Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 20

3323

1445 റബീഉൽ ആഖിർ 05

തട്ടം വിവാദത്തിലെ എഴുതാപ്പുറം

എ.ആർ

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സി. രവിചന്ദ്രന്‍ നയിക്കുന്ന നാസ്തിക സംഘടനയായ എസെന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ് 23 നാസ്തിക സമ്മേളനത്തില്‍ സി.പി.എം സ്റ്റേറ്റ് കമ്മിറ്റി അംഗം അഡ്വ. കെ. അനില്‍കുമാര്‍ ചെയ്ത പ്രസംഗം സംസ്ഥാന രാഷ്ട്രീയ-സാമൂഹിക-മത രംഗത്ത് വന്‍ വിവാദത്തിന് വഴിമരുന്നിട്ടതാണ് പോയ വാരത്തിലെ മുഖ്യ വിശേഷം. തന്റെ പ്രസംഗം ജമാഅത്തെ ഇസ് ലാമി ചാനല്‍ വളച്ചൊടിച്ചതാണെന്ന് അദ്ദേഹവും സൈബര്‍ സഖാക്കളും ആരോപിക്കുമ്പോള്‍ തന്നെ, പരാമര്‍ശത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് തോളൊഴിയാനും അത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് വ്യക്തമാക്കാനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നിര്‍ബന്ധിതനായി. പാര്‍ട്ടി വക്താവോ നേതാവോ അല്ലാത്ത, സഹയാത്രികന്‍ മാത്രമായ കെ.ടി ജലീല്‍ എം.എല്‍.എയാകട്ടെ അനില്‍കുമാറിന്റെ പരാമര്‍ശങ്ങളെ തള്ളിപ്പറയാന്‍ ഉടനടി രംഗത്തുവരികയുമുണ്ടായി. പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് തന്നെയാണ് തന്റെ നിലപാടെന്ന് അനില്‍കുമാര്‍ തിരുത്തേണ്ടിയും വന്നു. അപ്പോഴേക്ക് പക്ഷേ അദ്ദേഹത്തിന്റെ അവകാശ വാദം മുസ് ലിം ലീഗ്, സമസ്തകള്‍, മുജാഹിദ് ഗ്രൂപ്പുകള്‍, ജമാഅത്തെ ഇസ് ലാമി തുടങ്ങിയ സംഘടനകളുടെയും മതപണ്ഡിതന്മാരുടെയും യു.ഡി.എഫ് ഘടക കക്ഷികളുടെയുമെല്ലാം കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. സി.പി.എം സെക്രട്ടറിയുടെ വിശദീകരണത്തില്‍ തീരുന്നതല്ല വിവാദ പ്രസംഗം ഉയര്‍ത്തിയ അവകാശവാദം എന്ന് മുസ്്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും തുറന്നടിച്ചു. ആകപ്പാടെ തിരിച്ചടികള്‍ നിരന്തരം നേരിടുന്ന മുഖ്യ ഭരണകക്ഷിയെ ഒന്നുകൂടി ഉലക്കുന്നതായി പാര്‍ട്ടി വക്താവല്ലെന്ന് തോളൊഴിയാന്‍ കഴിയാത്ത അനില്‍കുമാറിന്റെ പ്രസംഗം.

എന്താണ് അനില്‍കുമാര്‍ വക്കീല്‍ പറഞ്ഞത്, എന്തിനാണ്, എവിടെയാണ് പറഞ്ഞത്? 'മലപ്പുറത്ത്‌നിന്ന് വരുന്ന പുതിയ പെണ്‍കുട്ടികളെ കാണൂ നിങ്ങള്‍. തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടായെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടു തന്നെയാണ്. വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റങ്ങള്‍ ഉണ്ടായത്. സ്വതന്ത്ര ചിന്ത വന്നതില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല'. ഇതാണ് വിവാദം ക്ഷണിച്ചുവരുത്തിയ വാക്കുകൾ. ഏക സിവില്‍ കോഡാണ് ചര്‍ച്ചാ വിഷയമെങ്കിലും കമ്യൂണിസ്റ്റുകാരനായ അനില്‍കുമാര്‍, സ്വതന്ത്ര ചിന്തകരെന്ന് അവകാശപ്പെടുന്ന എസന്‍സ് േഗ്ലാബലുകളെക്കാള്‍ പുരോഗമന വാദികള്‍ കമ്യൂണിസ്റ്റുകാരെന്നും, പിന്നാക്ക മുസ് ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് മുസ് ലിം പെണ്‍കുട്ടികള്‍ തലയില്‍ തട്ടമിടേണ്ടതില്ലെന്ന പുരോഗമന ചിന്ത ഉള്‍ക്കൊള്ളാന്‍ മാത്രം വിദ്യാഭ്യാസപരമായി വളര്‍ന്നതും ഉയര്‍ന്നതും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശ്രമഫലമായാണെന്നുമാണ് സി.പി.എം നേതാവ് അവകാശപ്പെട്ടത്. ഇതു പറയാന്‍ അദ്ദേഹം തെരഞ്ഞെടുത്ത വേദി ഉചിതം തന്നെ. നാസ്തികരും യുക്തിവാദികളും സംഘടിപ്പിക്കുന്ന വേദികള്‍ സമാന ചിന്താഗതിക്കാരായ കമ്യൂണിസ്റ്റുകള്‍ക്ക് അഹിതകരമല്ല. മതത്തെ നേരിട്ടാക്രമിക്കുന്നത് മതത്തെ നിലനിര്‍ത്താനും ശക്തിപ്പെടുത്താനും മാത്രമേ സഹായിക്കൂ; മറിച്ച്, മതവിശ്വാസത്തെ സൃഷ്ടിച്ച സാഹചര്യങ്ങള്‍ ഇല്ലാതാക്കി മനുഷ്യരെ മതമുക്തരാക്കുകയാണ് വേണ്ടതെന്ന് ആചാര്യനായ കാള്‍മാര്‍ക്‌സ് മുമ്പേ പറഞ്ഞതിലടങ്ങിയ വീക്ഷണാന്തരം മാത്രമേ രണ്ടു കൂട്ടരും തമ്മിലുള്ളൂ. മതം മിഥ്യയാണെന്നും അത് ഇല്ലാതാവണമെന്നുമുള്ള കാര്യത്തില്‍ അവര്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല. അതുപോലെ ദൈവത്തോടും മതത്തോടുമുള്ള പോരാട്ടത്തില്‍ യുക്തിവാദികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും യോജിച്ചു നില്‍ക്കാനാവുമെന്ന് താത്ത്വികാചാര്യന്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് മുമ്പേ പറഞ്ഞുവെച്ചിട്ടുണ്ട്. യുക്തിവാദി നേതാവ് ജോസഫ് ഇടമറുകിനെ കുറിച്ച ഒരു ചോദ്യത്തിന് ഇ.എം.എസ് നല്‍കിയ മറുപടി ഇങ്ങനെ:

'സോഷ്യലിസ്റ്റ് വിപ്ലവത്തിനു വേണ്ടിയുള്ള സമരം വിജയിപ്പിക്കുന്നതില്‍ തന്നെ, ജാതി-മതാദി സാമൂഹിക വ്യവസ്ഥകള്‍ക്കും അവരുടേതായ ആശയഗതികള്‍ക്കും എതിരായി രൂക്ഷമായ സമരം നടത്തേണ്ടതുണ്ട്. അക്കാര്യത്തില്‍ ഇടമറുക് പ്രതിനിധാനം ചെയ്യുന്ന യുക്തിവാദികളും മാര്‍ക്‌സിസ്റ്റുകളും തമ്മില്‍ സഹകരിക്കാനുള്ള സാധ്യതയുണ്ട്. മാര്‍ക്‌സിസ്റ്റുകളും സമരോത്സുകരായ ഭൗതികവാദികളും തമ്മില്‍ ഐക്യമുന്നണി എന്ന ആശയം ലെനിന്റേതാണ്' (ചിന്ത വാരിക, ജൂലൈ 29, 1983).

അപ്പോള്‍ എസന്‍സ് ഗ്ലോബലിന്റെ നാസ്തിക വേദിയില്‍ അനില്‍കുമാര്‍ എന്ന കമ്യൂണിസ്റ്റ് നേതാവ് ഭാഗഭാക്കായത് സ്വാഭാവികമാണ്. കമ്യൂണിസ്റ്റുകാര്‍ ചെയ്യേണ്ട ജോലി നേരെ ചൊവ്വേ ചെയ്യുന്നവരാണ് യുക്തിവാദികള്‍. എന്നാല്‍, മുസ് ലിംകളെപ്പോലെ താരതമ്യേന വൈകാരികമായും ശക്തമായും മതാഭിമുഖ്യം പുലര്‍ത്തുന്നവരില്‍ എസന്‍സിലെ നാസ്തികരെക്കാള്‍ ഫലപ്രദമായി പണിയെടുക്കാന്‍ സാധിക്കുക കമ്യൂണിസ്റ്റുകാര്‍ക്കാണ് എന്നാണ് അനില്‍കുമാര്‍ ധരിപ്പിക്കാന്‍ ശ്രമിച്ചത്. അതിനദ്ദേഹം ചൂണ്ടിക്കാട്ടിയ ഉദാഹരണം മലപ്പുറം ജില്ലയിലെ മുസ് ലിം പെണ്‍കുട്ടികളുടെ തട്ട നിഷേധമാണ്. ഒരു കാലത്ത് മുസ് ലിം പെണ്‍കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോയി പഠിക്കുന്നതിനെ പുരോഹിതന്മാര്‍ ഹറാമാക്കിയ സമുദായമാണ് മുസ് ലിംകള്‍, ഇന്നവര്‍ക്ക് സ്‌കൂളുകളില്‍ മതിയായ സീറ്റുകളില്ലാത്ത പ്രശ്‌നമേയുള്ളൂ. ഈ പുരോഗതി കൈവരിച്ചത് പക്ഷേ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശ്രമഫലമാണെന്ന അവകാശവാദത്തിലെ ശരി എത്രത്തോളം?

പെണ്‍കുട്ടികള്‍ക്ക് പൊതു വിദ്യാഭ്യാസം വിലക്കിയ മതപുരോഹിതന്മാരുടെ കാലം എന്നേ കഴിഞ്ഞു. പ്രബല മത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായിലെ രണ്ട് ഗ്രൂപ്പുകളും അവരുടെ പോഷക സംഘടനകളും നൂറ് കണക്കില്‍ എയ്ഡഡ് സ്‌കൂളുകളും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും കോളേജുകളും പ്രഫഷനല്‍ കോളേജുകളും നേരിട്ട് നടത്തുന്നതിന് പുറമെ, സര്‍ക്കാരും മറ്റു ഏജന്‍സികളും നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിര്‍ലോഭം ആണ്‍-പെണ്‍ ഭേദമില്ലാതെ മക്കളെ പഠിപ്പിക്കുകയും ചെയ്യുന്നു. ഉപരിപഠനത്തിന് പെണ്‍കുട്ടികളെപ്പോലും ദല്‍ഹി, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലേക്ക് മാത്രമല്ല, യൂറോപ്പിലേക്കും അമേരിക്കയിലേക്കും വരെ അയക്കാന്‍ ധൈര്യപ്പെടുന്ന മുസ് ലിം രക്ഷിതാക്കളുടെ സംഖ്യ വര്‍ധിച്ചുവരികയാണ്. ഗള്‍ഫ് പ്രവാസികളുടെ പണം ഈ പ്രതിഭാസത്തില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ടെന്നതും സത്യമാണ്. എന്നാല്‍, മുസ് ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടികളോടോ കോണ്‍ഗ്രസ്സിനോടോ ചേര്‍ന്ന് ഭരിച്ചപ്പോള്‍ മുസ് ലിം സ്ത്രീ വിദ്യാഭ്യാസം ത്വരപ്പെടുത്തുന്നതില്‍ വഹിച്ച നിര്‍ണായക പങ്ക് നിസ്സാരവല്‍ക്കരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നത് കൃതഘ്‌നതയാവും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യാഥാര്‍ഥ്യമാക്കിയത് ഇ.എം.എസ് മന്ത്രിസഭയില്‍ സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പോഴാണെന്ന സത്യം വിസ്മരിക്കരുത്.

തട്ടം ഇസ് ലാമിക സംസ്‌കാരത്തിന്റെ ചിഹ്നമാണ്, ശിരോവസ്ത്രം മതപരമായ പ്രതിബദ്ധതയുടെ അടയാളവുമാണ്. അത് നിരാകരിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നത് പുരോഗമനമായി കാണണമെങ്കില്‍ മതത്തോട് അത്ര അളവില്‍ വിരക്തിയുണ്ടാവണം. അതു തന്നെയാണ് മാര്‍ക്‌സിസ്റ്റ് നേതാവും ഉദ്ദേശിച്ചിരിക്കുക. മലപ്പുറത്ത് മാത്രമല്ല, കേരളത്തില്‍ പൊതുവെ തന്നെ പുതിയ തലമുറയില്‍ ഇസ് ലാമിക ചിഹ്നങ്ങളില്‍ വിരക്തിയുള്ളവരുടെ എണ്ണം വര്‍ധിക്കുന്നു എന്ന വിലയിരുത്തല്‍ വസ്തുതാപരമല്ലെന്ന് പറയാനാവില്ല. ലിബറലിസവും ഫെമിനിസവും മുഖ്യ പ്രചാരണായുധങ്ങളായി കൊണ്ടുനടക്കുന്ന മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളുടെ സ്വാധീന വലയം വികസിച്ചുവരുന്നു, മുസ് ലിം വിദ്യാര്‍ഥികളും അതില്‍നിന്നൊഴിവല്ല എന്ന കാര്യം മത സാംസ്‌കാരിക സംഘടനകള്‍ സഗൗരവം കണക്കിലെടുത്തേ മതിയാവൂ. തെരഞ്ഞെടുപ്പുകളില്‍ മതേതരത്വ പ്രതിബദ്ധത പുലര്‍ത്തുന്ന പാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കുന്നത് പോലെയല്ല അവയുടെ ആസൂത്രിത മതനിരാസ പരിപാടികള്‍ക്ക് തലമുറകളെ വിട്ടുകൊടുക്കുക എന്നത്. തട്ടത്തിന്‍ മറയത്ത് പോലും നടക്കുന്ന ലൈംഗിക അരാജകത്വവും കുത്തഴിഞ്ഞ ജീവിതവും കണ്ടില്ലെന്ന് നടിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു എന്നത് ദൈനംദിന അനുഭവങ്ങളായി മാറിയിരിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ നടേ സൂചിപ്പിച്ച പോലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും എസന്‍സുമൊക്കെ ഒരേ തൂവല്‍ പക്ഷികളാണ് താനും.

ജമാഅത്തെ ഇസ് ലാമി മീഡിയ തന്റെ പ്രസംഗം വളച്ചൊടിച്ചതായി ആരോപിക്കുന്ന മാര്‍ക്‌സിസ്റ്റ് നേതാവിനും സമാന മനസ്‌കര്‍ക്കും അതിനുള്ള ധാര്‍മികാവകാശം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട് എന്ന് കൂടി ഓര്‍മിപ്പിക്കട്ടെ. മാസങ്ങള്‍ക്ക് മുമ്പ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അടക്കമുള്ള 12 മുസ് ലിം സംഘടനകളുടെ പ്രതിനിധികള്‍ ഒരു മതേതര മാധ്യമ ടീമിന്റെ മുന്‍കൈയില്‍ അവര്‍ ആവശ്യപ്പെട്ടത് പ്രകാരം ആര്‍.എസ്.എസ് വക്താക്കളെ കണ്ട് ചില പ്രധാന ദേശീയ പ്രശ്‌നങ്ങളില്‍ ആശയവിനിമയം നടത്തിയ സംഭവമുണ്ടായിരുന്നല്ലോ. ആ വിവരം പുറത്തുവിട്ടതും ജമാഅത്തെ ഇസ് ലാമി തന്നെ. പക്ഷേ, അതിന്മേല്‍ കയറിപ്പിടിച്ചു ആര്‍.എസ്.എസ്-ജമാഅത്തെ ഇസ് ലാമി രഹസ്യധാരണയാക്കി മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുക മാത്രമല്ല, പുതിയ പാര്‍ട്ടി സെക്രട്ടറിയുടെ പ്രഥമ കേരള യാത്രയില്‍ ഈയാരോപണം പ്രധാന വിഷയമാക്കിയതും ജനങ്ങള്‍ മറക്കാന്‍ നേരമായിട്ടില്ല. സി.പി.എം വക്താക്കളും മാധ്യമങ്ങളും ഇപ്പോഴും അതാവര്‍ത്തിക്കുകയും ചെയ്യുന്നു. ഉദ്ദിഷ്ട ഫലം അതുകൊണ്ടുണ്ടായില്ലെന്നത് മറ്റൊരു കാര്യം. എന്നാലും എസന്‍സ് പരിപാടിയില്‍ സി.പി.എം നേതാവ് ചെയ്ത പ്രസംഗം ഒരു വാര്‍ത്താ ചാനല്‍ ആദ്യം പുറത്ത് കൊണ്ടുവന്നത് മഹാപരാധമായി ആവര്‍ത്തിക്കുന്നതുകൊണ്ടു മാത്രം ഇക്കാര്യം ഓര്‍മിപ്പിച്ചുവെന്നേയുള്ളൂ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 21-23
ടി.കെ ഉബൈദ്

ഹദീസ്‌

ജിബ്്രീലിന്റെ അഞ്ച് ഉപദേശങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്