എന്തുകൊണ്ട് പ്രത്യയശാസ്ത്രപരമായി ദുര്‍ബലപ്പെടുന്നു?
ആദര്‍ശപരവും പ്രത്യയശാസ്ത്രപരവുമായ ശക്തിക്ക് മൂന്ന് ഘടകങ്ങളുണ്ട്. ഒന്നാമത്തേത്, പ്രത്യയശാസ്ത്രത്തിന്റെ ആന്തരിക ശക്തി തന്നെ. അതായത്, തെളിവുകളുടെ പിന്‍ബലത്തില്‍ വാദിക്കാനും സംവദിക്കാനുമുള്ള അതിന്റെ ശേഷി. അങ്ങനെ ജമനസ്സുകളെയും അവരുടെ ചിന്തകളെയും ആകര്‍ഷിക്കാന്‍ അതിന് സാധ്യമാവുന്നു. രണ്ടാമത്തെ ഘടകം, ഈ ആശയത്തിന്റെ സ്വീകാര്യത കാലത്തെയും സ്ഥലത്തെയും (Time and Space) കൂടി ആശ്രയിച്ചു നില്‍ക്കുന്നു എന്നതാണ്. ഏതൊരു ആശയവും കാര്യക്ഷമമായി പ്രബോധനം ചെയ്യാനും പ്രചരിപ്പിക്കാനും കെല്‍പുറ്റ ഒരു ഗ്രൂപ്പ് ഉയര്‍ന്നുവരിക എന്നതാണ് മൂന്നാമത്തെ ഘടകം. ഈ മൂന്ന് ഘടകങ്ങളും ഒത്തുവന്നാല്‍, ആ ആശയത്തിന്റെ വക്താക്കള്‍ക്കത് സാമൂഹിക ശക്തിയും സ്വാധീനവും പ്രദാനം ചെയ്യും.
ഇസ് ലാം പ്രകൃതി മതമാണ്. അതിനാല്‍, ഏത് കാലത്തെയും ഏത് മനുഷ്യനെയും ആകര്‍ഷിക്കാനുള്ള കഴിവ് പ്രകൃത്യാ തന്നെ അതിനുണ്ട്. ഈയൊരു ബോധ്യം മുസ് ലിംകളുടെ അടിയുറച്ച വിശ്വാസം തന്നെയാണ്. ചരിത്രത്തില്‍നിന്നുള്ള തെളിവുകളും അതിനെ സാക്ഷ്യപ്പെടുത്തുന്നു. ഒരു കാര്യം ശ്രദ്ധിക്കുക: നാം പറഞ്ഞ മൂന്ന് ഘടകങ്ങളില്‍ ആദ്യത്തേത്, അതായത് അതിന്റെ പ്രത്യയശാസ്ത്രപരമായ ആന്തരിക ശക്തി എന്നും അത് നിലനിര്‍ത്തിയിട്ടുണ്ട്; ഉറപ്പായും ഇന്നും അത് നിലനിര്‍ത്തുന്നു. ഇങ്ങനെ മനുഷ്യ ധിഷണയെ ആകര്‍ഷിക്കാനുള്ള കഴിവ് ഇസ് ലാമില്‍ നിലീനമാണെങ്കിലും, ചില സന്ദര്‍ഭങ്ങള്‍ ഇസ് ലാമിക ദര്‍ശനവും ചിന്തയും വളരെ വേഗം പ്രചരിക്കാന്‍ നിമിത്തമാകും. ഇതിനും ഇസ് ലാമിക ചരിത്രത്തില്‍ തെളിവുകളുണ്ട്. ഇന്നത്തെ ലോക സാഹചര്യവും അത്തരമൊരു അവസരമാണ് നമുക്ക് ഒരുക്കിത്തന്നിരിക്കുന്നത്.
മുഴുവന്‍ ലോകവും ഇന്ന് മുമ്പെങ്ങുമില്ലാത്ത വിധം അരാജകത്വത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും പിടിയിലാണെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. ആത്മീയ ശൂന്യത, മാനസിക അശാന്തി, കുടുംബത്തിന്റെ തകര്‍ച്ച, സാമ്പത്തിക അസ്ഥിരത, അസാധാരണമായ സാമ്പത്തിക അസമത്വം, വംശീയവാദികളായ പോപുലിസ്റ്റ് ഭരണാധികാരികളുടെ കടന്നുവരവ്, പരിസ്ഥിതി പ്രതിസന്ധി, ഭീകരത തുടങ്ങി എണ്ണമറ്റ പ്രശ്‌നങ്ങളാല്‍ കലുഷിതമായിരിക്കുന്നു മനുഷ്യ ജീവിതം. നിലനില്‍ക്കുന്ന ആശയങ്ങളിലോ ഐഡിയോളജികളിലോ ഈ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്കൊന്നും യാതൊരു പരിഹാരവും ജനത്തിന് കാണാനാവുന്നുമില്ല. പ്രത്യയശാസ്ത്രപരമായി ഇത്ര കാലുഷ്യമേറിയ ആശയക്കുഴപ്പം സമീപ കാലത്തൊന്നും മനുഷ്യരാശി അഭിമുഖീകരിച്ചിട്ടില്ല.1 ഈയൊരവസ്ഥ പ്രത്യയശാസ്ത്ര പ്രസ്ഥാനങ്ങള്‍ക്ക് ഏറ്റവും അനുകൂല സാഹചര്യമൊരുക്കുകയാണ് ചെയ്യുന്നത്. പുതിയൊരു ആശയത്തിന് ഈ സാഹചര്യത്തില്‍ പെട്ടെന്ന് ജനസ്വീകാര്യത ലഭിക്കും. മൈക്കിള്‍ മാന്‍ എഴുതുന്നു: ''പ്രത്യയശാസ്ത്രങ്ങള്‍ക്ക് പ്രാമുഖ്യവും പ്രാധാന്യവും ലഭിക്കുന്നത്, നിലവില്‍ വാഴുന്ന പ്രത്യയശാസ്ത്രങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുകയും, ബദലായി സമര്‍പ്പിക്കപ്പെട്ട പ്രത്യയശാസ്ത്രങ്ങള്‍ക്ക് പുതുതായി ഒന്നും സമര്‍പ്പിക്കാനില്ലാതെ വരികയും ചെയ്യുന്ന പ്രതിസന്ധി നിറഞ്ഞ സന്ദര്‍ഭങ്ങളിലാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പുതിയ ഐഡിയോളജികള്‍ (നിലവിലുള്ളവയില്‍നിന്ന് വ്യത്യസ്തമായവ) വലിയ ശക്തി നേടും; അവക്ക് സങ്കീര്‍ണ പ്രശ്‌നങ്ങളില്‍ ന്യായയുക്തമായ പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായാല്‍. അത്തരം ഘട്ടങ്ങളില്‍ തന്നെയാണ് പുതിയ പ്രത്യയശാസ്ത്രങ്ങളും ശക്തികളും ഉയര്‍ന്നുവരിക. സമൂഹത്തില്‍ അടിമുടി മാറ്റത്തിനായിരിക്കും ആ പുതിയ ശക്തികള്‍ ശ്രമിക്കുക.''2
നമ്മുടെ നാട്ടില്‍ വിഭാഗീയ ശക്തികള്‍, രാജ്യം നിലനിന്നു പോരുന്ന സ്ഥാപനങ്ങളുടെയും, ജനം വിശ്വാസമര്‍പ്പിക്കുന്ന ആശയങ്ങളുടെയും അടിത്തറ ഇളക്കിക്കഴിഞ്ഞിരിക്കുകയാണ്. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, വളരെ ഗുരുതരമായ പ്രത്യയശാസ്ത്ര പ്രതിസന്ധിക്കും അവര്‍ വഴിമരുന്നിട്ടിരിക്കുകയാണ്. തങ്ങളുടെ ബദല്‍ ചിന്താ മാര്‍ഗങ്ങള്‍ അവതരിപ്പിക്കാന്‍ അരികുവത്കരിക്കപ്പെട്ട സംഘങ്ങള്‍ക്ക് ഇത് അസാധാരണമായ അവസരങ്ങള്‍ തുറന്നിരിക്കുന്നു എന്നാണ് നമ്മുടെ അഭിപ്രായം.3
പ്രതിസന്ധി ഘട്ടങ്ങളിലാണ് ഇസ് ലാമിന്റെ പ്രചാരവും വ്യാപനവും ഏറ്റവും വേഗത്തിലായത് എന്ന് നമുക്കറിയാം. ജനം അരാജകത്വത്തിലും ആശയക്കുഴപ്പത്തിലും അകപ്പെട്ട് സത്യപാത കാണാതെ അലയുന്ന ഘട്ടത്തിലാണല്ലോ പ്രവാചകന്മാരെ അല്ലാഹു അയക്കുന്നത്. മുസ് ലിം സമൂഹം അങ്ങേയറ്റം ദുര്‍ബലമായ സമയങ്ങളിലും ഇടങ്ങളിലുമാണ് അവര്‍ ഏറ്റവും മികച്ച ആത്മീയ വിജയങ്ങള്‍ കൊയ്തതെന്ന് പ്രഫ. ആര്‍നോള്‍ഡ് ടോയന്‍ബി(1864-1930)യും എഴുതിയിട്ടുണ്ട്.4 ഇസ് ലാമിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്ന ദേശീയവും അന്തര്‍ദേശീയവുമായ പലതരം സാഹചര്യങ്ങളും സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അത് വിശദീകരിക്കാന്‍ ഇവിടെ സന്ദര്‍ഭമില്ല. പല ലേഖനങ്ങളിലും നാം അക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.5 മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, പ്രത്യയശാസ്ത്ര കരുത്തിന്റെ രണ്ടാമത്തെ ഘടകമായി നാം പറഞ്ഞ സമയവും സ്ഥലവും ഇപ്പോള്‍ ഒത്തുവന്നിരിക്കുന്നു എന്നര്‍ഥം. എന്നിട്ടും പ്രത്യയശാസ്ത്ര കരുത്തിനെ മുസ് ലിംകള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോകുന്നത്, ഈ ലേഖകന്റെ അഭിപ്രായത്തില്‍, മൂന്നാമത്തെ ഘടകത്തിന്റെ അഭാവംകൊണ്ടാണ്. അതായത്, ഒരു ആദര്‍ശ സമൂഹത്തിന് അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ ആര്‍ജിക്കുന്നതില്‍ മുസ് ലിം സമൂഹം പിറകിലാണ് എന്നത്.
മുസ് ലിംകളും ആദര്‍ശ ശക്തിയും
ഒരു ആദര്‍ശ സമൂഹത്തിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെന്തൊക്കെയാണ്? ഇംഗ്ലീഷ് ഭാഷയിലെ 'C' എന്ന അക്ഷരംകൊണ്ട് തുടങ്ങുന്ന മൂന്ന് വാക്കുകളിലൂടെ ആ ഗുണഗണങ്ങള്‍ വിവരിക്കാനാവും എന്നു പറയാറുണ്ട്. consistency (സ്ഥിരത), consensus (സമവായം), communication (ആശയവിനിമയം) എന്നിവയാണ് ആ വാക്കുകള്‍. നാമിതിന് ബദലായി ഉര്‍ദു ഭാഷയിലെ 'അലിഫ്' കൊണ്ട് തുടങ്ങുന്ന മൂന്ന് വാക്കുകളാണ് കൊണ്ടുവരുന്നത്- ഇസ്തിഖ്‌ലാല്‍, ഇത്തിഫാഖ്, ഇബ്്‌ലാഗ്. ഇതിനെക്കുറിച്ചും നാം നേരത്തെ എഴുതിയിട്ടുണ്ട്.6 സന്ദര്‍ഭത്തില്‍ പ്രസക്തമായതുകൊണ്ട് അതൊന്നു കൂടി വിശദീകരിക്കാം.
സ്ഥിരത
പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലമുള്ള ഏതൊരു വിഭാഗവും ആ പ്രത്യയശാസ്ത്രത്തിന്റെ പ്രബോധനത്തിനും പ്രയോഗവത്കരണത്തിനും ഉറച്ച് നിലകൊള്ളുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കടുത്ത എതിര്‍പ്പുകള്‍ നേരിട്ടേക്കാം. സാഹചര്യങ്ങള്‍ അത്യന്തം നിരാശാജനകമായിരിക്കാം. അത്തരം സന്ദര്‍ഭങ്ങളിലൊന്നും ആ വിഭാഗത്തിന്റെ കാലിടറുകയില്ല; അവരുടെ മനസ്സ് മാറുകയില്ല. അപ്പോഴൊക്കെയും തങ്ങളുടെ ആദര്‍ശവും ചിന്തയും തന്നെയായിരിക്കും അവര്‍ക്ക് ഏറ്റവും പ്രിയങ്കരം. അതിലായിരിക്കും അവരുടെ മുഴു ശ്രദ്ധയും. അടിയുറച്ച വിശ്വാസത്തില്‍നിന്ന് മാത്രമേ ഈ ആദര്‍ശ സ്ഥിരത ഉണ്ടാവൂ. ''സത്യവിശ്വാസം കൈക്കൊള്ളുന്നവര്‍ക്ക് അല്ലാഹു സുസ്ഥിര വചനത്തിന്റെ അടിസ്ഥാനത്തില്‍ ഇഹത്തിലും പരത്തിലും സ്ഥൈര്യം പ്രദാനം ചെയ്യുന്നു. അക്രമികളെയാണ് അവന്‍ വഴിതെറ്റിക്കുന്നത്. താന്‍ ഇഛിക്കുന്നത് ചെയ്യാന്‍ അല്ലാഹുവിന് അധികാരമുണ്ട്' (ഇബ്‌റാഹീം 27). സ്ഥിരത എന്ന ആശയം ധ്വനിപ്പിക്കുന്ന പല പ്രയോഗങ്ങളും ഖുര്‍ആന്‍ നടത്തിയിട്ടുണ്ട്. 'ഹനീഫിയ്യത്ത്' അതിലൊന്നാണ്. അല്ലാമാ റാഗിബ് അസ്വ്്ഫഹാനി, 'വഴിതെറ്റലില്‍നിന്ന് മുക്തമായി സത്യപാതയില്‍ ഉറച്ചുനില്‍ക്കുക' എന്നാണ് ഹനീഫിയ്യത്തിന് അര്‍ഥം നല്‍കിയിരിക്കുന്നത്.7
ഏതൊരു പ്രത്യയശാസ്ത്രവും പ്രതിരോധത്തിന്റേതായ ഘട്ടത്തിലൂടെ കടന്നുപോകും. ഇങ്ങനെ കടന്നാക്രമണമുണ്ടാകുമ്പോള്‍ ആ പ്രത്യയശാസ്ത്രത്തിന്റെ ആളുകള്‍ സഹനമവലംബിച്ച് ഉറച്ചുനില്‍ക്കുകയാണെങ്കില്‍, അവരുടെ ആദര്‍ശം സത്യമാണെന്ന് ജനത്തിന് ബോധ്യമാവും. ഈ വിഭാഗത്തിന് തങ്ങളുടെ ആദര്‍ശത്തോട് കൂറും ആത്മാര്‍ഥതയുമുണ്ടെന്ന് ജനം വിശ്വസിക്കും. അവര്‍ ആ ആദര്‍ശത്തിലേക്ക് ആകൃഷ്ടരാകും. ഒരു ആദര്‍ശം കരുത്ത് നേടുന്നതിന്റെ സ്വാഭാവിക ഘട്ടങ്ങളാണിതൊക്കെ. ഇനി, സാഹചര്യത്തിന്റെ കടുപ്പം മൂലം ആ വിഭാഗം തങ്ങളുടെ ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കുകയും ഇസ് ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ കൈവിട്ട് മറ്റു പല കാര്യങ്ങളില്‍ വ്യാപൃതരാവുകയും, അതല്ലെങ്കില്‍ തങ്ങളുടെ ഭൗതികമായ സുരക്ഷയിലും പ്രതിരോധത്തിലും മാത്രമായി വേവലാതിപ്പെടുകയുമാണെങ്കില്‍ തങ്ങളുടെ ആദര്‍ശത്തെ നിര്‍വീര്യമാക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇവര്‍ ആദര്‍ശം പറയുന്നത് അത്ര കാര്യഗൗരവത്തോടെയൊന്നുമല്ല എന്ന പ്രതീതിയാണ് അത് ജനങ്ങളില്‍ ഉണ്ടാക്കുക. ഒരു ആദര്‍ശത്തെ കൈയേല്‍ക്കുന്നവര്‍ ഈ വിധം നിരുത്തരവാദപരമായി, സ്ഥിരതയില്ലാതെ പെരുമാറിയാല്‍ ഏത് മികച്ച ആദര്‍ശത്തിനും ഒരു ശക്തിയായി രൂപപ്പെടാന്‍ കഴിയില്ല.
ചരിത്രത്തില്‍ വളരെ അനുകൂലമായ സാഹചര്യം രൂപപ്പെട്ടുവന്നപ്പോള്‍ ഇന്ത്യന്‍ മുസ് ലിംകള്‍ക്ക് അവരുടെ ആദര്‍ശം ഒരു കരുത്തായി മാറാതിരുന്നത് ഈ സ്ഥിരതയുടെ അഭാവം കൊണ്ടാണെന്നാണ് നമ്മുടെ അഭിപ്രായം. ശരിയാണ്, മുസ് ലിം സമൂഹത്തിന് മൊത്തത്തില്‍ ഇസ് ലാമിനോട് വൈകാരികമായ അടുപ്പമുണ്ട്. ഇസ് ലാമികാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിലും അവര്‍ സ്ഥിരത പുലര്‍ത്താറുണ്ട്. പക്ഷേ, ഇസ് ലാമിനോടുള്ള ഈ കൂറും പ്രതിബദ്ധതയും മുസ് ലിം സമൂഹത്തിന് അകത്ത് പരിമിതമായിപ്പോകുന്നു. മറ്റു സമൂഹങ്ങളുടെ മുന്നില്‍ ഇസ് ലാമിന്റെ വക്താക്കളും പ്രയോക്താക്കളുമായി അവര്‍ അപൂര്‍വമായേ ചെന്നെത്താറുള്ളൂ. പൊതു മണ്ഡലങ്ങളില്‍ അവര്‍ ഇസ് ലാമിന്റെ പേരില്‍ സമരോത്സുകമായി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ അത് സാമുദായികമായ അവകാശങ്ങള്‍ വകവെച്ചുകിട്ടുന്നതിനുമായിരിക്കും. രാജ്യത്തിനും അതിലെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഇസ് ലാമിനെ ഒരു ബദല്‍ ജീവിത ദര്‍ശനമായി അവതരിപ്പിക്കാന്‍ അവര്‍ ശ്രമങ്ങള്‍ നടത്തുന്നില്ല.
തങ്ങള്‍ സവിശേഷവും അന്യാദൃശവുമായ ഒരു ചിന്താ പദ്ധതിയുടെ വക്താക്കളാണെന്ന ഐഡന്റിറ്റി രാജ്യനിവാസികളുടെ മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഇപ്പോഴും ഇന്ത്യന്‍ മുസ് ലിംകള്‍ക്ക് സാധിക്കുന്നില്ല. അവര്‍ യഥാര്‍ഥത്തില്‍ ഒരു പുതിയ പരിഹാര നിര്‍ദേശം രാജ്യത്തിന് സമര്‍പ്പിക്കുന്നവരും അതിനു വേണ്ടി പണിയെടുക്കുന്നവരുമാണല്ലോ. ആ സമൂഹത്തിന്റെ ഏറ്റവും ആകര്‍ഷകമായ വശം അതിന്റെ ആശയവും ചിന്തയും തന്നെയാണ്. മുസ് ലിം ജനസാമാന്യത്തിന് മാത്രമല്ല, സ്വാധീനശക്തിയുള്ള മുസ് ലിം ഗ്രൂപ്പുകള്‍ക്ക് പോലും ഈയൊരു ഐഡന്റിറ്റി കാണിച്ചുകൊടുക്കാനാവുന്നില്ല. ഇന്ത്യന്‍ മുസ് ലിംകള്‍ പ്രത്യയശാസ്ത്രപരമായി ദുര്‍ബലപ്പെടാന്‍ ഇതാണ് പ്രധാന കാരണം. l
(തുടരും)
കുറിപ്പുകള്‍
1. Yuval Noah Harari (2019): 21 Lessons for the 21st Century; Penguin Random House UK; London, pages 11-28.
2. Michael Mann (2012): The Sources of Social Power, Vol 3, page 6.
3. സയ്യിദ് സആദത്തുല്ലാ ഹുസൈനി (2022): ഹിന്ദുത്വ ഇന്‍തിഹാ പസന്ദി നള്്രിയ്യാത്തി കശ്മകശ് ഔര്‍ മുസല്‍മാന്‍ (മര്‍കസി മക്്തബ, ന്യൂദല്‍ഹി), പേജ് 7-8.
4. T.W Arnold (1913): The Preaching of Islam, Constable and Company Ltd. London, page 263.
5. സയ്യിദ് സആദത്തുല്ലാ ഹുസൈനിയുടെ 'ഇശാറാത്ത്' പംക്തി, സിന്ദഗി നൗ മാസിക, ഒക്ടോബര്‍ 2020, പേജ് 5.
6. സയ്യിദ് സആദത്തുല്ലാ ഹുസൈനി (2018): ഇഖാമത്ത് ദീന്‍ കീ ശാഹ് രാഹ് (ഹിദായത്ത് പബ്ലിഷേഴ്‌സ്, ന്യൂദല്‍ഹി), പേജ് 82.
7. അര്‍റാഗിബ് അല്‍ അസ്വ്്ഫഹാനി (2009): (മക്്തബതു നിസാര്‍ മുസ്ത്വഫ അല്‍ ബാസ്, മക്ക), പേജ് 176.
Comments