ജിബ്്രീലിന്റെ അഞ്ച് ഉപദേശങ്ങൾ
عَنْ سَهْلِ بْنِ سَعْدٍ رَضِيَ اللهُ عَنْهُ قَالَ : جَاءَ جِبْرِيلُ عَلَيْهِ السَّلَامُ إلَى رَسُولِ اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ فَقَالَ : يَا مُحَمَّدُ ! عِشْ مَا شِئْتَ فَإنَّكَ مَيِّتٌ ، وَأَحْبِبْ مَنْ شِئْتَ فَإنَّكَ مُفَارِقُهُ، واعْمَلْ مَا شِئْتَ فإنَّكَ مَجْزِِيٌّ بِهِ ، ثُمَّ قَالَ : يَا مُحَمَّدُ ! شَرَفُ المُؤمِنِ قِيَامُهُ بِاللَّيلِ ، وَعِزُّهُ اِسْتِغْنَاؤُهُ عَنِ النَّاسِ (الطبراني).
സഹ്്ലുബ്്നു സഅ്ദ് (റ) നിവേദനം ചെയ്യുന്നു. ജിബ്്രീൽ (അ) അല്ലാഹുവിന്റെ റസൂലി(സ)ന്റെ അടുക്കൽ വന്ന് പറഞ്ഞു: "ഓ, മുഹമ്മദ് , എത്രതന്നെ ജീവിച്ചാലും താങ്കൾ മരിക്കേണ്ടവനാണ്. ആരെയെല്ലാം സ്നേഹിച്ചാലും താങ്കൾ അവരെ ഉപേക്ഷിക്കേണ്ടവനാണ്. എന്തെല്ലാം പ്രവർത്തിച്ചാലും താങ്കൾക്കതിന് പ്രതിഫലം നൽകപ്പെടും." ജിബ്്രീൽ വീണ്ടും പറഞ്ഞു: "ഓ, മുഹമ്മദ് ..., ഒരു സത്യവിശ്വാസിയുടെ പവിത്രത രാത്രി നമസ്കാരത്തിലാണ്. അവന്റെ പ്രതാപം ജനങ്ങളിൽനിന്നും വിരക്തനാവുന്നതിലുമാണ്" (ത്വബ്റാനി).
ജിബ്്രീൽ (അ) വളരെ പ്രാധാന്യമർഹിക്കുന്ന അഞ്ച് ഉപദേശങ്ങളാണ് തിരുദൂതർ(സ)ക്ക് നൽകുന്നത്.
എത്രയധികം കാലം ജീവിച്ചാലും മരണത്തിൽനിന്ന് രക്ഷപ്പെടാൻ സാധ്യമല്ല എന്നാണ് ആദ്യമായി ഉണർത്തുന്നത്. അല്ലാഹു അരുളി:
إِنَّكَ مَيِّتٌۭ وَإِنَّهُم مَّيِّتُونَ (സംശയമില്ല; ഒരുനാള്‍ നീ മരിക്കും. അവരും മരിക്കും- 39: 30).
അബുൽ അതാഹിയ പാടി:
المَوتُ بابٌ وَكُلُّ الناسِ داخِلُهُ
فَلَيتَ شِعرِيَ بَعدَ البابِ ما الدارُ
الدارُ جَنَّةُ خُلدٍ إِن عَمِلتَ بِما
يُرضي الإِلَهَ وَإِن قَصَّرتَ فَالنارُ
(എല്ലാവരും കടക്കേണ്ട കവാടമാണ് മരണം.
മരണത്തിനപ്പുറത്തെ വീട് എന്താണെന്ന് ഞാനറിഞ്ഞിരുന്നെങ്കിൽ.
അല്ലാഹുവിന് പ്രീതിയുള്ളത് പ്രവർത്തിച്ചാൽ നിനക്കുള്ള വീട് ശാശ്വത സ്വർഗമാണ്. വീഴ്ചവരുത്തിയാൽ നരകവും).
ഭൗതിക ലോക വിഭവങ്ങളായ ഭാര്യാസന്താനങ്ങളെയും സമ്പത്തിനെയും അധികാരങ്ങളെയും അൽപകാലം കഴിഞ്ഞാൽ കൈയൊഴിയേണ്ടി വരുമെന്ന മുന്നറിയിപ്പാണ് രണ്ടാമത്തേത്.
റസൂൽ (സ) പറഞ്ഞു: "മുന്നെണ്ണം മയ്യിത്തിനെ അനുഗമിക്കും. കുടുംബം, സ്വത്ത്, കർമം. രണ്ടെണ്ണം മടങ്ങും. ഒന്ന് മാത്രം കൂടെയുണ്ടാവും. കുംടുംബവും സ്വത്തും മടങ്ങും. കർമം മാത്രമേ കൂടെയുണ്ടാവൂ" ( ബുഖാരി, മുസ്്ലിം).
പ്രവർത്തിക്കുക, താങ്കൾക്ക് അതിന് പ്രതിഫലം നൽകപ്പെടുമെന്നതാണ് മൂന്നാമത്തെ ഉപദേശം. അതായത്, കിട്ടിയ അവസരങ്ങൾ പ്രതിഫലാർഹമായ കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുക. അല്ലാഹു പറഞ്ഞു:
"കാര്യം നടക്കുന്നത് നിങ്ങളുടെ വ്യാമോഹങ്ങള്‍ക്കനുസരിച്ചല്ല. വേദക്കാരുടെ വ്യാമോഹങ്ങള്‍ക്കൊത്തുമല്ല. തിന്മ ചെയ്യുന്നത് ആരായാലും അതിന്റെ ഫലം അവന് ലഭിക്കും. അല്ലാഹുവെക്കൂടാതെ ഒരു രക്ഷകനെയും സഹായിയെയും അവന് കണ്ടെത്താനാവില്ല" (4: 123).
കർമങ്ങൾ കൃത്യമായി തൂക്കിനോക്കിയാണ് പരലോകത്തെ പ്രതിഫലം നിശ്ചയിക്കുക:
"നിങ്ങള്‍ അല്ലാഹുവിന്റെ സന്നിധിയിലേക്ക് തിരിച്ചുചെല്ലുന്ന നാളിനെ സൂക്ഷിക്കുക. പിന്നീട് ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം പൂര്‍ണമായി നല്‍കുന്നതാണ്. അവര്‍ അനീതിക്കിരയാവുകയുമില്ല" (2: 281).
സത്യവിശ്വാസിയുടെ പവിത്രത രാത്രി നമസ്കരിക്കുന്നതിലാണെന്നാണ് നാലാമതായി ജിബ്്രീൽ (അ) പ്രവാചകനെ ബോധ്യപ്പെടുത്തുന്നത്. രാത്രിനമസ്കാരത്തിന്റെ മഹത്വമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. രാത്രിനമസ്കാരം ഒരാളുടെ ഇരു ലോകത്തേയും പദവികൾ ഉയർത്തുന്നു.
വിശ്വാസികളെ കുറിച്ച് അല്ലാഹു പറഞ്ഞു:
"പേടിയോടും പ്രത്യാശയോടും കൂടി തങ്ങളുടെ നാഥനോട് പ്രാര്‍ഥിക്കാനായി കിടപ്പിടങ്ങളില്‍ നിന്ന് അവരുടെ പാര്‍ശ്വങ്ങള്‍ ഉയര്‍ന്നകന്നുപോകും. നാം അവര്‍ക്കു നല്‍കിയതില്‍ നിന്നവര്‍ ചെലവഴിക്കുകയും ചെയ്യും"(32:16).
നമസ്കാരത്തോടൊപ്പം അവർ പാപങ്ങൾ പൊറുക്കാനായി കേഴുന്നു: "രാത്രിയില്‍ അല്‍പനേരമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാവിന്റെ അന്ത്യവേളകളില്‍ പാപമോചനം തേടുന്നവരുമായിരുന്നു" (51: 17,18).
നബി (സ) പറഞ്ഞു: "നിങ്ങൾ രാത്രി നമസ്കരിക്കുക. നിങ്ങളുടെ മുമ്പുള്ള സജ്ജനങ്ങളുടെ ആചാരമാണത്. നിങ്ങളുടെ രക്ഷിതാവിന്റെ സാമീപ്യം നേടാനുള്ള സരണിയുമാണത്. അത് തിന്മകളെ കഴുകുന്നു. തെറ്റുകളെ തടയുന്നു" (തിർമിദി).
ജനങ്ങളിൽനിന്ന് നിങ്ങൾ വിരക്തരാവുന്നതിലാണ് നിങ്ങളുടെ അന്തസ്സും പ്രതാപവുമിരിക്കുന്നത് എന്നാണ് അവസാനത്തെ വസ്വിയ്യത്. പ്രതാപം തേടേണ്ടത് അത് നൽകുന്നവനാരാണോ അവനോടാണ്. മറ്റുള്ളവരിൽനിന്ന് അത് പ്രതീക്ഷിക്കുന്നവർ നിരാശരും അവഹേളിതരുമാവും. അല്ലാഹു പറയുന്നു: " പ്രതാപമൊക്കെയും അല്ലാഹുവിനും അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാണ്"(63: 8).
"ആരെങ്കിലും അന്തസ്സ് ആഗ്രഹിക്കുന്നുവെങ്കില്‍ അറിയുക: അന്തസ്സൊക്കെയും അല്ലാഹുവിന്റെ അധീനത്തിലാണ്" (35: 10).
അല്ലാഹു അല്ലാത്തവരിൽനിന്ന് അന്തസ്സ് പ്രതീക്ഷിക്കുന്നത് വ്യാമോഹം മാത്രമാണ്. "സത്യവിശ്വാസികളെ വെടിഞ്ഞ് സത്യനിഷേധികളെ കൈകാര്യകര്‍ത്താക്കളായി സ്വീകരിക്കുന്നവരാണവര്‍. സത്യനിഷേധികളുടെ അടുത്തു ചെന്ന് അന്തസ്സ് നേടിയെടുക്കാമെന്ന് അവര്‍ കരുതുന്നുവോ? എന്നാല്‍ അറിയുക: അന്തസ്സൊക്കെയും അല്ലാഹുവിന്റെ അധീനത്തിലാണ്" (4: 139).
Comments