Prabodhanm Weekly

Pages

Search

2023 ഡിസംബർ 15

3331

1445 ജമാദുൽ ആഖിർ 02

സംഘടിത സകാത്ത് പ്രസക്തിയും പ്രാധാന്യവും

ഡോ. കെ. ഇൽയാസ് മൗലവി

അഗതികളെയും ദരിദ്രരെയും സ്വയം പര്യാപ്തരാക്കുക എന്നതാണ് സകാത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഒരാൾക്ക് ഒരിക്കൽ നൽകിക്കഴിഞ്ഞാൽ വീണ്ടും അയാൾക്ക് തന്നെ സകാത്ത് കൊടുക്കേണ്ട അവസ്ഥ വരാതിരിക്കാൻ പാകത്തിൽ വേണം കൊടുക്കാൻ. അതു വഴി അയാൾ ധനികനൊന്നും ആയില്ലെങ്കിലും നന്നേ ചുരുങ്ങിയത് അയാൾ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ സ്വയം പര്യാപ്തത നേടുകയെങ്കിലും ചെയ്തിരിക്കണം. ഇവിടെയാണ് സംഘടിത സകാത്തിന്റെ പ്രസക്തി. ധനികനായ ഒരാളുടെ സകാത്ത് ചില്ലറയായും തുട്ടുകളായും പലർക്കായി വിതരണം ചെയ്താൽ ഒരാളെയും സ്വയം പര്യാപ്തനാക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നാൽ, ഒരു മഹല്ലിലെ/പ്രദേശത്തെ സമ്പന്നരുടെ എല്ലാവരുടെയും സകാത്ത്  ഒരുമിച്ചുകൂട്ടിയാൽ മഹല്ലിലെ ഏതാനും കുടുംബങ്ങളെ സ്വയം പര്യാപ്തരാക്കാൻ പറ്റിയേക്കും. അങ്ങനെ ഏതാനും വർഷങ്ങൾകൊണ്ട് മഹല്ല് മൊത്തം സ്വയം പര്യാപ്തത കൈവരിക്കുന്ന അവസ്ഥ സംജാതമാവും. ഖത്തറിലെ സ്വുൻദൂഖുസ്സകാത്ത്, കുവൈത്തിലെ ബൈത്തുസ്സകാത്ത്  പോലെ ലോകത്ത് പല അറബ് മുസ് ലിം രാജ്യങ്ങളിലും ഇത്തരം സംവിധാനങ്ങൾ ഇസ്‌ലാമിക പണ്ഡിതന്മാരുടെ മേൽനോട്ടത്തിൽ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്നുണ്ട്.

സകാത്ത്  കൊണ്ട് ഇസ് ലാം ഉദ്ദേശിക്കുന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഏറ്റവും ഉചിതമായ വിതരണത്തിന്റെ ഉത്തമ രൂപവും ഇതു തന്നെ. ശാഫിഈ മദ്ഹബിലെ പ്രഗൽഭരായ പണ്ഡിതന്മാർ എല്ലാവരും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇമാം നവവി പറയുന്നു: ''സ്ഥിരമായി തൊഴിലെടുക്കുന്നവർക്കാണ് സകാത്ത്  നൽകുന്നതെങ്കിൽ അവരുടെ തൊഴിലിനോ, അല്ലെങ്കില്‍ അതിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനോ ഉതകും വിധമുള്ള ഒന്നാണ് അവർക്ക് സകാത്തായി നൽകേണ്ടത്; അതിന്റെ വില കുറയട്ടെ, കൂടട്ടെ. എന്തായാലും അവന്റെ ഉപജീവനത്തിന് മതിയാകുന്ന വരുമാനം അതിൽനിന്ന് കരസ്ഥമാകുന്ന നിലവാരത്തിലുള്ളതായിരിക്കണം. തൊഴിൽ, നാട്, കാലം, വ്യക്തി എന്നിവക്കനുസൃതമായി ഇതിന്റെ തോത് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. കച്ചവടക്കാർ, ഹോട്ടലുകാർ, അത്തർ കച്ചവടക്കാർ, സ്വർണക്കച്ചവടക്കാർ ഇവർക്കൊക്കെ അനുയോജ്യമായവയാണ് നൽകേണ്ടത്.

തയ്യൽക്കാർ, ആശാരിമാർ, കെട്ടിട നിർമാതാക്കൾ, ഇറച്ചിക്കച്ചവടക്കാർ ഇത്തരക്കാർക്കും തങ്ങൾക്കു പറ്റിയ പണിയായുധങ്ങൾ വാങ്ങാൻ ആവശ്യമായത് നൽകണം.

ഇനി ഒരാൾക്ക് തൊഴിലോ കച്ചവടമോ, ജീവസന്ധാരണത്തിനുള്ള മറ്റു വഴികളോ വശമില്ലെങ്കിൽ ആ നാട്ടിൽ അവനെപ്പോലുള്ള ഒരാൾക്ക് സാധാരണ ജീവിതത്തിനുതകും വിധത്തിലുള്ളവ നൽകണം. അത് ഒരു വർഷത്തേക്ക് പരിമിതപ്പെടുത്തേണ്ടതില്ല. കൃഷി ചെയ്യാനറിയുന്നവർക്ക് കൃഷിക്ക് അനുയോജ്യമായ കൃഷിയിടവും സകാത്തായി നൽകാവുന്നതാണ്.

ഇമാം റാഫിഈ (റ) പറയുന്നു: ''ചിലരുടെ അഭിപ്രായത്തിൽനിന്ന് ബോധ്യപ്പെടുന്നത് അവരുടെ ജീവിതത്തിനുതകുന്ന വസ്തുക്കൾ തന്നെ നൽകപ്പെടണമെന്നാണ്. വാസ്തവത്തിൽ നാം നേരത്തെ പറഞ്ഞതാണ് ശരി. ആജീവനാന്തം ജീവിക്കാൻ മതിയാവുന്നത്രയും നൽകണം എന്നതാണ് ഏറ്റവും സാധുവും ശരിയുമായ വീക്ഷണം'' (ശര്‍ഹുല്‍ മുഹദ്ദബ് - സകാത്ത്  വിതരണം എന്ന അധ്യായം).
ഫത്ഹുൽ മുഈനിൽ പറയുന്നു:  ''ഫഖീർ, മിസ്കീൻ എന്നിവർ കച്ചവടം ചെയ്യാനറിയുന്നവരാണെങ്കിൽ അവരുടെ ജീവിതച്ചെലവിനുള്ള ലാഭം നേടാൻ കഴിയുന്ന കച്ചവടത്തിന് മൂലധനം നൽകണം, കൈത്തൊഴിൽ അറിയുമെങ്കിൽ തൊഴിലുപകരണം നൽകണം. കച്ചവടവും കൈത്തൊഴിലും അറിയില്ലെങ്കിൽ ശരാശരി പ്രായത്തിൽനിന്ന് അവശേഷിക്കുന്ന കാലം ജീവിക്കാനുള്ള വക നൽകണം'' (അദാഉസ്സകാത്ത്  എന്ന അധ്യായം).

ഇമാം റംലി പറയുന്നു: ''കിതാബുല്‍ ഉമ്മില്‍ ഇമാം ശാഫിഈ വ്യക്തമായി രേഖപ്പെടുത്തിയതും, ഏറ്റവും ശരിയായതും ഭൂരിപക്ഷം ഫുഖഹാക്കൾ അഭിപ്രായപ്പെട്ടിട്ടുള്ളതും ഫഖീര്‍, മിസ്കീന്‍ എന്നീ രണ്ട് വിഭാഗത്തിനും ശരാശരി ആയുഷ്കാലത്തേക്ക് മതിയാവുന്നത്രയും നൽകണമെന്നാണ്. അതായത് ശേഷിക്കുന്ന ആയുസ്സ് മുഴുവൻ; കാരണം അവനെ സ്വയം പര്യാപ്തനാക്കുക എന്നതാണ് ലക്ഷ്യം. ഇതു മുഖേനയല്ലാതെ ആ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയില്ല. ഇവിടെ ശരാശരി ആയുസ്സ് എന്നത് അറുപത് വർഷമാണ്. അതിന് ശേഷമുള്ളത് വർഷാവർഷം എന്ന നിലക്കുമാണ്. പണം ശരിയാംവണ്ണം കൈകാര്യം ചെയ്യാൻ അറിയാത്തവന് കൊടുക്കുക എന്നതു കൊണ്ടുള്ള ഉദ്ദേശ്യം ആ കാലയളവിലേക്ക് അവന് മതിയായ നാണയം കൊടുക്കുക എന്നതല്ല; കാരണം, അത് അപ്രായോഗികമാണ്. മറിച്ച്, അവന് ആവശ്യമായ വരുമാനത്തിനുതകുന്ന വസ്തുവിന്റെ വിലയാണ് നൽകേണ്ടത്. അങ്ങനെ അതുപയോഗിച്ച് അവന് സ്വത്ത് വാങ്ങുകയും അതു മുഖേന അവൻ സകാത്ത്  ആവശ്യമില്ലാത്ത വിധം സമ്പന്നനാവുകയും, തന്റെ കാലശേഷം അനന്തരാവകാശികൾക്ക് അവകാശം ലഭിക്കാൻ പാകത്തിൽ അവനത് ഉടമപ്പെടുത്തുകയും ചെയ്യുന്ന വിധത്തിലായിരിക്കണം നൽകേണ്ടത്'' (നിഹായതുല്‍ മുഹ്താജ് , അധ്യായം: നൽകലും നൽകുന്നതിന്റെ അളവും).

 

സംഘടിത സകാത്തും കമ്മിറ്റികളും 

എന്താണ് സകാത്ത് കമ്മിറ്റി? സമ്പന്നരായ വ്യക്തികൾ തങ്ങളുടെ സകാത്ത് അർഹരായവർക്ക് ഏറ്റവും ഗുണകരമായ വിധത്തിൽ എത്തിക്കാനായി ഏൽപ്പിക്കുന്ന ബോഡിയാണ് സകാത്ത് കമ്മിറ്റികൾ.

കർമശാസ്ത്ര അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ വക്കീലിന്റെ (ഏജൻറ്) സ്ഥാനത്താണ് ഈ കമ്മിറ്റികൾ എന്നു പറയാം. നിയമപ്രകാരം രജിസ്റ്റർ ചെയ്ത, കൃത്യമായി ഓഡിറ്റ് നടത്തുന്ന, ബാങ്ക് അക്കൗണ്ടുള്ള, ഭാരവാഹികളും മെമ്പർമാരും ആരൊക്കെയാണെന്ന് രേഖയുള്ള, ഒരു നിയമാനുസൃത സംവിധാനമാണ് സകാത്ത് കമ്മിറ്റികൾ. അതിന്റെ ഏതു തീരുമാനവും ചർച്ചയിലൂടെ അംഗീകരിക്കപ്പെട്ടാൽ അതിൽ ഔദ്യോഗികമായി ഒപ്പ് വെക്കുന്നത് കമ്മിറ്റിയുടെ ചെയർമാൻ ആയിരിക്കും.

കമ്മിറ്റിക്ക് ലഭിക്കുന്ന സകാത്ത്ഫണ്ട് കൃത്യമായ ഉപാധികൾക്ക് വിധേയമായി സകാത്തിന്റെ ഏറ്റവും അർഹരായ അവകാശികളിൽ എത്തിക്കുന്നു. ഇവിടെ ഗുണഭോക്താക്കളുടെ ആവശ്യവും താൽപര്യവുമാണ് മുഖ്യമായും പരിഗണിക്കുക. ഇങ്ങനെ പരിഗണിക്കപ്പെടുന്നവയിൽ പ്രധാനപ്പെട്ടവ:

1. ഭവന നിർമാണത്തിന്/കേടുപാടുള്ളവ നന്നാക്കാൻ.
2. പണി പൂർത്തിയാവാത്ത വീടുകൾ പൂർത്തിയാക്കാൻ.
3. തൊഴിലുപകരണങ്ങൾ ലഭ്യമാക്കാൻ.
4. ചികിത്സാ സഹായത്തിന്.
5. വിദ്യാഭ്യാസ സഹായത്തിന്.
6. വാഹനം, പശു തുടങ്ങി ഉപജീവനത്തിനുതകുന്ന കാര്യങ്ങൾക്ക് വേണ്ടി.
7. കടബാധ്യതകൾ തീർക്കാൻ.
ഓരോരുത്തരും വ്യക്തിനിഷ്ഠമായി സകാത്ത് നൽകുമ്പോൾ ഉണ്ടാവുന്നതിനെക്കാൾ എത്രയോ മടങ്ങ് ഫലപ്രദമാണ് ഈ സംവിധാനം.

വക്കീലിനെ ഏൽപിക്കാമോ‍?

സകാത്ത് നൽകാനായി ഇങ്ങനെ വക്കീലിനെ (ഏജൻറ്) ചുമതലപ്പെടുത്താമോ എന്ന ചോദ്യമുണ്ട്. 
ഇമാം നവവി പറഞ്ഞു: ''ഒരാൾക്ക് തന്റെ സകാത്ത് സ്വന്തം നിലക്ക് വിതരണം ചെയ്യാവുന്നതു പോലെ തന്നെ മറ്റൊരാളെ ചുമതലപ്പെടുത്താവുന്നതുമാണ്. സകാത്ത് നൽകുന്ന വിഷയത്തിൽ ഭരണാധികാരിയെയോ, അദ്ദേഹം നിശ്ചയിച്ച ഉദ്യോഗസ്ഥരെയോ ഏൽപ്പിക്കുകയാണെങ്കിൽ അങ്ങനെയും ചെയ്യാം. ഇനി അവകാശികളിൽ എല്ലാവർക്കും വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതും അനുവദനീയമാണ് എന്നതിലും തർക്കമില്ല. സകാത്ത് ഒരു ഇബാദത്ത് ആയിരിക്കെ അതിൽ വക്കാലത്ത് അനുവദനീയമായത് അത് കടം വീട്ടുന്നതിനോട് സാമ്യമുള്ളതുകൊണ്ടാണ്. മുതൽ കൈയിലില്ലാത്തതിനാൽ  വക്കാലത്ത് ഏൽപ്പിക്കേണ്ട  ആവശ്യം വന്നേക്കാം. നമ്മുടെ മദ്ഹബിന്റെ ആചാര്യന്മാർ പറഞ്ഞു: ''ഏൽപ്പിക്കുന്ന വ്യക്തി തന്റെ മുതലിൽനിന്ന് തന്നെ വിതരണം ചെയ്യാൻ ഏൽപ്പിച്ചതാണെങ്കിലും അതല്ല, വക്കീലിന്റെ മുതലിൽനിന്ന് നൽകാൻ അയാളെ ഏൽപ്പിക്കുകയാണെങ്കിലും രണ്ടായാലും അനുവദനീയമാണ് എന്ന കാര്യത്തിൽ തർക്കമില്ല'' (ശര്‍ഹുൽ മുഹദ്ദബ് - സകാത്ത്  വിതരണം എന്ന അധ്യായം).

വക്കീൽ നിയ്യത്ത് ചെയ്തില്ലെങ്കിലും സാധുവാകും

സകാത്ത് ശരിയാവണമെങ്കിൽ നിയ്യത്ത് ശർത്വാണെന്നും കമ്മിറ്റി എങ്ങനെയാണ് നിയ്യത്ത് വെക്കുക എന്നുമാണ് മറ്റൊരു ചോദ്യം. യഥാർഥത്തിൽ ശാഫിഈ മദ്ഹബനുസരിച്ചു തന്നെ സകാത്ത് നൽകുന്ന മുതലാളി നിയ്യത്ത് ചെയ്താൽ മതിയാവും. അങ്ങനെ ഒരാൾക്ക് വക്കാലത്ത് ഏൽപ്പിക്കുമ്പോൾ മുതലാളി നിയ്യത്ത് ചെയ്താൽ പിന്നെ ഏൽപ്പിക്കപ്പെട്ട വക്കീൽ നിയ്യത്ത് ചെയ്തില്ലെങ്കിലും യാതൊരു കുഴപ്പവുമില്ല. എങ്കിലും വക്കീൽ കൂടി നിയ്യത്ത് ചെയ്താൽ അതാണുത്തമം.  

ഇമാം നവവി തന്നെ പറയട്ടെ: ''ഏറ്റവും പ്രബലമായ അഭിപ്രായമനുസരിച്ച് ഒരാൾ തന്റെ സകാത്ത്  വക്കീലിനെ ഏൽപ്പിക്കുമ്പോൾ അയാളുടെ നിയ്യത്ത് മതിയാവും. എങ്കിലും സകാത്ത് വിതരണം ചെയ്യുമ്പോൾ വക്കീലും നിയ്യത്ത് ചെയ്യുന്നതാണുത്തമം'' (മിൻഹാജ്).

സകാത്ത് കമ്മിറ്റികൾ ഈ കാര്യം നിർവഹിക്കുമ്പോൾ സോദ്ദേശ്യപൂർവം (നിയ്യത്തോട് കൂടി) തന്നെയാണ് ഇതൊക്കെ ചെയ്യാറുള്ളത്. നിയ്യത്തിന്റെ കാര്യം പറഞ്ഞുള്ള ആരോപണത്തിനും യാതൊരു അടിസ്ഥാനവുമില്ല എന്നർഥം.

ഇനി അങ്ങനെ ചുമതലപ്പെടുത്തുന്നത് മുസ് ലിം അല്ലാത്ത ഒരാളെ തന്നെയായാലും ഒരു പ്രശ്നവുമില്ലെന്ന്  ഇമാം ബഗവി പറഞ്ഞത് ഇമാം നവവി ഉദ്ധരിക്കുന്നുമുണ്ട്.

കമ്മിറ്റി വ്യക്തിയല്ല, ആശയമാണ്?!

കമ്മിറ്റി വ്യക്തിയല്ല ആശയമാണെന്നും, ആശയത്തെ വക്കാലത്താക്കാൻ പറ്റില്ലെന്നും, ശാഫിഈ മദ്ഹബ് പ്രകാരം വ്യക്തി തന്നെ ആയിരിക്കൽ നിർബന്ധമാണെന്നും, അങ്ങനെയല്ലാത്തതിനാൽ കമ്മിറ്റികൾക്ക് സകാത്ത് കൊടുത്താൽ വീടുകയില്ലെന്നുമാണ്  മറ്റൊരു വാദം.

ഈ വാദം പക്ഷേ, സകാത്ത് കമ്മിറ്റികൾക്കു മാത്രമേ ഇവർ ബാധകമാക്കുകയുള്ളൂ എന്നതാണ് കൗതുകകരം. കച്ചവടം, വാടക, കടം, പണയം എന്ന് തുടങ്ങി എല്ലാതരം സാമ്പത്തിക ഇടപാടുകളും (الْعُقُودُ) നടത്തുമ്പോൾ ഇരു കക്ഷികളും (الْعَاقِدَانِ) പ്രായ പൂർത്തിയും ബുദ്ധിയും വിവേകവുമൊക്കെയുള്ള വ്യക്തികൾ ആയിരിക്കണമെന്ന് ഫിഖ്ഹീ ഗ്രന്ഥങ്ങളിൽ കാണാം. എന്നാൽ, ഈ നിബന്ധന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഇവർ ബാധകമാക്കാറുണ്ടോ? കമ്പനിയും കമ്പനിയും തമ്മിൽ ഇടപാടുകൾ നടത്താറില്ലേ? അതൊക്കെ ബാത്വിലാണ് എന്നാണോ വാദം? 

ബിസിനസ്സ് ഇടപാടുകൾ നടത്തുമ്പോൾ ക്രേതാവും വിക്രേതാവും (الْبَائِعُ / الْمُشْتَرِي) കമ്പനികളായിരിക്കും. അല്ലെങ്കിൽ ട്രസ്റ്റും കമ്പനിയുമായിരിക്കും. അതുകൊണ്ട് ആ ഇടപാട് ബാത്വിലാണോ?

ഇനി കരാറിൽ ഒപ്പുവെക്കുന്നത് വ്യക്തികളാണല്ലോ എന്നാണ് ഉത്തരമെങ്കിൽ സകാത്ത് കമ്മിറ്റികളിലും മജ്ജയും മാംസവുമുള്ള വ്യക്തികളാണ്, അല്ലാതെ റോബോട്ടുകളല്ല എന്നാണ്  പറയാനുള്ളത്. 
അപ്പോൾ ഈ ഇരട്ടത്താപ്പിന്റെ അർഥമെന്താണ്? ശാഫിഈ മദ്ഹബ് മുറുകെ പിടിക്കാനുള്ള വ്യഗ്രതയൊന്നുമല്ല ഇതിന് പിന്നിലെന്ന് വ്യക്തം. വ്യവസ്ഥാപിതമായ സകാത്ത് സംവിധാനത്തിലൂടെ ഒരുപാട് പാവങ്ങൾക്ക് ഐശ്വര്യമുണ്ടാവുന്ന സംവിധാനത്തോടുള്ള കലിപ്പ്! മറ്റൊന്നും ഈ പ്രചാരണ കോലാഹലങ്ങൾക്ക് പിന്നിലില്ല.

വക്കീലിനെ നിജപ്പെടുത്തല്‍

വക്കീലിനെ നിജപ്പെടുത്തണം, എന്നാലേ വക്കാലത്ത് ശരിയാവൂ എന്നും, കമ്മിറ്റി വ്യക്തിയല്ലാത്തതിനാല്‍ നിജപ്പെടുത്തല്‍ സാധ്യമല്ലെന്നും അതിനാല്‍ വക്കാലത്ത് സാധുവാകില്ലെന്നുമാണ് മറ്റൊരു വാദം. 

ഇവിടെ നിജപ്പെടുത്തണമെന്ന് പറഞ്ഞതില്‍ മജ്ജയും മാംസവുമുള്ള മനുഷ്യന്‍ തന്നെയാവണമെന്നുണ്ടോ? 

ശൈഖുല്‍ ഇസ് ലാം സകരിയ്യല്‍ അന്‍സ്വാരി പറയുന്നു: ''വക്കീല്‍ ആരെന്ന് നിജപ്പെടുത്തണം എന്നത് നിരുപാധിക ഉപാധിയാണ്.  ആയതിനാല്‍, എന്റെ വീട് വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഏതൊരാള്‍ക്കും അത് വില്‍ക്കാനുള്ള അനുമതി ഞാന്‍ നല്‍കിയിരിക്കുന്നു എന്നോ, അല്ലെങ്കില്‍ രണ്ടു പേരോട് ഞാന്‍ നിങ്ങളില്‍ ഒരാളെ എന്റെ വീട് വില്‍ക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നു എന്നോ പറഞ്ഞാല്‍  അത് സാധുവാകുകയില്ല'' (അസ്‌നല്‍ മത്വാലിബ്  2 /265).

ഇതിലെവിടെയാണ് വ്യക്തിയാവണം എന്നുള്ളത്? വക്കീല്‍ വ്യക്തിയാവണം എന്ന ഇവരുടെ ശാഠ്യം പക്ഷേ, എല്ലാ ഇടപാടുകളിലും കാണാറുമില്ല. കച്ചവടത്തില്‍ ക്രേതാവും വിക്രേതാവും എങ്ങനെയുള്ളവര്‍ ആയിരിക്കണമെന്ന് പറയുന്നത് കമ്പനിക്ക് ബാധകമാണോ എന്നു ചോദിച്ചാല്‍ ഇവര്‍ക്ക് ഉത്തരം മുട്ടും. കാരണം കച്ചവടം, വാടക, പണയം എന്നു തുടങ്ങിയ ഇടപാടുകളില്‍ ഏര്‍പ്പെടുന്നവർ ബുദ്ധിയും വിവേകവുമുള്ള വ്യക്തികളായിരിക്കണമെന്ന ഉപാധി (شرط) പ്രത്യേകം പറഞ്ഞതു കാണാം.

ഇമാം നവവി പറഞ്ഞു: ''ഇടപാടുകാരന്‍ കാര്യബോധമുള്ളവനായിരിക്കുക എന്നത് ഉപാധിയാണ്'' (മിന്‍ഹാജ്). ഖത്വീബുശ്ശിര്‍ബീനി പറയുന്നു: ''ക്രേതാവായാലും വിക്രേതാവായാലും ഇടപാടുകാരന്‍  കാര്യബോധമുള്ളവനായിരിക്കുക എന്നത് ഉപാധിയാണ്. എന്നു വെച്ചാല്‍ പ്രായപൂര്‍ത്തി, ദീനീ നിഷ്ഠയിലും സമ്പത്ത് കൈകാര്യം ചെയ്യുന്നതിലും യോഗ്യത എന്നീ ഗുണങ്ങളുണ്ടായിരിക്കണം എന്നര്‍ഥം''  (മുഗ്‌നില്‍ മുഹ്താജ്: കച്ചവടത്തിന്റെ അധ്യായം).

وَقَالَ الإِمَامُ النَّوَوِيُّ: وَشَرْطُ الْعَاقِدِ الرُّشْدُ.- مِنْهَاج الطَّالِبِين. قَالَ الْعَلَّامَةُ مُحَمَّدٌ الشِّرْبِينِيُّ الْخَطِيبُ: وَشَرْطُ الْعَاقِدِ بَائِعًا أَوْ مُشْتَرِيًا الرُّشْدُ وَهُوَ أَنْ يَتَّصِفَ بِالْبُلُوغِ وَالصَّلَاحِ لِدِينِهِ وَمَالِهِ.-مُغْنِي الْمُحْتَاجِ: كِتَابُ البَيعِ

എന്നാല്‍, ഇന്ന് മുസ് ലിംകള്‍ പല കമ്പനികളും നടത്തുന്നുണ്ട്. ആ കമ്പനികള്‍ ഒക്കെയും പലവിധ ഇടപാടുകളിലും ഏര്‍പ്പെടുന്നുമുണ്ട്. അപ്പോഴൊക്കെ കമ്പനിയാണ് ഇടപാടുകാരനായിട്ടുണ്ടാവുക. അത് ശാഫിഈ മദ്ഹബനുസരിച്ച് ശരിയാകുമോ? കമ്പനി  ഇടപാടുകാരനാവാന്‍ പറ്റുമോ?  പറ്റില്ലെങ്കില്‍ കമ്പനികള്‍ (العَاقِد) ആയി നടത്തുന്ന ഇടപാടുകള്‍ ബാത്വിലാണോ? ഹജ്ജ് - ഉംറ വരെ നടത്തുന്ന ട്രാവല്‍ ഏജന്‍സികള്‍ നടത്തുന്ന ഇടപാടുകള്‍ ബാത്വിലാണോ? അതോ, ഇപ്പറഞ്ഞ ശാഫിഈ മദ്ഹബ് പ്രേമം സകാത്ത്  കമ്മിറ്റിയുടെ വിഷയത്തില്‍ മാത്രമാണോ ബാധകം?

സകാത്ത് കമ്മിറ്റിയിലുള്ളവർ ജിന്നുകളോ മലക്കുകളോ ഒന്നുമല്ല; വിശ്വസ്തരും സത്യസന്ധരുമായ മനുഷ്യരാണ്. ആ വ്യക്തികളെയാണ് ഈ സകാത്ത്  ഏല്‍പ്പിക്കുന്നത്. അങ്ങനെ ഏല്‍പ്പിക്കുമ്പോള്‍ അതിലുള്ള ഏത് വ്യക്തിയെയാണോ ഏല്‍പ്പിക്കുന്നത് ആ വ്യക്തിയെ നിജപ്പെടുത്തിയാല്‍ മതി, അദ്ദേഹത്തോടൊപ്പം ഏത് മുസ് ലിം കൂടെ കൂടിയാലും വക്കാലത്തിനെ അതു ബാധിക്കുകയില്ല. അക്കാര്യം ശാഫിഈ മദ്ഹബിന്റെ ആധികാരിക ഗ്രന്ഥങ്ങളില്‍ തന്നെ കാണാം.

ഖത്വീബ്, ബുജൈരിമി, ജമല്‍ തുടങ്ങിയവരും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.  (وعلَيْهِمَاالعَمَلُ - അതാണ് പ്രാബല്യത്തിലുള്ളത്) എന്നു കൂടി രേഖപ്പെടുത്തിയിട്ടുണ്ട്.

അല്ലാമാ മുഹമ്മദുശ്ശിര്‍ബീനില്‍ ഖത്വീബ് പറയുന്നു: ''ഒരാള്‍ ഒരാളോട്, 'ഞാന്‍ നിന്നെ ഇന്ന ഇടപാടില്‍ വക്കീലാക്കിയിരിക്കുന്നു; എല്ലാ മുസ് ലിംകളെയും' എന്നു പറഞ്ഞാല്‍, നമ്മുടെ ശൈഖ് ചര്‍ച്ച ചെയ്തതുപോലെ, സാധുവാകും. അതാണ് പ്രാബല്യത്തിലുള്ളത്.''

قَالَ الْعَلَّامَةُ مُحَمَّدٌ الشِّرْبِينِيُّ الْخَطِيبُ: لَوْ قَالَ: وَكَّلْتُك فِي بَيْعِ كَذَا مَثَلًا وَكُلَّ مُسْلِمٍ صَحَّ كَمَا بَحَثَهُ شَيْخُنَا. قَالَ: وَعَلَيْهِ الْعَمَلُ- مُغْنِي الْمُحْتَاجِ: كِتَابُ الْوَكَالَةِ
ശൈഖ് ഉസ്മാനുബ്‌നുല്‍ അല്ലാമ സുലൈമാനിസ്സുവൈഫീ പറയുന്നു: ''ഒരാള്‍ ഒരാളോട് 'ഇന്ന ഇടപാടില്‍ നിന്നെ ഞാന്‍ വക്കീലാക്കിയിരിക്കുന്നു; എല്ലാ മുസ് ലിംകളെയും' എന്നു പറഞ്ഞാല്‍ അത് സാധുവാകും. പില്‍ക്കാല പണ്ഡിതന്മാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. അതാണ് പ്രാബല്യത്തിലുള്ളതും.''

ഇവരെല്ലാം ഇക്കാര്യം പറഞ്ഞ ശേഷം, അതാണ് പ്രാബല്യത്തിലുള്ളതെന്നും പ്രത്യേകം സൂചിപ്പിക്കുന്നുമുണ്ട്.

'ദ ലീഗൽ പേഴ്സണാലിറ്റി'

ഇവിടെയാണ് പൗരാണിക ഫുഖഹാക്കൾ നേർക്കു നേരെ കൈകാര്യം ചെയ്തിട്ടില്ലാത്തതും, എന്നാൽ ആധുനിക ഫുഖഹാക്കൾ അംഗീകരിച്ചതുമായ ഒരു സാങ്കേതിക സംജ്ഞയുടെ പ്രസക്തി. അതാണ്,  الشَّخْصِيَّةُ الِاعْتِبَارِيَّةُ അഥവാ, The legal personality. നിയമാനുസൃത വ്യക്തിത്വം എന്ന് പരിഭാഷപ്പെടുത്താം. കമ്പനികൾ, ട്രസ്റ്റുകൾ, കമ്മിറ്റികൾ, ഏജൻസികൾ, സംഘടനകൾ തുടങ്ങിയവയെയൊക്കെ ആധുനിക ഫുഖഹാക്കൾ ഇതിലാണ് പെടുത്തിയിട്ടുള്ളത്. ആധുനിക കാലത്തെ പ്രമുഖ ഫഖീഹും, 11 വാള്യങ്ങളുള്ള ഫിഖ്ഹ് വിജ്ഞാന കോശത്തിെന്റ കർത്താവുമായ ഡോ. അല്ലാമാ വഹബതുസ്സുഹൈലി, പള്ളികളും സഹകരണ സംഘങ്ങളും കമ്പനികളുമൊക്കെ 'നിയമ പ്രാബല്യമുള്ള വ്യക്തിത്വ'ത്തിന്റെ ഉദാഹരണങ്ങളാണെന്ന് പറഞ്ഞിട്ടുണ്ട്. ഇതിന് പ്രമാണങ്ങളിൽനിന്നും മുൻകാല പണ്ഡിതന്മാരുടെ ആധികാരിക പഠനങ്ങളിൽനിന്നും ധാരാളം തെളിവുകൾ ഉദ്ധരിക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു (അൽ ഫിഖ്ഹുൽ ഇസ് ലാമി വ അദില്ലത്തുഹു: അർകാനുൽ ഹഖ് 4/368).

'ആധുനിക സാമ്പത്തിക ഇടപാടുകൾക്കൊരു പ്രവേശിക' (അൽ മദ്ഖലു ഇലാ ഫിഖ്ഹിൽ മുആമലാത്തിൽ മാലിയ്യ) എന്ന ഗ്രന്ഥത്തിൽ ഡോ. മുഹമ്മദ് ഉസ്മാൻ ശുബൈർ നിയമാനുസൃത വ്യക്തിത്വ(Legal Personality)ത്തെ താഴെ പറയും പ്രകാരമാണ് നിർവചിച്ചിട്ടുള്ളത്: "നടത്തിപ്പുകാർക്ക് പകരം, ഒരു നിശ്ചിത ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനത്തെ തന്നെ സ്വതന്ത്രമായ വ്യക്തിയായി പരിഗണിക്കുന്നതിനെയാണ് ലീഗൽ പേഴ്സൺ എന്നു പറയുന്നത്. ഈ കൽപിത നിയമദത്ത വ്യക്തിക്ക് (സ്ഥാപനത്തിന്), സ്ഥാപകരോ നടത്തിപ്പുകാരോ ആയവരിൽനിന്ന് വേറിട്ട സ്വതന്ത്രവും സവിശേഷവുമായ സാമ്പത്തികാധികാരങ്ങളും ഉത്തരവാദിത്വങ്ങളുമുണ്ടാകും. ഒരു സാധാരണ വ്യക്തിക്കെന്ന പോലെ, ഈ കൽപിത (deemed) വ്യക്തി മുഖേന വസ്തുവഹകൾ സ്വായത്തമാക്കാനും ഇടപാടുകളിൽ ഏർപ്പെടാനും കഴിയും. കടം നൽകാനും കടം വാങ്ങാനും, അവകാശങ്ങൾ കൈയേൽക്കാനും ബാധ്യതകൾ ഏറ്റെടുക്കാനുമാകും.''

ലോക ഇസ് ലാമിക സമൂഹം വളരെ വ്യവസ്ഥാപിതമായി നടത്തുന്ന ഒരു കാര്യം; ലോകത്തറിയപ്പെട്ട പണ്ഡിതന്മാരും പണ്ഡിതവേദികളും ഫത് വാ സമിതികളും ഫിഖ്ഹീ സഭകളുമെല്ലാം അനുവദനീയമാണെന്ന് അംഗീകരിച്ച ഒരു കാര്യം - അത്  ഇസ് ലാമികമല്ല എന്നു പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല; പ്രമാണങ്ങളുടെയോ മദ്ഹബുകളുടെയോ പിൻബലവുമില്ല. l
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 10-13
ടി.കെ ഉബൈദ്

ഹദീസ്‌

മഹത്തായ പ്രതിഫലം
അലവി ചെറുവാടി