ഹാജി സാഹിബിന്റെ ഓര്‍മകളുമായി മൊയ്തു ഹാജി
''1947-ല്‍ പി.വി കുഞ്ഞമ്മദ് ഹാജിയുടെ ക്ഷണപ്രകാരം ജ. വി.പി മുഹമ്മദലി ഹാജി 13 ദിവസം വാണിമേലില്‍ പ്രസംഗിച്ചിരുന്നു. പ്രസംഗത്തിന് പ്രതിഫലമോ ഭക്ഷണമോ ആവശ്യമില്ലെന്നും താമസ സൗകര്യം മാത്രം മതി എന്നുമായിരുന്നു അദ്ദേഹത്തിന്റെ നിബന്ധന. ഭക്ഷണം കൂടി സ്വീകരിച്ചേ തീരൂ എന്ന കുഞ്ഞമ്മദ് ഹാജിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പ്രസംഗം തുടങ്ങിയത്. പ്രസംഗം ശ്രവിക്കാന്‍ പതിവിന് വിപരീതമായി വളരെയധികം ആളുകള്‍ സംബന്ധിച്ചിരുന്നു. ഇത്രയധികം ആളുകള്‍ തടിച്ചുകൂടുന്ന പ്രസംഗത്തിന് കാശ് വാങ്ങുന്നില്ലെന്ന് കേട്ടു ജനം അമ്പരന്നു. വടക്കെ മലബാറില്‍ ജമാഅത്തെ ഇസ്്‌ലാമിയുടെ പേരില്‍ നടന്ന ഒന്നാമത്തെ പ്രസംഗ പരമ്പരയായിരുന്നു അത്.''
(കെ. മൊയ്തു മൗലവി- 'ഓര്‍മക്കുറിപ്പുകള്‍', പേജ് 133).
കേരള ജമാഅത്തെ ഇസ് ലാമിയുടെ ചരിത്രത്തില്‍ ഇടംപിടിച്ച 'വാണിമേലിലെ പ്രസംഗ പരമ്പര' ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുകയാണ് നരിപ്പറ്റയിലെ കണ്ണോത്ത് മൊയ്തു ഹാജി. അന്ന് കേവലം 13 വയസ്സുകാരനായിരുന്ന മൊയ്തു ഹാജി ഇപ്പോള്‍ 86 വയസ്സ് പിന്നിട്ടു. എങ്കിലും ഹാജി സാഹിബിനെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹം പ്രായം മറന്ന് ആവേശഭരിതനാകുന്നു.
സഹോദരന്‍ കുഞ്ഞമ്മദ് ഹാജിയോടൊപ്പമായിരുന്നു അദ്ദേഹം ഹാജി സാഹിബിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ പോയിരുന്നത്. ഹാജി സാഹിബിനെ ഒരിക്കല്‍ കണ്ട ആര്‍ക്കും ആ മുഖം മനസ്സില്‍നിന്ന് മറയില്ലെന്ന് മൊയ്തു ഹാജി അനുസ്മരിക്കുന്നു: കറുത്ത താടിയും തിളങ്ങുന്ന കണ്ണുകളും, വെളുത്ത വസ്ത്രം, കറുത്ത തൊപ്പിയും ഷൂസും. യുവ കോമളനായ മുപ്പതുകാരന്‍!
വാണിമേല്‍ മാപ്പിള യു.പി സ്‌കൂളിന്റെ ഓല ഷെഡായിരുന്നു പ്രസംഗവേദി. എന്നും രാത്രി മഗ് രിബ് നമസ്‌കാര ശേഷമാണ് പരിപാടി തുടങ്ങുക. അപ്പോഴേക്കും വാണിമേല്‍, ഭൂമിവാതുക്കല്‍, നരിപ്പറ്റ പ്രദേശങ്ങളില്‍നിന്ന് ദീനീ തല്‍പരരായ യുവാക്കള്‍ അവിടെ എത്തിയിരിക്കും. പുതിയോട്ടില്‍ അഹ്്മദ് കുട്ടി, പുതുപ്പനാങ്കണ്ടി മൂസ്സ തുടങ്ങിയ കാരണവന്മാരുടെ പിന്തുണയും പരിപാടിക്ക് ലഭിച്ചിരുന്നു.
പി.വി കുഞ്ഞമ്മദ് ഹാജി, അനുജന്‍ പി.വി ആലി മാസ്റ്റര്‍, സി.എച്ച് കുഞ്ഞമ്മദ്, സി.വി.കെ അഹ്്മദ് കുട്ടി മാസ്റ്റര്‍, സി.എം സൂപ്പി മാസ്റ്റര്‍, തെക്കത്ത് കണ്ടി മൊയ്തു, വി.പി കുഞ്ഞാലി ഹാജി, പോതുകണ്ടി മൊയ്തു, അനുജന്‍ പോതുകണ്ടി മമ്മു, ഒ.പി ഇബ്റാഹീം, അരക്കണ്ടി ആലി ഹാജി, തോട്ടത്തില്‍ മൂസ്സ, വാഴവെച്ച പറമ്പത്ത് അബ്ദുല്ല, മാമ്പ്രോല്‍ കുഞ്ഞമ്മദ്, പുലിക്കൊമ്പത്ത് അന്ത്രു, കുഞ്ഞിപ്പറമ്പത്ത് കുഞ്ഞാലി ഹാജി തുടങ്ങി അന്നത്തെ സ്ഥിരം കേള്‍വിക്കാരുടെ പേരുകള്‍ മൊയ്തു ഹാജി ഓര്‍ത്തെടുത്തു. അന്ന് ഹാജി സാഹിബിന്റെ സദസ്സില്‍ പങ്കെടുത്തവരില്‍ ജീവിച്ചിരിപ്പുള്ള ഏക വ്യക്തിയാണ് മൊയ്തു ഹാജി. ഇസ് ലാമിന്റെ സമഗ്രത, പരലോക വിശ്വാസം, അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രസംഗ പരമ്പരയില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നത്.
ഭൗതിക വിദ്യാഭ്യാസം ലഭിക്കാത്ത നാട്ടുമ്പുറക്കാരായ ശ്രോതാക്കള്‍ക്ക് ഹാജി സാഹിബിന്റെ പ്രഭാഷണത്തിലെ പല വാക്കുകളും അപരിചിതങ്ങളായിരുന്നു. പ്രശ്‌നം, പ്രസ്ഥാനം, സമഗ്രത, സിദ്ധാന്തം തുടങ്ങിയ വാക്കുകള്‍ അവര്‍ ആദ്യമായിട്ടായിരുന്നു കേള്‍ക്കുന്നത്! സാധാരണക്കാരനായ ഒരാള്‍ 'പ്രശ്‌നം' എന്ന വാക്ക് പറഞ്ഞപ്പോള്‍ 'ഹാജി സാഹിബ് പറയുന്ന വാക്ക് പറയാന്‍ നീ വളര്‍ന്നോ?' എന്ന് ഒരു കാരണവര്‍ ശകാരിച്ചത് മൊയ്തു ഹാജി ഓര്‍ക്കുന്നു.
പഴയ വാണിമേല്‍ മഹല്ല് ജുമുഅത്ത് പള്ളിയില്‍ സുന്നി, മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങളില്‍ പെടുന്ന പണ്ഡിതന്മാര്‍ പ്രഭാഷണം നടത്താറുണ്ടായിരുന്നു. ഇത്തരം ഒരു പ്രഭാഷണം നടക്കുന്നതിനിടക്ക് പ്രഭാഷകന്‍ ജമാഅത്തുകാരനോ മുജാഹിദുകാരനോ എന്ന് ശ്രോതാക്കളില്‍ ഒരാള്‍ക്ക് സംശയം. ഇതു കേട്ട അടുത്തിരിക്കുന്നയാള്‍ പറഞ്ഞുവത്രെ: ''അയാള്‍ 'ഉരുത്തിരിയുക' എന്ന് പറയുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. എങ്കില്‍ അയാള്‍ ജമാഅത്തെ ഇസ്്ലാമിക്കാരനായിരിക്കും!''
വാണിമേലില്‍ പ്രഭാഷണ പരമ്പര നടത്തിയിരുന്ന നാളുകളില്‍ ഹാജി സാഹിബ് വാണിമേലില്‍ തന്നെയായിരുന്നു തങ്ങിയിരുന്നത്. പി.വി കുഞ്ഞമ്മദ് ഹാജിയുടെ വീട്ടില്‍ ഭക്ഷണവും വീടിനടുത്തു കൂടി ഒഴുകുന്ന പുഴയില്‍ അലക്കും കുളിയും. ഹാജി സാഹിബിന്റെ താമസക്കാലത്ത് കുഞ്ഞമ്മദ് ഹാജിയെ കാണാന്‍ വന്ന പ്രസിദ്ധ സുന്നി പണ്ഡിതനായിരുന്ന മേപ്പിലാച്ചേരി മൊയ്തീന്‍ മുസ് ലിയാര്‍ പുഴയോരത്തെ പാറയില്‍ ഹാജി സാഹിബുമൊത്ത് നമസ്‌കരിച്ചത് മൊയ്തു ഹാജി ഓര്‍ക്കുന്നു.
1947-ല്‍ കാട്ടിപ്പരുത്തിയില്‍ നടന്ന 'ജംഇയ്യത്തുല്‍ മുസ്തര്‍ശിദീന്‍' സമ്മേളനത്തില്‍ വാണിമേലില്‍നിന്ന് കുഞ്ഞമ്മദ് ഹാജിക്കു പുറമെ സി.എം സൂപ്പി മാസ്റ്റര്‍, കെ.പി കുഞ്ഞാലി ഹാജി എന്നിവര്‍ പങ്കെടുത്തിരുന്നു. ഹാജി സാഹിബിന്റെ പ്രസംഗ പരമ്പര കൂടി കഴിഞ്ഞതോടെ പലരും പ്രസ്ഥാന പ്രവര്‍ത്തകരും അനുഭാവികളുമായി. സി.എം സൂപ്പി മാസ്റ്റര്‍, സി.വി.കെ അഹ്്മദ് കുട്ടി മാസ്റ്റര്‍, സി.എച്ച് കുഞ്ഞമ്മദ്, ടി. മൊയ്തു മാസ്റ്റര്‍, തോട്ടത്തില്‍ മൂസ്സ എന്നിവരായിരുന്നു വാണിമേലിലെ ആദ്യകാല ജമാഅത്തെ ഇസ് ലാമി അംഗങ്ങള്‍. ജമാഅത്തിന്റെ കേരള ഘടകത്തിലെയും ആദ്യകാല അംഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് ഈ പേരുകള്‍.
കേരളത്തില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ജമാഅത്ത് ബന്ധുക്കളെയെല്ലാം ഒരിടത്ത് ഒരുമിച്ചുകൂട്ടി ജമാഅത്തിന്റെ ആദര്‍ശ ലക്ഷ്യങ്ങളും പ്രവര്‍ത്തന പരിപാടികളും വിശദീകരിക്കാന്‍ അതുവരെ കഴിഞ്ഞിരുന്നില്ല.
വടക്കെ മലബാറിലാണ് ജമാഅത്ത് കൂടുതല്‍ അറിയപ്പെട്ടിരുന്നത്. ചിതറിക്കിടക്കുന്ന ജമാഅത്ത് ബന്ധുക്കളെ വിളിച്ചുവരുത്തി ഒരു സമ്മേളനം നടത്തുന്നതിനെക്കുറിച്ച് ആലോചന വന്നു. സമ്മേളനം നടത്താന്‍ പറ്റിയ സ്ഥലം വാണിമേല്‍ ആണെന്നായിരുന്നു നിര്‍ദേശിക്കപ്പെട്ടത്. ഹാജി സാഹിബിന്റെ പ്രഭാഷണത്തിലൂടെ ഉഴുതു മറിക്കപ്പെട്ട മണ്ണും മനസ്സുമായിരുന്നു അന്ന് വാണിമേലിന്റേത്. ഒപ്പം സ്വാധീനവും കരുത്തുമുള്ള പൗര പ്രമാണിയായ പി.വി കുഞ്ഞമ്മദ് ഹാജിയുടെ പിന്തുണയും. അങ്ങനെ കേരള ജമാഅത്തെ ഇസ് ലാമിയുടെ ഒന്നാം വാര്‍ഷിക സമ്മേളനം വാണിമേലില്‍ നടത്താന്‍ തീരുമാനമായി. സമ്മേളനത്തില്‍ പങ്കെടുക്കേണ്ട അറുപതില്‍പരം പ്രതിനിധികള്‍ക്ക് സി.എം സൂപ്പി മാസ്റ്റര്‍ സ്വന്തം കൈപ്പടയില്‍ കത്തുകൾ എഴുതി അയച്ചു. നിര്‍ഭാഗ്യവശാല്‍ ചില ബാഹ്യ ഇടപെടലുകള്‍ കാരണം പ്രസ്തുത സമ്മേളനം നടക്കാതെ പോയി. ഹാജി സാഹിബ് പ്രസംഗ പരമ്പര നടത്തിയ വാണിമേല്‍ എം.യു.പി സ്‌കൂള്‍ പരിസരത്ത് തന്നെയായിരുന്നു സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ നടന്നതെന്ന് മൊയ്തു ഹാജി ഓര്‍ക്കുന്നു. l
Comments