Prabodhanm Weekly

Pages

Search

2023 ഡിസംബർ 15

3331

1445 ജമാദുൽ ആഖിർ 02

മോടി കൂടുന്ന മോദി കൈവിട്ടു പോകുന്ന ഇന്ത്യ

എ. റശീദുദ്ദീന്‍

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദിയെ തന്നെ മുന്നില്‍ നിര്‍ത്തി നിസ്സംശയം ബി.ജെ.പി പട നയിക്കും. ഹിന്ദി ബെല്‍റ്റില്‍ മോദിയെ കൊമ്പിനു പിടിച്ച് എതിരിടാന്‍ കൈയില്‍ കിട്ടിയ ഒന്നാന്തരം അവസരം കോണ്‍ഗ്രസ് കളഞ്ഞുകുളിക്കുകയാണുണ്ടായത്. മോദാനി തട്ടിപ്പും രാജ്യദ്രോഹത്തോളം മുഴുത്ത പുല്‍വാമയിലെ സുരക്ഷാ വീഴ്ചയും ഒരു ചര്‍ച്ച പോലുമില്ലാതെ വായുവിലലിഞ്ഞു. ജാതി സെന്‍സസും ഒ.ബി.സി വോട്ടും മറ്റും 2024-ലെ മുഖ്യ അജണ്ടയാക്കണോ വേണ്ടേ എന്ന് ഇന്‍ഡ്യ സഖ്യവും കോണ്‍ഗ്രസും ഇനി വീണ്ടും കൂടിയാലോചിച്ചിട്ടു വേണം. ദിഗ്‌വിജയ് സിംഗിനു ശേഷമുള്ള കാലത്ത് മധ്യപ്രദേശില്‍ അടിക്കടി ഏറ്റുവാങ്ങിയ പരാജയങ്ങളില്‍നിന്ന് ഒരു പാഠവും കോണ്‍ഗ്രസ് പഠിച്ചിട്ടില്ല. കമല്‍നാഥിന്റെ കാവിക്കോണകം കൊടിയാക്കി 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോയാല്‍ ചൗഹാന്റെയും ജ്യോതിരാദിത്യയുടെയും കലർപ്പില്ലാത്ത ഹിന്ദുത്വത്തെയാവും മധ്യപ്രദേശ് ഇനിയും വാരിപ്പുണരുക. കോണ്‍ഗ്രസിന് വല്ലതും ചെയ്യാമായിരുന്ന രാജസ്ഥാനിലും ഛത്തീസ് ഗഢിലുമൊക്കെ പ്രാദേശിക ബന്ധങ്ങളെ ശരിപ്പെടുത്തുന്നതില്‍ മാത്രമല്ല, ഹിന്ദുത്വക്കും മതേതരത്വത്തിനുമിടയില്‍ കൃത്യമായ നിലപാടെടുക്കുന്നതിലും പാര്‍ട്ടി തപ്പിത്തടഞ്ഞു നിന്നു. ആശയപരമായ പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിന്റെ പശ്ചാത്തലം അതാണ്. രാഹുല്‍ ഗാന്ധി നേരിട്ട് പോരാട്ടം നയിച്ച തെലങ്കാനയില്‍ ജനം മോദിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടത് ശ്രദ്ധിക്കുക.

ഇനിയൊരിക്കല്‍ കൂടി കോണ്‍ഗ്രസ് ബാനറില്‍ മൃദു ഹിന്ദുത്വം ഉയര്‍ത്തിപ്പിടിക്കാനുള്ള ധൈര്യം കമല്‍നാഥിന് നഷ്ടപ്പെട്ട സാഹചര്യമാണ് മധ്യപ്രദേശിലുള്ളത്. അതിനെ രാഹുല്‍ ഗാന്ധിക്കും ഒപ്പമുള്ള സംഘത്തിനും ഉപയോഗപ്പെടുത്താനാവണം. മധ്യപ്രദേശിലും രാജസ്ഥാനിലും പാര്‍ട്ടി നേതൃത്വം അടുത്ത തലമുറയിലേക്ക് കൈമാറേണ്ട സമയവും ഇതാണ്. വയോവൃദ്ധരുടെ നേതൃത്വത്തിന് ഇനിയും പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അടിവരയിട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്.

അധികാരമുണ്ടായിട്ടും പാര്‍ട്ടിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് പ്രക്രിയയെ മാറ്റിയെടുക്കാന്‍ ഗെഹ്‌ലോട്ടിനും ബാഘേലിനും കഴിഞ്ഞില്ല. മറുഭാഗത്ത് കേന്ദ്രത്തിലിരുന്ന് അമിത് ഷായും ഭോപാലില്‍ ശിവ്‌രാജ് സിംഗ് ചൗഹാനും നിഷ്പ്രയാസം അത് സാധിക്കുകയും ചെയ്തു. വോട്ടര്‍മാര്‍ക്ക് സൗജന്യങ്ങള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് നേരിടുന്ന തന്ത്രം അധികാരത്തിലിരിക്കുന്ന ബി.ജെ.പി ഉപയോഗപ്പെടുത്തുന്നതു പോലെ കോണ്‍ഗ്രസിന് കഴിയാറില്ലെന്നതിന് ഒറ്റ ഉദാഹരണം മാത്രം പറയട്ടെ: വരുമാനം കുറഞ്ഞ വീടുകളിലെ സ്ത്രീകള്‍ക്ക് 1250 രൂപ പ്രതിമാസം അക്കൗണ്ടിലേക്ക് നല്‍കുന്ന 'ലാഡ്‌ലി ബഹന' എന്ന പദ്ധതി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇക്കഴിഞ്ഞ മാര്‍ച്ച് 5-ന് മാത്രമാണ് ചൗഹാന്‍ പ്രഖ്യാപിച്ചത്. ഒന്നേകാല്‍ കോടി സ്ത്രീകള്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു. എന്നിട്ട് 2023 ആഗസ്റ്റില്‍, അതായത് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പെ ഈ തുക 3000 രൂപയാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. രാജീവ് കുമാര്‍ എന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമീഷണറുടെ റഡാറിനു പുറത്തായിരുന്നു ഭോപാല്‍.

'മുള്‍മുനയില്‍ നടന്ന പോരാട്ടത്തില്‍ ലാഡ്‌ലി ബഹന ഞങ്ങളെ ജയിപ്പിച്ചു' എന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നം അവിടെയല്ല. ഇതില്‍ പ്രത്യേകിച്ചൊരു പെരുമാറ്റച്ചട്ട ലംഘനവും തോന്നാത്ത രാജീവ് കുമാറും സംഘവും തെലങ്കാനയില്‍ 2018 മുതല്‍ നിലനില്‍ക്കുന്ന റായ്തു ബന്ധു കര്‍ഷകവായ്പയുടെ കുടിശ്ശിക വിതരണം ചെയ്യാന്‍ ആദ്യം നല്‍കിയ അനുമതി മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത് ശ്രദ്ധിക്കുക. ഒരേ തത്ത്വത്തിന്റെ രണ്ടുതരം പ്രയോഗങ്ങളിലൊന്ന് മധ്യപ്രദേശില്‍ ബി.ജെ.പിയെ സഹായിച്ചു എന്നത് വ്യക്തം. ചന്ദ്രശേഖര്‍ റാവുവിന്റെ പദ്ധതി വോട്ടര്‍മാരെ സ്വാധീനിച്ചില്ല എന്നത് തെലങ്കാനയിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചു. എന്നാല്‍, തന്റെ സാമ്പത്തിക സഹായ പദ്ധതി പാര്‍ട്ടിയെ ജയിപ്പിച്ചു എന്ന് ചൗഹാന്‍ പരസ്യമായി സമ്മതിക്കുന്നു. എന്നിട്ടും ഒരു നടപടിയും ഇല്ല.

അശ്വനി ഉപാധ്യായ എന്ന ബി.ജെ.പി സഹയാത്രികനായ അഭിഭാഷകന്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഒരു ഹരജിയില്‍, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രഖ്യാപിക്കുന്ന സൗജന്യ പദ്ധതികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ക്ഷേമപദ്ധതികളെ വേര്‍തിരിച്ചു കാണണമെന്നാണ് ഈ വിഷയത്തില്‍ സുപ്രീം കോടതി അന്ന് നടത്തിയ അഭിപ്രായ പ്രകടനം. രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് പ്രഖ്യാപിച്ച അന്നപൂര്‍ണ പദ്ധതിയെ നരേന്ദ്ര മോദി 'റാബ്ഡി സ്‌കീം' അതായത് 'സൗജന്യ വിതരണ'മായാണ് കണക്കിലെടുത്തത്. ഒരുതരം മധുരപലഹാരത്തിന്റെ പേരാണ് റാബ്ഡി. ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അതിന്റെ മുകളില്‍ കൈവെച്ചിട്ടില്ല എന്നത് ശ്രദ്ധിക്കുക. സമാനമായ ചില പ്രഖ്യാപനങ്ങള്‍ ബി.ജെ.പിയും നടത്തിയിരുന്നു. അതേ മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ സൗജന്യമായി മരുന്നും റേഷനും കൊടുക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രഖ്യാപിച്ചത് മോദിയുടെയും തെരഞ്ഞെടുപ്പ് കമീഷന്റെയും കണ്ണില്‍ വികസന പദ്ധതിയായിരുന്നല്ലോ. എന്നാല്‍, ശുദ്ധ സൗജന്യ പദ്ധതിയായിരുന്നു അത്. ഛത്തീസ് ഗഢില്‍ എല്‍.പി.ജി സിലിണ്ടറും താങ്ങുവിലയും പോലുള്ള 'വെല്‍ഫെയര്‍ പദ്ധതി'കളോടൊപ്പം അയോധ്യയിലേക്ക് സൗജന്യയാത്ര പോലുള്ള ശുദ്ധ റാബഡി പരിപാടികളും മോദിയുടെ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി കൊടുക്കുന്ന ലാപ്‌ടോപ്പും സൈക്കിളും പോക്കറ്റ് മണിയുമൊന്നും റാബ്ഡി അല്ലാതായി. സാങ്കേതികാര്‍ഥത്തില്‍ ആളും തരവും നോക്കി വെല്‍ഫെയര്‍ സ്‌കീമുകളെയും ഫ്രീബി സ്‌കീമുകളെയും വ്യാഖ്യാനിക്കുകയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ചെയ്യുന്നതെന്നര്‍ഥം. ഇലക് ഷന്‍ ബോണ്ട് എന്ന നിയമവിധേയമായ അഴിമതിയും ഏതോ അര്‍ഥത്തില്‍ ബി.ജെ.പിയുടെ മൃഗീയ ആധിപത്യത്തെ ഇന്ത്യയില്‍ അടിവരയിടുന്നുണ്ട്. ഭരണഘടനാ സ്ഥാപനമായ ഇലക് ഷന്‍ കമീഷന്‍ അവിടെയും നിശ്ശബ്ദത പാലിക്കുന്നതാണ് കണ്ടുവരുന്നത്.

ഈ പാഠങ്ങളെല്ലാം കോണ്‍ഗ്രസ് എന്നോ പഠിക്കേണ്ടിയിരുന്നു. സൗജന്യം വാഗ്ദാനം ചെയ്തതുകൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാനാവില്ല എന്നത് 2019-ലെ പൊതു തെരഞ്ഞെടുപ്പിന്റെ ഏറ്റവു വലിയ പാഠമായിരുന്നില്ലേ? പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ കൊടുക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം. ന്യായ് എന്നു പേരിട്ട ഈ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ ഗൃഹപാഠം കൃത്യമായി ചെയ്ത രാഹുല്‍ ഗാന്ധി ഈ തുക എങ്ങനെ സമാഹരിക്കുമെന്നും അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. 2017-ല്‍ മോദി സര്‍ക്കാര്‍ നടത്തിയ ഒരു സര്‍വെയുടെ തുടര്‍ച്ചയായി രാജ്യത്തെ 75 ശതമാനം ജനങ്ങളുടെ പട്ടിണി മാറ്റാന്‍ സഹായിക്കുന്ന സമാനമായ ഒരു പദ്ധതി നടപ്പാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാറിന്റെ മുമ്പാകെ ചര്‍ച്ചക്കു വന്നിരുന്നു. പക്ഷേ, പാവങ്ങൾക്ക് സഹായധനം നല്‍കുന്ന ഈ പദ്ധതി അത് പ്രഖ്യാപിക്കാന്‍ മോദി തയാറായില്ല. അതായത്, കോണ്‍ഗ്രസ് നടപ്പാക്കുമെന്ന് പറഞ്ഞത് ബി.ജെ.പി മാറ്റിവെച്ച പദ്ധതിയായിരുന്നു എന്നര്‍ഥം. എന്നിട്ടും ഒരൊറ്റ പുല്‍വാമയുടെ പുറത്ത് ബി.ജെ.പി തന്നെ വീണ്ടും തെരഞ്ഞെടുപ്പ് ജയിച്ചു. കര്‍ണാടകയില്‍ പ്രഖ്യാപിച്ച അഞ്ച് സൗജന്യ പദ്ധതികളാണ് കോണ്‍ഗ്രസിനെ ജയിപ്പിച്ചതെന്നത് ബി.ജെ.പി അനുകൂല മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണ്.

അതായിരുന്നില്ല അവിടെ വിജയമൊരുക്കിയത്. വര്‍ഗീയതക്കെതിരെ സ്വീകരിച്ച ശക്തമായ നിലപാടായിരുന്നു. പദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ ഭരണത്തിലിരുന്ന ബസവരാജ് ബൊമ്മെയും ഒട്ടും പിറകിലായിരുന്നില്ലല്ലോ. സൗജന്യമായി പാലും ഗ്യാസും ഭക്ഷണവുമൊക്കെ അദ്ദേഹവും വാഗ്ദാനം ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ അകമഴിഞ്ഞ പിന്തുണയോടെ ഈ പദ്ധതികള്‍ നിഷ്പ്രയാസം നടപ്പാക്കാമായിരുന്നിട്ടും അവിടെ എന്തുകൊണ്ട് ബി.ജെ.പി തോറ്റു?

പരാജയപ്പെട്ട മൂന്ന് സംസ്ഥാനങ്ങളിലും വിജയിച്ചിടത്തും സൂക്ഷ്മവായനയില്‍ കോണ്‍ഗ്രസിന് ചില ഗുണപാഠങ്ങളുണ്ട്. വര്‍ഗീയതയുടെ മറുപക്ഷത്ത് മൃദു വര്‍ഗീയത ഒരു തെരഞ്ഞെടുപ്പ് തന്ത്രമേയല്ലെന്ന് പാര്‍ട്ടി ആദ്യം തിരിച്ചറിയണം. 2018-ലെ അസംബ്ലി തെരഞ്ഞെടുപ്പിനു മുന്നോടിയായി നർമദാ നദീതീരത്തെ ഹൈന്ദവ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് യാത്ര നടത്തിയ ദിഗ്‌വിജയ് സിംഗിനെ ആരായിരുന്നു അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്? പ്രഗ്യാസിംഗ് താക്കൂര്‍ എന്ന, ഇപ്പോഴും ഭീകരാക്രമണ കേസുകളില്‍ വിചാരണ നേരിടുന്ന ഒരു കൊടും വര്‍ഗീയവാദി ആയിരുന്നില്ലേ? താന്‍ ഹിന്ദുത്വ വിരുദ്ധനാണെന്ന പ്രതിഛായ മാറ്റിയെടുക്കാനാണ് സിംഗ് അന്ന് ആ യാത്രക്ക് തയാറായതെന്നാണ് പറയപ്പെടുന്നത്. അസംബ്ലി തെരഞ്ഞെടുപ്പിന് മൂന്നു മാസം മുമ്പെ ഭാഗേശ്വര്‍ മഠാധിപതി ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയെ കമല്‍നാഥ് തന്റെ മണ്ഡലമായ ചിന്ദ്‌വാഢയിലെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചുവരുത്തി മൂന്നു നാള്‍ നീണ്ടുനിന്ന ഹനുമാന്‍ ചാലിസ നടത്തിച്ച സംഭവം മറ്റൊരു ഉദാഹരണമാണ്. ബി.ജെ.പി സഹയാത്രികരുടെ വോട്ട്ബാങ്ക് ലക്ഷ്യമിട്ടായിരുന്നു കമല്‍നാഥ് ഈ ഹിന്ദുത്വ സ്വാമിയെ രംഗത്തിറക്കിയത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന ധീരേന്ദ്രയുടെ ആവശ്യത്തെ കുറിച്ച് പിന്നീട് കമല്‍നാഥിനു മുമ്പാകെ ചോദ്യമുയര്‍ന്നു. ഇന്ത്യയിലെ 82 ശതമാനം ജനങ്ങളും ഹിന്ദുക്കള്‍ തന്നെയല്ലേ എന്ന മറുചോദ്യമായിരുന്നു മറുപടി. അക്കങ്ങള്‍ തന്നെ പറയുന്നില്ലേ, ഇത് പ്രത്യേകിച്ച് പേരിട്ടു വിളിക്കേണ്ട കാര്യമുണ്ടോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ ഹിന്ദുരാജ്യമാക്കുന്ന കാര്യത്തില്‍ തന്റെ പാര്‍ട്ടി ഇതുവരെ തീരുമാനം എടുത്തിട്ടില്ല എന്നെങ്കിലും ഇന്ദിരാ ഗാന്ധിയുടെ ഈ അരുമ ശിഷ്യന് പറയാമായിരുന്നില്ലേ?

എന്നിട്ട് തെരഞ്ഞെടുപ്പില്‍ വല്ല നേട്ടവും ഇതുകൊണ്ടുണ്ടായോ? സൗജന്യ പദ്ധതികള്‍ മാത്രമല്ല, മൃദു ഹിന്ദുത്വവും ഒരിടത്തും കോണ്‍ഗ്രസിനെ തുണച്ചിട്ടില്ല. അതിന്റെ ക്ലാസിക്കല്‍ ഉദാഹരണമാണ് മധ്യപ്രദേശിലെ നരേല മണ്ഡലം. 70,000-ത്തില്‍ പരം മുസ്‌ലിം വോട്ടുകളുള്ള ഈ മണ്ഡലത്തില്‍നിന്ന് ഭൂരിപക്ഷ സമുദായത്തിലെ 20,000 വോട്ടുകള്‍ പോലും പാര്‍ട്ടിക്ക് ആകര്‍ഷിക്കാനാവാത്തതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ മനോജ് ശുക്ലയെ ബി.ജെ.പിയുടെ സിറ്റിംഗ് എം.എല്‍.എ വിശ്വനാഥ് സാരംഗ് പരാജയപ്പെടുത്തിയത്. ബുര്‍ഹാൻ പൂരിലും കോണ്‍ഗ്രസിന്റെ അമുസ്‌ലിം വോട്ടുകള്‍ ബി.ജെ.പിയിലേക്കും മുസ്‌ലിം വോട്ടുകള്‍ നല്ലൊരളവില്‍ ഉവൈസിയിലേക്കും പോയി. ഇന്‍ഡോറിലെ ഒന്നും അഞ്ചും മണ്ഡലങ്ങള്‍, ജാവോറ, സിറോഞ്ച്, വടക്കന്‍ ഉജ്ജയിന്‍ തുടങ്ങിയ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് ഇതേ അബദ്ധം സംഭവിച്ചു. മുസ്‌ലിം ഭൂരിപക്ഷമുള്ള ഈ മണ്ഡലങ്ങളില്‍ വിജയസാധ്യത കണക്കിലെടുത്ത് മറ്റു സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും അവര്‍ക്ക് പിന്തുണ ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന്റെ ഹിന്ദുത്വ വാചാടോപങ്ങള്‍ കൊണ്ട് കഴിഞ്ഞില്ല.

ദക്ഷിണേന്ത്യയില്‍ ബി.ജെ.പി വലിയ തോതില്‍ ജനപിന്തുണ നേടാത്തതിന്റെയും അധികാരത്തില്‍ നിലനില്‍ക്കാത്തതിന്റെയും കാരണം കുറെക്കൂടി വസ്തുനിഷ്ഠമായി കോണ്‍ഗ്രസ് വിലയിരുത്തേണ്ടതുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോദിയുടെ യഥാര്‍ഥ മുഖം ഒരിക്കലും ചര്‍ച്ചക്കു വരുന്നേയില്ല. ദക്ഷിണേന്ത്യയിലാകട്ടെ മോദിയുടെ ബാഹുബലി പ്രതിഛായയും വികസന പദ്ധതികളും സദ്ഭരണ മാഹാത്മ്യവും വിലപ്പോകുന്നുമില്ല. ജാതിയും മതവുമൊക്കെ ഇന്ത്യയില്‍ എല്ലായിടത്തുമുണ്ടെങ്കിലും മോദിയെ കൃത്യമായി പൊളിച്ചടുക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിയുന്നതുകൊണ്ടു കൂടിയാണ് മറ്റെല്ലാ സമവാക്യങ്ങള്‍ക്കും മുകളിലായി മതേതര രാഷ്ട്രീയം ജയിച്ചു കയറുന്നത്. തെലങ്കാനയില്‍ ഭാരതീയ രാഷ്ട്ര സമിതി പരാജയപ്പെട്ടിടത്ത് ബി.ജെ.പിയല്ല കയറിവന്നതെന്ന് ശ്രദ്ധിക്കുക. ആസന്നമായ തെരഞ്ഞെടുപ്പില്‍ ഒറീസയിലും സമാനമായ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. വൃദ്ധനായിത്തുടങ്ങിയ ബിജു പട്‌നായികിനെ നേരിടാന്‍ ബി.ജെ.പിയെക്കാളേറെ ആ സംസ്ഥാനത്ത് കോണ്‍ഗ്രസിനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ബംഗാളിലും പഞ്ചാബിലും ബിഹാറിലുമൊക്കെ സമാന സ്വഭാവമുള്ള വോട്ടു ബാങ്കുകളാണുള്ളത്. താഴെത്തട്ടില്‍ മതേതര സംസ്‌കാരം നിലനില്‍ക്കുന്ന ഈ സംസ്ഥാനങ്ങളിലാണ് ബി.ജെ.പി പരാജയപ്പെടുന്നതെന്നിരിക്കെ ആ അടിത്തറയാണ് സ്വന്തം വിജയമന്ത്രമെന്ന് ഇനിയെങ്കിലും പാര്‍ട്ടിയിലെ തലമൂത്ത നേതാക്കളെ രാഹുല്‍ ഗാന്ധി പറഞ്ഞു മനസ്സിലാക്കിയാല്‍ അവര്‍ക്ക് നന്ന്. പുല്‍വാമയെ മുന്‍നിര്‍ത്തി മോദിയുടെ 'രാജ്യസ്‌നേഹ'ത്തെ പൊളിച്ചടുക്കാനും അദാനിയുമായുള്ള ബന്ധത്തിലൂടെ രാജ്യത്തിന് സംഭവിച്ച സാമ്പത്തിക വീഴ്ചകളും ചൈനക്കു മുന്നില്‍ അതിര്‍ത്തികള്‍ പണയം വെച്ച രാജ്യസുരക്ഷാ പാളിച്ചകളും തുറന്നു കാട്ടാനും ഈ തെരഞ്ഞെടുപ്പിനെ ഒരവസരമായി കോണ്‍ഗ്രസ് ഉപയോഗിച്ചിട്ടില്ല. അതിന്റെ സാധ്യതകള്‍ ഇനി എങ്ങനെ ഉപയോഗപ്പെടുമെന്ന് പാര്‍ട്ടിക്ക് പറയാനുമാവില്ല. കാരണം, ഈ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്ന് ബി.ജെ.പിക്ക് മുന്‍കൂര്‍ ജാമ്യമെടുക്കാനാവും. ഇന്‍ഡ്യ എന്ന സഖ്യത്തിന്റെ സാധ്യതകളെ സംസ്ഥാനങ്ങളില്‍ ഉപയോഗപ്പെടുത്താനും പാര്‍ട്ടി ശ്രമിച്ചില്ല. ഛത്തീസ് ഗഢില്‍ പരാജയപ്പെടാനുള്ള മുഖ്യ കാരണം അതായിരുന്നു.

   2024-ലെ ലോക്‌സഭാ ഇലക് ഷന്‍ നേരിടുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ട്ടി ആദ്യം ചെയ്യേണ്ടത് സ്വന്തം അഹങ്കാരം ഉപേക്ഷിക്കലാണ്. മോദി എന്ന ഊതിവീര്‍പ്പിച്ച ബലൂണിന്റെ കാറ്റൊഴിച്ചു വിടാതെ അതിനെ ആകാശത്തില്‍ അലയാന്‍ വിട്ട് താഴെയിരുന്ന് നിലവിളിച്ചിട്ട് കാര്യമില്ല. മോദി പിടിച്ചുനില്‍ക്കുന്നത് എന്തൊക്കെ വ്യാജ അവകാശവാദങ്ങളുടെ പുറത്താണോ അവ ധൈര്യപൂര്‍വം ചോദ്യം ചെയ്യാന്‍ പഠിക്കണം. ജനങ്ങളിലേക്ക് യാഥാര്‍ഥ്യങ്ങൾ എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കിയെടുക്കണം. എല്ലാറ്റിനുമുപരി നിലത്തിറങ്ങി പണിയെടുക്കുകയും വേണം. സൗജന്യ പദ്ധതികളും സംവരണവും ജാതിയുമൊന്നും ഒരു പരിധിയിലധികം വോട്ടുകള്‍ നേടിത്തരില്ല. മധ്യപ്രദേശിലും രാജസ്ഥാനിലും പുതിയ തലമുറക്ക് നേതൃത്വം കൈമാറണം. വയസ്സന്‍ കുതിരകള്‍ക്ക് വിശ്രമം കൊടുക്കണം. ആശയപരമായി ബി.ജെ.പിയുടെ പ്രതിപക്ഷമാകുമ്പോഴാണ്, അല്ലാതെ അവരുടെ പ്രേതമാകുമ്പോഴല്ല ജനങ്ങള്‍ക്ക് കോണ്‍ഗ്രസ്സിനെ ആവശ്യമുള്ളതെന്ന് തിരിച്ചറിയണം. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 10-13
ടി.കെ ഉബൈദ്

ഹദീസ്‌

മഹത്തായ പ്രതിഫലം
അലവി ചെറുവാടി