Prabodhanm Weekly

Pages

Search

2023 ഡിസംബർ 15

3331

1445 ജമാദുൽ ആഖിർ 02

ഹിന്ദി ഹൃദയഭൂമി മോദിക്കൊപ്പം?

എ.ആർ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഭരണപങ്കാളി അമിത് ഷാക്കും മൂന്നാമൂഴത്തെക്കുറിച്ച് വന്‍ ശുഭ പ്രതീക്ഷക്ക് വക നല്‍കിക്കൊണ്ടാണ് അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഒപ്പം തന്നെ ഇന്‍ഡ്യ മുന്നണിക്ക് അപ്രതീക്ഷിത തിരിച്ചടിയും ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നു. ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളും കോണ്‍ഗ്രസ്സിനെ കൈവിട്ടിരിക്കുന്നു; ദക്ഷിണേന്ത്യയിലെ തെലങ്കാന മാത്രം പാര്‍ട്ടിയുടെ രക്ഷക്കെത്തിയത് നേരിയ ആശ്വാസത്തിന് വഴിയൊരുക്കിയെങ്കിലും. വിളിപ്പാടകലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇല്ലാതിരുന്നെങ്കില്‍ ഒരുവേള ഇത്രത്തോളം നിരാശാജനകമാവുമായിരുന്നില്ല നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ. പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ ആയി മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഢ്, തെലങ്കാന, മിസോറാം നിയമസഭകളിലേക്കുള്ള ഇലക്്ഷനെ വളരെ നേരത്തേ രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും മാത്രമല്ല, പ്രധാന രാഷ്ട്രീയ കളിക്കാരുമെല്ലാം വിലയിരുത്തിയിരുന്നതാണ്. ഒടുവില്‍ നടന്ന കര്‍ണാടക, ഹിമാചല്‍ പ്രദേശ് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ അപ്രതീക്ഷിത വിജയവും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലെ ജനകീയ പങ്കാളിത്തവും ഇതേ പശ്ചാത്തലത്തില്‍ രൂപപ്പെട്ട പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്‍ഡ്യ മുന്നണിയുടെ രംഗപ്രവേശവുമെല്ലാം ചേര്‍ന്നു മതേതരപക്ഷത്തിനും സമൂഹത്തിനും സമ്മാനിച്ച ആത്മവിശ്വാസം ചെറുതായിരുന്നില്ല. ഹ ിന്ദുത്വ വലതുപക്ഷത്തിന്റെ മോഹങ്ങള്‍ക്ക് അത് തടയിട്ടതായും തോന്നി. പക്ഷേ, ഡിസംബര്‍ മൂന്നിന് നാല് സംസ്ഥാനങ്ങളിലെ ഇലക് ഷന്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ മുഖങ്ങള്‍ മ്ലാനമാണ്; നെടുവീര്‍പ്പുകള്‍ ഉയരുന്നു, രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി വനവാസത്തിന് പോവുമോ എന്നതാണ് ചിലരുടെയെങ്കിലും സംശയം.

യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്? ഭരണവിരുദ്ധ വികാരവും പാളയത്തിലെ പടയും അശോക് ഗെഹ്്ലോട്ടിന്റെ അതിരു കവിഞ്ഞ ആത്മവിശ്വാസവുമെല്ലാം ചേര്‍ന്ന് രാജസ്ഥാനില്‍ കൈപ്പത്തി താഴുമെന്നും താമര വിരിയുമെന്നും യാഥാര്‍ഥ്യബോധമുള്ള നിരീക്ഷകര്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നതാണ്. കോണ്‍ഗ്രസ് വക്താക്കള്‍ ഈ പ്രവചനത്തെ വലുതായൊന്നും ചോദ്യം ചെയ്തതുമില്ല. ആ നിലക്ക് നൂറ് സ്വന്തം സീറ്റുകളും ബാക്കി ചെറുകിട പാര്‍ട്ടികളുടെ പിന്തുണയുമായി അഞ്ച് കൊല്ലം തികച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെഹ്്ലോട്ട്, പാര്‍ട്ടിയിലെ മുഖ്യ പ്രതിയോഗി സച്ചിന്‍ പൈലറ്റിനെ അകറ്റിനിര്‍ത്താന്‍ കാണിച്ച ശാഠ്യത്തിന് കനത്ത വില നല്‍കേണ്ടിവന്നത് അപ്രതീക്ഷിതമല്ല. അപ്പോഴും ബി.ജെ.പി 73-ല്‍നിന്ന് 115-ലേക്ക് കുതിച്ചതും കോണ്‍ഗ്രസ് 69 സീറ്റുകളിൽ ഒതുങ്ങിയതും അധികമാരും പ്രതീക്ഷിച്ചതല്ല. ഛത്തീസ് ഗഢിലാവട്ടെ 90 അംഗ നിയമസഭയില്‍ 68 എം.എല്‍.എമാരുമായി സസുഖം വാണ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിന് എന്തെങ്കിലും ഭീഷണിയുള്ളതായി അദ്ദേഹമോ പാര്‍ട്ടിയോ നിരീക്ഷകരോ സര്‍വേ ഏജന്‍സികളോ കരുതിയിരുന്നേയില്ല. പക്ഷേ, ഏതാണ്ട് പകുതിയോളം സീറ്റുകളുടെ നഷ്ടവുമായി ബാഘേലും പാര്‍ട്ടിയും താടിക്ക് കൈയും കൊടുത്തിരിപ്പാണിപ്പോള്‍. എല്ലാറ്റിലുമേറെ കോണ്‍ഗ്രസ്സിനെ ഞെട്ടിച്ചത്  യു.പിക്ക് ശേഷം ഹിന്ദി ബെല്‍റ്റിലെ പ്രധാന സംസ്ഥാനമായ മധ്യപ്രദേശിലെ കനത്ത തിരിച്ചടിയാണ്. 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 230 സീറ്റുകളില്‍ 114 സീറ്റുകള്‍ നേടിയെടുത്ത കോണ്‍ഗ്രസ് ചെറുകിട പാര്‍ട്ടികളുടെ സഹായത്തോടെ പതിനഞ്ച് മാസം ഭരിക്കുക പോലും ചെയ്തിരുന്നതാണ്. പക്ഷേ, കമല്‍നാഥും, രാഹുല്‍ ഗാന്ധിയുടെ ഉറ്റ സുഹൃത്തും വലം കൈയുമായിരുന്ന ജ്യോതി രാദിത്യ സിന്ധ്യയും തമ്മിലെ ഏറ്റുമുട്ടല്‍ ആരുടെയും ഇടപെടലില്ലാതെ മൂര്‍ധന്യത്തിലെത്തിയപ്പോള്‍ അമിത് ഷായിലെ സൂത്രശാലി അവസരത്തിനൊത്തുണര്‍ന്ന് രാജകുമാരനെയും അനുയായികളെയും റാഞ്ചിയെടുത്ത് മുഖ്യമന്ത്രി പദത്തിന്റെ സ്ഥിരാവകാശി ശിവരാജ് സിംഗ് ചൗഹാനെ ഭോപ്പാലിലെ സിംഹാസനത്തില്‍ വീണ്ടും കുടിയിരുത്തി. ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്ര മന്ത്രിസഭയില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയുമായി. ഈ കൊലച്ചതിക്ക് പ്രതികാരം ചെയ്‌തേ അടങ്ങൂ എന്ന പ്രതിജ്ഞയുമായാണ് ഇത്തവണ കോണ്‍ഗ്രസ് കളരിയിലിറങ്ങിയത്.  കമല്‍നാഥാകട്ടെ ഗോത്ര വര്‍ഗക്കാരും വനിതകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് മധുര വാഗ്ദാനങ്ങള്‍ യഥേഷ്ടം വാരിവിതറിക്കൊണ്ട് മതിയാക്കാതെ, സംഘ് പരിവാറിനെക്കാള്‍ തീവ്രമായ ഹിന്ദുത്വ കാര്‍ഡ് കളിക്കാനും മറന്നില്ല. വെറും അഞ്ച് ശതമാനം വരുന്ന മുസ്്‌ലിം വോട്ടുകള്‍ മുഴുക്കെ ചോര്‍ന്നാലും പിടിച്ചുനില്‍ക്കാമെന്ന് കണക്കുകൂട്ടിയ ഹനുമാന്‍ സേവകന്‍, അയോധ്യയില്‍ 3000 കോടി ചെലവില്‍ പണിതുയര്‍ത്തപ്പെടുന്ന രാമക്ഷേത്രത്തിന് വഴിയൊരുങ്ങിയത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പതിറ്റാണ്ടുകളായി അടഞ്ഞുകിടക്കുന്ന ബാബരി മസ്ജിദിന്റെ കവാടങ്ങള്‍ ഹിന്ദു ഭക്തര്‍ക്ക് തുറന്നു കൊടുത്തതു കൊണ്ടാണെന്ന പരമ സത്യവും പുറത്തുവിട്ടു. ക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് താന്‍ ഉദാരമായി സംഭാവന നല്‍കിയ കാര്യവും കമല്‍നാഥ് ഓര്‍മപ്പെടുത്താതിരുന്നില്ല. അപ്രകാരം തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വംകൊണ്ട് നേരിടുന്നു എന്ന അപഖ്യാതി മാറ്റിയെടുക്കാൻ അതി തീവ്ര ഹിന്ദുത്വയെയാണ് അദ്ദേഹം കൂട്ടുപിടിച്ചത്. ഇന്‍ഡ്യ മുന്നണിയിലെ ഘടക കക്ഷി എസ്.പി അവര്‍ക്ക് സ്വാധീനമുള്ള യു.പി അതിര്‍ത്തി മേഖലയില്‍ നാലോ അഞ്ചോ സീറ്റുകള്‍ക്കു വേണ്ടി യാചിച്ചപ്പോള്‍ അതും ഔദ്ധത്യപൂര്‍വം നിരാകരിക്കുകയായിരുന്നു കമല്‍നാഥ്. അന്നുതന്നെ അഖിലേഷ് യാദവ് ഭവിഷ്യത്ത് ചൂണ്ടിക്കാട്ടിയിരുന്നതാണ്. പക്ഷേ, ആത്മവിശ്വാസം അതിര് കടന്നാല്‍ ആര്, എന്ത് പറഞ്ഞിട്ടാ കാര്യം? ഫലം പുറത്തു വന്നപ്പോള്‍ മുന്‍ തെരഞ്ഞെടുപ്പിലെ 114-ല്‍നിന്ന് കേവലം 66-ലേക്ക് കൂപ്പ് കുത്തിയിരിക്കുന്നു കമല്‍നാഥിന്റെ കൈപ്പത്തി.

ഈ നഷ്ടങ്ങളും തജ്ജന്യ ഇഛാഭംഗവും ഒരളവോളവും നികത്താന്‍ പര്യാപ്തമല്ലെങ്കിലും ദക്ഷിണേന്ത്യയിലെ തെലങ്കാന കോണ്‍ഗ്രസ്സിന്റെ  രക്ഷക്കെത്തിയത് എടുത്തുപറയേണ്ടതാണ്. അവിടെ പക്ഷേ, മുഖ്യ പ്രതിയോഗി ബി.ജെ.പി ആയിരുന്നില്ല; കോണ്‍ഗ്രസ്സിനോടൊപ്പം കൂടി സകല എതിര്‍പ്പുകളെയും തട്ടിമാറ്റി തെലങ്കാന രാഷ്ട്ര സമിതി- പിന്നീട് പേരുമാറ്റി ഭാരത് രാഷ്ട്ര സമിതിയായി-യുടെ മേധാവി കെ. ചന്ദ്രശേഖര റാവു ആയിരുന്നു. രണ്ടാമൂഴത്തിന്റെ അന്ത്യത്തിൽ ഭരണവിരുദ്ധ വികാരത്തോടൊപ്പം കര്‍ണാടക വിജയ ശില്‍പി ഡി.കെ ശിവകുമാറിന്റെ ഇറങ്ങിക്കളിയും ചേർന്നപ്പോള്‍ റാവുവിന്റെ സിംഹാസനം രേവന്ത് റെഡ്ഡി എന്ന സമര്‍ഥനായ കോണ്‍ഗ്രസ് നേതാവിന് പ ിടിച്ചെടുക്കാനായി. കഴിഞ്ഞ തവണ 119-ല്‍ കേവലം 19 സീറ്റു കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന കോണ്‍ഗ്രസ്  ഇത്തവണ 64 സീറ്റുകള്‍ അടിച്ചെടുത്തു. ദക്ഷിണേന്ത്യയാകെ പിടിക്കാന്‍ ദേശീയ നിര്‍വാഹക സമിതി ഹൈദരാബാദിൽ വിളിച്ചുചേർത്തു മോദി - അമിത് ഷാ കൂട്ടുകെട്ട് തന്ത്രങ്ങള്‍ മെനഞ്ഞിരുന്നതാണ്. കഴിഞ്ഞ നിയമസഭയിലെ ഏകാംഗ സാന്നിധ്യം ഇത്തവണ എട്ടായി വര്‍ധിപ്പിക്കാനായത് നേട്ടമാണെങ്കിലും ദക്ഷിണേന്ത്യ തീവ്ര ഹിന്ദുത്വത്തോടൊപ്പമല്ല എന്ന് തെളിയുകയാണ്. മൊത്തം 129 ലോക്്സഭാ സീറ്റുകളുള്ള ആന്ധ്ര, തെലങ്കാന, കര്‍ണാടക, ചെന്നൈ, കേരളം ദക്ഷിണേന്ത്യന്‍ ബെല്‍റ്റ് ഒരൊറ്റ രാഷ്ട്രം, ഒരൊറ്റ ജനത എന്ന സങ്കല്‍പത്തിന് വെല്ലുവിളിയായി തുടരും എന്ന് കരുതേണ്ടിവരും. സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശം നിശ്ശേഷം കവര്‍ന്നു സംഘി ഗവര്‍ണർമാരിലൂടെ ഇന്ദ്രപ്രസ്ഥ മേല്‍ക്കോയ്മ അടിച്ചേല്‍പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം ഏകീകരണത്തിന്റെയല്ല, അനേകീകരണത്തിന്റെ ആപത് സൂചനകളാണ് നല്‍കുന്നതെന്ന് തിരിച്ചറിയാന്‍ കാവി മസ്തിഷ്‌കങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ഭവിഷ്യത്ത് നല്ലതാവില്ല.

ഇന്‍ഡ്യ മുന്നണിയിലെ മുറുമുറുപ്പും പൊട്ടലും ചീറ്റലും സ്വാഭാവികമാണ്. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ നേരെ ഇതര ഘടകങ്ങള്‍ വിരല്‍ ചൂണ്ടുന്നതും അപ്രതീക്ഷിതമല്ല. നാലഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കോണ്‍ഗ്രസ് മുഴു ശ്രദ്ധയും അതിലേക്ക് തിരിച്ചുവിട്ടതും ഇതര ഘടക പാർട്ടികളോട് കൂടിയാലോചന പോലും നടത്താതെ എല്ലാം ഒറ്റക്ക് തീരുമാനിച്ചതും അബദ്ധവും മോശവുമായി എന്നിപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് സ്വയം മനസ്സിലാക്കുന്നുണ്ടാവും. മതേതര പാര്‍ട്ടികളെ മാറ്റിനിര്‍ത്തിയത് മൂലമാണ് കോണ്‍ഗ്രസ്സിന്റെ തോല്‍വി എന്ന വ്യാഖ്യാനം പൂര്‍ണമായി വസ്തുനിഷ്ഠമല്ലെങ്കിലും പരാജയത്തിന്റെ വ്യാപ്തി കുറക്കാന്‍ മതേതര ഐക്യം സഹായകമായേനെ. മധ്യപ്രദേശ്, ഛത്തീസ് ഗഢ്, രാജസ്ഥാന്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളിലും മുമ്മൂന്ന് മണ്ഡലങ്ങളിലാണ് സെക്യുലര്‍ പാര്‍ട്ടികള്‍ വേറിട്ട് മത്സരിച്ചതു മൂലം ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ജയിച്ചുകയറിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സീറ്റ് കാര്യത്തിലെ തിരിച്ചടി വോട്ടിംഗ് ശതമാനത്തില്‍ പ്രതിഫലിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. വന്‍ തിരിച്ചടി നേരിട്ട മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിന്റെ വോട്ട് വിഹിതം കുറഞ്ഞത് അരശതമാനത്തോളമാണ്.

രാജസ്ഥാനിലാവട്ടെ വോട്ട് ശതമാനം വര്‍ധിച്ചിട്ടേയുള്ളൂ. തെലങ്കാനയില്‍ സീറ്റും വോട്ടും വന്‍ കുതിപ്പ് കാട്ടുകയും ചെയ്യുന്നു. പക്ഷേ, ഇതപ്പാടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുകൊള്ളണമെന്നില്ല. ദേശീയ സമസ്യകളും വ്യക്തിത്വങ്ങളും പ്രചാചരണ ഇഷ്യൂകളുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുക. അതു കൂടി മുന്നില്‍ കണ്ടാണ് ബി.ജെ.പി അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിലും പ്രാദേശിക നേതാക്കള്‍ക്ക് പകരം ഒരേയൊരു നരേന്ദ്ര മോദിയെ പരമാവധി വിഗ്രഹവത്കരിച്ചു നാടിളക്കിയതും കാടിളക്കിയതും. ഫലങ്ങള്‍ പുറത്തുവന്ന ശേഷം ആ പ്രവണത പരമാവധി ശക്തമാക്കിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി വളര്‍ന്ന ഇന്ത്യ, രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും ചുക്കാന്‍ പിടിച്ച ഒരേയൊരു നേതാവ് നരേന്ദ്ര മോദി. ഒന്നാം ലോകശക്തിയായി വളര്‍ന്നുയരുന്ന ചൈനയുടെ ഷിക്ക് സമശീര്‍ഷനോ കരുത്തനോ ആണ് മോദിയെന്ന് ലോകത്തെയും രാജ്യത്തെയും ബോധ്യപ്പെടുത്താനാണ് തീവ്ര യത്‌നം. അതിനായി ഒന്നാംകിട കോര്‍പ്പറേറ്റുകളെയും അവരാല്‍ നിയന്ത്രിക്കപ്പെടുന്ന അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളെയുമാകെ വശത്താക്കിയിരിക്കുന്നു. എതിര്‍ ശബ്ദങ്ങളെ കരിനിയമങ്ങളുപയോഗിച്ചും ഇ.ഡിയുടെ ദംഷ്ട്രകള്‍ക്ക് മൂര്‍ച്ച കൂട്ടിയും ഒതുക്കാനും തളര്‍ത്താനുമുള്ള ശ്രമങ്ങളും തകൃതി. പട്ടിണിയോ ദാരിദ്ര്യമോ വിലക്കയറ്റമോ തൊഴിലില്ലായ്മയോ സ്വാതന്ത്ര്യ നിഷേധമോ ജനാധിപത്യ ധ്വംസനമോ ഒന്നും മുഖ്യ അജണ്ട നടപ്പാക്കാനുള്ള തീവ്ര യത്‌നത്തിന്റെ മാർഗ തടസ്സങ്ങളായിക്കൂടാ എന്ന ശാഠ്യമുണ്ട്. പ്രാചീന സംസ്‌കൃതിയുടെ പുനരുജ്ജീവനത്തിന്റെ മറവില്‍ വംശീയ വികാരങ്ങള്‍ ആവോളം മൂര്‍ഛിപ്പിച്ച് എതിര്‍ ശബ്ദങ്ങളെയാകെ അടിച്ചൊതുക്കുന്ന തന്ത്രവും നടേ പറഞ്ഞതിന്റെ ഭാഗമാണ്. ഭിന്ന വിശ്വാസാചാരങ്ങള്‍ വെച്ചുപുലര്‍ത്തുന്ന മതന്യൂനപക്ഷങ്ങളെ മാര്‍ഗ തടസ്സങ്ങളായി കണ്ട് വെറുപ്പും വിദ്വേഷവും വളര്‍ത്തി അവരെ നിശ്ശബ്ദരാക്കി, വഴങ്ങാത്തവരെ ജയിലിലടച്ച് പൂര്‍ണമായും പ്രാന്തവത്കരിക്കുന്നതും അജണ്ടയുടെ ഭാഗം തന്നെയാണ്. 

ഈ ഭീഷണിയെ നേരിടാനും തോല്‍പിക്കാനും മാത്രം ശക്തമാണോ, ആവാന്‍ കഴിയുമോ ഇന്‍ഡ്യ മുന്നണിക്ക് എന്നതാണ് പ്രസക്തമായ ചോദ്യം. ചുരുങ്ങിയപക്ഷം, പ്രഥമ സ്ഥാനത്ത് നില്‍ക്കുന്ന കോണ്‍ഗ്രസ് അതേപ്പറ്റി ബോധവാന്മാരാണോ? ആണെങ്കില്‍ ഇടവേളയിലെ പാളിച്ചകള്‍ തിരുത്തി കൂട്ടുകക്ഷികളെ കൂടി വിശ്വാസത്തിലെടുത്ത്, രാജ്യത്തെ ജനാധിപത്യവാദികളെയും യഥാര്‍ഥ രാജ്യസ്‌നേഹികളെയും ചേര്‍ത്തുപിടിച്ച് ഒരു കൈനോക്കാന്‍ ഇന്‍ഡ്യ സന്നദ്ധമാവേണ്ട അവസാന നിമിഷങ്ങളാണ് കടന്നുപോവുന്നത്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 10-13
ടി.കെ ഉബൈദ്

ഹദീസ്‌

മഹത്തായ പ്രതിഫലം
അലവി ചെറുവാടി