അധിനിവേശ ഭീകരതക്ക് മേൽ വിമോചനപ്പോരാട്ടത്തിന്റെ പ്രഹരം
അധിനിവേശ ഭീകരതക്കെതിരെ എന്നും നിലയുറപ്പിച്ചിട്ടുള്ള ഫലസ്ത്വീനികള്‍ പോര്‍മുഖത്ത് നിര്‍ണായക പോരാട്ടത്തിലാണ്. പിറന്ന മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കാത്ത കൊളോണിയല്‍ ക്രിമിനലുകളോടുള്ള ജീവന്മരണ പോരാട്ടം. രാഷ്ട്രങ്ങള്‍ തമ്മിലാണ് യുദ്ധങ്ങള്‍ ഉണ്ടാവാറുള്ളതെങ്കിലും ഫലസ്ത്വീനിലെ യുദ്ധം തെമ്മാടി രാഷ്ട്രവും ചെറുത്തുനില്‍പ് പോരാളികളുടെ കൂട്ടവും തമ്മിലാണ്. പരിഷ്‌കൃത ലോകത്തിന് അപമാനകരമായ മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട ഇസ്രായേലി അധിനിവേശത്തിന് എതിരെ ഇസ് ലാമിക ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസ് നടത്തിവരുന്ന ഐതിഹാസിക പോരാട്ടം വഴിത്തിരിവിലെത്തി നില്‍ക്കുന്നു.
ലോകം ഒന്നിച്ചെതിര്‍ത്താലും, സയണിസ്റ്റ് ഭീകരപ്പടയും അതിന്റെ സ്‌പോണ്‍സര്‍മാരും ഒത്തുചേര്‍ന്ന് ഗസ്സയെ തവിടുപൊടിയാക്കിയാലും പിന്തിരിയില്ലെന്ന ഉറച്ച നിലപാടിലാണ് ഹമാസിന്റെ ചുണക്കുട്ടികള്‍. സയണിസ്റ്റ് രാഷ്ട്രത്തിന്റെ നെഞ്ചകത്ത് കയറിനിന്ന് പോരാളികള്‍ തക്ബീര്‍ ധ്വനികള്‍ മുഴക്കിയപ്പോള്‍ മൊസാദും ഷിന്‍ബെറ്റും അമ്പരന്നുപോയി. യഹ്‌യ അയ്യാശിന്റെ മൊബൈല്‍ ഫോണിലേക്ക് റിമോട്ട് കണ്‍ട്രോ ള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തി ആ പോരാളിയെ ധീരരക്തസാക്ഷിത്വത്തിലേക്ക് നയിച്ച, ശൈഖ് അഹ് മദ് യാസീന്റെയും അബ്ദുല്‍ അസീസ് റന്‍തീസിയുടെയും ചലനങ്ങള്‍ ഒപ്പിയെടുത്ത് മിസൈലുകള്‍ അയച്ച് വധിച്ച മൊസാദിന്റെ ചാരക്കണ്ണുകള്‍ക്ക് പിടികൊടുക്കാതെ ഹമാസിന്റെ കുട്ടികള്‍ ഇറങ്ങിക്കളിച്ചപ്പോള്‍ സയണിസ്റ്റ് രാജ്യം അതിന്റെ ചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത ആള്‍നാശം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. 1967-ലെ യുദ്ധത്തില്‍ മൂന്ന് അറബ് രാജ്യങ്ങളുടെ സൈന്യത്തെ ആറു ദിവസം കൊണ്ട് കെട്ടുകെട്ടിച്ചവര്‍ ഹമാസ് എന്ന രാജ്യമില്ലാ സൈന്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്നത് അധിനിവേശ ഭീകരതക്കെതിരെ പോരാടുന്നവര്‍ക്ക് ആവേശം പകരുന്ന കാഴ്ചയാണ്.
ലോകം ഇപ്പോള്‍ രണ്ടു ചേരിയിലാണ്. അധിനിവേശ ഭീകരരെ പിന്തുണക്കുന്നവരും, പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്നവര്‍ക്കൊപ്പം നില്‍ക്കുന്നവരും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ രംഗത്തുള്ള അമേരിക്കയുടെ മുന്‍ യു.എന്‍ സ്ഥാനപതി നിക്കി ഹാലിയെപ്പോലെയുള്ളവര്‍ ഫലസ്ത്വീനികളെ ഇല്ലാതാക്കാന്‍ ഇസ്രായേലി നേതൃത്വത്തോട് പരസ്യമായി ആവശ്യപ്പെടുന്നു. മുന്‍ യുദ്ധങ്ങളില്‍ പേരിനെങ്കിലും ഫലസ്ത്വീനികളോട് സഹാനുഭൂതി പ്രകടിപ്പിച്ച ചില പാശ്ചാത്യ രാജ്യങ്ങള്‍ സയണിസ്റ്റ് വേട്ടക്കാരോടൊപ്പമാണ്. അതിന് ഒറ്റ കാരണമേയുള്ളൂ. ഇസ്രായേല്‍ പണിത വിഭജന വേലികള്‍ തകര്‍ത്ത് ഹമാസ് പോരാളികള്‍ സയണിസ്റ്റുകളുടെ കോട്ട കൊത്തളങ്ങള്‍ പിടിച്ചുകുലുക്കിയിരിക്കുന്നു. യുദ്ധവിമാനങ്ങളും അപാച്ചെ ഹെലികോപ്റ്ററുകളും കണ്ടു മാത്രം പരിചയിച്ച ലോകത്ത് ഒരു സംഘം അല്‍ ഖസ്സാം പാരാഗ്ലൈഡര്‍മാര്‍ ഇസ്രായേല്‍ നഗരങ്ങളില്‍ ആകാശത്തില്‍ വന്നിറങ്ങി വിമോചന പോരാട്ടത്തിന് തുടക്കമിട്ടിരിക്കുന്നു.
ഫലസ്ത്വീനില്‍ അമേരിക്കയും കൂട്ടാളികളും സെറ്റ് ചെയ്തുവെച്ച ബൈനറിക്ക് വിരുദ്ധമാണിത്. ഇസ്രായേല്‍ എന്ന കൊളോണിയല്‍ തമ്പുരാന്റെ മുന്നില്‍ ഓച്ചാനിച്ച് നിന്ന് ജീവിക്കാനാണ് ഫലസ്ത്വീന്‍ ജനതക്ക് അവര്‍ നല്‍കിയ മാന്‍ഡേറ്റ്. അതിന് വിപരീതമായി അയ്യായിരത്തോളം റോക്കറ്റുകള്‍ അയച്ചും കരയില്‍നിന്നും കടലില്‍നിന്നും ആകാശത്തുനിന്നും ഹമാസിന്റെ പോരാളികള്‍ ഇസ്രായേലിലേക്ക് വന്നിറങ്ങി അവിടെ വന്‍ ആള്‍നാശം വരുത്തിയാല്‍ അവര്‍ എങ്ങനെ സഹിക്കും! മുക്കാല്‍ നൂറ്റാണ്ടായി തുടര്‍ന്നുവരുന്ന ഈ കൊളോണിയല്‍ അടിമ സിസ്റ്റത്തെ പിഴുതെറിയുന്നത് അവര്‍ എങ്ങനെ നോക്കിനില്‍ക്കും! ഇസ്രായേലികള്‍ കൊല്ലപ്പെടുമ്പോള്‍ മാത്രമാണ് ചില രാജ്യങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും 'ചരിത്രം തുടങ്ങാറുള്ളതെ' ന്ന യു.എന്നിലെ ഫലസ്ത്വീന്‍ അംബാസഡര്‍ റിയാദ് മന്‍സൂറിന്റെ പ്രസ്താവന ഇക്കാര്യത്തിലുള്ള പടിഞ്ഞാറിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ്. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ മുന്‍ മേധാവി ജെറമി കോര്‍ബിനെപ്പോലെയുള്ള സയണിസ്റ്റ് വിരുദ്ധര്‍ ശക്തമായ സമ്മർദമുണ്ടായിട്ടും ഹമാസിനെ പഴിചാരാന്‍ തയാറായില്ല എന്നു മാത്രമല്ല, അധിനിവേശ വിരുദ്ധ പോരാട്ടമാണിതെന്ന് ചങ്കുറപ്പോടെ പറയുകയും ചെയ്തു.
അതിജീവനത്തിനുള്ള പോരാട്ടം
ജറൂസലമിലെ അല്‍ അഖ്‌സ്വാ പള്ളിയുടെ പവിത്രത നശിപ്പിക്കുന്ന നീക്കങ്ങള്‍ നിരന്തരമായി തുടരുന്നതും, ഇസ്രായേലി ജയിലുകളില്‍ കഴിയുന്ന ഫലസ്ത്വീനി തടവുകാരോട് അനുവര്‍ത്തിക്കുന്ന ക്രൂരതകളും ഉള്‍പ്പെടെ സയണിസ്റ്റ് ഭരണകൂടം നടത്തുന്ന അതിക്രമങ്ങള്‍ക്കുള്ള മറുപടിയാണ് 'ഓപറേഷന്‍ അല്‍ അഖ്‌സ്വാ ഫ്‌ളഡ്' എന്നാണ് ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡിന്റെ കമാണ്ടര്‍ മുഹമ്മദ് ദൈഫ് പ്രഖ്യാപിച്ചത്. കഴിഞ്ഞ പതിനേഴു വര്‍ഷമായി കടുത്ത ഉപരോധത്തിലാണ് ഗസ്സ. ജനങ്ങള്‍ക്ക് ഉപജീവന മാര്‍ഗത്തിനും വിദഗ്ധ ചികില്‍സ ലഭ്യമാക്കാനുമൊക്കെ ഇസ്രായേലിന്റെ ഔദാര്യം വേണം. ഗസ്സയുടെ അതിര്‍ത്തി ക്രോസിംഗുകള്‍ മിക്കവാറും സമയം അടച്ചിടുന്നതിനാല്‍ സ്ഥിതി രൂക്ഷമാണ്. സെപ്റ്റംബര്‍ 15-ന്് ബെയ്ത് ഹനൂന്‍ ക്രോസിംഗ് അടച്ചിട്ടതിനെ തുടര്‍ന്ന് 20,000-ത്തിലേറെ തൊഴിലാളികളാണ് ജോലിക്ക് പോകാനാവാതെ പട്ടിണിയിലായത്. അതേ ദിവസം അബൂസാലിം അതിര്‍ത്തിയും സെപ്റ്റംബര്‍ 20-ന് കൂടുതല്‍ അതിര്‍ത്തികളും അടച്ചിട്ട് ഗസ്സാ നിവാസികള്‍ക്ക് കൂട്ടശിക്ഷ നല്‍കുകയായിരുന്നു സയണിസ്റ്റ് ഭരണകൂടം. പ്രതിഷേധിക്കുന്നവരെ റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ചാണ് നേരിടുന്നത്.
പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി ആയുസ്സ് മുഴുവന്‍ പോരാടേണ്ട അവസ്ഥയിലാണ് ഫലസ്ത്വീനികള്‍. അവരുടെ ഭൂമി കൈയേറി പാശ്ചാത്യ ശക്തികളുടെ ഗൂഢാലോചനയാല്‍ 1948-ല്‍ നിലവില്‍വന്ന ഇസ്രായേല്‍ 1967-ലെ യുദ്ധത്തില്‍ ഈജിപ്തില്‍നിന്ന് ഗസ്സയും ജോര്‍ദാനില്‍നിന്ന് വെസ്റ്റ്ബാങ്കും മസ്ജുദുല്‍ അഖ്‌സ്വാ ഉള്‍പ്പെടുന്ന കിഴക്കന്‍ ജറൂസലമും പിടിച്ചെടുത്തതു മുതലാണ് ഫലസ്ത്വീന്‍ ജനത സമ്പൂര്‍ണമായി കോളനിവല്‍ക്കരിക്കപ്പെട്ടത്. അധിനിവേശം നിയമവിരുദ്ധമാണെന്നും ഇസ്രായേല്‍ ഉടന്‍ പിന്മാറണമെന്നും 242-ാം നമ്പര്‍ പ്രമേയത്തിലൂടെ ഐക്യരാഷ്ട്ര രക്ഷാസമിതി ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി സയണിസ്റ്റ് ഭരണകൂടം അതിന് പുല്ലുവില കല്‍പിക്കുന്നില്ല.അറബ് മുസ് ലിം രാജ്യങ്ങള്‍ ഇസ്രായേലിനു മുന്നില്‍ അടിയറവ് പറയുകയോ വിമോചന പോരാട്ടങ്ങള്‍ക്ക് വൈമുഖ്യം കാണിക്കുകയോ ചെയ്തതോടെ ഫലസ്ത്വീന്‍ ജനത ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. തുടക്കത്തില്‍ സജീവമായി രംഗത്തുണ്ടായിരുന്ന യാസര്‍ അറഫാത്തിന്റെ പി.എല്‍.ഒയും ഫതഹ് പ്രസ്ഥാനവും പോരാട്ടം ഉപേക്ഷിച്ച് ഇസ്രായേലുമായി സന്ധി ചെയ്തപ്പോഴാണ് ഹമാസിനെപ്പോലുള്ള ഇസ് ലാമിക ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങള്‍ ഫലസ്ത്വീന്‍ വിമോചനത്തിനായി ഉദയം ചെയ്തത്.
ഇസ്രായേല്‍ ഭീകരതക്കെതിരെ ശബ്ദിക്കാന്‍ ലോക രാജ്യങ്ങള്‍ വിസമ്മതിക്കുമ്പോള്‍ ചെറുത്തുനില്‍പ് മാത്രമാണ് അധിനിവിഷ്ട ഫലസ്ത്വീനികളുടെ മുന്നിലുള്ള മാര്‍ഗം. ഇതിന് അന്താരാഷ്ട്ര നിയമങ്ങളുടെ പിന്‍ബലമുണ്ട്. ദിനചര്യ പോലെ ഇസ്രായേല്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും ഫലസ്ത്വീന്‍ പോരാളികള്‍ നടത്തുന്ന ചെറുത്തുനില്‍പിനെ ഭീകരവാദമാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന കാഴ്ചപ്പാടാണ് മാറേണ്ടത്.
അഞ്ചാമത്തെ യുദ്ധം
ഗസ്സയുടെ നിയന്ത്രണം ഹമാസ് ഏറ്റെടുത്തതിനുശേഷം ഇസ്രായേല്‍ നടത്തുന്ന അഞ്ചാമത്തെ യുദ്ധമാണിത്. 2008, 2012, 2014, 2021 വര്‍ഷങ്ങളിലായിരുന്നു മുമ്പത്തെ യുദ്ധങ്ങള്‍. വിശുദ്ധ ഖുദ്‌സിനു നേരെ സയണിസ്റ്റുകള്‍ നിരന്തരം നടത്തിവരുന്ന കൈയേറ്റങ്ങള്‍ക്കും കിഴക്കന്‍ ജറൂസലമിലെ ശൈഖ് ജര്‍റയില്‍നിന്ന് ഫലസ്ത്വീനി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കുമെതിരെ ഹമാസ് നടത്തിയ പ്രതികരണമാണ് 2021-ലെ യുദ്ധത്തിന് വഴിവെച്ചത്. ബൈത്തുല്‍ മഖ്ദിസില്‍ പ്രാര്‍ഥനക്കെത്തിയവരെ ഉപരോധിക്കുകയും പള്ളിക്കകത്തുണ്ടായിരുന്നവര്‍ക്ക് നേരെ നിഷ്ഠുരമായ ആക്രമണം അഴിച്ചുവിടുകയും ചെയ്തപ്പോള്‍ സയണിസ്റ്റ് ഭരണകൂടത്തിന് ഹമാസ് മുന്നറിയിപ്പ് നല്‍കി. അന്ത്യശാസനം അവസാനിച്ചതോടെ ജറൂസലം ഉള്‍പ്പെടെയുള്ള ഇസ്രായേലി നഗരങ്ങളിലേക്ക് ഹമാസ് നടത്തിയ റോക്കറ്റാക്രമണം പ്രകോപനമായി കണ്ട് ഗസ്സയില്‍ ആക്രമണം നടത്തുകയായിരുന്നു ഇസ്രായേല്‍. പതിനാലു വര്‍ഷത്തിനിടെ അധിനിവിഷ്ട ഫലസ്ത്വീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന നാലാമത്തെ യുദ്ധമായിരുന്നു 11 ദിവസം നീണ്ട സൈനിക നടപടികള്‍. 37 സ്ത്രീകളും 67 കുട്ടികളും ഉള്‍പ്പെടെ 260 ഫലസ്ത്വീനികള്‍ക്ക്് ഇസ്രായേലി ഭീകരതയില്‍ ജീവന്‍ നഷ്ടമായി. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. 1800 താമസ സ്ഥലങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു. നാശ നഷ്ടങ്ങളുണ്ടായ കെട്ടിടങ്ങളുടെ എണ്ണം 14,000-ത്തിലേറെയാണ്.
ഗസ്സയില്‍നിന്നുള്ള റോക്കറ്റുകള്‍ അഷ്‌കലോണില്‍ മാത്രമല്ല, 100 കിലോ മീറ്റര്‍ അകലെയുള്ള ജറൂസലമിലും ചെന്നെത്താന്‍ തുടങ്ങിയതോടെ സയണിസ്റ്റ് ഭരണകൂടം തന്നെ മുൻകൈയെടുത്ത് യുദ്ധം അവസാനിപ്പിക്കുകയായിരുന്നു. മുസ് ലിം രാജ്യങ്ങള്‍ ഒന്നിനു പിറകെ ഒന്നായി സയണിസ്റ്റ് ഭരണകൂടത്തെ പുല്‍കിയാലും ജന്മഭൂമി വീെണ്ടടുക്കുന്നതു വരെ അധിനിവേശ വിരുദ്ധ പോരാട്ടം അവസാനിക്കില്ലെന്ന സന്ദേശമാണ് ഫലസ്ത്വീനിലെ വിമോചന പോരാളികള്‍ 2021-ലും നല്‍കിയത്.
കഴിഞ്ഞ രണ്ടു വര്‍ഷം മറ്റൊരു യുദ്ധം അനുഭവിക്കേണ്ടി വന്നില്ലെങ്കിലും ഗസ്സയിലും വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലമിലും ഇസ്രായേല്‍ സൈന്യത്തിന്റെ തേര്‍വാഴ്ചക്ക് ഒരു കുറവുമുണ്ടായില്ല. പതിവില്‍നിന്ന് വ്യത്യസ്തമായി വെസ്റ്റ്ബാങ്കിനെയാണ് അവര്‍ ലക്ഷ്യമിട്ടത്. നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങള്‍ വ്യാപകമായതോടെ സംഘര്‍ഷം ശക്തിപ്പെട്ട വെസ്റ്റ്ബാങ്കിലെ ജെനിന്‍ നഗരത്തെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡുകള്‍ സ്ഥിതി രൂക്ഷമാക്കി. പാതിരാത്രികളില്‍ നിരന്തരം വീടുകളില്‍ അതിക്രമിച്ചു കയറി യുവാക്കളെ പിടിച്ചുകൊണ്ടുപോവുകയും ചെറുത്താല്‍ പോയന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊല്ലുകയും ചെയ്യുന്നത് പതിവായി. സയണിസ്റ്റ് സൈന്യത്തിന്റെയും പോലീസിന്റെയും നടപടികള്‍ക്കെതിരെ ഫലസ്ത്വീനി യുവാക്കള്‍ ഉയര്‍ത്തെഴുന്നേറ്റതോടെ കൂടുതല്‍ സൈനികരെ അവിടെ വിന്യസിക്കാന്‍ തുടങ്ങി.
വെസ്റ്റ്ബാങ്കില്‍ മാത്രം ആറു പുതിയ സായുധ ഗ്രൂപ്പുകള്‍ ഉടലെടുത്തു എന്നത് അധിനിവേശ പട്ടാളം നടത്തുന്ന ക്രൂരതകള്‍ ഫലസ്ത്വീന്‍ യുവാക്കളില്‍ ഉണ്ടാക്കിയ ക്ഷോഭം എത്രയാണെന്നതിന്റെ തെളിവാണ്. വെസ്റ്റ്ബാങ്കിലെ പോരാളി ജമീല്‍ അല്‍ അമൂരിയെ 2021 ജൂണില്‍ ഇസ്രായേല്‍ സൈന്യം വധിച്ചതിന് പ്രതികാരം ചെയ്യാന്‍ ജെനിന്‍ ബ്രിഗേഡ്‌സ് എന്ന സായുധ ഗ്രൂപ്പ് ഉദയം ചെയ്തിരുന്നു. സയണിസ്റ്റ് പട്ടാളം നടത്തുന്ന റെയ്ഡുകളും വെടിവെപ്പുകളും ചെറുക്കാന്‍ ജെനിന്‍, നബുലസ് എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നബുലസ് ബ്രിഗേഡ്‌സ്, ദി ലയണ്‍സ് ഡെന്‍, ബലാത ബ്രിഗേഡ്‌സ്, തൂബാസ് ബ്രിഗേഡ്‌സ്, യാബാദ് ബ്രിഗേഡ്‌സ് എന്നീ സായുധ ഗ്രൂപ്പുകളും രൂപം കൊണ്ടു. ഏതെങ്കിലും പാര്‍ട്ടിയുമായോ പ്രസ്ഥാനവുമായോ ഈ ഗ്രൂപ്പുകള്‍ക്ക് ബന്ധമില്ലെങ്കിലും ചെറുത്തുനില്‍പ് ഗ്രൂപ്പുകളിലെ പ്രവര്‍ത്തകരില്‍ പലരും ഇതില്‍ അംഗങ്ങളാണ്.
യുദ്ധമില്ലാതെയും 220-ലേറെ ഫലസ്ത്വീനി പോരാളികളാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്. ഇതില്‍ 170-ഉം വെസ്റ്റ്ബാങ്കില്‍ ആയിരുന്നു എന്നത് ഇക്കാര്യം അടിവരയിടുന്നു. ഇവരില്‍ മുപ്പതിലേറെ കുട്ടികളുമുണ്ട്. പരിക്കേറ്റവര്‍ 9,000-ത്തിലേറെ വരും. 2006-നുശേഷം ഏറ്റവുമധികം ഫലസ്ത്വീനികളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത് 2022-ലായിരുന്നെങ്കില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധത്തിനു മുമ്പു തന്നെ ഈ വര്‍ഷത്തെ മരണസംഖ്യ 240 പിന്നിട്ടിരുന്നു.
ഉപരോധത്തെ നിഷ്പ്രഭമാക്കുന്ന ഗസ്സ
2006-ലെ ഫലസ്ത്വീന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹമാസ് വന്‍ വിജയം നേടിയതു മുതലാണ് ഗസ്സക്കുമേല്‍ ഇസ്രായേല്‍ ഉപരോധം ആരംഭിച്ചത്. പാശ്ചാത്യ രാജ്യങ്ങളുടെ മാത്രമല്ല, മേഖലയിലെ ചില അറബ് രാജ്യങ്ങളുടെയും പിന്തുണയോടെയായിരുന്നു ഈ ശ്വാസം മുട്ടിക്കല്‍. ഇസ്രായേൽ-അമേരിക്ക അവിശുദ്ധ കൂട്ടുകെട്ടില്‍ പങ്കുചേര്‍ന്ന് ഹമാസ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ മഹ് മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫതഹ് വിഭാഗം നടത്തിയ ഗൂഢനീക്കങ്ങളെ പരാജയപ്പെടുത്തി 2007-ല്‍ ഗസ്സയുടെ നിയന്ത്രണം പൂര്‍ണമായി ഹമാസ് ഏറ്റെടുത്തതോടെ ഉപരോധം അതിന്റെ പാരമ്യതയിലെത്തി. അവശ്യ സാധനങ്ങള്‍ പോലും ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. ലോകത്തിലെ തുറന്ന ജയിലെന്ന് ഐക്യരാഷ്ട്ര സഭാ ഏജന്‍സികള്‍ വിശേഷിപ്പിച്ച ഗസ്സയിലേക്ക് പുറംലോകത്തുനിന്ന് വരുന്ന ജീവകാരുണ്യ വസ്തുക്കള്‍ ഇസ്രായേല്‍ സൈനികര്‍ പിടിച്ചെടുത്തു.
ഹമാസ് ഭരണകൂടത്തെ പിഴുതെറിയുകയെന്ന ലക്ഷ്യത്തോടെ 'ഓപറേഷന്‍ കാസ്റ്റ് ലീഡ്' എന്ന പേരില്‍ 2008 ഡിസംബറില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധം ലക്ഷ്യം കണ്ടില്ല. യുദ്ധത്തില്‍ 1400-ലേറെ ഫലസ്ത്വീനികള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ ഭവനരഹിതരാവുകയും ചെയ്തു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നെങ്കിലും ഗസ്സക്കു മേലുള്ള ഉപരോധം നീക്കാന്‍ ഇസ്രായേല്‍ തയാറായില്ല. ഉപരോധം കൊണ്ട് വീര്‍പ്പുമുട്ടുമ്പോള്‍ ജനങ്ങള്‍ ഹമാസ് ഭരണകൂടത്തിനെതിരെ തിരിയുമെന്നായിരുന്നു ഇസ്രായേല്‍ കണക്കുകൂട്ടല്‍. ഇസ്രായേലിനെ പിന്തുണയ്ക്കാന്‍ അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും മാത്രമല്ല, അറബ് ദേശീയതയുടെ മേലങ്കിയണിഞ്ഞവരുമുണ്ടായിരുന്നു. എന്നാല്‍, ഒരു മാസത്തിലേറെ നീണ്ട യുദ്ധത്തിലൂടെ ഗസ്സയെ തവിടുപൊടിയാക്കിയിട്ടും അചഞ്ചലമായി നിലയുറപ്പിച്ച ഫലസ്ത്വീനികള്‍ ഉപരോധത്തിലെ യാതനകള്‍ സഹിക്കാന്‍ തയാറായി.
പാശ്ചാത്യ രാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയിട്ടും കടുത്ത ഉപരോധത്തില്‍ കഴിയേണ്ടി വന്നിട്ടും 17 വര്‍ഷമായി ഗസ്സയിലെ ജനങ്ങള്‍ ഹമാസിനൊപ്പം നില്‍ക്കുന്നു. ഗസ്സക്കെതിരെ സയണിസ്റ്റ് രാഷ്ട്രം നടത്തുന്ന അഞ്ചാമത്തെ യുദ്ധമാണിത്. അധിനിവേശ വെസ്റ്റ്ബാങ്കില്‍നിന്ന് പൂര്‍ണമായും വേറിട്ടുകിടക്കുന്ന ഗസ്സയുടെ ഒരു വശം മെഡിറ്ററേനിയന്‍ കടലാണ്. ഇസ്രായേല്‍ നാവികസേന ഇരുപത്തിനാലു മണിക്കൂറും പട്രോളിംഗ് നടത്തുന്ന ഇവിടം മീന്‍പിടിത്ത ബോട്ടുകള്‍ക്കു പോലും കടുത്ത നിയന്ത്രണമാണ്. ആറു നോട്ടിക് മൈലിനപ്പുറത്ത് പോയാല്‍ വെടിവെപ്പ് ഉറപ്പ്. കടൽ കടന്നെത്തുന്ന റിലീഫ് ബോട്ടുകള്‍ ഇസ്രായേല്‍ സേനയുടെ പിടിയിൽ പെടുന്നത് സ്ഥിരം കാഴ്ച. ഗസ്സയുടെ മറ്റു രണ്ട് അതിരുകളില്‍ വേലികെട്ടി ഇസ്രായേല്‍ സൈനികര്‍ നിലയുറപ്പിച്ചിരിക്കുന്നു. അവശേഷിക്കുന്നത് ഈജിപ്തുമായുള്ള റഫ അതിര്‍ത്തി.
ഹമാസ് അധികാരത്തിലേറിയതോടെ, ഗസ്സനിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗമായ റഫ ക്രോസിംഗ് ഈജിപ്ത് പതിവായി അടയ്ക്കാന്‍ തുടങ്ങി. ഇതോടെ ചികില്‍സക്കായി പുറത്തേക്ക് പോകേണ്ട രോഗികള്‍ പോലും ദിവസങ്ങളോളം അതിര്‍ത്തിയില്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇസ്രായേലും ഈജിപ്തും അതിര്‍ത്തികള്‍ അടച്ച് ജീവിതം വഴിമുട്ടിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ഫലസ്ത്വീനികള്‍ കണ്ടെത്തിയ വഴിയായിരുന്നു തുരങ്കങ്ങള്‍. ഇത്തരം ഭൂഗര്‍ഭ തുരങ്കങ്ങള്‍ വഴിയുള്ള ഇടപാടുകളിലൂടെയാണ് ഗസ്സയിലെ ജനങ്ങള്‍ ജീവിച്ചു കൊണ്ടിരുന്നത് എന്നു പറയുന്നത് അതിശയോക്തിപരമല്ല. കന്നുകാലികളെ വരെ അവര്‍ തുരങ്കം വഴി കടത്തുന്നു. പുറംലോകവുമായി ബന്ധപ്പെടാനുള്ള അവകാശം ഗസ്സക്കാര്‍ക്ക് നിഷേധിക്കുകയും അവശ്യവസ്തുക്കള്‍ തുരങ്കം വഴി കൊണ്ടുവരുന്നത് തടയുകയും ചെയ്യുകയെന്ന സമീപനമാണ് ഇസ്രായേലും ഈജിപ്തും കൈക്കൊണ്ടത്. തുരങ്കങ്ങളില്‍ ബോംബ് വര്‍ഷിച്ച് നിരവധി പേരെ ഇസ്രായേല്‍ വധിച്ചിട്ടുണ്ട്.
പാപ്പെ പൊളിച്ചടക്കിയ പെരും നുണകള്‍
ഇസ്രായേല്‍ രൂപവത്കരണത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ഇസ്രായേല്‍ ചരിത്രകാരനും കടുത്ത സയണിസ്റ്റ് വിരുദ്ധനുമായ പ്രഫസര്‍ ഇലാന്‍ പാപ്പെ എഴുതിയ പുസ്തകമാണ് Ten Myths About Israel. ഫലസ്ത്വീന്‍ ജനവാസമില്ലാത്ത പ്രദേശമാണെന്നും അവിടെ ആദ്യമെത്തിയത് ജൂതന്മാരാണെന്നും സയണിസവും ജൂതമതവും ഒന്നാണെന്നും ഫലസ്ത്വീനികള്‍ 1948-ല്‍ അവരുടെ ജന്മനാട്ടില്‍നിന്ന് സ്വമേധയാ പുറത്തുപോയതാണെന്നും തുടങ്ങി സയണിസ്റ്റുകള്‍ അധിനിവേശത്തിന് ചമക്കുന്ന കള്ളത്തരങ്ങളെ പൊളിച്ചടക്കുന്ന പാപ്പെ, സയണിസം കൊളോണിയലിസമല്ലെന്ന വാദത്തെ നിശിതമായി നിരൂപണം ചെയ്തിട്ടുണ്ട്.
1882-ല്‍ ആദ്യത്തെ സയണിസ്റ്റ് കുടിയേറ്റക്കാരന്‍ ഫലസ്ത്വീനില്‍ എത്തുമ്പോള്‍ അവിടം ആരും വസിക്കാത്ത പ്രദേശമായിരുന്നുവെന്ന പ്രചാരണം കല്ലുവെച്ച നുണയാണെന്ന് പാപ്പെ തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടുന്നു. അക്കാലത്ത് സയണിസ്റ്റ് സംഘടനകള്‍ ഫലസ്ത്വീനിലേക്ക് അയച്ച പ്രതിനിധി സംഘങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടിലെ ഒരു വാചകം ഇങ്ങനെയായിരുന്നു: 'വധു സുന്ദരിയാണെങ്കിലും മറ്റൊരാള്‍ അവളെ വിവാഹം ചെയ്തിരിക്കുന്നു'. കുടിയേറ്റക്കാര്‍ അവിടെയെത്തുമ്പോള്‍ അവിടെ താമസിക്കുന്നവര്‍ അവരെ എതിര്‍ത്തുവെന്ന് സയണിസ്റ്റുകള്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. തദ്ദേശീയരെ ആക്രമണകാരികളായി ചിത്രീകരിച്ച് അവരെ സായുധമായി നേരിടാനായിരുന്നു നിര്‍ദേശം. ഇത് നിങ്ങള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട ഭൂമിയാണെന്നും അത് തദ്ദേശീയര്‍ കവര്‍ന്നെടുത്തിരിക്കുകയാണെന്നുമായിരുന്നു സയണിസ്റ്റ് നേതൃത്വം അണികളെ പറഞ്ഞുധരിപ്പിച്ചിരുന്നത്. മാത്രമല്ല, തദ്ദേശീയര്‍ക്ക് ഭൂമിക്കുമേല്‍ യാതൊരു അധികാരവുമില്ലെന്നും മറിച്ച്, പ്രശ്‌നക്കാരായ അവരെ നേരിടുകയാണ് വേണ്ടതെന്നും അവരെ പഠിപ്പിച്ചു. അതുകൊണ്ടുതന്നെ ഇരു അമേരിക്കകളും ദക്ഷിണാഫ്രിക്കയും ആസ്‌ത്രേലിയയും ന്യൂസിലാന്റും കോളനിവത്കരിച്ച യൂറോപ്യന്‍ പ്രസ്ഥാനങ്ങളെപ്പോലെ സയണിസവും കൊളോണിയല്‍ കുടിയേറ്റ പ്രസ്ഥാനമാണെന്നതില്‍ സംശയമില്ല. ക്ലാസ്സിക്കല്‍ കൊളോണിയലിസത്തില്‍നിന്ന് മൂന്ന് തരത്തില്‍ വേറിട്ടുനില്‍ക്കുന്നതാണ് സെറ്റ്‌ലര്‍ കൊളോണിയലിസമെന്നും പാപ്പെ ചൂണ്ടിക്കാട്ടുന്നു.
ഉന്മൂലന തത്ത്വങ്ങളാല്‍ പ്രചോദിതമായതാണ് സെറ്റ്‌ലര്‍ കൊളോണിയലിസമെന്ന്, അതിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച പാട്രിക് വൂള്‍ഫ് നിരീക്ഷിക്കുന്നുണ്ട്. തദ്ദേശീയരെ അവരുടെ ഭൂമിയില്‍നിന്ന് പുറന്തള്ളാനുള്ള ന്യായീകരണവും അതിനുള്ള പ്രായോഗിക നടപടികളും അവര്‍ രൂപപ്പെടുത്തും. കൂട്ടക്കൊല, വംശശുദ്ധീകരണം എന്നിവയിലൂടെ തദ്ദേശീയരുടെ മുഴുവന്‍ അവകാശങ്ങളെയും ഹനിക്കുകയാണ് ഇതിലൂടെ അവര്‍ ചെയ്യുക. അതുകൊണ്ടാണ് ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെ ഐതിഹാസിക സമരം നയിച്ച നെല്‍സണ്‍ മണ്ടേല, ഇസ്രായേലാണ് ഏറ്റവും വലിയ വംശീയ രാജ്യമെന്ന് തുറന്നടിച്ചത്.
കിഴക്കന്‍ ജറൂസലമിലെ ശൈഖ് ജര്‍റ മാത്രമല്ല, ഫലസ്ത്വീനികളുടെ ഭൂമി അനധികൃത ജൂത കുടിയേറ്റക്കാര്‍ക്ക് പതിച്ചുനല്‍കാന്‍ ഏരിയല്‍ ഷാരോണ്‍ കൃഷി മന്ത്രിയായിരുന്ന എഴുപതുകളുടെ തുടക്കത്തില്‍ ഇസ്രായേല്‍ പദ്ധതി തയാറാക്കുകയും വിജയകരമായി നടപ്പാക്കുകയും ചെയ്തിരുന്നതായി ഈയിടെ പുറത്തുവന്ന രഹസ്യ രേഖയില്‍ പറയുന്നുണ്ട്. ഫയറിംഗ് സോണ്‍ 918 എന്ന പേരിലാണ് ഈ ഗൂഢപദ്ധതി നടപ്പാക്കിയത്. ചില പ്രത്യേക പ്രദേശങ്ങളെ താല്‍ക്കാലിക സൈനിക മേഖലയായി തിരിക്കുന്നതു പോലെയുള്ളതല്ല ഫയറിംഗ് സോണ്‍ 918. സൈനികമായ ആവശ്യങ്ങള്‍ വരുമ്പോള്‍ താല്‍ക്കാലികമായി ചില പ്രദേശങ്ങള്‍ മിലിട്ടറി ഏറ്റെടുക്കുന്നതാണ് ഫയറിംഗ് സോണുകള്‍. ചെറുത്തുനില്‍പ് പോരാളികളെ കൊല്ലാനോ അറസ്റ്റ് ചെയ്തു കൊണ്ടുപോകാനോ സയണിസ്റ്റ് സേന ഏതെങ്കിലും ഫലസ്ത്വീനി നഗരമോ ഗ്രാമമോ ഉപരോധിക്കുമ്പോഴാണ് താല്‍ക്കാലികമായി സൈനിക മേഖല പ്രഖ്യാപിക്കുക. തങ്ങളുടെ ആവശ്യം കഴിഞ്ഞാല്‍ അവ പഴയ പടിയാക്കും. എന്നാല്‍, ഷാരോണ്‍ രൂപപ്പെടുത്തിയ ഫയറിംഗ് സോണ്‍ കുടിയേറ്റക്കാര്‍ക്ക് ഫലസ്ത്വീനികളുടെ കൂടുതല്‍ ഭൂമികള്‍ കൈയേറി അവകാശവാദം സ്ഥാപിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. ഇക്കാര്യം ലോക സയണിസ്റ്റ് സംഘടനകളുടെ കുടിയേറ്റ വിഭാഗങ്ങളുമായി നടത്തിയ രഹസ്യ ചര്‍ച്ചകളിലാണ് ഷാരോണ്‍ വെളിപ്പെടുത്തിയത്.
1948-ല്‍ ഇസ്രായേല്‍ രാഷ്ട്രം നിലവില്‍ വരുന്നതിനു മുമ്പു തന്നെ സയണിസ്റ്റുകളുടെ ഗൂഢപദ്ധതിയില്‍ ഉള്‍പ്പെട്ടതായിരുന്നു വെസ്റ്റ്ബാങ്ക് അധീനപ്പെടുത്തുകയെന്നത്. ട്രാന്‍സ് ജോര്‍ദാന്റെ ഭാഗമായ വെസ്റ്റ്ബാങ്ക് 1967-ലെ യുദ്ധത്തില്‍ പിടിച്ചെടുക്കുകയും ഇന്നും അവിടെ നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങള്‍ പണിയുകയും ചെയ്യുന്നത് ആ പദ്ധതിയുടെ ഭാഗമായാണ്. l
Comments