ഹമാസും മനഃശാസ്ത്ര യുദ്ധവും
'ജെറുസലേം പോസ്റ്റ്' പ്രസിദ്ധീകരിച്ച ഒരു സുപ്രധാന റിപ്പോർട്ട് ഇസ്രായേൽ - ഹമാസ് മനഃശാസ്ത്ര യുദ്ധത്തെ കുറിച്ചാണ്.
ഇസ്രായേലിന്റെ ബലഹീനതകൾ മനസ്സിലാക്കി മനഃശാസ്ത്ര യുദ്ധത്തിൽ അവ ഉപയോഗിക്കാനുള്ള ഹമാസിന്റെ മിടുക്ക് അപാരമാണെന്ന് ഒരു കൂട്ടം വിശകലന വിദഗ്ധരെയും നിരീക്ഷകരെയും ഉദ്ധരിച്ച് പത്രം അഭിപ്രായപ്പെടുന്നു.
ബാർ-ഇലാൻ യൂനിവേഴ്സിറ്റിയിലെ ഇൻഫർമേഷൻ സയൻസസ് ഡിപ്പാർട്ട്മെന്റിലെ ഇസ്രായേലി വിദഗ്ധൻ ഗാൽ യാവിറ്റ്സ്, ഹമാസാണ് ആദ്യ ദിനം മുതൽ മനഃശാസ്ത്ര യുദ്ധത്തിന്റെ ഗതിയും സ്വരവും നിശ്ചയിക്കുന്നത് എന്ന് അടിവരയിടുന്നുണ്ട്.
ഇസ്രായേൽ - ഹമാസ് മുൻ സംഘർഷങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇത്തവണത്തെ സൈബർ യുദ്ധത്തിൽ (ലോകത്തിലെ എക്കാലത്തെയും വലിയ സൈബർ യുദ്ധമാണിത്) ഹമാസും ഫലസ്ത്വീനിയൻ ആഖ്യാനങ്ങളുമാണ് മേൽക്കൈ നേടിയത്. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമടക്കം ലോകത്തെല്ലായിടത്തും ഫലസ്ത്വീൻ അനുകൂല അനുരണനങ്ങളാണ് ഉണ്ടായത്.
മനഃശാസ്ത്ര യുദ്ധം എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന റോൺ ഷ്ലീഫർ പറയുന്നത്, ഇസ്രായേലിനെ കടുത്ത നിരാശയിലേക്കും നിസ്സഹായതയിലേക്കും തള്ളിയിടാൻ ഹമാസിന് കഴിഞ്ഞു എന്നാണ്. ബന്ദികളുമായി ബന്ധപ്പെട്ടും നഗര യുദ്ധങ്ങളുമായി ബന്ധപ്പെട്ടും ഹമാസും ഇതര ഫലസ്ത്വീൻ പ്രതിരോധ ഗ്രൂപ്പുകളും സംപ്രേഷണം ചെയ്ത വീഡിയോകൾ ഇസ്രായേൽ സർക്കാരിനും സമൂഹത്തിനും എതിരായ ശക്തമായ മനഃശാസ്ത്ര യുദ്ധം തന്നെയാണെന്ന് ഇവർ വിശദീകരിക്കുന്നു. ഹീബ്രു ചാനലുകൾ ബന്ദികളുമായി ബന്ധപ്പെട്ട വീഡിയോകൾ സംപ്രേഷണം ചെയ്യാതെ മാറിനിന്നു.
മനഃശാസ്ത്ര യുദ്ധം തങ്ങൾക്കനുകൂലമാക്കി മാറ്റാൻ ഹമാസ് 2010-ലും 2014-ലും തുടങ്ങിയ ശ്രമങ്ങൾ പഠനാർഹമാണെന്നും റിപ്പോർട്ട് ഊന്നിപ്പറയുന്നു.
മനഃശാസ്ത്ര യുദ്ധ സംബന്ധമായി ധാരാളം വിശകലനങ്ങൾ 2023-ലെ ഗസ്സ ആക്രമണശേഷം മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും നമുക്ക് കാണാം. ലോകത്തെല്ലായിടത്തുമുള്ള അധീശ ശക്തികൾ ദുർബല സമൂഹങ്ങൾക്കെതിരെ യഥാർഥ യുദ്ധവും വംശഹത്യയും നടത്തുന്നതിന് മുമ്പ് ആരംഭിക്കാറുള്ളതാണ് മനഃശാസ്ത്ര യുദ്ധം. ഗസ്സയിലെ ചെറുത്തു നിൽപ്പ് പ്രസ്ഥാനം ഇതിനെ മറികടന്നത് അത്ഭുതകരമാണെന്ന് പലരും നിരീക്ഷിക്കുന്നുണ്ട്. അമേരിക്കയും യൂറോപ്പും വൻ പിന്തുണ നൽകി, ഒരു നൂറ്റാണ്ടോളമായി സയണിസ്റ്റ് അധിനിവേശ ശക്തി തുടരുന്ന ആക്രമണങ്ങൾക്ക് മുന നഷ്ടമാകുന്നതായാണ് വിലയിരുത്തപ്പെടുന്നത്. പതിനയ്യായിരത്തിലധികം നിരപരാധികളെ ബോംബ് വർഷിച്ച് നിഷ്ഠുരമായി വധിക്കുകയും ഗസ്സ നഗരം തകർക്കുകയും ചെയ്തു എന്നതൊഴിച്ചാൽ ഇസ്രയേലിന്റെ ചരിത്രത്തിൽ അപൂർവമായി മാത്രം സംഭവിച്ചിട്ടുള്ള വൻ പരാജയങ്ങളിലൊന്നായി ഈ സംഘർഷം ചരിത്രത്തിൽ രേഖപ്പെട്ടുകഴിഞ്ഞു.
മനഃശാസ്ത്ര യുദ്ധം മുതൽ രാഷ്ട്രീയവും സൈനികവും മാധ്യമപരവുമായ സർവ മേഖലകളിലും അമേരിക്കൻ - ഇസ്രയേലി നീക്കങ്ങൾ പരാജയപ്പെട്ടുകഴിഞ്ഞുവെന്നതിൽ സന്ദേഹത്തിന് വകയില്ല. ഒക്ടോബർ 7-ന് തന്നെ ഇസ്രായേൽ സേനയും ഇന്റലിജൻസും രാഷ്ട്രീയമായും സൈനികമായും പരാജയപ്പെട്ടു പോയിരുന്നുവെന്ന് ഇസ്രായേൽ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഹെർസി ഹാലേവി സമ്മതിക്കുന്നുണ്ട്. കരയുദ്ധം തുടങ്ങിയത് മുതൽ വലിയ പരാജയം നേരിട്ടു എന്ന് നെതന്യാഹു തന്നെ പറയാതെ പറയുന്നുണ്ട്. ഈ ഭൂമിയിലെ ജീവിതത്തെ വലുതായി കാണാത്ത, മറ്റൊരു ശാശ്വത ജീവിതത്തെ നിരന്തരമന്വേഷിക്കുന്ന പ്രേതങ്ങളോടും ബ്ലാക് ബോക്സിനോടുമാണ് തങ്ങൾ ഗസ്സയിൽ ഏറ്റുമുട്ടുന്നതെന്ന് ഇസ്രായേൽ ജനറലുമാർ തന്നെ വെളിപ്പെടുത്തുകയുണ്ടായി.
ഹമാസ് വക്താവ് അബൂ ഉബൈദ പറയുന്നു; ഖസ്സാം ബ്രിഗേഡിനെ നേരിടാനുള്ള ആത്മബലമില്ലാതെ സയണിസ്റ്റ് പട്ടാളക്കാർ അട്ടഹസിക്കുന്നതും നിലവിളിക്കുന്നതും ഗസ്സയുടെ എല്ലാ ഭാഗങ്ങളിലും ഞങ്ങൾ കണ്ടു എന്ന്.
മനഃശാസ്ത്ര യുദ്ധത്തിൽ അധിനിവേശ രാജ്യം പരാജയപ്പെട്ടു എന്നതിന്റെ മറ്റൊരു തെളിവ് ഇസ്രായേൽ മൂടിവെക്കുന്ന യുദ്ധ നഷ്ടത്തിന്റെ കണക്കുകളാണ്.
പ്രമുഖ ഇസ്രായേലി പത്രമായ ഹാരെറ്റ്സ് വെളിപ്പെടുത്തുന്നത് ഗസ്സയിലെ കരയുദ്ധത്തിൽ നേരിട്ട നഷ്ടങ്ങളെ കുറിച്ച ഇസ്രായേലി വെളിപ്പെടുത്തലുകൾ ഒട്ടുമേ സത്യസന്ധമല്ലെന്നാണ്.
അതേസമയം ഹമാസിന്റെ വക്താവും മീഡിയാ തലവനുമായ അബൂ ഉബൈദയുടെ വാർത്താ സമ്മേളനങ്ങളും ലഘു ഭാഷണങ്ങളും ഇസ്രായേലിന് മേൽ മനഃശാസ്ത്ര ബോംബുകളായി വർഷിക്കുകയായിരുന്നു. ബന്ദി മോചനവുമായി ബന്ധപ്പെട്ട് ഹമാസ് നേതാവ് ഉസാമ ഹംദാൻ ബൈറൂത്തിലെ സംഘടനാ ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനം ഇസ്രായേലി സമൂഹത്തിൽ നെതന്യാഹുവിനെതിരെ വലിയ രോഷമാണ് വളർത്തിയത്. ഹമാസ് അഴിച്ചുവിട്ട മനഃശാസ്ത്ര - മീഡിയാ ആക്രമണങ്ങൾ യുദ്ധഗതിയും വെടിനിർത്തലും നിർണയിക്കുന്നതിലും ഫലസ്ത്വീന്റെ ഭാവി നിശ്ചയിക്കുന്നതിലും വലിയ പങ്കാണ് വഹിക്കാൻ പോകുന്നത്.
മൊസാദിന്റെയും സി.ഐ.എയുടെയും തലവൻമാരും യു.എസ് രാഷ്ട്രത്തലവൻമാരും ദോഹയിലെത്തി മാരത്തൺ ചർച്ചകൾ നടത്തി എന്നതും നമ്മുടെ മുന്നിലേക്ക് വെക്കുന്നത് മറിച്ചൊരു വസ്തുതയല്ല.
ഹമാസ് ഇസ്രായേലി കുട്ടികളുടെ തലയറുത്തുവെന്ന സയണിസ്റ്റ് പ്രോപഗണ്ടയെ ഒരു തെളിവുമില്ലാതെ ആവർത്തിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുള്ള മറുപടിയാണ്, ഗസ്സയിൽനിന്ന് ഖസ്സാം ബ്രിഗേഡിന്റെ പോരാളികളോട് സ്നേഹ വികാരങ്ങളോടെ യാത്ര പറയുന്ന ഇസ്രായേലി സ്ത്രീകളും കുട്ടികളും. ശത്രുവിനെ തിരിച്ചറിയുന്നതിൽ വിജയിക്കുന്ന ഒരു സമൂഹവും അവരെത്ര ദുർബലരാണെങ്കിലും പരാജയപ്പെടില്ലെന്നതാണ് ഹമാസും ഗസ്സയും ചെറുത്തു നിൽപ്പ് ഗ്രൂപ്പുകളും നൽകുന്ന പാഠം.
ഈ യുദ്ധത്തിൽ (യുദ്ധമെന്ന് വിളിക്കാൻ കഴിയില്ലെങ്കിലും) ഇസ്രായേൽ അധിനിവേശം നേരിട്ട ധാർമികവും ഭൗതികവുമായ നഷ്ടത്തിന്റെ തോത് പുതിയ ലോകത്തെ വിമോചനം കൊതിക്കുന്ന എല്ലാ ജനതകൾക്കും നൽകുന്ന പ്രചോദനവും കരുത്തും ചെറുതാവില്ല. അതിനാൽ തന്നെയാണത് അറബ് സയണിസ്റ്റുകളുടെയും ചില സൈനിക ജനറലുമാരുടെയും ആധി വർധിപ്പിക്കുന്നതും ഉറക്കം കെടുത്തുന്നതും. ദുർബല ജനതകൾക്കും, നിരന്തരം അടിച്ചമർത്തപ്പെടുന്ന ജനാധിപത്യവാദികൾക്കും പ്രസ്ഥാനങ്ങൾക്കും അഭിമാനത്തോടെ തല ഉയർത്തിപ്പിടിക്കാനായാൽ, ഒരു വിജയിയുടെ മനോബലത്തോടെ ലോകത്തെ അഭിമുഖീകരിക്കാൻ കഴിഞ്ഞാൽ, പേടിയെ മനസ്സിൽനിന്ന് തൂത്തെറിയാനായാൽ അവരുടെ പ്രയാണം വിജയപാതയിലൂടെയായിരിക്കും.
ഇതാണ് ഗസ്സ പകർന്നുനൽകുന്ന പ്രതിരോധത്തിന്റെ ചൂട്. l
Comments