിയോടിക്കപ്പെടുകയും വെടിയേറ്റ് വീഴുകയും ചെയ്യുന്നത് കാണേണ്ടിവരുന്ന ഒരു പതിനാലുകാരിയുടെ മാനസികാവസ്ഥയെപ്പറ്റി നിങ്ങളെന്ത് വിചാരിക്കുന്നു? രാപ്പകൽ ഭേദമില്ലാതെ വെടിയൊച്ചകളും സ്ഫോടന ശബ്ദങ്ങളും ആ മുറിക്കകത്തേക്കും കടന്നുവരുന്നുമുണ്ട്.
റാദിയയുടെ കഥ അതാണ്. എങ്ങനെയൊക്കെയോ ആ നിലവറയിൽനിന്ന് പുറത്തിറങ്ങിയ റാദിയ മൃത്യുനിലത്തിലൂടെ അലഞ്ഞലഞ്ഞ്, ഒടുക്കം സിറിയയിലെത്തിച്ചേരുന്നു. തന്റെ അനുഭവങ്ങൾ മുഴുവനും അവൾ മറ്റൊരു പെൺകുട്ടിയുമായി പങ്കുവെച്ചു. കഥ കേട്ട പെൺകുട്ടി വളർന്നു വലുതായി, വിവാഹം കഴിഞ്ഞ് ഒരു മകളെ പ്രസവിച്ചു. അവൾ ആ കഥ തന്റെ മകൾക്ക് പറഞ്ഞുകൊടുത്തു.
ആ മകൾ താനാണെന്ന് കുവൈത്തി-ജോർദാനിയൻ ചലച്ചിത്രകാരി ദാരീൻ ജെ സല്ലാം സാക്ഷ്യപ്പെടുത്തുന്നു (Iain Akerman, arabnews online 29 December 2021). റാദിയയുടെ കഥ ദാരീന്റെ മനസ്സിൽ വളർച്ച പ്രാപിച്ചു. അത് 'ഫർഹ' എന്ന, അവരുടെ കടിഞ്ഞൂൽ സന്തതിയായി പുനർജനിക്കുകയും ചെയ്തു (Farha/ 2021/ Jordan- Sweden- Saudi Arabia). അക്കൊല്ലം സെപ്റ്റംബറിൽ ടോറന്റോ ഇന്റർനാഷ്നൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രിമിയർ ചെയ്ത ഫർഹയുടെ റീജ്യനൽ പ്രിമിയർ അതേവർഷം ഡിസംബറിൽ ജിദ്ദയിലെ റെഡ് സീ ഇന്റർനാഷ്നൽ ഫിലിം ഫെസ്റ്റിവലിൽ നടക്കുമ്പോഴാണ് ദാരീൻ അറബ് ന്യൂസുമായി സംസാരിച്ചത്.
'എന്നിലേക്കെത്താൻ ആ കഥക്ക് വർഷങ്ങളോളം സഞ്ചരിക്കേണ്ടി വന്നു'- ദാരീൻ പറയുന്നു: "എന്നാൽ പിന്നീടതെന്നോടൊട്ടി നിന്നു. അടഞ്ഞതും ഇരുണ്ടതുമായ സ്ഥലങ്ങൾ കുട്ടിക്കാലത്തെന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ആ പെൺകുട്ടിയെക്കുറിച്ചും, അവൾക്ക് അഭിമുഖീകരിക്കേണ്ടി വന്ന അവസ്ഥയെക്കുറിച്ചുമുള്ള ചിന്തകൾ എന്നെ വിടാതെ പിന്തുടർന്നു. അങ്ങനെ ഒരു സിനിമാക്കാരി എന്ന നിലയിലേക്ക് ഞാൻ വളർന്നപ്പോൾ, എന്റെ ആദ്യ ഫീച്ചർ അതായിരിക്കണമെന്ന് ഞാനുറച്ചു." അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട, ഫർഹ എന്ന സിനിമയുടെ ജനനത്തെപ്പറ്റി അവർ വിവരിക്കുകയാണ്.
തീർച്ചയായും ആ സിനിമ കണ്ടുകഴിഞ്ഞാൽ കുറച്ചു ദിവസത്തേക്കെങ്കിലും നിങ്ങളും ബാധാവിഷ്ടർ (haunted) ആയിത്തീരും. താൽക്കാലികമായെങ്കിലും ബന്ധനഭീതിയും (claustrophobia) നിങ്ങളെ പിടികൂടിയേക്കാം. സിനിമയിൽ പാതിയിലധികം സമയവും ഇരുട്ടാണ്. ഇരുട്ടുമുറിയിൽനിന്ന് വാതിൽപ്പഴുതിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചവും ആ പഴുതിലൂടെ കാണാൻ പറ്റുന്ന ദൃശ്യവും മാത്രമാണ് ആ സമയത്ത് നമ്മളും കാണുക. ചവിട്ടിക്കൊല്ലാൻ കാലുയർത്തിയ ശേഷം, പെട്ടെന്നുണ്ടായൊരലിവാൽ സയണിസ്റ്റ് സൈനികൻ വിട്ടേച്ചു പോയ ആ കുഞ്ഞിന്റെ കരച്ചിൽ നിങ്ങളെ വിടാതെ പിന്തുടരും, ഉറുമ്പരിച്ചും ഈച്ചയാർത്തും കിടക്കുന്ന അവന്റെ മൃതശരീര ദൃശ്യവും. ജീവിതത്തിലൊരിക്കലും ഫർഹയും അത് മറക്കില്ല.
നിലവറയുടെ വാതിലിന്റെ ദ്വാരത്തിലൂടെ പല കാഴ്ചകളും കാണുന്നുണ്ടവൾ. വസ്തുനിഷ്ഠമായി യഥാർഥ റാദിയയുടെ കണ്ണിൽ പതിഞ്ഞതാവണമെന്നില്ല ആ കാഴ്ചകൾ. എന്നാൽ, അത് കഥാപാത്രമായ ഫർഹയുടെ മതിഭ്രമമോ ചലച്ചിത്രകാരിയായ സല്ലാമിന്റെ ഭാവനയോ അല്ല താനും. ഫലസ്ത്വീനിൽ 1948-ൽ സംഭവിച്ചതും ഇപ്പോഴും സംഭവിച്ചുകൊണ്ടേയിരിക്കുന്നതുമൊക്കെ അതു തന്നെയാണ്. നിലനിൽക്കാനുള്ള ഒരു ജനതയുടെ അവകാശത്തെ, അവരുടെ ആത്മാഭിമാനത്തെപ്പോലും കൊളോണിയൽ ശക്തികളുടെ പിന്തുണയാൽ തകർക്കാൻ ശ്രമിക്കുന്ന വംശീയ മുഷ്കിന്റെ നേർച്ചിത്രങ്ങൾ. ഫർഹയുടെ ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ അതേ ദിവസം തന്നെയാണ് സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം കീഴ്മേൽ മറിച്ച ദുരന്തവും ഉണ്ടാകുന്നത്. ആ ദുരന്തത്തെത്തന്നെയാണ് പിന്നീട് ഫലസ്ത്വീനികൾ നക്ബ (catastrophe) എന്ന് വിളിച്ചതും. ബന്ധുവും ചങ്ങാതിയുമായ ഫരീദയെപ്പോലെ നഗരത്തിലെ സ്കൂളിൽനിന്ന് ഗണിതവും ഭൗതികവും പഠിക്കണമെന്ന് അവൾ കൊതിച്ചു. ഉമ്മയില്ലാത്ത മകളെ വിവാഹം കഴിപ്പിക്കാൻ കാലമായി എന്ന് വിശ്വസിക്കുന്ന, സ്നേഹനിധിയായ പിതാവിനോടവൾ കലഹിച്ചു.
അവൾ ഖുർആൻ പഠനം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ഗണിതത്തിലും ഭൗതികത്തിലുമുള്ള പരിജ്ഞാനം ഖുർആന്റെ ധാർമിക തത്ത്വശാസ്ത്രത്തെ പൂർണമായറിയുന്നതിന് അനിവാര്യമാണെന്ന് അവൾ മനസ്സിലാക്കിയിട്ടുണ്ടാകാം.
പിതാവിനോട് തികഞ്ഞ ആദരവും അനുസരണയുമുള്ളവളായതിനാൽ തന്റെ തീരുമാനത്തിന് അവൾ വഴങ്ങുമെന്ന് പൂർണമായും അറിയാമായിരുന്നിട്ടും ഗ്രാമമുഖ്യനും മുതിർന്ന നാട്ടുകാരണവരുമായ അബൂ ഫർഹ സ്വന്തം തീരുമാനം മാറ്റി, മകളുടെ ഇഷ്ടത്തിന് വഴങ്ങി. അത്യധികം ആഹ്ലാദത്തോടെ ഈ വിവരം കൂട്ടുകാരിയുമായി പങ്കുവെക്കുന്ന സമയത്താണ് വെടിയൊച്ചകളും സ്ഫോടന ശബ്ദങ്ങളും മുഴങ്ങിത്തുടങ്ങിയത്.
ഏതൊരു ഹോളോകോസ്റ്റിനെക്കാളും ഭീകരമായ വംശഹത്യയുടെ ചരിത്രത്തിലെ അത്യധികം ഭയാനകമായ സംഭവങ്ങളിലൊന്ന് അരങ്ങേറുകയായിരുന്നു.
***** ***** *****
അഡോണിസിന്റെ (അലി അഹ്മദ് സഈദ് ഇസ്ബർ) Worries (A Dream) എന്ന കവിത, കൊല്ലങ്ങൾക്ക് മുമ്പ് എഴുതിയതെങ്കിലും ഇന്നത്തെ ഗസ്സയിലേക്ക് ചേർത്തുവെക്കാം. അല്ലെങ്കിൽ കഴിഞ്ഞ അര നൂറ്റാണ്ടിലേറക്കാലമായി തുടരുന്ന ഫലസ്ത്വീനിലേക്ക്.
"നഗ്നരായാണ് അവർ വന്നത്
വീടു തകർത്തകത്തു കയറി
ഒരു കുഴി കുഴിച്ചു
കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയിട്ടു"
നാളിതുവരെ സയണിസ്റ്റ് ഡ്രാക്കുള കൊന്നുതിന്ന മനുഷ്യരിൽ നല്ലൊരു പങ്കും കുഞ്ഞുങ്ങളാണ്. കുഞ്ഞുങ്ങളുടെ ചുടുരക്തവും ഇളംമാംസവും വംശീയവാദികൾക്ക് എന്നും പ്രിയ ഭോജ്യങ്ങളായിരുന്നു. 'യുഹ്്ലികൽ ഹർസ വന്നസ്ൽ' എന്നൊരു പ്രയോഗമുണ്ട് വിശുദ്ധ ഖുർആനിൽ. ഹർസിനെയും നസ് ലിനെയും മുരടിപ്പിച്ചു കളയുന്നു എന്നർഥം. നസല എന്ന ക്രിയക്ക് ജന്മം നൽകുക എന്നർഥം. Lineage (പരമ്പര), issue (ഉദ്ഭവം, സന്തതി) എന്നൊക്കെ അർഥമാണ് നസ്്ലിന്. ഹർസ് ആകട്ടെ, നിലമൊരുക്കുന്നതിനെയും മുള പൊട്ടുന്നതിനെയും സൂചിപ്പിക്കുന്നു. എന്നു വെച്ചാൽ, മുളയിൽത്തന്നെ നുള്ളുക എന്നത് വിളനാശത്തിന്റെയും നരഹത്യയുടെയും ഒരു രീതിയായിത്തന്നെ വംശീയത സ്വീകരിക്കുന്നു എന്നർഥം.
അതായത് വംശീയ ഭ്രാന്തന്മാരുടെ വംശഹത്യ (genocide), സാംസ്കാരിക ഹത്യ (ethnocide) എന്നീ പ്രവൃത്തികളെ ഖുർആൻ കൃത്യമായി അടയാളപ്പെടുത്തുന്നു. അതേസമയം തന്നെ തങ്ങളുടെ പ്രവൃത്തികൾ മനോഹരമാണ് എന്ന് ധരിപ്പിക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുമെന്നും പറയുന്നുണ്ട് വേദഗ്രന്ഥം. "ആളുകളിൽ ചിലർ, അവരുടെ വാക്കുകൾ നിങ്ങളെ ആകർഷിച്ചേക്കാം" എന്നാണത് തുടങ്ങുന്നത് തന്നെ. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ലോയ്ഡ് ജോർജ്, തങ്ങളുടെ വികൃത സന്തതിയുടെ (പിന്നീട് ഇസ്രായേൽ രാഷ്ട്രത്തിലേക്ക് വളർന്ന സയണിസ്റ്റ് സംഘങ്ങളുടെ) സെറ്റിൽമെന്റുകളെ സംബന്ധിച്ച് 1931-ൽ ലണ്ടനിൽ നടത്തിയ ഒരു പ്രസ്താവനയുണ്ട്; ഫലസ്ത്വീനിലെ വരണ്ടതും രോഗാതുരവുമായ ചതുപ്പു നിലങ്ങളെ (barren and malarial swamps) മനോഹരമായ അധിവാസകേന്ദ്രങ്ങളാക്കി മാറ്റി എന്നതാണത്. ലോയ്ഡ് ജോർജ് പറഞ്ഞ ഇതേ കള്ളം തന്നെയാണ് ഇപ്പോൾ ബിൻയാമിൻ നെതന്യാഹുവും ആവർത്തിക്കുന്നത്. തരിശു നിലങ്ങളിലേക്കും ആളൊഴിഞ്ഞ കെട്ടിടങ്ങളിലേക്കുമാണ് തങ്ങൾ കടന്നുവന്നതെന്നും തങ്ങളാണതിനെ ജീവനുള്ള ഭൂപ്രദേശങ്ങളാക്കി മാറ്റിയതെന്നുമാണയാൾ അവകാശപ്പെട്ടത്. കൃഷിയും ജീവിതവുമില്ലാതെ വരണ്ടുകിടക്കുന്ന ഭൂപ്രദേശമായി ഫലസ്ത്വീനെ ബ്രിട്ടീഷ് ന്യൂസ് ബുള്ളറ്റിനുകളും വിശേഷിപ്പിച്ചു.
കള്ളമാണ് ഇപ്പറയുന്നത്. ഒലീവും ചോളവും നിറഞ്ഞുനിന്ന മണ്ണിനെ അവരാണ് മരുപ്പറമ്പാക്കിയത്. വീടു തകർത്ത് അകത്തു കയറിയവർ കുഞ്ഞുങ്ങളെ കുഴിച്ചുമൂടുകയായിരുന്നു- ബോധപൂർവമുള്ള ശിശുഹത്യ (infanticide). ഇസ്രായീല്യർ ഇരകളായിരുന്ന മിസ്രയീമിലെ കോപ്റ്റ് വംശീയതയുടെ കഥ പറയുന്നുണ്ട് ഖുർആൻ. അതിലെ ഫറോവ ചെയ്യുന്നതും അതു തന്നെ. കുഞ്ഞുങ്ങളെ കൊന്നു കുഴിച്ചുമൂടുന്നു. പുറമെ, 'വിശുദ്ധവും ഉന്നതവു'മായ നാഗരികതയെക്കുറിച്ച അവകാശവാദങ്ങൾ അയാളും മുന്നോട്ടുവെക്കുന്നുണ്ട്; മനോഹര വർത്തമാനങ്ങൾ തന്നെ.
വംശീയതയുടെ ഇരകളായ അനുഭവം ഇസ്രാഈല്യരുടെ ചരിത്രത്തിൽ പലവട്ടം ഉണ്ടായിട്ടുണ്ട്. മിസ്രയീമിൽ കോപ്റ്റ് വംശീയതയും സേത്, റമസേസ്, മർനപ്താ എന്നീ ഫറോവമാരും അവരെ അടിമകളാക്കി. മാരകമായ പീഡനങ്ങളേൽപിക്കുകയും കൊലകൾ നടത്തുകയും ചെയ്തു. കൃത്യമായി ആസൂത്രണം ചെയ്തുകൊണ്ടു തന്നെ ആണുങ്ങളെ കൊല്ലുകയും പെണ്ണുങ്ങളെ നിന്ദ്യരാക്കുകയും ചെയ്തതായി ഖുർആനും തനാഖും സാക്ഷ്യപ്പെടുത്തുന്നു. കനാനിൽ ഗോല്യാത്തിന്റെ നേതൃത്വത്തിലുള്ള ഫിലിസ്ത്യ ദേശീയതയുടെ ആക്രമണത്തിനും അവർ ഇരയായതായി ഇതേ വേദപുസ്തകങ്ങളിൽത്തന്നെ കാണാം. തുടർന്ന് ബാബിലോണിയരുടെയും റോമക്കാരുടെയുമൊക്കെ ആക്രമണങ്ങൾക്ക് വംശീയോന്മൂലനത്തിന്റെ സ്വഭാവമുണ്ടായിരുന്നു. ആധുനിക ചരിത്രത്തിൽ യൂറോപ്പിലാണ് അവർ ഇതേയനുഭവങ്ങളിലൂടെ കടന്നുപോയത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി റഷ്യൻ സാമ്രാജ്യത്വത്തിന് കീഴിൽ പോഗ്രോം (pogrom) എന്നറിയപ്പെട്ട ഒട്ടേറെ വംശീയാക്രമണങ്ങൾക്കും കൂട്ടക്കൊലകൾക്കും അവർ വിധേയരായി. രണ്ടാം ലോക യുദ്ധക്കാലത്താണ് നാസി ജർമനിയിലെ കുപ്രസിദ്ധമായ ഹോളോകോസ്റ്റ് അരങ്ങേറുന്നത്. 1934 ആഗസ്തിൽ ജർമനിയിലെ ഫ്യൂറർ ആയി അഡോൾഫ് ഹിറ്റ്ലർ സ്ഥാനമേറ്റു. ജർമാനിക് വംശീയ ദേശീയതയെ പ്രത്യയശാസ്ത്രമാക്കിയ നാസികൾ കടുത്ത യൂദവിരുദ്ധതയിലൂടെയാണ് തങ്ങളുടെ അസ്തിത്വം തന്നെ സ്ഥാപിച്ചത്. 1936 മുതൽക്ക് തന്നെ അവർ വംശീയോന്മൂലന പ്രക്രിയ ആരംഭിച്ചു. '41 മുതൽ '45 വരെയാണ് ഹോളോകോസ്റ്റിന്റെ കാലം. l
(തുടരും)
Comments